Thursday, 30 November 2017

തുഷാരമണികള്‍ (കവിത) എസ്.സരോജം

















ഇടവഴിക്കിരുവശവുമുള്ള പുല്‍ത്തുമ്പുകളില്‍
തിളങ്ങിനില്‍ക്കുന്ന  മഞ്ഞിന്‍തുള്ളികള്‍
വിരല്‍ത്തുമ്പില്‍ തൊട്ടെടുത്ത്
ഇമപൂട്ടിയ കണ്ണുകളില്‍ വയ്ക്കുമ്പോള്‍
എന്തൊരു തണുപ്പാണെന്നോ!
പോരെങ്കില്‍, മഷിയിട്ട മിഴി തുറന്ന്
ഇടത്തേക്ക് നീട്ടിവലിച്ചൊരെഴുത്ത്;
തണുപ്പ് ആ നിമിഷം കണ്ണില്‍ നിന്ന്
കരളിലേക്കിറങ്ങിവരും.
പിന്നെ, വിരലുകളൊന്നാകെ
പുല്‍വേരുകളില്‍ ഊറിക്കിനിഞ്ഞ
തുഷാര മണികളില്‍ മുക്കി
കൂട്ടുകാരുടെ കണ്ണുകള്‍
പിന്നില്‍നിന്ന് പൊത്തണം.
കുപ്പിവളച്ചിരിയില്‍ അലിഞ്ഞമരുന്ന
കുളിരിന്‍റെ സുഖമറിയാന്‍
വീണ്ടുമൊരു കുട്ടിയാവണം.
കണ്ണാടി പോലെ തിളങ്ങുന്ന
നനുത്ത പുല്ത്തുമ്പുകളില്‍
അസ്തമിക്കാത്ത ഗ്രാമജീവിതത്തിന്‍റെ
കണ്ടുതീരാത്ത സ്വപ്‌നങ്ങള്‍
പ്രതിബിംബിക്കുന്നതു കാണണം.

Monday, 27 November 2017

ദേവി (കഥ) - എസ് .സരോജം

    

      അതിമനോഹരമായ ഒരു മുറിയാണ്‌ സുധി അവള്‍ക്കുവേണ്ടി ബുക്കുചെയ്‌തിരുന്നത്‌. ജനാലയിലൂടെ പുറത്തേക്കുനോക്കിയാല്‍ വിവേകാനന്ദപ്പാറയും തിരുവളളുവരുടെ പ്രതിമയും വ്യക്തമായിക്കാണാം. കാറ്റും കോളുമൊഴിഞ്ഞ കടല്‍ കണ്ടുനില്‍ക്കാന്‍ നല്ല രസമാണ്‌.കണ്ണെത്തുന്ന ദൂരപരിധിയില്‍ നീലാകാശവും നീലക്കടലും ഒന്നായി ത്തീരുന്നതുപോലെ!
അപ്രതീക്ഷിതമായി വന്ന കാറ്റും മഴയും കടലിലെന്നപോലെ അവളുടെ മനസ്സിലും കോളിളക്കമുണ്ടാക്കി. വര്‍ഷങ്ങള്‍ക്കുമുമ്പ്‌, ആദ്യമായി കടല്‍ കാണാന്‍ വന്ന ദിവസം. അന്ന്‌ ദേവേട്ടനും താനും എത്ര ചെറുപ്പമായിരുന്നു. കൈകോര്‍ത്തുപിടിച്ച്‌ തിരയില്‍ മറിഞ്ഞും മണലില്‍ കളിച്ചും ആര്‍ത്തുല്ലസിച്ച നിമിഷങ്ങളില്‍ ദേവേട്ടന്‍ പറഞ്ഞു:
`എന്‍റെ  ദേവിയുടെ കൈപിടിച്ച്‌ ഈ കടലിന്‍റെ  അടിത്തട്ടിലേക്ക്‌ ഊളിയിട്ടിറങ്ങാന്‍ വല്ലാത്ത മോഹം.'
എന്നും ദേവേട്ടന്‍റെ  മോഹങ്ങള്‍ വിചിത്രങ്ങളായിരുന്നല്ലോ.മോഹങ്ങള്‍ മാത്രമല്ല, ചിന്തയിലും ചെയ്‌തിയിലുമെല്ലാം വ്യത്യസ്‌തനായിരുന്നല്ലോ ദേവിയുടെ ദേവേട്ടന്‍.
`പേരിലുളള ചേര്‍ച്ച ജീവിതത്തിലില്ലല്ലോ' എന്നു മറ്റുളളവര്‍ പരിഹസിക്കുമ്പോള്‍ ദേവിയുടെ ചുണ്ടില്‍ ചിരി വിടരും. ചേര്‍ച്ചയില്ലായ്‌മ തന്നെയാണ്‌ ദേവിക്കിഷ്‌ടം. രണ്ടുപേരും ഒരേപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ പിന്നെന്താണൊരു രസം? ഇടയ്‌ക്കിടെയുണ്ടാവുന്ന കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ജീവിതത്തിനു മധുരം പകരുമെന്ന്‌ ദേവി എത്രയോ തവണ അനുഭവിച്ചറിഞ്ഞതാണ്‌. 
`ആ ധിക്കാരിയെ കുടുംബത്തീക്കയറ്റിയ അന്നു തുടങ്ങിയതാ എന്‍റെ കുട്ടീടെ  കഷ്‌ടകാലം. എങ്ങനെ വളര്‍ത്തിയതാ ഞാനവളെ.' അച്ഛന്‍റെ  ആത്മഗതം.
`ആദര്‍ശം പ്രസംഗിക്കാനല്ലാതെ മറ്റെന്തിനാ അവനു നേരം? പാവം കുട്ടി. എത്രയെന്നുവച്ചിട്ടാ സഹിക്കുക? ഇങ്ങനെ ദിവസങ്ങളെണ്ണിക്കഴിയാനാ അതിനു യോഗം.'
അമ്മയുടെ വക.
`പിന്നെന്താ... എല്ലാവരേയും പറ്റിച്ചുംകൊണ്ട്‌ ഒരുദിവസം അവനങ്ങു പോയില്ലേ? എന്നിട്ടും തീര്‍ന്നില്ലല്ലോ ഭഗവാനേ അതിന്‍റെ  കഷ്‌ടകാലം.'വല്യമ്മച്ചിയും വിടുന്നമട്ടില്ല.
`ആര്‍ക്കാ കഷ്‌ടകാലം? ദേവിക്കോ? അതോ മറ്റുളളവര്‍ക്കോ? 
 ആ പാവത്തിനെ മുഖംമൂടികളെവിട്ട്‌ തല്ലിച്ചതച്ചിട്ട്‌...... കഷ്‌ടകാലംപോലും!' ദേവി പിറുപിറുത്തു. അവളുടെ മനസ്സും പ്രക്ഷുബ്‌ധമായ കടല്‍ പോലെ ഇളകിമറിഞ്ഞു. അലകടലിന്‍റെ  അടിത്തട്ടില്‍ വെണ്ണക്കല്ലുകൊണ്ടു നിര്‍മ്മിച്ച ഏഴുനിലക്കൊട്ടാരമുണ്ടെന്നും ജാതിയുടെയും മതത്തിന്‍റെയും കോട്ടകളില്ലാത്ത കൊട്ടാരത്തില്‍ സ്‌നേഹമിഥുനങ്ങള്‍ ആടിപ്പാടി നടക്കുമെന്നും മുത്തശ്ശിക്കഥ; 

ജീവിതവുമായി ബന്ധമില്ലാത്ത കള്ളക്കഥ.

