Friday, 7 February 2020

ദസ്‌തയേവ്‌സ്‌കിയുടെ വീട്ടില്‍ (എസ്.സരോജം)

("നേവമുതല്‍ വോള്‍ഗവരെ" എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്നും)

സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലെ മൂന്നാം ദിവസത്തെ കാഴ്‌ചകളില്‍ നിറഞ്ഞുനിന്നത്‌ വിശ്വസാഹിത്യകാരനായ ദസ്‌തയേവ്‌സ്‌കിയുടെ കൊച്ചുവീടായിരുന്നു. പ്രീഡിഗ്രിക്ലാസിലെ ഇംഗ്ലീഷദ്ധ്യാപകനായിരുന്ന പരമേശ്വരന്‍ സാറിന്‍റെ നാവില്‍നിന്നാണ്‌ ആദ്യമായി ദസ്‌തയേവ്‌സ്‌കി എന്ന റഷ്യന്‍ എഴുത്തുകാരനെപ്പറ്റി കേട്ടത്‌. കോളേജ്‌ലൈബ്രറിയിലെ അമൂല്യങ്ങളായ പുസ്‌തകശേഖരത്തില്‍നിന്നും `കുറ്റവും ശിക്ഷയും' എന്ന നോവല്‍ കണ്ടെടുത്തു വായിക്കാന്‍ അതൊരു പ്രേരണയായി. തുടര്‍ന്ന്‌ ചൂതാട്ടക്കാരന്‍, കാരമസോവ്‌ സഹോദരന്മാര്‍, നിന്ദിതരും പീഡിതരും തുടങ്ങി അദ്ദേഹത്തിന്‍റെ പല കൃതികളും തേടിപ്പിടിച്ച്‌ വായിച്ചു. മനുഷ്യജീവിതത്തെ ഇത്രമേല്‍ അവഗാഹത്തോടെ ചിത്രീകരിക്കുന്ന ദസ്‌തയേവ്‌സ്‌കി എന്ന എഴുത്തുകാരനോട്‌ തോന്നിയത്‌ ആദരവിനുമപ്പുറം വല്ലാത്തൊരിഷ്‌ടമായിരുന്നു. അദ്ദേഹം ജീവിച്ച നാടും വീടുമൊക്കെ നേരില്‍ കാണണമെന്ന മോഹം അന്നേ മനസ്സില്‍ കടന്നുകൂടിയതാണ്‌. പിന്നീട്‌, മലയാളികളുടെ പ്രിയ എഴുത്തുകാരനായ പെരുമ്പടവം ശ്രീധരന്‍ ദസ്‌തയേവ്‌സ്‌കിയുടെ ജീവിതം `ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവലിലൂടെ ഒരളവുവരെ നമുക്ക്‌ പരിചിതമാക്കി. ആ നോവല്‍ വിലകൊടുത്തുവാങ്ങി പലവട്ടം വായിച്ചു. വായിക്കുംതോറും ഇങ്ങനെയും ഒരു മനുഷ്യനൊ! എന്ന അതിശയവിചാരം മനസ്സില്‍ ഉണര്‍ന്നുവന്നു. ഒടുവില്‍, അസാധ്യമെന്ന്‌ കരുതിയിരുന്ന ആ മോഹം 2018 ജൂലായ്‌ മാസത്തിലെ അവസാനത്തെ ആഴ്‌ചയില്‍ നിറവേറി.

