അപരിമേയമായ ആത്മീയതയുടെയും അമ്പരപ്പിക്കുന്ന വിസ്മയങ്ങളുടെയും
അനുപമ സൗന്ദര്യങ്ങളുടെയും ഉയരക്കുടിയിരിപ്പുകള്‍ തേടിയെത്തുന്ന
മനുഷ്യന്‍റെ മുന്നില്‍ പ്രാക്തനപ്രകൃതിയുടെ നിഗൂഢതകള്‍
നെഞ്ചേറ്റിനില്‍ക്കുന്ന ഹിമാലയം!
അതിവിസ്തൃതമായ ആ നെഞ്ചിടങ്ങളില്‍എത്രയെത്ര
ദുര്‍ഘടസഞ്ചാരപഥങ്ങള്‍, തൊട്ടുതീണ്ടാത്ത കന്യാവനങ്ങള്‍!
കണ്ടും കേട്ടും അനുഭവിച്ചും ഉള്‍ക്കൊള്ളുന്ന വിശ്വപ്രകൃതിയുടെ
അപാരതകള്‍ വാഴ്ത്തുകള്‍ക്കതീതം. അതിസാഹസികവും
ക്ലേശകരവുമായ സിക്കിംയാത്രയുടെ അവസാനത്തെ രണ്ടുദിനങ്ങളിലാണ്
പടിഞ്ഞാറന്‍ സിക്കിമിലെ പെല്ലിംഗ് സന്ദര്‍ശിച്ചത്. ഗാങ്ടോക്കില്‍നിന്ന്
നൂറ്റിപ്പതിനഞ്ചുകിലോമീറ്റര്‍ ദൂരം. കുറഞ്ഞത് അഞ്ചുമണിക്കൂര്‍നേരത്തെ
യാത്ര. പക്ഷേ വാഹനസൗകര്യങ്ങള്‍ പരിമിതമായ പെല്ലിംഗിലേക്കുള്ള
യാത്ര വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല. ഉയരമുള്ള
മലകളുടെ ചരിവുകള്‍ അരിഞ്ഞൊതുക്കിയ ഇത്തിരിവഴിയിലൂടെ
കുലുങ്ങിയും ചാടിയും മുന്നേറുകയാണ് ജീപ്പ്. പ്രകൃതിയുടെ
വിസ്മയസൗന്ദര്യങ്ങള്‍ കണ്ണും കരളും കവരുമ്പോള്‍ റോഡിന്‍റെ
ദുര്‍ഘടാവസ്ഥയും വണ്ടിയുടെ ചാട്ടവും കുലുക്കവുമൊന്നും
സഞ്ചാരികളെ അലട്ടാറില്ല എന്നത് വിചിത്രമായ വസ്തുത.
മണ്ണൊലിപ്പില്‍ കടപുഴകി വീണുകിടക്കുന്ന വന്മരങ്ങളും
വഴിയരികിലേക്ക് ഊര്‍ന്നിറങ്ങിയ ഉരുളന്‍ പാറകളും ഇലകളിലും
പൂക്കളിലും വര്‍ണ്ണവൈവിദ്ധ്യമൊരുക്കുന്ന ജൈവപ്രകൃതിയും
വെള്ളിമുത്തുകള്‍ ചിതറുന്ന വെള്ളച്ചാട്ടങ്ങളും ഉത്സവക്കാഴ്ചകളായി
നിരന്തരം പ്രത്യക്ഷപ്പെടുമ്പോള്‍ കണ്ണുകള്‍ തുറന്നുപിടിച്ചൊരിരുപ്പാണ്.
ക്യാമറയും വിശ്രമമറിയില്ല. ഇതിനിടയ്ക്ക് യാദൃശ്ചികമായി
വന്നുപെട്ടൊരു ഗതാഗതക്കരുക്ക് അവിടത്തെ ഡ്രൈവര്‍മാര്‍
എത്ര ശാന്തരും ക്ഷമാശീലരുമാണെന്ന് കാട്ടിത്തന്നു.
മുന്നോട്ടുപോകുന്തോറും റോഡിന്‍റെ അവസ്ഥ കൂടുതല്‍ ദുര്‍ഘടമായി.
വല്ലപ്പോഴും ഒരു കാറോ മറ്റോ കടന്നുപോകുന്നതൊഴിച്ചാല്‍
ആ മലമ്പാത തീര്‍ത്തും വിജനം. ഓടുന്ന വണ്ടിയുടെ
തലവെട്ടത്തിലും രാത്രിയുടെ ഇരുള്‍വെളിച്ചത്തിലും
മാത്രമായി കാഴ്ചകള്‍ പരിമിതപ്പെട്ടു.
മോഷണം, പിടിച്ചുപറി, ലൈംഗികാതിക്രമം തുടങ്ങിയ
കുറ്റകൃത്യങ്ങളൊന്നുമില്ലാത്ത നാടായതിനാല്‍ അത്തരം
ഭയാശങ്കകളൊന്നും ലവലേശം അലട്ടിയില്ല.
