Tuesday, 28 February 2017

വിശുദ്ധബലി (കഥ)


രണ്ടുദിവസം നീണ്ടുനിന്ന സെമിനാറില്‍ മുഴങ്ങിക്കേട്ടത് മതപ്രബോധനങ്ങളും സഭയുടെ വിശ്വാസപ്രമാണങ്ങളും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു. എല്ലാം കേട്ട്മടുത്ത കാര്യങ്ങള്‍.
പതിവുരീതികള്‍ക്ക് വിപരീതമായി ഇന്നത്തെ സമാപനയോഗത്തിന് ഒരു പ്രത്യേകതയുണ്ട്: മതപണ്ഡിതന്‍മാരെക്കൂടാതെ പുറത്തുനിന്ന്‍ ഒരു വിശിഷ്ടാതിഥി വരുന്നുണ്ട്, ഒരു കലാകാരന്‍; ബൈബിള്‍കഥകളെ സര്‍ഗ്ഗചാരുതയാര്‍ന്ന കവിതകളായും ചിത്രങ്ങളായും പുനരാഖ്യാനം ചെയ്യുന്ന അസാമാന്യധിഷണാശാലി.
 ബാല്യകാല സൃഹൃത്തായ ഫാദര്‍ വിന്‍സന്റ് ഡിക്രൂസിന്‍റെ പ്രത്യേക ക്ഷണമനുസരിച്ചാണത്രെ അയാള്‍ വരുന്നത്.
വിന്‍സന്റച്ചന്‍ പറഞ്ഞകാര്യങ്ങള്‍ അവള്‍ ഇതിനോടകം ഒരായിരം വട്ടം അയവിറക്കിയിട്ടുണ്ടാവും: അയാളുടെ കണ്ണുകളില്‍ അഗ്നിയാണ്, വാക്കുകളില്‍ വൈദ്യുതിയാണ്, ഒന്നു കണ്ടാല്‍ വീണ്ടും കാണാന്‍ കൊതിക്കും. ഒരിക്കല്‍ കേട്ടാല്‍ വീണ്ടും കേള്‍ക്കാന്‍ കൊതിക്കും....

അയാള്‍ വന്നു . തോള്‍കവിഞ്ഞ ചുരുള്‍മുടി, നീണ്ടതാടിരോമങ്ങള്‍, അത്യാകര്‍ഷണശക്തിയുള്ള കാന്തംപോലെ അടുത്തെത്തുന്നവരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന മാന്ത്രികത!
ശരിയാണ്, വിന്‍സന്റച്ചന്‍ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയാണ്. പക്ഷേ അതിനപ്പുറം മറ്റെന്തൊക്കെയോകൂടി അവള്‍ കണ്ടു, കത്തുന്ന കണ്ണുകള്‍ക്കുപിന്നില്‍ ആര്‍ദ്രമായൊരു മനസ്സിന്‍റെ നിലവിളിയുണ്ട്, പ്രതിഷേധത്തിന്‍റെ  കനലുണ്ട്, നിഷേധത്തിന്‍റെ  കരുത്തുണ്ട്, വിശുദ്ധസാന്നിധ്യങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന രാജകീയ തേജസ്സുണ്ട്.

ഗിരിപ്രഭാഷണങ്ങളെ അനുസ്മരിപ്പിക്കുമാറ് ആ വാക്പ്രവാഹിനി അനുസ്യൂതമൊഴുകി. താത്വികചിന്തകള്‍, ദാര്‍ശനികവ്യഥകള്‍... എല്ലാം നിര്‍ഭയം തുറന്നുവിട്ടു; മതം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ മതത്തിനുവേണ്ടിയല്ല, സ്‌നേഹമാണ് എല്ലാ മതങ്ങളുടെയും അടിത്തറ........ 

