Wednesday, 30 December 2015

താമരമണമുള്ള പുതുവര്‍ഷപ്പുലരി


ഓമനേ, നിനക്ക് ഞാനിന്നെന്തു സമ്മാനമാണ് തരിക?
രത്നമുത്തു ചോദിച്ചു.
ഞാന്‍ പറഞ്ഞു: എനിക്ക് ഒരു താമരപ്പൂവു മതി.
  ഞങ്ങള്‍ രണ്ടാളും എട്ടാംക്ലാസ്സില്‍ പഠിക്കുന്ന കാലം. കൗമാരത്തിന്‍റെ കടന്നുവരവ് ഇരുവരുടെയും രൂപവും വിചാരവികാരങ്ങളുമൊക്കെ പുതുക്കിപ്പണിയാന്‍ തുടങ്ങിയിരുന്നു. എന്നും എന്തെങ്കിലും  കൈമാറിയില്ലെങ്കില്‍, ഒത്തിരിനേരം അടുത്തിരുന്നു  വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍  എന്തോ ഒരു പെടപെടച്ചില്‍.    
  ഞങ്ങളുടെ വീടുകള്‍തമ്മില്‍ ഒരുവിളിപ്പാടകലമേയുള്ളൂ. എങ്കിലും തമ്മില്‍ കാണാനും മിണ്ടാനും സമയോം നേരോം നോക്കണം. ‘കണ്ട പയലുകളുടെകൂടെ കൂത്താടണ കണ്ടില്ലേ, മൊല വായീന്നെടുത്തില്ലെന്നാ  അവള്‍ടെ വിചാരം, കൊമരി....’ അമ്മയുടെ ശകാരത്തിനു മൂര്‍ച്ച കൂടിത്തുടങ്ങി.  
  പുരയിടത്തിന്‍റെ പുറമ്പോക്കില്‍ ഒരു താമരക്കുളം ഉണ്ടായിരുന്നു. അതില്‍ നിറയെ പൂക്കളും. ചുറ്റിലും വയല്‍ചെടികളും.    താമരപ്പൂക്കള്‍ പറിച്ചെടുത്ത് മണപ്പിക്കാനും  അല്ലികള്‍ നുള്ളിത്തിന്നാനും എനിക്ക് വല്ലാത്ത കൊതിയായിരുന്നു. നല്ല ആഴമുള്ള കുളമാണതെന്നും ഇറങ്ങിയാല്‍ ചെളിയില്‍ പുതഞ്ഞുപോകുമെന്നും എല്ലാവരും  പറഞ്ഞു പേടിപ്പിച്ചിരുന്നതു കാരണം  എന്‍റെ ആഗ്രഹം സാധിക്കാതെ തുടര്‍ന്നു.
  പൂക്കള്‍ പറിക്കാനായില്ലെങ്കിലും അമ്മയുടെ കണ്ണുവെട്ടിച്ച് എല്ലാദിവസവും ഞാനും മുത്തുവും  കുളത്തിന്‍റെ വരമ്പത്ത്‌ ഒത്തുകൂടുകയും  പൂക്കളെണ്ണിക്കളിക്കുകയും ചെയ്തിരുന്നു. നാലുവരമ്പത്തും നീളേനടന്ന് എണ്ണിയാലും ഒരിക്കല്‍പ്പോലും പൂക്കള്‍ മുഴുവന്‍ കൃത്യമായി എണ്ണിത്തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അത്രയേറെ പൂക്കളുണ്ടാവും ഓരോ ദിവസവും. താമരപ്പൂവിന് മണമില്ലെന്ന് മുത്തുവും മണമുണ്ടെന്നു ഞാനും ചുമ്മാ തര്‍ക്കം പറയും.  
   ഒരു പുതുവര്‍ഷപ്പുലരിയില്‍ പൂക്കളുടെ ഭംഗി  ആസ്വദിച്ചുകൊണ്ട് കുളത്തിന്‍റെ വരമ്പത്തിരിക്കുമ്പോഴാണ് മുത്തു എന്തു സമ്മാനം വേണമെന്നു ചോദിച്ചത്. ഞാന്‍ താമരപ്പൂവു മതി എന്നു പറഞ്ഞതും അവന്‍ കുളത്തിലേക്ക് ഒരു ചാട്ടം. കഴുത്തോളം മുങ്ങി, കാലുകള്‍ ചെളിയില്‍ പുതഞ്ഞ് അനങ്ങാനാവാതെ അവന്‍ നിന്നു. എങ്ങനെയാണ് അവനെ കരയ്ക്ക് കയറ്റെണ്ടത്?   അടുത്തെങ്ങും ആരുമില്ല. വീട്ടിലറിഞ്ഞാല്‍ അടി ഉറപ്പ്. ഞാന്‍ പേടിച്ചു കരയാന്‍ തുടങ്ങി.
 അങ്ങനെ കരഞ്ഞുകൊണ്ട്‌ നില്‍ക്കുമ്പോഴാണ് വരമ്പത്തെ തെങ്ങുകളില്‍നിന്നു തേങ്ങയിടാനായി വലിയൊരേണിയുമായി   ചാര്‍ളിയെത്തിയത്. ചാര്‍ളി മുത്തുവിന്‍റെ അമ്മാച്ചനാണ്. അയാള്‍ മുത്തുവിനെ പൊതിരെ ശകാരിച്ചു: ‘എന്നെടാ പയലേ നീ കൊളത്തിച്ചാടി ചാവാമ്പോണാ?’  ഒനക്കു പൈത്യമാടാ? ഓ, കൊമാരിക്കു മുന്നിലേ ഹീറോ കളിക്കണാ? എതുക്കെടാ...?’ ശകാരിക്കുന്നതിനിടയില്‍ അയാള്‍  ഏണി അവന്‍റെ അരികിലേക്കിറക്കിവച്ചു. എന്നിട്ട് അതിലൂടെ ഇറങ്ങിച്ചെന്ന് അവനെ വലിച്ചുപൊക്കി ഏണിയില്‍ കയറ്റി കരക്കെത്തിച്ചു.
  അതിനിടയില്‍ അവന്‍ നാലഞ്ചു  താമാരപ്പൂക്കള്‍  പറിച്ചിരുന്നു. അവ എനിക്ക് സമ്മാനിക്കുമ്പോള്‍ അവന്‍റെ കണ്ണില്‍ ഞാന്‍ കണ്ടത് ആദ്യാനുരാഗത്തിന്‍റെ ആകാശത്താമരകളായിരുന്നു!











..

Friday, 18 December 2015

sarojam.com- inagural speech by Sarah Joseph

Dear Readers,
     you are cordially invited to my new website - sarojam.com - inagurated by Sarah Joseph on 15-12-'15
      yours lovingly
       S.Sarojam
                                                        



