ഒരേ ശൈലിയില്‍ പണിത വീടുകളുടെയും പീടികകളുടെയും ചുവരുകളില്‍ വ്യാളിയുടെയും പൂക്കളുടെയും വര്‍ണ്ണചിത്രങ്ങള്‍. പരമ്പരാഗതവേഷമണിഞ്ഞ, സൗമ്യപ്രകൃതികളായ മനുഷ്യര്‍. ഉറുമ്പിനെപ്പോലും നോവിക്കാതെ മെല്ലെമെല്ലെ നടന്നുനീങ്ങുകയാണവര്‍. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു സ്വപ്നഭൂമി തന്നെ!
ജനാധിപത്യ റിപ്പബ്‌ളിക്കുകളായ ഇന്ത്യക്കും ചൈനക്കുമിടയിലാണ് ഈ ചെറുരാജ്യത്തിന്‍റെ സ്ഥാനം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ പണ്ടുകാലത്ത് ചൈനയേയും ഇന്ത്യയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന സില്‍ക്കുറൂട്ടിലാണ് ഭൂട്ടാന്‍. അരുണാചല്‍ പ്രദേശ്, ആസ്സാം, പശ്ചിമബംഗാള്‍, സിക്കിം എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. ഉയര്‍ന്ന പ്രദേശം എന്നര്‍ത്ഥമുള്ള 'ഭൂ-ഉത്താന്‍' എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് ഭൂട്ടാന്‍ എന്ന വാക്കിന്‍റെ ഉല്‍പത്തി. ഹിമാലയന്‍ മലനിരകളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഭൂട്ടാന്‍റെ ആകെ വിസ്തൃതി 38,863 ചതുരശ്ര കിലോമീറ്റര്‍. ജനസംഖ്യ ഏഴരലക്ഷത്തില്‍ താഴെയും. ലോകത്തിലെ ഏക ബൂദ്ധിസ്റ്റ് രാജ്യമായ ഭൂട്ടാനിലെ ഭരണത്തലവന്‍ 'ഡ്രുക് ഗ്യാല്‍പോ' എന്ന് സ്ഥാനപ്പേരുള്ള രാജാവാണ്. ആത്മീയതയില്‍ അധിഷ്ഠിതമായ വിശ്വാസസംഹിതകളില്‍നിന്നും ഉരുത്തിരിഞ്ഞ പ്രാചീനസംസ്‌കാരത്തിന്‍റെയും പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളുടെയും വിചിത്രഭൂമികയാണ് ഹിമാലയത്തിലെ താപസരാജ്യം എന്നറിയപ്പെടുന്ന ഭൂട്ടാന്‍. ഒട്ടേറെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് ഇവിടത്തെ വിനോദസഞ്ചാരമേഖല. എല്ലാ വിദേശികള്‍ക്കും സഞ്ചാരാനുമതി നല്‍കുകയില്ല. എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ഭൂട്ടാന്‍ സന്ദര്‍ശിക്കാം. തിരിച്ചറിയല്‍ രേഖ ഹാജരാക്കി, എമിഗ്രേഷന്‍ ഓഫീസില്‍നിന്ന് അനുമതിപത്രം വാങ്ങിയാല്‍ മതി.
അതിര്‍ത്തികവാടത്തില്‍നിന്നും അല്‍പം അകലെയുള്ള പാര്‍ക്ക് ഹോട്ടലിലായിരുന്നു താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. കുളിച്ചുഫ്രഷായതിനുശേഷം യാത്രാപെര്‍മിറ്റ് ശരിയാക്കുന്നതിനായി എമിഗ്രേഷന്‍ ഓഫീസിലേക്കു പോകാനായിരുന്നു പ്ലാന്‍. എന്നാല്‍, ഭൂട്ടാനിലെ രാജാവായ ജിഗ്‌മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കിന് അനന്തരാവകാശിയായി ഒരാണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നുവെന്നും അതിന്‍റെ സന്തോഷം കൊണ്ടാടുന്നതിനായി രാജ്യത്ത് മൂന്നുദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതു കഴിഞ്ഞേ എമിഗ്രേഷന്‍ ആഫീസ് തുറക്കുകയുള്ളു എന്നുമുള്ള വാര്‍ത്തയാണ് ഞങ്ങളെ എതിരേറ്റത്. ഹോട്ടലിന്‍റെ റിസപ്ഷനിലേക്കു കയറിയപ്പോള്‍ത്തന്നെ എല്ലാവരുടെയും കണ്ണുകളുടക്കിയത് വരുന്നവരെ എതിരേല്‍ക്കാനെന്നപോലെ പുഞ്ചിരിച്ചുകൊണ്ടുനില്‍ക്കുന്ന രാജദമ്പതികളുടെ ചിത്രത്തിലായിരുന്നു.
