Thursday, 27 April 2017

ഭൂട്ടാന്‍ - ഹിമാതാഴ്വരയിലെ സന്തുഷ്ടരാജ്യം(യാത്രാവിവരണം) - രണ്ട് - മേഘങ്ങളുമ്മവയ്ക്കുന്ന ഹിമാതാഴ്വര




തിനൊന്നിന് രാവിലെ എട്ടുമണിക്കേ അതിര്‍ത്തികവാടത്തിനു സമീപത്തുള്ള എമിഗ്രേഷന്‍ ആഫീസിലെത്തി ക്യൂനിന്നു. മൂന്നുദിവസം അവധിയായിരുന്നതിനാല്‍ പ്രതീക്ഷിച്ചതുപോലെതന്നെ നല്ല തിരക്കായിരുന്നു. ഒമ്പതുമണിക്കു ആഫീസ് തുറന്നു. ജീവനക്കാര്‍ പരമ്പരാഗതവേഷമണിഞ്ഞ് ജോലിക്കെത്തണം എന്നൊരു നിര്‍ദ്ദേശപ്പലക ഓഫീസ്ചുവരില്‍ എല്ലാവരുടെയും കണ്ണെത്തുന്നിടത്തായി സ്ഥാപിച്ചിട്ടുണ്ട്. നിര്‍ദ്ദേശം പാലിക്കാത്ത ആരേയും ഞങ്ങള്‍ക്കവിടെ കാണാന്‍ കഴിഞ്ഞില്ല. രണ്ടുകൈകളിലെയും ചൂണ്ടുവിരലടയാളം പകര്‍ത്തലും ഫോട്ടോയെടുക്കലും കഴിഞ്ഞ് അപേക്ഷയുമായി ഒത്തുനോക്കി യാത്രാനുമതി കിട്ടിയപ്പോഴേക്കും പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു. ഹോട്ടലില്‍ തിരിച്ചെത്തി. ഉച്ചഭക്ഷണം കഴിഞ്ഞ്  ഏകദേശം  രണ്ടുമണിയോടെ ഞങ്ങള്‍ ഭൂട്ടാന്‍റെ തലസ്ഥാനമായ തിംഫുവിലേക്കു യാത്രയായി.
ഭൂട്ടാനിലെ ഒരേയൊരു ദേശീയപാതയായ ഫുണ്‍ഷോലിംഗ്-തിംഫു ഹൈവേയിലൂടെയുള്ള യാത്ര. നിരത്തില്‍ വാഹനങ്ങള്‍ വളരെ കുറവ്.  ഇരുവശവും കണ്ണുകളെ മോഹിപ്പിക്കുന്ന പച്ചപ്പിന്‍റെ  സാന്ദ്രത.  മുന്നോട്ടുപോകുന്തോറും കയറ്റം കൂടിക്കൂടി വന്നു. ആറുകിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴേക്കും ഗേഡു എന്ന സ്ഥലത്തെത്തി. ഇവിടെയാണ് ആദ്യത്തെ ചെക്‌പോസ്റ്റ്. ഡ്രൈവര്‍ യാത്രാരേഖകള്‍ പരിശോധനയ്ക്കായി കൊണ്ടുപോയനേരം പരിസരമാകെ ഒന്നു കണ്ണോടിച്ചു. റോഡിലെ കമ്പിവേലിയോടുചേര്‍ന്ന് ഒരു നിര്‍ദ്ദേശപ്പലക; ചെക്‌പോസ്റ്റ് പരിസരത്ത് മൂത്രമൊഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു!