സരോജം.കോം ഔപചാരികമായി അവതരിപ്പിച്ചു കൊണ്ട്
സാറാജോസഫ് നല്‍കിയ സന്ദേശം

                                        *****
''സ്ത്രീകളുടെ  ആവിഷ്കാരങ്ങള്‍ വളരെ വ്യതസ്തങ്ങളാണ്''
   -------------------------------------------------------------------------------------------
ഞാനെല്ലായ്‌പ്പോഴും സ്ത്രീകളുടെ ആവിഷ്‌കാരങ്ങളെ വളരെയധികം ശ്രദ്ധയോടുകൂടി  വീക്ഷിക്കുന്ന ഒരാളാണ്. കാരണം സ്ത്രീ എഴുതുമ്പോള്‍ വ്യത്യസ്തമായ ഒരു ലോകം ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. സ്ത്രീയുടെ അനുഭവങ്ങള്‍ വളരെ വ്യത്യസ്തമാണ്. പുരുഷന്‍റെ  അനുഭവങ്ങളില്‍നിന്നും മൊത്തം സാമൂഹ്യഅനുഭവങ്ങളില്‍നിന്നും വളരെ വ്യത്യസ്തമാണ് സ്ത്രീയുടെ അനുഭവങ്ങള്‍. അതുകൊണ്ടുതന്നെ അതിന്‍റെ  ആവിഷ്‌കാരം എന്നു പറയുന്നത് വ്യത്യസ്തമായ ഒരു ലോകത്തിന്‍റെ  ആവിഷ്‌കാരമാണ്. ബോധതലത്തിലുള്ള വ്യത്യാസം മാത്രമല്ല, സാമൂഹിക അനുഭവങ്ങളിലുള്ള വ്യത്യാസവും സ്ത്രീയുടെ എഴുത്തിനെ വേറിട്ട എഴുത്ത്‌
ആക്കുന്നുണ്ട്.
Sarah-Joseph
അതിനാല്‍ എഴുതുവാന്‍ താല്പര്യത്തോടുകൂടി കടന്നുവരുന്ന ഓരോ സ്ത്രീയുടെയും ആത്മാവിഷ്‌കാരങ്ങളെ വളരെയധികം സന്തോഷത്തോടുകൂടി സ്വീകരിക്കുകയാണ് എല്ലായ്‌പ്പോഴും ഞാന്‍ ചെയ്തുവരാറുള്ളത്. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം; വളരെയധികം പ്രശസ്തരും അല്ലാത്തവരും ആയിട്ടുള്ള എഴുത്തുകാരുടെ എഴുത്തുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാവാം. എങ്കില്‍പോലും ഓരോ എഴുത്തും അതിന്റേതായ ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ് എന്നു ഞാന്‍  വിശ്വസിക്കുന്നു. മൊത്തം പുരുഷാധിപത്യപരമായ ഒരു സാമൂഹ്യബോധം നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ നമ്മുടെ മൂല്യവ്യവസ്ഥ എല്ലാംതന്നെ പുരുഷാധിപത്യപരമായ ഒരു സമൂഹത്തില്‍ എന്താണ് സ്ത്രീക്ക് പറയാനുള്ളത് എന്നത് വളരെ പ്രധാനമാണ്. നമ്മളെല്ലാവരും പറയും സ്ത്രീകള്‍ക്ക് ഒരു ജീവിതദര്‍ശനമില്ല, അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരു ജീവിതദര്‍ശനം ആവിഷ്‌കരിക്കുന്നതിന് അവര്‍ പര്യാപ്തരല്ല എന്നൊക്കെ. നമ്മുടെ ഭാഷയില്‍ത്തന്നെ ദാര്‍ശനികന്മാര്‍ മാത്രമേയുള്ളൂ. ദാര്‍ശനിക എന്നു പറയുന്നൊരു  പ്രയേഗംതന്നെ ഇല്ല, മിക്കവാറും നമുക്ക് ഇല്ല. കാരണം സ്ത്രീയുടെ ജീവിതദര്‍ശനം എന്ത് എന്നു അന്വേഷിക്കാന്‍ നമ്മളാരും മുതിര്‍ന്നിട്ടില്ല. പുരുഷാധിപത്യപരമായ സമൂഹം,  അതിന്‍റെ  മൂല്യവ്യവസ്ഥ ആണും പെണ്ണും ഒരുപോലെ ഉള്‍ക്കൊണ്ടുകൊണ്ടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് അത് വെറും ലിംഗഭേദത്തിന്‍റെ  പ്രശ്‌നമല്ല; നാം ഏതുതരത്തിലുള്ള മൂല്യവ്യവസ്ഥയും സംസ്‌കാരവുമാണ് സ്വാംശീകരിച്ചു നിലനിറുത്തിയിരിക്കുന്നത് എന്നതിന്‍റെ പ്രശ്നം  ആണ്.
സരോജം പത്തോളം കൃതികള്‍ എഴുതിയിട്ടുള്ള എന്‍റെ  പ്രിയപ്പെട്ട സുഹൃത്ത് ആണ്. സരോജത്തിന്‍റെ  ഈ പത്തോളം കൃതികളില്‍ എഴുത്തിന്‍റെ  നാനാവൈവിദ്ധ്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നോവലുകള്‍, കഥകള്‍, കവിതകള്‍, ഒപ്പംതന്നെ യാത്രാവിവരണങ്ങള്‍, പഠനങ്ങള്‍ എന്നിങ്ങനെ ഇത്രയും വിപുലമായ തോതില്‍ സാഹിത്യത്തിന്‍റെ  എല്ലാ മേഖലകളിലും പരിശ്രമിച്ച് എഴുതിക്കൊണ്ടിരിക്കുന്ന  ഒരെഴുത്തുകാരിയെ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.    ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചതിനുശേഷം മുഴുവന്‍ സമയം എഴുത്ത് വായന, യാത്ര എന്നിങ്ങനെ  വളരെയധികം സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ തന്‍റെ  സമയം വിനിയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തയായ സ്ത്രീ എന്ന നിലയില്‍ സരോജത്തെ ഞാന്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.
                                                                                                 നന്ദി.
                                                                                         സാറാജോസഫ്‌

sarojam.com - inagural speech by Sarah Joseph (vedio)

Thursday, 29 October 2015

TOUCH ME NOT (poem)






                                     

WHEN YOU TOUCH ME

I CLOSE MY EYES

NOT BECAUSE

I DOES'NT LIKE YOU

BUT BECAUSE

IAM SO SENSITIVE.







Tuesday, 27 October 2015

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു ...





     മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചൂ
     മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
     മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി
     മനസ്സു പങ്കുവച്ചു………..
വയലാറിനെ ഓര്‍ക്കുമ്പോഴെല്ലാം എന്‍റെ  മനസ്സില്‍ ആദ്യമെത്തുന്നത് അച്ചനും ബാപ്പയും എന്ന സിനിമയിലെ ഈ ഗാനമാണ്. സമകാലീന  സാമൂഹ്യ സാംസ്‌കാരിക ഗതിവിഗതികള്‍ മനസ്സിനെ മടുപ്പിക്കുമ്പോള്‍ സാംസ്‌കാരികാഭിമുഖ്യമുള്ള ഏതു മലയാളിയും അറിയാതെ മൂളിപ്പോകാറുണ്ട് ഈ വരികള്‍. ‘സ്വന്തം ഭാഷ സംസാരിക്കുന്ന ജനതയുടെ സാംസ്‌കാരിക പൈതൃകത്തിന്‍റെ  ഭാഗമായിരിക്കുക ഏതു കവിയുടെയും ജീവിതസാഫല്യമാണ്. വയലാര്‍ രാമവര്‍മ്മ എന്ന കവി അതു കൈവരിച്ചിരിക്കുന്നു.’ എന്‍.വി.കൃഷ്ണവാര്യര്‍ 1976 – ല്‍ എഴുതിയ വാക്കുകള്‍ ഇന്നും അര്‍ത്ഥപൂര്‍ണ്ണം തന്നെ. മലയാളകവിതയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവരും വയലാര്‍കവിതയുടെ സാന്നിദ്ധ്യം  എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു നിരവധിയായ സിനിമാ – നാടക ഗാനങ്ങളിലൂടെ. എനിക്ക് മരണമില്ലെന്നു പാടിയ കവി…. കൊതിതീരുംവരെ ഇവിടെ  പ്രേമിച്ചുമരിക്കാന്‍ ആഗ്രഹിച്ച പാട്ടുകാരന്‍….  കാവ്യകല്‍പ്പനയുടെ  ഇന്ദ്രധനുസ്സിലേറി നമ്മെ വിസ്മയിപ്പിച്ച മഹാപ്രതിഭ ഈ മനോഹരതീരം വിട്ടുപോയിട്ട് ഈ ഒക്‌ടോബര്‍ ഇരുപത്തേഴിന് നാല്‍പ്പതു വര്‍ഷമാവുന്നു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാഘവപ്പറമ്പില്‍  അമ്പാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ചുമാസം 25-നു രാമവര്‍മ്മ  ജനിച്ചു. മൂന്നരവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. യാഥാസ്ഥിതികനായ അമ്മാവന്‍റെ  സംരക്ഷണയിലാണ് പിന്നെ വളര്‍ന്നുവന്നത്.  ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തി.  പഴയ വിദ്യാദാന ശൈലിയില്‍ സംസ്‌കൃതം പഠിച്ചു. വളരെ ചെറുപ്പത്തിലേ കവിതകള്‍ എഴുതാന്‍ തുടങ്ങിയെങ്കിലും അവയധികവും സംസ്‌കൃതശ്ലോകങ്ങള്‍,  കീര്‍ത്തനങ്ങള്‍ തുടങ്ങിയവയായിരുന്നു.  പുന്നപ്ര – വയലാര്‍ സമരം നടക്കുമ്പോള്‍ അദ്ദേഹത്തിന് പതിനെട്ടു വയസ്സായിരുന്നു. അദ്ധ്വാനിക്കുന്ന മനുഷ്യവര്‍ഗ്ഗത്തിന്‍റെ   ജീവിതപ്രശ്‌നങ്ങളെ  നേരിട്ടു കണ്ടറിഞ്ഞ അദ്ദേഹത്തിന്‍റെ  കവിതകളും കാവ്യസംപുഷ്ടമായ ഗാനങ്ങളും ഇന്ത്യന്‍ കവിതയില്‍ അരുണിമ പടര്‍ന്ന  കാലഘട്ടത്തിന്‍റെ  മാറ്റൊലികളായി.  ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മലാളകവിതയില്‍ അദ്ദേഹം സജീവമായിനിന്നു.  പാദമുദ്രകള്‍ എന്ന ആദ്യകവിതാസമാഹാരത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു കവിയെ ദര്‍ശിക്കാമെങ്കിലും പിന്നീടുവന്ന എല്ലാ കാവ്യസമാഹാരങ്ങളിലും ഇടതുപക്ഷരാഷ്ട്രീയത്തിന്‍റെ  ശക്തനായ വക്താവിനെയാണ് കാണാനാവുക. വാളിനെക്കാള്‍ ശക്തമായ സമരായുധമാണ് കവിത എന്ന തിരിച്ചറിവ്  അദ്ദേഹത്തിനുണ്ടായിരുന്നു എന്നതിന് കവിതകള്‍ തന്നെ സാക്ഷ്യം. 1950 – ’61 കാലഘട്ടത്തിലാണ് കൊന്തയും പൂണൂലും, നാടിന്‍റെ  നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗ്ഗസംഗീതം എന്നീ കാവ്യസമാഹാരങ്ങളും ആയിഷ എന്ന ഖണ്ഡകാവ്യവും രചിച്ചത്. കൊന്തയും പൂണൂലും  എന്ന കാവ്യസമാഹാരം  അദ്ദഹത്തെ ഒരു ‘വിപ്ലവകവി’യാക്കി. രക്തം കലര്‍ന്ന മണ്ണ്, വെട്ടും തിരുത്തും എന്നീ കഥാസമാഹാരങ്ങളും പുരുഷാന്തരങ്ങളിലൂടെ എന്ന യാത്രാവിവരണഗ്രന്ഥവും അദ്ദേഹത്തിന്‍റെ  രചനകളില്‍ പെടുന്നു.
കവിതകളെക്കാളുപരി വയലാറിനെ അനശ്വരനാക്കുന്നത്  പച്ചമനുഷ്യന്‍റെ   സുഖവും ദു:ഖവും ഒപ്പിയെടുത്ത രണ്ടായിരത്തില്‍പ്പരം  സിനിമാ – നാടക ഗാനങ്ങളാണ്. പ്രമേയവുമായി ഇഴുകിച്ചേര്‍ന്നുനില്‍ക്കുന്ന ഗാനങ്ങള്‍  കല്‍പ്പനയുടെ ഔചിത്യവും  വാക്കുകളുടെ ചാരുതയും  ബിംബലാവണ്യവും കൊണ്ട് മലയാളിമനസ്സുകളെ വിസ്മയിപ്പിച്ചു.  വിഭിന്നശൈലികളില്‍ – ഗ്രാമ്യമായും പ്രൗഢസുന്ദരമായും  ദാര്‍ശനികമായും ആദ്ധ്യാത്മികമായും ഗാനങ്ങളെഴുതാനുള്ള കഴിവ് അനന്യസാധാരണം. ശാസ്ത്രസത്യങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ടുള്ള നിരവധിയായ സിനിമാഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ  ശാസ്ത്രജ്ഞാനത്തെ വെളിവാക്കുന്നവയാണ്:        ‘തങ്കത്താഴികക്കുടമല്ലാ.. 
   താരാപഥത്തിലെ രഥമല്ലാ.. 
   ചന്ദ്രബിംബം കവികള്‍ വാഴ്ത്തിയ..           
 സ്വര്‍ണ്ണമയൂരമല്ലാ..’ 
‘പ്രളയപയോധിയില്‍..’ തുടങ്ങിയവ.
1975 ഒക്‌ടോബര്‍ 27 -ന് , നാല്പത്തിയേഴാം വയസ്സില്‍ വയലാര്‍ അന്തരിച്ചു. ജാതിയുടെയും
മതത്തിന്‍റെയും  അതിരുകള്‍ ഭേദിച്ച ആ സര്‍ഗ്ഗചൈതന്യം അകാലത്തില്‍ പൊലിഞ്ഞുപോയത് നമ്മുടെ നഷ്ടം. രക്തഗ്രൂപ്പു മാറി കുത്തിവച്ചതാണ് വയലാറിന്‍റെ  മരണത്തിനു കാരണമെന്നു പ്രശസ്തകവി ഏഴാച്ചേരി രാമചന്ദ്രന്‍ 2011 സെപ്തംബര്‍ 14 – ന് ഒരു പൊതുചടങ്ങില്‍ നടത്തിയ വെളിപ്പെടുത്തല്‍  ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. പ്രശസ്തമായ വയലാര്‍ അവാര്‍ഡ് അദ്ദേഹത്തിന്‍റെ  ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
ഈശ്വരന്‍ ഹിന്ദുവല്ലാ…. കൃസ്ത്യാനിയല്ലാ… ഇസ്ലാമുമല്ലാ….. എന്ന ഗാനശകലംകൂടി ഓര്‍ത്തുകൊണ്ട് ഈ ഓര്‍മ്മക്കുറിപ്പ് ചുരുക്കട്ടെ.

