ലോകമെമ്പാടുമുളള സിഖ്മതക്കാരുടെ പ്രമുഖ ആരധനാലയമാണ് 'ഹര്‍മന്ദിര്‍സാഹിബ്' അഥവാ ഗോള്‍ഡന്‍ടെമ്പിള്‍. ജാലിയന്‍വാലാ ബാഗിന് തൊട്ടടുത്താണ് ഇതിന്‍റെ സ്ഥാനം. തെരുവിലൂടെ നടക്കവേ, 'ഗോള്‍ഡന്‍ടെമ്പിള്‍' എന്ന് മുദ്രണം ചെയ്ത ഓറഞ്ചുനിറമുള്ള സ്‌കാര്‍ഫുകളുമായി തെരുവുകച്ചവടക്കാര്‍ ഞങ്ങളെ സമീപിച്ചു. ഒരെണ്ണത്തിന് പത്തുരൂപയാണ് വില. ആണും പെണ്ണും ശിരസ്സ് മൂടാതെ ആരാധനാലയത്തിനുളളില്‍ പ്രവേശിച്ചുകൂട. ആരെങ്കിലും ശിരസ്സുമൂടിയില്ലാതെ വന്നാല്‍ ഗുരുദ്വാരയില്‍നിന്നും സ്‌കാര്‍ഫ് ലഭിക്കും. പാദരക്ഷകള്‍ കൗണ്ടറിലേല്‍പ്പിച്ച്, കോണ്‍ക്രീറ്റ് നീര്‍ച്ചാലിലെ ശുദ്ധജലത്തില്‍ പാദങ്ങള്‍ കഴുകി, സ്‌കാര്‍ഫുകൊണ്ട് ശിരസ്സ് മൂടി, അകത്തേക്ക് കടന്നു. ഉച്ചഭാഷിണിയിലൂടെ മന്ത്രമധുരമായി ഒഴുകിയെത്തുന്ന ഗുരുസൂക്തങ്ങള്‍, ഭക്തിനിര്‍ഭരമായ അന്തരീക്ഷം.
'ഗുരുഗ്രന്ഥസാഹിബ്' ആണ് ഇവിടെ ആരാധിക്കപ്പെടുന്നത്. നിസ്സാരനായ മനുഷ്യന് അറിവും ജ്ഞാനവും പകര്‍ന്നേകുന്ന അക്ഷരങ്ങളെ, നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍ പ്രാപ്തമാക്കുന്ന ഗുരുസൂക്തങ്ങളെ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ച് ആരാധനയ്ക്കായി പ്രതിഷ്ഠിച്ചിരിക്കുന്നു. സിക്കുകാരുടെ അഞ്ചാമത്തെ ഗുരുവായ ഗുരു അര്‍ജ്ജന്‍ദേവ് ആണ് 1604-ല്‍ ഗുരുദ്വാരയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മതഗ്രന്ഥമായ 'ഗുരുഗ്രന്ഥസാഹിബ്' അതിനുള്ളില്‍ പ്രതിഷ്ഠിക്കുകയും ഗ്രന്ഥപാരായണത്തിനായി ബാബ ബുദ്ധയെ 'ഗ്രന്ഥി' അഥവാ 'റീഡര്‍' ആയി നിയമിക്കുകയും ചെയ്തത്. എല്ലാ മതക്കാരും മതഗ്രന്ഥങ്ങളെ പരിപാവനമായി കുരതന്നവരാണ്. എന്നാല്‍ ദേവസ്ഥാനത്ത് വിശുദ്ധഗ്രന്ഥത്തെ പ്രതിഷ്ഠചെയ്തിട്ടുള്ള മറ്റൊരുമതവും ലോകത്തുള്ളതായി അറിവില്ല.
ആചാരാനുഷ്ഠാനങ്ങളിലും ഉദാത്തമായ വേറിട്ടമാതൃക പുലര്‍ത്തുന്ന മതമാണ് സിക്കുമതം. സാധാരണ ആരാധനാലയങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഗുരുദ്വാരയ്ക്ക് ഓരോവശത്തും ഓരോന്നുവീതം നാലു പ്രവേശനകവാടങ്ങളുണ്ട്. ജാതിമത ലിംഗഭേദമെന്യേ, ജീവിതത്തിന്‍റെ നാനാതുറകളിലുംപെട്ട ഭക്തര്‍ക്കായി ഈ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. ഒരുലക്ഷത്തിലധികം ആളുകള്‍ ദിനംപ്രതി ഇവിടെയെത്താറുണ്ടെന്നാണ് കണക്ക്. ഗുരുദ്വാരയ്ക്കുള്ളില്‍ മദ്യം, മാംസം, പുകവലി, ലഹരിമരുന്നുപയോഗം എന്നിവ പാടില്ല. ശരീരശുദ്ധി നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.