ഒരു മനുഷ്യനെ അവന്‍റെ ചിന്തയുടെ ഗതിവിഗതികളെ സ്വാധീനിച്ച്‌ ശരിതെറ്റുകളുടെ ഇഴകളെ വേര്‍തിരിച്ചെടുക്കാന്‍ അക്ഷരങ്ങളിലൂടെ സാധിക്കുമെന്ന്‌ തെളിയിച്ച ഫിയോദര്‍ മിഖായലോവിച്ച്‌ ദസ്‌തയേവ്‌സ്‌കി തന്‍റെ  സംഭവബഹുലമായ ജീവിതം നയിച്ചത്‌ നേവ നദിക്കരയിലെ സുന്ദരനഗരമായ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്ഗിലായിരുന്നല്ലൊ. 1849-ല്‍ സാര്‍ ചക്രവര്‍ത്തിക്കെതിരെ വിപ്ലവശ്രമം നടത്തിയെന്നാരോപിച്ച്‌ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റുചെയ്‌ത്‌, വധശിക്ഷയ്‌ക്ക്‌ വിധിച്ചു. ആരാച്ചാര്‍ കഴുത്തില്‍ കൊലക്കയറിട്ട്‌, ലിവര്‍ വലിക്കുന്നതിനു തൊട്ടുമുമ്പ്‌ മരണശിക്ഷയില്‍നിന്ന്‌ ഒഴിവാക്കപ്പെടുകയും തുടര്‍ന്ന്‌, പീറ്റര്‍ -പാള്‍ കോട്ടയിലെ ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ സൈബീരിയയിലെ കൊടുംതണുപ്പിലേക്ക്‌ നാടുകടത്തപ്പെടുകയുമാണുണ്ടായത്‌. ചെറുപ്പത്തിലേതന്നെ സാഹിത്യഭ്രമം ബാധിച്ച ദസ്‌തയേവ്‌സ്‌കി ഇരുപതു വയസ്സായപ്പോഴേക്കും ആദ്യനോവല്‍ പ്രസിദ്ധീകരിച്ചിരുന്നു. ദേശവിരുദ്ധസാഹിത്യം ചര്‍ച്ചചെയ്യുന്ന ഒരു സംഘത്തില്‍ പങ്കാളിയായതിന്‍റെ  പേരിലാണ്‌ പോലീസിന്‍റെ  പിടിയിലായതും ശിക്ഷിക്കപ്പെട്ടതും. കുട്ടിക്കാലത്ത്‌ കുടിച്ചിറക്കിയ അനാഥത്വത്തിന്‍റെ  കയ്‌പുനീര്‍, അനീതികള്‍ക്കെതിരെ പ്രതികരിക്കാനുള്ള വിപ്ലവവീര്യം ഇതൊക്കെയാവാം നിഷേധിയും ഭരണകൂടത്തിനെതിരെ പൊരുതുന്നവനുമായ ദസ്‌തയേവ്‌സ്‌കിയെ വാര്‍ത്തെടുത്തത്‌.
1921-ല്‍ മോസ്‌കൊയില്‍ ജനിച്ച ദസ്‌തയേവ്‌സ്‌കിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം വീട്ടിലും സ്വകാര്യസ്‌കൂളിലുമായിരുന്നു. സ്‌കൂള്‍പഠനം പൂര്‍ത്തിയാവുംമുമ്പുതന്നെ അദ്ദേഹത്തിന്‌ അമ്മയെ നഷ്‌ടമായി. അമ്മയുടെ മരണാനന്തരം, 1837-ല്‍, പിതാവ്‌ അദ്ദേഹത്തെ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലെ ആര്‍മി എഞ്ചിനിയറിംഗ്‌ കോളേജിലയച്ചു. അവിടെനിന്നാണ്‌ അദ്ദേഹം മിലിട്ടറി എഞ്ചിനിയിംഗ്‌ ബിരുദം നേടിയത്‌. നാലുവര്‍ഷത്തെ നാടുകടത്തല്‍ശിക്ഷ കഴിഞ്ഞ്‌ തിരിച്ചെത്തിയ ദസ്‌തയേവ്‌സ്‌കിക്ക്‌ നിശ്ചിതകാലം പട്ടാളത്തില്‍ നിര്‍ബന്ധിതസേവനം അനുഷ്‌ടിക്കേണ്ടതായും വന്നു. ഭരണകൂടത്തിന്റെ നിശിതമായ നിരീക്ഷണത്തിലായിരുന്നു പിന്നത്തെ ജീവിതം. ഒരു യുദ്ധത്തടവുകാരന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ  ഭാര്യയുമായി പ്രണയത്തിലാവുകയും മരിയ എന്നു പേരായ ആ സ്‌ത്രീയെ വിവാഹംകഴിക്കുകയും ചെയ്‌തു. 1864-ല്‍, അദ്ദേഹം യൂറോപ്യന്‍ പര്യടനത്തിലായിരിക്കെ, മരിയ മരണപ്പെട്ടു. സ്വന്തം സഹോദരന്‍റെയും മരിയയുടെയും അടുത്തടുത്തുള്ള മരണം ദസ്‌തയേവ്‌സ്‌കിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ചൂതാട്ടത്തിലേക്ക്‌ വീണുപോയ ദസ്‌തയേവ്‌സ്‌കിയെയാണ്‌ പിന്നീട്‌ ലോകം കണ്ടത്‌. ചൂതാട്ടത്തിന്‌ പണം കണ്ടെത്താനായി കുറ്റവും ശിക്ഷയും എന്ന നോവല്‍ ധൃതിയില്‍ എഴുതിത്തീര്‍ക്കുകയായിരുന്നുവത്രെ. പിന്നീട്‌, ചൂതാട്ടക്കാരന്‍ എന്ന നോവലെഴുതാന്‍ സഹായിയായി വന്ന അന്ന ഗ്രിഗോറിയേന നിക്കിന എന്ന ഇരുപത്തിരണ്ടുകാരിയെ പ്രണയിച്ച്‌, വിവാഹംചെയ്‌തു. അന്നയില്‍ അദ്ദേഹത്തിന്‌ മൂന്നു മക്കളുമുണ്ടായി വ്‌ലാഡിമിര്‍സ്‌കായ സ്‌ക്വയറില്‍ വണ്ടിയിറങ്ങി, ഞങ്ങള്‍ ദസ്‌തയേവ്‌സ്‌കിയുടെ വീടന്വേഷിച്ചു നടന്നു. സ്ഥലനാമങ്ങളും ബോര്‍ഡുകളും എല്ലാം റഷ്യന്‍ ഭാഷയിലാണ്‌. ആരോടെങ്കിലും ചോദിക്കാമെന്നുവച്ചാല്‍ അവിടുള്ളവര്‍ക്ക്‌ ഇംഗ്ലീഷോ മലയാളമോ ഹിന്ദിയോ അറിയുകയുമില്ല. ഡ്രൈവര്‍ പറഞ്ഞുതന്ന ലക്ഷ്യംവച്ച്‌ കവലയുടെ വലതുഭാഗത്തുള്ള നിരത്തിന്‍റെ  അരികുചേര്‍ന്ന്‌ നടന്നു. പാതയോരത്ത്‌ ആണ്‍പെണ്‍ ഭേദമെന്യെ തെരുവുകച്ചവടക്കാര്‍ സ്ഥാനംപിടിച്ചിരിക്കുന്നു. പലതരം പൂക്കളും സ്‌ട്രാബെറി, മുന്തിരി തുടങ്ങി വിവിധയിനം പഴങ്ങളും പച്ചക്കറികളുമൊക്കെ നിരത്തിവച്ച്‌ വില്‍പന നടത്തുകയാണവര്‍.

