Sunday, 9 February 2020

പ്രണയപ്പൂട്ട്‌ - എസ്.സരോജം

(നേവ മുതല്‍ വോള്‍ഗ വരെ എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്)


മൊസ്‌കൊവാ നദിക്കുകുറുകെയുള്ള നിരവധി പാലങ്ങളിലൊന്നാണ്‌ ചുംബനപ്പാലം എന്നറിയപ്പെടുന്ന ലുഷ്‌കോവ്‌ ബ്രിഡ്‌ജ്‌. ട്രെറ്റിയാകോവ്‌ ഗ്യാലറി സ്ഥിതിചെയ്യുന്ന ലവൃഷിന്‍സ്‌കി തെരുവില്‍നിന്നും വിശാലമായ നഗരവീഥി മുറിച്ചുകടന്നാല്‍ ലുഷ്‌കോവ്‌ ബ്രിഡ്‌ജിലേക്കുള്ള പ്രവേശന കവാടമായി. ക്രെംലിന്‌ സമീപം, രക്ഷകനായ ക്രിസ്‌തുവിന്‍റെ നാമത്തിലുള്ള ദേവാലയത്തിനരികിലുള്ള ഈ `ചുംബനപ്പാല'ത്തിലേക്ക്‌ നമ്മെ സ്വാഗതംചെയ്യുന്നത്‌ ഹൃദയാകാരത്തിലുള്ള വലിയൊരു പ്രണയമുദ്രയാണ്‌. പലയിനം ചെടികളും പൂക്കളും ചില്ലകളില്‍ പ്രണയപ്പൂട്ടുകള്‍ ചൂടിനില്‍ക്കുന്ന ലോഹമരങ്ങളും കമിതാക്കളും കാഴ്‌ചക്കാരും എല്ലാംകൂടി പാശ്ചാത്യമായൊരു വൃന്ദാവനത്തിന്‍റെ പ്രതീതി.
റൊമാന്‍സിന്‌ പേരുകേട്ട നഗരമല്ല മോസ്‌കൊ എന്ന്‌ എല്ലാവര്‍ക്കുമറിയാം. പക്ഷേ, സമീപകാലത്തായി ഇവിടെയും ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു; മനുഷ്യസഹജമായ പ്രണയത്തെ ജീവിതാന്ത്യംവരെ കാത്തുസൂക്ഷിക്കാന്‍ വിചിത്രമായ ഒരാചാരം! വിവാഹിതരായാലുടന്‍ ദമ്പതികള്‍ ഇവിടെവന്ന്‌ പാലത്തിന്മേല്‍ നിന്ന്‌ പരസ്‌പരം ചുംബിക്കുകയും ഇരുവരുടെയും പേരും വിവാഹത്തീയതിയും പ്രണയപ്രതിജ്ഞയുമെഴുതിയ ഹൃദയാകൃതിയിലുള്ള പൂട്ട്‌ ഒരുമിച്ച്‌ പ്രണയമരത്തിലിട്ട്‌ പൂട്ടി, താക്കോല്‍ നദിയുടെ ആഴത്തിലേക്ക്‌ വലിച്ചെറിയുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയം ജീവിതാവസാനംവരെ സന്തോഷത്തോടെയും വിശ്വസ്‌തതയോടെയും നിലനില്‍ക്കുമെന്നുള്ള വിശ്വാസമാണ്‌ ദമ്പതികളുടെ ഈ ആചാരത്തിന്‌ പിന്നില്‍. പ്രണയം ആഘോഷിക്കാന്‍ വാലന്റയിന്‍സ്‌ ഡേ വരെ കാത്തിരിക്കേണ്ടതില്ലെന്ന്‌ സാരം.