ഗുരുദ്വാരയുടെ നിര്‍മ്മിതിയിലുമുണ്ട് പ്രത്യേകത. അമൃതസരസിന്‍റെ നടുവില്‍ ദീര്‍ഘചതുരാകൃതിയിലുള്ള പ്ലാറ്റ്‌ഫോമിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് പുണ്യനദിയായ ഗംഗയിലെ ജലമാണ് സരസ്സില്‍ നിറച്ചിരിക്കുന്നത്. ആകയാല്‍ അവിടത്തുകാര്‍ സരസ്സിനെ 'ഗംഗ' എന്നും പറയാറുണ്ട്. ഇവിടെയെത്തുന്ന ഭക്തജനങ്ങള്‍ ആദ്യം അമൃതസരസ്സിലെ ഗംഗാജലത്തില്‍ കുളിച്ച്, സ്വന്തംപാപങ്ങളെ കഴുകിക്കളയുന്നു. സാധാരണ ആരാധനാലയങ്ങള്‍ തറനിരപ്പില്‍നിന്നും ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭക്തജനങ്ങള്‍ താഴെനിന്ന് മുകളിലേക്ക് പടിക്കെട്ടുകള്‍ കയറിച്ചെല്ലണം. എന്നാല്‍ ഹര്‍മന്ദിര്‍സാഹിബിന്‍റെ അകത്തേക്ക് പ്രവേശിക്കണമെങ്കില്‍ തറനിരപ്പില്‍നിന്നു താഴേക്ക് പടികളിറങ്ങിച്ചെല്ലണം. സരസിന്‍റെ കരയില്‍നിന്ന് ഹര്‍മന്ദിര്‍സാഹിബിലേക്കുള്ള നടപ്പാലത്തിന് ഗുരൂസ് ബ്രിഡ്ജ് എന്ന് പറയുന്നു.
1830ല്‍ മഹാരാജ രഞ്ജിത് സിംഗ് ആണ് ഇന്ന് കാണുന്ന രീതിയില്‍ ഗുരുദ്വാര പുതുക്കിപ്പണിഞ്ഞത്. രണ്ടുനിലകളുള്ള ഹര്‍മന്ദിര്‍സാഹിബ് വെള്ളമാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹിന്ദു-മുസ്ലീം ശില്പകലകളുടെ സങ്കരമനോഹാരിത നമുക്കിവിടെ ദര്‍ശിക്കാം. താഴത്തെനിലയുടെ അകച്ചുവരുകള്‍ താജ്മഹലിലെപ്പോലെ ചിത്രപ്പണികള്‍ ചെയ്തതും മുകളിലത്തെനില സ്വര്‍ണ്ണം പൂശിയതുമാണ്. കമഴ്ത്തിവച്ച താമരപ്പൂവിന്‍റെ ആകൃതിയിലുള്ള സ്വര്‍ണ്ണമകുടമാണ് ഏറ്റവും തിളക്കമാര്‍ന്ന ഭാഗം. നൂറുകിലോഗ്രാം തനിസ്വര്‍ണ്ണംകൊണ്ടാണത്രേ ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
വിശുദ്ധസ്ഥലമായ ദര്‍ബാര്‍സാഹിബിലേക്ക് പ്രവേശിക്കുന്നവര്‍ നിലത്തിരുന്ന് ദൈവത്തോടും ഗുരുഗ്രന്ഥസാഹിബിനോടും അകൈതവമായ ഭക്തിയും ആദരവും പ്രകടിപ്പിക്കുകയെന്നതാണ് ഇവിടത്തെ മുഖ്യആചാരം. ഭക്തര്‍ക്ക് അവിടെയിരുന്ന് ഗുരുഗ്രന്ഥം വായിച്ചുകേള്‍ക്കുകയും കീര്‍ത്തനങ്ങള്‍ ശ്രവിക്കുകയും ചെയ്യാം. ദര്‍ബാര്‍സാഹിബില്‍ തുടര്‍ച്ചയായി ഗുരുഗ്രന്ഥപാരായണം നടന്നുകൊണ്ടിരിക്കും. ആദിഗ്രന്ഥം സിംഹാസനത്തിന്മേല്‍ രത്‌നഖചിതമായ വിരിപ്പുകൊണ്ട് മൂടിവച്ചിരിക്കും. ഗുരുഗ്രന്ഥം ഒരുപ്രാവശ്യം വായിച്ചുതീരാന്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍വേണം. മൂന്നുമണിക്കൂറിടവിട്ട് 'ഗ്രന്ഥി'കള്‍ മാറിക്കൊണ്ടിരിക്കും. ആദിഗ്രന്ഥത്തിന്റെ മൂലകൃതി അകാല്‍തക്കിലെ താഴത്തെനിലയിലുള്ള ട്രഷറിറൂമിലാണ് സൂക്ഷിക്കുന്നത്. എല്ലാദിവസവും അതിരാവിലെ അവിടെനിന്ന് ആചാരപ്രകാരം, പിങ്കുനിറമുള്ള പട്ടുകൊണ്ടു മൂടി ആഘോഷപൂര്‍വ്വം ഹര്‍മന്ദിര്‍സാഹിബിലേക്ക് പല്ലക്കില്‍ എഴുന്നള്ളിച്ചുകൊണ്ടുവരികയും പാലുകൊണ്ട് കഴുകിയ വിശുദ്ധസ്ഥലത്ത് പ്രതിഷ്ഠിക്കുകയും ചെയ്യും. രാത്രി പത്തുമണിക്ക് അതേപടി ആചാരവിധിപ്രകാരം തിരിച്ചുകൊണ്ടുപോവും. പല്ലക്ക് വെള്ളിക്കാലുകളോടുകൂടിയതും വിശിഷ്ടരത്‌നങ്ങള്‍ പതിച്ചതും സ്വര്‍ണ്ണവിരിപ്പിട്ടതുമാണ്.
