പൗരാണിക ജീവിതത്തിന്‍റെ ശേഷിപ്പുകള്‍ ലോകമെത്ര ആധുനീകരിച്ചാലും മാനവരാശിക്കൊരു കൗതുകുവും ഓര്‍മ്മപുതുക്കലുമാണ്. ഒന്നരനൂറ്റാണ്ടുമുമ്പുള്ള ഒരു പരമ്പരാഗത ഭൂട്ടാന്‍ ഭവനത്തെ പറിച്ചുനട്ടിരിക്കുകയാണ് തിംഫുവിലെ മൂന്നുനിലകളുള്ള ഫോക്ക് ഹെരിറ്റേജ് മ്യൂസിയത്തില്‍. പരമ്പരാഗതശൈലിയിലുള്ള പടിപ്പുരവാതില്‍ കടന്ന് ഞങ്ങള്‍ വീട്ടുമുറ്റത്തെത്തി. ഏകദേശം നൂറുവര്‍ഷത്തോളം പഴക്കമുള്ള ഒരു കേരളീയ കര്‍ഷകഭവനത്തില്‍ ചെന്നെത്തിയ പ്രതീതി.
ചെളിയും മരവുംകൊണ്ടുണ്ടാക്കിയ വീട്, കാലിത്തൊഴുത്ത്, ഉരല്‍, ഉലക്ക, ആട്ടുകല്ല്, വിറകടുപ്പ്, ഉറി, മുറം, വട്ടി, കുട്ട, മണ്‍പാത്രങ്ങള്‍, നാഴി, പറ, പത്തായം, ഉണക്കുപായ് തുടങ്ങിയ വീട്ടുപകരണങ്ങള്‍, വാളും പരിചയും വാളുറയും തുടങ്ങിയ യുദ്ധോപകരണങ്ങള്‍, വാറ്റുചാരായച്ചാറ എന്നിങ്ങനെ ഒരു സാധാരണ ഭവനത്തില്‍ അന്നുണ്ടായിരുന്നതെല്ലാം അതേപടി പുനപ്രതിഷ്ടിച്ചിരിക്കുന്നു.
കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് പ്രാകൃതമെന്നു കരുതി നമ്മള്‍ വലിച്ചെറിഞ്ഞ നാടന്‍ വീട്ടുപകരണങ്ങള്‍ കണ്ടപ്പോള്‍ സ്ത്രീകള്‍ക്ക് വല്ലാത്ത കൗതുകമായി.
ആശയും സുശീലയും പ്രസന്നയുമൊക്കെ ഉലക്കയെടുത്ത് പരീക്ഷിച്ചുനോക്കി. ഒരു കര്‍ഷകഭവനത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ബാല്യകൗമാരങ്ങളിലേക്ക് ഒന്നെത്തിനോക്കാനുള്ള അവസരവും.
ജനനം, മരണം തുടങ്ങിയ ജീവിതസന്ധികളുമായി ബന്ധപ്പെട്ട ആചാരാനുഷ്ടാനങ്ങളുടെ ബാക്കിപത്രങ്ങളും വീട്ടുശേഖരത്തിലുണ്ട്. ഒരു ജനത പ്രാചീനസംസ്‌കൃതിയില്‍ നിന്ന് കാലാനുഗതമായ മാറ്റങ്ങളിലൂടെ, അറിവിന്‍റെ ഇടനാഴികള്‍ കടന്ന് ഇന്നത്തെ തുറസ്സിടങ്ങളിലേക്ക് എത്തിച്ചേര്‍ന്നതിന്‍റെ കഥപറയുന്ന അവശേഷിപ്പുകളോരോന്നും ഭൂട്ടാനീസ് ഭാഷയിലുള്ള വിശദീകരണക്കുറിപ്പുകളോടെ ആ മൂന്നുനിലവീട്ടിനുള്ളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
EMA (CHILI)
കെട്ടിടത്തിന്‍റെ പഴക്കം കാഴ്ചക്കാരെ ഓര്‍മ്മിപ്പിക്കുന്നത് അക്കാലത്ത് ഭവനനിര്‍മ്മിതിക്കുപയോഗിച്ചിരുന്ന മരത്തിന്റെയും പ്രകൃതിദത്തമായ മറ്റുവസ്തുക്കളുടെയും ഗുണമേന്മ കൂടിയാണ്.