`എന്താ ദേവിച്ചേച്ചീ, കടലിനെനോക്കി കവിതകുറിക്കയാണോ?' 
വേണിയുടെ ചോദ്യം അവളെ ചിന്തയില്‍നിന്നുണര്‍ത്തി.
`വേഗം കുളിച്ചൊരുങ്ങി വാ ചേച്ചീ. എല്ലാരും ഒരുങ്ങിക്കഴിഞ്ഞു.'
വേണിക്ക്‌ ചുറ്റിക്കറങ്ങാന്‍ തിടുക്കമായി. 
`ഞാനുടനേ വരാം. നീ പൊയ്‌ക്കൊ.'
`എല്ലാവരും ഒന്നിച്ചുവന്നത്‌ എന്തിനാന്നറിയാമോ ദേവിയേച്ചിക്ക്‌? സുധിയേട്ടനെക്കൊണ്ട്‌ ദേവിയേച്ചിയെ കല്യാണംകഴിപ്പിക്കാനാ ഗൂഢാലോചന.' വലിയൊരു രഹസ്യം കണ്ടുപിടിച്ചതുപോലെ വേണി പറഞ്ഞു.
`വേണീ... നിനക്ക്‌ വേറൊന്നും പറയാനില്ലേ ?' വെറുതേ അവളോട്‌ ദേഷ്യപ്പെട്ടു. 
അവള്‍ കോക്രികാട്ടിക്കൊണ്ട്‌ അമ്മയുടെ അടുത്തേക്കോടി. 
കുളികഴിഞ്ഞ്‌ ദേവി അണിഞ്ഞൊരുങ്ങി. ദേവേട്ടനിഷ്‌ടമുളള ക്രീം-മെറൂണ്‍ കോമ്പിനേഷന്‍ പട്ടുസാരി, മുടിയില്‍ മുല്ലപ്പൂ, നെറ്റിയില്‍ സിന്ദൂരക്കുറി. കൈനിറയെ കുപ്പിവള, കഴുത്തില്‍ മുത്തുമാല.... തൃപ്‌തിയാവോളം ഒരുങ്ങിക്കഴിഞ്ഞ്‌ അവള്‍ ബന്ധുക്കളുടെ മുന്നിലേക്കുചെന്നു. അച്ഛനും അമ്മയും അത്ഭുതത്തോടെ നോക്കിനിന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ മകളെ സന്തോഷവതിയായി അണിഞ്ഞൊരുങ്ങിക്കാണുന്നത്‌.
`ദേവീ.... എന്‍റെ  കുട്ടിക്ക്‌ നല്ല ബുദ്ധി തോന്നിയല്ലോ!' വല്യമ്മച്ചി നിത്യകന്യകയായ ദേവിയെ നന്ദിയോടെ സ്‌മരിച്ചു.
വേണിയുടെ കൈപിടിച്ച്‌ ദേവി സാവധാനം നടന്നു. മറ്റുളളവര്‍ ആശ്വാസത്തോടെ മുന്നിലും. നടന്നുനടന്ന്‌ ക്ഷേത്രനടയിലെത്തി.
വരദായിനിയായ ദേവിയുടെ തിരുമുമ്പില്‍ എല്ലാവരും തൊഴുതുനിന്നു. 
`നല്ലോണം പ്രാര്‍ത്ഥിക്ക്‌ മോളേ. നല്ലൊരു കാര്യത്തിനുളള പുറപ്പാടല്ലേ' അമ്മ ചെവിയില്‍ മന്ത്രിച്ചു.
`നിത്യകന്യകയായ ദേവിയോട്‌ ദീര്‍ഘസുമംഗലീവരം ചോദിക്കുന്നതു ശരിയാണോ അമ്മേ?' അവള്‍ ചോദിച്ചു.
`ആ താന്തോന്നിയുടെ കൂടെ കൂടിയതിപ്പിന്നാ ഈ തര്‍ക്കുത്തരം പറച്ചില്‌. ഇനിയെങ്കിലും നിറുത്തിക്കൂടേ നിനക്ക്‌? ഇതൊന്നും സുധി കേക്കണ്ട' 
ദേവേട്ടനെ പഴിചാരാന്‍ കിട്ടുന്ന അവസരങ്ങളൊന്നും അമ്മ പാഴാക്കാറില്ല. അത്രയ്‌ക്കു ദേഷ്യമുണ്ട്‌ ദേവേട്ടനോട്‌. സുധിയേട്ടനെപ്പറ്റി എപ്പോഴും നല്ലതേ പറയൂ.
എല്ലാം കണ്ടും കേട്ടും അച്ഛന്‍റെയൊപ്പം നടക്കുകയായിരുന്നു സുധീന്ദ്രന്‍. പ്രായം നാല്‌പതിനോടുക്കുന്നു. ഒത്ത ഉയരവും തലയെടുപ്പുമുണ്ട്‌. ജില്ലാക്കോടതിയില്‍ വക്കീലാണ്‌. 
`നല്ലനേരത്ത്‌ പെണ്ണുകെട്ടിക്കാന്‍ വീട്ടുകാര്‍ക്കു തോന്നാത്തതിന്‌ അവനെ കുറ്റംപറയാന്‍ പറ്റുമോ?' അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
`അല്ലെങ്കിലെന്താ? താലികെട്ടാതെ ഒരുത്തന്‍റെ  കൂടെ അഞ്ചുകൊല്ലം പൊറുത്ത കേമത്തിയല്ലേ? അവന്‍ സമ്മതിച്ചതുതന്നെ ഭാഗ്യം.'  വല്യമ്മച്ചിയുടെ വക. 
ദേവിക്ക്‌ അവരുടെ വര്‍ത്തമാനം അരോചകമായിത്തോന്നി. അവള്‍ വേണിയുടെ കൈവിട്ട്‌ ഒറ്റയ്‌ക്കുനടന്നു. 
സൂര്യാസ്‌തമയം കാണാനെത്തിയ വിനോദസഞ്ചാരികളെക്കൊണ്ട്‌ കടല്‍ത്തീരം നിറഞ്ഞിരുന്നു. അവര്‍ക്കിടയിലൂടെ നടന്നുനടന്ന്‌ ദേവി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ മറഞ്ഞു. 
 അങ്ങകലെ ഒറ്റയ്‌ക്കു നില്‍ക്കുന്ന ഒരു കൂറ്റന്‍ പാറയുണ്ട്‌; സ്‌നേഹപ്പാറ. ദേവേട്ടനോടൊപ്പം ചെന്നിരിക്കാറുണ്ടായിരുന്ന സ്‌നേഹപ്പാറ. അതിനെ ലക്ഷ്യമാക്കി അവള്‍ ഓടി. മണലില്‍ പുതഞ്ഞിട്ടും കാലുകള്‍ക്ക്‌ എന്തൊരു വേഗത! 
ഒറ്റപ്പെട്ടുനില്‍ക്കുന്ന പാറയ്‌ക്ക്‌ എന്തൊരു ഗാംഭീര്യമാണ്‌! സമീപത്തെങ്ങും ആരുമില്ല. അവള്‍ പാറയുടെ മുകളിലേക്ക്‌ വലിഞ്ഞുകയറി. സൂര്യദേവന്‍റെ  സ്‌നേഹസിന്ദൂരമണിഞ്ഞ ആകാശനെറ്റിയില്‍ മിഴിനട്ട്‌ അവളിരുന്നു. 
ആകാശം കടലിനെ മുട്ടിയുരുമ്മിനില്‌ക്കുന്നതു കാണാന്‍ എന്തു ഭംഗി! 
പകലിന്‍റെ  നോട്ടം തന്‍റെ  ഇരുണ്ട മറുപാതിയിലേക്കു തിരിക്കാനുളള യജ്ഞത്തിലാണ്‌ ഭൂമി.
 സ്‌നേഹപ്പാറയുടെ മുകളില്‍ ഒരു കല്‍പ്രതിമപോലെ നിശ്ചലയായ ദേവി! 
തിരമാലകള്‍ തെന്നിത്തെറിപ്പിക്കുന്ന ജലത്തുളളികള്‍ ഉടലും പട്ടുടയാടയും നനയ്‌ക്കുന്നതറിയാതെ അവള്‍ ഇരുന്നു. 
കടലും കരയും ഇരുളില്‍ ഒന്നായി. 
പാറയും അവളും ആ ഇരുളില്‍ മുങ്ങിയിരുന്നു.
 സ്വാതന്ത്ര്യം... ഇരുളിന്‍റെ  സ്വാതന്ത്ര്യം!
പൊടുന്നനെ പിന്നില്‍നിന്ന്‌ നീണ്ടുവന്ന രണ്ടു കൈകള്‍ അവളുടെ കണ്ണുപൊത്തി. ആ കൈകളുടെ മൃദുലതയും ഇളംചൂടും അവള്‍ക്ക്‌ പരിചിതമായിരുന്നു. രോമാവൃതമായ കൈത്തണ്ടില്‍ വിരലോടിച്ചുകൊണ്ട്‌ അവള്‍ വിളിച്ചു:
`ദേവേട്ടാ......'
`ദേവീ.....'
`ദേവേട്ടാ,  നാളെയാ ദേവിയുടെ താലികെട്ട്‌.' 
`നമ്മുടെ സ്‌നേഹത്തിന്‌ താലിച്ചരടിന്‍റെ  പിന്‍ബലമുണ്ടായിരുന്നില്ലല്ലോ. അല്ലേ ദേവീ ?'
അവള്‍ ആ കൈകളില്‍ മുഖംചേര്‍ത്ത്‌ വിങ്ങിപ്പൊട്ടി.
` ഞാന്‍ എന്‍റെ  ദേവിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാ. 
  വരൂ ദേവീ.' 
ദേവന്‍ അവളുടെ കൈ ബലമായി പിടിച്ചു. പ്രശാന്തസുന്ദരമായ കടലിന്‍റെ  അടിത്തട്ടിലേക്ക്‌ അവര്‍ ഊളിയിട്ടിറങ്ങി. അവിടെ... ജാതിയുടെയും മതത്തിന്‍റെയും കോട്ടകളില്ലാത്ത എഴുനിലക്കൊട്ടാരം അവളുടെ കണ്ണില്‍ തെളിഞ്ഞു.

