Monday, 27 March 2017

ഡിസൈനര്‍ബേബി (നോവല്‍ ) അദ്ധ്യായം ഒന്ന്

                                             


                                 മുന്‍മൊഴി
 കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍  ശാസ്ത്രം വളര്‍ന്നുകൊണ്ടിരിക്കുന്നു. പ്രപഞ്ചോല്പത്തിയും ദൈവകണവുമൊക്കെ മനുഷ്യന്‍റെ  ബുദ്ധിയില്‍ തെളിഞ്ഞും തെളിയാതെയും ഒളിച്ചുകളിക്കുന്നു. കംപ്യൂട്ടറും ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയകളുമെല്ലാം ഏതു വിജ്ഞാനവും നിമിഷവേഗത്തില്‍  നമ്മുടെ വിരല്‍ത്തുമ്പിലെത്തിക്കുന്നു. ക്‌ളോണുകളും ടെസ്റ്റ്യൂബ്ശിശുക്കളും പ്രകൃതിദത്തമായ പ്രജനനപ്രക്രിയയെ വെല്ലുവിളിക്കുന്നു.  ഗര്‍ഭപാത്രം വാടകയ്ക്ക് കിട്ടുമെന്നുമാത്രമല്ല, അണ്ഡവും ബീജവും വിലകൊടുത്തു വാങ്ങാന്‍ കിട്ടുമെന്നു വന്നിരിക്കുന്നു.  ഇപ്പോഴിതാ മനുഷ്യനുണ്ടായ കാലംമുതല്‍ അനുവര്‍ത്തിച്ചുപോരുന്ന ഒരച്ഛന്‍ ഒരമ്മ എന്ന മാതൃപിതൃസങ്കല്പത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ഡിസൈനര്‍ കുഞ്ഞുങ്ങളും എത്തിയിരിക്കുന്നു.  ഭാവിതലമുറയെ ജനിതകരോഗങ്ങളില്‍ നിന്ന് മുക്തമാക്കുന്ന പുതിയ കണ്ടുപിടിത്തത്തിന് യു.കെ.പോലുളള രാജ്യങ്ങളില്‍ നിയമസാധുതയും നല്‍കിക്കഴിഞ്ഞു. ശാസ്ത്രനേട്ടങ്ങള്‍ കുടുംബ ബന്ധങ്ങളെ മാറ്റിമറിക്കുന്ന കാലം. മാതൃത്വവും പിതൃത്വവും  ചോദ്യം ചെയ്യപ്പെടുന്ന കാലം. പണ്ട് നെപ്പോളിയന്‍ പറഞ്ഞതുപോലെ 'അസാദ്ധ്യമായി ഒന്നുമില്ല' എന്ന് തോന്നിപ്പോകുന്ന കാലം.
ശാസ്ത്രനേട്ടങ്ങളെ എപ്പോഴും കൗതുകപൂര്‍വം  നോക്കിക്കാണുന്ന എന്‍റെ  സര്‍ഗ്ഗാത്മക മനസ്സില്‍നിന്ന് പിറവിയെടുത്തതാണ് ഈ നോവല്‍.  സദയം സ്വീകരിച്ച് അനുഗ്രഹിച്ചാലും.