ഒരു പരമ്പരാഗത ശൈലിയിലുള്ള മില്ല് ധാന്യങ്ങള്‍ പൊടിക്കുന്നതിനായി താഴെ കറക്കാവുന്ന കല്ലുരലും മേല്‍ക്കല്ലും മധ്യത്തിലെ ദണ്ഡില്‍ ഉറപ്പിച്ചു സ്ഥാപിച്ചിരിക്കുന്നു .മുകളിലെ തട്ടിലുള്ള കോണാകൃതിയിലുള്ള കുട്ടയിലൂടെ ധാന്യങ്ങള്‍ താഴേയ്ക്കിടാന്‍ കഴിയും.
മ്യൂസിയം സന്ദര്‍ശിക്കുന്നവരുടെ അറിവിലേക്കായി സീസണ്‍ അനുസരിച്ചുള്ള ഡെമോണ്‍സ്ട്രേഷന്‍ പരിപാടികളുമുണ്ട്.
യ്ത്തുവരെയുള്ള കാര്യങ്ങള്‍ അന്നത്തെ രീതിയില്‍ത്തന്നെ കണ്ടറിയാം. നൂറ്റിയമ്പതിലേറെ വര്‍ഷം പഴക്കമുള്ള മില്‍സ്റ്റോണില്‍ (ചാണ) ധാന്യം പൊടിക്കുന്നതും വിന്റ്മില്‍ ഉപയോഗിച്ച് വെള്ളം തേകുന്നതും തുടങ്ങി അടുക്കളത്തോട്ടവും ഔഷധസസ്യങ്ങളും ഹോട്ട്സ്റ്റോണ്‍ ബാത്തും ഭൂട്ടാന്റെ തനതുല്‍പന്നമായ ചുവന്നരി വറുക്കുന്നതും വരെ ഇവിടെ കണ്ടുമടങ്ങാം. പക്ഷേ ഡെമോണ്‍സ്ട്രേഷന്‍ പരിപാടികള്‍ കാണണമെന്നുള്ളവര്‍ ഒരാഴ്ചമുമ്പെങ്കിലും ബുക്കുചെയ്തിരിക്കണം.
മ്യൂസിയപരിസരത്തുള്ള മറ്റൊരു കെട്ടിടത്തില്‍ ഭൂട്ടാനീസ് കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിട്ടുണ്ട്. വ്യാളിയുടെ ചിത്രമുള്ള ചെറിയൊരു കളിമണ്‍കപ്പെടുത്ത് വിലചോദിച്ചു, മുന്നൂറുരൂപ! വിലക്കൂടുതല്‍ വകവയ്ക്കാതെ വ്യാളീചിത്രം പതിച്ച ഒരു ജഗ്ഗും രണ്ടുകപ്പുകളും സെറ്റായി വാങ്ങി.
ഭൂട്ടാന്‍റെ തനതുഭക്ഷണം അതേ രുചിയോടെയും തൃപ്തിയോടെയും കഴിക്കണമെന്നുള്ളവര്‍ ഫോക്ക്
ഹെരിറ്റേജ് മ്യൂസിയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിലേക്ക് ചെല്ലുക.
രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള ഭക്ഷണം വൃത്തിയായി പാചകംചെയ്തുതരും. ആപ്പിള്‍തോട്ടത്തിനപ്പുറമുള്ള പ്രകൃതിരമണീയമായ തുറസ്സിലിരുന്ന് ആസ്വദിച്ച് കഴിക്കാം. കുറഞ്ഞത് അഞ്ചുപേരെങ്കിലുമുള്ള ഗ്രൂപ്പായിരിക്കണമെന്നുമാത്രം.