ആവേശഭരിതരായിരുന്ന സന്യാസിനികളുടെയും വൈദികവിദ്യാര്‍ത്ഥികളുടെയും നേര്‍ക്ക് വിരല്‍ചൂണ്ടി അയാള്‍ പറഞ്ഞു;
'കുടംബജീവിതവും ലൈംഗികതയും വിലക്കപ്പെട്ട കനികളല്ല, അവ ദൈവത്തിന്‍റെ  കൃപാവരങ്ങളാണ്.'
അവളുടെ കണ്ണുകള്‍ അത്ഭുതംകൊണ്ട് വിടര്‍ന്നു.  നോട്ടം അയാളുടെ കണ്ണുകളില്‍ ചെന്നുതറച്ചു, അഗ്നിയും എണ്ണയും സന്ധിക്കുംപോലെ; പ്രക്ഷുബ്ധമായ ഹൃദയസാഗരത്തില്‍ നിന്ന്‍ വിരുദ്ധവിചാരങ്ങള്‍ സുനാമിത്തിരകള്‍പോലെ ചീറിയടിച്ചു. വിശ്വാസവേരുകള്‍ക്ക് ഇളക്കം വച്ചു.
അവള്‍ സധൈര്യം എണീറ്റുനിന്ന്‍ ഒരു സംശയം ചോദിച്ചു. 'അങ്ങനെയെങ്കില്‍ ഒരു കൂട്ടര്‍ക്ക് മാത്രം അത് നിഷേധിക്കുന്നതു തെറ്റല്ലേ?'
അയാള്‍ ഒന്നു ഞെട്ടി! ശ്രേഷ്ഠരായ പുരോഹിതര്‍ക്കു മുന്നില്‍ വച്ച് ഈ ചോദ്യത്തിന് താനെങ്ങനെ സത്യസന്ധമായി പ്രതികരിക്കും? ഇവിടെ പറയേണ്ടതെന്ത്? ഒരു നിമിഷം അയാള്‍ ചിന്താഗ്രസ്തനായി നിന്നു. പിന്നെ ഒരു വിശ്വാസിക്കു ചേര്‍ന്ന വിനയത്തോടെ മറുപടി നല്‍കി;
'സ്വന്തം ഇഷ്ടപ്രകാരം അനുഷ്ഠിക്കുന്ന ബ്രഹ്മചര്യം തെറ്റാകുതെങ്ങനെ?'
ആ മറുപടിയില്‍ തൃപ്തയാകാതെ അവള്‍ അടുത്ത ചോദ്യമെറിഞ്ഞു;
 'ശരീരകാമനകളെ അടിച്ചമര്‍ത്തുന്നത് പാപമല്ലേ?'
'പ്രകൃതിയുടെ വികൃതികളെ ആര്‍ക്കു തടുക്കാനാവും? പാപമാണോ അല്ലയോ എന്ന് വിധിക്കേണ്ടത് സന്ദര്‍ഭം നോക്കിയല്ലേ?'
മറുചോദ്യങ്ങള്‍കൊണ്ട് അവളുടെ നാവടച്ചുവെങ്കിലും ഉരുളയ്ക്കുപ്പേരിപോലെ ഉത്തരം കൊടുക്കാന്‍ ആവാത്തതിന്‍റെ  സാഹചര്യദു:ഖം അയാളെ അലട്ടി.. ഒരു സന്യാസിനിയുടെ നാവില്‍ നിന്ന്‍ ഇത്തരം ചോദ്യങ്ങളോ! അത്ഭുതാദരങ്ങളോടെ അയാള്‍ അവളെത്തന്നെ നോക്കിയിരുന്നു. ചോദ്യങ്ങള്‍ പാഴായിപ്പോയതിന്‍റെ നീരസം ആ മുഖത്ത് പ്രകടമായിരുന്നു.
 അയാളുടെ രൂക്ഷനയനങ്ങള്‍ അവളുടെ കാതരനയനങ്ങളിലേക്ക് ആഴ്ന്നിറങ്ങി.. ആ കണ്ണുകളില്‍ ആളിപ്പടരുന്ന ദാഹം കണ്ടു, അടക്കാനാവാത്ത തിരതള്ളല്‍ കണ്ടു, നിരാസവിഷാദത്തിന്‍റെ നിഴല്‍ക്കുത്തുകള്‍ കണ്ടു.


ആ വ്യഥിതതേജസ്സിന്‍റെ  നേര്‍ക്കാഴ്ചയില്‍ നിന്ന്‍ വഴുതിമാറി അയാള്‍ ആരാധകവലയത്തില്‍ ഒളിച്ചു.
 വലയം ഭേദിച്ച് അവള്‍ അരികിലെത്തി, ആട്ടോഗ്രാഫ് നീട്ടി.. 'ആത്മവഞ്ചനയാണ് ഏറ്റവും വലിയ പാപം' അയാള്‍ കുറിച്ചു. അതിനടിയില്‍ പേരും ഒപ്പും തീയതിയും വച്ചു, മൊബൈല്‍ ഫോണിന്‍റെ നമ്പരും കുറിച്ചു.
ആട്ടോഗ്രാഫ് കൈമാറുമ്പോള്‍  അറിയാതെ സംഭവിച്ച വിരല്‍സ്പര്‍ശംപോലും വൈദ്യുതാഘാതംപോലെ അവള്‍ക്ക് അനുഭവപ്പെട്ടു. താന്‍ കര്‍ത്താവിന്‍റെ മണവാട്ടിയാവാന്‍ വിധിക്കപ്പെട്ടവളാണ് എന്ന കാര്യമേ അവള്‍ മറന്നുപോയി. അവളുടെ ഹൃദയവിഹായസ്സില്‍ ഒരു സൂര്യന്‍ കത്തിജ്വലിക്കുന്നു.. അതിന്‍റെ തീക്ഷ്ണ കിരണങ്ങള്‍ അവളുടെ ശരീരത്തില്‍ അടിഞ്ഞുറഞ്ഞ വികാരത്തിന്‍റെ മഞ്ഞറകളില്‍ ഉരുക്കമുണ്ടാക്കി. എല്ലാം ഉരുകി ഒലിക്കുകയാണ്, ഉരുകിയുരുകി  ഒഴുകുകയാണ്.
കാമശരമേറ്റു തളര്‍ന്ന തപോവന കന്യകയെപ്പോലെ അവള്‍ ഓടി മറഞ്ഞു;
കന്യാമഠത്തിന്‍റെ കരിങ്കല്‍ക്കെട്ടിനുള്ളിലേക്ക്.
അവിടെ തിരുസ്വരൂപത്തിനു മുന്നില്‍ അവള്‍ മുട്ടുകുത്തി, 
'നാഥാ ഞാനിനി എന്തു ചെയ്യേണ്ടു.... ഞാനിനി എന്തു ചെയ്യേണ്ടൂ'.

അവളറിയാതെ അവളുടെ കയ്യില്‍നിന്നും ആ ആട്ടോഗ്രാഫ് തറയില്‍ വീണു.
'നാഥാ എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ.......'
കണ്ണുകളടച്ച് അവള്‍ ഭയഭക്തിയോടെ തിരുസ്വരൂപത്തോടു സംവദിച്ചു. നാഴികകളും വിനാഴികകളും കടന്നുപോയത് അവള്‍ അറിഞ്ഞില്ല.
കണ്ണുതുറന്നപ്പോള്‍ രാവേറെച്ചെന്നിരുന്നു, ചുറ്റും പൂനിലാവുദിച്ചിരുന്നു. അവള്‍ ശിരോവസ്ത്രം എടുത്തുമാറ്റി. അഴിഞ്ഞൊഴുകിയ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് അവള്‍ പ്രിയനോട് മന്ത്രിച്ചു:' നാഥാ, നിന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശി തുടച്ചു വെടിപ്പാക്കുവാന്‍ ഈയുള്ളവള്‍ക്കും വരം തരേണമേ.'