Friday, 23 October 2015

പൊള്ളുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് തോറ്റിയെടുത്ത സൗഹൃദരചനകള്‍-ഡോ;വിളക്കുടി രാജേന്ദ്രന്‍

          പുസ്തകപരിചയം

               ഡോ.വിളക്കുടി രാജേന്ദ്രന്‍
                      വാക്ക് (മാസിക), ജൂണ്‍ 2013 



         പൊള്ളുന്ന ജീവിതാനുഭവങ്ങളില്‍നിന്നു തോറ്റിയെടുത്ത സൗഹൃദരചനകള്‍ക്കുടമയാണ് എസ്.സരോജം. കഥയായും കവിതയായും നോവലായും ബഹിര്‍ഗ്ഗമിക്കുന്ന ആ രചനകള്‍ ഇരുത്തംവന്ന ഒരെഴുത്തുകാരിയുടെ തനതായ സാഹിത്യ  സംഭാവനകളാണ്. ‘ദുരന്തങ്ങളുടെ എരിമലകളില്‍നിന്നു പൊട്ടിയൊഴുകുന്ന ലാവയില്‍ പൊള്ളിയും പൊറുത്തും മണ്ണിലെ ജീവിതങ്ങള്‍. സ്വന്തദു:ഖങ്ങളും അന്യദു:ഖങ്ങളും സ്വകീയമായി മാറുമ്പോള്‍ ലോലഹൃദയരായ കവികള്‍ക്ക് പാടാതിരിക്കാനാവില്ല. ജീവിതക്കടലില്‍ മനോഹരമായ മുത്തുകള്‍ മാത്രമല്ല, മാരകവിഷമുള്ള മുള്ളുകളും ഉണ്ടല്ലോ’. ‘മുത്തുകള്‍ നല്‍കുന്ന സുഖങ്ങളെക്കാള്‍ മുള്ളുകള്‍ നല്‍കുന്ന മുറിവുകളെ താലോലിക്കുകയും അവയെക്കുറിച്ച് എഴുതുകയും’ ചെയ്യുന്ന ഈ കവി  മുപ്പത്തിരണ്ടു കവിതകളിലൂടെയാണ് വായനക്കാരെ അച്ചുതണ്ടുമായി ബന്ധപ്പെടുത്തുന്നത്.  
കോടാനുകോടി നക്ഷത്രങ്ങളും അവയുടെ തോഴരായ അസംഖ്യം ഗോളങ്ങളും ചേര്‍ന്ന വിസ്മയപ്രപഞ്ചത്തെ പ്രണമിക്കുകയാണ് ‘വിസ്മയകാവ്യം’ എന്ന ആദ്യകവിതയില്‍.

‘അനന്തമജ്ഞാതമവര്‍അണ്ണനീയം
ഈലോകഗോളം തിരിയുന്ന മാര്‍ഗ്ഗം’

എന്നു വിസ്മയിച്ച കവിയെ ഓര്‍ക്കാതെ ഈ കവിതയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ കഴിയില്ല. ഭാഷയുടെ മാധുര്യം നുണയുന്ന ‘മൊഴിവരം’ എന്ന കവിതയില്‍ മാതൃഭാഷ നല്‍കുന്ന ഉണര്‍വ്വും ഊര്‍ജ്ജവും അനുഭവിച്ചറിയാം.

‘പോകും വഴികളില്‍ പാഥേയമായ്
പാടും വരികളില്‍ പാലമൃതായ്
നാടിന്‍ മഹിതമാം മാതൃകങ്ങള്‍
കാത്തിടുമെന്നുമെന്‍ മലയാളം.’ 

‘മാതൃകങ്ങള്‍’ എന്നത് ‘പൈതൃകങ്ങള്‍’ എന്നതിന് കവി ബോധപൂര്‍വ്വം നല്‍കിയ ബദല്‍രൂപമാണെന്നു തോന്നുന്നു.

    സമകാലിക സമൂഹത്തിനു പിടിപെട്ടിരിക്കുന്ന ഉന്മാദത്തിനിരയായിത്തീര്‍ന്ന പ്രിയമകനെയോര്‍ത്തു വിലപിക്കുന്ന കവിതയാണ്’ ഉന്മാദഭൂമി’.

    ‘കന്മദം കൊണ്ടൊരു ബോംബു തീര്‍ത്തീ-
    യുന്മാദഭൂമിയില്‍ വര്‍ഷിക്ക നീ’

എന്നിങ്ങനെ ആ ഉന്മാദത്തിനു മരുന്ന്‍ നിര്‍ദ്ദേശിക്കുക കൂടി ചെയ്യുന്നുണ്ട് ഈ അമ്മ.

    ഈ സമാഹാരത്തിലെ ഏറ്റവുംനല്ല കവിതകളിലൊന്നാണ് ‘ശിഷ്ടക്കാഴ്ച’.

‘ഓടുകള്‍ പൊട്ടിയ മേല്‍ക്കൂരയതില്‍
            ചിതലുകള്‍ മേഞ്ഞ കഴുക്കോലോ
മാംസം നക്കിയെടുത്തോരസ്ഥികള്‍
പോലെയെഴുന്നു ചിരിക്കുന്നു!’

എന്നിങ്ങനെ തറവാട്ടുപുരയെ  എഴുതുമ്പോള്‍ എലുമ്പുന്തിയ ഒരു പാവം മനുഷ്യജീവി നമ്മുടെ മുമ്പില്‍ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കാന്‍ കവിക്ക് കഴിയുന്നു.

    ഉര്‍വ്വരയായിരുന്നവളെ വന്ധ്യയാക്കി മാറ്റുന്ന പ്രക്രിയയാണ് അന്ധമായ പരിഷ്കൃതി കൊണ്ടുവരുന്നതെന്ന്  പ്രതിഷേധം പറയുന്ന കവിതയാണ് ‘വന്ധ്യവസുന്ധര’.

