Friday, 23 October 2015

പൊള്ളുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് തോറ്റിയെടുത്ത സൗഹൃദരചനകള്‍-ഡോ;വിളക്കുടി രാജേന്ദ്രന്‍

          പുസ്തകപരിചയം

               ഡോ.വിളക്കുടി രാജേന്ദ്രന്‍
                      വാക്ക് (മാസിക), ജൂണ്‍ 2013 



         പൊള്ളുന്ന ജീവിതാനുഭവങ്ങളില്‍നിന്നു തോറ്റിയെടുത്ത സൗഹൃദരചനകള്‍ക്കുടമയാണ് എസ്.സരോജം. കഥയായും കവിതയായും നോവലായും ബഹിര്‍ഗ്ഗമിക്കുന്ന ആ രചനകള്‍ ഇരുത്തംവന്ന ഒരെഴുത്തുകാരിയുടെ തനതായ സാഹിത്യ  സംഭാവനകളാണ്. ‘ദുരന്തങ്ങളുടെ എരിമലകളില്‍നിന്നു പൊട്ടിയൊഴുകുന്ന ലാവയില്‍ പൊള്ളിയും പൊറുത്തും മണ്ണിലെ ജീവിതങ്ങള്‍. സ്വന്തദു:ഖങ്ങളും അന്യദു:ഖങ്ങളും സ്വകീയമായി മാറുമ്പോള്‍ ലോലഹൃദയരായ കവികള്‍ക്ക് പാടാതിരിക്കാനാവില്ല. ജീവിതക്കടലില്‍ മനോഹരമായ മുത്തുകള്‍ മാത്രമല്ല, മാരകവിഷമുള്ള മുള്ളുകളും ഉണ്ടല്ലോ’. ‘മുത്തുകള്‍ നല്‍കുന്ന സുഖങ്ങളെക്കാള്‍ മുള്ളുകള്‍ നല്‍കുന്ന മുറിവുകളെ താലോലിക്കുകയും അവയെക്കുറിച്ച് എഴുതുകയും’ ചെയ്യുന്ന ഈ കവി  മുപ്പത്തിരണ്ടു കവിതകളിലൂടെയാണ് വായനക്കാരെ അച്ചുതണ്ടുമായി ബന്ധപ്പെടുത്തുന്നത്.  
കോടാനുകോടി നക്ഷത്രങ്ങളും അവയുടെ തോഴരായ അസംഖ്യം ഗോളങ്ങളും ചേര്‍ന്ന വിസ്മയപ്രപഞ്ചത്തെ പ്രണമിക്കുകയാണ് ‘വിസ്മയകാവ്യം’ എന്ന ആദ്യകവിതയില്‍.

‘അനന്തമജ്ഞാതമവര്‍അണ്ണനീയം
ഈലോകഗോളം തിരിയുന്ന മാര്‍ഗ്ഗം’

എന്നു വിസ്മയിച്ച കവിയെ ഓര്‍ക്കാതെ ഈ കവിതയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ കഴിയില്ല. ഭാഷയുടെ മാധുര്യം നുണയുന്ന ‘മൊഴിവരം’ എന്ന കവിതയില്‍ മാതൃഭാഷ നല്‍കുന്ന ഉണര്‍വ്വും ഊര്‍ജ്ജവും അനുഭവിച്ചറിയാം.

‘പോകും വഴികളില്‍ പാഥേയമായ്
പാടും വരികളില്‍ പാലമൃതായ്
നാടിന്‍ മഹിതമാം മാതൃകങ്ങള്‍
കാത്തിടുമെന്നുമെന്‍ മലയാളം.’ 

‘മാതൃകങ്ങള്‍’ എന്നത് ‘പൈതൃകങ്ങള്‍’ എന്നതിന് കവി ബോധപൂര്‍വ്വം നല്‍കിയ ബദല്‍രൂപമാണെന്നു തോന്നുന്നു.

    സമകാലിക സമൂഹത്തിനു പിടിപെട്ടിരിക്കുന്ന ഉന്മാദത്തിനിരയായിത്തീര്‍ന്ന പ്രിയമകനെയോര്‍ത്തു വിലപിക്കുന്ന കവിതയാണ്’ ഉന്മാദഭൂമി’.

    ‘കന്മദം കൊണ്ടൊരു ബോംബു തീര്‍ത്തീ-
    യുന്മാദഭൂമിയില്‍ വര്‍ഷിക്ക നീ’

എന്നിങ്ങനെ ആ ഉന്മാദത്തിനു മരുന്ന്‍ നിര്‍ദ്ദേശിക്കുക കൂടി ചെയ്യുന്നുണ്ട് ഈ അമ്മ.

    ഈ സമാഹാരത്തിലെ ഏറ്റവുംനല്ല കവിതകളിലൊന്നാണ് ‘ശിഷ്ടക്കാഴ്ച’.

‘ഓടുകള്‍ പൊട്ടിയ മേല്‍ക്കൂരയതില്‍
            ചിതലുകള്‍ മേഞ്ഞ കഴുക്കോലോ
മാംസം നക്കിയെടുത്തോരസ്ഥികള്‍
പോലെയെഴുന്നു ചിരിക്കുന്നു!’

എന്നിങ്ങനെ തറവാട്ടുപുരയെ  എഴുതുമ്പോള്‍ എലുമ്പുന്തിയ ഒരു പാവം മനുഷ്യജീവി നമ്മുടെ മുമ്പില്‍ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കാന്‍ കവിക്ക് കഴിയുന്നു.

    ഉര്‍വ്വരയായിരുന്നവളെ വന്ധ്യയാക്കി മാറ്റുന്ന പ്രക്രിയയാണ് അന്ധമായ പരിഷ്കൃതി കൊണ്ടുവരുന്നതെന്ന്  പ്രതിഷേധം പറയുന്ന കവിതയാണ് ‘വന്ധ്യവസുന്ധര’.

    ‘ദുഃഖം തളിര്‍ക്കും പ്രളയക്കെടുതിക-
    ളസ്ഥിയുരുക്കും വെയില്‍ക്കൊടുമ’

ഈ രണ്ട് എക്സ്ട്രീംസ് ഇന്ന്‍ നമ്മുടെ നാടിനെ വിഴുങ്ങുന്നു. കുപ്പികളില്‍ നിറയ്ക്കപ്പെട്ടു  വിപണിയിലെത്തുന്ന ദാഹനീരിന്‍റെ പിന്നിലെ അധിനിവേശ ദുരകള്‍ നമ്മുടെ ഞരമ്പുകളെ നാളെ രിക്തമാക്കുമെന്നും അനതിവിദൂര ഭാവിയില്‍ ഒരു ജലയുദ്ധം ഉണ്ടായേക്കാമെന്നുമുള്ള ഒരു താക്കീത് കൂടിയാണ് ഈ കവിത.

    തീവ്രദു:ഖങ്ങളുടെ അഗ്നിതിളപ്പുകളും ഉള്‍വഹിച്ച് അച്ചുതണ്ടില്‍ തുടരുന്ന ഭൂമിയുടെ യാത്ര മനുഷ്യജീവിത യാത്രയുടെ തന്നെ നേര്ബിംബമാണ്. വെന്തുരുകുന്ന  പെണ്ണിനേയും ഭൂമിയേയും സമാനവല്‍ക്കരിച്ചുകൊണ്ട് കവി ചോദിക്കുന്നു:

    ‘അത്രയ്ക്ക് ചൂടാര്‍ന്നൊരുള്‍ത്തടം പേറിയവ –
    ളെത്രനാള്‍ തുടരുമീയച്ചുതണ്ടിലെ യാത്ര?’

മനുഷ്യന്‍റെ  തീവ്രദുഃഖത്തില്‍നിന്നുള്ള മോചനം കവി കാംക്ഷിക്കുന്നത് വിചിത്രമായ രീതിയിലാണ്. കവിത  ‘ഫോസില്‍’ -

    ‘ഏതു സന്തുഷ്ടിതന്‍ പൂമഴപ്പെയ്ത്തിലു-
    മേതുഗ്രദു:ഖത്തിന്‍ വേനലിലും
    മോഹിപ്പൂ ഞാനൊരു ഫോസിലായ് മഞ്ഞിന്‍റെ
    പാളികള്‍ക്കുള്ളിലൊളിച്ചിരിക്കാന്‍’.

 ആത്മാവില്‍ തൊട്ടുനില്‍ക്കുന്ന ചില മണങ്ങളുണ്ട്. ‘ഇരട്ടവാലികള്‍’ എന്ന കവിതയില്‍ കവി ഒത്തിരി ഇഷ്ടത്തോടെ ഓര്‍ത്തെടുക്കുന്ന ‘പുസ്തകപ്പഴമണം’ (പുസ്തകത്തിന്‍റെ പഴയ മണം) അത്തരത്തിലുള്ള ഒന്നാണ്. ‘ഉടലില്‍നിന്നുയിര്‍ വേര്‍പെടുംവരെ’ ഈ മണം മറക്കുകില്ല. ഇരട്ടവാലികള്‍ പെറ്റുപെരുകാതിരിക്കാന്‍ കീടനാശിനി തേച്ച താളുകളാണ് ഇന്നത്തെ പുസ്തകത്തിന്‌. അത് മണത്തുകൂട. ഈ കവിതയോട് ഭാവപരമായ പാരസ്പര്യം പുലര്‍ത്തുന്ന കവിതയാണ് ‘ഓര്‍മ്മയിലൊരു പൊന്നോണം’. ഇന്നത്തെ ഇന്‍സ്റ്റന്റോണത്തിന്‍റെ കൃത്രിമമായ വര്‍ണ്ണപ്പൊലിമയില്‍ നിന്നുകൊണ്ട് അകൃത്രിമമായ ലാവണ്യവും പ്രകാശവും പരത്തിനിന്ന പഴയ ഓണക്കാലത്തെ ഓര്‍ത്തെടുക്കുകയാണ്.

‘തൊട്ടില്‍’, ‘നിനക്ക് നീ മാത്രം’, ‘പാഴ്വസ്തു’, ‘രൂപാന്തരം’,  ‘ശിലയുടെ നിലവിളി’, ‘ഒരു ചെമ്പകത്തിന്‍റെ ഓര്‍മ്മയ്ക്ക്’  തുടങ്ങിയ കവിതകള്‍ ഇന്നത്തെ സ്ത്രീജീവിതത്തിന്‍റെ നേര്‍കാഴ്ചകളിലൂടെ കടന്നുപോകുന്നവയും കേവലം പെണ്ണെഴുത്തിന്‍റെ ഭാവുകത്വത്തിനപ്പുറം പെണ്ണിന്‍റെ സുഗന്ധം പരത്തുന്ന വിശുദ്ധമായ ആത്മസത്തയെ തുറന്നുകാട്ടുന്നവയുമാണ്.

ഗാനാത്മകത ഉടനീളം തഴുകിയിരിക്കുന്ന ‘കളിത്തോ ഴനോട്’ തുടങ്ങിയ കവിതകള്‍ ഏകാന്തതയിലിരുന്നു ഉറക്കെ ചൊല്ലിരസിക്കാന്‍ പോന്നവയാണ്. ഉപയോഗിച്ചു പഴകിയതെങ്കിലും  അവയിലെ ശൈലിയും  മൊഴിയഴകും  ചങ്ങമ്പുഴയെയും വയലാറിനെയും അനുസ്മരിപ്പിക്കുമാറു ആകര്‍ഷകമായിരിക്കുന്നു.

പാഴ്വസ്തു, മായാവലയം, മരംപെയ്യുപോള്‍,  രൂപാന്തരം തുടങ്ങിയവ ഒതുക്കമുള്ള ഗദ്യത്തില്‍ സൂക്ഷ്മമായും ലക്ഷ്യവേധിയായും വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിച്ചിട്ടുള്ളതും വിഷയത്തില്‍ പുതുമ പുലര്‍ത്തുന്നതുമായ കവിതകളാണ്.

ഈ സമാഹാരത്തിലെ ഏറ്റവും വശ്യമായ കവിതകളിലൊന്നാണ് ‘കണിവയ്ക്കാന്‍’. സൗന്ദര്യമുള്ള ചോദ്യങ്ങള്‍ക്ക് വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഉത്തരങ്ങള്‍ നല്‍കി വായനക്കാരെ വിഹ്വലരാക്കുന്ന കവനതന്ത്രമാണ് കവി ഇതില്‍ പ്രയോഗിച്ചിരിക്കുന്നത്.

‘ഗ്രാമപ്പുഴയുടെയരികുകളില്‍
പൂത്തുലയും തരുശാഖകളില്‍ 
പാറിനടന്നൊരു പൂത്തുമ്പീ
മാറില്‍ച്ചൂടിയ പൂതരുമോ?’

എന്ന ചോദ്യത്തിന്

‘മാരത്തീക്കതിരേറ്റു തിളയ്ക്കും 
നരദാഹത്തിന്നെരിമലയില്‍
വെന്തുമരിക്കും പെണ്മണികള്‍
കണ്ണില്‍ച്ചൂടിയ പൊന്നു തരാം’

എന്നാണ് മറുപടി.

    ‘പൂര്‍വ്വികര്‍ പുണ്യംതേകി വളര്‍ത്തിയ
    പുഞ്ചപ്പാട വരമ്പുകളില്‍
    ചിന്നന്‍തത്തകള്‍ ചുണ്ടില്‍ തിരുകിയ
    പൊല്‍ക്കതിര്‍ തരുമോ കണിവയ്ക്കാന്‍?’

എന്ന ചോദ്യത്തിന്

    ‘കാലക്കടലിന്‍ തിരയേറ്റത്തില്‍
    കരളിലൊളിച്ചൊരു നീര്‍ത്തുള്ളി
    തരളക്കനവിന്‍ മൃതയാമത്തില്‍
    നീറിയുറഞ്ഞൊരു മുത്തു തരാം’

എന്നുമാണ് മറുപടി. 
കവി ചോദിക്കുന്നു. അരൂപിയോ അശരീരിയോ മറുപടി നല്‍കുന്നു. അങ്ങനെവേണം കരുതാന്‍. ‘തരളക്കനവിന്‍ മൃതയാമം’ എന്ന പദചിത്രം ഭാവുകനെ ഭയപ്പെടുത്തുന്ന കാലബിംബമാണ്. ഹ്രസ്വമെങ്കിലും ഭാവസാന്ദ്രവും അര്‍ത്ഥസംപുഷ്ടവുമാണ് ഈ കവിത, ധ്വന്യാത്മകവും.
    ചുരുക്കിപ്പറഞ്ഞാല്‍ പഴമയും പുതുമയും കലര്‍ന്ന് കവി പെയ്തിറങ്ങിയിരിക്കുന്നു.. ‘സൃഷ്ടിയുടെ നഗ്നതാളത്തില്‍ മതിമറന്ന്, രാവൊടുങ്ങിയിട്ടും പെയ്തുതീരാതെ....’
                                               

     




    

No comments:

Post a Comment