പ്രകൃതിയുടെ വിസ്മയങ്ങള്‍ തേടിയുള്ള മനുഷ്യന്‍റെ യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. മലകളും താഴ്‌വാരങ്ങളും ജനപദങ്ങളും സാംസ്‌കാരികത്തനിമകളും…. കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാന്‍ എത്രയെത്ര കാഴ്ചകള്‍! മുമ്പേ കടന്നുപോകുന്നവര്‍ പ്രകൃതിയോടു ചേര്‍ത്തുവയ്ക്കുന്ന പ്രതിഭാവിലാസങ്ങള്‍ ചിലതെങ്കിലും കാലം വരുംതലമുറകള്‍ക്കായി കാത്തുവയ്ക്കുന്നു. പ്രകൃതിയും പ്രതിഭയും ചേര്‍ന്നൊരുക്കിയ അത്തരമൊരു വിസ്മയലോകമാണ് കഴുകുമല. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ തിരുവനന്തപുരം – മധുര റൂട്ടിലുള്ള കോവില്‍പ്പട്ടിയില്‍നിന്ന് ശങ്കരന്‍കോവിലിലേക്കുള്ള വഴിമദ്ധ്യേയാണിത്. കൊല്ലം – ചെങ്കോട്ട ദേശീയപാതയിലൂടെ, ആര്യങ്കാവു ചുരം കടന്ന് കുറ്റാലം വഴിയാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. വലിയ പാറക്കെട്ടുകളും ഉരുളന്‍പാറകളും നിറഞ്ഞ കഴുകുമലയ്ക്ക് മുന്നൂറടിയില്‍ക്കൂടുതല്‍ ഉയരമുണ്ട്. അടിവാരത്തിലെത്തിയപ്പോള്‍ കൂട്ടത്തിലുള്ള ചിലര്‍ മലയുടെ ഉച്ചിയിലേക്കുളള കയറ്റം അത്ര എളുപ്പമല്ലെന്നു കണ്ട് അവിടെ വിശ്രമിച്ചു. വറ്റിയുണങ്ങാനൊരുങ്ങുന്ന ആമ്പല്‍ ഊരണി കടന്ന്, ഉച്ചകഴിഞ്ഞുള്ള വെയില്‍ച്ചൂടിനെ മറന്ന്, സുഖശീതളമായ കാറ്റിനെ പുണര്‍ന്ന് ഞങ്ങള്‍ കുറേപ്പേര്‍ മലകയറ്റം തുടങ്ങി.
തദ്ദേശവാസിയായ ശെല്‍വമണി എന്ന ചെറുപ്പക്കാരന്‍ ഞങ്ങളുടെ ഒപ്പം കൂടി. കഴുകുമല എന്ന പേരിന്‍റെ ഉല്‍പത്തിയെക്കുറിച്ച്, അവിടെയുള്ള ക്ഷേത്രങ്ങളെക്കുറിച്ച് എല്ലാമെല്ലാം അവന്‍ പ്രാദേശികത്തമിഴില്‍ പേശിക്കൊണ്ടേയിരുന്നു. തിരുമല അഥവാ അരിമല എന്നാണ് പാണ്ഡ്യ ലിഖിതങ്ങളില്‍ ഈ സ്ഥലം രേഖപ്പെടുത്തിക്കാണുന്നത്. എന്നാലിവിടെ കഴുകുമല എന്ന സ്ഥലനാമത്തെ രാമായണകാലത്തോളം വലിച്ചുനീട്ടുന്ന ഒരു സങ്കല്പമുണ്ട്; ലങ്കാധിപതിയായ രാവണന്‍ സീതാദേവിയെ അപഹരിച്ചുകൊണ്ട് പുഷ്പകവിമാനത്തില്‍ മടങ്ങുമ്പോള്‍ തടഞ്ഞ ജഡായു വെട്ടേറ്റുവീണത് ഇവിടെയാണത്രേ. അക്കാലത്ത് ഇതുവഴി രണ്ടു നദികള്‍ ഒഴുകിയിരുന്നു; നിക്ഷേപനദിയും ആമ്പല്‍ ഊരണിയും. സമ്പാതിയുമായിച്ചേര്‍ന്ന് ശ്രീരാമന്‍ ജഡായുവിന്റെ ശേഷക്രിയ നടത്തിയത് ആമ്പല്‍ ഊരണിയില്‍ കുളിച്ചിട്ടാണത്രേ. കഴുകുമല എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ട് വേറെയും കഥകള്‍ പ്രചാരത്തിലുണ്ട്. ശെല്‍വമണിയുടെ സങ്കല്‍പകഥകള്‍ കേട്ടപ്പോള്‍ നമ്മുടെ നാട്ടിലെ ജഡായുപ്പാറയുടെ കഥയും ഓര്‍മ്മയിലെത്തി.