                                എസ്.സരോജം


                 അദ്ധ്യായം ഒന്ന്

ലാപ്‌ടോപ്പില്‍ ടി.വി.ട്യൂണര്‍ കണക്റ്റുചെയ്ത് അവള്‍ ഷോ റെക്കാഡുചെയ്യാന്‍ തുടങ്ങി. ഇരുന്നിടത്തിരുന്ന് കംപ്യൂട്ടറില്‍ തൊടാതെ എങ്ങനെ കംപ്യൂട്ടറിനെ നിയന്ത്രിക്കാമെന്നു കാണിക്കുന്ന ഒരു ഡെമോണ്‍സ്‌ട്രേഷന്‍ പ്രോഗ്രാമായിരുന്നു അത്.
 ഇടവേളയിലാണ്  അടുത്ത ഷോയുടെ പരസ്യം സ്‌ക്രീനില്‍ തെളിഞ്ഞത്; പുതിയൊരു റിയാലിറ്റിഷോ! 'ലക്ഷക്കണക്കിനു ടെലിവിഷന്‍പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മത്സരപരമ്പര.. ക്യൂട്ട് ബേബിഷോ.'
ഡെമോണ്‍സ്‌ട്രേഷന്‍ തീര്‍ന്നയുടനെ പരസ്യങ്ങളുടെ അകമ്പടിയോടെ ആദ്യഎപ്പിസോഡ്  ആരംഭിക്കുകയായി. ആങ്കറുടെ മംഗ്‌ളീഷ്
ഭാഷാപ്രേമികളെ രോഷംകൊളളിക്കുംവിധം മുന്നേറി. പരസ്യവാചകങ്ങളുടെ മാസ്മരികതയാലാവാം പുതിയകാലത്തിന്‍റെ   മത്സരക്കാഴ്ചകള്‍ക്കായി കുടുംബസദസുകള്‍ കണ്ണും കാതും തുറന്നിരുന്നു!
''ഇന്ത്യന്‍ ടെലിവിഷനില്‍ത്തന്നെ ഇത്തരമൊരു റിയാലിറ്റിഷോ ഇതാദ്യം. വിദേശമലയാളികളില്‍നിന്നുള്ളവരടക്കം ആയിരത്തിലധികം കുരുന്നുകള്‍. അവരില്‍നിന്നും  തിരഞ്ഞെടുത്ത ഇരുപതുപേര്‍. മൂന്നിനും നാലിനും മദ്ധ്യേ പ്രായമുള്ള ചുണക്കുട്ടികള്‍. പുഞ്ചിരി, പൂച്ചനടത്തം, നഴ്‌സറി റൈംസ്, ആക്ഷന്‍ സോംഗ്,  സിനിമാറ്റിക്ക് ഡാന്‍സ്  തുടങ്ങി വിവിധയിനങ്ങളിലായി നിരവധി എപ്പിസോഡുകള്‍. ശൈശവസൗന്ദര്യത്തിന്‍റെ   നിറക്കാഴ്ചയൊരുക്കുന്ന മത്സരപരമ്പര - ക്യൂട്ട് ബേബിഷോ!'' ഇരുപതു ചുണക്കുട്ടികളുടെ ചിത്രത്തിനൊപ്പം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട പരസ്യവാചകങ്ങള്‍ ഇതായിരുന്നു.
തുടക്കം ഉജ്ജ്വലം! സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖതാരങ്ങളെല്ലാമുണ്ട് വേദിയില്‍!  ഉദ്ഘാടനച്ചടങ്ങിനുശേഷം കുഞ്ഞുങ്ങളുടെ ഫാഷന്‍ഷോ! കൗതുകത്തോടെ അവള്‍ അത് നോക്കിയിരുന്നു. ടെക്കികളുടെ യാന്ത്രികലോകത്തില്‍നിന്നും പൂമൊട്ടുകളുടെ സുന്ദരലോകത്തേക്ക് ഇറങ്ങിവന്ന പ്രതീതി!
ഡിസൈനര്‍ ഉടുപ്പുകളും വര്‍ണ്ണച്ചമയങ്ങളുമണിഞ്ഞ കുഞ്ഞുങ്ങള്‍ ഓരോരുത്തരായി റാമ്പില്‍ പിച്ചനടന്ന് പുഞ്ചിരിപൊഴിച്ച് കൈവീശി തിരിച്ചുനടക്കുന്നു, അവരുടെ ഭാവചേഷ്ടകളോരോന്നും അവളുടെ മുഖത്തും മാറിമാറി പ്രതിഫലിക്കുന്നു.
അവള്‍ നീരജ. അലങ്കാരത്തൊടിയിലെ പൂവില്ലാച്ചെടിപോലെ തളിര്‍ത്തുനില്‍ക്കുന്ന താരുണ്യം. ജോലി ടെക്‌നോസിറ്റിയില്‍. രാജ്യാന്തരവ്യാപ്തിയുള്ള ഐറ്റികമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍. കണ്ണീര്‍സീരിയലുകളും റിയാലിറ്റിഷോകളും കാണുന്ന ശീലമില്ല. എല്ലാംമറന്ന്, സ്വയംമറന്ന് ടെലിവിഷനുമുന്നിലിരിക്കുന്നത് ഇതാദ്യം. ടെക്കിയുടെ ഗൗരവപ്രകൃതം സെറിലാക്ക് ശിശുക്കളുടെ ചായംതേച്ച പുഞ്ചിരിക്കുമുന്നില്‍ അടിയറവച്ച്, അറിയാത്ത മാതൃഭാവങ്ങള്‍ വാരിച്ചൂടി അവളിരുന്നു.
അച്ഛനമ്മമാരുടെ പൊങ്ങച്ചത്തിന്‍റെയും പണക്കൊഴുപ്പിന്‍റെയും  സാക്ഷ്യപത്രംപോലെ റാമ്പിലെത്തുന്ന കുട്ടികള്‍, അനുശീലനം ചെയ്യപ്പെട്ട  അഭിനയചേഷ്ടകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകര്‍,
അഭിനയം മറക്കുമ്പോള്‍ മാത്രം പിഞ്ചുമുഖങ്ങളില്‍ തെളിയുന്ന നിഷ്‌കളങ്കഭാവങ്ങള്‍, എല്ലാം അതേപടി പിടിച്ചെടുക്കുന്ന വീഡിയോക്യാമറകള്‍,
ഇടയ്ക്കിടെ മിന്നിപ്പൊലിയുന്ന ഫോട്ടോക്യാമറകള്‍, വര്‍ണ്ണപ്രഭ വിതറുന്ന ലേസര്‍വിളക്കുകള്‍......
ഏതോ അത്ഭുതലോകത്തില്‍ എത്തിപ്പെട്ടതുപോലെ!
കുഞ്ഞുമുഖങ്ങളില്‍നിന്നു കണ്ണെടുക്കാനാവാതെ അവളിരുന്നു. മനസ്സിന്‍റെ   ഉളളറയില്‍ മരിച്ചുകിടന്ന മോഹങ്ങള്‍ ജീവന്‍വച്ചുണര്‍ന്നു.   മാതൃദാഹം  മുറ്റിയ മനസ്സില്‍ സ്‌നേഹവാത്സല്യങ്ങള്‍ തുള്ളിത്തുളുമ്പി. പിന്നെ അതു നിരാശയായി. അസൂയയായി മനസ്സില്‍ക്കിടന്നു തിളച്ചുമറിഞ്ഞു.
റാമ്പിലെ  കുട്ടികളെയും അവരുടെ അമ്മയച്ഛന്മാരെയും ഗ്യാലറിയിലെ കാഴ്ചക്കാരെയും വിമര്‍ശബുദ്ധിയോടെ വിലയിരുത്തുന്നതില്‍ അനല്പമായ ആനന്ദമായിരുന്നു അവള്‍ക്കപ്പോള്‍. ചായംതേച്ച കുഞ്ഞുമുഖങ്ങളില്‍ മത്സരത്തിന്‍റെതായ വീറും വാശിയും തീരെയില്ല. അവര്‍ക്ക് മത്സരമെന്നാല്‍ എന്താണെന്നറിയാനുള്ള പ്രായമായിട്ടില്ലല്ലൊ. അമ്മമാരുടെ ഭാവംകണ്ടാല്‍ തങ്ങളാണ് റാമ്പില്‍ മത്സരിക്കുന്നതെന്നു തോന്നും. കുഞ്ഞുങ്ങളെയും അവരുടെ അമ്മയച്ഛന്മാരെയും അണിയിച്ചൊരുക്കുന്ന ബ്യൂട്ടീഷ്യന്മാരുടെ പാര്‍ലര്‍പരസ്യങ്ങള്‍ കണ്ടാല്‍ സകലരേയും സുന്ദരിമാരും  സുന്ദരന്മാരുമാക്കിമാറ്റാന്‍ അത്ഭുതവരം കിട്ടിയതുപോലുണ്ട്!

