Sunday, 14 December 2014

പ്രാര്‍ത്ഥന (കവിത)








           







      സുരഗീതംപാടിച്ചിലമ്പിച്ചിരിക്കുന്ന
      പെരിയാറേ നിന്നുള്ളം കേഴുകയോ?
      മുല്ലപ്പെണ്ണുമായുള്ള നിന്‍ ബാന്ധവ-
      മൊരുനാളും തീരാത്ത ദുഃഖമായോ?
      ജീവജലം നല്‍കിപ്പോറ്റുന്ന നാടിന്‍റെ
      മക്കളോയിന്നു രിപുക്കളെപ്പോല്‍
      പോരാടുന്നന്ധമായ്, ന്യായച്ചരടിന്മേല്‍
      പാവക്കൂത്താടും ഭരണവര്‍ഗ്ഗം.
      നന്മകള്‍ ചെയ്യുവോര്‍ക്കാതങ്കമേറ്റിടും
      ന്യായങ്ങളെന്തിതോ നാട്ടുനീതി ?

      ഏറുന്നഭാരത്താല്‍ വിള്ളല്‍വീണുള്ളകം
      പൊട്ടുമാറായെന്നോ കേഴുന്നു നീ ?
      അറിയേണ്ടോരെങ്ങുനിന്‍ വാര്‍ധക്യദീനങ്ങ-
      ളറിയാത്തോര്‍ ജല്‍പ്പനം ചെയ്തിടുന്നു!
      രൌദ്രമാം പ്രളയത്തിന്‍ സംഹാരഭീതിയാ -
      ലെത്രപേര്‍ പ്രാണന്‍ പിടഞ്ഞിരിപ്പൂ.













      മുല്ലപ്പെരിയാറേ, കേള്‍ക്കുകി പ്രാര്‍ത്ഥന-
      യുള്ളം നടുങ്ങി നീ പൊട്ടരുതേ,
      പാവങ്ങള്‍ ഞങ്ങളെയറബിക്കടലിന്‍റെ
      മാറത്തു കൊണ്ടു നീ തള്ളരുതേ,
      കട്ടുമുടിക്കുന്നോരധികാരിവര്‍ഗ്ഗത്തെ-
      ക്കോട്ടങ്ങളില്ലാതെ കാത്തീടണേ.

      (മുല്ലപ്പെരിയാര്‍ സമരവുമായി ബന്ധപ്പെട്ട്
       ഒരുവര്‍ഷം മുമ്പെഴുതിയ കവിത )


Friday, 12 December 2014

കളിത്തോഴനോട് (കവിത) എസ്.സരോജം


സ്വര്‍ഗ്ഗസാനുക്കള്‍ താണ്ടിയെത്തുന്ന
കൊച്ചുകാറ്റിന്‍ നിമന്ത്രണം
കേള്‍ക്കെയോര്‍ക്കുന്നെന്‍ കൊച്ചുതോഴന്‍റെ -
യിഷ്ടഗാനത്തിന്‍ ശീലുകള്‍.


പ്രേമമോടെന്നെ പാടിക്കേള്‍പ്പിച്ച
സുന്ദരസ്വര രാഗങ്ങള്‍
കേട്ടുകേട്ടു പഠിച്ചെന്‍ ശാരിക-
യോര്‍ത്തുപാടുന്നു തെറ്റാതെ.

കാറ്റിനും കൊതി തോന്നിയന്നു നിന്‍
പാട്ടിനൊത്തു പറന്നിടാന്‍.
കാട്ടുപൂക്കള്‍ വയല്‍ക്കിളികളും 
കാതോര്‍ത്തു വഴിപോക്കരും.
 
കൈത പൂത്തു മണം ചുരത്തുന്ന
തോടിന്നോരത്തായ് മൃദുസ്മിതം
തൂകുന്നോരെന്‍റെ തോഴനോടന്ന്
തൂവാനത്തുമ്പി ചോദിച്ചു:
പോരുന്നോയെന്‍റെ നാട്ടിലേക്കു നീ
പോരുന്നോ ഗാനഗന്ധര്‍വ്വാ ?
കൊണ്ടുപോയിടാമെന്‍ ചിറകിന്മേല്‍
രണ്ടേഴു ലോകവും കാട്ടിടാം.