പാതിരാവിന്‍റെ നിശബ്ദതയില്‍ ജാലവിദ്യക്കാരന്‍റെ അത്ഭുതമന്ത്രംപോലെ അവളുടെ കാതില്‍ ആ വാക്കുകള്‍ വീണ്ടും വീണ്ടും മുഴങ്ങിത്തുടങ്ങി. 'കുടുംബവും ലൈംഗികതയും വിലക്കപ്പെട്ട കനികളല്ല, അവ ദൈവത്തിന്‍റെ കൃപാവരങ്ങളാണ്.' 

പൊടുന്നനെ നിലാവസ്തമിച്ചു.

ഇരുളില്‍ ആരോ നടന്നടുക്കുന്ന പദനിസ്വനം.
വിദൂരനക്ഷത്രങ്ങളുടെ അരണ്ട വെളിച്ചത്തില്‍ അവള്‍ അവനെ കണ്ടു.
നഗ്നമായ ശരീരത്തില്‍ പീഡാസഹനത്തിന്‍റെ അടയാളങ്ങള്‍,
വിലാപ്പുറത്തെ മുറിവില്‍നിന്ന്‍ ചെന്നിണം വാര്‍ന്നൊഴുകുന്നു.
കൈകാലുകളില്‍ ആണിപ്പഴുതുകള്‍
ചോരയില്‍ ചുവന്ന ചുരുള്‍മുടിയും താടിരോമങ്ങളും.
അവള്‍ അവനെ വാരിപ്പുണര്‍ന്നു, തിരുമുറിവുകളില്‍ തൈലം പുരട്ടി, കുടിപ്പാന്‍ മേല്‍ത്തരം വീഞ്ഞും കഴിപ്പാന്‍ പുളിപ്പില്ലാത്ത മാവിന്‍റെ അപ്പവും നല്‍കി, കിടക്കയില്‍ ശാരോന്‍ കുസുമങ്ങള്‍ വിതറി.

പുലര്‍ച്ചക്കോഴി കൂവിയപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. വശങ്ങളിലേയ്ക്കു ചരിഞ്ഞ് അവളുടെ കൈകള്‍ തന്‍റെ പ്രിയനെ തിരഞ്ഞു. ഇരുവശവും ശൂന്യമായിരുന്നു. കിടക്കയില്‍ അവള്‍ ഒറ്റയ്ക്കായിരുന്നു;
അവിശ്വാസത്തിന്‍റെ ബാഹ്യനേത്രങ്ങള്‍ മലര്‍ക്കെ തുറന്ന്‍ അവള്‍ നാലുപാടും പരതി; ജാലകപ്പാളികളെല്ലാം അടഞ്ഞുതന്നെ കിടക്കുന്നു. വാതില്‍പ്പാളികളും ഓടാമ്പലുകള്‍ നീക്കപ്പെട്ടിരുന്നില്ല!

എല്ലാം വെറുമൊരു സ്വപ്നമായിരുന്നുവോ.....?

അടിവയറ്റില്‍ നിന്നും നാഭിത്തടത്തിലേക്ക് ഉയര്‍ന്നെത്തുന്ന നീറ്റല്‍.... നഖക്ഷതങ്ങളേറ്റ മാറിടങ്ങളും ദന്തക്ഷതമേറ്റ ചുണ്ടുകളും...... ഒട്ടിപ്പിടിക്കുന്ന നനവ്.......
രാപ്പാടികള്‍പോലും ഉറങ്ങിപ്പോയ യാമങ്ങളില്‍ തനിക്കു സംഭവിച്ചതെന്ത്? ചോരപ്പാടുകള്‍ ഉണങ്ങിയിട്ടില്ലാത്ത തിരുവസ്ത്രങ്ങള്‍ കണ്ട് അവള്‍ അലറിക്കരഞ്ഞു.

പെട്ടെന്ന്‍ അവളുടെ കാതുകളില്‍ ഒരശരീരി മുഴങ്ങി;
'സ്ത്രീകളില്‍ അതിസുന്ദരിയായുള്ളവളേ ഭയപ്പെടേണ്ട; നിന്‍റെ പ്രിയന്‍ നിന്നോടുകൂടെയുണ്ട്. അവന്‍ വെണ്മയും ചുവപ്പും ഉള്ളവന്‍, പതിനായിരം പേരില്‍ അതിശ്രേഷ്ഠന്‍ തന്നെ. അവന്‍റെ കൈകള്‍ ഗോമേദകം പതിച്ച സ്വര്‍ണ്ണനാളങ്ങള്‍, അവന്‍റെ അധരം താമരപ്പൂവുപോലെ തന്നെ. അത് മൂറിന്‍ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു. അവന്‍റെ ഉദരം നീലരത്‌നം പതിച്ച ദന്തനിര്‍മ്മിതം, അവന്‍റെ തുടകള്‍ തങ്കച്ചുവട്ടില്‍ നിറുത്തിയ വെങ്കല്‍ത്തൂണുകള്‍, അവന്‍റെ രൂപം ലെബനോനെപ്പോലെ, ദേവദാരുവെപ്പോലെ ഉല്‍കൃഷ്ടം. അവന്‍ സര്‍വ്വാംഗസുന്ദരന്‍. അവന്‍റെ വായ് ഏറ്റവും മധുരമുള്ളത്. അവന്‍ തന്‍റെ അധരങ്ങളാല്‍ നിന്നെ ചുംബിക്കട്ടെ. നിന്‍റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്‍റെ തൈലം സൗരഭ്യമായത്. നിന്‍റെ മുലകള്‍ തുള്ളിച്ചാടുന്ന കോലാട്ടിന്‍ കുട്ടികള്‍. നീയോ ഫറവോന്‍റെ രഥത്തിനു കെട്ടുന്ന പെണ്കുതിര. നീ പ്രേമപരവശയായിരിക്കയാല്‍ അവന്‍ മുന്തിരയട തന്ന്‍ നിന്നെ ശക്തീകരിക്കും. പ്രിയമുള്ളവളേ നീ കെട്ടിയടച്ചിരിക്കുന്ന മുന്തിരിത്തോപ്പ്, കൊട്ടിയടയ്ക്കപ്പെട്ട നീരുറവ്, മുദ്രവെച്ച കിണര്‍..... നീ അവനുവേണ്ടി ഒരുക്കപ്പെട്ടവള്‍..... നീ അവനുവേണ്ടി ജനിക്കപ്പെട്ടവള്‍....... നീ അവനുവേണ്ടി വിധിക്കപ്പെട്ടവള്‍----'