നീരജാ...... മോളേ നീരജാ......
സുമേഷ് ആഫീസില്‍ നിെന്നത്തിയിരിക്കുന്നു.
അവള്‍ സ്‌ക്രീനില്‍നിന്നു കണ്ണെടുക്കാതെ ഉറക്കെ വിളിച്ചുപറഞ്ഞു:
വാതില്‍ ചാരിയിട്ടേയുള്ളൂ. കേറിവാ കുട്ടാ..
ഇവളെന്താ പതിവില്ലാതെ ഇങ്ങനെ? എന്ന് ആത്മഗതം ചെയ്തുകൊണ്ട്  അയാള്‍ വാതില്‍ തുറന്ന് അകത്തുകയറി.
അവള്‍ പറഞ്ഞു: നോക്കെടാ എത്രനല്ല ചുണക്കുട്ടികള്‍! വാരിയെടുത്തുമ്മ വയ്ക്കാന്‍ തോന്നുന്നെനിക്ക്.
ബ്രോയിലര്‍ഫാമില്‍ വളര്‍ത്തി ചായംതേച്ചുവിട്ടതുപോലെ കുറേ കുട്ടികള്‍!
ഒരു നിമിഷം അയാളതു നോക്കിനിന്നു.
പാവം കുട്ടികള്‍! മുതിര്‍ന്നവരുടെ ഇഷ്ടമനുസരിച്ച്  വേഷംകെട്ടിച്ചു നിറുത്തിയിരിക്കുന്ന ആ  കുട്ടികളോട് അയാള്‍ക്ക് സഹതാപംതോന്നി.
വര്‍ഷങ്ങളോളം വലിച്ചുനീട്ടുന്ന കണ്ണീര്‍പരമ്പരകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന 'ക്രിട്ടിക്കല്‍ മൈന്‍ഡ്' എന്ന കൂട്ടായ്മയുടെ സാരഥിയാണയാള്‍. റിയാലിറ്റിഷോയെന്നു കേള്‍ക്കുന്നതേ അലര്‍ജിയാണ്. ഇവിടെ ശൈശവത്തിന്‍റെ  വേഷക്കാഴ്ചകള്‍ക്കുമുന്നില്‍ മനസ്സുടക്കിയിരിക്കുന്ന ഭാര്യയോട് അരുത് എന്നുപറയാന്‍ നാവനങ്ങുന്നില്ല.  കയ്യിലെടുത്ത് ലാളിക്കാന്‍ കിട്ടാത്ത കുരുന്നുകളെ കണ്ണില്‍ കോരിനിറയ്ക്കുന്ന പെണ്ണിനെ ആദര്‍ശങ്ങളും യുക്തികളും വിളമ്പി അലോസരപ്പെടുത്താനുമാവുന്നില്ല. പ്രതികൂലസാഹചര്യങ്ങളില്‍ തല ഉള്ളിലേക്കു വലിക്കുന്ന ആമയെപ്പോലെ അയാള്‍ അകത്തേക്കു വലിഞ്ഞു.