എട്ടും ഒമ്പതും നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന വെട്ടുവന്‍ കോവിലാണ് കഴുകുമലയിലെ പ്രധാന ആകര്‍ഷണം. മലയുടെ വടക്കുകിഴക്കേ ചരിവില്‍ കിഴക്കുദര്‍ശനമായി കരിമ്പാറ ചതുരാകൃതിയില്‍ കീറിമാറ്റി ഒരു നടച്ചാല്‍. അതിന്‍റെ നടുവിലുള്ള കല്‍ക്കാമ്പിലാണ് ഈ ഏകശിലാനിര്‍മ്മിതി. പാണ്ഡ്യ ശില്പശൈലിയില്‍ അത്യപൂര്‍വ്വമാണ് ഒറ്റക്കല്‍നിര്‍മ്മിതികള്‍. മുകളില്‍നിന്നു താഴേക്കാണ് കൊത്തുപണികള്‍ ചെയ്തിരിക്കുന്നത്. വിടരാന്‍ വിതുമ്പുന്ന പത്മദളങ്ങള്‍പോലെ ക്ഷേത്രമുകപ്പ്. കിഴക്കേ മുഖത്തില്‍ ഉമാമഹേശ്വരന്മാര്‍. തെക്ക് മൃദംഗവാദകനായ ദക്ഷിണമൂര്‍ത്തി. മറ്റു ദിങ്മുഖങ്ങളില്‍ നരസിംഹം, ബ്രാഹ്മണന്‍ എന്നിവര്‍. കൊത്തുവേലയുടെ പൂര്‍ണ്ണതപോലെ ഭൂതഗണങ്ങള്‍, നന്ദീരൂപങ്ങള്‍, കുരങ്ങന്മാര്‍, സിംഹം തുടങ്ങിയവ. ആകെ നൂറ്റിയിരുപത്തിരണ്ടു ശില്പങ്ങളും പതിമൂന്നുപ്രതിമകളും. മൃദംഗവാദനത്തില്‍ ലയിച്ചിരിക്കുന്ന ശിവശില്പം അത്യപൂര്‍വ്വസൃഷ്ടിയാണത്രേ. ശില്പങ്ങളിലെല്ലാം ജീവന്‍ തുടിക്കുന്നപോലെ. സംഗീതസ്പര്‍ശം അനുഭവിച്ചറിയാം. മലയുടെ മുകള്‍പ്പരപ്പില്‍നിന്നു നോക്കിയാല്‍ പാതിവിരിഞ്ഞ ഒരു കല്‍ത്താമരയാണെന്നു തോന്നും ഈ ശിലാക്ഷേത്രം.
