Wednesday, 21 October 2015

മുദ്രകളാല്‍ സൂചിതമാവുന്നത്--സുലോചന രാംമോഹന്‍

      
                      സുലോചന രാംമോഹന്‍ 
                   (സ്ത്രീശബ്ദം മാസിക)


    സിംഹം ഒരു മുദ്രയാണ് – കാട്ടിലെ രാജാവ് എന്ന അടയാളപ്പെടുത്തലിലൂടെ സൂചിതമാവുന്ന ചിലത് സിംഹത്തെ നിര്‍വ്വചിക്കുന്നുണ്ട്. വന്യത, അധികാരം, ഭയമില്ലായ്മ, ഗര്‍ജ്ജനം എന്നിങ്ങനെ ഈ മൃഗത്തെ മറ്റുമൃഗങ്ങളില്‍നിന്ന് വ്യത്യാസപ്പെടുത്തുന്നവയെയാണ് അടയാളങ്ങളായി നാം വായിച്ചെടുക്കുന്നത്. സ്ത്രീയുടെ എഴുത്തിനുള്ള അടയാളങ്ങളെ മുന്‍നിര്‍ത്തി നാം രൂപീകരിച്ചെടുക്കുന്ന പ്രത്യയശാസ്ത്രമാണ് ‘പെണ്ണെഴുത്ത്‌’. മുഖ്യധാര സ്വീകരിക്കുന്ന എഴുത്തുരീതിക്ക് ബദലുകള്‍ കണ്ടെത്തുക എന്ന ദൗത്യമാണ് ‘പെണ്ണെഴുത്ത്’ നിര്‍വ്വഹിക്കുന്നത്. സ്ത്രീ എഴുതുമ്പോള്‍ അറിഞ്ഞോ അറിയാതെയോ വെളിപ്പെട്ടുവരുന്ന അവളുടെ ആന്തരിക ലോകങ്ങളാല്‍ സംഭവിക്കുന്ന അടയാളപ്പെടുത്തലുകള്‍ ആണധികാരത്തിനോടുള്ള വിധേയത്വമോ നിഷേധമോ അനുരന്ജനമോ ഒക്കെയും സൂചിപ്പിച്ചുപോകുന്നുണ്ട്. അവയെല്ലാം പഠനവിധേയമാകുമ്പോള്‍  സാമൂഹ്യ മാറ്റത്തിനുള്ള കലാപമാണ്‌ എഴുത്ത് എന്നുകൂടി വിലയിരുത്തപ്പെടുന്നു.


‘മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടി’, ‘വലക്കണ്ണികളില്‍ കാണാത്തത്’, ‘ആകാശത്തേക്ക് പറക്കുന്ന അക്ഷരങ്ങള്‍’ എന്ന മൂന്നു കഥാസമാഹാരങ്ങള്‍ക്കുശേഷം എസ്. സരോജം എഴുതിയ, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീ കരിച്ച
‘സിംഹമുദ്ര’യില്‍ പതിനാലു കഥകളാണുള്ളത്.

           
തന്‍റെ പെണ്മയെ മാറ്റിനിര്‍ത്തിക്കൊണ്ട് മുഖ്യധാരയുടെ അലിഖിത നിയമങ്ങള്‍ അനുസരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ ഈ എഴുത്തുകാരിയുടെ പല കഥകളിലും സ്ത്രീജീവിതത്തിന്‍റെ കലഹങ്ങളും വ്യവസ്ഥിതിയോടുള്ള പരിഭവങ്ങളും സ്വതന്ത്രവും സ്വന്തവുമായ വിനിമയസ്ഥലങ്ങള്‍ രൂപപ്പെടുത്തുവാനുള്ള ത്വരയും പ്രകടമാവുന്നുണ്ട് സരസ്വതിയമ്മ
സ്ത്രീയെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നത് വീട്ടിനകത്തും പുറത്ത് സമൂഹമദ്ധ്യത്തിലും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് എന്ന സത്യത്തെ ഏതെഴുത്തുകാരിക്കും അഭിമുഖീകരിക്കേണ്ടി വരുന്നു എന്ന്‍ കെ.സരസ്വതിയമ്മയും രാജലക്ഷ്മിയും മാധവിക്കുട്ടിയും ജീവിതംകൊണ്ടും മരണംകൊണ്ടും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
        