ഹര്‍മന്ദിര്‍സാഹിബിന് സമീപത്തായിട്ടാണ് അകാല്‍തക്. ഇവിടെയാണ് സിക്കുമതക്കാരുടെ ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റി അഥവാ മതകാര്യനിര്‍വ്വഹണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഗുരു അര്‍ജ്ജന്‍ദേവിന്‍റെ കാലത്ത് തുടങ്ങിവച്ച അകാല്‍തക് നിര്‍മ്മാണം ഗുരു ഹര്‍ഗോബിന്ദിന്‍റെ കാലത്താണ് (1609-ല്‍) പൂര്‍ത്തീകരിച്ചത്.
'ലംഗാര്‍' എന്ന പേരില്‍ അറിയപ്പെടുന്ന സമൂഹസദ്യയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ദിവസേന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ സമൂഹസദ്യയില്‍ പങ്കുകൊള്ളാറുണ്ട്. ഗുരു അമര്‍ദാസിന്‍റെ കാലത്താണ് 'ഗുരു-കാ-ലംഗാര്‍' എന്നറിയപ്പെടുന്ന സമൂഹഭക്ഷണശാല ആരംഭിച്ചത്. സമൂഹഅടുക്കളയില്‍നിന്ന് പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്നു. മിക്കവാറും ചപ്പാത്തിയും ദാലുമായിരിക്കും. ഭക്ഷണം പാകംചെയ്യുന്നതും ഗുരുദ്വാരയിലെ ദൈനംദിനജോലികള്‍ ചെയ്യുന്നതുമൊക്കെ ഭക്തജനങ്ങള്‍ തന്നെയാണ്. സ്വന്തയിഷ്ടപ്രകാരം ചെയ്യുന്ന ഇത്തരം സേവനങ്ങള്‍ക്കുപുറമേ അവര്‍ ഗുരുദ്വാരയുടെ നടത്തിപ്പിനും മറ്റുമായി നിര്‍ലോപമായ സംഭാവനകളും നല്‍കാറുണ്ട്. ഭക്തര്‍ക്ക് ഹോസ്റ്റല്‍ ഗുരുരാംദാസിലും ഗുരുനാനാക്കിലും മൂന്നുരാത്രിവരെ സൗജന്യതാമസവും നല്‍കുന്നു.
ഗുരുദ്വാരയുടെ വടക്കുപടിഞ്ഞാറേമൂലയ്ക്ക് ഒരു മുത്തശ്ശിമരം നില്‍പ്പുണ്ട്. അതിന്റെ താഴോട്ടുള്ള ചില്ലകള്‍ നിറയെ ചെറിയ തുണിത്തുണ്ടുകള്‍ കെട്ടി നിറച്ചിരിക്കുന്നു! ദിവ്യശക്തിയുള്ള മരമാണതെന്നും സന്താനങ്ങളില്ലാത്ത സ്ത്രീകള്‍ അതില്‍ തുണിത്തുണ്ടു കെട്ടി പ്രാര്‍ത്ഥിച്ചാല്‍ പുത്രലബ്ധിയുണ്ടാവുമെന്നുമാണ് വിശ്വാസം. 450 വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ നട്ടതാണത്രേ ആ മരം. സരസ്സിനു ചുറ്റും മാര്‍ബിള്‍പാകിയ നടപ്പാതയുണ്ട്. അവിടെനിന്ന് ചിത്രങ്ങളെടുക്കാം. ഗുരുദ്വാരയ്ക്കുള്ളില്‍ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു.