പാലത്തിന്‍റെ അഴികകളില്‍ ഏതാനും പ്രണയപ്പൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌, 2007-ലാണത്രെ ഇവിടെ ആദ്യത്തെ പ്രണയപ്പൂട്ടുമരം നട്ടത്‌. പുതിയ ആചാരത്തിന്‌ പ്രചാരമേറിയതോടെ റഷ്യന്‍ പൊലീസ്‌, പാലത്തിന്റെ നടുക്കായി, ഒരറ്റംമുതല്‍ മറ്റെയറ്റംവരെ ലോഹമരങ്ങള്‍ വച്ചുപിടിപ്പിച്ചു. ഇതിന്‌ പ്രണയപ്പൂട്ടുമരങ്ങള്‍ എന്ന്‌ പേരായി. വിവാഹക്കാലമായാല്‍ ഈ മരങ്ങള്‍ക്കുചുറ്റും പുതുദമ്പതികളുടെ തിരക്കായിരിക്കും. ഭര്‍ത്താവ്‌ ഭാര്യയെ എടുത്തുപൊക്കി മരത്തിന്‍റെ ഉച്ചിയില്‍ പ്രണയപ്പൂട്ടിടുന്നതും അതൊക്കെ ഫോട്ടോയെടുത്തും വീഡിയോ പിടിച്ചും ആഘോഷിക്കുന്നതും രസകരമായ കാഴ്‌ചതന്നെ. മോസ്‌കൊവില്‍ എല്ലാവര്‍ഷവും ആഴ്‌ചകളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രണയോത്സവമാണിത്‌. ശനിയാഴ്‌ച ദിവസങ്ങളിലാണ്‌ ദമ്പതികള്‍ ധാരാളമെത്തുന്നത്‌. കടുംനിറങ്ങളിലുള്ള നൂറുകണക്കിന്‌ പൂട്ടുകള്‍ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്നത്‌ കാണാന്‍ നല്ല ചേലാണ്‌.
സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്‌ സന്ദര്‍ശനവേളയില്‍, നേവാനദിക്ക്‌ കുറുകെയുള്ള പാലങ്ങളുടെ അഴികളിലും ഏതാനും പൂട്ടുകള്‍ ബന്ധിച്ചിരിക്കുന്നത്‌ കാണുകയുണ്ടായി. റഷ്യയില്‍ മാത്രമല്ല, ലോകമെങ്ങും ചെറുപ്പക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന രസകരമായ ഒരാചാരവ്യാധിയാണ്‌ പ്രണയത്തെ എന്നെന്നേക്കുമായി പാഡ്‌ലോക്കില്‍ പൂട്ടിയുറപ്പിക്കുകയെന്നത്‌. രണ്ടായിരാമാണ്ടിനുശേഷം പ്രചാരംനേടിയ ഈ ആചാരത്തെ മോസ്‌കൊ പോലുള്ള നഗരങ്ങളില്‍ ഒരു പൊതുശല്യമാകാത്തവിധത്തില്‍, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള രസകരമായൊരു സംഗതിയായി സ്വീകരിക്കപ്പെടുമ്പോള്‍ മറ്റ്‌ പലയിടത്തും പൂട്ടുകളുടെ ബാഹുല്യവും പാലങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്‌ നേരിടുന്ന ബുദ്ധിമുട്ടുകളും കാരണം ഇതൊരു പൊതുശല്യമായിക്കണ്ട്‌ നശിപ്പിച്ചുകളയുന്നു.