Sunday, 12 November 2017

മൂന്നാര്‍,കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ് (യാത്രാക്കുറിപ്പ് ) എസ് .സരോജം

        
           
മൂന്നാര്‍ ടോപ്പ്‌ സ്റ്റേഷനിലേക്കായിരുന്നു രാവിലത്തെ യാത്ര. മലമുകളില്‍ യാത്രയ്‌ക്കായി തയാറാക്കി നിര്‍ത്തിയിരിക്കുന്ന കുതിരകള്‍. 


സാഹസപ്രിയരായ യാത്രക്കാരെയും കുട്ടികളെയും ട്രക്കിംഗിന്‌ പ്രേരിപ്പിക്കുന്ന കുതിരക്കാര്‍. അവര്‍ക്കും കുതിരകള്‍ക്കും ഉപജീവനത്തിന്‌ ഇതല്ലാതെ വഴിയില്ലല്ലൊ. 

പശ്ചിമഘട്ട മലനിരകളുടെ പ്രൗഢഗംഭീരമായ പ്രകൃതിസൗന്ദര്യം നന്നായി ആസ്വദിക്കാന്‍ പറ്റിയവിധം നിരവധി വ്യൂ പോയിന്റുകളുണ്ടിവിടെ. 
മലയുടെ ചരിവുകളിലുള്ള ആദിവാസിക്കുടിലുകളില്‍ തീപുകയുന്നതും നോക്കി കുറേനേരം നിന്നു. എതിര്‍ദിശയില്‍ തമിഴ്‌നാടിന്‍റെ  ഭാഗമായ മീശപ്പുലിമലയും കാണാം. 



അപാരസുന്ദരമായ നീലാകാശത്തിന്‍ കീഴില്‍ മഞ്ഞിന്‍റെ  നേര്‍ത്ത മുഖാവരണമണിഞ്ഞ അഗാധമായ കൊക്കകളിലേക്ക്‌ നോക്കിനില്‍ക്കുമ്പോള്‍ പ്രകൃതിയുടെ നിഗൂഢതകളെപ്പറ്റിയുള്ള ചിന്തയായിരുന്നു മനസ്സില്‍. 


             പാലാറിനു കുറുകെയുള്ള മാട്ടുപ്പെട്ടി ഡാം ആയിരുന്നു അടുത്ത ലക്ഷ്യം. പള്ളിവാസല്‍ പ്രോജക്‌ടിന്‍റെ  സംഭരണ അണക്കെട്ടാണ്‌ മാട്ടുപ്പെട്ടി ഡാം. ഇവിടേക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌ പ്രകൃതിരമണീയതയും സ്‌പീഡ്‌ ബോട്ട്‌ സര്‍വ്വീസുമാണ്. എന്നാല്‍ വഴിയില്‍ അപ്രതീക്ഷിതമായി വന്നുഭവിച്ച ഗതാഗതക്കുരുക്ക്‌ കാരണം ഡാം സന്ദര്‍ശനം ഒഴിവാക്കേണ്ടിവന്നു. 

അവിടെനിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോ-സ്വിസ്‌ ലൈവ്‌സ്റ്റോക്ക്‌ പ്രോജക്‌ടായിരുന്നു അടുത്ത ലക്ഷ്യം.

 മതിലിനുമീതെ ഘടിപ്പിച്ചിരിക്കുന്ന കമ്പികളില്‍ തൊടരുതേ, ഷോക്കടിക്കും. ആരും അതിക്രമിച്ച്‌ കടക്കാതിരിക്കാനുള്ള സുരക്ഷാ ഏര്‍പ്പാടാണത്. വിശാലമായ ഗേറ്റിലൂടെ അകത്തേക്കു കടന്നാല്‍ ആദ്യം കാണുന്നത്‌ പച്ചപ്പരവതാനി വിരിച്ചതുപോലെ പരന്നുകിടക്കുന്ന പുല്‍പ്രദേശം.  

സ്വിസ്സ്‌ ബ്രൗണ്‍, സുനന്ദിനി തുടങ്ങി നൂറിലേറെ മുന്തിയ ഇനം പശുക്കളുടെ പരിപാലനകേന്ദ്രമാണിവിടം. പതിനൊന്ന്‌ തൊഴുത്തുകളിലായി അവയെ ശ്രദ്ധയോടെ പാര്‍പ്പിച്ചിരിക്കുന്നു. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമുള്ളൂ.



 1963-ല്‍ സ്വിസ്സ്‌ ഗവണ്മെന്റിന്‍റെ  സഹകരണത്തോടെ തുടക്കം കുറിച്ചതാണ്‌ 191 ഹെക്‌ടാര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഡെയറിഫാം. കാറ്റില്‍ ബ്രീഡിംഗ്‌, സെമന്‍ ബാങ്ക്‌, വെറ്ററിനറി ട്രെയിനിംഗ്‌ കോഴ്‌സുകള്‍ തുടങ്ങി ലൈവ്‌സ്റ്റോക്കുമായി ബന്ധപ്പെട്ട വിവിധ പ്രോജക്‌ടുകള്‍ വിജയകരമായി നടത്തിവരുന്നു. 

ഫാമിനോട്‌ ചേര്‍ന്നുള്ള ഉദ്യാനത്തില്‍ റോസ്‌, സീനിയ, ഡാലിയ തുടങ്ങി പലതരം പൂക്കള്‍ സമൃദ്ധിയായി വിരിഞ്ഞുനില്‍ക്കുന്നു. ഏക്കറുകളോളം നീണ്ട തീറ്റപ്പുല്‍ കൃഷിയിടങ്ങള്‍, നാനാജാതി വൃക്ഷങ്ങള്‍.... കണ്ണിന്‌ കുളിരേകുന്ന ഹരിതസൗന്ദര്യമാണിവിടം.
ഡെയറിഫാമില്‍നിന്നും നേരെ മൂന്നാര്‍ ടൗണിലേക്ക്‌ തിരിച്ചു. 

മൂന്നുമണിനേരത്ത്‌ കോരിച്ചൊരിയുന്ന മഴയത്ത്‌ ടൗണിലെത്തി.
 രണ്ട്‌ ഹോട്ടലുകളില്‍നിന്നായി എല്ലാവര്‍ക്കും ഉച്ചഭക്ഷണം കിട്ടി. ഹോംമെയ്‌ഡ്‌ ചോക്ക്‌ലേറ്റും തേയിലയുമൊക്കെ വാങ്ങി, മൂന്നാറിനോട്‌ വിടപറഞ്ഞു. കട്ടപ്പനയാണ്‌ അടുത്ത ലക്ഷ്യം. അവിടെ വത്സല ടൂറിസ്റ്റ്‌ ഹോമിലാണ്‌ താമസം ഏര്‍പ്പാടാക്കിയിരിക്കുന്നത്‌.