അന്നുപോയെരെന്‍ കൂട്ടുകാരനെ-
യിന്നും തേടുകയാണു ഞാന്‍.
വേഗം പോരുക ദേവലോകത്തെ
പാരിജാതവും കൊണ്ടു നീ.

കാളിമയേറും കാടകംപോലെ
കാമംപൂക്കും മര്‍ത്യമാനസം
പൂവുംപിഞ്ചും മുറ്റുമൊന്നുപോല്‍
പിച്ചിച്ചീന്തുന്നു നിര്‍ദ്ദയം.

നാടും വീടുമില്ലന്തരമെങ്ങും
കാട്ടുനീതിതന്‍ താണ്ഡവം.
ഭീതിയാലെന്‍റെയുള്ളം തുള്ളുന്നു
ചിമ്മുന്നില്ലെന്‍റെ കണ്ണുകള്‍.

കൂരിരുള്‍പ്പാതയോരത്തു നിന്നെ
കാത്തിരിക്കുകയാണു ഞാന്‍.
വേഗം പോരുക കന്മഷാരിയാം
സ്നേഹപീയൂഷം കൊണ്ടു നീ.

Sunday, 7 December 2014

പുസ്തകനിരൂപണം - സിംഹമുദ്ര - മൈക്കിള്‍ വര്‍ഗീസ്


യാത്രാവിനോദം - രാമക്കല്ലും കുറവനും കുറത്തിയും




       പശ്ചിമഘട്ടത്തില്‍, സമുദ്രനിരപ്പില്‍നിന്നും മൂവായിരത്തിലേറെ അടി ഉയരത്തിലാണ്  രാമക്കല്‍മേട്‌  സ്ഥിതിചെയ്യുന്നത്. രാമക്കല്ല്,  കുറവന്‍ കുറത്തി ശില്പം  തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുണ്ടിവിടെ. ഇടുക്കി ജില്ലയില്‍, കട്ടപ്പനയില്‍നിന്നും ഇരുപതും  മൂന്നാറില്‍നിന്നും എഴുപതും തേക്കടിയില്‍ നിന്നും നാല്‍പ്പതി മൂന്നും കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കേരളത്തിന്‍റെയും തമിഴ് നാടിന്‍റെയും അതിര്‍ത്തിപ്രദേശമായ രാമക്കല്‍മേടിലെത്താം.
                    രാമക്കല്‍മേട് എന്ന സ്ഥലനാമത്തിന് ത്രേതായുഗത്തോളം പഴക്കമുള്ള ഒരു ഐതിഹ്യമുണ്ട്. ശ്രീരാമന്‍ സീതയെ അന്വേഷിച്ചു കാട്ടില്‍ അലയവേ, ഇവിടെയും വന്നിരുന്നുവെന്നും ഇവിടെവച്ചാണ് സേതുബന്ധനത്തിന് രാമേശ്വരം തെരഞ്ഞെടുത്തതെന്നുമാണ്  കഥ. 'രാമന്‍ കാലുവച്ച മേട് '  എന്ന അര്‍ത്ഥത്തില്‍ രാമക്കല്‍മേട്‌ എന്ന പേരുണ്ടായതാണത്രേ.
ഇല്ലിക്കാടികളും  കുറ്റിച്ചെടികളും  നിറഞ്ഞ കാട്ടുവഴിയിലൂടെ   കുറച്ചുദൂരം  നടക്കണം. ഇടയ്ക്ക് ഒരു കുഞ്ഞുനീര്‍ച്ചാല്.  മലകയറിച്ചെന്നാല്‍ മുകളറ്റത്ത്  വലിയൊരു പാറക്കല്ല് . ശ്രീരാമന്‍റെ പാദമുദ്രകള്‍ പാറമേല്‍ പതിഞ്ഞു കിടന്നിരുന്നു എന്നാണ്  കേട്ടുകേള്‍വി;  ഒന്നും  കാണാനില്ല. ഐതിഹ്യത്തെക്കാള്‍ കൂടുതല്‍ വിശ്വസനീയമായി തോന്നുന്നത് സ്ഥലനാമ ഉല്പത്തി വിവരങ്ങളാണ്. രാമന്മാര്‍ (കുരങ്ങന്മാര്‍) കൂട്ടമായി  വന്നിരിക്കാറുള്ള കല്ല്‌ (പാറ) എന്നാണത്.   പാറയുടെ   മുകളില്‍ കയറിപ്പറ്റുക എന്നത് അതിസാഹസം തന്നെ. എങ്ങനെയെങ്കിലും  അറ്റംവരെ കയറിപ്പറ്റിയാലോ...  കാലിന്‍റെ തളര്‍ച്ച മറന്ന് ചുണ്ടില്‍  ഒരു  വിജയച്ചിരി വിടര്‍ത്താം,  തണുത്ത കാറ്റിന്‍റെ താലോലമേറ്റ്  രാമക്കല്ലിന്മേലിരുന്നു തമിഴ് നാടിന്‍റെ താഴ്വാരഭംഗികള്‍   മിഴിതുറന്നു കാണാം. ശ്രദ്ധിക്കണേ,  വഴുതിപ്പോയാല്‍,  നേരേ തമിഴകത്തിന്‍റെ താഴ്ചയിലേക്കാവും  ചെന്നുവീഴുക.
                                     