മത്സരത്തിന്‍റെ  കടമ്പകള്‍ ഓരോന്നായി കടന്ന്, ഒടുവില്‍ വിജയകിരീടം ചൂടുന്ന ബേബിയെ കാത്തിരിക്കുന്നത് ലക്ഷങ്ങളുള്‍പ്പെടെ എത്രയെത്ര സമ്മാനങ്ങള്‍! എല്ലാം സ്‌പോണ്‍സര്‍മാരായ കുത്തകക്കമ്പനികളുടെ വക. ഏതു കുട്ടിയാണു വിജയിക്കുക എന്നു പറയാനാവാത്തവിധം എല്ലാവരും ഒന്നിനൊന്നു മികച്ചവര്‍. കുഞ്ഞുമുഖങ്ങളില്‍ വിരിയുന്ന പുഞ്ചിരിക്ക് മാര്‍ക്കിടുന്ന കാര്യത്തില്‍ വിധികര്‍ത്താക്കള്‍ കുഴങ്ങിയതുതന്നെ. ഒരേപോലെ ക്യൂട്ടായ ഒത്തിരിയെണ്ണത്തില്‍നിന്ന് ഒന്നിനെ കണ്ടെത്തുക, 'ക്യൂട്ട് ബേബി' എന്നു പ്രഖ്യാപിക്കുക, വിജയാരവങ്ങളും ആര്‍ഭാടഘോഷങ്ങളും തിരതല്ലുന്ന വേദിയില്‍വച്ച് വിലപിടിപ്പുള്ള രത്‌നകിരീടം അതിന്‍റെ  തലയില്‍ വച്ചുകൊടുക്കുക. പിന്നെ എന്തായിരിക്കും കോലാഹലം! കാണാനും അഭിനന്ദിക്കാനും പൊങ്ങച്ചക്കാരുടെ തിരക്കായിരിക്കും. എല്ലാവരുടെയും മുന്നില്‍ അമ്മയച്ഛന്മാര്‍ ഗര്‍വ്വോടെ ശിരസ്സുയര്‍ത്തിപ്പിടിച്ച്, ചുണ്ടുപൂട്ടാതെ ചിരിച്ചുനില്‍ക്കും. മക്കള്‍  അഭിമാനമാകുന്ന ധന്യനിമിഷങ്ങള്‍! ഇങ്ങനെയുള്ള മക്കളെ കിട്ടുന്നവര്‍ എത്ര ഭാഗ്യശാലികള്‍. തന്നെപ്പോലുള്ള തരിശുകള്‍ അസൂയപ്പെട്ടിട്ടെന്തു കാര്യം?
പരസ്യങ്ങള്‍ക്കായുള്ള ഇടവേളകളിലാണ് ഇത്തരം കുശുമ്പന്‍ വിചാരങ്ങള്‍ അവളുടെ മനസ്സില്‍ നീറിപ്പടരുന്നത്. എപ്പിസോഡുകള്‍ കഴിയുന്തോറും അസൂയയും കുശുമ്പും കൂടിക്കൂടി വരികയാണ്.
ഷോ തുടങ്ങിയാല്‍ സുമേഷിന്‍റെ  സാന്നിദ്ധ്യം പോലും അവളറിയാറില്ല. സ്വയംമറന്ന്, പരിസരംമറന്ന് അതില്‍ത്തന്നെ ലയിച്ചിരിക്കും. ആ സമയത്താണ് സുമേഷ് തന്‍റെ  സ്വകാര്യമുറിയിലെ പേഴ്‌സണല്‍കമ്പ്യൂട്ടര്‍ തുറക്കുക. അതിന്‍റെ  ഉള്ളറയില്‍നിന്ന് ഒരു കുഞ്ഞുമിടുക്കി മിനുമിനെ സ്‌ക്രീനിലെത്തും. അവള്‍  കുഞ്ഞരിപ്പല്ലുകാട്ടിച്ചിരിക്കും. പാല്‍മണംമാറാത്ത വായ്തുറന്ന് നഴ്‌സറിപ്പാട്ടു പാടും. പാട്ടിന്‍റെ  താളത്തിനൊത്ത് പിഞ്ചുകാലിളക്കി നൃത്തംചവിട്ടും. നൃത്തത്തിനൊത്ത് കാല്‍ത്തളകള്‍ തുള്ളിച്ചിരിക്കും.
അവളുടെ കുഞ്ഞുമുഖം സൂംചെയ്തും ഫുള്‍സ്‌ക്രീനിലിട്ടും കണ്ടാസ്വദിക്കുന്ന വേളയില്‍  അയാള്‍  അച്ഛനാകും. ശൈശവനൈര്‍മ്മല്യം നിറഞ്ഞാടുന്ന സ്‌ക്രീനിലേക്ക് പിതൃവാത്സല്യം അണപൊട്ടിയൊഴുകും. ഒടുവില്‍ അവള്‍ക്കു ശുഭരാത്രിനേര്‍ന്ന് വീഡിയോഫയലിലേക്ക് മടക്കിയയച്ച് കിടപ്പറയിലേക്കുപോകും.
അപ്പോഴും നീരജ ലാപ്‌സ്‌ക്രീനില്‍ കണ്ണുനട്ടിരിപ്പായിരിക്കും. ഓരോ എപ്പിസോഡും ആവര്‍ത്തനവിരസതയില്ലാതെ വീണ്ടുംവീണ്ടും സ്‌ക്രീനില്‍ തെളിഞ്ഞുകൊണ്ടേയിരിക്കും. രാത്രിയുടെ ഇരുട്ടിലും റാമ്പില്‍ നടന്ന പിഞ്ചോമനകള്‍ അവളുടെ മനസ്സില്‍ നടന്നുകൊണ്ടേയിരിക്കും. എത്രയെത്ര കുഞ്ഞുങ്ങള്‍! ഒരാള്‍പോലും ഓടിവന്ന് മടിയിലിരുന്നില്ല. കുഞ്ഞിക്കൈകള്‍ കഴുത്തില്‍ച്ചുറ്റി കൊഞ്ചിക്കുഴഞ്ഞില്ല, കവിളത്ത് ചക്കരമുത്തംവച്ച് അമ്മേ എന്നു വിളിച്ചില്ല. എങ്കിലും നെഞ്ചിലെ അര്‍ദ്ധഗോളങ്ങള്‍ സ്‌നേഹാമൃതം ചുരത്താന്‍ വെമ്പിത്തുടിച്ചു.
ബേബിഷോ കാണാന്‍ തുടങ്ങിയതുമുതല്‍ വിവരസാങ്കേതികതയുടെ മത്സരലോകത്തോട് അവള്‍ക്ക് മടുപ്പുതോന്നി. ഒരിടവേളയ്ക്കായി അവളാഗ്രഹിച്ചു. മനസ്സില്‍ മറ്റൊരു മോഹം  മുളച്ചിരിക്കുന്നു; സ്വന്തമായൊരു കുഞ്ഞിനെ ഇതേപോലെ അണിയിച്ചൊരുക്കി റാമ്പിലിറക്കണം. പൊങ്ങച്ചക്കാരികളായ അമ്മമാര്‍ക്കിടയില്‍ അഭിമാനത്തോടെ ശിരസ്സുയര്‍ത്തിനിന്ന് ഞാനാണീ കൊച്ചുമിടുക്കിയുടെ അമ്മ എന്ന്  ആരും കേള്‍ക്കാതെ പറയണം.
ഉള്ളില്‍ വളരുന്ന മോഹത്തെപ്പറ്റി ആരോടും പറഞ്ഞില്ല . സുമേഷിനോടു പറഞ്ഞാല്‍ പരിഹസിക്കുമെന്നുറപ്പാണ്. അല്ലെങ്കില്‍ത്തന്നെ കളിയാക്കലിനു കുറവൊന്നുമില്ല. ക്യൂട്ട്‌ബേബിഷോ വെളുത്തകുട്ടികള്‍ക്ക് മാത്രമുള്ളതാണോടീ? കറുത്തകുട്ടികള്‍ക്കുവേണ്ടി നമുക്കൊരു 'ബ്ലാക്ക്‌ബേബിഷോ സംഘടിപ്പിച്ചാലെന്താ? ഇത്തരം കഴമ്പുള്ള പരിഹാസങ്ങള്‍ സഹിക്കാം. ചില നേരത്തൊരു സ്വയംപരിഹാസമുണ്ട്. അതാണു സഹിക്കാനാവാത്തത്: ''കറുത്തതും വെളുത്തതും ഒന്നുമില്ലാത്തവര്‍ക്ക് കുറ്റംപറയാന്‍ എന്തവകാശം? അല്ലേടീ?'
നിരാശയുടെ നനവുള്ള പരിഹാസങ്ങള്‍ക്ക് അവള്‍ മറുപടി പറയാറില്ല.
അവളുടെ മോഹം വളരുകയാണ്. ദിവസങ്ങള്‍ കഴിയുന്തോറും അതങ്ങനെ ചിറകുവച്ച് വളരുകയാണ്. വളന്നുവളര്‍ന്ന് മനസ്സില്‍ ഒതുങ്ങാതായിരിക്കുന്നു.
ഇരുട്ടില്‍ മുഖംപൂഴ്ത്തി അവള്‍ ഭര്‍ത്താവിനോടു ചോദിച്ചു:
കുട്ടികളില്ലാത്തത് വലിയൊരു കുറവുതന്നെ. അല്ലേ സുമേഷ്?