കട്ടപ്പനനിന്നും ഏലപ്പാറ വഴി ഒമ്പതു കിലോമീറ്റര്‍ ദൂരമേയുള്ളൂ അഞ്ചുരുളിയിലേക്ക്‌. ഇടുക്കി ഡാമിന്‍റെ  തുടക്കം ഇവിടെനിന്നാണ്‌. ഇരട്ടയാര്‍ ഡാമിലെ വെള്ളം ഇടുക്കി ഡാമിന്‍റെ ജലാശയത്തിലേക്ക്‌ കൊണ്ടുപോകുന്നത്‌ അഞ്ചുരുളി തുരങ്കത്തിലൂടെയാണ്‌. 

ഈ ജലാശയത്തില്‍ അഞ്ചു മലകള്‍ നിരയായി ഉരുളി കമഴ്‌ത്തിയതുപോലെ ഇരിക്കുന്നതിനാല്‍ സ്ഥലത്തെ ആദിവാസികള്‍ നല്‍കിയ പേരാണ്‌ അഞ്ചുരുളി. കല്യാണത്തണ്ടു മലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ്‌ തുരങ്കം. ഇതിന്‍റെ  ഒരറ്റത്തുനിന്ന്‌ നോക്കിയാല്‍ ഒരു രൂപ നാണയത്തിന്‍റെ  വലിപ്പത്തില്‍ അങ്ങുദൂരെ മറ്റേയറ്റം കാണാം. ധൈര്യശാലികള്‍ക്ക്‌ ഉള്ളിലൂടെ അങ്ങേയറ്റംവരെ പോയിവരാം, ഒരു ടടേര്‍ച്ചകൂടെ കരുതിയാല്‍ മതി. 5.5 കി:മീ: നീളവും 24 അടി വ്യാസവുമുള്ള തുരങ്കം ഒറ്റ പാറയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പാറയുടെ രണ്ടുഭാഗത്തുനിന്നും ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച്‌ നടുക്ക്‌ കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 22 പേര്‍ മരണപ്പെട്ടു. കോണ്‍ട്രാക്‌ടര്‍ പൈലി പിള്ളയുടെ നേതൃത്വത്തില്‍ 1974 മാര്‍ച്ച്‌ പത്തിന്‌ നിര്‍മ്മാണം ആരംഭിച്ച്‌ 1980 ജനുവരി മുപ്പതിന്‌ ഉത്‌ഘാടനംചെയ്‌തു. നയനാനന്ദകരമായ കാഴ്‌ചകളുമായി സഞ്ചാരികളെ കാത്തുനില്‍ക്കുന്ന അഞ്ചുരുളിയെപ്പറ്രി പുറംലോകത്തിന്‌ വേണ്ടത്ര അറിവില്ല. സഞ്ചാരികളുടെ സുരക്ഷയ്‌ക്കായി വേണ്ടത്ര ക്രമീകരണങ്ങളുമില്ല. `ഇയ്യോബിന്റെ പുസ്‌തകം' തുടങ്ങി നിരവധി മലയാളസിനിമകള്‍ക്ക്‌ ലൊക്കേഷനായിട്ടുള്ള അഞ്ചുരുളി ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഒരുപാട്‌ വളരേണ്ടിയിരിക്കുന്നു.

ഇടുക്കിയിലെ എല്ലാ സ്ഥലങ്ങളും മനോഹരമാണെങ്കിലും ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന്‌ ഒരുത്തരമേയുള്ളൂ, കല്യാണത്തണ്ടു മല. മലകളെ ചുറ്റിപ്പുണര്‍ന്നുകിടക്കുന്ന ഇടുക്കി ജലാശയത്തിന്‍റെയും മലകളിലെ പച്ചപ്പിന്‍റെയും വശ്യത കണ്ണിലൊതുക്കാനാവാത്തവണ്ണം പരന്നു കിടക്കുന്നു. 

അവിടവിടെ സ്ഥാപിച്ചിട്ടുള്ള ബഞ്ചുകളിലിരുന്ന്‌ മതിയാവോളം കാണാം, കാറ്റിന്‍റെ തണുപ്പും നുകരാം. വിശ്രമിക്കാന്‍ ഒരു മുളങ്കുടിലുമുണ്ട്‌.

 കല്യാണത്തണ്ടു മലയ്‌ക്ക്‌ കാല്‍വരി മൗണ്ട്‌ എന്നും പേരുണ്ട്‌. ഇതൊരു സ്വകാര്യവ്യക്തിയുടെ വകയാണെന്ന്‌ അവിടെ നാട്ടിയിരിക്കുന്ന കുരിശുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ശരിയാവാം. 

കാഴ്‌ചയുടെ അഞ്ചു സുന്ദരദിനങ്ങള്‍ അവസാനിക്കാറായി. മടക്കയാത്രയ്‌ക്ക്‌ തൊട്ടുമുമ്പുള്ള കൊട്ടിക്കലാശം ഇടുക്കി അണക്കെട്ടിലാവട്ടെ. പലവട്ടം കണ്ടതാണെങ്കിലും ഓരോ കാഴ്‌ചയിലും പുതുമ തോന്നിപ്പിക്കുന്ന നിര്‍മ്മാണ കൗതുകമാണ്‌ ഇടുക്കി ആര്‍ച്ച്‌ ഡാം. സന്ദര്‍ശകരുടെ നോട്ടം ആദ്യമെത്തുന്നത്‌ കറുത്ത പെയിന്റില്‍ കുളിച്ചുനില്‍ക്കുന്ന കൊലുമ്പന്‍റെ  പ്രതിമയിലും. 

1932-ല്‍, ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിനിറങ്ങിയ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ട്‌ ഡബ്ലിയു. ജെ ജോണിന്‌ അണക്കെട്ടിന്‌ അനുയോജ്യമായ സ്‌ഥാനം കാണിച്ചുകൊടുത്തത്‌ ആദിവാസിയായ കൊലുമ്പനാണ്‌. 
1976-ല്‍ ഇന്ദിരാഗാന്ധിയാണ്‌ ഈ ജലവൈദ്യുത പദ്ധതിയുടെ ഉത്‌ഘാടനം നിര്‍വ്വഹിച്ചത്‌. ഇടുക്കി, ചെറുതോണി, കുളമാവ്‌ എന്നിങ്ങനെ മൂന്ന്‌ അണക്കെട്ടുകളിലായി വൈദ്യുതി ഉത്‌പാദനത്തിന്‌ ആവശ്യമായ വെള്ളം സംഭരിച്ചു നിര്‍ത്തിയിരിക്കുന്നു. ചെറുതോണി ഡാമിലേക്കാണ്‌ ആദ്യം പോയത.്‌ അവിടെനിന്ന്‌ കാല്‍നടയായി ഇടുക്കി ആര്‍ച്ച്‌ ഡാമിലേക്കും. പെരിയാര്‍ നദിക്കു കുറുകെയാണ്‌ ഇടുക്കി ആര്‍ച്ച്‌ ഡാമിന്‍റെ  നിര്‍മ്മിതി. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി നിര്‍മ്മിച്ച അണക്കെട്ടിന്‌ 55 അടി ഉയരവും 65 കി:മീ വിസ്‌തൃതിയുള്ള ജലസംഭരണിയുമുണ്ട്‌. മുലമറ്റം പവര്‍ഹൗസിന്‍റെ  ഉത്‌പാദനശേഷി 780 മെഗാവാട്ടാണ്‌. നാടുകാണി മലയുടെ മുകളില്‍നിന്ന്‌ 750 മീറ്റര്‍ അടിയിലുള്ള ഭൂഗര്‍ഭ വൈദ്യുതനിലയം ഇന്ത്യയിലേക്കുംവച്ച്‌ ഏറ്റവും വലുതുമാണ്‌. 