പ്രണയപ്പൂട്ടുകള്‍ക്ക്‌ ഒന്നാം ലോകയുദ്ധകാലത്തോളം പഴക്കമുള്ളതും ദുഃഖപര്യവസായിയായതുമായ ഒരു സെര്‍ബിയന്‍ കഥയുമായി ബന്ധമുണ്ടെന്ന്‌ പറയപ്പെടുന്നു. വ്രഞ്‌ജകാ ബഞ്‌ജയിലെ സ്‌പാ ടൗണിലുള്ള നദ എന്നു പേരായ ഒരു പാവം സ്‌കൂള്‍മിസ്റ്റ്രസ്‌ റെല്‍ജ എന്ന്‌ പേരായ സെര്‍ബിയന്‍ സൈനികോദ്യോഗസ്ഥനുമായി പ്രണയത്തിലായി, വിവാഹനിശ്ചയം കഴിഞ്ഞപ്പോഴേക്കും റെല്‍ജയ്‌ക്ക്‌ ഗ്രീസുമായി യുദ്ധത്തിന്‌ പോകേണ്ടിവന്നു. അവിടെ അയാള്‍ കോര്‍ഫുവിലുള്ള മറ്റൊരു സ്‌ത്രീയുമായി പ്രണയത്തിലേര്‍പ്പെടുകയും നദയും റെല്‍ജയും തമ്മിലുള്ള പ്രണയം തകരുകയും ചെയ്‌തു. പ്രണയത്തകര്‍ച്ചയില്‍നിന്നുണ്ടായ ആഘാതം താങ്ങാനാവാതെ നദ ഹൃദയം പൊട്ടി മരിച്ചുവത്രെ. ഈ സംഭവത്തെതുടര്‍ന്ന്‌ വ്രഞ്‌ജകാ ബഞ്‌ജയിലെ യുവതികള്‍ തങ്ങളുടെ പ്രണയം തകരാതെ സൂക്ഷിക്കുന്നതിനായി സ്വന്തം പേരും പ്രണയിക്കുന്ന പുരുഷന്‍റെ പേരും പൂട്ടിന്മേലെഴുതി, നദയും റെല്‍ജയും പതിവായി സംഗമിച്ചിരുന്ന പാലത്തിന്‍റെ അഴികളില്‍ പൂട്ടിയിടാന്‍ തുടങ്ങിയത്രെ.
 2006-ല്‍ ഫ്രെഡറികൊ മോച്ചിയാ തന്‍റെ ബെസ്റ്റ്‌ സെല്ലറായ Ho Voglia di Te (എനിക്ക്‌ നിന്നെ വേണം) എന്ന നോവല്‍ പ്രസിദ്ധീകരിക്കുകയും 2007-ല്‍ അത്‌ സിനിമയാക്കുകയും ചെയ്‌തതോടെയാണ്‌ റോമിലെ പോണ്ടെ മില്‍വിയൊ പാലത്തില്‍ പ്രണയപ്പൂട്ടുകള്‍ സ്ഥാനംപിടിച്ചത്‌. പ്രസ്‌തുത കൃതിയില്‍ ഒരു യുവദമ്പതികള്‍ തങ്ങളുടെ അനശ്വരപ്രണയത്തിന്‍റെ അടയാളമായി റോമിലെ മില്‍വിയന്‍ പാലത്തില്‍ ഒരു പൂട്ടിടുന്ന രംഗമുണ്ട്‌. പൂട്ടിന്‍റെ പുറത്ത്‌ തങ്ങളുടെ പേരും പ്രണയപ്രതിജ്ഞയും എഴുതി ഇരുവരും ഒരുമിച്ച്‌ അത്‌ പാലത്തിലിട്ട്‌ പൂട്ടി, താക്കോല്‍ ടൈബര്‍ നദിയിലേക്ക്‌ വലിച്ചെറിയുകയായിരുന്നു അവര്‍. നോവലിന്റെ മില്യന്‍ കണക്കിന്‌ വായനക്കാരില്‍, ആയിരക്കണക്കിന്‌ യുവപ്രണയികള്‍ ഹൃദയസ്‌പര്‍ശിയായ ആ പ്രണയപ്രകടനത്തെ അനുകരിക്കാന്‍ തുടങ്ങി. കൗമാരക്കാരുടെ സാഹിത്യാഭിരുചിയോടും വികാരപ്രകടനത്തോടുമൊക്കെ പൊരുത്തപ്പെടാനാവാത്ത നഗരപാലകര്‍ എന്തുകൊണ്ടാണ്‌ നഗരത്തിലെ പാലങ്ങള്‍ പൂട്ടുകളുടെ അമിതഭാരത്താല്‍ നിറയുന്നതെന്ന്‌ അത്ഭുതപ്പെടുകയാണുണ്ടായത്‌. യുവപ്രണയികളുടെ ഈ അമിതമായ പൂട്ടുഭ്രമത്തോട്‌ പലരും ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയുമുണ്ടായി. വെനീസിലെ റിയാള്‍ട്ടൊ പാലത്തിലെ പ്രണയപ്പൂട്ടുകളെ ദിനപ്പത്രമായ ലാ റിപ്പബ്‌ളിക്ക `വള്‍ഗര്‍' എന്നാണ്‌ വിശേഷിപ്പിച്ചത്‌.