 കുറച്ചുദൂരം ചെന്നപ്പോള്‍ കുസ്‌നെചിനെയ്‌ പെറൂലൊക്‌ എന്ന തെരുവേരത്ത്‌ ഒരു വീട്ടുവാതിലില്‍ എഫ്‌.എം. ദസ്‌തയേവ്‌സ്‌കി എന്ന്‌ റഷ്യന്‍ ഭാഷയില്‍ എഴുതിവച്ചിരിക്കുന്നതു കണ്ടു. അതിലൂടെ അകത്തുകടന്ന്‌ കുറെ ഇടുമുടുക്കുകള്‍ താണ്ടി, ഏതാനും പടിക്കൊട്ടുകള്‍ കയറി മുകളിലെത്തി. പഴയൊരു കെട്ടിടത്തിന്‍റെ  മുകള്‍നിലയിലുള്ള ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ്‌ വിശ്വസാഹിത്യകാരനായ ദസ്‌തയേവ്‌സ്‌കി താമസിച്ചിരുന്നത്‌. ആ വീട്‌ അതേപടി സ്‌മാരകമായി സംരക്ഷിച്ചിരിക്കുന്നു. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ റഷ്യന്‍ സമയം രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറുമണി വരെ സന്ദര്‍ശകര്‍ക്കായി സ്‌മാരകം തുറന്നിരിക്കും.
സ്‌മാരകത്തിന്‌ രണ്ടുഭാഗങ്ങളുണ്ട്‌; മെമ്മോറിയല്‍ അപ്പാര്‍ട്ട്‌ മെന്റും ലിറ്റററി എക്‌സിബിറ്റും. അദ്ദേഹം ഉപയോഗിച്ചിരുന്ന മുറികളും വാക്കിംഗ്‌ സ്റ്റിക്‌, കുട, തൊപ്പി, പെട്ടി തുടങ്ങിയ സാധനങ്ങളും അതേപടി മെമ്മോറിയല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കാണാം.. അദ്ദേഹത്തിന്‍റെ  ജീവചരിത്രമുള്‍പ്പെടെയുള്ള കൃതികളുടെയും ജീവിതമുഹൂര്‍ത്തങ്ങളുടെയും പ്രദര്‍ശനം ലിറ്റററി അപ്പാര്‍ട്ട്‌മെന്റില്‍ ഒരുക്കിയിട്ടുണ്ട്‌. കണ്ണാടിക്കൂടിനുള്ളില്‍, ഉറങ്ങിക്കിടക്കുന്നതുപോലെ, ദസ്‌തയേവ്‌സ്‌കിയുടെ കൃത്രിമരൂപം കാണാം. 

അദ്ദേഹം സൃഷ്‌ടിച്ച പ്രശസ്‌ത കഥാപാത്രങ്ങളുടെ മാതൃകകളും ഉണ്ടാക്കിവച്ചിട്ടുണ്ട്‌. സുവനീര്‍ ഐറ്റംസ്‌ കുറവാണ്‌. ദസ്‌തയേവ്‌സ്‌കിയുടെ കൈയൊപ്പ്‌ മുദ്രണംചെയ്‌ത രണ്ട്‌ ടീഷര്‍ട്ടുകള്‍ കിട്ടിയതുതന്നെ ഭാഗ്യം. അതിന്‍റെ  കാശുകൊടുത്തശേഷം കൗണ്ടറിലിരുന്ന സ്‌ത്രീയോട്‌ ഒരെഴുത്തുകാരിക്ക്‌ പ്രിയപ്പെട്ടതായ മറ്റെന്തെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു. ആര്‍ യു എ റൈറ്റര്‍? എന്നു ചോദിച്ചുകൊണ്ട്‌ അവര്‍ അലമാരതുറന്ന,്‌ ദസ്‌തയേവ്‌സ്‌കിയുടെ ചിത്രവും കൈയക്ഷരവും ഒപ്പുമുള്ള ഏതാനും