നാഥുലയില്‍നിന്നും മടങ്ങുന്ന വഴിക്ക് ഞങ്ങള്‍ ചങ്കു തടാകം കാണാനിറങ്ങി. സിക്കിംകാരുടെ പുണ്യതീര്‍ത്ഥങ്ങളിലൊന്നാണ് ചങ്കുതടാകം എന്നറിയപ്പെടുന്ന ദ്‌സോങ്‌ഗൊ ലേക്. അര്‍ദ്ധവൃത്താകൃതിയിലുള്ള ഉപരിതലത്തിന് ഋതുക്കള്‍ മാറുന്നതനുസരിച്ച് നിറവ്യത്യാസം ഉണ്ടാകുമെന്നതാണ് തടാകത്തിന്‍റെ പവിത്രതയ്‌ക്കും പ്രശസ്‌തിക്കും കാരണം.
60.5 ഏക്കര്‍ ഉപരിതല വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന തടാകത്തിന് ജൈവപരമായും പാരിസ്ഥിതികപരമായും വളരെ പ്രാധാന്യമുണ്ട്. കുത്തനെയുള്ള മലകളാല്‍ ചുറ്റപ്പെട്ട തടാകം മഞ്ഞുകാലത്ത് തണുത്തുറഞ്ഞു കിടക്കും. ഇപ്പോഴാവട്ടെ, ആകാശനീലിമ മുഴുവന്‍ തടാകത്തില്‍ പരന്നുകിടക്കുന്നതുപോലെ.
നീലജലത്തില്‍ നീന്തിനടക്കുന്ന വെളുത്ത താറാവുകള്‍.
തടാകത്തിലെ തണുതണുത്ത വെള്ളത്തിലൂടെ ഒരു ബോട്ടുയാത്രയ്‌ക്ക് മനസ്സ് മോഹിച്ചു, പക്ഷേ, അതിന് സവാരി പോയിരിക്കുന്ന ബോട്ട് ഏതെങ്കിലുമൊന്ന് തിരിച്ചുവരണം. ഞങ്ങള്‍ക്ക് അത്രത്തോളം കാത്തുനില്‍ക്കാനുള്ള സമയമുണ്ടായിരുന്നില്ല.
അന്തരീക്ഷത്തെ മൂടിനില്‍ക്കുന്ന കോടമഞ്ഞിന്‍റെ സൗന്ദര്യത്തിനൊപ്പം പരിസരപ്രദേശമാകെ നീലയും മഞ്ഞയും നിറങ്ങളിലുള്ള പോപ്പി പൂക്കളും പലതരം പക്ഷികളും. എങ്ങോട്ട് നോക്കിയാലും പ്രകൃതിയൊരുക്കിയ മനോഹരദൃശ്യങ്ങള്‍. തടാകക്കരയിലാവട്ടെ, ഉടമസ്ഥരോടൊപ്പം സവാരിക്കാര്‍ക്കായി കാത്തുനില്‍ക്കുന്ന ആണ്‍ യാക്കുകള്‍. ഉടമസ്ഥര്‍ എത്ര പ്രലോഭിപ്പിച്ചിട്ടും ഞങ്ങളാരും സവാരിക്ക് തയാറായില്ല. കോളൊന്നും ഒത്തുകിട്ടാഞ്ഞിട്ടാവാം ആ പാവങ്ങള്‍ നിരാശരായി നോക്കിനിന്നു.
വിശ്വാസികള്‍ പവിത്രമായി കരുതുന്ന ചങ്കു തടാകത്തെപ്പറ്റി തദ്ദേശവാസികള്‍ക്കിടയില്‍ അത്ഭുതകരമായ ഒരു കഥയും പ്രചാരത്തിലുണ്ട്. തടാകം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ട് ഒരു യാക് ഷെഡ്ഡും ചുറ്റുമുള്ള പ്രദേശം ഗോത്രവര്‍ഗ്ഗക്കാരുടെ താമസസ്ഥലവും ആയിരുന്നു. ഒരു രാത്രിയില്‍ ആ ഗോത്രത്തിലെ പ്രായമേറിയ സ്‌ത്രീ ഒരു സ്വപ്‌നം കണ്ടു: ജീവന്‍റെ യാതൊരടയാളവും ബാക്കിയുണ്ടാവാത്തവിധം അവിടമെല്ലാം വെള്ളത്തിനടിയിലാവും. എല്ലാവരും അവിടം വിട്ടുപോകണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ആരും അവരുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ തന്‍റെ യാക്കുകളുമായി ആ പ്രദേശം വിട്ടുപോവുകയും സ്വപ്‌നത്തില്‍ കണ്ടതുപോലെതന്നെ പ്രദേശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങുകയുംചെയ്‌തു എന്നാണ് കഥ. മരിച്ചവരുടെ ആത്മാക്കളോട് പ്രാര്‍ത്ഥിക്കാനായി സിക്കിം നിവാസികളായ ധാരാളം ആളുകള്‍ ഇപ്പോഴും തടാകം സന്ദര്‍ശിക്കാറുണ്ടത്രെ. ഗുരുപൂര്‍ണ്ണിമ ആഘോഷവേളയില്‍ രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ബുദ്ധിസ്റ്റുകളും ഹിന്ദുക്കളുമായി ധാരാളം ഭക്തജനങ്ങളും ഇവിടെയെത്താറുണ്ട്. പരിസരമാകെ പ്രാര്‍ത്ഥനക്കൊടികള്‍ വിശുദ്ധതോരണം ചാര്‍ത്തിനില്‍ക്കുന്നു.
2010-ല്‍, വനംവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍, ദ്‌സോങ്‌ഗൊ പരിസ്ഥിതി സംരക്ഷണ സമിതി(ടിപിഎസ്‌എസ്)യുടെ ഫണ്ടില്‍നിന്നും 3,92,367 രൂപ ചെലവിട്ട്, തടാകക്കരയില്‍ പ്രാര്‍ത്ഥനാചക്രങ്ങളും സംരക്ഷണഭിത്തിയും നിര്‍മ്മിക്കുകയുണ്ടായി. തടാകവും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിലും ടിപിഎസ്‌എസ് അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തുന്നുണ്ട്.
ചുറ്റുമുള്ള മലകളിലെ മഞ്ഞുരുക്കവും മഴയും തടാകത്തെ എപ്പോഴും ജലസമൃദ്ധമായി നിലനിറുത്തുന്നു. പ്രദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ് ഈ തടാകം. സഞ്ചാരികള്‍ ധാരാളമെത്തുന്ന ഓരോയിടങ്ങളും നിരവധിപേര്‍ക്ക് തൊഴിലിടങ്ങളായി മാറുന്നു എന്നതാണല്ലൊ ടൂറിസത്തിന്‍റെ വലിയൊരു നേട്ടം. ടൂറിസ്റ്റ് സീസണില്‍ മൂന്നുലക്ഷത്തിലധികം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ടെന്നാണ് കണക്ക്.
No comments:
Post a Comment