പരിശോധനകഴിഞ്ഞ് യാത്ര തുടര്‍ന്നു. മലയില്‍നിന്നു മലയിലേക്ക് ഇഴഞ്ഞുകയറുന്നതുപോലെ. മേഘങ്ങള്‍ എത്തിപ്പിടിക്കാവുന്ന അകലത്തില്‍. സൈപ്രസ് മരങ്ങള്‍ക്കിടയിലൂടെയും മണ്ണിടിഞ്ഞ  മലഞ്ചരിവുകളുടെ  അരികിലൂടെയും കിഴുക്കാംതൂക്കായ പാറക്കെട്ടുകളുടെ കീഴിലൂടെയും വളഞ്ഞുതിരിഞ്ഞു മുന്നേറുന്ന വീതികുറഞ്ഞ നിരത്തും അവിടവിടെ പ്രത്യക്ഷപ്പെടുന്ന  കൊടുംവളവുകളും വണ്ടിയുടെ വേഗതയ്ക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ടിരുന്നു. ചിലയിടങ്ങളില്‍ പാറതുരന്നാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്.ആ ചെറുതുരങ്കങ്ങളിലൂടെ വാഹനം കടന്നുപോകുമ്പോള്‍ അടുക്കടുക്കായുള്ള കല്‍പാളികള്‍ വ്യക്തമായി കാണാം. പാറകള്‍ക്കുള്ളിലെ തട്ടുപോലുള്ള ഇടങ്ങളില്‍ ചിമിഴുകള്‍പോലുള്ള കളിമണ്‍ രൂപങ്ങള്‍ ശ്രദ്ധയോടെ അടുക്കിവച്ചിരിക്കുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ ചിമിഴിനുള്ളില്‍ അടക്കംചെയ്തു വയ്ക്കുന്നത് ഇവരുടെ ഒരാചാരമാണ്. പ്രകൃതിയെ നോവിച്ചതില്‍ ക്ഷമചോദിച്ചുകൊണ്ടുള്ള  പ്രാര്‍ത്ഥനകളും ഇത്തരം ചിമിഴുകള്‍ക്കുള്ളില്‍ അടക്കംചെയ്തു വയ്ക്കാറുണ്ടത്രെ.
യാത്രാമദ്ധ്യേ അല്‍പവിശ്രമത്തിനായി വണ്ടിനിറുത്തിയപ്പോള്‍ ഞങ്ങള്‍ അടുത്തുകണ്ട  പലചരക്കുകടയിലേക്കു ചെന്നു. ചെറുപ്പക്കാരിയായ കടയുടമ  ഞങ്ങളെ ഹൃദ്യമായ പുഞ്ചിരിയോടെ സ്വാഗതംചെയ്തു.

 സോനം എന്നായിരുന്നു അവളുടെ പേര്. ഭൂട്ടാന്‍റെ  തനതുല്‍പന്നങ്ങളായ ചുവന്നരിയും  കാബേജും ആപ്പിളും കൂടാതെ മറ്റു പ്രൊവിഷന്‍ സാധനങ്ങളും ആ കൊച്ചുകടയില്‍ ലഭ്യമാണ്. അറിയാവുന്ന ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അവള്‍  ഞങ്ങളുടെ ജിജ്ഞാസ കലര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കി. ഒരുകിലോ വറുത്തരിക്ക് എണ്‍പതുരൂപയാണ് വില. ആപ്പിളും അരിവറുത്തതും വാങ്ങി, അവളുടെ ചിരിക്കുന്ന ചിത്രവും ക്യാമറയില്‍ പകര്‍ത്തി ഞങ്ങള്‍ സന്തോഷത്തോടെ അവളോടു വിടപറഞ്ഞു. അപ്പോഴാണ് കടയുടെ പിന്നിലെ തിണ്ണയില്‍ ചരക്കുചാക്കുകള്‍ മുതുകിലേറ്റാന്‍ പ്രയാസപ്പെടുന്ന ഒരു സ്ത്രീ ഞങ്ങളുടെ കണ്ണില്‍പ്പെട്ടത്. കൂടെ മൂന്നോ നാലോ വയസ്സുള്ള ഒരു പെണ്‍ കുട്ടിയുമുണ്ട്. ഞങ്ങള്‍ ആ ഭാരമുയര്‍ത്തി അവരുടെ മുതുകില്‍ വച്ചുകൊടുത്തു .പെമ എന്നു പേരായ ആ സ്ത്രീ അവിവാഹിതയായ അമ്മയാണെന്നും  ഭൂട്ടാനില്‍ ഇത്തരം അമ്മമാര്‍ ധാരാളമുണ്ടെന്നും ഗര്‍ഭച്ഛിദ്രം കുറ്റകരമാണെന്നുമൊക്കെ ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു. ആണ്‍പെണ്‍ ബന്ധങ്ങളില്‍ വിലക്കില്ലാത്തതിനാല്‍ വിവാഹം കഴിക്കാതെതന്നെ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചുജീവിക്കുന്ന ധാരാളം ദമ്പതികളുണ്ടിവിടെ. പുരുഷന്‍ പെണ്ണിന്‍റെ  വീട്ടില്‍ വന്നുതാമസിക്കുന്നതാണ് പതിവ്. ചില പുരുഷന്മാര്‍ പാതിവഴിക്കുവച്ച് ബന്ധം ഉപേക്ഷിച്ചുപോകുന്നതും സാധാരണമാണ്. അങ്ങനെ ഗര്‍ഭിണിയായിരിക്കെ ത്തന്നെ  ജീവിതവഴികളില്‍ ഒറ്റയ്ക്കു സഞ്ചരിക്കേണ്ടിവന്ന ആ പാവപ്പെട്ട സ്ത്രീ ഉപജീവനത്തിന്‍റെ  ചുമടുമായി മുന്നോട്ടുനടന്നു; കരഞ്ഞും മൂക്കൊലിപ്പിച്ചും കുട്ടി അവരുടെയൊപ്പം നടന്നു. മനസ്സിനെ നോവിച്ച ആ ചിത്രം ക്യാമറയില്‍ പകര്‍ത്തവെ സുന്ദരിയും നിഷ്‌കളങ്കയുമായ പെമയുടെ  ചുവന്നുതുടുത്ത മുഖം രക്തവര്‍ണ്ണമായി. ലജ്ജാഭാരത്താല്‍ തലകുടഞ്ഞുകൊണ്ട് അവര്‍ മുഖംതിരിച്ചു.