     ഇനി മടക്കയാത്രയാണ്‌, യാത്രയുടെ ആസ്വാദനവിവരണങ്ങളും മറ്റുമായി ബസ്സിനുള്ളില്‍. നീണ്ട മണിക്കൂറുകള്‍. രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത്‌ തിരിച്ചെത്തി, താമസിയാതെ വീണ്ടും ഒത്തുചേരാം എന്ന പ്രതീക്ഷ ബാക്കിവച്ചുകൊണ്ട്‌.
പശ്ചിമഘട്ട മലനിരകളുടെ അനന്യസൗന്ദര്യത്തില്‍ അലിഞ്ഞൊഴുകിയ ആ സുന്ദരദിനങ്ങളില്‍ മനസ്സിലും ചുണ്ടിലും തങ്ങിനിന്നത്‌ പണ്ടേ പാടിപ്പതിഞ്ഞ ഒരു ഗാനശകലം: 
`പുഴകള്‍, മലകള്‍, പൂവ നങ്ങള്‍... ഭൂമിക്ക്‌ കിട്ടിയ സ്‌ത്രീധനങ്ങള്‍....'

Saturday, 11 November 2017

വാല്‍പാറൈ മുതല്‍ മൂന്നാര്‍ വരെ (യാത്രാക്കുറിപ്പ്) എസ് .സരോജം



            ചുരമിറങ്ങി കുറേ മുന്നോട്ടു ചെന്നപ്പോള്‍  റോഡരികിലെ കടകളില്‍ യാത്രക്കാരെ കൊതിപ്പിക്കുന്ന  തരത്തില്‍ പച്ച മീന്‍  ഉടന്‍  പൊരിച്ചെടുക്കാന്‍ പാകത്തില്‍ മസാലപുരട്ടി കെട്ടിത്തൂക്കിയിരിക്കുന്നു  


        ക്രമേണ മണ്ണിന്‍റെയും പച്ചപ്പിന്‍റെയും  സ്വഭാവം മാറി. മഴനിഴല്‍  കാടുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. വരണ്ട മണ്ണില്‍  ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കള്ളിച്ചെടികള്‍....  

 ചിന്നാര്‍ വന്യജീവിസങ്കേതം വഴിയായിരുന്നു യാത്ര. കേരളത്തിലെ മഴനിഴല്‍ക്കാടാണ് ചിന്നാര്‍.  വഴിയോരം കൌതുകമുണര്‍ത്തുന്ന  കാനനക്കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ടേയിരുന്നു .

  നാനാജാതി കുരങ്ങുകളുടെ വിഹാരരംഗമാണ്ചി ന്നാര്‍ വന്യജീവി സാങ്കേതം . ഒരു മരം നിറയെ വിശേഷപ്പെട്ട കായ്കള്‍ തൂങ്ങിക്കിടക്കുന്നതുകണ്ട്  കൌതുകത്തോടെ നോക്കിയിരുന്നു. അടുത്തെത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്‌; അതെല്ലാം  കുരങ്ങന്മാരായിരുന്നു !
 അതാ   വനത്തിനുള്ളില്‍  മനോഹരമായൊരു ജലപാതം ; തൂവാനം വെള്ളച്ചാട്ടം.  84 അടി ഉയരത്തില്‍നിന്ന് താഴേക്കു പതിക്കുന്ന ഈ ജലപാതം  ഇടുക്കിജില്ലയിലെ  മൂന്നാറിലാണ്.
മുതിരപ്പുഴ, നല്ലത്തണ്ണി, കണ്ടലി എന്നീ മൂന്ന്‌ ജലപ്രവാഹങ്ങളുടെ സംഗമ സ്ഥാനമായതു കൊണ്ടാണ്  ഈ സ്ഥലത്തിന്‌ മൂന്നാര്‍ എന്ന പേരുവരാന്‍ കാരണം. സുഖശീതളമായ കാലാവസ്ഥയുള്ള മൂന്നാറിനെ ബ്രിട്ടീഷുകാര്‍ വേനല്‍ക്കാല സുഖവാസകേന്ദ്രമാക്കിയതുമുതല്‍ തുടങ്ങുന്നു മൂന്നാറിന്‍റെ  പ്രശസ്‌തി. സമുദ്രനിരപ്പില്‍ന്നും ഏകദേശം 1600 - 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മൂന്നാര്‍ 2000-മാണ്ടിലാണ്‌ കേരളസര്‍ക്കാരിന്‍റെ  വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയത്‌. തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ സാംസ്‌കാരികമായ ഒരു സങ്കലനം ഇവിടത്തെ ജനജീവിതത്തിലും പ്രകടമാണ്‌.

 മൂന്നാര്‍ ടൗണിലെ ചന്ദന  റോയല്‍ റിസോര്‍ട്ടിലായിരുന്നു 
ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്‌. 

മൂന്നാറില്‍നിന്നും അമ്പതുകിലോമീറ്ററോളം ദൂരത്ത്‌ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മറയൂര്‍ താഴ്‌വരയിലേക്കായിരുന്നു തുടര്‍യാത്ര. മലകള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന ഊരാണ്‌ മറയൂരായി മാറിയതെന്ന്‌ സ്ഥലനാമകഥ. ചുറ്റിനും സൗമ്യസാമീപ്യമായി നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകളുടെ ചുവടുവരെ വ്യാപിച്ചുകിടക്കുന്ന മറയൂര്‍താഴ്‌വര ഒരു മഴനിഴല്‍പ്രദേശമാണ്‌. കേരളത്തിന്‍റെ മറ്റുഭാഗങ്ങളില്‍ മഴപെയ്യുമ്പോള്‍ ഇവിടെ അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കും. ഇപ്പോള്‍ മഴപെയ്യും എന്ന തോന്നലല്ലാതെ ശരിക്കും മഴപെയ്യില്ല. മഴയുടെയും സൂര്യപ്രകാശത്തിന്‍റെ യും കുറവുകാരണം സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും വളര്‍ച്ച മന്ദഗതിയിലാണ്‌. 
മറയൂരില്‍ ചന്ദനമരങ്ങള്‍ തിങ്ങിവളരുന്നതിന്‍റെ  കാരണം ഈ വിചിത്രമായ കാലാവസ്ഥയാണെന്ന്‌ കരുതപ്പെടുന്നു. 

മലമുകളില്‍ നിന്ന്‌ ചുറ്റാകെ കണ്ണോടിച്ചു. ഒരുവശത്ത്‌ കാന്തല്ലൂര്‍ മലനിരകള്‍ കോട്ടപോലെ നിലകൊള്ളുന്നു. മറുവശത്ത്‌ കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ഗിരിശിഖരമായ ആനമുടിയും. വേറൊരുവശത്ത്‌ ചിന്നാര്‍ വന്യജീവിസങ്കേതത്തിന്‍റെ  ഭാഗമായ മലനിരകള്‍. 

താഴെ കുറച്ചകലെയായി പാറവിടവിലൂടെ കലപിലകൂട്ടിയൊഴുകുന്ന പാമ്പാര്‍. മറയൂര്‍ ഹൈസ്‌കൂളിനപ്പുറം, വിശാലമായ പാറപ്പരപ്പില്‍ പാമ്പാറിനെ നോക്കിനില്‍ക്കെ സ്‌കൂള്‍ക്ലാസ്സില്‍ പഠിച്ചതോര്‍മ്മവന്നു. `കേരളത്തില്‍ നാല്‍പത്തിനാല്‌ നദികളുള്ളതില്‍ മൂന്നെണ്ണം മാത്രമാണ്‌ കിഴക്കോട്ടൊഴുകുന്നത്‌- പാമ്പാര്‍, കബനി, ഭവാനി.' 