അവളുടെ ഉള്‍ച്ചൂടാര്‍ന്ന വാക്കുകള്‍ അയാളുടെ നിദ്രയറ്റചിന്തകളില്‍ വീണുപൊള്ളി. അനപത്യദുഃഖത്തിന്‍റെ  ആഴങ്ങളിലേക്ക് ആണ്ടിറങ്ങാന്‍ അനുവദിക്കാതെ അയാള്‍ അവളെ കൈകള്‍കൊണ്ടു പൊതിഞ്ഞുപിടിച്ചു.
നീരാ, രാത്രിക്ക് ഇത്രയേറെ ഇരുട്ടെന്തിനാണ്? പകലിന്‍റെ  ദുഃഖങ്ങള്‍ മറന്ന് നമ്മുടേതായ കൊച്ചുലോകത്തില്‍ ഇത്തിരിനേരം ഒളിച്ചിരിക്കാനല്ലേ?
മനസ്സിന്‍റെ   കണ്ണുകളെ മറയ്ക്കാന്‍ രാത്രിയുടെ ഇരുട്ടിനു കഴിയുമോ?
മറുചോദ്യം അയാളെ ദേഷ്യംപിടിപ്പിച്ചു. ആവശ്യമില്ലാത്തതൊക്കെ കുത്തിയിരുന്ന് കണ്ടോളും. എന്നിട്ടോ, മനസ്സീന്നു മായുന്നില്ലാന്നു പരിദേവനംപറച്ചിലും. എന്‍റെ  നീരാ, കുട്ടികളില്ലാത്ത എത്രയോപേര്‍ സന്തോഷമായി ജീവിക്കുന്നു. നിനക്കുമാത്രമെന്താ? ഒന്നുമില്ലേലും നീയൊരു ടെക്കിയല്ലേ, പ്രോജക്ടസൈന്‍മെന്റുകളുമായി പറന്നുനടക്കുന്ന ടെക്കി?