 
           കല്ലിന്മേല്‍ക്കല്ലുമായി ബന്ധപ്പെട്ട് മറ്റൊരു കഥയുണ്ട് : വനവാസകാലത്ത് പാണ്ഡവന്മാര്‍ ഇവിടെ വന്നിരുന്നുവെന്നും  പാഞ്ചാലിക്ക് മുറുക്കാന്‍ ഇടിച്ചുകൊടുക്കാന്‍ ഭീമസേനന്‍ ഉപയോഗിച്ച കല്ലാണ് കല്ലിന്മേല്‍ക്കല്ല്  എന്നുമാണത്.            
                 കുറച്ചകലെയായി, കാറ്റും കോടമഞ്ഞും സംഗമിക്കുന്ന മറ്റൊരു മലയുണ്ട്. അവിടെ യാത്രക്കാരെ കാത്തിരിക്കുന്നത്  ഒരു ആദിവാസി കുടുംബമാണ്.  ഒരു കുറവനും കുറത്തിയും അവരുടെ മകനും. കുറവന്‍റെ  കയ്യില്‍ ഒരു പൂവങ്കോഴിയുമുണ്ട്. കുറവന്‍ കുറത്തി മലകളെ തമ്മില്‍ ബന്ധിപ്പിച്ചാണല്ലോ ഇടുക്കിയില്‍ ആര്‍ച്ച്ഡാം നിര്‍മ്മിച്ചിരിക്കുന്നത്.  പഴമയുടെ സുഗന്ധമുള്ള കുറവന്‍കുറത്തിക്കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ എന്നറിയില്ല...   ബാലരാമപുരത്തു കാരനായ  ജിനന്‍ എന്ന ശില്‍പ്പി നിര്‍മ്മിച്ചതാണ് ഈ സിമന്‍റ്  പ്രതിമകള്‍. മലമ്പുഴയിലെ യക്ഷിയെപ്പോലെ, ശംഖുംമുഖത്തെ മല്‍സ്യകന്യകയെപ്പോലെ  രൂപ വലിപ്പം കൊണ്ടും കലാഭംഗി കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന  ഒന്നാണ് രാമക്കല്മേടിലെ കുറവന്‍ കുറത്തി പ്രതിമയും.  
                              
           
             ദാ  ഈ കാണുന്ന പടികളിലൂടെ മലമുകളിലെത്താം.   സാഹസപ്രിയരല്ലാത്തവര്‍ മഞ്ഞും മഴയും ഇല്ലാത്ത നേരം നോക്കി വേണം മലകയറാന്‍.    
    (തുടരും)

Saturday, 6 December 2014

യാത്രാവിനോദം - രാമക്കല്‍മേടിലെ കാറ്റാടിപ്പാടം


ഇടുക്കി ജില്ലയില്‍, കേരള - തമിഴ് നാട് അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍നിന്നും മൂവായിരത്തി അഞ്ഞൂറ്റിയറുപതടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലമ്പ്രദേശമാണ് രാമക്കല്‍മേട്‌ . ഇന്ത്യയില്‍ ഏറ്റവുമധികം കാറ്റുവീശുന്ന സ്ഥലങ്ങളിലൊന്നാണിത്. മണിക്കൂറില്‍ ശരാശരി 32.5 കിലോ മീറ്റര്‍ വേഗത. കേരളത്തില്‍ പാലക്കാട്ടെ കഞ്ചീക്കോട്ടും ഇടുക്കിയിലെ രാമക്കല്‍മേടുമാണ് കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സ്ഥലങ്ങള്‍. 




നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ രാമക്കല്‍മേടില്‍ 20 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് പദ്ധതിയിട്ടുവെങ്കിലും അതിപ്പോള്‍ ഉപേക്ഷിച്ചമട്ടാണ്. സ്വകാര്യമേഖലയിലുള്ള വെസ്റ്റാസ് കമ്പനി ഇവിടെ 75 മെഗാവാട്ട് ശേഷിയുള്ള പത്തൊന്‍പത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ദൂരെ നിന്ന് കാണുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും ഇരുന്നൂറ്റന്പതോളം അടി ഉയരമുള്ള തൂണുകളില്‍ ഉറപ്പിച്ചിരിക്കുന്ന എഴുപതടിയിലേറെ നീളമുള്ള മൂന്നിതളുകള്‍ വീതമുള്ള ഭീമന്മാരാണ് ഇവരോരോരുത്തരും .






 ഒരു കാറ്റാടിയന്ത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ് അഞ്ചു കോടി രൂപയാണത്രേ ! പതിനാലു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടെങ്കിലും പൊതുവേ ഇവിടെ ഉത്പാദനം കുറവാണ് . കാറ്റ് കൂടുതലുള്ള സമയങ്ങളില്‍ അന്‍പത് ലക്ഷം യൂണിറ്റ് വരെ ലഭിക്കാറുണ്ട് . യൂണിറ്റൊന്നിന് 3.14 രൂപ നിരക്കില്‍ KSEB യാണ് ഇവിടെ സ്വകാര്യവ്യക്തികള്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നത്.
   (തുടരും) 





പുസ്തകനിരൂപണം - സിംഹമുദ്ര - സുലോചന റാം മോഹന്‍


Tuesday, 2 December 2014

യാത്രാവിനോദം - വാഗമണ്‍

  




                     ഇടുക്കി , കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലായി വ്യാപിച്ചു കിടക്കുന്ന മലയോരവിനോദസഞ്ചാര കേന്ദ്രമാണ് വാഗമണ്‍. ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത്  മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന  മലകളും.  കിഴുക്കാം തൂക്കായ  മലയരികുകളും പാറക്കെട്ടുകളും വെട്ടിയരിഞ്ഞു നിര്‍മ്മിച്ച വീതികുറഞ്ഞതും കൊടും വളവുകളുള്ളതുമായ റോഡിലൂടെയാണ് യാത്ര. പശ്ചിമഘട്ടത്തിന്‍റെ അതിരില്‍ സമുദ്രനിരപ്പില്‍നിന്ന് ആയിരത്തി ഒരുന്നൂറു മീറ്റര്‍ (മൂവായിരം അടി)  ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വാഗമണ്ണില്‍ പൊതുവേ നല്ല തണുപ്പുള്ള കാലാവസ്ഥയാണ്. വേനല്‍ക്കാലത്ത്  പകല്‍ച്ചൂട് പത്തു മുതല്‍ ഇരുപത്തിമൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയാകാറു ണ്ട്. കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്നാണ് ഈ ഹില്‍സ്റ്റേഷന്‍ അറിയപ്പെടുന്നത്.

 
                  നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ലോകസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണ് വാഗമണ്‍!  കോട്ടയം - കുമളി റോഡിലൂടെ കുട്ടിക്കാനം ഏലപ്പാറ വഴി വേഗം വാഗമണ്ണി ലെത്താം. പ്രകൃതി ഭംഗിയും മലമ്പാതയുടെ  ഭീതിദാവസ്ഥയും പരമാവധി ആസ്വദിക്കണമെന്ന്‍ കരുതി പുറപ്പെടുന്ന സാഹസപ്രിയര്‍  ഈരാറ്റുപേട്ട -തീക്കോയ് വഴി പോകുന്നതാണ്   കൂടുതല്‍ നന്ന് ; ദൂരം ഇത്തിരി കൂടുതലാണെന്നത് ഒരു പ്രശ്നമേയല്ലല്ലോ. ഈരാറ്റുപേട്ടയില്‍നിന്നും 28 കിലോമീറ്റര്‍ കിഴക്കാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി, റയില്‍വേ സ്റ്റേഷന്‍ കോട്ടയം.