രാജലക്ഷ്മിയുടെ ആത്മഹത്യയെ അടിസ്ഥാനപ്പെടുത്തി ഈയിടെ ചന്ദ്രമതി എഴുതിയ ചെറുകഥയില്‍ (‘അപരിചിതന്‍ എഴുത്തുകാരിയോടു പറഞ്ഞത്’ – ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പ്‌, ജൂണ്‍ 2014) സ്ത്രീയുടെ എഴുത്തുപ്രതിസന്ധിക്ക് പുതിയ നൂറ്റാണ്ടിലും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന്‍ അസന്നിഗ്ദ്ധമായി സ്ഥാപിക്കുന്നുണ്ട്. സ്വതന്ത്രമായി ചിന്തിക്കുകയും ആവിഷ്കാരം നടത്തുകയും ചെയ്യുന്ന പെണ്‍കുട്ടി വീട്ടുകാര്‍ക്കും സമൂഹത്തിനും ബാധ്യതയാവുന്നു. അവളെ വിവാഹബന്ധത്തിന്‍റെ സുരക്ഷിതത്വത്തിനകത്തേക്ക് തിരുകിക്കയറ്റി നിശ്ശബ്ദയാക്കുക എന്ന തന്ത്രം തന്നെയാണ് ഈ ആധുനിക കാലഘട്ടത്തിലും ‘ഉത്തമ’ മാതാപിതാക്കള്‍ പ്രയോഗിക്കുന്നത്. വിവാഹം എന്നാല്‍ ഒരു ജീവിതകാലം മുഴുവന്‍ തടങ്കലില്‍ കഴിയാനുള്ള ശിക്ഷാവിധിയാണ് എന്ന്‍ പുത്തന്‍ തലമുറയും സമ്മതിച്ചുകൊ ടുത്തേ മതിയാവൂ എന്ന ശാട്ട്യം ഒരു സാമൂഹ്യയാഥാര്‍ഥ്യം എന്നതിലുപരി സാമൂഹ്യമര്യാദയായി സ്വീകരിക്കപ്പെടുന്നു എന്നിടത്താണ് എഴുത്തുകാരി (രാജലക്ഷ്മിയും പിന്നീട് ആ പാതയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നവരും) അമ്പേ പരാജയപ്പെട്ടുപോകുന്നത്.

       എസ്.സരോജത്തിന്‍റെ ‘വെള്ളാരങ്കല്ലുപോലൊരു കവിത’ എന്ന ചെറിയകഥയില്‍ ഈ വിഷയം ഹാസ്യത്തിന്‍റെ ആവരണത്തോട അവതരിപ്പിച്ചിരിക്കുന്നു. ‘വെള്ളാരങ്കല്ലു പോലെ മിനുസമുള്ള വാക്കുകള്‍ ചേര്‍ത്തുവച്ച് കവിതയുള്ളോരു കവിത’ രചിച്ച കവിത എന്നു പേരുള്ള കവിക്ക് വീട്ടിനകത്ത് കല്‍പ്പിക്കപ്പെടുന്ന സ്ഥാനമെന്ത് എന്നു വ്യക്തമാക്കുകയാണ് ഈ കഥ. എഴുത്തുകാരിയുടെ ചിത്രവും ഫോണ്‍നമ്പരും സഹിതം കവിത ഒരു പ്രമുഖവാരികയില്‍ അച്ചടിച്ചുവന്നപ്പോള്‍ ഒരു ആരാധകന്‍ പാതിരാനേരത്ത് ഫോണ്‍ചെയ്യുകയാണ്. രാത്രികാലങ്ങളിലാണ് പെണ്‍ശബ്ദം കേട്ട് രോമാഞ്ചംകൊള്ളുവാന്‍ ആരാധകര്‍ക്ക് താല്പര്യം എന്ന്‍ ധ്വനിപ്പിക്കുന്നു എഴുത്തുകാരി. പാതിരാവായതുകൊണ്ടാവാം കവിയുടെ ഫോണ്‍ ഭര്‍ത്താവിന്‍റെ കസ്റ്റഡിയിലാണ്. ‘കവിയോട് പറയാനുള്ളതൊക്കെ എന്നോട് പറഞ്ഞാല്‍മതി, ഞാനവളുടെ ഭര്‍ത്താവാ’ എന്ന അധികാരസ്വരത്തോട് കലഹിക്കുവാന്‍ ആരാധകനെ പ്രേരിപ്പിക്കുന്നത് എന്തു വികാരമാണ്? മറ്റൊരു പുരുഷനുമുന്നില്‍ താന്‍ താഴേണ്ടതില്ല എന്ന പുരുഷസഹജമായ ഈഗോയാണ് ഇവിടെ അപഹാസ്യമാവുന്നത്. വിളിക്കുന്ന പുരുഷനും ഫോണെടുക്കുന്ന പുരുഷനും ഒരേപോലെ അപഹസിക്കാനും അവഹേളിക്കാനുമുള്ള ഒരു ഇരയായി എഴുത്തുകാരി തരംതാഴ്ത്തപ്പെടുകയാണ്. ‘നിങ്ങള്‍ക്ക് കവിത വായിച്ചാസ്വദിച്ചാല്‍പ്പോരേ? വിളിച്ചു ശല്യംചെയ്യണോ?’ എന്ന്‍ അവള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ആരാധകന്‍ ഊറിച്ചിരിക്കുക യാണ്. ഭര്‍ത്താവ് അവളെ തല്ലുന്ന ശബ്ദം കേട്ടതില്‍ അയാള്‍ സന്തോഷിക്കുകയാണ്. ‘തല്ലു കിട്ടി അല്ലേ? സാരമില്ല, അനുഭവങ്ങളാണ് കവിതയുടെ കരുത്ത്’ എന്നാണ് അയാള്‍ എഴുത്തുകാരിയോടു പറയുന്നത്. ഒരു സ്ത്രീയുടെ ദാമ്പത്യസൗഖ്യം ഇല്ലായ്മചെയ്യുന്നതിലുള്ള ആഹ്ലാദം, ‘എഴുത്തുകാരി’ എന്ന പേരോടുകൂടി സമൂഹമധ്യത്തില്‍ ഇടംനേടുന്ന ഒരുവളോടുള്ള അസഹിഷ്ണുത, സ്വന്തം ഭര്‍ത്താവിനോടുപോലും പൊരുതി അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിവില്ലാത്ത ഒരുവള്‍ എങ്ങനെ സമൂഹത്തിന്‍റെ ആദരവിന് അര്‍ഹയാവും എന്ന ആശ്വസിക്കല്‍, സ്ത്രീ കുടുംബത്തിനകത്തും  പുറത്തും പുലര്‍ത്തുന്ന പ്രതിച്ഛായകളിലെ വൈരുദ്ധ്യം തിരിച്ചറിയുന്നതിലുള്ള സംതൃപ്തി, മറ്റൊരു പുരുഷനെ പ്രകോപിപ്പിക്കാനും  തല്ലിലേക്ക് നയിക്കാനും സാധിച്ചതിലുള്ള വിജയോന്മാദം – ഇങ്ങനെ ഫോണ്‍ചെയ്യുന്ന പുരുഷന്‍റെതായ ദൗര്‍ബല്യങ്ങള്‍ കഥയുടെ വായനക്കാര്‍ കാണാതെപോവുമ്പോ ഴാണ് ഇതൊരു സ്ത്രീവിരുദ്ധ നിലപാടായി ചുരുങ്ങുന്നത്. എഴുത്തുകാരിയുടെ പരാധീനതകള്‍ കേവലം വ്യക്തിപരമല്ല, ആരാധകരായ വായനക്കാര്‍ അവള്‍ക്കുമേലെ കെട്ടിവയ്ക്കുന്ന താണ് എന്ന സന്ദേശമാണ് ഈ കഥ വിക്ഷേപണംചെയ്യേണ്ടത്. സമാനമായ പരാധീനതകള്‍ വന്നുഭവിച്ചതുകൊണ്ടാണ്, എഴുത്തുകാരികള്‍തന്നെ അടിയേറ്റുവാങ്ങുന്ന  അതേ വിധേയത്വത്തോടെ അതിനനുവദിച്ചതുകൊണ്ടാണ് ‘പെണ്ണെഴുത്തിന്’ സ്വന്തമായ വളര്‍ച്ചയുണ്ടായി മുഖ്യധാരയിലേക്ക് പടര്‍ന്നുകയറുവാന്‍ സാധിക്കാതെപോയത്.
സ്വന്തം ലൈംഗികതയെ അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോ ടും വൈരുധ്യങ്ങളോടും കൂടിത്തന്നെ അംഗീകരിക്കുവാനും മനസ്സിലാക്കുവാനും സ്ത്രീയെ സജ്ജമാക്കുക എന്നൊരു ദൗത്യം കൂടി ‘പെണ്ണെഴുത്ത്’ ഏറ്റെടുക്കേണ്ടതുണ്ട്. സ്ത്രീയുടെതായ ലൈംഗിക ആഹ്ലാദത്തെ ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ എന്നിങ്ങനെയുള്ള ജൈവനിയോഗങ്ങളുമായി ബന്ധപ്പെട്ടുകിട ക്കുന്നതാകയാല്‍ സാമൂഹ്യമായ നിയമങ്ങള്‍ക്ക് മെരുക്കുവാന്‍ സാധിക്കുന്നുണ്ട്. അത്തരം മെരുക്കലിനെ, ഒതുക്കലിനെ, അടിച്ചമര്‍ത്തലിനെ ഒക്കെയും ചോദ്യംചെയ്തുകൊണ്ടാണ് മാധവിക്കുട്ടി പെണ്‍ശരീരത്തെയും അതിന്‍റെ രഹസ്യകാമനക ളെയും തുറന്നുകാട്ടിയത്. പുരുഷന്‍ സ്ത്രീയെ എങ്ങനെ കാണുന്നു എന്നതിനു ബദലായി സ്ത്രീ സ്വയം എങ്ങനെ കാണുന്നു, സ്വന്തം അനുഭവങ്ങളെയും ആഹ്ലാദങ്ങളെയും എങ്ങനെ രേഖപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള ആലോചനകളും ആവിഷ്കാരങ്ങളും രൂപപ്പെടുന്നത് മാധവിക്കുട്ടിയെ വായിച്ചുകൊണ്ടാണ്.
