('സീറോപോയിന്റ്' എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്‍)
അനശ്വരപ്രണയത്തിന്‍റെ പ്രതീകമെന്ന്
വാഴ്ത്തപ്പെടുന്ന താജ്മഹലായിരുന്നു കാഴ്ചയുടെ ആദ്യലക്ഷ്യം. താജ്മഹലും പരിസരവും പരിസ്ഥിതിസൌഹൃദ മേഖലയായി പരിപാലിച്ചു പോരുന്നതിനാല്‍
മോട്ടോര്‍വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് ഒരുകിലോമീറ്ററിപ്പുറം ബസ്സിറങ്ങി, കുതിര വണ്ടിയിലോ ഒട്ടകവണ്ടിയിലോ
സൈക്കിള്‍ റിക്ഷയിലോ കാല്‍നടയായോ അവിടെയെത്താം. പ്രവേശനടിക്കറ്റ് ഇരുപതുരൂപ. വിദേശികള്‍ക്ക്
എഴുന്നൂറ്റമ്പതുരൂപ. കര്‍ശനമായ സുരക്ഷാപരിശോധനകള്‍ - മെറ്റല്‍ഡിറ്റക്റ്ററും
ദേഹപരിശോധനയും നടത്തിയതിനു ശേഷമേ അകത്തേക്കു കടത്തിവിടുകയുള്ളൂ. പേഴ്സും മൊബൈല്‍ഫോണും
ക്യാമറയുമല്ലാതെ മറ്റൊന്നും കൊണ്ടുപോകാന്‍
അനുവദിക്കില്ല.
ആടയാഭരണങ്ങളണിഞ്ഞെത്തിയ മഹാബലിയെ പാറാവുകാര്‍ തടഞ്ഞുനിറുത്തി.
കേരളീയരുടെ ഓണത്തെപ്പറ്റി കേട്ടിട്ടുപോലുമില്ലാത്തവരോടു ഐതിഹ്യം പറഞ്ഞിട്ടെന്തു
കാര്യം! പ്രച്ഛന്നവേഷം അഴിച്ചുമാറ്റാതെ അകത്തേക്കു കടത്തിവിടില്ല എന്നായി പാറാവുകാര്‍.
ഒടുവില്‍ മഹാബലി ക്ലോക്ക്റൂമിലേക്ക് നടന്നു. വേഷഭൂഷാദികള്‍
ഓരോന്നായി അഴിച്ചുമാറ്റി. പാറാവുകാര്‍ അല്‍പ്പം
കനിവുകാട്ടി – അരയ്ക്കുതാഴോട്ടു ള്ളതൊന്നും അഴിക്കണ്ട. അര്‍ദ്ധനഗ്നനായി മഹാബലി അകത്തേക്കു കടന്നു. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ അതൊരു സചിത്രവാര്‍ത്തയായിരുന്നു; ‘കിരീടവും ചെങ്കോലും
അഴിച്ചോളൂ’ എന്നായിരുന്നു തലക്കെട്ട്. പത്രങ്ങളില്‍ മാത്രമല്ല, മുഖപുസ്തകത്തിലും
പ്രചരിച്ചു ഈ മാവേലിക്കഥ.
താജ്മഹല്‍ എന്ന പേരിന് ‘സൌധങ്ങളുടെ
മകുടം’ എന്നും ‘രാജകൊട്ടാരം’ എന്നും അര്‍ഥമുണ്ട്. മുഗള്‍ചക്രവര്‍ത്തിമാരില്‍
അഞ്ചാമനായ ഷാജഹാന്‍ അകാലത്തില്‍
മരണപ്പെട്ട പ്രിയഭാര്യയുടെ ഓര്‍മ്മക്കായി പണികഴിപ്പിച്ചതാണ്
ഈ വെണ്ണക്കല്‍കൊട്ടാരം. അദ്ദേഹത്തിന് പല ഭാര്യമാരുണ്ടായിരുന്നുവെങ്കിലും ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു
ബാനു ബീഗം. ആഗ്രയില്‍, ഒരു കുലീനകുടുംബത്തിലെ അംഗമായിരുന്നു അതീവ സുന്ദരിയായ ബാനു ബീഗം. ആദ്യദര്‍ശനത്തില്‍ത്തന്നെ ഷാജഹാന്
അവളോട് അനുരാഗമുണ്ടായി. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബീഗത്തിന്‍റെ പത്തൊന്‍പതാമത്തെ വയസ്സില്‍ അദ്ദേഹം അവളെ നിക്കാഹ്ചെയ്തു.