    ‘ദുഃഖം തളിര്‍ക്കും പ്രളയക്കെടുതിക-
    ളസ്ഥിയുരുക്കും വെയില്‍ക്കൊടുമ’

ഈ രണ്ട് എക്സ്ട്രീംസ് ഇന്ന്‍ നമ്മുടെ നാടിനെ വിഴുങ്ങുന്നു. കുപ്പികളില്‍ നിറയ്ക്കപ്പെട്ടു  വിപണിയിലെത്തുന്ന ദാഹനീരിന്‍റെ പിന്നിലെ അധിനിവേശ ദുരകള്‍ നമ്മുടെ ഞരമ്പുകളെ നാളെ രിക്തമാക്കുമെന്നും അനതിവിദൂര ഭാവിയില്‍ ഒരു ജലയുദ്ധം ഉണ്ടായേക്കാമെന്നുമുള്ള ഒരു താക്കീത് കൂടിയാണ് ഈ കവിത.

    തീവ്രദു:ഖങ്ങളുടെ അഗ്നിതിളപ്പുകളും ഉള്‍വഹിച്ച് അച്ചുതണ്ടില്‍ തുടരുന്ന ഭൂമിയുടെ യാത്ര മനുഷ്യജീവിത യാത്രയുടെ തന്നെ നേര്ബിംബമാണ്. വെന്തുരുകുന്ന  പെണ്ണിനേയും ഭൂമിയേയും സമാനവല്‍ക്കരിച്ചുകൊണ്ട് കവി ചോദിക്കുന്നു:

    ‘അത്രയ്ക്ക് ചൂടാര്‍ന്നൊരുള്‍ത്തടം പേറിയവ –
    ളെത്രനാള്‍ തുടരുമീയച്ചുതണ്ടിലെ യാത്ര?’

മനുഷ്യന്‍റെ  തീവ്രദുഃഖത്തില്‍നിന്നുള്ള മോചനം കവി കാംക്ഷിക്കുന്നത് വിചിത്രമായ രീതിയിലാണ്. കവിത  ‘ഫോസില്‍’ -

    ‘ഏതു സന്തുഷ്ടിതന്‍ പൂമഴപ്പെയ്ത്തിലു-
    മേതുഗ്രദു:ഖത്തിന്‍ വേനലിലും
    മോഹിപ്പൂ ഞാനൊരു ഫോസിലായ് മഞ്ഞിന്‍റെ
    പാളികള്‍ക്കുള്ളിലൊളിച്ചിരിക്കാന്‍’.

 ആത്മാവില്‍ തൊട്ടുനില്‍ക്കുന്ന ചില മണങ്ങളുണ്ട്. ‘ഇരട്ടവാലികള്‍’ എന്ന കവിതയില്‍ കവി ഒത്തിരി ഇഷ്ടത്തോടെ ഓര്‍ത്തെടുക്കുന്ന ‘പുസ്തകപ്പഴമണം’ (പുസ്തകത്തിന്‍റെ പഴയ മണം) അത്തരത്തിലുള്ള ഒന്നാണ്. ‘ഉടലില്‍നിന്നുയിര്‍ വേര്‍പെടുംവരെ’ ഈ മണം മറക്കുകില്ല. ഇരട്ടവാലികള്‍ പെറ്റുപെരുകാതിരിക്കാന്‍ കീടനാശിനി തേച്ച താളുകളാണ് ഇന്നത്തെ പുസ്തകത്തിന്‌. അത് മണത്തുകൂട. ഈ കവിതയോട് ഭാവപരമായ പാരസ്പര്യം പുലര്‍ത്തുന്ന കവിതയാണ് ‘ഓര്‍മ്മയിലൊരു പൊന്നോണം’. ഇന്നത്തെ ഇന്‍സ്റ്റന്റോണത്തിന്‍റെ കൃത്രിമമായ വര്‍ണ്ണപ്പൊലിമയില്‍ നിന്നുകൊണ്ട് അകൃത്രിമമായ ലാവണ്യവും പ്രകാശവും പരത്തിനിന്ന പഴയ ഓണക്കാലത്തെ ഓര്‍ത്തെടുക്കുകയാണ്.

‘തൊട്ടില്‍’, ‘നിനക്ക് നീ മാത്രം’, ‘പാഴ്വസ്തു’, ‘രൂപാന്തരം’,  ‘ശിലയുടെ നിലവിളി’, ‘ഒരു ചെമ്പകത്തിന്‍റെ ഓര്‍മ്മയ്ക്ക്’  തുടങ്ങിയ കവിതകള്‍ ഇന്നത്തെ സ്ത്രീജീവിതത്തിന്‍റെ നേര്‍കാഴ്ചകളിലൂടെ കടന്നുപോകുന്നവയും കേവലം പെണ്ണെഴുത്തിന്‍റെ ഭാവുകത്വത്തിനപ്പുറം പെണ്ണിന്‍റെ സുഗന്ധം പരത്തുന്ന വിശുദ്ധമായ ആത്മസത്തയെ തുറന്നുകാട്ടുന്നവയുമാണ്.

ഗാനാത്മകത ഉടനീളം തഴുകിയിരിക്കുന്ന ‘കളിത്തോ ഴനോട്’ തുടങ്ങിയ കവിതകള്‍ ഏകാന്തതയിലിരുന്നു ഉറക്കെ ചൊല്ലിരസിക്കാന്‍ പോന്നവയാണ്. ഉപയോഗിച്ചു പഴകിയതെങ്കിലും  അവയിലെ ശൈലിയും  മൊഴിയഴകും  ചങ്ങമ്പുഴയെയും വയലാറിനെയും അനുസ്മരിപ്പിക്കുമാറു ആകര്‍ഷകമായിരിക്കുന്നു.

പാഴ്വസ്തു, മായാവലയം, മരംപെയ്യുപോള്‍,  രൂപാന്തരം തുടങ്ങിയവ ഒതുക്കമുള്ള ഗദ്യത്തില്‍ സൂക്ഷ്മമായും ലക്ഷ്യവേധിയായും വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിച്ചിട്ടുള്ളതും വിഷയത്തില്‍ പുതുമ പുലര്‍ത്തുന്നതുമായ കവിതകളാണ്.

ഈ സമാഹാരത്തിലെ ഏറ്റവും വശ്യമായ കവിതകളിലൊന്നാണ് ‘കണിവയ്ക്കാന്‍’. സൗന്ദര്യമുള്ള ചോദ്യങ്ങള്‍ക്ക് വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഉത്തരങ്ങള്‍ നല്‍കി വായനക്കാരെ വിഹ്വലരാക്കുന്ന കവനതന്ത്രമാണ് കവി ഇതില്‍ പ്രയോഗിച്ചിരിക്കുന്നത്.

‘ഗ്രാമപ്പുഴയുടെയരികുകളില്‍
പൂത്തുലയും തരുശാഖകളില്‍ 
പാറിനടന്നൊരു പൂത്തുമ്പീ
മാറില്‍ച്ചൂടിയ പൂതരുമോ?’

എന്ന ചോദ്യത്തിന്

‘മാരത്തീക്കതിരേറ്റു തിളയ്ക്കും 
നരദാഹത്തിന്നെരിമലയില്‍
വെന്തുമരിക്കും പെണ്മണികള്‍
കണ്ണില്‍ച്ചൂടിയ പൊന്നു തരാം’

എന്നാണ് മറുപടി.

    ‘പൂര്‍വ്വികര്‍ പുണ്യംതേകി വളര്‍ത്തിയ
    പുഞ്ചപ്പാട വരമ്പുകളില്‍
    ചിന്നന്‍തത്തകള്‍ ചുണ്ടില്‍ തിരുകിയ
    പൊല്‍ക്കതിര്‍ തരുമോ കണിവയ്ക്കാന്‍?’

എന്ന ചോദ്യത്തിന്

    ‘കാലക്കടലിന്‍ തിരയേറ്റത്തില്‍
    കരളിലൊളിച്ചൊരു നീര്‍ത്തുള്ളി
    തരളക്കനവിന്‍ മൃതയാമത്തില്‍
    നീറിയുറഞ്ഞൊരു മുത്തു തരാം’

എന്നുമാണ് മറുപടി. 
കവി ചോദിക്കുന്നു. അരൂപിയോ അശരീരിയോ മറുപടി നല്‍കുന്നു. അങ്ങനെവേണം കരുതാന്‍. ‘തരളക്കനവിന്‍ മൃതയാമം’ എന്ന പദചിത്രം ഭാവുകനെ ഭയപ്പെടുത്തുന്ന കാലബിംബമാണ്. ഹ്രസ്വമെങ്കിലും ഭാവസാന്ദ്രവും അര്‍ത്ഥസംപുഷ്ടവുമാണ് ഈ കവിത, ധ്വന്യാത്മകവും.
    ചുരുക്കിപ്പറഞ്ഞാല്‍ പഴമയും പുതുമയും കലര്‍ന്ന് കവി പെയ്തിറങ്ങിയിരിക്കുന്നു.. ‘സൃഷ്ടിയുടെ നഗ്നതാളത്തില്‍ മതിമറന്ന്, രാവൊടുങ്ങിയിട്ടും പെയ്തുതീരാതെ....’
                                               

     




    

Wednesday, 21 October 2015

മുദ്രകളാല്‍ സൂചിതമാവുന്നത്--സുലോചന രാംമോഹന്‍

      
                      സുലോചന രാംമോഹന്‍ 
                   (സ്ത്രീശബ്ദം മാസിക)