                    
              


          തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മൊട്ടക്കുന്നുകള്‍, പൈന്‍മരക്കാ ടുകള്‍, എന്നിവയാണ് വാഗമണ്ണിലെ    പ്രധാന കാഴ്ചകള്‍. തങ്ങള്‍മല , മുരുക ന്‍മല , കുരിശുമല എന്നീ മൂന്നു മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന  മനോഹര മായ ഹില്‍സ്റ്റേഷനാണ് വാഗമണ്‍. മലകയറ്റത്തിനും ട്രെക്കിങ്ങിനും പാരഗ്ലൈ ഡിങ്ങിനും പറ്റിയ ഇടം.  തങ്ങള്‍മല  മുസ്ലിങ്ങളുടെയും   മുരുകന്‍മല ഹിന്ദുക്ക ളുടെയും കുരിശുമല ക്രിസ്ത്യാനികളുടെയും തീര്‍ഥാടനകേന്ദ്രങ്ങളാണ്.  ഉദാത്തമായ മതേതരമാതൃക! സഞ്ചാരികളെ സംബന്ധിച്ചിടത്തോളം  ഈ മലകയറ്റം വളരെ ക്ലേശകരമായ സാഹസം തന്നെയാണെന്ന് പറയാതെ വയ്യ.

                   പ്രശസ്ത വാസ്തുശില്‍പ്പിയായ ലോറിബേക്കര്‍  1968 - ല്‍ കുരിശുമലയില്‍ പണിതീര്‍ത്ത ചെലവ് കുറഞ്ഞതും കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായതുമായ പഴയ  ദേവാലയമാണിത്.  ബലക്ഷയം സംഭവിച്ചതിനാല്‍ അടുത്തകാലത്ത് ഈ ദേവാലയം പൊളിച്ച് അതേമാതൃകയില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി. 
                 വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിശ്രമസ്ഥാനമാണ് ഇവിടത്തെ പൈന്‍മരക്കാടുകള്‍. ഇരുപതു വര്‍ഷം പ്രായമെത്തിയാല്‍ പൈന്‍ മരങ്ങള്‍ വെട്ടിമാറ്റും.  വെട്ടിമാറ്റുന്ന പൈന്‍മരത്തിന്‍റെ പള്‍പ്പ് ഉപയോഗിച്ചാണ്  കറന്‍സി അച്ചടിക്കാനുള്ള    പേപ്പര്‍ നിര്‍മ്മിക്കുന്നത് .


                     പൈന്‍മരക്കാടുകള്‍ക്കടുത്താണ്  ഒരുകാലത്ത് വാഗമണ്ണിന്‍റെ
പ്രശസ്തിക്ക് കാരണമായിത്തീര്‍ന്ന  ഇന്‍ഡോ- സ്വിസ്സ് പ്രോജക്റ്റ് (കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം)  സ്ഥിതിചെയ്തിരു ന്നത്. ഇപ്പോള്‍ ആ കെട്ടിടങ്ങള്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകളായി  രൂപം മാറിയിരിക്കുന്നു . സമീപത്തായി ഒരു കാര്‍ഷിക കോളേജുമുണ്ട് .
          (തുടരും) 

Monday, 1 December 2014

യാത്രാവിനോദം - അടവി ഇക്കോ ടൂറിസം







            