പിടഞ്ഞെണീറ്റ് വാതില്‍പ്പാളികള്‍ വലിച്ചുതുറന്ന്‍ അവള്‍ പുറത്തേക്ക് ഓടിയിറങ്ങി.
പ്രഭാതബലിക്കായി ദേവാലയമണികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു.

അങ്ങകലെ....... 
കുന്നിന്‍ മുകളില്‍ തന്‍റെ പ്രിയന്‍ ഇരുകരവും നീട്ടി നില്‍ക്കുന്നത് അവള്‍ കണ്ടു.
അവര്‍ക്കിടയില്‍ കല്ലും മുള്ളും നിറഞ്ഞ കാല്‍വരിപ്പാത നീണ്ടുതെളിഞ്ഞു കിടന്നു.


Tuesday, 21 February 2017

മൊഴിവരം (കവിത)








പറയാനെനിക്കൊരു ഭാഷ വേണം,
പാല്‍മണമൂറുന്ന ഭാഷ വേണം.
പാടാനെനിക്കൊരു ഭാഷ വേണം,
പാരാകെ പുകഴുന്ന ഭാഷ വേണം.
കാതില്‍ പതിഞ്ഞ വരമൊഴിയില്‍
നാവില്‍ തിരിഞ്ഞ നറുമൊഴിയില്‍
അമ്മതന്‍ നാവില്‍നിന്നിറ്റുവീണ
സ്‌നേഹാമൃതത്തിന്‍റെ തുള്ളികള്‍.
ഉദരത്തിലുരുവായ നാള്‍മുതല്‍
ഉരുവിട്ടൊരമ്മമൊഴികളില്‍
അറിവിന്നാദ്യനാളങ്ങള്‍ കരളില്‍
നിറയുവതക്ഷരഖനികള്‍.
ഉദരംവിട്ടൂഴിയില്‍ വന്നനേരം
അമ്മതന്‍ ഭാഷയില്‍ കരഞ്ഞു ഞാന്‍,
ആയതിന്‍ താളക്രമങ്ങളെന്‍റെ
ജീവന്‍റെ താളമെന്നറിഞ്ഞു ഞാന്‍.
ആദ്യം മൊഴിഞ്ഞതുമക്ഷരം കുറിച്ചതും
ആ മാതൃഭാഷയിലായിരുന്നു.
സ്വപ്‌നങ്ങള്‍ കണ്ടതും വിസ്മയംകൊണ്ടതും
ആ മഞ്ജുഭാഷയിലായിരുന്നു.
പോകുംവഴികളില്‍ പാഥേയമായ്,
പാടും വരികളില്‍ പാലമൃതായ്
നാടിന്‍ മഹിതമാം മാതൃകങ്ങള്‍
കാത്തിടുമെന്നുമെന്‍ മലയാളം!!

Sunday, 19 February 2017

ഊഷരതകള്‍ തളിര്‍ക്കുമ്പോള്‍ (കഥ)