താഴ്‌വരകളില്‍ അവിടവിടെയായി പ്രത്യക്ഷപ്പെടുന്ന കൃഷിഭൂമികള്‍ കാഴ്ചയില്‍ ഫലഭൂയിഷ്ടമാണെന്ന് തോന്നി. നിലമൊരുക്കുന്നതു മുതല്‍ കൊയ്ത്തുവരെയുള്ള കൃഷിപ്പണികളധികവും ചെയ്യുന്നത് സ്ത്രീകളാണ്. ഉഴവുകഴിഞ്ഞ് കലപ്പയും തോളിലേറ്റി കുന്നില്‍ചരിവിലുള്ള വീട്ടിലേക്ക് കയറിപ്പോകുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ആ ചിത്രം ക്യാമറയില്‍ പകര്‍ത്തണമെന്നുതോന്നി. പക്ഷേ  വണ്ടിനിറുത്തിയപ്പോഴേക്കും അവള്‍ കലപ്പയുമായി വീടിനുപിന്നില്‍ എത്തിക്കഴിഞ്ഞിരുന്നു.

വൈകുന്നേരം വഴിയില്‍ ഒരിടത്ത് ചായകുടിക്കാനിറങ്ങി. ഭൂട്ടാനികള്‍ക്ക് ചായ ഒരു ശീലമല്ല. അതുകൊണ്ടുതന്നെ ആവശ്യപ്പെട്ടുചെല്ലുന്നവര്‍ കുറച്ചുനേരം കാത്തിരിക്കേണ്ടിവരും. ചായക്കട നടത്തുന്നത് സ്ത്രീകളാണ്.