 ടെക്കികള്‍ അച്ചില്‍വാര്‍ത്ത പ്രതിമകളാണെന്നാണോ നിന്‍റെ  വിചാരം? അവര്‍ക്ക് അവരുടേതായ മോഹങ്ങളില്ലേ?
അയാളുടെ കൈകളില്‍നിന്ന് കുതറിമാറിക്കിടന്നുകൊണ്ട് അവള്‍ പറഞ്ഞു: എനിക്കൊരു കുട്ടിവേണം, റാമ്പില്‍ കണ്ടതുപോലൊരു ക്യൂട്ട് ബേബി.
നമുക്ക് അമ്മത്തൊട്ടിലില്‍നിന്ന് ഒരെണ്ണത്തെ അടിച്ചുമാറ്റാം. എന്താ പോരേ?

ഭര്‍ത്താവിന്‍റെ  പരിഹാസം അവളെ ആഴമുളെളാരു മൗനത്തിലേക്ക്  വലിച്ചെറിഞ്ഞു. ആ മൗനത്തിന്‍റെ  ആഴങ്ങളില്‍ക്കിടന്ന് അവള്‍ ഹൃദയംനൊന്തു കരഞ്ഞു. നോവറിയാത്ത ഉദരപ്രദേശം പരിഹാസത്തിന്‍റെ  കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. സ്‌നേഹവാനായ ഭര്‍ത്താവിന്‍റെ  വാക്കുകള്‍പോലും അറിയാതെ ചെന്നുകുത്തുന്നത് അവിടെത്തന്നെ.
സുമേഷിന്‍റെ  ചിന്തകള്‍ സ്വന്തംഹൃദയത്തിന്‍റെ  അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നു. അവിടെ ഡോക്ടര്‍ ശിവപ്രസാദിന്‍റെ  തീര്‍പ്പായ വാക്കുകള്‍ ചുട്ടുപഴുത്തു കിടപ്പുണ്ട്;  അവളോടു പറയണമെന്ന് പലവട്ടം വിചാരിച്ചിട്ടും നാവില്‍നിന്നു പുറത്തേക്കുവരാന്‍ മടിച്ചുനില്ക്കുന്ന വാക്കുകള്‍. ആ വാക്കുകള്‍ വെളിപ്പെടുത്തുന്ന സത്യങ്ങളോട് അവള്‍ എങ്ങനെയാവും പ്രതികരിക്കുക? പ്രതീക്ഷകള്‍  അസ്തമിക്കുമ്പോള്‍ അവളൊരു വിഷാദരോഗിയായി മാറിയാലോ? വേണ്ട. അവള്‍ അതൊന്നും അറിയണ്ട. എല്ലാം തന്‍റെ  നെഞ്ചില്‍ത്തന്നെ കിടന്നു നീറട്ടെ, നീറിനീറിത്തണുക്കട്ടെ. നുറുങ്ങുപ്രതീക്ഷയെങ്കിലും അവളുടെ മനസ്സില്‍ ബാക്കിനില്‍ക്കട്ടെ.

