നെല്ലിന്‍റെ നിറമുള്ള അടിവയര്‍ നഗ്നമാക്കി ഗ്രെയ്‌ന സ്‌കാനിംഗ് ടേബിളില്‍ മലര്‍ന്നുകിടന്നു. അള്‍ട്രാസൗണ്ട് സ്‌കാനര്‍ അതിന്‍റെ ജോലി തുടങ്ങി. കയ്യില്‍ തിളങ്ങുന്ന സൂചിയുമായി സ്‌ക്രീനില്‍ കണ്ണുംനട്ടു നില്‍പ്പാണ് ഡോക്ടര്‍ വാസവ്. ഗ്രെയ്‌നയുടെ കണ്ണുകളും സ്‌ക്രീനില്‍ തന്നെയായിരുന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ഫിഷ്ടാങ്കുപോലെ ഒന്ന് സ്‌ക്രീനില്‍ തെളിഞ്ഞുവന്നു. അതിനുള്ളില്‍ അലങ്കാരമത്സ്യങ്ങളെ പ്പോലെ നീന്തിക്കളിക്കുന്ന നാലു മനുഷ്യക്കുഞ്ഞങ്ങള്‍! കാഴ്ചയില്‍ രണ്ടോ മൂന്നോ മാസത്തെ വളര്‍ച്ച തോന്നും. ഗ്രെയ്‌ന ഇമപൂട്ടാതെ അവയുടെ ചലനങ്ങള്‍ നോക്കിക്കിടന്നു. എന്തൊരു ഭംഗിയാണവയ്ക്ക്; കണ്ണാടിപ്പാത്രത്തില്‍ വളര്‍ത്തുന്ന ഗൗരാമികളെപ്പോലെ.
ഊഷരഭൂമിയില്‍ പൊടുന്നനെ പൊന്തിവന്നൊരു ജലാശയംപോലെ തോന്നി ഗ്രെയ്‌നക്ക് അവളുടെ അടിവയര്‍. അനുദിനം വളര്‍ന്നു വലുതാകുന്ന ഒരു ജലാശയത്തെ മാസങ്ങളോളം ചുമന്നുനടക്കുക! എത്ര വിചിത്രമായ അനുഭവമായിരിക്കുമത്. വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന പലമുനകളുള്ളൊരു ചോദ്യത്തിന് തനിക്കിതാ മധുരമുള്ളൊരു മറുപടി കിട്ടിയിരിക്കുന്നു.
ഗ്രെയ്‌നാ നിനക്കെന്താ വിശേഷമൊന്നുമില്ലേ?
തന്‍റെ സ്‌ത്രൈണതയ്ക്ക് യാതൊരു തകരാറുമില്ലെങ്കിലും ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ തലകുനിച്ചുനില്‍ക്കേണ്ടി വരിക... 'മലടി' എന്ന പരിഹാസപ്പേരില്‍ അറിയപ്പെടുക....
ഇനി ചോദ്യക്കാരുടെ മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തിനിന്ന് വയറ്റില്‍ വളര്‍ന്നുവരുന്ന വിശേഷത്തെ നോക്കി വാക്കുകളില്ലാതെ മറുപടി പറയാം - ഗ്രെയ്‌ന അമ്മയാവാന്‍ പോകുന്നു. അതെ, ഇനി ഏതാനും മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍ ഗ്രെയ്‌നയ്ക്കും സ്വന്തം കുഞ്ഞിനെ കൈയിലെടുത്തു ലാളിക്കാം.
അവള്‍ തന്‍റെ ഉദരത്തിലെ ശിശുക്കളെ ഹൃദയംകൊണ്ട് തഴുകിയും ഉമ്മവച്ചും ദിവ്യമായൊരു നിര്‍വൃതിയില്‍ അലിഞ്ഞുകിടന്നു.