കടലാസ്‌ഷീറ്റുകളുടെ ഫോട്ടോപ്രിന്റ്‌ എടുത്തുകൊണ്ടുതന്നു. അദ്ദേഹം അതില്‍ എന്താണെഴുതിയിരിക്കുന്നതെന്ന്‌ എനിക്ക്‌ വായിക്കാനറിയില്ലെങ്കിലും ആ വിലപ്പെട്ട സമ്മാനം ഞാന്‍ സ്‌നേഹാദരങ്ങളോടെ സൂക്ഷിക്കുന്നു; ആ വിശ്വസാഹിത്യകാരന്‍റെ  ഭവനം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി
റഷ്യയിലെന്നല്ല, ലോകത്തിലാദ്യമായി റിയലിസ്റ്റിക്‌ രചനാരീതി പരിചയപ്പെടുത്തിയത്‌ ദസ്‌തയേവ്‌സ്‌കിയാണ്‌. മനുഷ്യമനസുകളെ ഇത്രയും ആഴത്തിലറിഞ്ഞ എഴുത്തുകാര്‍ ലോകസാഹിത്യത്തില്‍ വിരളമാണ്‌. ദാരിദ്ര്യത്തിലും അപമാനത്തിലും അമര്‍ന്ന്‌ തന്നിലേക്കുതന്നെ ഒളിച്ചോടുന്ന റാസ്‌കോള്‍നിക്കോവിനെ കുറ്റവും ശിക്ഷയും എന്ന നോവലില്‍ കാണാം. അയാളുടെ മാനസികവ്യാപാരങ്ങള്‍ വായനക്കാരനിലേക്ക്‌ സന്നിവേശിപ്പിക്കുന്ന തരത്തിലുള്ള രചനാപാടവം അസാമാന്യമെന്നേ പറയേണ്ടു. മനുഷ്യമനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശ്‌സാസ്‌ത്രജ്ഞനാണ്‌ ദസ്‌തയേവ്‌സ്‌കി എന്ന വിശേഷണത്തെ ശരിവയ്‌ക്കുന്ന നോവലാണ്‌ കുറ്റവും ശിക്ഷയും. താന്‍ നയിച്ച ജീവിതത്തിന്റെ അസാധാരണത്വംകൊണ്ടും രചനയ്‌ക്ക്‌ സ്വീകരിച്ച പ്രമേയങ്ങളുടെ വൈചിത്ര്യ വൈവിധ്യങ്ങള്‍കൊണ്ടും ഒറ്റപ്പെട്ടുനില്‍ക്കുന്ന സാഹിത്യകാരനാണദ്ദേഹം. അതുകൊണ്ടാവാം കെ.സുരേന്ദ്രന്‍ `ദസ്‌തയേവ്‌സ്‌കിയുടെ കഥ' എന്ന പേരില്‍ ഫിക്ഷനെ വെല്ലുന്ന ശൈലിയില്‍ അദ്ദേഹത്തിന്‍റെ  ജീവചരിത്രമെഴുതിയതും പെരുമ്പടവം ശ്രീധരന്‍ അദ്ദേഹത്തെ നായകനാക്കി `ഒരു സങ്കീര്‍ത്തനംപോലെ' എന്ന മനോഹരമായ നോവലെഴുതിയതും അവയ്‌ക്കെല്ലാം നമ്മുടെ മലയാളത്തില്‍ ഇത്രയേറെ വായനക്കാരുണ്ടായതും. `ചൂതാട്ടക്കാരന്‍` ആത്മകഥാപരമായ നോവലാണെന്നു പറയാമെങ്കിലും നെപ്പോളിയന്‍റെ  ആക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതും വ്യവസ്ഥിതിയോട്‌ കലഹിച്ചുനില്‍ക്കുന്നതുമായ കുറ്റവും ശിക്ഷയും തന്നെയാണ്‌ ദസ്‌തയേവ്‌സ്‌കിയുടെ ഏറ്റവും മികച്ച സാഹിത്യസൃഷ്‌ടി എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.