ചുവടുഭാഗത്തെ കൊത്തുവേലകള്‍ അപൂര്‍ണ്ണങ്ങളാണ്. ഗര്‍ഭഗൃഹത്തിന്‍റെ ഉള്ള് ശില്പരഹിതമായി നിലകൊള്ളുന്നു. പ്രതിഷ്ഠയും നടന്നിട്ടില്ല. പില്‍ക്കാലത്ത് ഒരു ഗണേശവിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിച്ചുപോരുന്നു. പുറത്തെ ശില്പസൗന്ദര്യം ആസ്വദിച്ച കണ്ണുകള്‍ക്ക് ഈ ഗര്‍ഭഗൃഹവും പ്രതിഷ്ഠയും കണ്ടാല്‍ നിരാശതോന്നുക സ്വാഭാവികം. പാതിവഴിയില്‍ പണി നിന്നുപോയതിനു കാരണമായി പല കഥകളും പ്രചാരത്തിലുണ്ട്. അതിലൊന്ന് നമ്മുടെ പെരുന്തച്ചന്‍ കഥയ്ക്കു സമാനം തന്നെ. വെട്ടുവന്‍ കോവിലിന്‍റെ ബാഹ്യസൗന്ദര്യത്തിനു പിന്നില്‍ ഒരു അച്ഛന്‍ശില്പിയുടെ ഉളിവിരുതുകളാണ്. ശില്പിയുടെ മകന്‍ അച്ഛനറിയാതെ ഗര്‍ഭഗൃഹത്തില്‍ കയറി പണിയാരംഭിച്ചു. മകന്‍ തന്നെക്കാള്‍ കേമനാകുമെന്നുകണ്ടപ്പോള്‍ അച്ഛന്‍റെ വിരലുകള്‍ക്കിടയില്‍നിന്നും ഒരു ഉളി താഴേക്കൂര്‍ന്നുപോയി. അതോടെ കോവിലിന്റെ പണി നിലച്ചു. മറ്റൊരു കഥ ഇങ്ങനെയാണ്: ജൈനകേന്ദ്രത്തില്‍ തപം ചെയ്തുകൊണ്ടിരുന്ന ശമണന്മാരുടെ കണ്ണുവെട്ടിച്ച്, കഴുകുമലയില്‍ ഒരു ശിവക്ഷേത്രമൊരുക്കാന്‍ ശില്പികളെത്തി. രഹസ്യമായി പണി പുരോഗമിക്കവേ, പുറത്തേക്കൊഴുകിയ ഉളിയൊച്ചകള്‍ ഒറ്റുകാരായി. ശില്പികള്‍ വെട്ടിക്കൊല ചെയ്യപ്പെട്ടു. വെട്ടുവന്‍ കോവില്‍ എന്ന പേരിനുപിന്നില്‍ വെട്ടിക്കൊലയുടെ രണ്ടു കഥകള്‍.
ഏതാണ്ടു മൂന്നു നൂറ്റാണ്ടുകാലം ദക്ഷിണദേശത്തെ പ്രധാനപ്പെട്ട ജൈന (ദിഗംബര തീര്‍ത്ഥങ്കരന്മാരുടെ) കേന്ദ്രമായിരുന്നു കഴുകുമല. ജൈന സര്‍വ്വകലാശാല (ദി യൂണിവേഴ്‌സിറ്റി ഓഫ് ജെയിന്‍ ഫിലോസഫി) എന്ന് കഴുകുമലയെ വിശേഷിപ്പിച്ചിരുന്നതിന്‍റെ കാരണവും അതുതന്നെ. അന്ന് നാഗര്‍കോവില്‍ വരെയുള്ള പഠിതാക്കള്‍ ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു. മലയുടെ വടക്കുകിഴക്കേ ഭാഗത്തുള്ള കല്‍ച്ചുവരില്‍ കാലത്തിനു മായ്ക്കാനാവാത്തവണ്ണം ഇന്നും പണിത്തികവോടെ നിലനില്‍ക്കുന്ന ശില്‍പങ്ങള്‍ ജൈനക്കൊത്തുപണിയുടെ മികവു വിളിച്ചോതുന്നു. മഹാവീരന്‍, ധരണേന്ദ്രയക്ഷന്‍, പത്മാവതിയക്ഷി, പാര്‍ശ്വനാഥന്‍, ബാഹുബലി, അംബികയക്ഷി, തീര്‍ത്ഥങ്കരന്മാര്‍ തുടങ്ങി നൂറില്‍പരം രൂപങ്ങളാണ് ഈ വന്‍ശിലയില്‍ കൊത്തിയൊരുക്കിയിരിക്കുന്നത്. വട്ടെഴുത്തിലുള്ള നൂറില്‍പരംശിലാലിഖിതങ്ങളും.