    സിംഹം ഒരു മുദ്രയാണ് – കാട്ടിലെ രാജാവ് എന്ന അടയാളപ്പെടുത്തലിലൂടെ സൂചിതമാവുന്ന ചിലത് സിംഹത്തെ നിര്‍വ്വചിക്കുന്നുണ്ട്. വന്യത, അധികാരം, ഭയമില്ലായ്മ, ഗര്‍ജ്ജനം എന്നിങ്ങനെ ഈ മൃഗത്തെ മറ്റുമൃഗങ്ങളില്‍നിന്ന് വ്യത്യാസപ്പെടുത്തുന്നവയെയാണ് അടയാളങ്ങളായി നാം വായിച്ചെടുക്കുന്നത്. സ്ത്രീയുടെ എഴുത്തിനുള്ള അടയാളങ്ങളെ മുന്‍നിര്‍ത്തി നാം രൂപീകരിച്ചെടുക്കുന്ന പ്രത്യയശാസ്ത്രമാണ് ‘പെണ്ണെഴുത്ത്‌’. മുഖ്യധാര സ്വീകരിക്കുന്ന എഴുത്തുരീതിക്ക് ബദലുകള്‍ കണ്ടെത്തുക എന്ന ദൗത്യമാണ് ‘പെണ്ണെഴുത്ത്’ നിര്‍വ്വഹിക്കുന്നത്. സ്ത്രീ എഴുതുമ്പോള്‍ അറിഞ്ഞോ അറിയാതെയോ വെളിപ്പെട്ടുവരുന്ന അവളുടെ ആന്തരിക ലോകങ്ങളാല്‍ സംഭവിക്കുന്ന അടയാളപ്പെടുത്തലുകള്‍ ആണധികാരത്തിനോടുള്ള വിധേയത്വമോ നിഷേധമോ അനുരന്ജനമോ ഒക്കെയും സൂചിപ്പിച്ചുപോകുന്നുണ്ട്. അവയെല്ലാം പഠനവിധേയമാകുമ്പോള്‍  സാമൂഹ്യ മാറ്റത്തിനുള്ള കലാപമാണ്‌ എഴുത്ത് എന്നുകൂടി വിലയിരുത്തപ്പെടുന്നു.


‘മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടി’, ‘വലക്കണ്ണികളില്‍ കാണാത്തത്’, ‘ആകാശത്തേക്ക് പറക്കുന്ന അക്ഷരങ്ങള്‍’ എന്ന മൂന്നു കഥാസമാഹാരങ്ങള്‍ക്കുശേഷം എസ്. സരോജം എഴുതിയ, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീ കരിച്ച
‘സിംഹമുദ്ര’യില്‍ പതിനാലു കഥകളാണുള്ളത്.

           
തന്‍റെ പെണ്മയെ മാറ്റിനിര്‍ത്തിക്കൊണ്ട് മുഖ്യധാരയുടെ അലിഖിത നിയമങ്ങള്‍ അനുസരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ ഈ എഴുത്തുകാരിയുടെ പല കഥകളിലും സ്ത്രീജീവിതത്തിന്‍റെ കലഹങ്ങളും വ്യവസ്ഥിതിയോടുള്ള പരിഭവങ്ങളും സ്വതന്ത്രവും സ്വന്തവുമായ വിനിമയസ്ഥലങ്ങള്‍ രൂപപ്പെടുത്തുവാനുള്ള ത്വരയും പ്രകടമാവുന്നുണ്ട് സരസ്വതിയമ്മ
സ്ത്രീയെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നത് വീട്ടിനകത്തും പുറത്ത് സമൂഹമദ്ധ്യത്തിലും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് എന്ന സത്യത്തെ ഏതെഴുത്തുകാരിക്കും അഭിമുഖീകരിക്കേണ്ടി വരുന്നു എന്ന്‍ കെ.സരസ്വതിയമ്മയും രാജലക്ഷ്മിയും മാധവിക്കുട്ടിയും ജീവിതംകൊണ്ടും മരണംകൊണ്ടും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
        
രാജലക്ഷ്മിയുടെ ആത്മഹത്യയെ അടിസ്ഥാനപ്പെടുത്തി ഈയിടെ ചന്ദ്രമതി എഴുതിയ ചെറുകഥയില്‍ (‘അപരിചിതന്‍ എഴുത്തുകാരിയോടു പറഞ്ഞത്’ – ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പ്‌, ജൂണ്‍ 2014) സ്ത്രീയുടെ എഴുത്തുപ്രതിസന്ധിക്ക് പുതിയ നൂറ്റാണ്ടിലും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന്‍ അസന്നിഗ്ദ്ധമായി സ്ഥാപിക്കുന്നുണ്ട്. സ്വതന്ത്രമായി ചിന്തിക്കുകയും ആവിഷ്കാരം നടത്തുകയും ചെയ്യുന്ന പെണ്‍കുട്ടി വീട്ടുകാര്‍ക്കും സമൂഹത്തിനും ബാധ്യതയാവുന്നു. അവളെ വിവാഹബന്ധത്തിന്‍റെ സുരക്ഷിതത്വത്തിനകത്തേക്ക് തിരുകിക്കയറ്റി നിശ്ശബ്ദയാക്കുക എന്ന തന്ത്രം തന്നെയാണ് ഈ ആധുനിക കാലഘട്ടത്തിലും ‘ഉത്തമ’ മാതാപിതാക്കള്‍ പ്രയോഗിക്കുന്നത്. വിവാഹം എന്നാല്‍ ഒരു ജീവിതകാലം മുഴുവന്‍ തടങ്കലില്‍ കഴിയാനുള്ള ശിക്ഷാവിധിയാണ് എന്ന്‍ പുത്തന്‍ തലമുറയും സമ്മതിച്ചുകൊ ടുത്തേ മതിയാവൂ എന്ന ശാട്ട്യം ഒരു സാമൂഹ്യയാഥാര്‍ഥ്യം എന്നതിലുപരി സാമൂഹ്യമര്യാദയായി സ്വീകരിക്കപ്പെടുന്നു എന്നിടത്താണ് എഴുത്തുകാരി (രാജലക്ഷ്മിയും പിന്നീട് ആ പാതയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നവരും) അമ്പേ പരാജയപ്പെട്ടുപോകുന്നത്.