     
       എസ്.സരോജവും സ്ത്രീലൈംഗികതയുടെ പുതുമാനങ്ങള്‍ തേടുന്നുവെന്ന് ഈ സമാഹാരത്തിലെ പല കഥകളും സൂചിപ്പിക്കുന്നു. പതിവ്രതയായ ഭാര്യ, കന്യകയായ വധു, അനുസരണയുള്ള മരുമകള്‍, വിശ്വസ്തയായ കാമുകി എന്നിങ്ങനെയുള്ള മാതൃകാസ്ത്രീസങ്കല്‍പങ്ങളെ അട്ടിമറിക്കുവാ നുള്ള മനപ്പൂര്‍വ്വമായ ഉദ്യമം വിശുദ്ധബലി, പച്ചവെളിച്ചെണ്ണ, ചുവന്നകല്ലുള്ള വെളുത്തമുത്ത്, പൂര്‍ണ്ണവിരാമം, കാട്ടുപൂവിന്‍റെ മണം തുടങ്ങിയ കഥകളില്‍ വായിച്ചെടുക്കാ നാവും. സമൂഹം വിലക്കപ്പെട്ടത് എന്നു വിധിക്കുന്ന സ്ത്രീപുരുഷബന്ധങ്ങള്‍ - ശുദ്ധസൗഹൃദം മുതല്‍ വിവാഹേതരബന്ധം വരെ നീളുന്ന പലതരം സ്ത്രീപുരുഷ സംഗമങ്ങള്‍ പ്രതിപാദ്യവിഷയമാകുന്നുണ്ട്. ശരി / തെറ്റ് എന്ന ദ്വന്ദത്തിനുള്ളില്‍ അവയെ തടങ്കലിലിട്ടു ശ്വാസംമുട്ടിക്കാതെ സ്വതന്ത്രമായ വ്യവഹാരസ്ഥലികള്‍ രൂപപ്പെടുത്തുവാന്‍ കഥാകാരി ശ്രമിക്കുന്നു.
 ചുവന്നകല്ലുള്ള വെളുത്ത മുത്ത് എന്ന കഥയില്‍ സുഷമാദേവിയുടെ ലൈംഗികാസക്തി വര്‍ണ്ണിക്കപ്പെടുന്നത് ശരി/തെറ്റ് വിചാരണയുടെ അന്തര്‍ധാര ഒട്ടുമില്ലാതെയാണ്. മോഹങ്ങളൊക്കെയും കൈപ്പിടിയിലൊതുക്കാന്‍വേണ്ടി മണലാരണ്യത്തില്‍ ജോലിതേടിപ്പോയ ഭര്‍ത്താവിന്‍റെ അഭാവത്തില്‍ ശാരീരികസുഖത്തിനായി ‘വിശ്വസ്തനായ സുഹൃത്ത്’ സുനില്‍ ശങ്കറിനൊപ്പം രമിക്കുന്നതില്‍ സുഷമക്ക് ഒരാശങ്കയും  അനുഭവപ്പെടുന്നില്ല. ഫ്രാന്‍സിലും ഓസ്ട്രേലിയായിലും ജര്‍മ്മനിയിലും റഷ്യയിലും ചൈനയിലുമെല്ലാം ധാരാളം ആരാധികമാരുള്ള നര്‍ത്തകനാണ് സുനില്‍ ശങ്കര്‍. ‘പൗരുഷത്തിന്‍റെ പ്രതീകമാണ്’ അയാള്‍ എന്നുള്ളതാണ് സുഷമാദേവി അയാളില്‍ കാണുന്ന ആകര്‍ഷക ഘടകം എന്ന്‍ കഥാകാരി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. കോളേജില്‍ പഠിക്കുന്ന രണ്ടുമക്കളുള്ള സുഷമാദേവിക്ക് കുട്ടികള്‍ പോയിക്കഴിഞ്ഞാല്‍ തിരിച്ചുവരുന്നതു വരെയുള്ള സമയം സ്വന്തം ഇഷ്ടാനുസരണം