പതിനഞ്ചാംനൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാക്കിസ്ഥാന്റെ ചിലഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസസംഹിതയാണ് സിഖ്മതം. ലോകത്തിലെ ഏറ്റവും വലിയ സംഘടിത മതങ്ങളില്‍ അഞ്ചാംസ്ഥാനമാണ് സിഖ്മതത്തിന്. മതസ്ഥാപകനായ ഗുരുനാനാക്കാണ് ആദിഗുരു. ഹിന്ദുമതത്തിലെ കര്‍ക്കശമായ ജാതിവ്യവസ്ഥയേയും ഇസ്ലാംമതത്തിന്‍റെ ഇതരമതസ്ഥരോടുള്ള സമരസപ്പെടായ്മയേയും എതിര്‍ത്തുകൊണ്ടാണ് ഗുരുനാനക്ക് പുതിയ മതം സ്ഥാപിച്ചത്. 1469-ല്‍ ഇന്നത്തെ പാകിസ്ഥാനിലെ നാന്‍കാനസാഹിബ് എന്നറിയപ്പെടുന്ന തല്‍വണ്ടിയിലാണ് അദ്ദേഹം ജനിച്ചത്. വളരെക്കാലത്തെ ദേശാടനത്തിനുശേഷം രാവിനദിയുടെ തീരത്ത് കര്‍ത്താര്‍പൂറില്‍ അദ്ദേഹം ഒരാശ്രമം സ്ഥാപിച്ചു. അതിനെ 'ധര്‍മ്മസല്‍' എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. ഇന്ന് അത് 'ദേറാ ബാബാ നാനക്' എന്നറിയപ്പെടുന്നു. സ്വയം രചിച്ച കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പതിവു പ്രാര്‍ത്ഥനാരീതി തന്‍റെ ശിഷ്യര്‍ക്കായി അദ്ദേഹം ആവിഷ്‌കരിച്ചു. ഗുരുനാനാക്കിന്‍റെ നാനാജാതിമതസ്ഥരായ ശിഷ്യര്‍ 'ലംഗാര്‍' എന്നു വിളിക്കുന്ന സമൂഹഅടുക്കളയില്‍ ഒരുമിച്ച് ഭക്ഷണം പാകംചെയ്തു
കഴിച്ചു.
1539-ല്‍ ഗുരുനാനാക്കിന്‍റെ മരണത്തിനു മുന്‍പുതന്നെ അദ്ദേഹം തന്റെ ശിഷ്യരില്‍ ഒരാളായ ലെഹ്നയെ തന്‍റെ പിന്തുടര്‍ച്ചാവകാശിയായി നിയമിച്ചു. ലെഹ്ന, ഗുരു അംഗദ് എന്ന പേരില്‍ അറിയപ്പെട്ടു. പതിനാറാം നൂറ്റാണ്ടോടെ ഗുരുനാനാക്കിന്‍റെ വിശ്വാസികള്‍ അനവധിയായി. ഇതില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുണ്ടായിരുന്നെങ്കിലും കച്ചവടക്കാര്‍, കൃഷിക്കാര്‍, കൗരകൗശലവിദഗ്ദ്ധര്‍ തുടങ്ങിയവരായിരുന്നു ഭൂരിഭാഗവും. ഏവരും സമൂഹത്തിന്‍റെ പൊതുനിക്ഷേപത്തിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു.
നൂറ്റാണ്ടുകള്‍കൊണ്ടാണ് ഗോള്‍ഡന്‍ടെമ്പിളും അമൃത് സറും ഇന്നത്തെ രീതിയിലെത്തിയത്. പ്രശാന്തസുന്ദരമായ കാടിനുള്ളില്‍ ഒരു ചെറിയ തടാകം. ശാന്തിതേടി അലയുന്ന ഭിക്ഷാന്ദേഹികളുടെയും തീര്‍ത്ഥാടകരുടെയും സന്യാസിമാരുടെയുമൊക്കെ ഇടത്താവളവും ധ്യാനകേന്ദ്രവുമായിരുന്നു ഈ തടാകതീരവും ചുറ്റുമുള്ള വനപ്രദേശവും. ബുദ്ധമതസ്ഥാപകനായ ശ്രീബുദ്ധനും ഇവിടെവന്ന് ധ്യാനത്തില്‍ മുഴുകിയിരുന്നിട്ടുണ്ടത്രെ. ബുദ്ധനുശേഷം, ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇവിടെയെത്തിയ തത്വജ്ഞാനിയായ മറ്റൊരു യോഗിവര്യനാണ് സിക്കുമതസ്ഥാപകനായ ഗുരുനാനാക്ക്. അദ്ദേഹത്തിന്‍റെ കാലശേഷം ശിഷ്യന്മാര്‍ പതിവായി ഈ സ്ഥലം സന്ദര്‍ശിച്ചുപോന്നു. പതിനേഴാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ രാംദാസ്പൂര്‍ അഥവാ അമൃത്‌സര്‍ എന്ന പട്ടണം ഹര്‍മന്ദര്‍സാഹിബ് എന്ന ഗുരുദ്വാരക്ക് ചുറ്റുമായി വികാസം പ്രാപിച്ചു. നാലാമത്തെ ഗുരുവായ ഗുരു രാംദാസാണ് അതിന് തുടക്കമിട്ടത്. ക്രമേണ, അമൃത്‌സര്‍ നഗരം ഒരു സ്വയംഭരണപ്രദേശമായി മാറി. പതിനേഴാം നൂറ്റാണ്ടില്‍ സിഖ്‌സമൂഹം മുഗള്‍സാമ്രാജ്യത്തിനകത്ത് രൂപംകൊണ്ട മറ്റൊരു രാജ്യം എന്ന നിലയിലാണ് ചരിത്രകാരന്മാര്‍ വീക്ഷിക്കുന്നത്. മുഗള്‍ചക്രവര്‍ത്തി ജഹാംഗീര്‍ ഇത് സാമ്രാജ്യത്തിന് ഒരു വന്‍ഭീഷണീയായി കരുതുകയും, 1606-ല്‍ ഗുരു അര്‍ജ്ജന്‍ ദേവിനെ വധിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
സിഖ്മതത്തെ ചിട്ടപ്പെടുത്തി ഏകമായ സമ്പ്രദായത്തിലേക്ക് ഇണക്കിച്ചേര്‍ത്തതും വ്യത്യസ്തമായ ജീവിതരീതിയ്ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും പേരിന്‍റെ അവസാനമുള്ള 'സിംഗ്' എന്ന പൊതുവായ ഭാഗത്തിനും രൂപംകൊടുത്തതും ഗുരുഗോബിന്ദ് സിംഗ് ആണ്. സിക്കുകാര്‍ പിന്തുടരേണ്ട മതനിയമങ്ങളായി കേശം, കംഘ, കൃപാണ്‍, കച്ച്, കാര എന്നിങ്ങനെ അഞ്ച് 'ക'കള്‍ ആവിഷ്‌കരിച്ചതും അദ്ദേഹമാണ്. തലമുടി മുറിക്കുന്നത് സിക്കുനിയമപ്രകാരം നിഷിദ്ധമാണ്. നീണ്ടമുടി തലയ്ക്കു മുകളില്‍ ഗോളാകൃതിയില്‍ കെട്ടിവയ്ക്കുന്നു. ഈ കെട്ടിന് 'ചിഗ്നോന്ഗ്' (ചിഗ്നോന്‍) എന്നാണ് പറയുന്നത്. അതിനുമീതേ തലപ്പാവ് കെട്ടി മറയ്ക്കുന്നു. മീശയും താടിയും നീട്ടിവളര്‍ത്തുന്നു. ചിലര്‍ നീണ്ടതാടിയെ കറുത്ത വലകൊണ്ട് തലയ്ക്കുമുകളിലേക്ക് ഒതുക്കികെട്ടി വയ്ക്കാറുണ്ട്. മരംകൊണ്ടുള്ള ഒരുതരം ചീര്‍പ്പാണ് കംഘ. മുടിക്കെട്ടില്‍ കുത്തിയിറക്കിവയ്ക്കുന്നു. നീളംകുറഞ്ഞ വാളാണ് ക്യപാണ്‍. മതനിയമപ്രകാരം എപ്പോഴും ഇത് കയ്യില്‍ കരുതേണ്ടതാണ്. എന്നാലിപ്പോള്‍ പലരും ഇത് കൊണ്ടുനടക്കാറില്ല. സിക്കുകാര്‍ ധരിക്കേണ്ടുന്ന അടിവസ്ത്രമാണ് കച്ച്. കയ്യിലിടുന്ന പരന്ന ഇരുമ്പുവളയാണ് കാര. സ്ത്രീകളും വീതിയുള്ള സ്റ്റീല്‍വളകള്‍ അണിയാറുണ്ട്.