       എസ്.സരോജത്തിന്‍റെ ‘വെള്ളാരങ്കല്ലുപോലൊരു കവിത’ എന്ന ചെറിയകഥയില്‍ ഈ വിഷയം ഹാസ്യത്തിന്‍റെ ആവരണത്തോട അവതരിപ്പിച്ചിരിക്കുന്നു. ‘വെള്ളാരങ്കല്ലു പോലെ മിനുസമുള്ള വാക്കുകള്‍ ചേര്‍ത്തുവച്ച് കവിതയുള്ളോരു കവിത’ രചിച്ച കവിത എന്നു പേരുള്ള കവിക്ക് വീട്ടിനകത്ത് കല്‍പ്പിക്കപ്പെടുന്ന സ്ഥാനമെന്ത് എന്നു വ്യക്തമാക്കുകയാണ് ഈ കഥ. എഴുത്തുകാരിയുടെ ചിത്രവും ഫോണ്‍നമ്പരും സഹിതം കവിത ഒരു പ്രമുഖവാരികയില്‍ അച്ചടിച്ചുവന്നപ്പോള്‍ ഒരു ആരാധകന്‍ പാതിരാനേരത്ത് ഫോണ്‍ചെയ്യുകയാണ്. രാത്രികാലങ്ങളിലാണ് പെണ്‍ശബ്ദം കേട്ട് രോമാഞ്ചംകൊള്ളുവാന്‍ ആരാധകര്‍ക്ക് താല്പര്യം എന്ന്‍ ധ്വനിപ്പിക്കുന്നു എഴുത്തുകാരി. പാതിരാവായതുകൊണ്ടാവാം കവിയുടെ ഫോണ്‍ ഭര്‍ത്താവിന്‍റെ കസ്റ്റഡിയിലാണ്. ‘കവിയോട് പറയാനുള്ളതൊക്കെ എന്നോട് പറഞ്ഞാല്‍മതി, ഞാനവളുടെ ഭര്‍ത്താവാ’ എന്ന അധികാരസ്വരത്തോട് കലഹിക്കുവാന്‍ ആരാധകനെ പ്രേരിപ്പിക്കുന്നത് എന്തു വികാരമാണ്? മറ്റൊരു പുരുഷനുമുന്നില്‍ താന്‍ താഴേണ്ടതില്ല എന്ന പുരുഷസഹജമായ ഈഗോയാണ് ഇവിടെ അപഹാസ്യമാവുന്നത്. വിളിക്കുന്ന പുരുഷനും ഫോണെടുക്കുന്ന പുരുഷനും ഒരേപോലെ അപഹസിക്കാനും അവഹേളിക്കാനുമുള്ള ഒരു ഇരയായി എഴുത്തുകാരി തരംതാഴ്ത്തപ്പെടുകയാണ്. ‘നിങ്ങള്‍ക്ക് കവിത വായിച്ചാസ്വദിച്ചാല്‍പ്പോരേ? വിളിച്ചു ശല്യംചെയ്യണോ?’ എന്ന്‍ അവള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ആരാധകന്‍ ഊറിച്ചിരിക്കുക യാണ്. ഭര്‍ത്താവ് അവളെ തല്ലുന്ന ശബ്ദം കേട്ടതില്‍ അയാള്‍ സന്തോഷിക്കുകയാണ്. ‘തല്ലു കിട്ടി അല്ലേ? സാരമില്ല, അനുഭവങ്ങളാണ് കവിതയുടെ കരുത്ത്’ എന്നാണ് അയാള്‍ എഴുത്തുകാരിയോടു പറയുന്നത്. ഒരു സ്ത്രീയുടെ ദാമ്പത്യസൗഖ്യം ഇല്ലായ്മചെയ്യുന്നതിലുള്ള ആഹ്ലാദം, ‘എഴുത്തുകാരി’ എന്ന പേരോടുകൂടി സമൂഹമധ്യത്തില്‍ ഇടംനേടുന്ന ഒരുവളോടുള്ള അസഹിഷ്ണുത, സ്വന്തം ഭര്‍ത്താവിനോടുപോലും പൊരുതി അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിവില്ലാത്ത ഒരുവള്‍ എങ്ങനെ സമൂഹത്തിന്‍റെ ആദരവിന് അര്‍ഹയാവും എന്ന ആശ്വസിക്കല്‍, സ്ത്രീ കുടുംബത്തിനകത്തും  പുറത്തും പുലര്‍ത്തുന്ന പ്രതിച്ഛായകളിലെ വൈരുദ്ധ്യം തിരിച്ചറിയുന്നതിലുള്ള സംതൃപ്തി, മറ്റൊരു പുരുഷനെ പ്രകോപിപ്പിക്കാനും  തല്ലിലേക്ക് നയിക്കാനും സാധിച്ചതിലുള്ള വിജയോന്മാദം – ഇങ്ങനെ ഫോണ്‍ചെയ്യുന്ന പുരുഷന്‍റെതായ ദൗര്‍ബല്യങ്ങള്‍ കഥയുടെ വായനക്കാര്‍ കാണാതെപോവുമ്പോ ഴാണ് ഇതൊരു സ്ത്രീവിരുദ്ധ നിലപാടായി ചുരുങ്ങുന്നത്. എഴുത്തുകാരിയുടെ പരാധീനതകള്‍ കേവലം വ്യക്തിപരമല്ല, ആരാധകരായ വായനക്കാര്‍ അവള്‍ക്കുമേലെ കെട്ടിവയ്ക്കുന്ന താണ് എന്ന സന്ദേശമാണ് ഈ കഥ വിക്ഷേപണംചെയ്യേണ്ടത്. സമാനമായ പരാധീനതകള്‍ വന്നുഭവിച്ചതുകൊണ്ടാണ്, എഴുത്തുകാരികള്‍തന്നെ അടിയേറ്റുവാങ്ങുന്ന  അതേ വിധേയത്വത്തോടെ അതിനനുവദിച്ചതുകൊണ്ടാണ് ‘പെണ്ണെഴുത്തിന്’ സ്വന്തമായ വളര്‍ച്ചയുണ്ടായി മുഖ്യധാരയിലേക്ക് പടര്‍ന്നുകയറുവാന്‍ സാധിക്കാതെപോയത്.
സ്വന്തം ലൈംഗികതയെ അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോ ടും വൈരുധ്യങ്ങളോടും കൂടിത്തന്നെ അംഗീകരിക്കുവാനും മനസ്സിലാക്കുവാനും സ്ത്രീയെ സജ്ജമാക്കുക എന്നൊരു ദൗത്യം കൂടി ‘പെണ്ണെഴുത്ത്’ ഏറ്റെടുക്കേണ്ടതുണ്ട്. സ്ത്രീയുടെതായ ലൈംഗിക ആഹ്ലാദത്തെ ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ എന്നിങ്ങനെയുള്ള ജൈവനിയോഗങ്ങളുമായി ബന്ധപ്പെട്ടുകിട ക്കുന്നതാകയാല്‍ സാമൂഹ്യമായ നിയമങ്ങള്‍ക്ക് മെരുക്കുവാന്‍ സാധിക്കുന്നുണ്ട്. അത്തരം മെരുക്കലിനെ, ഒതുക്കലിനെ, അടിച്ചമര്‍ത്തലിനെ ഒക്കെയും ചോദ്യംചെയ്തുകൊണ്ടാണ് മാധവിക്കുട്ടി പെണ്‍ശരീരത്തെയും അതിന്‍റെ രഹസ്യകാമനക ളെയും തുറന്നുകാട്ടിയത്. പുരുഷന്‍ സ്ത്രീയെ എങ്ങനെ കാണുന്നു എന്നതിനു ബദലായി സ്ത്രീ സ്വയം എങ്ങനെ കാണുന്നു, സ്വന്തം അനുഭവങ്ങളെയും ആഹ്ലാദങ്ങളെയും എങ്ങനെ രേഖപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള ആലോചനകളും ആവിഷ്കാരങ്ങളും രൂപപ്പെടുന്നത് മാധവിക്കുട്ടിയെ വായിച്ചുകൊണ്ടാണ്.
     