നെല്ലിന്‍റെ നിറമുള്ള അടിവയര്‍ നഗ്നമാക്കി ഗ്രെയ്‌ന സ്‌കാനിംഗ് ടേബിളില്‍ മലര്‍ന്നുകിടന്നു. അള്‍ട്രാസൗണ്ട് സ്‌കാനര്‍ അതിന്‍റെ  ജോലി തുടങ്ങി. കയ്യില്‍ തിളങ്ങുന്ന സൂചിയുമായി സ്‌ക്രീനില്‍ കണ്ണുംനട്ടു നില്‍പ്പാണ് ഡോക്ടര്‍ വാസവ്. ഗ്രെയ്‌നയുടെ കണ്ണുകളും സ്‌ക്രീനില്‍ തന്നെയായിരുന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ഫിഷ്ടാങ്കുപോലെ ഒന്ന് സ്‌ക്രീനില്‍ തെളിഞ്ഞുവന്നു. അതിനുള്ളില്‍ അലങ്കാരമത്സ്യങ്ങളെ പ്പോലെ നീന്തിക്കളിക്കുന്ന നാലു മനുഷ്യക്കുഞ്ഞങ്ങള്‍! കാഴ്ചയില്‍ രണ്ടോ മൂന്നോ മാസത്തെ വളര്‍ച്ച തോന്നും. ഗ്രെയ്‌ന ഇമപൂട്ടാതെ അവയുടെ ചലനങ്ങള്‍ നോക്കിക്കിടന്നു. എന്തൊരു ഭംഗിയാണവയ്ക്ക്;  കണ്ണാടിപ്പാത്രത്തില്‍ വളര്‍ത്തുന്ന ഗൗരാമികളെപ്പോലെ.  
ഊഷരഭൂമിയില്‍ പൊടുന്നനെ പൊന്തിവന്നൊരു ജലാശയംപോലെ തോന്നി ഗ്രെയ്‌നക്ക് അവളുടെ അടിവയര്‍.  അനുദിനം വളര്‍ന്നു വലുതാകുന്ന ഒരു ജലാശയത്തെ  മാസങ്ങളോളം ചുമന്നുനടക്കുക! എത്ര വിചിത്രമായ അനുഭവമായിരിക്കുമത്. വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന പലമുനകളുള്ളൊരു ചോദ്യത്തിന് തനിക്കിതാ   മധുരമുള്ളൊരു മറുപടി കിട്ടിയിരിക്കുന്നു.
ഗ്രെയ്‌നാ നിനക്കെന്താ വിശേഷമൊന്നുമില്ലേ?
തന്‍റെ സ്‌ത്രൈണതയ്ക്ക് യാതൊരു തകരാറുമില്ലെങ്കിലും  ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ തലകുനിച്ചുനില്‍ക്കേണ്ടി വരിക...  'മലടി' എന്ന പരിഹാസപ്പേരില്‍ അറിയപ്പെടുക....
ഇനി ചോദ്യക്കാരുടെ മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തിനിന്ന്  വയറ്റില്‍ വളര്‍ന്നുവരുന്ന വിശേഷത്തെ നോക്കി വാക്കുകളില്ലാതെ മറുപടി പറയാം - ഗ്രെയ്‌ന അമ്മയാവാന്‍ പോകുന്നു. അതെ, ഇനി ഏതാനും മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍ ഗ്രെയ്‌നയ്ക്കും സ്വന്തം കുഞ്ഞിനെ കൈയിലെടുത്തു ലാളിക്കാം.
അവള്‍ തന്‍റെ  ഉദരത്തിലെ ശിശുക്കളെ ഹൃദയംകൊണ്ട് തഴുകിയും ഉമ്മവച്ചും  ദിവ്യമായൊരു നിര്‍വൃതിയില്‍  അലിഞ്ഞുകിടന്നു.
ഡോക്ടര്‍ വാസവ് തന്‍റെ  ജൂനിയറായ ഡോക്ടര്‍ ദേവിനെ അരികിലേക്കു വിളിച്ച് അഭിമാനപൂര്‍വ്വം പറഞ്ഞു: നോക്കു ദേവ്  നമ്മള്‍ നിക്ഷേപിച്ച നാലു ഭ്രൂണങ്ങളും നന്നായി വളര്‍ന്നിരിക്കുന്നു. നല്ല ആരോഗ്യമുള്ള കുട്ടികള്‍. എന്നാലും ഒന്നു ചോദിച്ചവര്‍ക്ക് നാലു കൊടുക്കുന്നതു ശരിയല്ലല്ലോ.
ഡോക്ടര്‍ ദേവ് സ്‌ക്രീനിലെ സുന്ദരദൃശ്യത്തില്‍നിന്ന് കണ്ണുകള്‍ പിന്‍വലിച്ച്  ഡോക്ടര്‍ വാസവിനെ ചോദ്യരൂപേണ നോക്കി.
യേസ് ഡോക്ടര്‍ ദേവ്, യു ഹാവ് ടു ഡു ഇറ്റ് .
നോ ഡോക്ടര്‍, ഐ കാണ്ട് ഡു ഇറ്റ്.
വാട്ട് യു സേ? ഇറ്റിസ് യുവര്‍ ഡൂട്ടി.
വേണ്ട ഡോക്ടര്‍. അതു നാലും വളരട്ടെ. അവര്‍ പ്രസവിച്ചു വളര്‍ത്തിക്കൊള്ളും.
നോ ഡോക്ടര്‍, നമ്മള്‍ പരീക്ഷണാര്‍ത്ഥം ഒന്നിലധികം ഭ്രൂണങ്ങള്‍ നിക്ഷേപിക്കുമ്പൊഴും ഒന്നെങ്കിലും ആരോഗ്യത്തോടെ വളര്‍ന്നുകിട്ടണം എന്ന പ്രതീക്ഷ മാത്രമേ നമുക്കുണ്ടാവാന്‍ പാടുള്ളൂ. എല്ലാം പൂര്‍ണ്ണ ആരോഗ്യത്തോടെ വളര്‍ന്നുകിട്ടുന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമല്ലേ. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മളുണ്ടാക്കുന്ന ജീവനെ നമ്മള്‍തന്നെ ഇല്ലാതാക്കേണ്ടിയും വരും.  പാപബോധത്തിന്‍റെ  വിലക്കുകള്‍ക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ല.
നോ ഡോക്ടര്‍, ഞാനതു ചെയ്യില്ല.
ഡോക്ടര്‍ ദേവ് ഇത്തരം സെന്റിമെന്റ്‌സ് ഈ പ്രൊഫഷനു പറ്റിയതല്ല. എനിക്ക് മറ്റൊരാളെ കണ്ടെത്തേണ്ടി വരുമെന്നാ തോന്നുന്നത്.
 ഗ്രെയ്നയുടെ കണ്ണുകളില്‍  പഞ്ഞിത്തുണ്ടിന്‍റെ  മൃദുസ്പര്‍ശം.
നൗ ഐ ഹാവ് ടു ഡു ദിസ് മൈസെല്‍ഫ് എന്നു ആത്മഗതം ചെയ്തുകൊണ്ട് ഡോക്ടര്‍ വാസവ് തന്‍റെ  കയ്യിലിരുന്ന സൂചിയിലേക്കു നോക്കി. ഞൊടിയിടയില്‍ അദ്ദേഹമത് ഗ്രെയ്‌നയുടെ വയറ്റിലേക്ക് കുത്തിയിറക്കി, നീന്തിക്കളിക്കുന്ന കുഞ്ഞുങ്ങളുടെ  നേര്‍ക്ക്   ചലിപ്പിച്ചു. ചൂണ്ടയിട്ടു മീന്‍ പിടിക്കുന്ന കൗതുകമായിരുന്നു അദ്ദേഹത്തിന്‍റെ   കണ്ണുകളില്‍!
കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ സൂചി അതിലൊന്നിനെ പിടികൂടി. സമര്‍ത്ഥനായൊരു വരാലിനെപ്പോലെ അത് സൂചിമുനയില്‍നിന്ന് വഴുതിമാറി. പലവട്ടം പിടികൂടിയും വഴുതിമാറിയും പോരാട്ടം തുടര്‍ന്നു. ഒടുവില്‍ ഡോക്ടര്‍തന്നെ  വിജയിച്ചു. അദ്ദേഹം സൂചിത്തുമ്പിലൂടെ ഏതാനും ദ്രാവകത്തുള്ളികള്‍ അതിന്‍റെ  ഹൃദയത്തിലേക്കു ഇറ്റിച്ചു. നിമിഷങ്ങള്‍ക്കകം അതിന്‍റെ   ചലനം നിലച്ചു.
തന്‍റെ   ഉദരത്തില്‍ പിടഞ്ഞുമരിക്കുന്ന  കുഞ്ഞുങ്ങള്‍ക്ക്   അന്ത്യോപചാരം അര്‍പ്പിക്കാനെന്നപോലെ ഗ്രെയ്‌നയുടെ   കവിളിലൂടെ നനഞ്ഞിറങ്ങിയ   നോവിന്‍തുള്ളികള്‍ സിസ്റ്റര്‍ ഷീന ഒരു പഞ്ഞിത്തുണ്ടില്‍ ഒപ്പിയെടുത്തു.
ഡോക്ടറുടെ കയ്യിലെ സൂചി വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. ഏറെനേരത്തെ ശ്രമഫലമായി ഒരെണ്ണത്തെക്കൂടി അദ്ദേഹം സൂചിമുനയില്‍ പിടിച്ചെടുത്തു. ദ്രാവകത്തുള്ളികള്‍ അതിനെയും നിശ്ചലമാക്കി. ബാക്കി രണ്ടെണ്ണം  ഗ്രെയ്‌നയുടെ ഗര്‍ഭപാത്രത്തില്‍ നിര്‍ബാധം   നീന്തിക്കളിച്ചുകൊണ്ടിരുന്നു. അവയെ നോക്കിനില്‍ക്കെ
ഡോക്ടര്‍ വാസവിന്‍റെ   മുഖത്ത് കൃതാര്‍ത്ഥതയുടെ ചെറുചിരി വിടര്‍ന്നു. അദ്ദേഹം ഡോക്ടര്‍  ദേവിനെ  നോക്കിപ്പറഞ്ഞു:
രണ്ടും വളരട്ടെ, നല്ല ആരോഗ്യമുള്ള കുട്ടികള്‍.
ഒന്നും മിണ്ടാതെ ഡോക്ടര്‍ ദേവ് പുറത്തേക്കു നടന്നു. രണ്ടു കൊലപാതകങ്ങള്‍ നിശ്ശബ്ദം കണ്ടുനില്‍ക്കേണ്ടി വന്നതിന്‍റെ  നടുക്കത്തിലായിരുന്നു അദ്ദേഹം.
സിസ്റ്റര്‍ ഷീന ഗ്രെയ്‌നയുടെ കണ്ണിലെ മൂടി മാറ്റി. അവള്‍ സ്‌ക്രീനിലേക്കു നോക്കി. ഇപ്പോള്‍ അവളുടെ ഉദരപാത്രത്തില്‍ രണ്ടു കുഞ്ഞുങ്ങളേയുള്ളു.  താന്‍ രണ്ടു മക്കളുടെ അമ്മയാവാന്‍ പോകുന്നു  എന്ന യാഥാര്‍ത്ഥ്യം അവളെ സന്തോഷിപ്പിച്ചു. പക്ഷേ....   ആ വലിയ  സന്തോഷത്തിനിടയിലും   കൊലചെയ്യപ്പെട്ട  രണ്ടു മക്കളെയോര്‍ത്ത് അവള്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ടിരുന്നു.