യാത്രാപരിപാടിയിലുണ്ടായ തടസ്സം ഞങ്ങളെ തെല്ല് നിരാശരാക്കിയെങ്കിലും വിലപ്പെട്ട സമയം ഏറ്റവും പ്രയോജനകരമായിത്തന്നെ വിനിയോഗിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഉച്ചയ്ക്കുശേഷം അതിര്‍ത്തിജില്ലയായ ഫുണ്‍ഷോലിംഗില്‍ പെര്‍മിറ്റുകൂടാതെ പോകാവുന്നത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, പിറ്റേന്നു വെളുപ്പിന് ഡാര്‍ജിലിംഗിലേക്കു പോവുക, രണ്ടുദിവസം അവിടെ ചെലവഴിച്ചിട്ട് പത്താംതീയതി രാത്രിയോടെ ഫ്യുണ്‍ഷോലിംഗില്‍ തിരിച്ചെത്തുക.
ഭൂട്ടാന്‍റെ ദേശീയഭക്ഷണമായ ചോറും എമാദട്ഷി എന്ന കറിയും ആയിരുന്നു ഉച്ചഭക്ഷണം. മുളക് വെള്ളമൊഴിച്ച് വേവിച്ച് അതില്‍ വെണ്ണക്കട്ടി മുറിച്ചിടും . വെണ്ണ ഉരുകിച്ചേര്‍ന്ന് വെളുത്ത നിറമാവും കറി. കണ്ടാല്‍ നമ്മള്‍ തേങ്ങാപ്പാല് ചേര്‍ത്തുണ്ടാക്കുന്ന സ്റ്റൂ പോലിരിക്കും . ഭംഗിയായി ചിട്ടപ്പെടുത്തിയ ഡൈനിംഗ് ഹാളിന്‍റെ ഒരുഭാഗത്ത് ബെവറേജസ് വില്‍ക്കുന്ന ഒരു കൗണ്ടറുമുണ്ടായിരുന്നു. മദ്യം വേണ്ടവര്‍ക്ക് വാങ്ങി അവിടിരുന്നുതന്നെ കഴിക്കാം. ഭക്ഷണം അവരവര്‍ക്ക് ആവശ്യാനുസരണം വിളമ്പിക്കഴിക്കാം.
ദേശീയവസ്ത്രമണിഞ്ഞ ഫുണ്‍ഷോയുടെയും ഋഷിയുടെയും പ്രസാദമധുരമായ സാന്നിദ്ധ്യം വിഭവങ്ങളുടെ സ്വാദ് വര്‍ദ്ധിപ്പിച്ചു. മയില്‍പീലിയുടെ നിറമുള്ള 'കിര'യണിഞ്ഞ ഫുന്‍ഷോ സൗമ്യവതിയായ ഒരു ഭൂട്ടാനീസ് സുന്ദരി തന്നെ.
തിംഫുക്കാരനായ ഋഷി ജോലിക്കായി ഫുന്‍ഷോലിംഗില്‍ വന്നുതാമസിക്കുന്ന ചുറുചുറുക്കുള്ളൊരു ചെറുപ്പക്കാരനും. സഞ്ചാരികളോട് അടുത്തിടപഴകാന്‍ മടിയില്ലാത്തവരാണ് നിഷ്‌കപടരായ ഭൂട്ടാനികള്‍. ഞങ്ങളോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും അവര്‍ക്ക് സന്തോഷമായിരുന്നു.
ആ നാടിന്‍റെ വസ്ത്രധാരണരീതികളെപ്പറ്റി ഞാന്‍ അവരോട് ചോദിച്ചറിഞ്ഞു. പുരുഷന്മാര്‍ക്ക് 'ഘോ'യും സ്ത്രീകള്‍ക്ക് 'കിര'യും ആണ് ഭൂട്ടാനിലെ അംഗീകൃതവേഷം. അയഞ്ഞ വെള്ള കഫ് വച്ചുപിടിപ്പിച്ച ഒറ്റത്തുണി വസ്ത്രമാണ് ഘോ. കാഴ്ചയ്ക്ക് കിമോണപോലെ തോന്നിക്കും. കോണോടുകോണ്‍ വലിച്ച് മുട്ടോളം ഇറക്കി, അരയില്‍ ബല്‍റ്റുകൊണ്ട് ബന്ധിച്ചിരിക്കയാല്‍ ആഴമുള്ളൊരു കീശയുമുണ്ടാവും. അത്യാവശ്യത്തിനുള്ള പണമോ കടലാസ്സുകളോ, സ്‌നാക്‌സോ, ഡോമപ്പെട്ടിയോ അങ്ങനെയെന്തും പോക്കറ്റിലെന്നപോലെ ഇതില്‍ കൊണ്ടുനടക്കാം. വെറ്റിലയും പാക്കും ചുണ്ണാമ്പുതേച്ചു പൊതിഞ്ഞു സൂക്ഷിക്കുന്ന ചെറിയ പെട്ടിയാണ് ഡോമപ്പെട്ടി. മുറുക്കാന്‍ ചവയ്ക്കുന്നത് ഭൂട്ടാനികളുടെ ശീലമാണ്. ഒരു സിങ്കിള്‍ ബെഡ്ഷീറ്റിനോളം നീളവും വീതിയുമുള്ള തുണി പുറമേ അയച്ചുചുറ്റി, തോളില്‍ കോമ (വെള്ളിക്കുടുക്കുകള്‍) കൊണ്ടും അരയില്‍ കെയ്‌റ (ഇറുക്കമുള്ള ബല്‍റ്റു) കൊണ്ടും ബന്ധിക്കുന്നതാണ് സ്ത്രീകളുടെ വസ്ത്രമായ 'കിര'. ഇതിനടിയില്‍ ധരിക്കുന്ന നീളന്‍ കൈകളുള്ള ബ്ലൗസിന് വോഞ്ജു എന്നും പുറമേ ധരിക്കുന്ന ജാക്കറ്റിന് ട്യോകോ എന്നും പറയും.
അടുത്തകാലംവരെ സ്ത്രീകള്‍ മാത്രം അനുവര്‍ത്തിച്ചിരുന്ന ഒരു കലയാണ് തുണിനെയ്ത്ത്. മറ്റുജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ വിശ്രമവേളകള്‍ തുണിനെയ്ത്തിനായി വിനിയോഗിക്കുന്നു. നല്ലൊരു കിര നെയ്യുന്നതിന് ഏകദേശം ഒരുകൊല്ലത്തോളം വേണ്ടിവരുമത്രെ. അപൂര്‍വ്വമായെങ്കിലും പുരുഷന്മാരും ഇപ്പോള്‍ തുണിനെയ്ത്ത് ശീലമാക്കിവരുന്നു. സ്ത്രീകള്‍ പൊതുവേ മുടി ക്രോപ്പുചെയ്യുന്നതാണു പതിവ്. ഭൂട്ടാനില്‍ മുടി നീട്ടി വളര്‍ത്തുന്നതിന് വിലക്കുണ്ടത്രേ! എന്നാല്‍, നഗരങ്ങളിലിപ്പോള്‍ മുടി നീട്ടിവളര്‍ത്തുന്ന പരിഷ്‌കാരികളായ ചെറുപ്പക്കാരികളെയും കാണാം.
ജാലകത്തിലൂടെയുള്ള കൗതുകകരമായ പുറംകാഴ്ചകളില്‍ മുഴുകി വളരെനേരം ഞാന്‍ ഡൈനിംഗ്ഹാളില്‍ത്തന്നെ ഇരുന്നു. ഹോട്ടലിനോടുചേര്‍ന്നുള്ള റോഡിലൂടെ നടന്നുപോകുന്ന സഞ്ചാരികളുടെ രൂപഭാവങ്ങളും വേഷവൈവിധ്യങ്ങളും കണ്ടിരിക്കുക രസകരം തന്നെ. റോഡിനപ്പുറത്തായി ബുദ്ധന്മാരുടെ ഒരാരാധനാലയമുണ്ട്. വന്‍ തിരക്കാണവിടെ. ക്ഷേത്രത്തിനുചുറ്റും കാറ്റില്‍പാറുന്ന ദര്‍ശിങ്ങുകള്‍. ഉള്ളില്‍ പ്രഭചൊരിയുന്ന നെയ്‌വിളക്കുകള്‍, മുഖപ്പിലും മുറ്റത്തും സ്വച്ഛമായി വിഹരിക്കുന്ന പ്രാവിന്‍കൂട്ടം. തടിച്ചുകൊഴുത്തൊരു ശ്വാനന്‍ മുറ്റത്ത് ചുരുണ്ടുകിടന്നുറങ്ങുന്നു.
പരിസരത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന പടുകൂറ്റന്‍ അരയാലിന്‍റെ ചുവട്ടില്‍ വിഷാദമൂകനായി തലകുമ്പിട്ടിരിക്കുന്ന മദ്ധ്യവയസ്‌കന്‍. 'സന്തുഷ്ടരുടെ നാട്ടി'ലെത്തിയ ആദ്യദിവസംതന്നെ ഒരു ദുഃഖിതനെയും കാണാനായി എന്നത് കൗതുകകരമായ വസ്തുതയായിരുന്നു. ആത്മീയതയുടെയും അന്ധവിശ്വാസങ്ങളുടെയും മാന്ത്രിക കവചത്തിനുള്ളില്‍ മയങ്ങിക്കിടക്കുന്ന നിഗൂഢസുന്ദര ദേശത്തെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണാന്‍ എനിക്ക് പ്രേരണയായത് അപ്രതീക്ഷിതമായ ആ കാഴ്ചയാണ്.
വെയിലാറിയപ്പോള്‍ തണുപ്പിന് കരുത്തേറിത്തുടങ്ങി. സ്വറ്ററും കമ്പിളിത്തൊപ്പിയുമണിഞ്ഞ് പുറത്തേക്കിറങ്ങി. ഹോട്ടല്‍ജാലകത്തിലൂടെ കണ്ട ആരാധനാലയത്തിലേക്കാണ് ആദ്യം പോയത്.
പരമ്പരാഗതമായ ഭൂട്ടാനീസ് വാസ്തുകലയുടെ വശ്യസൗന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്തതും അധികം പഴക്കമില്ലാത്തതുമായ ഒരു കോണ്‍ക്രീറ്റുനിര്‍മ്മിതിയാണത്. രാജശിശുവിന്‍റെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളര്‍പ്പിക്കാനെത്തിയ പ്രജകളുടെയൊപ്പം ഞങ്ങളും കൂടി. നെയ്‌വിളക്കുകള്‍ക്കു മുന്നില്‍ കൈകൂപ്പി, മന്ത്രങ്ങളും പ്രാര്‍ത്ഥനകളും മുദ്രണംചെയ്ത പ്രാര്‍ത്ഥനാചക്രത്തെ കൈകൊണ്ടു കറക്കി മൂന്നുപ്രാവശ്യം വലംവച്ചു. ഈ പ്രാര്‍ത്ഥനാചക്രത്തിന് ഭൂട്ടാനീസ് ഭാഷയില്‍ മാനിദുങ്ഗര്‍ എന്നു പറയും. ബുദ്ധന്മാരുടെ ആരാധനാമന്ദിരങ്ങള്‍ക്ക് കിയ്ച്ചുലഖാങ് എന്നും അവരുടെ സന്യാസമഠങ്ങള്‍ക്ക് തക്ത്‌സങ് എന്നും പറയും. കിയ്ച്ചുലഖാങുകളിലും തക്ത്‌സങ്ങുകളിലുമെല്ലാം കറങ്ങുന്ന മാനിദുങ്ഗറുകളുണ്ട്. ലോകമെങ്ങും ശാന്തിയും സമാധാനവും പുലരണമെന്നാണ് ബുദ്ധന്മാര്‍ ആഗ്രഹിക്കുന്നത്. അതിനായി അവര്‍ക്ക് പ്രത്യേക മതകര്‍മ്മങ്ങളും ആരാധനാരീതികളുമുണ്ട്.
പുറംചുവരുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മാനിദു ങ്ഗറുകളെ കൈകൊണ്ടു കറക്കിക്കൊണ്ടാണ് ഭക്തജനങ്ങള്‍ ക്ഷേത്രത്തെ വലംവയ്ക്കുന്നത്. മാനിദുങ്ഗര്‍ കറങ്ങുന്നതിതിനനുസരിച്ച് ലോകത്ത് സമാധാനം പുലര്‍ന്നുകൊണ്ടേയിരിക്കുമത്രേ!
ലോകസമാധാനത്തിനും ക്ഷേമത്തിനുമായി ബുദ്ധന്മാരുടെ മറ്റൊരു സമര്‍പ്പണമാണ് പ്രാര്‍ത്ഥനക്കൊടികള്‍ അഥവാ ദര്‍ശിങ്ങുകള്‍. പ്രാര്‍ത്ഥനകളും മന്ത്രങ്ങളും പുണ്യവചനങ്ങളുമൊക്കെ എഴുതിയ പല നിറത്തിലും വലിപ്പത്തിലുമുള്ള കൊടികള്‍ മുളകളിലും മരക്കമ്പുകളിലും ബന്ധിച്ച് നാട്ടുക. ചെറുകൊടികളും തോരണങ്ങളും നൂലില്‍ കൊരുത്ത് നീളേ കെട്ടുക. ആരാധനായലയങ്ങളില്‍ മാത്രമല്ല, വഴിയോരങ്ങളിലും മലകളുടെ മുകളിലുമൊക്കെ ദര്‍ശിങ്ങുകള്‍ നാട്ടുക പതിവാണ്. ഏറ്റവും ദുര്‍ഘടമായ മലകളുടെ ഉച്ചിയില്‍പോലും നൂറുകണക്കിന് ദര്‍ശിങ്ങുകള്‍ കാണാം. എത്രത്തോളം കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച് ദര്‍ശിങ്ങുകള്‍ സമര്‍പ്പിക്കപ്പെടുന്നുവോ അത്രത്തോളം പ്രതിഫലവും ലഭിക്കുമെന്നാണ് വിശ്വാസം. എഴുത്തുകളൊന്നുമില്ലാതെ മന്ത്രിച്ച് ഊതിയും ദര്‍ശിങ്ങുകള്‍ സമര്‍പ്പിക്കാറുണ്ട്. പാരോ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ ഇത്തരം മന്ത്രിച്ചൂതിയ ദര്‍ശിങ്ങുകളും കാണാനിടയായി. വെളുത്തനിറത്തിലുള്ള മന്ത്രക്കൊടികളാണ് പരേതര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നത്. എല്ലാത്തരം ദര്‍ശിങ്ങുകളും മാര്‍ക്കറ്റുകളിലും കിയ്ച്ചുലഖാങ്ങുകളിലും തക്‌സങ്ങുകളിലും യഥേഷ്ടം വാങ്ങാന്‍ കിട്ടും. ജനങ്ങളുടെ സമാധാനം, സന്താനലബ്ധി, കച്ചവടലാഭം, തൊഴില്‍പുരോഗതി, രോഗമുക്തി, ലോകനന്മ എന്നിവയാണ് ദര്‍ശിങ് സമര്‍പ്പണംകൊണ്ട് ഉദ്ദേശിക്കുന്നത്. ദര്‍ശിങ്ങുകള്‍ പാറിപ്പറന്നുകൊണ്ടിരിക്കുന്ന കാലത്തോളം അവയുടെ ഫലങ്ങള്‍ കാറ്റിലൂടെ ലോകമെങ്ങും എത്തിക്കൊണ്ടേയിരിക്കുമത്രേ. 'ആരാധനാലയങ്ങള്‍ക്കുള്ളില്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു' എന്ന ബോര്‍ഡ് ശ്രദ്ധിക്കാതെ സീതമ്മാള്‍ ടീച്ചര്‍ മനിദുങ്ഗറിന്‍റെയും മറ്റും ഫോട്ടോകളെടുത്തു. ഒരു സന്യാസി ആ ബോര്‍ഡിനുനേരെ വിരല്‍ചൂണ്ടിക്കൊണ്ട് അവരുടെ കൈയില്‍നിന്ന് ഐപാഡ് വാങ്ങി ഫോട്ടോകളെല്ലാം ഡിലീറ്റുചെയ്തു. പുറത്തിറങ്ങിയശേഷം റോഡരികില്‍നിന്നുകൊണ്ട് ഉള്ളിലെ നെയ്‌വിളക്കുകളുടെയും മനിദുംഗറിന്റെയുമെല്ലാം ചിത്രങ്ങള്‍ സന്യാസിമാര്‍ കാണാതെ ഞാനെന്‍റെ ക്യാമറയില്‍ പകര്‍ത്തി.
തണുപ്പേറുവോളം ഞങ്ങള്‍ ഫ്യുണ്‍ഷോലിംഗിലെ തെരുവുകളില്‍ ചുറ്റിനടന്നു. ഫുണ്‍ഷോലിംഗിന് ഒരു വാണിജ്യനഗരത്തിന്‍റെ മുഖമാണെങ്കിലും ജയ്‌ഗോണിലെപ്പോലെ ജനബാഹുല്യമോ വാഹനത്തിരക്കുകളോ ഇല്ല, ഫുണ്‍ഷോലിംഗ് ഉള്‍പ്പെടുന്ന ചുക്കജില്ല മൊത്തമെടുത്താല്‍പോലും ജയ്‌ഗോണിന്‍റെ അത്രയും ജനസംഖ്യയുണ്ടാവില്ല. ഒരു നൂറ്റാണ്ടുമുമ്പ് നേപ്പാളില്‍നിന്ന് കുടിയേറിയവരാണ് ഇവിടത്തെ താമസക്കാരിലധികവും. ഭൂട്ടാന്‍ വംശജര്‍ ഒരു ചെറിയ ശതമാനമേയുള്ളൂ. വൃത്തിയിലും അടുക്കും ചിട്ടയിലുമൊക്കെ ഫൂട്ടാന്‍റെ ഈ അതിര്‍ത്തിനഗരം ഇന്ത്യന്‍നഗരമായ ജയ്‌ഗോണുമായി താരതമ്യം ചെയ്യാനാവാത്തവിധം മുന്നിലാണ്. അതിര്‍ത്തികവാടവും വീടുകളും പീടികകളും തുടങ്ങി സകല നിര്‍മ്മിതികളും നമുക്ക് തീര്‍ത്തും അപരിചിതമായൊരു പാരമ്പര്യസംസ്‌കൃതിയുടെ രൂപസൗകുമാര്യ ത്തികവോടെ നിലകൊള്ളുന്നു.
പാതയോരത്തുള്ള പീടികകള്‍ക്കു മുന്നില്‍ ചാക്കുകളില്‍ നിറച്ച അടയ്ക്കയും വെറ്റിലക്കെട്ടുകളും വില്പനക്കു വച്ചിരിക്കുന്നതു കണ്ടു. ഭൂട്ടാനില്‍ പുകയിലയും പുകയിലയുല്‍പന്നങ്ങളും വില്‍ക്കുന്നതും വാങ്ങുന്നതും നിയമം മുഖേന നിരോധിച്ചിട്ടുണ്ട്. ആകയാല്‍ പുകവലിയും പുകയില കൂട്ടിയുള്ള മുറുക്കും പാടില്ല. ടൂറിസ്റ്റുകള്‍ക്കും ഈ നിരോധനം ബാധകമാണ്. എന്നാല്‍ ഇന്ത്യയില്‍നിന്ന് സിഗരറ്റ് ഒളിച്ചുകടത്തി അതീവരഹസ്യമായി ഉപയോഗിക്കുന്നവരുമുണ്ട്. സ്ത്രീകളാണ് രഹസ്യവില്പനയ്ക്ക് സിഗരറ്റ് കടത്തുന്നത്. അവിടെയെത്തുമ്പോള്‍ വില മൂന്നിരട്ടിയാവും ! പിടിക്കപ്പെട്ടാല്‍ ആരായാലും ശിക്ഷ അനുഭവിക്കുകയേ നിവൃത്തിയുള്ളൂ. ഏഴുവര്‍ഷം വരെയാവും തടവുശിക്ഷ .
നന്മ ഉണ്ടാകട്ടെ
ReplyDelete