       എസ്.സരോജവും സ്ത്രീലൈംഗികതയുടെ പുതുമാനങ്ങള്‍ തേടുന്നുവെന്ന് ഈ സമാഹാരത്തിലെ പല കഥകളും സൂചിപ്പിക്കുന്നു. പതിവ്രതയായ ഭാര്യ, കന്യകയായ വധു, അനുസരണയുള്ള മരുമകള്‍, വിശ്വസ്തയായ കാമുകി എന്നിങ്ങനെയുള്ള മാതൃകാസ്ത്രീസങ്കല്‍പങ്ങളെ അട്ടിമറിക്കുവാ നുള്ള മനപ്പൂര്‍വ്വമായ ഉദ്യമം വിശുദ്ധബലി, പച്ചവെളിച്ചെണ്ണ, ചുവന്നകല്ലുള്ള വെളുത്തമുത്ത്, പൂര്‍ണ്ണവിരാമം, കാട്ടുപൂവിന്‍റെ മണം തുടങ്ങിയ കഥകളില്‍ വായിച്ചെടുക്കാ നാവും. സമൂഹം വിലക്കപ്പെട്ടത് എന്നു വിധിക്കുന്ന സ്ത്രീപുരുഷബന്ധങ്ങള്‍ - ശുദ്ധസൗഹൃദം മുതല്‍ വിവാഹേതരബന്ധം വരെ നീളുന്ന പലതരം സ്ത്രീപുരുഷ സംഗമങ്ങള്‍ പ്രതിപാദ്യവിഷയമാകുന്നുണ്ട്. ശരി / തെറ്റ് എന്ന ദ്വന്ദത്തിനുള്ളില്‍ അവയെ തടങ്കലിലിട്ടു ശ്വാസംമുട്ടിക്കാതെ സ്വതന്ത്രമായ വ്യവഹാരസ്ഥലികള്‍ രൂപപ്പെടുത്തുവാന്‍ കഥാകാരി ശ്രമിക്കുന്നു.
 ചുവന്നകല്ലുള്ള വെളുത്ത മുത്ത് എന്ന കഥയില്‍ സുഷമാദേവിയുടെ ലൈംഗികാസക്തി വര്‍ണ്ണിക്കപ്പെടുന്നത് ശരി/തെറ്റ് വിചാരണയുടെ അന്തര്‍ധാര ഒട്ടുമില്ലാതെയാണ്. മോഹങ്ങളൊക്കെയും കൈപ്പിടിയിലൊതുക്കാന്‍വേണ്ടി മണലാരണ്യത്തില്‍ ജോലിതേടിപ്പോയ ഭര്‍ത്താവിന്‍റെ അഭാവത്തില്‍ ശാരീരികസുഖത്തിനായി ‘വിശ്വസ്തനായ സുഹൃത്ത്’ സുനില്‍ ശങ്കറിനൊപ്പം രമിക്കുന്നതില്‍ സുഷമക്ക് ഒരാശങ്കയും  അനുഭവപ്പെടുന്നില്ല. ഫ്രാന്‍സിലും ഓസ്ട്രേലിയായിലും ജര്‍മ്മനിയിലും റഷ്യയിലും ചൈനയിലുമെല്ലാം ധാരാളം ആരാധികമാരുള്ള നര്‍ത്തകനാണ് സുനില്‍ ശങ്കര്‍. ‘പൗരുഷത്തിന്‍റെ പ്രതീകമാണ്’ അയാള്‍ എന്നുള്ളതാണ് സുഷമാദേവി അയാളില്‍ കാണുന്ന ആകര്‍ഷക ഘടകം എന്ന്‍ കഥാകാരി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. കോളേജില്‍ പഠിക്കുന്ന രണ്ടുമക്കളുള്ള സുഷമാദേവിക്ക് കുട്ടികള്‍ പോയിക്കഴിഞ്ഞാല്‍ തിരിച്ചുവരുന്നതു വരെയുള്ള സമയം സ്വന്തം ഇഷ്ടാനുസരണം ചെലവിടുന്നതില്‍ തെല്ലും കുറ്റബോധമില്ല എന്നതും ശ്രദ്ധേയമാണ്. പുതിയ സ്വര്‍ണ്ണക്കടയുടെ പരസ്യത്തിന് മോഡലായിനിന്ന സുനില്‍ ശങ്കറിന് ‘ചുവന്ന കല്ലുള്ള വെളുത്ത മുത്ത്’ കടക്കാര്‍ പാരിതോഷികമായി നല്‍കുന്നുണ്ട്. അയാളുടെ അര്‍ത്ഥനഗ്ന ചിത്രത്തിനു ‘ഈ വിലപിടിപ്പുള്ള രത്നം നിങ്ങള്‍ക്കും സ്വന്തമാക്കാം, ഡിസ്കൌണ്ട് ഏതാനും ദിവസത്തേക്ക് മാത്രം’ എന്ന അടിക്കുറിപ്പോടെയുള്ള പത്രപ്പരസ്യം സുഷമാദേവി കാണുന്നിടത്ത് കഥ അവസാനിക്കുന്നു. ആര്‍ക്കും ‘ഡിസ്കൌണ്ട് റേറ്റില്‍’ സ്വന്തമാക്കാവുന്ന ഒന്നാണ് അയാളുടെ പുരുഷത്വം എന്നൊരു വ്യംഗ്യം കഥാന്ത്യത്തില്‍ ഒളിപ്പിച്ചുവചിരിക്കുന്നു കഥാകാരി. ഈ സ്ത്രീ-പുരുഷ ബന്ധത്തിന് വിപണിയുടെതായ ഒരു supply-demand സമവാക്യം മാത്രമാണുള്ളതെന്ന് വായനക്കാരന്‍ മനസ്സിലാക്കുന്നു. കുടുംബത്തിന്‍റെ സ്വസ്ഥതയോ നിയതമായ ചട്ടക്കൂടിനെയോ അത് തകര്‍ക്കേണ്ടതില്ല എന്നൊരു പുതുകാല നിരീക്ഷണംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കഥയും കഥാകാരിയും സാമൂഹ്യ സദാചാരത്തിനു പുറത്തുള്ള ഒരു തുറന്നയിടത്ത് നില്‍ക്കുന്നതായി നാം കണ്ടെത്തുന്നു.
കാട്ടുപൂവിന്‍റെ മണം എന്ന കഥയില്‍ ഇങ്ങനെ പറയുന്നു: ‘നാമൊക്കെ പ്രകൃതിയെ പീഡിപ്പിച്ചു രസിക്കുന്ന പുതിയ പാരമ്പര്യത്തിന്‍റെ കണ്ണികള്‍, കൃത്രിമമായ വേഷഭൂഷാദികളാല്‍ ശരീരത്തിന്‍റെ നൈസര്‍ഗ്ഗികത നഷ്ടപ്പെടുത്തുന്നവര്‍, കാട്ടുചോലയില്‍ കുളിച്ചും കായ്കനികള്‍ ഭക്ഷിച്ചും പ്രകൃതിയുടെ താളത്തിനൊത്തിണചേര്‍ന്നും കഴിഞ്ഞ പൂര്‍വ്വികരെ പ്രാകൃതരെന്നു വിളിച്ചു പരിഹസിക്കുന്നവര്‍. അവരുടെ ശരീരത്തിന് കാട്ടുപൂക്കളുടെ ഗന്ധമായിരുന്നു. ‘പ്രണയവും കാമവും കൈകോര്‍ത്ത നിമിഷത്തില്‍’ ഒന്നുചേരുന്ന സ്ത്രീയേയും പുരുഷനേയും ഇവിടെ അവതരിപ്പിച്ചിട്ടുള്ളത് പ്രകൃതിയുടെ സ്വാഭാവികപ്രേരണയാലുള്ള പരസ്പരലയനമെന്ന കാഴ്ചപ്പാടിലൂടെയാണ്.
‘പൂര്‍ണ്ണവിരാമം’ എന്ന കഥയില്‍ നായികാകഥാപാത്രം കാമുകനോട് രോഷാകുലയാവുന്നതിങ്ങനെ – ‘നിങ്ങളുടെയൊക്കെ കഥകളില്‍ മാത്രമാണ് പ്രണയം അനശ്വരമാകുന്നത്. ജീവിതത്തില്‍ പ്രണയം ജനിക്കുന്നത് നുണകളില്‍നിന്നാണ്. നേരുകളോട് ഏറ്റുമുട്ടി അത് മരിച്ചുപോകുന്നു! കഥാകൃത്തായ പുരുഷസുഹൃത്തിന്‍റെ പ്രലോഭനങ്ങളില്‍ വീഴാന്‍ വെറുമൊരു ആദര്‍ശജീവിയായ പ്രമീളക്ക് കഴിയുന്നില്ല. ‘ഇത് യൗവ്വനകാലം’, ‘ജീവിതത്തിന്‍റെ വസന്തകാലം’, ‘നേട്ടങ്ങള്‍ കൊയ്തുകൂട്ടേണ്ട കാലം’ എന്നൊക്കെയുള്ള പുരുഷന്‍റെ വശീകരണവാക്കുകളെ തട്ടിമാറ്റിക്കൊണ്ട് ആത്മസഖിയുടെ സാന്ത്വനം തേടുന്ന പ്രമീളയുടെ ദുരന്തത്തിലൂടെ ‘സ്നേഹിച്ചു സ്നേഹിച്ചു മരിക്കുക’ എന്ന സ്ത്രീയുടെ ആദര്‍ശസ്നേഹസങ്കല്‍പ്പത്തെ അര്‍ത്ഥശൂന്യമെന്ന് കഥാകാരി വിധിയെഴുതുന്നു. ‘അനവസരത്തിലുണ്ടാവുന്ന തിരിച്ചറിവുകള്‍ ആത്മാവിന്‍റെ നൊമ്പരങ്ങളാവുന്നു’ എന്ന്‍ സ്ത്രീ പ്രണയരഹിതജീവിതത്തിന് പൂര്‍ണ്ണവിരാമമിടുന്നതിലെ  കാല്പനികത, ആണ്‍സുഹൃത്തായ കഥാകാരനുമുന്നിലുള്ള ആത്യന്തികമായ തോല്‍വി, പെണ്‍സുഹൃത്തിലുള്ള വിശ്വാസക്കുറവ് എന്നിങ്ങനെ പെണ്ണിന്‍റെതായ ചില സമസ്യകള്‍ പൂര്‍ണ്ണതയാര്‍ജ്ജിക്കാതെ ചുറ്റിക്കറങ്ങുന്നുണ്ട് ഈ കഥാപരിസരത്ത്.
ഇപ്രകാരം സ്വന്തം ജീവിതത്തെ, ജീവിതാനുഭവങ്ങളെ, ജീവിതവീക്ഷണത്തെ ഒക്കെയും മാറ്റിനിര്‍ത്തിക്കൊണ്ട് കഥയുടെ രചനാശില്‍പം മെനഞ്ഞെടുക്കുവാന്‍ എസ്.സരോജം ഉദ്യമിക്കുന്നു. ‘കുഞ്ഞിത്തത്ത’യിലും സ്ത്രീ-പുരുഷ സൗഹൃദത്തിനു നിര്‍വ്വചനങ്ങള്‍ നല്‍കുന്നില്ല ഈ കഥാകാരി. ‘പുതിയ വീട് കാണാന്‍വന്ന കൂട്ടുകാരന്‍’ പറയുന്നതിങ്ങനെ – ‘എന്തു ഭംഗിയാടീ നിന്‍റെ വീട് – സ്വര്‍ഗ്ഗം പോലെ’. ‘ഈ നിറങ്ങള്‍ നിനക്ക് അത്രയ്ക്കിഷ്ടമായോടാ?’ എന്ന്‍ അവള്‍ തിരിച്ചുചോദിക്കുന്നു. ‘എടീ’, ‘എടാ’ എന്ന വിളികളിലൂടെ പുതുതലമുറ സൃഷ്ടിച്ചെടുക്കുന്ന തുല്യതാബോധം ഈ കഥയുടെ അന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നു. എന്നാല്‍ കഥാന്ത്യത്തില്‍ ‘അമ്മയെക്കണ്ട കുഞ്ഞിനെപ്പോലെ’ സ്നേഹിതന്‍ പെണ്‍സുഹൃത്തിനെ സ്വീകരിക്കുന്നത് എന്തുകൊണ്ടാവാം? ആണ്‍-പെണ്‍സൗഹൃദത്തില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം സമസ്യകളെ ഉരുക്കഴിക്കാന്‍ കഥാകാരി ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു കഥാവസാനത്തിലുള്ള നിഗൂഢത.