ഇടിഞ്ഞപൊളിഞ്ഞുകിടക്കുന്ന രണ്ടു മുനിയറകളാണ്‌ ആദ്യം കണ്ണില്‍പെട്ടത്‌. പാറപ്പുറത്തെ കട്ടികുറഞ്ഞ മണ്ണില്‍ ദര്‍ഭയും പോതപ്പുല്ലും ആളുയരത്തില്‍ വളര്‍ന്ന്‌ മുനിയറകള്‍ക്ക്‌ കാവല്‍നില്‍ക്കുന്നു. കഷ്‌ടിച്ച്‌ ഒരാള്‍പൊക്കമുള്ള ഈ കല്ലറകള്‍ക്കുള്ളിലാണ്‌ പണ്ട്‌ പഞ്ചപാണ്‌ഡവന്മാര്‍ ഒളിച്ചിരുന്നതെന്നാണ്‌ ഗ്രാമീണരുടെ വിശ്വാസം. വെയിലിന്‍റെ ചൂടില്‍ വിയര്‍ത്തൊഴുകി, മലകയറി ഉള്ളിലേക്ക്‌ ചെന്നപ്പോഴാണ്‌ കുറേയേറെ മുനിയറകള്‍ അടുത്തടുത്ത്‌ കണ്ടത്‌.


നാലുവശവും കല്‍പാളികള്‍കൊണ്ടു മറച്ച്‌ മറ്റൊരു കല്ലുകൊണ്ട്‌ മുകള്‍ഭാഗം മൂടിയവ. കുറെയെണ്ണം തകര്‍ന്നുകിടക്കുന്നു. കേരളത്തിന്‌ ഒരു ശിലായുഗ ചരിത്രം അവകാശപ്പെടാനില്ലെന്ന ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള നിഗമനം (റോബര്‍ട്ട്‌ ബ്രൂസ്‌ ഫുഡിന്‍റെ ) തെറ്റാണെന്ന്‌ തെളിഞ്ഞത്‌ ഈ കല്ലറകളുടെ കണ്ടുപിടിത്തത്തോടെയാണല്ലൊ! ശിലായുഗത്തിന്‍റെ  അവസാനഘട്ടമായ മഹാശിലായുഗത്തില്‍ ഇവിടെ ജീവിച്ചിരുന്ന ആളുകള്‍ മരിച്ചവരെ മറവുചെയ്‌തിരുന്ന കല്ലറകളാണ്‌ മുനിയറകള്‍. കേരളത്തിനുപുറമേ അയര്‍ലണ്ട്‌, നെതര്‍ലണ്ട് ഫ്രാന്‍സ്‌, റഷ്യ, സ്‌പെയിന്‍, ഇറ്റലി, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം ശിലാനിര്‍മ്മിതികള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഡോള്‍മന്‍ (ശവക്കല്ലറ) എന്നാണ്‌ അവ അറിയപ്പെടുന്നത്‌. 1976 - ല്‍ സംസ്ഥാന പുരാവസ്‌തുവകുപ്പ്‌ മറയൂര്‍ മുനിയറകളെ സംരക്ഷിത സ്‌മാരകങ്ങളായി പ്രഖ്യാപിച്ചു. 

മലയാളക്കരയില്‍ മറയൂര്‍ ശര്‍ക്കരയെപ്പറ്റി കേട്ടിട്ടില്ലാത്ത മധുരപ്രിയരുണ്ടാവില്ല, അത്രയ്‌ക്ക്‌ ഗുണമേന്മയാണതിന്‌. യാത്രാസംഘത്തില്‍ പലര്‍ക്കും ശര്‍ക്കര വാങ്ങിയേ തീരൂ എന്ന്‌ നിര്‍ബന്ധവും. അങ്ങനെയാണ്‌ ഒരു ശര്‍ക്കരനിര്‍മ്മാണ യൂണിറ്റ്‌ സന്ദര്‍ശിച്ചത്‌. കരിമ്പില്‍നിന്നും നീരെടുത്ത്‌ പാകപ്പെടുത്തി ശര്‍ക്കരയുണ്ടാക്കുന്നത്‌ നേരില്‍ കണ്ടു. 
അതിനടുത്തുള്ള ഒരു സ്വകാര്യ പുഷ്‌പ, ഫല, സസ്യത്തോട്ടവും കണ്ടശേഷം ചന്ദനക്കാടുകള്‍ ചുറ്റിനടന്നു കാണണമെന്ന മോഹത്തോടെയാണ്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചന്ദനത്തോട്ടത്തില്‍ എത്തിയത്‌. സന്ദര്‍ശനസമയം കഴിഞ്ഞിരുന്നതിനാല്‍ അകത്തു പ്രവേശിക്കാനായില്ല. വഴിയോരത്തുള്ള മരങ്ങള്‍ ഓടുന്ന വണ്ടിയിലിരുന്ന്‌ കണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. 

തിരക്കേറിയ മൂന്നാര്‍ ടൗണില്‍ വണ്ടി പാര്‍ക്കുചെയ്യാന്‍പോലും ഇടമില്ലാതെ പ്രയാസപ്പെട്ടു. കുറച്ചകലെയുള്ള ബ്ലാക്ക്‌ ഫോറസ്റ്റ്‌ റിസോര്‍ട്ടിലാണ്‌ മുറികള്‍ ബുക്കുചെയ്‌തിരുന്നത്‌. രാത്രി വളരെ വൈകിയതിനാല്‍ ടൗണില്‍നിന്ന്‌ ഭക്ഷണം കഴിച്ചിട്ടാണ്‌ അങ്ങോട്ട്‌ പോയത്‌. അതിരാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത്‌ റിസോര്‍ട്ടിന്‍റെ  കിഴക്ക്‌ ഭാഗത്തായി  മലമുകളില്‍ നിന്ന് പൊട്ടിയൊഴുകുന്ന മനോഹരമായൊരു   വെള്ളച്ചാട്ടം!
(തുടരും)



Friday, 10 November 2017

അതിരപ്പള്ളി മുതല്‍ വാല്‍പാറൈ വരെ (യാത്രാക്കുറിപ്പ്) എസ്‌.സരോജം



                      സീക്കിന്‍റെ ഊര്‍ജ്ജസ്വലരായ സാരഥികള്‍ ഇടയ്‌ക്കിടെ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ സര്‍വ്വീസില്‍നിന്ന്‌ വിരമിച്ചവരും യാത്രകള്‍ ഇഷ്‌ടപ്പെടുന്നവരുമായ ഒരുപിടി മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ഉണര്‍വ്വിന്‍റെയും ഉല്ലാസത്തിന്‍റെയും അപൂര്‍വ്വദിനങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ മെയ്‌ ഇരുപത്തൊന്നു മുതല്‍ ഇരുപത്തഞ്ചു വരെയുള്ള അഞ്ചുദിവസങ്ങള്‍ കുട്ടികളും പേരക്കുട്ടികളുമൊത്ത്‌ പ്രകൃതിയുടെ സ്വച്ഛസൗന്ദര്യങ്ങളിലൂടെ ഹൃദയപൂര്‍വ്വം ആര്‍ത്തുല്ലസിച്ചുനടക്കുകയായിരുന്നു ഞങ്ങള്‍ കുറേ അപ്പുപ്പന്മാരും അമ്മുമ്മമാരും. ഒന്നരവയസ്സുകാരന്‍ അലന്‍ റോബിന്‍ മുതല്‍ എഴുപതുവയസ്സുകാരന്‍ ...... വരെ ഉണ്ടായിരുന്നു ഇരുപത്തിയൊമ്പതുപേരടങ്ങിയ യാത്രാസംഘത്തില്‍. 

കന്യാകുമാരിമുതല്‍ കൈലാസംവരെ സാഹസ സഞ്ചാരം നടത്തി ധാരാളം അനുഭവസമ്പത്തുള്ള  പ്രിയപ്പെട്ട ജെ.പി. ചന്ദ്രകുമാര്‍ ആയിരുന്നു ടീം ക്യാപ്‌റ്റന്‍. ഞായറാഴ്‌ച രാവിലെ ആറുമണിക്ക്‌ സെക്രട്ടറിയേറ്റ്‌ പരിസരത്തുനിന്ന്‌ സണ്ണി ഡേ ട്രാവല്‍സിന്‍റെ  ലക്ഷ്വറി കോച്ചില്‍ യാത്ര ആരംഭിക്കുകയായി. പ്രകൃതിയുടെ തനിമയും സൗന്ദര്യവും കണ്ണുകളില്‍ കോരിനിറച്ചുകൊണ്ട്‌ പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ഒരു വ്യത്യസ്‌ത സഞ്ചാരമായിരുന്നു ഇത്തവണ.