എങ്കിലും ഈ വിജനമായ മലമ്പാതയില്‍വച്ച് വണ്ടിക്ക്
എന്തെങ്കിലും തകരാറുപറ്റിയാല്‍ രാത്രിമുഴുവന്‍
വഴിയില്‍ കുടുങ്ങിയതുതന്നെ എന്നൊരാശങ്ക ഇടയ്ക്കിടെ
മനസ്സിനെ നടുക്കാതിരുന്നില്ല. ഇരുള്‍ പാര്‍ക്കുന്ന
കാടുകളും മേടുകളും താണ്ടി, ചെറുവെളിച്ചം
പരത്തുന്ന കൊച്ചു കവലകളും കടന്ന് സുരക്ഷിതമായി
പെല്ലിംഗ്ടൗണിലെത്തിച്ച്, രുചികരമായ ദക്ഷിണേന്ത്യന്‍
ഭക്ഷണം കിട്ടുന്ന നല്ലൊരു ഹോട്ടലില്‍ താമസസൗകര്യവും
ഏര്‍പ്പെടുത്തിത്തന്നിട്ടേ ഡ്രൈവര്‍ ഷിന്റോ മടങ്ങിയുള്ളൂ.
അതിര്‍ത്തിസംസ്ഥാനമായ സിക്കിമിന്‍റെ മറ്റുപ്രദേശങ്ങളെ
അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലുള്ളത് പെല്ലിംഗിലാണ്.
കിഴക്കന്‍ഹിമാലയത്തിന്‍റെ ഉള്‍പ്രദേശത്ത് 7200 അടി
ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പെല്ലിംഗ്
പുറംലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയിട്ട്
അധികകാലമായിട്ടില്ല. റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക,
വിനോദസഞ്ചാരികള്‍ക്കാവശ്യമായ താമസസൗകര്യങ്ങളുംമറ്റും
ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ പെല്ലിംഗ് ഇപ്പോള്‍
ഒരു പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. ടൗണിലുള്ള
ഹോട്ടലുകള്‍ മിക്കവയും ദക്ഷിണേന്ത്യന്‍ ഉടമകളുടേതാണ്.
ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ കഞ്ചന്‍ജംഗ
ഉള്‍പ്പെടെയുള്ള ഹിമാലയശൃംഗങ്ങള്‍ ഏറ്റവും അടുത്ത്
കാണാനാവും എന്നതാണ് പെല്ലിംഗിന്‍റെ മുഖ്യആകര്‍ഷണം.
അതുകൊണ്ടുതന്നെ ഇവിടത്തെ ഹോട്ടലുകളെല്ലാം ഈ
ഗിരിനിരയ്ക്ക് അഭിമുഖമായാണ് പണിതിരിക്കുന്നത്.
ജൈനന്മാരുടെയും ദക്ഷിണേന്ത്യക്കാരുടെയും
ഇഷ്ടവിഭവങ്ങള്‍ ആവശ്യാനുസരണം ലഭിക്കുന്ന
‘ഹാവ്മോര്‍’ ഹോട്ടലിലായിരുന്നു താമസം.
അതിരാവിലെ ഉണര്‍ന്നെണീറ്റ് അല്‍പ്പമകലെയുള്ള
ഹെലിപ്പാഡിലേക്കു നടന്നു. മഞ്ഞുതൊപ്പിയണിഞ്ഞ പര്‍വ്വതശൃംഗങ്ങളില്‍
വര്‍ണ്ണക്കുടമാറ്റം നടത്തുന്ന വസന്തസൂര്യോദയം മറയില്ലാതെ
കാണാന്‍പറ്റുന്ന ഇടങ്ങളിലൊന്നാണത്.
ഇളംചുവപ്പ്, ഇളംമഞ്ഞ, തൂവെള്ള എന്നിങ്ങനെ
മലനെറുകകളില്‍ മാറിപ്പടരുന്ന നിറഭേദങ്ങള്‍
അത്ഭുതത്തോടെ നോക്കിനില്‍ക്കേ പരിസരമാകെ മാരിവില്ലിന്‍റെ
നിറങ്ങളേഴും വാരിവിതറിക്കൊണ്ട് പിന്നിലെ മരങ്ങള്‍ക്കിടയിലൂടെ
സൂര്യന്‍ ഉയര്‍ന്നുവന്നു. ശരീരവും മനസ്സും മഴവില്ലഴകില്‍
മുങ്ങിനിന്ന ആ തണുത്ത പ്രഭാതം ജീവിതത്തിലെ
അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായി.
തണുപ്പും വിശപ്പും മറന്ന് വളരെനേരം ആ ദിവ്യാനുഭൂതിയില്‍
മയങ്ങിനിന്നുപോയി.
തെരുവുനായ്ക്കളുടെ കൂട്ടക്കുരകേട്ടാണ്
പരിസരത്തിലേക്കുണര്‍ന്നത്.