Saturday, 18 February 2017

ഫോക്ക് ഹെരിറ്റേജ് മ്യൂസിയം ( ഭൂട്ടാന്‍ യാത്ര)


പൗരാണിക ജീവിതത്തിന്‍റെ ശേഷിപ്പുകള്‍ ലോകമെത്ര ആധുനീകരിച്ചാലും മാനവരാശിക്കൊരു കൗതുകുവും ഓര്‍മ്മപുതുക്കലുമാണ്. ഒന്നരനൂറ്റാണ്ടുമുമ്പുള്ള ഒരു പരമ്പരാഗത ഭൂട്ടാന്‍ ഭവനത്തെ പറിച്ചുനട്ടിരിക്കുകയാണ് തിംഫുവിലെ മൂന്നുനിലകളുള്ള ഫോക്ക് ഹെരിറ്റേജ് മ്യൂസിയത്തില്‍. പരമ്പരാഗതശൈലിയിലുള്ള പടിപ്പുരവാതില്‍ കടന്ന്  ഞങ്ങള്‍ വീട്ടുമുറ്റത്തെത്തി. ഏകദേശം നൂറുവര്‍ഷത്തോളം പഴക്കമുള്ള ഒരു കേരളീയ കര്‍ഷകഭവനത്തില്‍ ചെന്നെത്തിയ പ്രതീതി.