ചെലവിടുന്നതില്‍ തെല്ലും കുറ്റബോധമില്ല എന്നതും ശ്രദ്ധേയമാണ്. പുതിയ സ്വര്‍ണ്ണക്കടയുടെ പരസ്യത്തിന് മോഡലായിനിന്ന സുനില്‍ ശങ്കറിന് ‘ചുവന്ന കല്ലുള്ള വെളുത്ത മുത്ത്’ കടക്കാര്‍ പാരിതോഷികമായി നല്‍കുന്നുണ്ട്. അയാളുടെ അര്‍ത്ഥനഗ്ന ചിത്രത്തിനു ‘ഈ വിലപിടിപ്പുള്ള രത്നം നിങ്ങള്‍ക്കും സ്വന്തമാക്കാം, ഡിസ്കൌണ്ട് ഏതാനും ദിവസത്തേക്ക് മാത്രം’ എന്ന അടിക്കുറിപ്പോടെയുള്ള പത്രപ്പരസ്യം സുഷമാദേവി കാണുന്നിടത്ത് കഥ അവസാനിക്കുന്നു. ആര്‍ക്കും ‘ഡിസ്കൌണ്ട് റേറ്റില്‍’ സ്വന്തമാക്കാവുന്ന ഒന്നാണ് അയാളുടെ പുരുഷത്വം എന്നൊരു വ്യംഗ്യം കഥാന്ത്യത്തില്‍ ഒളിപ്പിച്ചുവചിരിക്കുന്നു കഥാകാരി. ഈ സ്ത്രീ-പുരുഷ ബന്ധത്തിന് വിപണിയുടെതായ ഒരു supply-demand സമവാക്യം മാത്രമാണുള്ളതെന്ന് വായനക്കാരന്‍ മനസ്സിലാക്കുന്നു. കുടുംബത്തിന്‍റെ സ്വസ്ഥതയോ നിയതമായ ചട്ടക്കൂടിനെയോ അത് തകര്‍ക്കേണ്ടതില്ല എന്നൊരു പുതുകാല നിരീക്ഷണംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കഥയും കഥാകാരിയും സാമൂഹ്യ സദാചാരത്തിനു പുറത്തുള്ള ഒരു തുറന്നയിടത്ത് നില്‍ക്കുന്നതായി നാം കണ്ടെത്തുന്നു.
കാട്ടുപൂവിന്‍റെ മണം എന്ന കഥയില്‍ ഇങ്ങനെ പറയുന്നു: ‘നാമൊക്കെ പ്രകൃതിയെ പീഡിപ്പിച്ചു രസിക്കുന്ന പുതിയ പാരമ്പര്യത്തിന്‍റെ കണ്ണികള്‍, കൃത്രിമമായ വേഷഭൂഷാദികളാല്‍ ശരീരത്തിന്‍റെ നൈസര്‍ഗ്ഗികത നഷ്ടപ്പെടുത്തുന്നവര്‍, കാട്ടുചോലയില്‍ കുളിച്ചും കായ്കനികള്‍ ഭക്ഷിച്ചും പ്രകൃതിയുടെ താളത്തിനൊത്തിണചേര്‍ന്നും കഴിഞ്ഞ പൂര്‍വ്വികരെ പ്രാകൃതരെന്നു വിളിച്ചു പരിഹസിക്കുന്നവര്‍. അവരുടെ ശരീരത്തിന് കാട്ടുപൂക്കളുടെ ഗന്ധമായിരുന്നു. ‘പ്രണയവും കാമവും കൈകോര്‍ത്ത നിമിഷത്തില്‍’ ഒന്നുചേരുന്ന സ്ത്രീയേയും പുരുഷനേയും ഇവിടെ അവതരിപ്പിച്ചിട്ടുള്ളത് പ്രകൃതിയുടെ സ്വാഭാവികപ്രേരണയാലുള്ള പരസ്പരലയനമെന്ന കാഴ്ചപ്പാടിലൂടെയാണ്.
‘പൂര്‍ണ്ണവിരാമം’ എന്ന കഥയില്‍ നായികാകഥാപാത്രം കാമുകനോട് രോഷാകുലയാവുന്നതിങ്ങനെ – ‘നിങ്ങളുടെയൊക്കെ കഥകളില്‍ മാത്രമാണ് പ്രണയം അനശ്വരമാകുന്നത്. ജീവിതത്തില്‍ പ്രണയം ജനിക്കുന്നത് നുണകളില്‍നിന്നാണ്. നേരുകളോട് ഏറ്റുമുട്ടി അത് മരിച്ചുപോകുന്നു! കഥാകൃത്തായ പുരുഷസുഹൃത്തിന്‍റെ പ്രലോഭനങ്ങളില്‍ വീഴാന്‍ വെറുമൊരു ആദര്‍ശജീവിയായ പ്രമീളക്ക് കഴിയുന്നില്ല. ‘ഇത് യൗവ്വനകാലം’, ‘ജീവിതത്തിന്‍റെ വസന്തകാലം’, ‘നേട്ടങ്ങള്‍ കൊയ്തുകൂട്ടേണ്ട കാലം’ എന്നൊക്കെയുള്ള പുരുഷന്‍റെ വശീകരണവാക്കുകളെ തട്ടിമാറ്റിക്കൊണ്ട് ആത്മസഖിയുടെ സാന്ത്വനം തേടുന്ന പ്രമീളയുടെ ദുരന്തത്തിലൂടെ ‘സ്നേഹിച്ചു സ്നേഹിച്ചു മരിക്കുക’ എന്ന സ്ത്രീയുടെ ആദര്‍ശസ്നേഹസങ്കല്‍പ്പത്തെ അര്‍ത്ഥശൂന്യമെന്ന് കഥാകാരി വിധിയെഴുതുന്നു. ‘അനവസരത്തിലുണ്ടാവുന്ന തിരിച്ചറിവുകള്‍ ആത്മാവിന്‍റെ നൊമ്പരങ്ങളാവുന്നു’ എന്ന്‍ സ്ത്രീ പ്രണയരഹിതജീവിതത്തിന് പൂര്‍ണ്ണവിരാമമിടുന്നതിലെ  കാല്പനികത, ആണ്‍സുഹൃത്തായ കഥാകാരനുമുന്നിലുള്ള ആത്യന്തികമായ തോല്‍വി, പെണ്‍സുഹൃത്തിലുള്ള വിശ്വാസക്കുറവ് എന്നിങ്ങനെ പെണ്ണിന്‍റെതായ ചില സമസ്യകള്‍ പൂര്‍ണ്ണതയാര്‍ജ്ജിക്കാതെ ചുറ്റിക്കറങ്ങുന്നുണ്ട് ഈ കഥാപരിസരത്ത്.
ഇപ്രകാരം സ്വന്തം ജീവിതത്തെ, ജീവിതാനുഭവങ്ങളെ, ജീവിതവീക്ഷണത്തെ ഒക്കെയും മാറ്റിനിര്‍ത്തിക്കൊണ്ട് കഥയുടെ രചനാശില്‍പം മെനഞ്ഞെടുക്കുവാന്‍ എസ്.സരോജം ഉദ്യമിക്കുന്നു. ‘കുഞ്ഞിത്തത്ത’യിലും സ്ത്രീ-പുരുഷ സൗഹൃദത്തിനു നിര്‍വ്വചനങ്ങള്‍ നല്‍കുന്നില്ല ഈ കഥാകാരി. ‘പുതിയ വീട് കാണാന്‍വന്ന കൂട്ടുകാരന്‍’ പറയുന്നതിങ്ങനെ – ‘എന്തു ഭംഗിയാടീ നിന്‍റെ വീട് – സ്വര്‍ഗ്ഗം പോലെ’. ‘ഈ നിറങ്ങള്‍ നിനക്ക് അത്രയ്ക്കിഷ്ടമായോടാ?’ എന്ന്‍ അവള്‍ തിരിച്ചുചോദിക്കുന്നു. ‘എടീ’, ‘എടാ’ എന്ന വിളികളിലൂടെ പുതുതലമുറ സൃഷ്ടിച്ചെടുക്കുന്ന തുല്യതാബോധം ഈ കഥയുടെ അന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നു. എന്നാല്‍ കഥാന്ത്യത്തില്‍ ‘അമ്മയെക്കണ്ട കുഞ്ഞിനെപ്പോലെ’ സ്നേഹിതന്‍ പെണ്‍സുഹൃത്തിനെ സ്വീകരിക്കുന്നത് എന്തുകൊണ്ടാവാം? ആണ്‍-പെണ്‍സൗഹൃദത്തില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം സമസ്യകളെ ഉരുക്കഴിക്കാന്‍ കഥാകാരി ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു കഥാവസാനത്തിലുള്ള നിഗൂഢത.
‘യാത്രയില്‍ സംഭവിച്ചത്’ എന്ന കഥയില്‍ തീവണ്ടിയാത്രയില്‍ കണ്ടുമുട്ടുന്ന അപരിചിതരായ സ്ത്രീക്കും പുരുഷനും പരസ്പരം തോന്നുന്ന ആകര്‍ഷണത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമം കാണാം. കാഴ്ചയില്‍ വിരൂപനെങ്കിലും ശരീരത്തില്‍ പൂശിയിരിക്കുന്ന സുഗന്ധതൈലതിന്‍റെ മാസ്മരഗന്ധത്താല്‍ സ്ത്രീയെ ആകര്‍ഷിക്കുന്നവനായി മാറുന്ന പുരുഷന്‍, ഭര്‍ത്താവ് നഷ്ടപ്പെട്ടതിന്‍റെ വിഹ്വലത പേറുന്ന സുന്ദരിയായ സ്ത്രീ, ഇവര്‍തമ്മിലുള്ള വിനിമയത്തില്‍ സൗന്ദര്യം, സൗന്ദര്യമില്ലായ്മ എന്നിവതമ്മിലുള്ള സംഘര്‍ഷം, പുറംകാഴ്ചയുടെതായ അപൂര്‍ണ്ണത, പരസ്പരം അറിയുന്നതിലുള്ള വിടവുകള്‍ എന്നിങ്ങനെയുള്ള ശിഥിലചിന്തകള്‍ കൂടിയും കുഴഞ്ഞും വ്യത്യസ്ത അനുഭവചാലുകളായി ഒഴുകിപ്പരക്കുന്നു.