ശിക്ഷയുടെ ഭാഗമായ നിര്‍ബന്ധിത സൈനികസേവനം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ദസ്‌തയേവ്‌സ്‌കി ജീവിതം പുനരാരംഭിച്ചത്‌ പത്രപ്രവര്‍ത്തകനായിട്ടാണ്‌. എന്നാല്‍, ചൂതാട്ടത്തിലുള്ള അമിതമായ ആവേശം അദ്ദേഹത്തെ സാമ്പത്തികമായി തകര്‍ത്തുകളഞ്ഞു. ഇതിനിടെ, ചില സങ്കീര്‍ണ്ണമായ സൗഹൃദങ്ങളിലും സ്‌നേഹബന്ധങ്ങളിലും ചെന്നുപെടുകയുണ്ടായി. ആകെക്കൂടി ദുരിത,സംഘര്‍ഷപൂരിതമായിരുന്നു ആ ജീവിതം. അതുകൊണ്ടാവാം ദുരിതങ്ങളുടെ കൊടുംകയ്‌പ്‌ കുടിച്ചിറക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ നിഷ്‌പ്രയാസം സാധിച്ചതും ഒന്നിനൊന്ന്‌ മെച്ചപ്പെട്ട ആ നോവലുകള്‍ റഷ്യയില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടതും അനേകം ഭാഷകളിലേക്ക്‌ തര്‍ജ്ജമചെയ്യപ്പെട്ടതും. നോവലുകള്‍ കൂടാതെ ചെറുകഥ, നാടകം, വിവര്‍ത്തനം തുടങ്ങിയ സാഹിത്യമേഖലകളിലും അദ്ദേഹം അസാമാന്യമായ മികവ്‌ പുലര്‍ത്തിയിരുന്നു. ഐന്‍സ്റ്റൈന്‍, നീറ്റ്‌ഷേ, ഹെര്‍മന്‍ ഹെസ്സേ, നട്ട്‌ ഹസന്‍, ആന്ദ്രെ ജീഡ്‌, വിര്‍ജീനിയ വുള്‍ഫ്‌ തുടങ്ങി സമകാലീനരായ പല പ്രശസ്‌ത എഴുത്തുകാരുടെയും പ്രശംസാവചസുകള്‍ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.
പ്രായത്തില്‍ ഏഴാണ്ടിന്‍റെ  വ്യത്യാസം മാത്രമുണ്ടായിരുന്ന ദസ്‌തയേവ്‌സ്‌കിയും ടോള്‍സ്റ്റോയിയും റഷ്യന്‍ സമൂഹത്തിലെ രണ്ട്‌ തട്ടുകളില്‍ ജീവിക്കുകയും വ്യത്യസ്‌തവിഷയങ്ങളില്‍ സാഹിത്യരചന നിര്‍വഹിക്കുകയും ചെയ്‌തവരാണ്‌. മനസ്സുകൊണ്ട്‌ പരസ്‌പരം ആദരവ്‌ പുലര്‍ത്തിയിരുന്നെങ്കിലും ഈ രണ്ട്‌ മഹാപ്രതിഭകള്‍ തമ്മില്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലെന്നതും ഇരുവരും തമ്മില്‍ യാതൊരുവിധ ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നതും ആശ്ചര്യകരം തന്നെ. ദസ്‌തയേവ്‌സ്‌കിയുടെ മരണവാര്‍ത്തയറിഞ്ഞ്‌ ടോള്‍സ്റ്റോയ്‌ ഏറെ ദുഃഖിക്കുകയും തന്‍റെ  കുടുംബവുമായി സൗഹൃദത്തിലായിരുന്ന അന്നയോട്‌ അദ്ദേഹം പശ്ചാത്താപം അറിയിക്കുകയും ചെയ്‌തതായി വായിച്ചതോര്‍ക്കുന്നു. യാസ്‌നയാ പോള്യാന വിട്ടുപോയതിനുശേഷം, തന്‍റെ  അവസാനനാളുകളില്‍ ടോള്‍സ്റ്റോയ്‌ വായിച്ചിരുന്നത്‌ ദസ്‌തയേവ്‌സ്‌കിയുടെ `കാരമസോവ്‌ സഹോദരന്മാര്‍' ആയിരുന്നുവത്രെ.