ഫ്രെഡറികൊ മോച്ചിയായുടെ നോവലിന്‌ റഷ്യന്‍ ഉള്‍പ്പെടെ പല യൂറോപ്യന്‍ ഭാഷകളിലും പരിഭാഷകളുണ്ടായി. ഒരുപക്ഷേ, നോവലിന്‍റെ സ്വാധീനംകൊണ്ടാവാം, ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടുകൂടി റോമിലും റഷ്യയിലും മാത്രമല്ല, യൂറോപ്പിന്‍റെ ഇതരഭാഗങ്ങളിലും പ്രണയപ്പൂട്ടാചാരം പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. പലയിടത്തും പാലത്തിന്‍റെ അഴികള്‍ക്ക്‌ താങ്ങാവുന്നതിലേറെയായി പൂട്ടുഭാരം. ഗത്യന്തരമില്ലാതെ, അധികൃതര്‍ അവയൊക്കെ നശിപ്പിക്കാനും നിരോധിക്കാനും തുടങ്ങി. 2010-ല്‍ ഒറ്റരാത്രികൊണ്ട്‌ ഫ്രാന്‍സിലെ ചരിത്രസ്‌മാരകങ്ങളായ പാലങ്ങളില്‍നിന്ന്‌ പ്രണയപ്പൂട്ടുകള്‍ അപ്രത്യക്ഷമായെങ്കിലും വീണ്ടും പുതിയവ സ്ഥാനംപിടിക്കാന്‍തുടങ്ങി. 
ആസ്‌ട്രേലിയയിലെ കാന്‍ബറയിലും മെല്‍ബോണിലും പൊതുജനസുരക്ഷയും പാലങ്ങളുടെ ഉറപ്പും കണക്കിലെടുത്ത്‌, 2015-ല്‍ പതിനായിരക്കണക്കിന്‌ പ്രണയപ്പൂട്ടുകള്‍ നീക്കംചെയ്‌തുവത്രെ. ഇതേവര്‍ഷം കാനഡയിലെ വിന്നിപെഗില്‍, ഒരു പാലത്തിലെ പ്രണയപ്പൂട്ടിലിടിച്ച്‌ ബൈക്ക്‌യാത്രികയുടെ കൈക്ക്‌ സാരമായ പരിക്കേല്‍ക്കുകയും മുറിവില്‍ ഇരുപത്തൊന്ന്‌ തുന്നിക്കെട്ടുകള്‍ വേണ്ടിവരികയും ചെയ്‌തുവത്രെ. അള്‍ജിയേഴ്‌സിലെ `ആത്മഹത്യാപാല'ത്തില്‍ 2013 സെപ്‌തംബറില്‍ പ്രത്യക്ഷപ്പെട്ട പ്രണയപ്പൂട്ടുകള്‍ ഇത്തരം ആചാരങ്ങള്‍ ഇസ്ലാംവിരുദ്ധമാണെന്നാരോപിച്ച്‌ നശിപ്പിച്ചുകളയുകയാണുണ്ടായത്‌. ഇങ്ങനെയിങ്ങനെ, ലോകമെമ്പാടുമുള്ള പ്രണയപ്പൂട്ട്‌ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

No comments:

Post a Comment