‘വിശുദ്ധബലി’ എന്ന കഥയില്‍ ‘കുടുംബജീവിതവും ലൈംഗികതയും വിലക്കപ്പെട്ട കനികളല്ല, അവ ദൈവത്തിന്‍റെ കൃപാവരങ്ങളാണ്’. പ്രകൃതിയുടെതായ ചോദനകളെ ന്യായീകരിക്കുവാനും സ്ത്രീപക്ഷത്തു നിന്നുകൊണ്ട് മതാനുഷ്ടാ നങ്ങളെ ഈശ്വരന്‍റെ  പ്രണയകല്പനകളുമായി കൂട്ടിയിണക്കുവാനും കഥാകാരി ബൈബിള്‍ വചനങ്ങളെ കൂട്ടുപിടിക്കുന്നു. ‘അവിശ്വാസത്തിന്‍റെ ബാഹ്യനേത്രങ്ങള്‍ മലര്‍ക്കെ തുറന്ന്‍’ പ്രിയതമനെ തേടുന്ന സന്യാസിനിയെ അവതരിപ്പിക്കുന്ന കഥാകാരി അന്തര്‍നേത്രങ്ങളാല്‍ സ്ത്രീ കാണുന്ന പ്രണയത്തിന്‍റെ ലോകമാണ് സത്യമായത് എന്ന്‍ പറയാതെ പറയുകയാണ്‌. സാമൂഹ്യവും മതപരവുമായ എല്ലാ വിലക്കുകളെയും മറികടന്നുകൊണ്ട്‌ സ്ത്രൈണത സ്വയം സാക്ഷാത്കാരം നേടാനായി ‘കല്ലും മുള്ളും നിറഞ്ഞ കാല്‍വരിപ്പാത താണ്ടുമെന്നും സ്വയം ബലികഴിക്കുന്നതില്‍ വിശുദ്ധിയുടെതായ മാനം കണ്ടെത്തുമെന്നും ഈ കഥ സ്ഥാപിച്ചെടുക്കുന്നുണ്ട്.
സമൂഹം അനുവദിച്ചുനല്‍കാത്തതരം സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് തന്‍റെ കഥകളിലൂടെ സാധൂകരണം നല്‍കുന്നു എസ്.സരോജം. ‘വെറുമൊരു സുധാകരന്‍’, ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍’, ‘വലുതാകുന്ന സൂചിക്കുഴകള്‍’, ‘ലൗ ജിഹാദ്’ എന്നിവയിലെല്ലാം സമൂഹം കാണുന്നതിനപ്പുറം മറ്റൊരു കാഴ്ചയും ഉണ്ടെന്നാണ് സൂചന. കാഴ്ചയുടെ മറുപുറം – മുഖ്യധാരയ്ക്ക് ബദലായുള്ള മറ്റൊരു യാഥാര്‍ത്ഥ്യം - തേടിപ്പിടിക്കുക എന്നതും പെണ്ണെഴുത്തിന്‍റെ ദൗത്യമാവുന്നു. ഈ കഥകളിലെല്ലാം സ്ത്രീയുടെ ഭാഗത്തുനിന്നുള്ള ന്യായീകരണങ്ങള്‍ പ്രസംഗഭാഷയിലല്ലാതെ, കഥയുടെതായ ശില്പഭംഗിയില്‍ത്തന്നെ കഥാകാരി നിരത്തിവയ്ക്കുന്നുണ്ട്.