മഹത്തായൊരു സാംസ്‌കാരികപാരമ്പര്യത്തിന്‍റെ ബാക്കിപത്രങ്ങള്‍ പോലെ നിലകൊള്ളുന്ന ഈ വിസ്മയക്കാഴ്ചകളിലേക്കുള്ള വഴിമുടക്കിക്കൊണ്ട് അധികം പഴക്കമില്ലാത്തൊരു ക്ഷേത്രവും പ്രാദേശികദേവതയുടെ പ്രതിഷ്ഠയും പൂജകളും!
കഴുകുമലയുടെ മടക്കില്‍ ഒരു ഗുഹയുണ്ടെന്ന് ശെല്‍വമണി പറഞ്ഞുകേട്ടപ്പോള്‍ ഞങ്ങള്‍ ഗുഹതേടിനടന്നു. പ്രാദേശികദേവതയുടെ ക്ഷേത്രത്തിനുപിന്നിലായി ഒരു ഗുഹാകവാടം കണ്ടു. ഗുഹയുടെ ഗതി എങ്ങോട്ടാണെന്ന് കാണാനായില്ല. ഈ ഗുഹയ്ക്കുള്ളില്‍ സിത്തര്‍കള്‍ ഇപ്പോഴും തപം ചെയ്യുണ്ടെന്നാണ് വിശ്വാസം. പൊതിഗൈ മലയിലേക്കുള്ള (അഗസ്ത്യകൂടം) യാത്രാമദ്ധ്യേ അഗസ്ത്യമുനി കഴുകുമലയില്‍ വിശ്രമിച്ചതായും ഒരു കഥയുണ്ട്.
മലയുടെ ഉയരങ്ങളില്‍നിന്നു മിഴികള്‍ നീട്ടിയാല്‍ ദിക്കുകള്‍ ചക്രവാളങ്ങളെ പുണര്‍ന്നു നില്‍ക്കുന്നതു കാണാം. ആകാശക്കുട ചൂടിനില്‍ക്കുന്ന ഭൂമിയുടെ സൗന്ദര്യം കാഴ്ചക്കൊതുങ്ങുന്നതല്ല. ദൃഷ്ടിപഥം ചുരുക്കിയാല്‍ കോവില്‍പ്പട്ടിയുടെ ദൃശ്യപ്പെരുമകള്‍ കാണാം. കഴുകുമലയുടെ അടിവാരത്തായി സമൃദ്ധമായ കൃഷിയിടങ്ങള്‍ കാണാം. ജലസമൃദ്ധിയാര്‍ന്ന നിരവധി കുളങ്ങള്‍ കാണാം. ചിതറിക്കിടക്കുന്ന അമ്പലങ്ങള്‍ കാണാം. പാടങ്ങള്‍ക്കിടയില്‍ നിരനിരയായി നില്‍ക്കുന്ന കരിമ്പനകള്‍ കാണാം. വൈദ്യുതി കറന്നെടുക്കുന്ന യന്ത്രക്കാറ്റാടികള്‍ കാണാം. കെട്ടിടക്കൂമ്പാരങ്ങള്‍ക്കിടയില്‍ കുത്തിനിറുത്തിയ സൂചിത്തലപ്പുകള്‍ പോലെ ലൂര്‍ദിലെ മേരിയുടെ പള്ളിഗോപുരങ്ങള്‍ കാണാം. മൊബൈല്‍ ടവറുകളും പിന്നെയുമെന്തൊക്കെയോ. കാഴ്ചയുടെ ഉല്‍സവം അവസാനിക്കുന്നില്ല. തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇഷ്ടവിഭവങ്ങളുമായി കഴുകുമല കാത്തുനില്‍ക്കുന്നു. എന്നാല്‍ അതിനപ്പുറം കഴുകുമല തൃപ്തിപ്പെടുത്തുന്നത് ചരിത്രാവശിഷ്ടങ്ങള്‍ ചികഞ്ഞുനടക്കുന്നവരേയും ശില്‍പകലയുടെ ആഴങ്ങള്‍ തേടുന്നവരേയും തന്നെയാവാം.