മൗനം മടുത്തപ്പോള്‍ ഇരുകൈകൊണ്ടും അയാളെ പിടിച്ചുലച്ചുകൊണ്ട് അവള്‍ ചോദിച്ചു: എന്‍റെ  സങ്കടം നിനക്കു മനസ്സിലാവുന്നില്ല, അല്ലേടാ?  നിന്നോടല്ലാതെ മറ്റാരോടാ ഞാനിതൊക്കെ പറയുക?
നീരാ, രാത്രികള്‍ സ്വപ്നംകാണാനുള്ളതാണു മോളേ. ദുഃഖങ്ങളെ പുറത്തുനിറുത്തിയിട്ടുവേണം കിടപ്പറയിലേക്കു കടക്കാന്‍.
അതെയതെ. നിന്‍റെ  മനസ്സില്‍ ആഫീസും ഫേസ്ബുക്കുമൊക്കെയല്ലേയുള്ളൂ. അതൊക്കെ പുറത്തുവച്ചിട്ടുവരുന്നതു തന്നെയാണു നല്ലത്.
നിനക്കിപ്പഴെന്താ വേണ്ടത്? അവളെ ചുറ്റിപ്പിടിച്ചുകൊണ്ട്  അയാള്‍ ചോദിച്ചു.
എനിക്കു നിന്‍റെ  കുഞ്ഞിനെ പ്രസവിക്കണം. പാലൂട്ടി വളര്‍ത്തണം. മറ്റൊന്നും വേണ്ടെനിക്ക്. തല്‍ക്കാലം ജോലിയില്‍നിന്നും വിട്ടുനില്‍ക്കാന്‍ പോലും ഞാനൊരുക്കമാണ്. ചികിത്സതേടി എവിടെവേണമെങ്കിലും പോകാം നമുക്ക്.

അവളുടെ വാക്കുകളിലെ ദൃഢത അയാളെ തളര്‍ത്തി. ഡോക്ടറുടെ വാക്കുകള്‍ നാവിന്‍തുമ്പോളമെത്തി. അവളെ ചുറ്റിവരിഞ്ഞിരുന്ന കൈകള്‍ അയഞ്ഞു.
മോളേ, ഡോക്ടര്‍ ശിവപ്രസാദ് എന്താ പറഞ്ഞതെന്നറിയാമോ നിനക്ക്?
എന്താ പറഞ്ഞത്?
നമുക്ക് കുട്ടികളുണ്ടാവില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. ഇനി ചികിത്സിച്ചിട്ട് കാര്യമില്ല മോളേ.
അയാള്‍ക്കൊരു ചുക്കുമറിയില്ല. നമുക്ക് മറ്റാരെയെങ്കിലും കാണാം. അധികം താമസിയാതെ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞു ജനിക്കുമെന്ന് കുടുംബജ്യോത്സ്യരുടെ പ്രവചനമുണ്ടായി. അമ്മയും ശങ്കരമാമയുമൊക്കെ വലിയ പ്രതീക്ഷയിലാണ്.
ജ്യോത്സ്യന്മാര്‍ അങ്ങനെ പലതും പറയും നിന്റമ്മയെപ്പോലുള്ളവരെ പ്രീതിപ്പെടുത്താന്‍. ചിലപ്പോള്‍ അതൊക്കെ സത്യമായെന്നും വരും. അത് അവരുടെ മിടുക്കുകൊണ്ടല്ല. അവര്‍ പ്രവചിച്ചാലും ഇല്ലെങ്കിലും അതൊക്കെ അങ്ങനെതന്നെ സംഭവിച്ചിരിക്കും. ഇത്രയും മോഡേണായ നീയും ഈ പൊട്ടജ്യോത്സ്യന്മാരെ വിശ്വസിക്കുന്നല്ലൊ നീരാ! കഷ്ടം!

പ്രതീക്ഷ കൈവിട്ടാല്‍ ഏതു കച്ചിത്തുരുമ്പിലും കയറിപ്പിടിച്ചുപോകും. അതാണു മനുഷ്യമനസ്. അതുപോട്ടെ. നമുക്കാ വിഷയംപറഞ്ഞു വഴക്കിടണ്ട. നിന്‍റെയൊരു സുഹൃത്തില്ലേ ഡോക്ടര്‍ സിദ്ധാര്‍ത്ഥ്? അദ്ദേഹം ബഹുമിടുക്കനാന്നാ കേള്‍ക്കുന്നത്. നമുക്കൊന്നു പോയിക്കണ്ടാലോ?
ഓഹ്, ഇനിയുമെന്തിനാ നീരാ വെറുതേ......?
കാശിന്‍റെ  കാര്യമോര്‍ത്താണെങ്കില്‍ നീ വിഷമിക്കണ്ട. നമുക്ക് ലോക്കറിലിരിക്കുന്ന സ്വര്‍ണ്ണമെടുത്തു വില്‍ക്കാം.
അവളുടെ പിടിവാശിക്കുമുന്നില്‍ അയാള്‍ നിശ്ശബ്ദനായി.
രാത്രിമഴയുടെ തണുപ്പില്‍ റാമ്പിലെ കുട്ടികളെ ഹൃദയത്തിന്‍റെ  ചൂടിലുറക്കി അവള്‍ ഭര്‍ത്താവിനോടു പറ്റിച്ചേര്‍ന്നുകിടന്നു. സ്വന്തം കുഞ്ഞിനെയെന്നപോലെ അയാള്‍ അവളെ തഴുകിയുറക്കി.