‘പച്ചവെളിച്ചെണ്ണ’ എന്ന കഥയിലുള്ളത് ഒരു സാമ്പ്രദായിക അമ്മായിയമ്മ-മരുമകള്‍ മത്സരമല്ലേ എന്ന്‍ വായനക്കാര്‍ ചോദിച്ചുപോകും. പെണ്ണിന്‍റെ പാചകനൈപുണ്യം സ്ത്രൈണതയുടെ അവിഭാജ്യഘടകമായി കാണുന്ന പുരുഷന് അവളെ അളക്കാനുള്ള മാനദണ്ഡം അടുക്കളയിലെ മികവാണെന്ന പഴയകാലതത്വം പരിഹാസരൂപേണ അവതരിപ്പിക്കുന്ന കഥാകാരിയുടെ ഉദ്ദേശ്യമെന്തെന്നു വിമര്‍ശകര്‍ക്കും സന്ദേഹമുണ്ടാകും. കഥയുടെ രസക്കൂട്ട് ഒരുക്കിയെടുക്കുന്നതില്‍ സ്വന്തമായ ചേരുവകള്‍ കലര്‍ത്തുവാന്‍ എഴുത്തുകാരിക്കും സ്വാതന്ത്ര്യമുണ്ടെന്ന ഗൂഢസ്മിതമാവാം നാം കണ്ടെത്തേണ്ടത്‌. സ്ത്രീവാദത്തിന്‍റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെ റിബല്‍ സ്വഭാവം വച്ചുപുലര്‍ത്തുന്ന എഴുത്തുകാരികള്‍ സ്വീകരിക്കുന്ന രീതിയാണിത്‌. തങ്ങളെ ഏതെങ്കിലും കളങ്ങള്‍ക്കുള്ളില്‍ തളച്ചിട്ടാല്‍ വളര്‍ച്ചയ്ക്ക് പരിമിതികളുണ്ടാവുമെന്ന അജ്ഞാതഭയത്തില്‍നിന്നും അവര്‍ മുക്തരാകുന്നില്ല. എന്നാല്‍ കളങ്ങള്‍ വരച്ചിടുന്ന അമ്മായിയമ്മമാരും അതിനുള്ളില്‍ കിടന്നുഞെരുങ്ങുന്ന മരുമക്കളും പുറത്തുനിന്ന് ചിരിക്കുന്ന മറ്റു സ്ത്രീകളും എല്ലാം ചേര്‍ന്നുള്ള ഒരു വലിയ ലോകത്തിന്‍റെ  ആകുലതകളും അസ്വസ്ഥതകളും ആകാംക്ഷകളും പകര്‍ത്തുന്നതിന്‍റെ പിന്നില്‍ ചെയ്യുന്നതെന്തും ഫലപ്രാപ്തിയിലെത്തി എന്ന്‍ അഹങ്കരിക്കുവാന്‍ ആഗ്രഹിക്കുന്ന പെണ്‍സ്വത്വത്തിന്‍റെ അരക്ഷിതബോധമാവാം സ്വാധീനം ചെലുത്തുന്നത്.
 ‘സിംഹമുദ്ര’ എന്ന ശീര്‍ഷകകഥ മറ്റു കഥകളില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. പുരുഷന്‍റെ ലൈംഗികതയും അവന് അതേപ്പറ്റിയുള്ള ധാരണയും വിഷയമാവുന്ന കഥയില്‍ സ്ത്രീയുടെതായ അടയാളപ്പെടുത്തലുകളില്ല. പുരുഷന് ആത്മവിശ്വാസം നല്‍കുന്നത് ശാരീരികമായ ശക്തിയാണെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുമ്പോള്‍ സ്ത്രീയുടെ ദൗര്‍ബല്യം അതില്ലാത്തതാണോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. കഥാകാരിയുടെ നിലപാടുകളിലുള്ള അവ്യക്തത കഥകളുടെ രചനാശില്പത്തെ ബാധിക്കുന്നില്ല.
‘ചിലന്തികള്‍ വലനെയ്യുമ്പോള്‍’ എന്ന കഥയില്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ സൂക്ഷ്മമായി പകര്‍ത്തിവയ്ക്കുമ്പോഴും താന്‍ കാണുന്ന കാഴ്ചകളെ സ്ത്രീപക്ഷത്തുനിന്നുള്ള വിധിനിര്‍ണ്ണയങ്ങളില്ലാതെ കഥകളിലേക്ക് സംക്രമിപ്പിക്കുന്ന എഴുത്തുകാരി ഇരുപക്ഷത്തും ചേരാതെ സമൂഹത്തിന്‍റെതായ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നു എന്ന മിഥ്യാബോധമാണ് സൃഷ്ടിക്കുന്നത്. മുദ്രകുത്തപ്പെടാതെയിരിക്കുക എഴുത്തു ലോകത്തില്‍ കൂടുതല്‍ സ്വതന്ത്രമായ ഇടം നേടുവാന്‍ സഹായിക്കുമെന്ന്‍ വിശ്വസിക്കുന്ന എഴുത്തുകാരികളുടെ ചേരിയിലേക്ക് എസ്.സരോജവും ചായ്‌വ് പ്രകടിപ്പിക്കുന്നു. ഇത് ഇനിയുള്ള എഴുത്തുകളെ എങ്ങനെയാണ് ഫലപ്രാപ്തിയിലെത്തിക്കുന്നത്  എന്ന്‍ കാത്തിരുന്നു കാണാം.       

No comments:

Post a Comment