ദസ്‌തേയ്‌വ്‌സ്‌കിയുടെ വീട്ടില്‍നിന്നിറങ്ങി, സമീപത്തുള്ള തെരുവിലൂടെ നടക്കുമ്പോള്‍ സാന്ദ്രമധുരമായൊരു സംഗീതധാര കാതുകളില്‍ ഒഴുകിയെത്തി. ആശ്ചര്യമെന്നു പറയട്ടെ, അന്ധയായൊരു പെണ്‍കുട്ടി വഴിയരികിലിരുന്ന്‌ വയലിന്‍ പോലൊരു സംഗീതോപകരണത്തില്‍ മീട്ടുന്ന മധുരനാദമായിരുന്നു അത്‌. അവളുടെ മുന്നില്‍ വച്ചിരുന്ന തൊപ്പിയില്‍ ഒരു റൂബിള്‍ നിക്ഷേപിച്ചശേഷം അവളുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തി. അവളാകട്ടെ അതൊന്നും അറിയാത്തമട്ടില്‍ സംഗീതത്തില്‍മാത്രം ശ്രദ്ധിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ ചുഴലിദീനത്തിന്‍റെ പിടിയിലമര്‍ന്നു കഴിഞ്ഞിരുന്ന ദസ്‌തയേവ്‌സ്‌കിയുടെ അന്ത്യം 1881 ഫെബ്രുവരി ഒമ്പതിന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗില്‍ വച്ചായിരുന്നു. അലക്‌സാണ്ടര്‍ നെവ്‌സ്‌കി മൊണാസ്‌ട്രിയോടുചേര്‍ന്ന ടിഖ്വിന്‍ സെമിത്തേരിയിലാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭാവിശ്വാസിയായിരുന്ന ആ വിശ്വസാഹിത്യകാരന്‍ അന്ത്യവിശ്രമംകൊള്ളുന്നത്‌. റഷ്യന്‍ സന്ദര്‍ശനത്തിന്‍റെ  രണ്ടാം ദിവസം ഞങ്ങള്‍ ആ സെമിത്തേരിയില്‍ പോയിരുന്നു. പ്രമുഖരായ പലരുടെയും ശവകുടീരങ്ങളുണ്ടവിടെ. സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കല്ലറകള്‍ സന്ദര്‍ശിച്ച്‌ ആദരം അര്‍പ്പിക്കുകയെന്നത്‌ റഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്‌.

 ദസ്‌തയേവ്‌സ്‌കിയുടെ കുടീരത്തില്‍ പ്രിയപ്പെട്ടവരാരോ അര്‍പ്പിച്ചുപോയ പൂച്ചെണ്ടുകള്‍ പുതുമയോടെയിരിക്കുന്നത്‌ കണ്ടു. സ്‌മാരകശിലയില്‍, വ്യക്തിവിവരങ്ങള്‍ക്കൊപ്പം ആലേഖനംചെയ്‌തിരിക്കുന്ന ബൈബിള്‍ വാക്യം ഇങ്ങനെ പരിഭാഷചെയ്യാം -``സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; കോതമ്പുമണി മണ്ണില്‍വീണ്‌ അഴിയുന്നില്ലെങ്കില്‍, അത്‌ അങ്ങനെതന്നെ ഇരിക്കയേ ഉള്ളു. അഴിയുന്നെങ്കിലോ, അത്‌ വളരെ വിളവുനല്‍കും.'' (യോഹന്നാന്‍റെ  സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം ഇരുപത്തിനാലാം വാക്യം) ഈ ബൈബിള്‍ വാക്യം ദസ്‌തയേവ്‌സ്‌കിയുടെ ജീവിതവുമായി എത്രമേല്‍ പൊരുത്തപ്പെട്ടിരിക്കുന്നു!

No comments:

Post a Comment