അതിരപ്പള്ളിക്ക്‌ പോകുംവഴി തൃശൂര്‍ ജില്ലയിലെ തുമ്പൂര്‍മൂഴിയില്‍ ചാലക്കുടിപ്പുഴയ്‌ക്കു സമീപമുള്ള ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു. പലജാതി പൂക്കളും പൂമ്പാറ്റകളും കണ്ണിന്‌ വിരുന്നൊരുക്കി കാത്തുനില്‍ക്കുകയാണവിടെ. പൂന്തേന്‍ നുകര്‍ന്നും പാറിപ്പറന്നും ഉല്ലസിക്കുന്ന പൂമ്പാറ്റകളുടെ പിന്നാലേ കട്ടികള്‍ ഉത്സാഹത്തോടെ ഓടിനടന്നു. പാര്‍ക്കിനപ്പുറം അതാ ഒരു തൂക്കുപാലം! ഒന്നു കയറിനോക്കൂ, തൂക്കുപാലമല്ലേ ചെറിയ ആട്ടമുണ്ടാവും. പേടി തോന്നുന്നുണ്ടോ? എങ്കില്‍ താഴേക്കുനോക്കാതെ നടന്നോളൂ. പാലം കടന്നാല്‍ എറണാകുളം ജില്ലയിലേക്കാവും കാലുകുത്തുക.

 ചാലക്കുടിപ്പുഴയ്‌ക്കു കുറുകെ 141 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയുമുള്ള തൈക്കൂട്ടംകടവ്‌ തൂക്കുപാലത്തിന്‍റെ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്‌ കേരളസര്‍ക്കാര്‍ സ്ഥാപനമായ ഇലക്‌ട്രിക്കല്‍ അലൈഡ്‌ ആന്റ്‌ എന്‍ജിനിയറിംഗ്‌ കമ്പനിയാണ്‌. കാല്‍നടക്കാര്‍ക്കുവേണ്ടി മാത്രമുള്ളതാകയാല്‍ പാലത്തിലൂടെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. ഒരേസമയം മുപ്പതിലധികംപേര്‍ സഞ്ചരിക്കാനും പാടില്ല. 

ഉച്ചഭക്ഷണത്തിനുശേഷം അതിരപ്പള്ളി വെള്ളച്ചാട്ടം കാണാന്‍ പോയി. `രാവണ്‍' സിനിമയിലെ അതിമനോഹരമായ വെള്ളച്ചാട്ടമായിരുന്നു മനസ്സില്‍. ജലവൈദ്യുതപദ്ധതിയുടെ പേരില്‍ കൂടെക്കൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ആതിരപ്പള്ളിയുടെ നഗ്നസൗന്ദര്യം ആരെയും മോഹിപ്പിക്കുന്നത്‌ തന്നെ. മദ്ധ്യവേനലവധി അവസാനിക്കാറായതുകൊണ്ടാവാം സഞ്ചാരികളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. അധികവും തമിഴ്‌നാട്ടുകാരും മലയാളികളും. വാഹനത്തില്‍നിന്നിറങ്ങി വനനടുവിലെ വഴിയിലൂടെ കുറേ നടക്കാനുണ്ട്‌. 

വഴിയോരത്തെ മുളവേലിയിലും മരക്കൊമ്പുകളിലും പാറപ്പുറത്തുമൊക്കെ ആതിഥേയരെപ്പോലെ നിരന്നിരിക്കുന്ന വാനരന്മാരെ കൗതുകപൂര്‍വ്വം വീക്ഷിച്ചുകൊണ്ട്‌ തിരക്കിലൂടെ ഒഴുകിയൊഴുകി വെള്ളച്ചാട്ടത്തിനരികെയെത്തി.

 ഒഴുക്കില്ലാത്ത വെള്ളത്തില്‍ കുളിക്കാന്‍ തിരക്കുകൂട്ടുന്ന സഞ്ചാരികളുടെ സമുദ്രം പോലെ പാറപ്പരപ്പ്‌. ഇരുപത്തിനാലുമീറ്റര്‍ ഉയരത്തില്‍നിന്ന്‌ താഴേക്ക്‌ പതിക്കുന്ന വെള്ളച്ചാട്ടത്തിന്‌ മഴക്കാലത്തെയത്ര സമൃദ്ധിയില്ല.

 പക്ഷേ, ചുറ്റുമുള്ള വൃക്ഷനിബിഡമായ ഹരിതസമൃദ്ധി വേനല്‍മനസ്സുകളില്‍പ്പോലും കുളിരുനിറയ്‌ക്കും. മടങ്ങുമ്പോള്‍ മനസ്സു മന്ത്രിച്ചു, മഴക്കാലത്ത്‌ വീണ്ടും വരണം; അതിരപ്പള്ളിയുടെ നിറയൗവ്വനം ആസ്വദിക്കാന്‍. 

സ്‌നോ സ്റ്റോം പാര്‍ക്ക്‌ എന്നപേരില്‍ അടുത്തകാലത്തു തുടങ്ങിയ കൃത്രിമമായൊരു മഞ്ഞുലോകമുണ്ട്‌ അതിരപ്പള്ളിയില്‍. രാത്രി ഏഴുമണിക്കാണ്‌ അവിടെ ഷോ തുടങ്ങുന്നത്‌. മഞ്ഞില്‍ നടന്നും കിടന്നുരുണ്ടും മഞ്ഞുപരലുകള്‍ വാരി എറിഞ്ഞുകളിച്ചും ചടുലസംഗീതത്തിന്‍റെ താളപ്പെരുമയ്‌ക്കനുസരിച്ച്‌ നൃത്തം ചെയ്‌തും കുട്ടികളും ചെറുപ്പക്കാരുമൊക്കെ മതിമറന്നാഹ്ലാദിച്ചു. ഈ യാത്രയില്‍ അവര്‍ ഏറെ ആസ്വദിച്ചതും ഈ മഞ്ഞുലോകം തന്നെ. തണുപ്പിന്‍റെ കാഠിന്യം ഇഷ്‌ടപ്പെടാഞ്ഞിട്ടാവാം മുതിര്‍ന്നവര്‍ പലരും സ്‌നോ സ്റ്റോം ഒഴിവാക്കുകയാണുണ്ടായത്‌. അന്നുരാത്രി അതിരപ്പള്ളി റസിഡന്‍സിയിലായിരുന്നു താമസം.
രണ്ടാംദിവസം ചാലക്കുടി-വാല്‍പ്പാറ റൂട്ടിലായിരുന്നു സഞ്ചരം. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍നിന്നും അഞ്ചുകിലോമീറ്റര്‍ അകലെ, ഷോളയാര്‍ വനമേഖലയിലുള്ള വാഴച്ചാല്‍ വെള്ളച്ചാട്ടം ജലസമൃദ്ധിയില്‍ അതിരപ്പള്ളിയെക്കാള്‍ മുന്നിലാണെന്നു തോന്നി. മലനിരകളുടെയും പാറക്കൂട്ടങ്ങളുടെയും നടുവിലൂടെ അതിവേഗത്തില്‍ ഒഴുകിവരുന്ന നദിപോലെ തോന്നും കാഴ്‌ചയ്‌ക്ക്‌.

ഔഷധസസ്യത്തോട്ടവും വന്‍വൃക്ഷങ്ങളും കുഞ്ഞുനീര്‍ച്ചാലുകളും തുടങ്ങി ഈ സംരക്ഷിതവനമേഖല സമ്മാനിച്ചത്‌ സമാനതകളില്ലാത്ത കാഴ്‌ചകള്‍.

