Thursday, 23 March 2017

വന്ധ്യവസുന്ധര (കവിത)


ദൈവത്തിന്‍ സ്വന്തം നാടെന്നു പേര്‍പെറ്റ
കേരള ഭൂവിനും കഷ്ടകാലം !
കാലവര്‍ഷാദി ഋതു വിലാസങ്ങളും 
താളം പിഴയ്ക്കുന്നിതെന്തു കാലം ?

വറ്റിവരളുന്നു തോടും കുളങ്ങളും 
പറ്റെനികത്തുന്നു പാടങ്ങളും.
എങ്ങും സിമന്റു വനങ്ങള്‍ തെഴുക്കുന്നു 
വന്ധ്യയാമൂഴിതന്‍ നൊമ്പരവും.

ദുഃഖം തളിര്‍ക്കും പ്രളയക്കെടുതിക -
ളസ്ഥിയുരുക്കും വെയില്‍ക്കൊടുമ .
ഇത്തിരിക്കഞ്ഞിക്കു നട്ടംതിരിയുമ്പോ -
ളെത്തീടുമോരാ ദുരന്തജാലം . 

അന്തിച്ചു നില്‍ക്കുകയാണ് മണ്‍കോലങ്ങ -
ളെന്തുള്ളു പ്രാണനതൊന്നുമാത്രം.
ഉള്ളിന്‍റെയുള്ളതില്‍ കാതുവച്ചീടുവാ -
നില്ലോരരുമ ക്കിനാവുപോലും.


ഇറ്റുജലത്തിനായ്   നാട്ടിലെ പെണ്ണുങ്ങള്‍
ചുറ്റിനടപ്പൂ കു ടങ്ങളുമായ്
ഇന്ന് പരദേശപാത്രങ്ങ ളില്‍ നിത്യ-
ബന്ധിതയിക്കുടിനീരുപോലും 

മാനവ സംസ്കൃതിയൂട്ടി വളര്‍ത്തിയോ-
രീജല സ്രോതസ്സുതീരുകയോ?
ദാഹനീരിത്തിരി നേടുവാനായുള്ള
പോരാട്ട നാളുകള്‍ ദൂരെയല്ല .

അമ്മയാം ഭൂമിതന്‍ ദാഹങ്ങള്‍ തീര്‍ക്കുവാന്‍ 
ജൈവ വൈവിധ്യം പുലര്‍ന്നീടുവാന്‍
കാടുകള്‍ മേടുകള്‍ കാത്തു പുലര്‍ത്തണം 
ജീവ ജലത്തിന്നുറവകളും.

മണ്ണിനും മര്‍ത്യനുമാകാശമേകുന്ന 
മേഘനീര്‍ത്തുള്ളികളെത്ര ശുദ്ധം.
മാരിനീര്‍ക്കൊയ്ത്തോ വനവല്‍ക്കരണമോ
മാഴ്കാതെയൊന്നിച്ചു കൈകോര്‍ക്ക നാം.

അല്ലായ്കിലീനാട് വന്‍മരുവായിടും 
പച്ചിമ കേവല സ്വപ്നമാകും.
നാളത്തെ മര്‍ത്യത നമ്മെ പഴിച്ചിടും
ഭൂമിക്കു വന്ധ്യത ചേര്‍ത്തവരായ്.

No comments:

Post a Comment