ഡോക്ടര്‍ വാസവ് തന്‍റെ ജൂനിയറായ ഡോക്ടര്‍ ദേവിനെ അരികിലേക്കു വിളിച്ച് അഭിമാനപൂര്‍വ്വം പറഞ്ഞു: നോക്കു ദേവ് നമ്മള്‍ നിക്ഷേപിച്ച നാലു ഭ്രൂണങ്ങളും നന്നായി വളര്‍ന്നിരിക്കുന്നു. നല്ല ആരോഗ്യമുള്ള കുട്ടികള്‍. എന്നാലും ഒന്നു ചോദിച്ചവര്‍ക്ക് നാലു കൊടുക്കുന്നതു ശരിയല്ലല്ലോ.
ഡോക്ടര്‍ ദേവ് സ്‌ക്രീനിലെ സുന്ദരദൃശ്യത്തില്‍നിന്ന് കണ്ണുകള്‍ പിന്‍വലിച്ച് ഡോക്ടര്‍ വാസവിനെ ചോദ്യരൂപേണ നോക്കി.
യേസ് ഡോക്ടര്‍ ദേവ്, യു ഹാവ് ടു ഡു ഇറ്റ് .
നോ ഡോക്ടര്‍, ഐ കാണ്ട് ഡു ഇറ്റ്.
വാട്ട് യു സേ? ഇറ്റിസ് യുവര്‍ ഡൂട്ടി.
വേണ്ട ഡോക്ടര്‍. അതു നാലും വളരട്ടെ. അവര്‍ പ്രസവിച്ചു വളര്‍ത്തിക്കൊള്ളും.
നോ ഡോക്ടര്‍, നമ്മള്‍ പരീക്ഷണാര്‍ത്ഥം ഒന്നിലധികം ഭ്രൂണങ്ങള്‍ നിക്ഷേപിക്കുമ്പൊഴും ഒന്നെങ്കിലും ആരോഗ്യത്തോടെ വളര്‍ന്നുകിട്ടണം എന്ന പ്രതീക്ഷ മാത്രമേ നമുക്കുണ്ടാവാന്‍ പാടുള്ളൂ. എല്ലാം പൂര്‍ണ്ണ ആരോഗ്യത്തോടെ വളര്‍ന്നുകിട്ടുന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമല്ലേ. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മളുണ്ടാക്കുന്ന ജീവനെ നമ്മള്‍തന്നെ ഇല്ലാതാക്കേണ്ടിയും വരും. പാപബോധത്തിന്‍റെ വിലക്കുകള്‍ക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ല.
നോ ഡോക്ടര്‍, ഞാനതു ചെയ്യില്ല.
ഡോക്ടര്‍ ദേവ് ഇത്തരം സെന്റിമെന്റ്‌സ് ഈ പ്രൊഫഷനു പറ്റിയതല്ല. എനിക്ക് മറ്റൊരാളെ കണ്ടെത്തേണ്ടി വരുമെന്നാ തോന്നുന്നത്.
ഗ്രെയ്നയുടെ കണ്ണുകളില്‍ പഞ്ഞിത്തുണ്ടിന്‍റെ മൃദുസ്പര്‍ശം.
നൗ ഐ ഹാവ് ടു ഡു ദിസ് മൈസെല്‍ഫ് എന്നു ആത്മഗതം ചെയ്തുകൊണ്ട് ഡോക്ടര്‍ വാസവ് തന്‍റെ കയ്യിലിരുന്ന സൂചിയിലേക്കു നോക്കി. ഞൊടിയിടയില്‍ അദ്ദേഹമത് ഗ്രെയ്‌നയുടെ വയറ്റിലേക്ക് കുത്തിയിറക്കി, നീന്തിക്കളിക്കുന്ന കുഞ്ഞുങ്ങളുടെ നേര്‍ക്ക് ചലിപ്പിച്ചു. ചൂണ്ടയിട്ടു മീന്‍ പിടിക്കുന്ന കൗതുകമായിരുന്നു അദ്ദേഹത്തിന്‍റെ കണ്ണുകളില്‍!
കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ സൂചി അതിലൊന്നിനെ പിടികൂടി. സമര്‍ത്ഥനായൊരു വരാലിനെപ്പോലെ അത് സൂചിമുനയില്‍നിന്ന് വഴുതിമാറി. പലവട്ടം പിടികൂടിയും വഴുതിമാറിയും പോരാട്ടം തുടര്‍ന്നു. ഒടുവില്‍ ഡോക്ടര്‍തന്നെ വിജയിച്ചു. അദ്ദേഹം സൂചിത്തുമ്പിലൂടെ ഏതാനും ദ്രാവകത്തുള്ളികള്‍ അതിന്‍റെ ഹൃദയത്തിലേക്കു ഇറ്റിച്ചു. നിമിഷങ്ങള്‍ക്കകം അതിന്‍റെ ചലനം നിലച്ചു.
തന്‍റെ ഉദരത്തില്‍ പിടഞ്ഞുമരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെന്നപോലെ ഗ്രെയ്‌നയുടെ കവിളിലൂടെ നനഞ്ഞിറങ്ങിയ നോവിന്‍തുള്ളികള്‍ സിസ്റ്റര്‍ ഷീന ഒരു പഞ്ഞിത്തുണ്ടില്‍ ഒപ്പിയെടുത്തു.
ഡോക്ടറുടെ കയ്യിലെ സൂചി വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. ഏറെനേരത്തെ ശ്രമഫലമായി ഒരെണ്ണത്തെക്കൂടി അദ്ദേഹം സൂചിമുനയില്‍ പിടിച്ചെടുത്തു. ദ്രാവകത്തുള്ളികള്‍ അതിനെയും നിശ്ചലമാക്കി. ബാക്കി രണ്ടെണ്ണം ഗ്രെയ്‌നയുടെ ഗര്‍ഭപാത്രത്തില്‍ നിര്‍ബാധം നീന്തിക്കളിച്ചുകൊണ്ടിരുന്നു. അവയെ നോക്കിനില്‍ക്കെ
ഡോക്ടര്‍ വാസവിന്‍റെ മുഖത്ത് കൃതാര്‍ത്ഥതയുടെ ചെറുചിരി വിടര്‍ന്നു. അദ്ദേഹം ഡോക്ടര്‍ ദേവിനെ നോക്കിപ്പറഞ്ഞു:
രണ്ടും വളരട്ടെ, നല്ല ആരോഗ്യമുള്ള കുട്ടികള്‍.
ഒന്നും മിണ്ടാതെ ഡോക്ടര്‍ ദേവ് പുറത്തേക്കു നടന്നു. രണ്ടു കൊലപാതകങ്ങള്‍ നിശ്ശബ്ദം കണ്ടുനില്‍ക്കേണ്ടി വന്നതിന്‍റെ നടുക്കത്തിലായിരുന്നു അദ്ദേഹം.
സിസ്റ്റര്‍ ഷീന ഗ്രെയ്‌നയുടെ കണ്ണിലെ മൂടി മാറ്റി. അവള്‍ സ്‌ക്രീനിലേക്കു നോക്കി. ഇപ്പോള്‍ അവളുടെ ഉദരപാത്രത്തില്‍ രണ്ടു കുഞ്ഞുങ്ങളേയുള്ളു. താന്‍ രണ്ടു മക്കളുടെ അമ്മയാവാന്‍ പോകുന്നു എന്ന യാഥാര്‍ത്ഥ്യം അവളെ സന്തോഷിപ്പിച്ചു. പക്ഷേ.... ആ വലിയ സന്തോഷത്തിനിടയിലും കൊലചെയ്യപ്പെട്ട രണ്ടു മക്കളെയോര്‍ത്ത് അവള്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ടിരുന്നു.
No comments:
Post a Comment