പശ്ചിമഘട്ട മലനിരകളുടെ ദൃശ്യഭംഗികളില്‍ മനവും മിഴിയും അര്‍പ്പിച്ചുകൊണ്ട്‌ യാത്രതുടര്‍ന്നു, തോട്ടങ്ങള്‍ക്കു നടുവിലൂടെ, മലക്കപ്പാറ വഴി ഷോളയാറിലേക്ക്‌. ഇനിയങ്ങോട്ട്‌ തമിഴ്‌നാടാണ്‌. ചെക്ക്‌പോസ്റ്റില്‍ കുറേനേരം കാത്തുകിടക്കേണ്ടിവന്നു അതിര്‍ത്തികടക്കാനുള്ള അനുമതിക്ക്‌. ചാലക്കുടി പട്ടണത്തില്‍നിന്നും 65 കിലോമീറ്റര്‍ കിഴക്കാണ്‌ ഏഷ്യയിലെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ അണക്കെട്ടായ അപ്പര്‍ ഷോളയാര്‍.

 ചാലക്കുടിപ്പുഴയ്‌ക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഷോളയാര്‍ ഡാം സന്ദര്‍ശിക്കണമെങ്കില്‍ തമിഴ്‌നാടിന്‍റെ പ്രത്യേക അനുമതി വേണം. ഹരിതാഭയാര്‍ന്ന മലനിരകള്‍ക്കും വൃക്ഷനിബിഡമായ വനങ്ങള്‍ക്കും നടുവില്‍ കാര്യമായ തിരക്കൊന്നുമില്ലാത്ത സ്വച്ഛസുന്ദരമായ ഒരാദിവാസി മേഖലയാണ്‌ ഷോളയാര്‍. വിശാലമായ തേയിലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും കൊണ്ട്‌ സമൃദ്ധമാണ്‌ ഈ പ്രദേശം. വഴിയില്‍ ചിലപ്പോള്‍ നിരുപദ്രവികളായ വന്യജീവികളെയും കാണാം.
സമുദ്രനിരപ്പില്‍നിന്നും 3500 അടി ഉയരത്തിലുള്ള വാല്‍പ്പാറയില്‍ എത്തിയപ്പോഴേക്കും ഉച്ചയായി. ടൗണിലെ ഗ്രീന്‍ഹില്‍ ഹോട്ടലില്‍ മുറിയെടുത്തശേഷം ഭക്ഷണവും അല്‌പവിശ്രമവും കഴിഞ്ഞ്‌ ലോക്കല്‍ സൈറ്റ്‌സീയിംഗിനായി ജീപ്പുകളില്‍ യാത്രയായി. 

കേരളത്തിലേതില്‍നിന്ന്‌ വ്യത്യസ്‌തമായി, അതിവിശാലമായ തേയിലത്തോട്ടങ്ങളാണ്‌ വാല്‍പ്പാറയിലുള്ളത്‌. ടൗണില്‍നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ്‌ നല്ലമുടി പൂഞ്ഞോലൈ തേയിലത്തോട്ടം. 

തോട്ടത്തിനുള്ളില്‍ കരിങ്കല്ല്‌ പാകിയ വീതിയുള്ളൊരു നടപ്പാതയുണ്ട്‌. ഒരുകിലോമീറ്ററോളം നടന്ന്‌ മുകളിലെത്തിയാല്‍ വ്യൂ പോയിന്റായി. അവിടെനിന്ന്‌ നോക്കിയാല്‍ അങ്ങു താഴെ ആദിവാസികള്‍ അധിവസിക്കുന്ന നല്ലമുടി താഴ്‌വര കാണാം. പുകമഞ്ഞും വെയിലും കൂടിക്കലര്‍ന്ന ഹരിതനീല സൗന്ദര്യമായിരുന്നു താഴ്‌വരയ്‌ക്ക്‌. വൃക്ഷനിബിഡമായ ആ താഴ്‌വാരത്തിനപ്പുറത്താണ്‌ നമ്മുടെ മൂന്നാര്‍. മഞ്ഞിന്‍റെ  മറ അല്‍പമൊന്ന്‌ മാറിയപ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ഗിരിശിഖരമായ ആനമുടി അകലെ തെളിഞ്ഞു. 

ചുറ്റുമുള്ള വനപ്രകൃതിയുടെ വശ്യതയില്‍ ലയിച്ച്‌ വലിയൊരു വൃക്ഷച്ചുവട്ടില്‍ കുറേനേരം ഇരുന്നു. ഇതേ വ്യൂ പോയിന്റില്‍ വച്ചാണത്രെ തദ്ദേശവാസിയായ വേലു എന്ന കര്‍ഷകന്‍റെ  മുന്നില്‍ ഇഷ്‌ടദൈവമായ മുരുകന്‍ പ്രത്യക്ഷപ്പെട്ടത്‌. `ഓം ആധി മുരുകാ' എന്ന്‌ ഉച്ചത്തില്‍ വിളിച്ചുകൊണ്ട്‌ അന്നുമുതല്‍ ഈ പ്രദേശത്തിന്‍റെ  സംരക്ഷകനായി ചുറ്റിനടക്കുകയാണ്‌ വേലു. മുരുകന്‍ പ്രത്യക്ഷപ്പെട്ട സ്ഥാനത്ത്‌ പിന്നീട്‌ ഒരു മുരുകക്ഷേത്രമുണ്ടായി, തോട്ടത്തില്‍ അവിടവിടെയായി " SEEN GOD OHM ADHI MURUGA NALLAMUDI POONJOLAI'' എന്ന പരസ്യബോര്‍ഡുകള്‍ സ്ഥാപിതമായി. വേലുവിനെ കാണണമെന്ന്‌ ആഗ്രഹം തേന്നിയെങ്കിലും അപ്പോള്‍ അയാള്‍ അവിടെയെങ്ങും ഉണ്ടായിരുന്നില്ല. വരുന്നതുവരെ കാത്തുനില്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ സമയവും ഉണ്ടായിരുന്നില്ല. തിരിച്ചിറങ്ങുമ്പോഴാണ്‌ വഴിയില്‍കിടന്ന ആനപ്പിണ്‌ഡം ശ്രദ്ധയില്‍പ്പെട്ടത്‌. രാത്രികാലങ്ങളില്‍ കാട്ടാന, കരടി, പുലി തുടങ്ങിയ വന്യജീവികള്‍ ഈ പ്രദേശത്ത്‌ സൈ്വരസഞ്ചാരം ചെയ്യുക പതിവാണ്‌. തോട്ടത്തിന്‍റെ  കവാടത്തോട്‌ ചേര്‍ന്നുള്ള പീടികയില്‍നിന്ന്‌ നല്ല ഇലത്തേയിലയും വാങ്ങി. 

മടങ്ങുന്ന വഴിക്ക്‌ വെള്ളമലൈ എസ്റ്റേറ്റിന്‌ സമീപത്തുള്ള തുരങ്കവും സന്ദര്‍ശിച്ച്‌ സന്ധ്യയോടെ ഹോട്ടലില്‍ തിരിച്ചെത്തി.

പിറ്റേന്നു രാവിലെ വാല്‍പ്പാറ - പൊള്ളാച്ചി മലമ്പാതയിലൂടെ നാല്‍പത്‌ കൊടുംവളവുകള്‍ താണ്ടി വാല്‍പ്പാറച്ചുരം ഇറങ്ങി. 

തെക്കേയിന്ത്യയിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ സമ്മാനിക്കുന്ന കാനനപാതയാണത്‌. 

റോഡിലേക്ക്‌ തള്ളിനില്‍ക്കുന്ന പാറകളും മലകളും നീര്‍ച്ചോലകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും വിവിധജാതി പൂക്കളും ചിത്രശലഭങ്ങളും വന്യമൃഗങ്ങളും ഇടയ്‌ക്കിടെയുള്ള വ്യൂ പോയിന്റുകളും.... കാഴ്‌ച ഒരു ഉത്സവമാവാന്‍ ഇതില്‍പ്പരം എന്തുവേണം! 

ആളിയാര്‍ ഡാംസൈറ്റില്‍ കുറച്ചുനേരം ചുറ്റിനടന്നശേഷം മൂന്നാറിലേക്ക് യാത്രയായി.
                                                      ( തുടരും)