ചെളിയും മരവുംകൊണ്ടുണ്ടാക്കിയ വീട്, കാലിത്തൊഴുത്ത്, ഉരല്‍, ഉലക്ക, ആട്ടുകല്ല്വിറകടുപ്പ്, ഉറി, മുറം, വട്ടി, കുട്ട, മണ്‍പാത്രങ്ങള്‍, നാഴി, പറ, പത്തായംഉണക്കുപായ് തുടങ്ങിയ വീട്ടുപകരണങ്ങള്‍, വാളും പരിചയും വാളുറയും തുടങ്ങിയ യുദ്ധോപകരണങ്ങള്‍വാറ്റുചാരായച്ചാറ എന്നിങ്ങനെ ഒരു സാധാരണ ഭവനത്തില്‍ അന്നുണ്ടായിരുന്നതെല്ലാം അതേപടി പുനപ്രതിഷ്ടിച്ചിരിക്കുന്നു. 



കാലത്തിന്‍റെ  മാറ്റത്തിനനുസരിച്ച്  പ്രാകൃതമെന്നു കരുതി നമ്മള്‍ വലിച്ചെറിഞ്ഞ  നാടന്‍ വീട്ടുപകരണങ്ങള്‍  കണ്ടപ്പോള്‍ സ്ത്രീകള്‍ക്ക് വല്ലാത്ത കൗതുകമായി. 



ആശയും സുശീലയും പ്രസന്നയുമൊക്കെ ഉലക്കയെടുത്ത് പരീക്ഷിച്ചുനോക്കി. ഒരു കര്‍ഷകഭവനത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക്  ബാല്യകൗമാരങ്ങളിലേക്ക് ഒന്നെത്തിനോക്കാനുള്ള അവസരവും.
ജനനം, മരണം തുടങ്ങിയ ജീവിതസന്ധികളുമായി ബന്ധപ്പെട്ട ആചാരാനുഷ്ടാനങ്ങളുടെ ബാക്കിപത്രങ്ങളും വീട്ടുശേഖരത്തിലുണ്ട്. ഒരു ജനത പ്രാചീനസംസ്‌കൃതിയില്‍ നിന്ന് കാലാനുഗതമായ മാറ്റങ്ങളിലൂടെ, അറിവിന്‍റെ ഇടനാഴികള്‍ കടന്ന് ഇന്നത്തെ തുറസ്സിടങ്ങളിലേക്ക് എത്തിച്ചേര്‍ന്നതിന്‍റെ കഥപറയുന്ന അവശേഷിപ്പുകളോരോന്നും ഭൂട്ടാനീസ് ഭാഷയിലുള്ള വിശദീകരണക്കുറിപ്പുകളോടെ  ആ മൂന്നുനിലവീട്ടിനുള്ളില്‍ സഞ്ചാരികളെ  കാത്തിരിക്കുന്നു.


                       EMA (CHILI)

 കെട്ടിടത്തിന്‍റെ പഴക്കം കാഴ്ചക്കാരെ ഓര്‍മ്മിപ്പിക്കുന്നത് അക്കാലത്ത് ഭവനനിര്‍മ്മിതിക്കുപയോഗിച്ചിരുന്ന മരത്തിന്റെയും പ്രകൃതിദത്തമായ മറ്റുവസ്തുക്കളുടെയും ഗുണമേന്മ കൂടിയാണ്.
ഒരു പരമ്പരാഗത ശൈലിയിലുള്ള മില്ല് ധാന്യങ്ങള്‍ പൊടിക്കുന്നതിനായി താഴെ കറക്കാവുന്ന  കല്ലുരലും മേല്‍ക്കല്ലും മധ്യത്തിലെ ദണ്ഡില്‍ ഉറപ്പിച്ചു  സ്ഥാപിച്ചിരിക്കുന്നു .മുകളിലെ തട്ടിലുള്ള കോണാകൃതിയിലുള്ള കുട്ടയിലൂടെ ധാന്യങ്ങള്‍ താഴേയ്ക്കിടാന്‍ കഴിയും.




മ്യൂസിയം സന്ദര്‍ശിക്കുന്നവരുടെ അറിവിലേക്കായി  സീസണ്‍ അനുസരിച്ചുള്ള  ഡെമോണ്‍സ്ട്രേഷന്‍ പരിപാടികളുമുണ്ട്.
യ്ത്തുവരെയുള്ള കാര്യങ്ങള്‍  അന്നത്തെ രീതിയില്‍ത്തന്നെ കണ്ടറിയാം. നൂറ്റിയമ്പതിലേറെ വര്‍ഷം പഴക്കമുള്ള മില്‍സ്റ്റോണില്‍ (ചാണ) ധാന്യം പൊടിക്കുന്നതും വിന്റ്മില്‍ ഉപയോഗിച്ച് വെള്ളം തേകുന്നതും തുടങ്ങി അടുക്കളത്തോട്ടവും ഔഷധസസ്യങ്ങളും ഹോട്ട്സ്റ്റോണ്‍ ബാത്തും  ഭൂട്ടാന്റെ തനതുല്‍പന്നമായ ചുവന്നരി വറുക്കുന്നതും വരെ ഇവിടെ കണ്ടുമടങ്ങാം. പക്ഷേ ഡെമോണ്‍സ്ട്രേഷന്‍ പരിപാടികള്‍ കാണണമെന്നുള്ളവര്‍ ഒരാഴ്ചമുമ്പെങ്കിലും ബുക്കുചെയ്തിരിക്കണം.


.

മ്യൂസിയപരിസരത്തുള്ള മറ്റൊരു  കെട്ടിടത്തില്‍ ഭൂട്ടാനീസ് കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിട്ടുണ്ട്. വ്യാളിയുടെ ചിത്രമുള്ള ചെറിയൊരു കളിമണ്‍കപ്പെടുത്ത് വിലചോദിച്ചു, മുന്നൂറുരൂപ! വിലക്കൂടുതല്‍ വകവയ്ക്കാതെ വ്യാളീചിത്രം പതിച്ച ഒരു ജഗ്ഗും രണ്ടുകപ്പുകളും സെറ്റായി വാങ്ങി.