ഹെലിപ്പാഡില്‍ തമ്പടിച്ചിരിക്കുന്ന നായ്ക്കൂട്ടം
ഒരേസ്വരത്തില്‍ ആവശ്യപ്പെടുകയാണ്: ഇത് ഞങ്ങളുടെ ആസ്ഥാനമാണ്;
നിങ്ങള്‍ ഇവിടെനിന്ന് മാറിപ്പോവുക. സിക്കിമില്‍ തെരുവുനായ്ക്കള്‍
സാധാരണകാഴ്ചയാണെങ്കിലും അവ ആരെയും ഉപദ്രവിക്കാറില്ല.
ഒരുപക്ഷേ അവയും ജനസംഖ്യയില്‍ വലിയൊരു ശതമാനം വരുന്ന
ബുദ്ധന്മാരെപ്പോലെ അഹിംസയില്‍ വിശ്വസിക്കുന്നവരാവാം. എങ്കിലും
കേരളത്തിലെ സ്ഥിതി അറിയാവുന്നതുകൊണ്ട് അവയുടെ
അടുത്തേക്കുപോകാന്‍ ധൈര്യംവന്നില്ല. തെല്ലകലെനിന്ന് ശ്വാനപ്പടയുടെ
പ്രതിഷേധവും പ്രഭാതലീലകളും ക്യാമറയില്‍ പകര്‍ത്തി
തിരിച്ചുവരുന്നവഴിക്ക് ഒരു ട്രാവല്‍ഏജന്‍സിയില്‍ (ലെറ്റസ് ഗോ ടൂര്‍സ്
ആന്റ് ട്രാവല്‍സ്) കയറി. പെല്ലിംഗിലെ പ്രധാനസ്ഥലങ്ങളെല്ലാം ഒരു
പകല്‍യാത്രയില്‍ കണ്ടുവരാവുന്നതേയുള്ളുവെന്നും ചെറിയൊരു
ടാക്സികാര്‍ ഏര്‍പ്പാടാക്കിത്തരാമെന്നും പറഞ്ഞുകേട്ടപ്പോള്‍
സന്തോഷമായി.
കവലവക്കില്‍ പൂക്കളും പഴങ്ങളും പച്ചക്കറികളും വിറ്റുകൊണ്ടിരുന്ന
സ്ത്രീകളുടെ വെളുത്തുചുവന്ന മുഖപ്രസാദം എന്നെ
അങ്ങോട്ടാകര്‍ഷിച്ചു. സ്വന്തം വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുന്ന
ജൈവവിളകള്‍ ശേഖരിച്ചുവിറ്റ് നിത്യവൃത്തി കഴിക്കുന്ന പാവം
ഗ്രാമീണര്‍. ഭൂട്ടിയ വിഭാഗത്തില്‍പ്പെട്ട ആ സ്ത്രീകള്‍ നിഷ്കളങ്കരും
മറയില്ലാതെ പെരുമാറുന്നവരുമാണെന്ന് അല്‍പനേരം സംസാരിച്ചപ്പോള്‍
മനസിലായി. പത്തുരൂപക്ക് നാല് ഓറഞ്ചു തന്ന് അവരെന്നെ
ആശ്ചര്യപ്പെടുത്തി.
വേഗം ഹോട്ടലില്‍പോയി പ്രഭാതഭക്ഷണം കഴിഞ്ഞ് യാത്രയ്ക്ക്
തയാറായിവന്നു. കൃത്യം ഒമ്പതുമണിക്കുതന്നെ ടാക്സിയെത്തി. ദാരാപ്പ്
എന്ന ഗ്രാമത്തിലേക്കാണ് ആദ്യം പോയത്. ടൂറിസം വികസനത്തിന്‍റെ
ഭാഗമായി വെബ്സൈറ്റുകളിലും ബ്രോഷറുകളിലും
ഇടംപിടിച്ചതോടെയാണ് ഹിമാലയത്തിന്‍റെ ഉള്‍ഭാഗത്ത് അറിയപ്പെടാതെ
കിടന്നിരുന്ന ഈ ആദിവാസിഗ്രാമം ലോകശ്രദ്ധനേടിയത്. വിദേശികളും
സ്വദേശികളുമായി ധാരാളം സഞ്ചാരികള്‍ ഇപ്പോള്‍ ഇവിടെ
വന്നുപോകുന്നുണ്ട്. ഏറെക്കുറെ നമ്മുടെ നെല്ലിയാംപതിയെ
ഓര്‍മ്മിപ്പിക്കുന്ന ഗ്രാമപാതകളും സസ്യപ്രകൃതിയും. നൂറ്റാണ്ടുകളായി
തനതുസംസ്‌കാരം കലര്‍പ്പില്ലാതെ കാത്തുപോരുന്ന ലിമ്പു ഗോത്രക്കാരാണ്
ഇവിടെ അധിവസിക്കുന്നവര്‍. ട്രെക്കിംഗ്, പക്ഷിനിരീക്ഷണം, കഞ്ചന്‍ജംഗ
ദേശീയോദ്യാനം, പുരാതനഗുഹകള്‍, കരകൗശലനിര്‍മ്മിതികള്‍,
എന്നിവയ്ക്കുപുറമേ പരമ്പരാഗത ഭവനസന്ദര്‍ശനവും ഹോംസ്റ്റേകളും
ഭക്ഷണവൈവിദ്ധ്യവും ആതിഥ്യമര്യാദകളുമൊക്കെ വ്യത്യസ്തത തേടുന്ന
സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്നു. പരമ്പരാഗത ഭവനസന്ദര്‍ശന
ത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് അവിടെ ലഭിക്കുന്ന ഊഷ്മളമായ
സ്വീകരണവും സല്‍ക്കാരവുമൊക്കെ ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ട അനുഷ്ഠാനങ്ങളാണെന്നു
പറഞ്ഞാലും തെറ്റില്ല. എന്നാല്‍ ഗോത്രജീവിതം കൂടുതല്‍
അറിയണമെങ്കിലും ആസ്വദിക്കണമെങ്കിലും ഹോംസ്റ്റേകള്‍ ലഭ്യമാണ്.
പരമ്പരാഗതരീതിയില്‍ തടികൊണ്ടു നിര്‍മ്മിച്ച വീടുകളാണ് ഹോംസ്റ്റേകള്‍.
വൃത്തിയും ഭംഗിയുമുള്ള ഇത്തരം വീടുകളിലെ താമസം തികച്ചും
വ്യത്യസ്ഥമായ ഒരനുഭവലോകത്തിലേക്കുള്ള വാതില്‍ തുറക്കലാണ്.
വീട്ടിലെ സ്ത്രീകളാണ് അതിഥിസത്കാരത്തില്‍ മുഖ്യപങ്കു വഹിക്കുന്നത്.
അവര്‍ വീട്ടിലുണ്ടാക്കുന്ന മദ്യവും ഭക്ഷണവും ഹോംസ്റ്റേ
സത്കാരത്തിലെ മുഖ്യയിനങ്ങള്‍ തന്നെ. വേറിട്ട
ഒരനുഭൂതിപ്രപഞ്ചത്തിലേക്കുള്ള മാസ്മരിക യാത്രയും! ആ
വിചിത്രാനുഭവങ്ങള്‍ എന്‍റെയൊരു സ്വപ്നമായി
അവശേഷിക്കയാണിപ്പൊഴും.
ഡ്രൈവര്‍ കൈലാസ് പെല്ലിംഗ് നിവാസിയും ഹിന്ദുവിഭാഗത്തില്‍
പ്പെട്ടയാളും ആയിരുന്നു. ചുറുചുറുക്കുള്ള ആ ചെറുപ്പക്കാരനില്‍നിന്ന്
ലഭിച്ച സഹകരണവും സ്ഥലവിവരങ്ങളും പെല്ലിംഗ് സഞ്ചാരത്തെ
നിറവുറ്റതാക്കി.
വിദ്യാഭ്യാസസൗകര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍
അയാള്‍ അവിടെയുള്ളൊരു സര്‍ക്കാര്‍ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടു
പോയി. അവധിദിവസമായിരുന്നതിനാല്‍ സ്‌കൂളിന്‍റെ പ്രവര്‍ത്തനം
കാണാനായില്ല എങ്കിലും വാച്ചറുടെ അനുവാദത്തോടെ അവിടെയൊക്കെ
ചുറ്റിനടന്നുകണ്ടു. നമ്മുടെ നാട്ടിലെ സ്‌കൂളുകളുമായി താരതമ്യം
ചെയ്യാനാവാത്തവിധം ഭംഗിയുള്ള കെട്ടിടങ്ങളും വൃത്തിയുള്ള
ചുറ്റുപാടുകളുമായിരുന്നു ആ ഗവണ്മെന്റ് സീനിയര്‍ സെക്കന്ററി
സ്‌കൂളില്‍ കാണാനായത്. വളരെ നല്ലരീതിയില്‍, ചിട്ടയോടുകൂടി
പ്രവര്‍ത്തിക്കുന്ന സ്‌കൂളാണതെന്ന് പുറമേയുള്ള ക്രമീകരണങ്ങള്‍
സാക്ഷ്യപ്പെടുത്തുന്നു.
ഗംഭീരമായൊരിരമ്പം; മലയുടെ ഉച്ചിയില്‍നിന്ന് റിമ്പിനദിയിലേക്ക്
പതിക്കുന്ന വലിയൊരു വെള്ളച്ചാട്ടം – റിമ്പി വാട്ടര്‍ഫാള്‍സ്.
ഫോട്ടോജനിക്കായ ദൃശ്യങ്ങള്‍. വാഴകളും പരിചിതസസ്യങ്ങളും
തിങ്ങിനിറഞ്ഞ ആ പ്രദേശത്തിന് കേരളത്തിന്റെ മുഖച്ഛായ.
വെള്ളത്തിന് കിരുകിരുത്ത തണുപ്പ്. കുറച്ചൊന്നു മുമ്പോട്ടു
നീങ്ങിയാല്‍ നദിക്കരയിലെ ഓറഞ്ചുതോട്ടം കാണാം.
സെവേര ഓറഞ്ചുതോട്ടം. കോലിഞ്ചിയും കുറ്റിച്ചെടികളും അതിരിട്ട
നടവഴിയിലൂടെ ഉള്ളിലേക്കിറങ്ങിച്ചെന്നു.
സാമാന്യം വളര്‍ച്ചയെത്തിയ ചെടികളില്‍ അവിടവിടെ പഴുത്തതും
പച്ചയുമായ ചെറിയ ഓറഞ്ചുകള്‍.
ഒരെണ്ണം പറിച്ചെടുത്ത് രുചിച്ചുനോക്കി, വല്ലാത്ത പുളിപ്പ്.
തോട്ടത്തിനുള്ളില്‍ വില്‍പ്പനക്കാര്‍
നിരത്തിവച്ചിരിക്കുന്നത് അവര്‍ സ്വന്തംതൊടികളില്‍നിന്ന്
പറിച്ചുകൊണ്ടുവന്ന മധുരമുള്ള ഓറഞ്ചും പേരക്കയും!
നടവഴിയിലെ അവസാനപടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുന്നത്
ശുദ്ധജലസമൃദ്ധമായ റിമ്പിനദിയിലേക്കാണ്. സ്ഫടികംപോലെ
തിളങ്ങുന്ന തണുത്തജലം.
തീരത്തുനിറയെ ഭംഗിയുള്ള ചെറുപാറകള്‍.
മധുവിധുവിനെത്തുന്നവര്‍ക്ക് ഇവിടെയിരുന്ന് സൈ്വരമായി
സല്ലപിക്കാം. മീന്‍പിടിത്തത്തില്‍ കമ്പമുള്ളവര്‍ക്ക് നാട്ടുകാരായ
കുട്ടികള്‍ക്കൊപ്പം കൂടാം. ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്ക്
കുളിരോളങ്ങളില്‍ കണ്ണുനട്ടിരിക്കാം. തണുപ്പ്
താങ്ങാനാവുമെങ്കില്‍ നദിയിലിറങ്ങി നന്നായൊന്നു
കുളിക്കുകയുമാവാം.
സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമായ സിക്കിമിന്‍റെ കൃഷിഭൂമികളേറെയും
പെല്ലിംഗിലാണ്. മലഞ്ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്തിരിക്കുന്ന
നെല്ലിന്‍റെയും പച്ചക്കറികളുടെയും ജൈവസസമൃദ്ധികണ്ടു വിസ്മയിച്ചും
കറവപ്പശുക്കളെയും സവാരിക്കുതിരകളെയും തെളിച്ചുകൊണ്ട്
നിരത്തോരം ചേര്‍ന്നുപോകുന്ന ഗ്രാമീണരിലേക്ക് കണ്ണുകള്‍തിരിച്ചും
യാത്രതുടരവേ റോഡിലേക്കുന്തിനില്‍ക്കുന്ന പാറക്കെട്ടിനടിയില്‍
സിനിമയിലൊന്നും കണ്ടിട്ടില്ലാത്തവിധം രസകരമായൊരു കുളിസീന്‍!
മലമുകളില്‍നിന്ന് പാറയിലൂടെ ചിതറിവീഴുന്ന ശക്തമായ ജലധാരയില്‍
സ്വയം കുളിച്ച് വൃത്തിയാവുകയാണ് അങ്ങോട്ടുമിങ്ങോട്ടും പോകുന്ന
വാഹനങ്ങള്‍! ഡ്രൈവര്‍മാര്‍ സ്റ്റിയറിംഗ് തിരിച്ച് അവയെ ജലധാരയ്ക്ക്
നേര്‍ചുവട്ടില്‍ ഒരുനിമിഷം നില്‍ക്കാന്‍ അനുവദിക്കുകയും.
തൊട്ടടുത്ത വളവുതിരിഞ്ഞപ്പോഴാണ് ഒളിഞ്ഞിരിക്കുന്നൊരു ഭീമന്‍
വെള്ളച്ചാട്ടം പെട്ടെന്ന് കണ്മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
മഞ്ഞുമൂടിയ കഞ്ചന്‍ ജംഗയുടെ മുകളില്‍നിന്ന് പുറപ്പെട്ടുവരുന്നതിനാല്‍
ഇതിന് കഞ്ചന്‍ ജംഗ വാട്ടര്‍ഫാള്‍സ് എന്നു പേര്.
ഏതാണ്ട് ഉച്ചയോടടുത്തനേരത്ത്
അവിടെയെത്തുമ്പോള്‍ സഞ്ചാരികളുടെ തിരക്കായിരുന്നു.
ഫോട്ടോയെടുത്തും വീഡിയോപിടിച്ചും രണ്ട് ബുദ്ധസന്യാസിമാര്‍ തിരക്കിലലിഞ്ഞു നടക്കുന്നു. വെണ്‍നുര ചിതറിക്കൊണ്ട് ഇരമ്പിപ്പായുന്ന
ഈ വെള്ളച്ചാട്ടത്തിന്‍റെ ഒച്ചയും കരുത്തും എത്രയെന്നറിയണമെങ്കില്‍ പടിക്കെട്ടുകള്‍ കയറി കുറേ മുകളിലേക്ക് ചെല്ലണം.
അവിടെനിന്ന് നദിക്കുകുറുകെ ഇരുകരകളിലായി ബന്ധിപ്പിച്ചിരിക്കുന്ന
റോപ്പില്‍ പിടിച്ചുതൂങ്ങി വെള്ളച്ചാട്ടത്തെ തൊട്ടുരുമ്മി മറുകരെയെത്താം.
റോപ്പുമായി ഒരു ബല്‍റ്റിന്‍റെ ബന്ധനമുണ്ടാവും. കൈവിട്ടാലും
താഴ്ചയിലേക്കു വീഴില്ല. ഈ സാഹസകൃത്യത്തിന് നൂറുരൂപയാണ്
നിരക്ക്. തിരക്ക് നിയന്ത്രിക്കാന്‍ രണ്ടു പൊലീസുകാരുണ്ട്. തന്നാട്ടുകാരായ
ഏതാനും ചെറുപ്പക്കാരും സഹായസന്നദ്ധരായി നില്‍പ്പുണ്ട്.
നദിയോരത്തുള്ള ലഘുഭക്ഷണക്കടയിലും നല്ല തിരക്കാണ്. മസാലചേര്‍ത്തു
പുഴുങ്ങിയ കടലയ്ക്കും ഇഞ്ചിയും ഏലയ്ക്കയും ചേര്‍ത്ത ചായയ്ക്കും
നല്ല മണവും രുചിയും. തട്ടില്‍ നിരത്തിവച്ചിരിക്കുന്ന മുഴുത്ത പേരയ്ക്ക
കണ്ണുകളെ മോഹിപ്പിച്ചു. മൂന്നെണ്ണത്തിന് പത്തുരൂപ! ചെറുപ്പക്കാരിയായ
കടയുടമ കഴുകി മുറിച്ച പേരക്ക പൊരിയണിയിലയില്‍ വിളമ്പിത്തന്നു.
രണ്ടുകഷ്ണം കഴിച്ച് ബാക്കി പൊതിഞ്ഞെടുത്തു.
അടുത്തെവിടെയെങ്കിലും ടോയ്ലറ്റുണ്ടോ എന്നായി അടുത്ത അന്വേഷണം.
റോഡരികത്തു നിന്ന പൊലീസുകാരന്‍ അല്‍പ്പമകലേക്ക് വിരല്‍ചൂണ്ടി.
കല്പടവുകളിറങ്ങിച്ചെന്നപ്പോള്‍ പാറക്കല്ലുപാകിയ വൃത്തിയുള്ളൊരു
കൊച്ചു ടോയിലറ്റ്. അകത്തും പുറത്തും ഡെറ്റോളിന്‍റെ മണം.
കെച്ച്യോപാല്‍രി തടാകത്തിലേക്കുള്ള വഴിക്കരയിലാണ് സോനം എന്ന
കലാകാരനെ പരിചയപ്പെട്ടത്. ഒറ്റമുറിക്കടയുടെ പുറംതട്ടുകളില്‍
വില്‍പ്പനക്കുവച്ചിരിക്കുന്ന കരകൗശലവസ്തുക്കളാണ് ആദ്യം
ശ്രദ്ധയില്‍പ്പെട്ടത്. ഒക്കെയും ഭൂട്ടിയഗോത്രക്കാരുടെ തനതു കലാരൂപങ്ങള്‍.
പുറത്താരെയും കാണാഞ്ഞ് കടയ്ക്കുള്ളിലേക്കു കയറിനോക്കി. ചുറ്റും
ചിതറിക്കിടക്കുന്ന അപൂര്‍ണ്ണ നിര്‍മ്മിതികള്‍ക്കിടയില്‍ ജോലിയില്‍
മുഴുകിയിരിക്കുന്ന ചെറുപ്പക്കാരന്‍. നീട്ടിവളര്‍ത്തികെട്ടിവച്ച തലമുടിയും
ഒറ്റക്കാതിലെ കമ്മലും ക്ലീന്‍ ഷേവായ മുഖവും മട്ടും ഭാവവുമൊക്കെ
കണ്ടപ്പോള്‍ ആളൊരു ‘ന്യൂജന്‍’ കലാകാരനാണെന്ന് തോന്നി.
ചുവരാണികളില്‍ തൂക്കിയിട്ടിരിക്കുന്ന ബുദ്ധവേഷങ്ങള്‍.
ഒരെണ്ണമെടുത്ത് വിലചോദിച്ചു. ‘അത് വാടകയ്ക്കു കൊടുക്കുന്നതാണ്,
ഫോട്ടോയെടുക്കാന്‍’ എന്നായിരുന്നു മറുപടി. ഇവിടെനിന്ന്
വാടകവേഷങ്ങള്‍ എടുത്തണിഞ്ഞ് തൊട്ടടുത്തുള്ള മൊണാസ്ട്രിയുടെ
മുന്നില്‍നിന്ന് ഫോട്ടോയെടുക്കുന്നത് സഞ്ചാരികള്‍ക്കൊരു കൗതുകം; സോനം
എന്ന ഭൂട്ടിയ യുവാവിന് ഒരു വരുമാനമാര്‍ഗ്ഗവും. കാര്യമറിഞ്ഞപ്പോള്‍
കാര്യമറിഞ്ഞപ്പോള്‍ എന്‍റെ സുഹൃത്തിനും ഒരു കൗതുകം,
അല്‍പനേരത്തേക്കൊരു വേഷപ്പകര്‍ച്ച. സോനം അദ്ദേഹത്തെ
വേഷമണിയിച്ച് കൈയില്‍ പ്രാര്‍ത്ഥനാചക്രവും പിടിപ്പിച്ചു. അങ്ങനെ
മൊണാസ്ട്രിക്കു മുന്നില്‍ ബൂദ്ധവേഷധാരിയായി നില്‍ക്കുന്ന
സൂഹൃത്തിന്‍റെ ചിത്രവും യാത്രാആല്‍ബത്തില്‍ ഇടംനേടി.
മൊണാസ്ട്രിയുടെ മുന്നിലെ വഴിയിലൂടെ ഒന്നരകിലോമീറ്റര്‍ദൂരം നടന്നാല്‍
ഒരു വിശുദ്ധതടാകമുണ്ട്; ഗ്രാമീണര്‍ ‘ഷോ ദ്സോ ഷോ’ എന്നു വിളിക്കുന്ന
കെച്ച്യോപാല്‍രി തടാകം. 9.4 ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന
സ്വച്ഛസുന്ദരമായ ഈ തടാകതീരത്ത് ഗുരുപത്മസംഭവന്‍ ഒളിപ്പിച്ചുവച്ച
നിധികളുണ്ടെന്നാണ് ബുദ്ധന്മാരുടെ വിശ്വാസം. കെച്ച്യോപാല്‍രി എന്നാല്‍
ഗുരുപത്മസംഭവന്‍റെ സ്വര്‍ഗ്ഗം എന്നര്‍ത്ഥം.
അന്ധവിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും നിറച്ചാര്‍ത്തണിഞ്ഞ
കെച്ച്യോപാല്‍രി തടാകവും പരിസരപ്രദേശവും ബുദ്ധന്മാര്‍ക്കുമാത്രമല്ല,
ഹിന്ദുക്കള്‍ക്കും ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. ഇവിടെവന്ന് പ്രാര്‍ത്ഥിച്ചാല്‍
ആഗ്രഹസാഫല്യം ഉറപ്പാണത്രെ. പ്രവേശനവഴിക്കരികിലെ
ബുദ്ധിസ്റ്റുമൊണാസ്ട്രിയും വഴിയോരത്തെ സ്മാരകസ്തൂപങ്ങളും
പ്രാര്‍ത്ഥനക്കൊടികളും ഓര്‍മ്മക്കല്ലുകളും തടാകക്കരയിലെ ക്ഷേത്രവും
അരയാല്‍ചുവട്ടിലെ ഭക്തഭിക്ഷുവും തടാകത്തിലേക്കുള്ള
തടിപ്പാലത്തില്‍നിന്ന് വിശ്വാസികള്‍ എറിഞ്ഞുകൊടുക്കുന്ന
നേര്‍ച്ചത്തീറ്റകള്‍ കൊത്തിവിഴുങ്ങുന്ന മത്സ്യക്കൂട്ടങ്ങളും സ്വപ്നസുന്ദരമായ
ഭൂപ്രകൃതിയും എല്ലാംചേര്‍ന്ന് ഒരു മാന്ത്രികലോകത്തില്‍ എത്തിപ്പെട്ട
പ്രതീതി. തടാകം എപ്പോഴും ശുദ്ധമായി സൂക്ഷിക്കുന്നതില്‍ അവിടത്തെ
പക്ഷികള്‍ക്കും വലിയൊരു പങ്കുണ്ടെന്നു പറഞ്ഞുകേട്ടു; സമീപത്തുള്ള
വൃക്ഷങ്ങളില്‍നിന്ന് തടാകത്തിലേക്കു വീഴുന്ന ഇലകള്‍ ഉടന്‍തന്നെ അവ
കൊത്തിയെടുത്തു കൊണ്ടുപോകുമത്രെ!.
ബുദ്ധസന്യാസി മൂന്നുവര്‍ഷം മൂന്നുമാസം മൂന്നുദിവസം
മൂന്നുമണിക്കൂര്‍ (ബുദ്ധമത പ്രചാരകനായ ഗുരു പത്മസംഭവ ഭൂട്ടാനിലെ
മലമുകളില്‍ ടൈഗേഴ്സ് നെസ്റ്റ് എന്ന ഗുഹയില്‍ തപസ്സനുഷ്ഠിച്ച അതേ
കാലയളവ്) തപസ്സനുഷ്ഠിക്കയാണെന്നും അദ്ദേഹത്തിന് ഭക്ഷണം
കൊണ്ടുകൊടുക്കാന്‍ ആളുകള്‍ അവിടെ പോകാറുണ്ടെന്നും സന്യാസി
ആരോടും മിണ്ടുകയില്ലെന്നുമൊക്കെ സോനം പറഞ്ഞറിഞ്ഞപ്പോള്‍ ഒരു
ട്രെക്കിംഗിനുള്ള മോഹം മനസ്സില്‍ നിറഞ്ഞു. പക്ഷേ അവിടെവരെ
പോയിവരണമെങ്കില്‍ കുറഞ്ഞത് നാലുമണിക്കൂര്‍ വേണ്ടിവരും.
തൊട്ടടുത്തുതന്നെ നല്ലൊരു ഹോംസ്റ്റേ ലഭ്യമായിരുന്നെങ്കിലും
സമയക്കുറവുകാരണം ഹോംസ്റ്റേയിലെ സുഖസൗകര്യങ്ങളും
സന്യാസിയെ കാണണമെന്ന ആഗ്രഹവും പിന്നൊരിക്കലേക്ക്
മാറ്റിവച്ച് മടങ്ങി. ഉച്ചഭക്ഷണത്തിനുശേഷം മറ്റൊരു
ദിശയിലേക്കായിരുന്നു യാത്ര.
പെല്ലിംഗ് ടൗണില്‍നിന്ന് അഞ്ചുകിലോമീറ്റര്‍മാറി, അസാധാരണമായ
പ്രകൃതിസൗന്ദര്യത്തിനും ഹൃദ്യമായ ഹോംസ്റ്റേകള്‍ക്കും പ്രസിദ്ധി
നേടിയ ഡന്റാം, ഉത്തരേ എന്നീ ചെറുഗ്രാമങ്ങളെ തമ്മിലിണക്കുന്ന
പൊതുനിരത്തില്‍, കാഴ്ചയുടെ വിരുന്നൊരുക്കി
കാത്തുനില്‍ക്കുകയാണൊരു തൂക്കുപാലം! പാലത്തില്‍നിന്ന്
താഴേക്കുനോക്കിയാല്‍ ദൃശ്യമാവുന്നത് പ്രാക്തനസംശുദ്ധമായൊരു
പച്ചത്താഴ്വര. ചുറ്റും വനനിബിഡമായ മലഞ്ചരിവുകള്‍.
മലഞ്ചരിവുകളില്‍നിന്നും രജതപ്രവാഹംപോലെ പൊട്ടിപ്പായുന്ന ഉഗ്രന്‍
വെള്ളച്ചാട്ടങ്ങള്‍. മനുഷ്യന്‍റെ കൈകള്‍ തൊട്ടശുദ്ധമാക്കാത്ത
പ്രകൃതിയുടെ തനിമ ആവോളം കണ്ടാനന്ദിക്കാമിവിടെ. പരിസരപ്രദേശം
ട്രെക്കിംഗിനും ഏറ്റവും അനുയോജ്യമായ ഇടം തന്നെ. കുറച്ച്
ഉള്ളിലേക്കു ചെന്നുനോക്കൂ… കാട്ടുമുയലും കസ്തൂരിമാനും കാട്ടുപൂച്ചയും
റെഡ്പാണ്ടയുമൊക്കെ മനുഷ്യനെ പേടിക്കാതെ യഥേഷ്ടം
വിഹരിക്കുന്നതു കാണാം. മണ്ണിടിച്ചിലിന് സാദ്ധ്യതയേറിയ ഈ
അസ്ഥിരപ്രദേശത്ത് കോണ്‍ക്രീറ്റോ ഇരുമ്പകൊണ്ടുള്ള പാലങ്ങള്‍ക്കൊന്നും
നിലനില്‍പ്പില്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു
വിദഗ്ദ്ധസംരംഭം പൂര്‍ത്തീകരിക്കപ്പെട്ടത്.
എഴുനൂറടിയോളം താഴ്ചയും അറുനൂറ്റമ്പതടിയോളം വീച്ചുമുള്ള രണ്ട്
മലയിടുക്കുകള്‍ക്കു കുറുകെ പണിതുയര്‍ത്തിയിരിക്കുന്ന സിങ്ങ്ഷോര്‍
തൂക്കുപാലം എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തിന്‍റെ ഉത്തമനിദര്‍ശനമായി
നിലകൊള്ളുന്നു. ഉയരത്തില്‍ സിക്കിമിലെ ഒന്നാമനും ഏഷ്യയിലെ
രണ്ടാമനുമായ സിങ്ങ്ഷോര്‍ പാലത്തിന് പതിനാറുവയസ്സുണ്ട്.
നാട്ടുകാരും പ്രാദേശിക സംഘടനകളും ചേര്‍ന്നുനടത്തുന്ന ബഞ്ചിജംപിംഗ്
എന്ന സാഹസവിനോദത്തിന് ഗവണ്മെന്‍റ് അംഗീകാരം നല്‍കിയിട്ടുള്ള
പ്രത്യേകയിടം കൂടിയാണ് സിങ്ങ്ഷോര്‍ തൂക്കുപാലം.
വിശദവും സുഭഗവുമായ യാത്രാവിവരണം...
ReplyDeleteതുടർയാത്രകളും അവയുടെ കുറിപ്പുകളും ആശംസിക്കുന്നു...
വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദിയും സന്തോഷവും.
Delete