                സെക്രട്ടറിയേറ്റ് എല്‍ടേര്‍സ് അസോസിയേഷന്‍ യാത്രാപ്രിയരായ അംഗങ്ങള്‍ക്കുവേണ്ടി   ഇടയ്ക്കിടെ വിനോദയാത്രകള്‍ സംഘടിപ്പിക്കാ റുണ്ട്. ഇത്തവണത്തെ യാത്ര  പച്ചിമഘട്ട മലംപ്രദേശങ്ങളിലേക്കായിരുന്നു. ഞങ്ങള്‍ 35 പേര്‍  നവംബര്‍ 29 - ന് രാവിലെ 7 മണിക്ക് സെക്രട്ടറിയേറ്റ് പരിസരത്തു നിന്ന് യാത്രയാരംഭിച്ചു.    കോന്നിയില്‍  കണ്ട ഒരു ഹോട്ടലില്‍ കയറി പ്രഭാതഭക്ഷണം കഴിച്ചശേഷം എല്ലാവരും ഉഷാറായി യാത്ര തുടര്‍ന്നു.
                 പത്തനംതിട്ട ജില്ലയിലെ അടവി ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായിരുന്നു ഞങ്ങളുടെ ആദ്യ ലക്‌ഷ്യം. കോന്നിയില്‍ നിന്ന്‍ പതിനാറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍  അടവിയിലെത്താം. കല്ലാറിന്‍റെ തീരത്തുകൂടി പുഴയെ  കണ്ടു കണ്ടില്ലെന്ന മട്ടില്‍, പുലരിമഞ്ഞിലലിഞ്ഞ   തണുത്ത കാറ്റേറ്റ് , പാട്ടും കവിതയും പാടിയും ചൊല്ലിയും അല്ലല്‍ മറന്നുള്ള  യാത്ര.
                     അടവിയിലെ  മുഖ്യആകര്‍ഷണം കല്ലാറിലൂടെയുള്ള  വട്ടവള്ളം (കുട്ടവഞ്ചി) തുഴയലാണ്. രണ്ടായിരത്തി പതിനാലിന്‍റെ ആദ്യപകുതിയില്‍,  പത്തനംതിട്ട അടവി ടൂറിസം പദ്ധതിയുടെ ഭാഗമായി, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുണ്ടവന്‍ മൂഴിയില്‍ വട്ടവള്ള മിറക്കിയത്.    പത്തനംതിട്ട വനംവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കോന്നി ഇക്കൊടൂറിസം കേന്ദ്രത്തില്‍ നിര്‍മ്മിച്ച   ഏഴ് വട്ടവള്ളങ്ങളുമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വട്ടവള്ളങ്ങള്‍ നിര്‍മിച്ചതും തുഴച്ചിലിനു നേതൃത്വംനല്‍കിയതും തമിഴ് നാട്ടില്‍നിന്നുള്ള വള്ളവിദഗ്ദ്ധരായിരുന്നു.  കോന്നി എം. എല്‍. എ  അടൂര്‍പ്രകാശും ജില്ലാകളക്ടര്‍ ഹരികിഷോറുമാണ് വട്ടവള്ളത്തില്‍ കന്നിയാത്ര നടത്തിയത്. അഞ്ചുപേര്‍ക്ക് എണ്ണൂറു രൂപ എന്ന നിരക്കില്‍ മുണ്ടവന്‍ മൂഴിയില്‍നിന്ന്‍ അടവി കയം വരെ വട്ടവള്ളത്തില്‍ യാത്രചെയ്യാം.


                  ഞങ്ങള്‍ അടവിയിലെ വട്ടവഞ്ചിക്കടവില്‍ എത്തിയപ്പോഴേക്കും ഒന്‍പതു വഞ്ചികള്‍ യാത്രക്ക് തയാറായി കിടപ്പുണ്ടായിരുന്നു. നാലുപേര്‍ക്ക് നാനൂറു രൂപ എന്നതാണ് നിരക്ക്. കാടിനുനടുവിലൂടെ, കല്ലാറിന്‍റെ കുളിരോളങ്ങളിലൂടെ ,  പുഴക്ക് നെടുകെയുള്ള തുഴയല്‍. ഒരു തുഴയല്‍ക്കാരന്‍ കൂടെയുണ്ടാവും. സഞ്ചാരികള്‍ക്ക് തനിയേ തുഴയുകയുമാവാം.

















              യാത്രകഴിഞ്ഞ് കരയ്ക്കെത്തുമ്പോള്‍  വിശപ്പുണ്ടെങ്കില്‍ കപ്പയും മീന്‍കറിയും മുളമേശമേല്‍ റെഡി .    ചായ വേണമെങ്കില്‍ അതും കിട്ടും. മുളയരി , കാട്ടുതേന്‍, ഈഞ്ച, കുന്തിരിക്കം തുടങ്ങിയ വനവിഭവങ്ങള്‍  വേണമെന്നുള്ളവര്‍ക്ക് അതും   വാങ്ങാം.
                    വിനോദ സഞ്ചാരികളെ ഹരം പിടിപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ടി വിടെ- ഒരു വലിയ ഊഞ്ഞാല്‍!  പ്രായം മറന്ന് ആടിത്തിമര്‍ക്കാന്‍ പറ്റിയ അവ  സരം
   (തുടരും)