‘യാത്രയില്‍ സംഭവിച്ചത്’ എന്ന കഥയില്‍ തീവണ്ടിയാത്രയില്‍ കണ്ടുമുട്ടുന്ന അപരിചിതരായ സ്ത്രീക്കും പുരുഷനും പരസ്പരം തോന്നുന്ന ആകര്‍ഷണത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമം കാണാം. കാഴ്ചയില്‍ വിരൂപനെങ്കിലും ശരീരത്തില്‍ പൂശിയിരിക്കുന്ന സുഗന്ധതൈലതിന്‍റെ മാസ്മരഗന്ധത്താല്‍ സ്ത്രീയെ ആകര്‍ഷിക്കുന്നവനായി മാറുന്ന പുരുഷന്‍, ഭര്‍ത്താവ് നഷ്ടപ്പെട്ടതിന്‍റെ വിഹ്വലത പേറുന്ന സുന്ദരിയായ സ്ത്രീ, ഇവര്‍തമ്മിലുള്ള വിനിമയത്തില്‍ സൗന്ദര്യം, സൗന്ദര്യമില്ലായ്മ എന്നിവതമ്മിലുള്ള സംഘര്‍ഷം, പുറംകാഴ്ചയുടെതായ അപൂര്‍ണ്ണത, പരസ്പരം അറിയുന്നതിലുള്ള വിടവുകള്‍ എന്നിങ്ങനെയുള്ള ശിഥിലചിന്തകള്‍ കൂടിയും കുഴഞ്ഞും വ്യത്യസ്ത അനുഭവചാലുകളായി ഒഴുകിപ്പരക്കുന്നു.
‘വിശുദ്ധബലി’ എന്ന കഥയില്‍ ‘കുടുംബജീവിതവും ലൈംഗികതയും വിലക്കപ്പെട്ട കനികളല്ല, അവ ദൈവത്തിന്‍റെ കൃപാവരങ്ങളാണ്’. പ്രകൃതിയുടെതായ ചോദനകളെ ന്യായീകരിക്കുവാനും സ്ത്രീപക്ഷത്തു നിന്നുകൊണ്ട് മതാനുഷ്ടാ നങ്ങളെ ഈശ്വരന്‍റെ  പ്രണയകല്പനകളുമായി കൂട്ടിയിണക്കുവാനും കഥാകാരി ബൈബിള്‍ വചനങ്ങളെ കൂട്ടുപിടിക്കുന്നു. ‘അവിശ്വാസത്തിന്‍റെ ബാഹ്യനേത്രങ്ങള്‍ മലര്‍ക്കെ തുറന്ന്‍’ പ്രിയതമനെ തേടുന്ന സന്യാസിനിയെ അവതരിപ്പിക്കുന്ന കഥാകാരി അന്തര്‍നേത്രങ്ങളാല്‍ സ്ത്രീ കാണുന്ന പ്രണയത്തിന്‍റെ ലോകമാണ് സത്യമായത് എന്ന്‍ പറയാതെ പറയുകയാണ്‌. സാമൂഹ്യവും മതപരവുമായ എല്ലാ വിലക്കുകളെയും മറികടന്നുകൊണ്ട്‌ സ്ത്രൈണത സ്വയം സാക്ഷാത്കാരം നേടാനായി ‘കല്ലും മുള്ളും നിറഞ്ഞ കാല്‍വരിപ്പാത താണ്ടുമെന്നും സ്വയം ബലികഴിക്കുന്നതില്‍ വിശുദ്ധിയുടെതായ മാനം കണ്ടെത്തുമെന്നും ഈ കഥ സ്ഥാപിച്ചെടുക്കുന്നുണ്ട്.
സമൂഹം അനുവദിച്ചുനല്‍കാത്തതരം സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് തന്‍റെ കഥകളിലൂടെ സാധൂകരണം നല്‍കുന്നു എസ്.സരോജം. ‘വെറുമൊരു സുധാകരന്‍’, ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍’, ‘വലുതാകുന്ന സൂചിക്കുഴകള്‍’, ‘ലൗ ജിഹാദ്’ എന്നിവയിലെല്ലാം സമൂഹം കാണുന്നതിനപ്പുറം മറ്റൊരു കാഴ്ചയും ഉണ്ടെന്നാണ് സൂചന. കാഴ്ചയുടെ മറുപുറം – മുഖ്യധാരയ്ക്ക് ബദലായുള്ള മറ്റൊരു യാഥാര്‍ത്ഥ്യം - തേടിപ്പിടിക്കുക എന്നതും പെണ്ണെഴുത്തിന്‍റെ ദൗത്യമാവുന്നു. ഈ കഥകളിലെല്ലാം സ്ത്രീയുടെ ഭാഗത്തുനിന്നുള്ള ന്യായീകരണങ്ങള്‍ പ്രസംഗഭാഷയിലല്ലാതെ, കഥയുടെതായ ശില്പഭംഗിയില്‍ത്തന്നെ കഥാകാരി നിരത്തിവയ്ക്കുന്നുണ്ട്.
‘പച്ചവെളിച്ചെണ്ണ’ എന്ന കഥയിലുള്ളത് ഒരു സാമ്പ്രദായിക അമ്മായിയമ്മ-മരുമകള്‍ മത്സരമല്ലേ എന്ന്‍ വായനക്കാര്‍ ചോദിച്ചുപോകും. പെണ്ണിന്‍റെ പാചകനൈപുണ്യം സ്ത്രൈണതയുടെ അവിഭാജ്യഘടകമായി കാണുന്ന പുരുഷന് അവളെ അളക്കാനുള്ള മാനദണ്ഡം അടുക്കളയിലെ മികവാണെന്ന പഴയകാലതത്വം പരിഹാസരൂപേണ അവതരിപ്പിക്കുന്ന കഥാകാരിയുടെ ഉദ്ദേശ്യമെന്തെന്നു വിമര്‍ശകര്‍ക്കും സന്ദേഹമുണ്ടാകും. കഥയുടെ രസക്കൂട്ട് ഒരുക്കിയെടുക്കുന്നതില്‍ സ്വന്തമായ ചേരുവകള്‍ കലര്‍ത്തുവാന്‍ എഴുത്തുകാരിക്കും സ്വാതന്ത്ര്യമുണ്ടെന്ന ഗൂഢസ്മിതമാവാം നാം കണ്ടെത്തേണ്ടത്‌. സ്ത്രീവാദത്തിന്‍റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെ റിബല്‍ സ്വഭാവം വച്ചുപുലര്‍ത്തുന്ന എഴുത്തുകാരികള്‍ സ്വീകരിക്കുന്ന രീതിയാണിത്‌. തങ്ങളെ ഏതെങ്കിലും കളങ്ങള്‍ക്കുള്ളില്‍ തളച്ചിട്ടാല്‍ വളര്‍ച്ചയ്ക്ക് പരിമിതികളുണ്ടാവുമെന്ന അജ്ഞാതഭയത്തില്‍നിന്നും അവര്‍ മുക്തരാകുന്നില്ല. എന്നാല്‍ കളങ്ങള്‍ വരച്ചിടുന്ന അമ്മായിയമ്മമാരും അതിനുള്ളില്‍ കിടന്നുഞെരുങ്ങുന്ന മരുമക്കളും പുറത്തുനിന്ന് ചിരിക്കുന്ന മറ്റു സ്ത്രീകളും എല്ലാം ചേര്‍ന്നുള്ള ഒരു വലിയ ലോകത്തിന്‍റെ  ആകുലതകളും അസ്വസ്ഥതകളും ആകാംക്ഷകളും പകര്‍ത്തുന്നതിന്‍റെ പിന്നില്‍ ചെയ്യുന്നതെന്തും ഫലപ്രാപ്തിയിലെത്തി എന്ന്‍ അഹങ്കരിക്കുവാന്‍ ആഗ്രഹിക്കുന്ന പെണ്‍സ്വത്വത്തിന്‍റെ അരക്ഷിതബോധമാവാം സ്വാധീനം ചെലുത്തുന്നത്.
 ‘സിംഹമുദ്ര’ എന്ന ശീര്‍ഷകകഥ മറ്റു കഥകളില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. പുരുഷന്‍റെ ലൈംഗികതയും അവന് അതേപ്പറ്റിയുള്ള ധാരണയും വിഷയമാവുന്ന കഥയില്‍ സ്ത്രീയുടെതായ അടയാളപ്പെടുത്തലുകളില്ല. പുരുഷന് ആത്മവിശ്വാസം നല്‍കുന്നത് ശാരീരികമായ ശക്തിയാണെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുമ്പോള്‍ സ്ത്രീയുടെ ദൗര്‍ബല്യം അതില്ലാത്തതാണോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. കഥാകാരിയുടെ നിലപാടുകളിലുള്ള അവ്യക്തത കഥകളുടെ രചനാശില്പത്തെ ബാധിക്കുന്നില്ല.
‘ചിലന്തികള്‍ വലനെയ്യുമ്പോള്‍’ എന്ന കഥയില്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ സൂക്ഷ്മമായി പകര്‍ത്തിവയ്ക്കുമ്പോഴും താന്‍ കാണുന്ന കാഴ്ചകളെ സ്ത്രീപക്ഷത്തുനിന്നുള്ള വിധിനിര്‍ണ്ണയങ്ങളില്ലാതെ കഥകളിലേക്ക് സംക്രമിപ്പിക്കുന്ന എഴുത്തുകാരി ഇരുപക്ഷത്തും ചേരാതെ സമൂഹത്തിന്‍റെതായ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നു എന്ന മിഥ്യാബോധമാണ് സൃഷ്ടിക്കുന്നത്. മുദ്രകുത്തപ്പെടാതെയിരിക്കുക എഴുത്തു ലോകത്തില്‍ കൂടുതല്‍ സ്വതന്ത്രമായ ഇടം നേടുവാന്‍ സഹായിക്കുമെന്ന്‍ വിശ്വസിക്കുന്ന എഴുത്തുകാരികളുടെ ചേരിയിലേക്ക് എസ്.സരോജവും ചായ്‌വ് പ്രകടിപ്പിക്കുന്നു. ഇത് ഇനിയുള്ള എഴുത്തുകളെ എങ്ങനെയാണ് ഫലപ്രാപ്തിയിലെത്തിക്കുന്നത്  എന്ന്‍ കാത്തിരുന്നു കാണാം.