1669-ല്‍ വിവിധ സാമൂഹ്യപശ്ചാത്തലങ്ങളില്‍നിന്നുള്ള അഞ്ചുപേരെ അകളങ്കിതരാക്കി, 'ഖല്‍സ' എന്ന സാമൂഹിക സഹോദരസംഘത്തിന് രൂപം നല്‍കിയതും ഗുരുഗോബിന്ദ് സിംഗാണ്. 1666 മുതല്‍ 1708 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലം. മുസ്ലിങ്ങളുമായുള്ള ഏറ്റുമുട്ടലിന്‍റെ ഇക്കാലത്ത് അദ്ദേഹം സിക്കുകാരെ വിദഗ്ദ്ധരായ പോരാളികളുടെ ഒരു സമൂഹമായി വാര്‍ത്തെടുത്തു. പതിനേഴാംനൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ സിഖ്പ്രസ്ഥാനം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. ഖല്‍സയുടെ സ്ഥാപനത്തോടെയാണ് ഇത്തരത്തിലൊരു മാറ്റം സിഖ്‌സമൂഹത്തില്‍ വന്നുചേര്‍ന്നത്. ഗുരുവിനും മതത്തിനും വേണ്ടി പൊരുതിമരിക്കാന്‍പോലും ഖല്‍സ തയ്യാറായി. ക്രമേണ സിഖ്‌സമൂഹം 'ഖല്‍സപന്ത്' എന്ന രാഷ്ട്രീയഘടകമായി പരിണമിച്ചു. സിഖ് സമൂഹത്തിന്‍റെ രാഷ്ട്രീയപരമായുള്ള ഏകീകരണമാണ് പഞ്ചാബ് എന്ന പ്രാദേശിക രാജ്യത്തിന്‍റെ രൂപീകരണത്തിന് അടിസ്ഥാനമായത്. ഖല്‍സയുടെ സ്ഥാപനത്തിനുമുന്‍പും പിന്‍പുമായി രജപുത്രരുമായും മുഗളരുമായും നിരവധി യുദ്ധങ്ങള്‍ നടത്തി. 1708-ല്‍ ഗുരു ഗോബിന്ദ്‌സിങ്ങിന്‍റെ മരണത്തിനുശേഷം ബന്ദബഹാദൂറിന്‍റെ നേതൃത്വത്തിലും ഖല്‍സ മുഗള്‍ ഭരണത്തിനെതിരെ സായുധസമരം നടത്തി. മുഗളരില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇവര്‍ സത്‌ലജിനും യമുനയ്ക്കും ഇടയ്ക്കുള്ള പ്രദേശത്ത് സ്വന്തം ഭരണസംവിധാനം ഏര്‍പ്പെടുത്തി. 1715-ല്‍ മുഗളന്മാര്‍ ബന്ദ ബഹാദൂറിനെ പിടികൂടുകയും 1716-ല്‍ അദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.
'ജഠ്' എന്നു വിളിക്കുന്ന സംഘങ്ങളായാണ് സിഖ്‌സമൂഹം സംഘടിപ്പിക്കപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് ഈ സംഘങ്ങള്‍ 'മിസ്ല്‍' എന്നറിയപ്പെട്ടു. ഈ സേനകളെ മൊത്തമായി 'ദള്‍ഖല്‍സ' എന്നും അറിയപ്പെട്ടു. വൈശാഖി, ദീപാവലി തുടങ്ങിയ ആഘോഷവേളകളില്‍ ഈ സംഘം അമൃത് സറില്‍ ഒത്തുകൂടുകയും സിഖ്‌സമൂഹത്തിന്‍റെ പൊതുവായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് കൂട്ടായ തീരുമാനങ്ങളെടുക്കുകയും പതിവായി. ഈ തീരുമാനങ്ങള്‍ 'ഗുരുമത്' എന്ന് അറിയപ്പെട്ടു. കാര്‍ഷികോല്പ്പാദനത്തിന്‍റെ 20% നികുതിയായി സ്വീകരിച്ച്, കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്ന 'രാഖി' സമ്പ്രദായവും ഏര്‍പ്പെടുത്തി. ഈ സംഘടനാ സംവിധാനം ആദ്യകാലങ്ങളില്‍ മുഗള്‍ഭരണാധികാരികള്‍ക്കെതിരെയും പിന്നീട് അഹമ്മദ്ഷാ അബ്ദാലിക്കെതിരെയും പ്രതിരോധിക്കുന്നതിന് സഹായകമായി. പതിനെട്ടാം നൂറ്റാണ്ടില്‍ സിഖ് അധീനപ്രദേശങ്ങള്‍ സിന്ധൂനദീതടങ്ങള്‍ മുതല്‍ യമുനവരെ പരന്നുകിടന്നു. എങ്കിലും ഇവ വിവിധ ഭരണാധികാരികള്‍ക്ക് കീഴിലായിരുന്നു. 1799-ല്‍ രഞ്ജിത്‌സിങ് ഈ വിഭാഗങ്ങളെ ഏകീകരിച്ച് ലാഹോര്‍ ആസ്ഥാനമാക്കി കേന്ദ്രീകൃത ഭരണം സ്ഥാപിച്ചു. പിന്നീട് ബ്രിട്ടീഷുകാരുമായും അവര്‍ വളരെക്കാലം പോരാടി. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ അവസാനമായി കീഴടക്കിയ പ്രധാന ജനവിഭാഗം സിക്കുകാരാണ്. ഇന്ത്യയില്‍ രണ്ടുകോടിയോളം സിക്കുകാരുണ്ടെന്നാണ് കണക്ക്. മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനത്തോളം വരുന്ന ഇവരെ ന്യൂനപക്ഷമായാണ് കണക്കാക്കുന്നത്. ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും സിഖ് സമൂഹങ്ങളുണ്ട്. മിക്കവരുടെയും ജന്മഭൂമി പഞ്ചാബ് തന്നെയാണ്.
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍
സിക്കുകാരുടെ പരമ്പരാഗത ജന്മഭൂമിയാണ് പഞ്ചാബ്. 1767 മുതല്‍ 1799 വരെ സിക്കുമിസ്ല്‍സ് ആണ് പഞ്ചാബില്‍ ഭരണം നടത്തിയിരുന്നത്. തുടര്‍ന്ന് മഹാരാജ രഞ്ജിത് സിംഗ് സിക്കുവിഭാഗങ്ങളെയെല്ലാം ഒരുമിപ്പിച്ച് ഏകീകൃതഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നു. ഏകദേശം 82 വര്‍ഷത്തോളം പഞ്ചാബ് സിക്കുഭരണത്തിന്‍കീഴിലായിരുന്നു. മഹാരാജാ രഞ്ജിത് സിങ്ങിന്‍റെ കാലശേഷം വന്ന രാജാക്കന്മാര്‍ ഭരണകാര്യങ്ങളില്‍ അത്രത്തോളം പ്രാപ്തിയുള്ളവരായിരുന്നില്ല. ആ തക്കംനോക്കി ബ്രിട്ടീഷുകാര്‍ പഞ്ചാബിനെ കീഴടക്കി ബ്രിട്ടീഷിന്ത്യയോടു കൂട്ടിച്ചേര്‍ത്തു. 1947-ലെ വിഭജനത്തിനു മുന്‍പുതന്നെ സിക്കുകാര്‍ ബ്രിട്ടീഷ് പ്രവിശ്യയായ ലൂധിയാനയിലെ പ്രബല മതവിഭാഗമായി മാറിയിരുന്നു. സിക്കുകാരെക്കൂടാതെ, പഞ്ചാബില്‍ മറ്റുരണ്ടു പ്രബല മതവിഭാഗങ്ങളുണ്ടായിരുന്നു- ഹിന്ദുക്കളും മിസ്ലീംങ്ങളും. 1940-ലെ 'ലാഹോര്‍ റെസൊല്യൂഷന്‍' പ്രകാരം പ്രത്യേകരാജ്യം എന്ന ആവശ്യവുമായി മുസ്ലീംലീഗ് മുന്നോട്ടുവന്നു. ബ്രിട്ടീഷിന്ത്യ ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കുമായി രണ്ടായി വിഭജിക്കപ്പെടുമ്പോള്‍ തങ്ങള്‍ക്ക് മാതൃരാജ്യം ഇല്ലാതാകുമെന്ന് ഒരുവിഭാഗം സിക്കുകാര്‍ ഭയപ്പെട്ടു. അവര്‍ പഞ്ചാബിനെ 'ഖാലിസ്ഥാന്‍' എന്ന പേരില്‍ സ്വതന്ത്രമായ ഒരു മതാധിഷ്ഠിതരാജ്യമായി നിലനിറുത്തണമെന്ന ആവശ്യവുമായി നിലകൊണ്ടു.
വിഭജനത്തെതുടര്‍ന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍പ്പെട്ടുപോയ സിക്കുകാര്‍ ഭൂരിഭാഗവും ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലേക്ക് കുടിയേറി. അകാലിദളിന്‍റെയും മറ്റും നിരന്തരമായ ആവശ്യപ്രകാരം 1966-ല്‍ ഹിന്ദി സംസാരിക്കുന്ന ഹരിയാനയെ പഞ്ചാബില്‍നിന്നും വേര്‍പെടുത്തി പുതിയൊരു സംസ്ഥാനമാക്കുകയും പഞ്ചാബിഭാഷ സംസാരിക്കുന്ന സിക്കുകാര്‍ക്ക് പ്രാമുഖ്യമുള്ള പഞ്ചാബ് സംസ്ഥാനം നിലവില്‍വരികയും ചെയ്തു. പക്ഷേ, ഖാലിസ്ഥാന്‍വാദികള്‍ സ്വതന്ത്രസിക്കുരാജ്യം എന്ന അവരുടെ ആവശ്യത്തില്‍ത്തന്നെ ഉറച്ചുനിന്ന് പോരാട്ടം തുടര്‍ന്നു. പാകിസ്ഥാനില്‍നിന്നുള്‍പ്പെടെ പലവിദേശശക്തികളില്‍നിന്നും അവര്‍ക്കു രഹസ്യമായ സഹായവും ലഭിച്ചിരുന്നതായി പറയപ്പെടുന്നു. 1970-കളിലും 80-കളിലും വിഘടനവാദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും മതപ്രഭാഷകനായിരുന്ന ഭിദ്രന്‍വാലെ വിഘടനവാദിയായി മാറുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഖാലിസ്ഥാന്‍തീവ്രവാദികളുടെ പോരാട്ടം രാജ്യത്തിനും നിരപരാധികളായ ജനങ്ങളുടെ ജീവനും വരെ ഭീഷണിയായി മാറുകയും ചെയ്തു. ഭിദ്രന്‍വാല 1980 ഏപ്രില്‍മുതല്‍ സുവര്‍ണ്ണക്ഷേത്രത്തിനുള്ളില്‍ താവളമുറപ്പിക്കുകയും വലിയൊരു സായുധപോരാട്ടത്തിനുള്ള സന്നാഹങ്ങള്‍ ചെയ്തുവരികയുമായിരുന്നു.