ഭൂട്ടാന്‍റെ  തനതുഭക്ഷണം അതേ രുചിയോടെയും തൃപ്തിയോടെയും കഴിക്കണമെന്നുള്ളവര്‍  ഫോക്ക് ഹെരിറ്റേജ് മ്യൂസിയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിലേക്ക് ചെല്ലുക. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള ഭക്ഷണം വൃത്തിയായി പാചകംചെയ്തുതരും. ആപ്പിള്‍തോട്ടത്തിനപ്പുറമുള്ള പ്രകൃതിരമണീയമായ തുറസ്സിലിരുന്ന് ആസ്വദിച്ച് കഴിക്കാം.  കുറഞ്ഞത് അഞ്ചുപേരെങ്കിലുമുള്ള ഗ്രൂപ്പായിരിക്കണമെന്നുമാത്രം. യാത്രാസംഘങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ളത്ര ഭക്ഷണം മുന്‍കൂട്ടി ഏര്‍പ്പാടുചെയ്യുകയാണ് പതിവ്. മായമില്ലാത്ത നല്ല ഭക്ഷണത്തിന് വില അല്‍പം കൂടിയാലും പ്രശ്നമില്ലല്ലൊ. ഞങ്ങള്‍ നേരത്തേ ബുക്കുചെയ്യാതിരുന്നതിനാല്‍ അവിടത്തെ ഭക്ഷണരുചി ആസ്വദിക്കാനായില്ല.  ചോറും എമ ദറ്റ്ഷി എന്നു പേരായ കറിയുമാണ് ഭൂട്ടാനികളുടെ ഇഷ്ടഭക്ഷണം. അതുതന്നെയാണ് ദേശീയഭക്ഷണവും. എമ എന്നാല്‍ മുളക്. ദറ്റ്ഷി എന്നാല്‍ വെണ്ണ. 



വലിയ മുളകുകള്‍ വെള്ളമൊഴിച്ചു തിളപ്പിച്ച് അതില്‍ വെണ്ണക്കട്ടി മുറിച്ചിട്ട് ഉണ്ടാക്കുന്ന കറിയാണ് എമ ദട്സി. വെണ്ണ ഉരുകിച്ചേര്‍ന്ന് വെളുത്തനിറമാവും കറിക്ക്. നമ്മള്‍ തേങ്ങാപ്പാല് ചേര്‍ത്തുണ്ടാക്കുന്ന സ്റ്റൂ പോലിരിക്കും. 
രണ്ടായിരത്തിയൊന്ന് ജൂലൈ ഇരുപത്തിയെട്ടിന്, രാജപത്നി അഷി ദോര്‍ജി വാങ്ചുക്ക്  ഫോക്ക് ഹെരിറ്റേജ് മ്യൂസിയത്തിന്‍റെ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പൊതുഅവധിദിവസങ്ങളില്‍ മ്യൂസിയം തുറക്കുകയില്ല. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ പത്തുമുതല്‍ വൈകിട്ട് നാലരവരെയും ശനിയാഴ്ചകളില്‍ പത്തരമുതല്‍ ഒന്നുവരെയും ഞായറാഴ്ചകളില്‍ പതിനൊന്നരമുതല്‍ മൂന്നരവരെയുമാണ് സന്ദര്‍ശനസമയം.
                        ഫോക്ക് ഹെരിറ്റേജ് മ്യൂസിയം

Tuesday, 14 February 2017

ഘൂം - കാഴ്ചയും ചിന്തയും (യാത്ര)





 7407 അടി ഉയരത്തില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍! ഡാര്‍ജിലിംഗ് ടൗണില്‍നിന്ന് എട്ടുകിലോമീറ്റര്‍ അകലെയാണിത്.  ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള (8000 അടി) ഹിമാലയന്‍ - ഡാര്‍ജിലിംഗ് റെയില്‍പാതയിലെ ഏറ്റവും ഉയരത്തിലുള്ള പോയിന്റാണ്  ഘൂം സ്റ്റേഷന്‍.. ഒറ്റ ബോഗികളുള്ള തീവണ്ടികളാണ് ഈ പാതയില്‍ സര്‍വ്വീസ് നടത്തുന്നത്.

 1891 -ല്‍ നിര്‍മ്മിതമായ  ഘൂം റെയില്‍വേ സ്റ്റേഷനും അവിടെ പുരാവസ്തുപോലെ സൂക്ഷിച്ചിരിക്കുന്ന പഴയ തപാല്‍പ്പെട്ടിയും റെയില്‍വേ മ്യൂസിയവും കളിത്തീവണ്ടിയും ചരിത്രത്തിലൂടെ പുറകോട്ടു സഞ്ചരിക്കുന്ന അനുഭവം. കളിവണ്ടിയില്‍ കയറാന്‍ സമയം ഒത്തുകിട്ടിയില്ലെങ്കിലും തുടര്‍ന്നുള്ള യാത്രാവേളയില്‍ പലയിടത്തുവച്ചും റോഡരികിലെ പാളങ്ങളിലൂടെ കറുത്ത പുകതുപ്പി കടന്നുപോകുന്ന തീവണ്ടിയെ  അടുത്തുകണ്ടു. ആ പുക ശ്വസിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കാഴ്ചക്ക് കൗതുകമാണെങ്കിലും തീവണ്ടികള്‍ പുറംതള്ളുന്ന  കറുത്തപുക അന്തരീക്ഷവായുവിനെ മലിനപ്പെടുത്തുകയല്ലേ ചെയ്യുന്നത് എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി.