'സീറോപോയിന്റ്' എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്‍
കാഷ്മീരിലേക്കുള്ള യാത്രാമധ്യേ ഐ.ആര്‍.സി.റ്റി.സിയുടെ ഓണം സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനിലും ആഗ്രയിലുമായിട്ടായിരുന്നു 2013 - ലെ എന്‍റെ ഓണം. പൂരാടത്തലേന്ന് രാത്രി പതിനൊന്നു മണിക്ക് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ചു. തമിഴ്നാടിന്‍റെയും ആന്ധ്രയുടെയും ഉര്‍വ്വരമായ കൃഷിഭൂമിക ളും വരണ്ടുണങ്ങിയ തരിശിടങ്ങളുമൊക്കെ കണ്ടുകണ്ടില്ലെന്ന വേഗത്തില്‍ ഓടിമറഞ്ഞു. മുന്നോട്ടു പോകുംതോറും ഇടയ്ക്കിടെ സിഗ്നലിനായി ഔട്ടറുക ളില്‍ കാത്തുകിടന്നും ഞരങ്ങിയോടിയുമൊക്കെ യാത്രക്കാരുടെ ക്ഷമ പരീക്ഷി ക്കുകയാണ് ട്രെയിന്‍. എങ്കിലും കാഴ്ചകള്‍ ആസ്വദിച്ചും സൊറപറഞ്ഞും ഉണ്ടും ഉറങ്ങിയും യാത്രാവീടിനു ള്ളില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു.
ഉത്രാടം പുലര്‍ന്നു. അങ്ങകലെ മലയാളനാട് ഇന്ന് ഉത്രാടപ്പാച്ചിലിലാ യിരിക്കും. നാട്ടിലെ ഓണത്തെപ്പറ്റി ഓര്‍ത്തിരി ക്കുമ്പോള്‍ ടൂര്‍മാനേജരുടെ അറിയിപ്പുണ്ടായി: ‘ഉത്രാടദിനമായ ഇന്ന് നമുക്ക് കുറേ നല്ല ഓണപ്പാട്ടുകളും കവിതകളും കേള്‍ക്കാം. അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ റഡിയായി രിക്കുക. കോച്ച്നമ്പര്‍ വിളിക്കുന്നമുറയ്ക്ക് ആഫീസിലേക്ക് വരേണ്ടതാണ്.’ കേള്‍ക്കാത്ത താമസം നിന്നുതിരിയാനിടമില്ലാത്ത ഒഫീസ്കോച്ചില്‍ തിക്കും തിരക്കുമായി. പെന്‍ഷന്‍പറ്റിപ്പിരിഞ്ഞ ഉദ്യോഗസ്ഥന്മാരും കുടുംബക്കാരുമാ ണ് യാത്രക്കാരില്‍ ഭൂരിഭാഗവും. ചെറുപ്പക്കാര്‍ ചെറിയൊരു ശതമാനംമാത്രം. പണ്ട് പഠിച്ചതും പാടിനടന്നതുമായ പാട്ടുകള്‍ പഴയകണ്ഠങ്ങളില്‍നിന്ന് ഇടറിയും ഇഴഞ്ഞും പുറത്തേക്കുവന്നു. യുവകണ്‍ഠങ്ങളില്‍നിന്ന് എ.ആര്‍.റ ഹ്മാന്‍റെയും ജാസിഗിഫ്റ്റിന്‍റെയുമൊക്കെ അടിപൊളിപ്പാട്ടുകള്‍ അനുസ്യൂതം ഒഴുകിവന്നു. ഒപ്പംമൂളിയും താളംപിടിച്ചും ചിലര്‍. മറ്റുചിലര്‍ ചീട്ടുകളിയില്‍ മുഴുകിയിരുന്നു. സഹയാത്രികരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും ഒരോണ ക്കവിത അവതരിപ്പിച്ചു. ടൂര്‍മാനേജരുടെ പരിചയപ്പെടുത്തലും തുടര്‍ന്നുള്ള എന്‍റെ കവിതാലാപനവും കേട്ട അക്ഷരസ്നേഹികളായ ചിലരൊക്കെ എഴുത്തുകാരിയെ അന്വേഷിച്ചുവന്ന് പരിചയപ്പെട്ടു. തുടര്‍ന്നുള്ള യാത്രയില്‍ ഒരെഴുത്തുകാരിയോടുള്ള സ്നേഹവും ആദരവുമാണ് അവരില്‍നിന്നെല്ലാം എനിക്ക് ലഭിച്ചത്. ചിലര്‍ക്ക് ഒപ്പംനിന്ന്‍ ഫോട്ടോയെടുക്കണം. ചെറുപ്പ ക്കാര്‍ക്ക് ആട്ടോഗ്രാഫ് ഒപ്പിട്ടുവേണം... സഹയാത്രികരില്‍ പലരും മുന്‍പ ത്തെ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നവരും എന്‍റെ കൃതികള്‍ വായിച്ചിട്ടു ള്ളവരും ആയിരുന്നു. സെക്രട്ടറിയേറ്റില്‍ എന്‍റെ സീനിയറായിരുന്ന വിജയകുമാരിയും ഭര്‍ത്താവും ഒപ്പമുണ്ട്. കൂടാതെ സുഹൃത്തുക്കളും പരിചയക്കാരുമായി നിരവധിപേരും. യാത്രയിലെ ഓണം മറക്കാനാവാത്ത നല്ലൊരനുഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.
ആഗ്രയിലേക്ക് പോയ്ക്കൊണ്ടിരിക്കെ തിരുവോണപ്പുലരി വരവായി. ആഡംബരത്തോടെ അണിഞ്ഞൊരുങ്ങി, ഓലക്കുടയും ചൂടി, പരിവാര സമേതനായി മഹാബലി എഴുന്നെള്ളി. പ്രജകളായി ഞങ്ങള്‍ യാത്രക്കാരും. സ്ഥിതിസമത്വം സ്വപ്നംകണ്ട ഏതോ നല്ല മനസ്സില്‍ പണ്ടെന്നോ രൂപപ്പെട്ട സങ്കല്പ ചക്രവര്‍ത്തിയെ എല്ലാവരും ആദരവോടെ വരവേറ്റു. ഓരോ കോച്ചിലുമെത്തി പ്രജകളെ നേരില്‍കണ്ട് അനുഗ്രഹിച്ചു മുന്നോട്ടു നീങ്ങവേ, ത്ധാന്‍സി സ്റ്റേഷനില്‍ ട്രെയിന്‍ നിറുത്തിയിട്ടു. മഹാബലിയും പരിവാര ങ്ങളും പ്ലാറ്റ്ഫാമിലേക്കിറങ്ങി, ഒരു ഘോഷയാത്രപോലെ മുന്നോട്ടുനീങ്ങി. അവിടത്തുകാരായ ചില ആളുകള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുരുവിട്ട്, ഭയഭ ക്തിയോടെ മഹാബലിയെ കൈകൂപ്പി വണങ്ങി! മുപ്പത്തിമുക്കോടി ദൈവ ങ്ങളുള്ള നാട്ടില്‍ തത്തമംഗലത്തു കാരന്‍ സുകുമാരനും ഒരുനിമിഷം ദൈവമായിമാറി!
പ്ലാറ്റ് ഫാമിലെ ‘പീനേ കാ പാനീ’ ടാപ്പിന്‍റെ ചുവട്ടില്‍ ഒരു കുളിസീന്‍; മൂന്നുവയസ്സ് തോന്നിക്കുന്ന ഒരു കുസൃതിക്കുട്ടനെ അവന്‍റെ അമ്മ പിടിച്ചിട്ടു കുളിപ്പിക്കുന്നു. അതിനടുത്തുള്ള മാര്‍ബിള്‍ബഞ്ചിലിരുന്ന് ഒരു ഭ്രാന്തി തലമുടി വലിച്ചുപിന്നുകയും കുട്ടിയുടെ വികൃതികള്‍ കണ്ട് ചിരിക്കുകയുമൊക്കെ ചെയ്യുന്നു. മഹാബലിയെ കണ്ടയുടനേ അവള്‍ ചാടിയെണീറ്റ് ആദരപൂര്‍വ്വം നമസ്കരിച്ചു. പിന്നെ അട്ടഹസിച്ചുകൊണ്ട് ചക്രവര്‍ത്തിയുടെ കയ്യിലെ ചെങ്കോലിനായി പിടിവലിയായി. ആരോ ഒരാള്‍ ഓടിവന്ന്‍ അവളെ പിടിച്ചുമാറ്റി. അപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാനുള്ള വിസില്‍ മുഴങ്ങി. മഹാബലി എ.സി.കമ്പാര്‍ട്ട്മെന്റില്‍ കയറി സുഖമായി യാത്ര തുടര്‍ന്നു. ഉച്ചയോടെ ഞങ്ങള്‍ ആഗ്രയിലെത്തി. വേഷഭൂഷാദികളോടെ ആഗ്രാകണ്ടോ ണ്‍മെന്റിലിറങ്ങിയ മഹാബലി അവിടെയും ദൈവമായിമാറി! ഏതു പ്രച്ഛന്ന വേഷക്കാരനെയും ദൈവമായിക്കാണുന്ന ഇത്തരം മനുഷ്യരുടെ മനസ്സിലല്ലേ ആള്‍ദൈവങ്ങള്‍ ചേക്കേറുന്നത്!
ഹോട്ടല്‍ താജ് റസിഡന്ഷ്യയില്‍ എല്ലാവര്‍ക്കും കുളിക്കാനും ഒരുങ്ങാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. (മഹാബലി മാത്രമേ ട്രെയിനില്‍വച്ചു കുളിയും ഒരുക്കവും കഴിഞ്ഞിരുന്നുള്ളൂ.) നിശ്ചിത സമയ ത്തിനുള്ളില്‍ത്തന്നെ എല്ലാവരും ഗ്രാന്‍റ് ഹോട്ടലിലെത്തി. അവിടെയാണ് ഓണാഘോഷവും സദ്യയും ഒരുക്കിയിരുന്നത്. ഹോട്ടലിന്‍റെ മുന്നില്‍ പൂക്കളം. കത്തിച്ചുവച്ച നിലവിളക്കിനുമുന്നില്‍, അലങ്കരിച്ചുനിറുത്തിയ ഒട്ടകത്തിന്‍റെ അകമ്പടിയോടെ മഹാബലിയുടെ ചടുലനൃത്തം. മഹാബലിയായി വേഷമിട്ടയാള്‍ക്ക് നൃത്തം നല്ല വശ മായിരുന്നു. അതുകൊണ്ടാവണം നൃത്തം ഗംഭീരമായി. അവിടത്തുകാരുള്പ്പെടെ പലരും പ്രോഗ്രാം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തി. ഓണാഘോഷവും സദ്യയുമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സമയം നാലുമണി!
അനശ്വരപ്രണയത്തിന്‍റെ പ്രതീകമെന്നു വാഴ്ത്തപ്പെടുന്ന താജ്മഹലായി രുന്നു കാഴ്ചയുടെ ആദ്യലക്ഷ്യം. താജ്മഹലും പരിസരങ്ങളും പരിസ്ഥിതി സൗഹൃദ മേഖലയായി പരിരക്ഷിച്ചു പോരുന്നതിനാല്‍ മോട്ടോര്‍വാഹന ങ്ങള്‍ക്ക് അങ്ങോട്ട് പ്രവേശനമില്ല. ഒരുകിലോമീറ്ററോളം ദൂരം കുതിരവണ്ടി യിലോ ഒട്ടകവണ്ടിയിലോ സൈക്കിള്‍റിക്ഷയിലോ കാല്‍നടയായോ സഞ്ചരിച്ചു വേണം അവിടെയെത്താന്‍. മഹാബലിയെ ഒരു സൈക്കിള്‍റിക്ഷയിലാണ് കൊണ്ടെത്തിച്ചത്. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളാണവിടെ; മെറ്റല്‍ ഡിറ്റക്ടറും ദേഹപരിശോധനയുമുണ്ട്. എല്ലാം കഴിഞ്ഞേ അകത്തേക്ക് കടത്തിവിടൂ. ഫോണും പേഴ്സും ക്യാമറയുമല്ലാതെ മറ്റൊന്നും കൂടെ കൊണ്ടുപോകാന്‍ പാടില്ല.
ആടയാഭരണങ്ങളണിഞ്ഞെത്തിയ മഹാബലിയെ പാറാവു കാര്‍ തടഞ്ഞുനിറുത്തി. കേരളീയരുടെ ഓണത്തെപ്പറ്റി കേട്ടിട്ടുപോലുമില്ലാത്ത വരോട് ഐതിഹ്യം പറഞ്ഞിട്ടെന്തു കാര്യം! പ്രച്ഛന്നവേഷം അഴിച്ചുമാറ്റാതെ അകത്തേക്ക് വിടില്ല എന്ന് പാറാവുകാര്‍ നിര്‍ബന്ധംപിടിച്ചു. ഗത്യന്തരമി ല്ലാതെ മഹാബലി ക്ലോക്ക്റൂമിലേക്ക് നടന്നു. വേഷഭൂഷാദികള്‍ ഓരോന്നായി അഴിച്ചുമാറ്റി. ഒടുവില്‍ പാറാവുകാര്‍ അല്‍പ്പം കനിവുകാട്ടി - അരയ്ക്കു താഴോട്ടുള്ളതൊന്നും അഴിക്കണ്ട. അങ്ങനെ അര്‍ദ്ധനഗ്നനായി മഹാബലി താജ്മഹല്‍ കാണാന്‍ ഞങ്ങളോടൊപ്പം അകത്തേക്ക് കടന്നു. പിറ്റേദിവസത്തെ പത്രങ്ങളില്‍ അതൊരു കൗതുകവാര്‍ത്തയായിരുന്നു. കിരീടവും ചെങ്കോലുമണിഞ്ഞു നില്‍ക്കുന്ന മഹാബലിയുടെ ചിത്രവും കൊടുത്തിരുന്നു. ‘കിരീടവും ചെങ്കോലും അഴിച്ചോളൂ’ എന്നായിരുന്നു തലക്കെട്ട്.
No comments:
Post a Comment