ഗത്യന്തരമില്ലാതെ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഭിദ്രന്‍വാലെയെയും കൂട്ടരേയും അമര്‍ച്ചചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പില്‍ക്കാലത്ത് അവരുടെ 'മരണവാറണ്ട്' എന്ന് വിശേഷിപ്പിക്കപ്പെട്ട ആ തീരുമാനം കൈക്കൊള്ളേണ്ടിവന്നു - 'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍' എന്നറിയപ്പെടുന്ന സൈനിക നടപടി. ജൂണ്‍ മൂന്നിന് പഞ്ചാബില്‍ 36 മണിക്കൂര്‍ നിശാനിയമം ഏര്‍പ്പെടുത്തി. അതോടെ കമ്മ്യൂണിക്കേഷന്‍, ഗതാഗത മാര്‍ഗ്ഗങ്ങള്‍ മുതലായവ തടസ്സപ്പെട്ടു. വൈദ്യുതി വിതരണംവരെ ഭാഗികമായി തടസ്സപ്പെട്ടു. പഞ്ചാബിനെ രാജ്യത്തിന്‍റെ ഇതരഭാഗങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മാധ്യമങ്ങള്‍ക്ക് സെന്‍സെര്‍ഷിപ്പും ഏര്‍പ്പെടുത്തി. പാക്‌സഹായത്തോടെ കലാപം നടത്തിവരുന്ന അക്രമകാരികളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ സൈന്യത്തിന് ഉത്തരവ് നല്‍കി. ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും സുവര്‍ണക്ഷേത്രത്തില്‍നിന്ന് തുരത്താനുള്ള ശ്രമങ്ങള്‍ക്ക് സൈന്യം തുടക്കം കുറിച്ചു. മേജര്‍ജനറല്‍ കുല്‍ദീപ്ബ്രാറിന്‍റെ നേതൃത്വത്തില്‍ 1984 ജൂണ്‍മൂന്നിന് തുടങ്ങിയ സൈനിക നടപടി ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ജൂണ്‍ അഞ്ചിന് രാത്രി സുവര്‍ണക്ഷേത്രത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഭിദ്രന്‍വാലെ ഉള്‍പ്പെടെയുള്ള തീവ്രവാദികളെ വധിച്ചു. എണ്‍പത്തിമൂന്ന് ഭടന്മാരും നാനൂറ്റി തൊണ്ണൂറ്റിരണ്ട് സിവിലിയന്മാരും മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുകയുണ്ടായി. ഗോള്‍ഡന്‍ ടെമ്പിള്‍ കോംപ്ലക്‌സിലെ രണ്ട് നിരീക്ഷണഗോപുരങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഹര്‍മന്ദിര്‍സാഹിബ് സ്ഥാപകനായ ഗുരു അര്‍ജ്ജന്‍ ദേവിന്‍റെ രക്തസാക്ഷി ദിനത്തിലായിരുന്നു ഈ സൈനികനടപടിയെന്നത് യാദൃശ്ചികമായിരിക്കാം. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് സിക്കുകാര്‍ ഈ പുണ്യദിനത്തില്‍ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കാനെത്തിയിരുന്നു.
സുവര്‍ണ്ണ ക്ഷേത്രത്തിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് വിഖ്യാത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഖുശ്വന്ത്‌സിംഗ് പത്മഭൂഷണ്‍ ബഹുമതി തിരിച്ചുനല്‍കി. പഞ്ചാബിലെ മുന്‍മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു. നിരവധി സിക്കുസൈനികര്‍ സൈന്യത്തില്‍നിന്നു വിട്ടുപോയി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ഉത്തരവ് നല്‍കി അഞ്ചുമാസം തികയുംമുമ്പേ ശ്രീമതി ഇന്ദിരാഗാന്ധിക്ക് നല്‍കേണ്ടിവന്ന വില സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഇപ്പോള്‍ പഞ്ചാബ് പൊതുവേ ശാന്തമാണ്. സിക്കുജനത ഏറെക്കുറെ സമാധാനജീവിതം നയിക്കുകയാണെന്നു പറയാം. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സിക്കുകാരനാണല്ലോ.
No comments:
Post a Comment