ഉന്മേഷമരുളുന്ന പ്രത്യേക രുചിയാണ് ഇവിടത്തെ ചായയ്ക്ക്. തേയിലയുടെ ജൈവഗുണമാവാം. ജൈവകൃഷി പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കിയിട്ടുള്ള രാജ്യമാണ് ഭൂട്ടാന്‍.
ഏതാണ്ട് നൂറ്റിയമ്പത്തിനാല് കിലോമീറ്റര്‍ ദൂരം പിന്നിട്ട്, താമസസ്ഥലമായ പീസ്ഫുള്‍ റിസോര്‍ട്ടിലെത്തിയപ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് സമയത്തെക്കാള്‍ അരമണിക്കൂര്‍ മുമ്പോട്ടാണ് ഭൂട്ടാന്‍ സമയം. ഭാരമുള്ള ബാഗുകള്‍ നിഷ്പ്രയാസം തൂക്കിയെടുത്ത് മുറിയിലെത്തിച്ചത് സൗമ്യസൗന്ദര്യത്തിന്‍റെ  ഉടമകളായ വെളുത്തുമെലിഞ്ഞ രണ്ടു പെണ്‍കുട്ടികള്‍. ഭൂട്ടാനിലെ മിക്ക ഹോട്ടലുകളിലും ഇതേപോലുള്ള ഹോട്ടല്‍ജീവനക്കാരികളെ കാണാം.
യാത്രാക്ഷീണവും തണുപ്പും കാരണം  പുറത്തേക്കിറങ്ങാനേ തോന്നിയില്ല. ചൂടുവെള്ളത്തില്‍ കുളിച്ച്,  അത്താഴം കഴിഞ്ഞ് നേരത്തേ കിടന്നു. ഊഷ്മാവ് പൂജ്യത്തിനും താഴെയായി. മുറിക്കുള്ളിലെ ഇലക്ട്രിക് ഹീറ്ററിന് ഇത്രയേറെ തണുപ്പകറ്റാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഇന്നറും സ്വറ്ററും കൈകാലുറകളും കമ്പിളിയുമൊക്കെ ഉണ്ടായിരുന്നിട്ടും  തണുപ്പിന്‍റെ   കാഠിന്യം നന്നായി അനുഭവിച്ചറിഞ്ഞു.
2002-ലെ സര്‍വ്വേപ്രകാരം 14,824 സ്‌ക്വയര്‍ മൈല്‍ ആണ് ഭൂട്ടാന്‍റെ  ആകെ വിസ്തൃതി. എന്നാല്‍ ഈ ചെറുരാജ്യത്തിന്‍റെ  ഭൂപ്രകൃതിയും കാലാവസ്ഥയും ഓരോ ഭാഗത്തും വളരെ വ്യത്യസ്തമാണ്. തെക്കുഭാഗത്ത് ഉഷ്ണവും മദ്ധ്യഭാഗത്ത് സമശീതോഷ്ണവും വടക്കുഭാഗത്ത് ശൈത്യവുമാണെന്നു പൊതുവേ പറയാമെങ്കിലും  വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണിവിടെ.
തണുപ്പിനെ അവഗണിച്ചുകൊണ്ട് വെളുപ്പിനുണര്‍ന്നു. ജാലക വിരിമാറ്റി പുറത്തേക്കുനോക്കി. സാന്ദ്രമായ പുകമഞ്ഞിന്‍റെ  വെണ്മയില്‍  മുങ്ങിനില്‍ക്കുന്ന പ്രകൃതി. പ്രഭാതനടത്തം വേണ്ടെന്നുവച്ചു. ചായയുണ്ടാക്കിക്കഴിക്കാനുള്ള  സംവിധാനങ്ങളെല്ലാം മുറിക്കുള്ളില്‍തന്നെയുണ്ടായിരുന്നു. ചായകുടിച്ചശേഷം മൊബൈല്‍ഫോണുമായി റിസപ്ഷനിലേക്കു ചെന്നു. സാറ്റിന്‍വിരിയിട്ട പീഠത്തിന്മേല്‍  രാജാവിന്‍റെ  ചിരിക്കുന്ന ചിത്രം അലങ്കരിച്ചുവച്ചിരിക്കുന്നു. പൂപ്പാത്രങ്ങളില്‍ പലവര്‍ണ്ണങ്ങളിലുള്ള പുതിയപൂക്കള്‍.  വലിയൊരു നെരിപ്പോടിനുചുറ്റും ദേശീയരും വിദേശീയരുമായി നാലഞ്ചുപേര്‍ കൂടിനിന്നു തീകായുകയാണ്.

  നെരിപ്പോടിന്‍റെ   മുകള്‍ത്തട്ടില്‍ നിരത്തിവച്ചിരിക്കുന്ന ഭംഗിയുള്ള ഉരുളന്‍ കല്ലുകള്‍ക്കുമീതേ കൈപ്പത്തികള്‍ ചേര്‍ത്തുവച്ച് കുറേനേരം നിന്നു. വൈഫൈ ലഭ്യമായിരുന്നതിനാല്‍   തീകായുന്നതായ ചിത്രങ്ങളെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തു.  വാട്‌സാപ്പു തുറന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്ദേശങ്ങളും ക്ഷേമാന്വേഷണങ്ങളും വായിച്ചു.
തിംഫുവിലെ രാത്രിഊഷ്മാവ് മൈനസ് 6 ഡിഗ്രി ആയിരുന്നത്രെ! ഇത്രയും തണുപ്പ് താങ്ങാനാവുമോ എന്നതായിരുന്നു എല്ലാവരുടെയും ഉത്കണ്ഠ. നാട്ടില്‍ കാത്തിരിക്കുന്ന സ്‌നേഹങ്ങളുടെ ആഴമറിയുന്നത് അകലെയായിരിക്കുമ്പോഴാണല്ലൊ! എല്ലാവര്‍ക്കും മറുപടി അയച്ചശേഷം മുറിയിലേക്കുചെന്നു.  മുറി പങ്കിടുന്ന സുശീല  ടി.വിയുടെ മുന്നിലിരിപ്പാണ്. ഭൂട്ടാനിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ സ്ക്രീനില്‍ മാറിമാറി തെളിയുന്നു ; ഒപ്പം  ഭക്തിസാന്ദ്രമായൊരു ദ്‌സോങ്ഖ ഗാനം മുറിയിലാകെ നിറഞ്ഞൊഴുകുന്നു.
 രാവിലെ എട്ടുമണിക്കാണ് ഇന്നത്തെ യാത്ര തുടങ്ങുന്നത്. മണി ഏഴരയായിരിക്കുന്നു. പെട്ടെന്ന് ചൂടുവെള്ളത്തിലൊരു കുളിയും കഴിച്ച്, പുറത്തേക്കിറങ്ങാനുള്ള ഒരുക്കങ്ങളുമായി താഴേക്കുചെല്ലുമ്പോള്‍ സഹയാത്രികര്‍ ഡൈനിംഗ്ഹാളില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. ദേശീയ വസ്ത്രമായ  'കിര'യണിഞ്ഞ ഭൂട്ടാനി പെണ്‍കുട്ടികള്‍ ഞങ്ങള്‍ക്ക് പ്രഭാതഭക്ഷണം വിളമ്പിത്തന്നു. കുടിക്കാന്‍ തണുത്തവെള്ളവും!
പക്ഷികള്‍ ചിലയ്ക്കുന്നതുപോലെ വര്‍ത്തമാനംപറഞ്ഞു ചിരിക്കുന്ന ആ കുട്ടികളുടെ ചുവന്നുതുടുത്ത രൂപസൗന്ദര്യവും പ്രസന്നതയാര്‍ന്ന പെരുമാറ്റവും ഞങ്ങളെയും സന്തുഷ്ടരാക്കി.

 'നിന്‍റെ  പേരെന്താ മോളേ?' കൂട്ടത്തില്‍ ഏറ്റവും സുന്ദരിയായവളോട് ചോദിച്ചു.
 'ദവ' അവള്‍  കിലുങ്ങിച്ചിരിച്ചുകൊണ്ടു പറഞ്ഞു.
 'ഓഹ്! നിലാവുപൊഴിക്കുന്ന ചന്ദ്രനെപ്പോലെ സുന്ദരിതന്നെ നീ. ഞങ്ങളുടെ ദേശീയഭാഷയില്‍ ദവ എന്നുപറഞ്ഞാല്‍ എന്താണെന്നറിയാമോ? മരുന്ന്.' ഞാനവളെ ഇംഗ്ലീഷില്‍ കളിയാക്കി. അവള്‍ കൂട്ടുകാരികളെ നോക്കി വാപൊത്തിച്ചിരിച്ചു. അതൊരു കൂട്ടച്ചിരിയായി മാറി.
(ലിംഗഭേദമില്ലാത്തൊരു ടിബറ്റന്‍  പേരാണ് ദവ. ചന്ദ്രന്‍ എന്നര്‍ത്ഥം. ടിബറ്റ്, മംഗോളിയ,  ചൈന, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ആണിനും പെണ്ണിനും ഈ പേരുണ്ട്.)







No comments:

Post a Comment