സന്ധ്യയുടെ വരവറിയിച്ചുകൊണ്ട് പടിഞ്ഞാറേ ചക്രവാളം ചായക്കൂട്ടുകള്‍ വാരിവിതറിയപ്പോള്‍ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി. തെക്കുകിഴക്കേ ഭാഗത്തുള്ള വലിയൊരു പാറയുടെ ചരിവോരത്തുനിന്ന് ഒരാടിന്‍റെ എത്തിനോട്ടവും കരച്ചിലും! ഞങ്ങള്‍ അങ്ങോട്ടേക്കുനോക്കി. തൊട്ടരികിലായി അതിന്‍റെ കുട്ടികള്‍ നല്ല ഉറക്കത്തിലാണ്. ‘ഞാനിപ്പം താഴേക്കു ചാടുമേ’ എന്ന് അജസുന്ദരി എനിക്കുമാത്രം മനസ്സിലാവുന്ന ഭാഷയില്‍ വിളിച്ചുപറയുന്നതായിത്തോന്നി. തിരുനെല്ലൂര്‍ സ്റ്റൈലില്‍ ഒരു കവിത മൂളിക്കൊണ്ട് (ആടേ നീ ചാടരുതിപ്പോള്‍ പാറേ നീ ചായരുതിപ്പോള്‍ ആരോമല്‍ക്കുഞ്ഞുങ്ങള്‍ ആലോലമുറങ്ങട്ടേ……) ഞങ്ങള്‍ ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി. തിരിച്ചിറങ്ങുവോളവും കഥകള്‍പറഞ്ഞു കൂടെനടന്ന ശെല്‍വമണിക്ക് ചെറിയൊരു ടിപ്പും കൊടുത്ത് നന്ദിപറഞ്ഞ് പിരിഞ്ഞു.
താഴ്‌വാരത്തായി മറ്റൊരു ശിലാക്ഷേത്രമുണ്ട്; കഴുകാചലമൂര്‍ത്തിയമ്പലം. മലയുടെ അടിവാരത്തിലൂടെ ഉള്ളിലേക്കു തുരന്നുകയറിയാണ് ഇതിന്റെ നില്‍പ്പ്. എട്ടാം നൂറ്റാണ്ടില്‍ ആദിമധുരപാണ്ഡ്യന്‍ എന്ന അരചന്‍ പണിയിച്ചതാണ് ഈ മുരുകക്ഷേത്രം എന്ന് കരുതപ്പെടുന്നു. അരുണഗിരിനാഥരുടെ തിരുപ്പുകഴുകളില്‍ തെന്‍പളനിയെന്ന അപരനാമധേയത്തില്‍ വാഴ്ത്തപ്പെടുന്നതും മുത്തുസ്വാമി ദീക്ഷിതര്‍ പാടിപ്പുകഴ്ത്തിയതും ഈ ഗുഹാക്ഷേത്രമാണത്രേ. പ്രവേശനവഴിയുടെ വലതുഭാഗത്തായി കൂട്ടിയട്ടിരിക്കുന്ന രഥത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നും പണ്ട് രഥോല്‍സവം പോലുള്ള അനുഷ്ഠാനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി അനുമാനിക്കാം.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങി പരിസരത്തുള്ള ചായപ്പീടികയില്‍നിന്ന് നല്ല ചൂടന്‍ മുളകുബജിയും ചായയും കഴിച്ച് ഞങ്ങള്‍ കോവില്‍പ്പട്ടിയിലെ രേവാപ്ലാസയിലേക്ക് യാത്രയായി. അവിടെയായിരുന്നു താമസസൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.