അവളുറങ്ങിയിട്ടും  ഡോക്ടര്‍ ശിവപ്രസാദിന്‍റെ  വാക്കുകള്‍ അയാളെ  ഉറങ്ങാന്‍ അനുവദിച്ചില്ല. 'സോറി മിസ്റ്റര്‍ സുമേഷ് നിങ്ങള്‍ക്കു തകരാറൊന്നുമില്ല. പ്രശ്‌നം ഭാര്യയ്ക്കാണ്. അതിനു ചികിത്സയില്ല. കുട്ടിവേണമെന്നു നിര്‍ബന്ധമാണെങ്കില്‍ ശിശുക്ഷേമസമിതിയില്‍നിന്നോ മറ്റോ നിയമപ്രകാരം ഒരെണ്ണത്തെ ദത്തെടുക്കുക. അതായിരിക്കും എളുപ്പമാര്‍ഗ്ഗം.'

ദത്തെടുക്കുന്ന കാര്യം പറയുന്നതേ അവള്‍ക്കിഷ്ടമില്ല.
 'സുമേഷ്, എന്‍റെയും നിന്‍റെയും ചോരയില്‍ പിറന്ന കുഞ്ഞ്, അതാണെനിക്കു വേണ്ടത്. മറ്റാരുടെയെങ്കിലും കുട്ടിയെ ദത്തെടുത്തു വളര്‍ത്താന്‍ എനിക്കാവില്ല.'
ചികിത്സിച്ചുമാറ്റാന്‍ പറ്റാത്ത തകരാറാണ് തന്‍റെ  ഗര്‍ഭപാത്രത്തിനുള്ളതെന്ന് അവള്‍ വിശ്വസിക്കുന്നില്ല. എന്നെങ്കിലും താനൊരമ്മയാവും എന്നുതെന്നയാണ് അവളുടെ പ്രതീക്ഷ. ആ പ്രതീക്ഷ  അസ്ഥാനത്താണെന്ന് അവളുടെ മുഖത്തുനോക്കിപ്പറയാന്‍ തനിക്കെന്നല്ല, ഡോക്ടര്‍ക്കുപോലും പ്രയാസമുണ്ട്. ഇനിയും പറയാതിരിക്കുന്നതു ശരിയല്ല. എത്രയും നേരത്തേ അവളതു മനസ്സിലാക്കണം. അല്ലെങ്കില്‍ ചികിത്സ തുടരാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും. ഒരിക്കലും തനിക്കൊരു കുട്ടിയുണ്ടാവില്ലെന്നു ബോധ്യമായാല്‍ ദത്തെടുക്കാന്‍ സമ്മതിച്ചെന്നുംവരാം. വീടായാല്‍ ഒച്ചയും ബഹളവുമൊക്കെ വേണ്ടേ?  കുട്ടികളില്ലാത്ത വീടും തന്ത്രികളില്ലാത്ത വീണയും ഒരുപോലെയാണെന്നു പറഞ്ഞതാരാണ്? അനപത്യദുഃഖം പേറിനടന്ന ഏതോ സംഗീതജ്ഞനാവാം. കുഞ്ഞുങ്ങളുടെ കൊഞ്ചുംമൊഴികളും വീണക്കമ്പികള്‍ മീട്ടുന്ന മധുരസംഗീതവും ഒരുപോലെയാണെന്നു പറയാന്‍ ഒരു സംഗീതജ്ഞനല്ലാതെ മറ്റാര്‍ക്കാ കഴിയുക?
എല്ലാ പൊരുത്തങ്ങളും ഒത്തുവന്ന ജാതകത്തില്‍ സന്താനദോഷം കടന്നുകൂടിയതെപ്പോഴാണ്? അതോ, സന്താനപ്പൊരുത്തം നോക്കാന്‍ മറന്നുപോയതോ? അതിനുത്തരം പറയേണ്ടത് അവളുടെ ശങ്കരമാമയാണ്. സര്‍ക്കാരുദ്യോഗസ്ഥനുമായി അനന്തിരവള്‍ക്കു വിവാഹപ്പൊരുത്തമുണ്ടാക്കാന്‍ കമ്പ്യൂട്ടര്‍ജാതകം കുറിപ്പിച്ച ശങ്കരമാമ. വിവാഹത്തിന്‍റെ  പ്രഥമവും പ്രധാനവുമായ ആവശ്യം തലമുറയെ വാര്‍ത്തെടുക്കലാവുമ്പോള്‍ പെണ്ണിനും ചെറുക്കനും പ്രത്യുല്‍പ്പാദനശേഷിയുേണ്ടാ എന്നല്ലേ ആദ്യം നോക്കേണ്ടത്? താന്‍പോലും അതു മറന്നുപോയി!

No comments:

Post a Comment