യാത്രാസംഘങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ളത്ര ഭക്ഷണം മുന്‍കൂട്ടി ഏര്‍പ്പാടുചെയ്യുകയാണ്
പതിവ്. മായമില്ലാത്ത നല്ല ഭക്ഷണത്തിന് വില അല്‍പം കൂടിയാലും പ്രശ്നമില്ലല്ലൊ.
ഞങ്ങള്‍ നേരത്തേ ബുക്കുചെയ്യാതിരുന്നതിനാല്‍ അവിടത്തെ ഭക്ഷണരുചി
ആസ്വദിക്കാനായില്ല. ചോറും എമ ദറ്റ്ഷി എന്നു പേരായ കറിയുമാണ് ഭൂട്ടാനികളുടെ ഇഷ്ടഭക്ഷണം. അതുതന്നെയാണ് ദേശീയഭക്ഷണവും. എമ എന്നാല്‍ മുളക്. ദറ്റ്ഷി എന്നാല്‍ വെണ്ണ.
വലിയ മുളകുകള്‍ വെള്ളമൊഴിച്ചു തിളപ്പിച്ച് അതില്‍ വെണ്ണക്കട്ടി മുറിച്ചിട്ട് ഉണ്ടാക്കുന്ന കറിയാണ് എമ ദട്സി. വെണ്ണ ഉരുകിച്ചേര്‍ന്ന് വെളുത്തനിറമാവും കറിക്ക്. നമ്മള്‍ തേങ്ങാപ്പാല് ചേര്‍ത്തുണ്ടാക്കുന്ന സ്റ്റൂ പോലിരിക്കും.
രണ്ടായിരത്തിയൊന്ന് ജൂലൈ ഇരുപത്തിയെട്ടിന്, രാജപത്നി അഷി ദോര്‍ജി വാങ്ചുക്ക് ഫോക്ക് ഹെരിറ്റേജ് മ്യൂസിയത്തിന്‍റെ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പൊതുഅവധിദിവസങ്ങളില്‍ മ്യൂസിയം തുറക്കുകയില്ല. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ പത്തുമുതല്‍ വൈകിട്ട് നാലരവരെയും ശനിയാഴ്ചകളില്‍ പത്തരമുതല്‍ ഒന്നുവരെയും ഞായറാഴ്ചകളില്‍ പതിനൊന്നരമുതല്‍ മൂന്നരവരെയുമാണ് സന്ദര്‍ശനസമയം.
ഫോക്ക് ഹെരിറ്റേജ് മ്യൂസിയം
വലിയ മുളകുകള്‍ വെള്ളമൊഴിച്ചു തിളപ്പിച്ച് അതില്‍ വെണ്ണക്കട്ടി മുറിച്ചിട്ട് ഉണ്ടാക്കുന്ന കറിയാണ് എമ ദട്സി. വെണ്ണ ഉരുകിച്ചേര്‍ന്ന് വെളുത്തനിറമാവും കറിക്ക്. നമ്മള്‍ തേങ്ങാപ്പാല് ചേര്‍ത്തുണ്ടാക്കുന്ന സ്റ്റൂ പോലിരിക്കും.
രണ്ടായിരത്തിയൊന്ന് ജൂലൈ ഇരുപത്തിയെട്ടിന്, രാജപത്നി അഷി ദോര്‍ജി വാങ്ചുക്ക് ഫോക്ക് ഹെരിറ്റേജ് മ്യൂസിയത്തിന്‍റെ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പൊതുഅവധിദിവസങ്ങളില്‍ മ്യൂസിയം തുറക്കുകയില്ല. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ പത്തുമുതല്‍ വൈകിട്ട് നാലരവരെയും ശനിയാഴ്ചകളില്‍ പത്തരമുതല്‍ ഒന്നുവരെയും ഞായറാഴ്ചകളില്‍ പതിനൊന്നരമുതല്‍ മൂന്നരവരെയുമാണ് സന്ദര്‍ശനസമയം.
ഫോക്ക് ഹെരിറ്റേജ് മ്യൂസിയം
No comments:
Post a Comment