അവളുടെ അനിതരമായ സൌന്ദര്യവും കുലീനമായ
പെരുമാറ്റവും സൗമ്യ പ്രകൃതിയും സ്വഭാവഗുണങ്ങളും ഷാജഹാന്‍റെ മനംകവര്‍ന്നു. അദ്ദേഹം അവളെ ‘മുംതാസ് മഹല്‍’
(രാജകൊട്ടാരത്തിലെ റാണി) എന്നു വിളിച്ചു. ബുദ്ധിമതിയായ റാണി ചക്രവര്‍ത്തിയെ ഭരണകാര്യങ്ങളില്‍
സഹായിക്കുകയും യാത്രകളില്‍ അനുഗമിക്കുകയും
ചെയ്തിരുന്നു. ഷാജഹാന്‍റെ ഉയര്‍ച്ചയില്‍ മുംതസ് മഹല്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 1629-ല്‍ ഒരു
പട്ടാളനടപടിയില്‍ പങ്കെടുക്കാന്‍ അടിയന്തിരമായി
പോകേണ്ടിവന്ന ഷാജഹാനെ പൂര്‍ണ്ണഗര്‍ഭിണിയായ റാണി അനുഗമിച്ചു. ആ
യാത്രയില്‍, തന്‍റെ പതിനാലാമത്തെ പ്രസവത്തില്‍ അവര്‍ മരണപ്പെട്ടു. തന്നോടുള്ള തീവ്രമായ
അനുരാഗത്തിന്‍റെ പ്രതീകമായി ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന് മരിക്കുംമുമ്പ് അവര്‍
ഷാജഹാനോട് ആവശ്യപ്പെട്ടുവെന്നും അതിന്‍പ്രകാരം നിര്‍മ്മിക്കപ്പെട്ടതാണ് താജ്മഹല്‍
എന്നും പറയപ്പെടുന്നു. ഇഷ്ടപ്രണയിനിയുടെ അകാല വിയോഗത്തില്‍ അതീവദുഖിതനായ
ഷാജഹാന്‍ചക്രവര്‍ത്തി അനശ്വരപ്രണയത്തിന്‍റെ പ്രതീകമായി ലോകത്തില്‍ ഇന്നുവരെ ആരും
നിര്‍മ്മിച്ചിട്ടില്ലാത്തത്ര മനോഹരമായ സ്മാരകമന്ദിരം നിര്‍മ്മിക്കണമെന്ന് ഉത്തരവിട്ടുവത്രെ. യമുനാതീരത്തുയര്‍ന്ന ആ സ്മാരകമന്ദിരം മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമമാതൃകയായി
നിലകൊള്ളുന്നു. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ പ്രണയകുടീരം കാണാനെത്തുന്നു .
ഉസ്താദ് ഇഷ ഖാന്‍ എഫെന്‍ഡി എന്ന പേര്‍ഷ്യന്‍ വാസ്തുശില്‍പ്പിയാണ് താജ്മഹലിന്‍റെ രൂപകല്‍പ്പന
നിര്‍വ്വഹിച്ചതെന്നാണ് ഭൂരിപക്ഷം
ചരിത്രകാരന്മാരും രേഖപ്പെടുത്തിക്കാണുന്നത്. 1630-ല്‍ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കാന്‍ ഇരുപതിനായിരം തൊഴിലാളികള്‍
ഇരുപത്തിരണ്ടു വര്‍ഷത്തോളം അതികഠിനമായി അദ്ധ്വാനിക്കേണ്ടിവന്നുവത്രെ. നിര്‍മ്മിതിക്കാവശ്യമായ വെള്ളമാര്‍ബിള്‍ രാജസ്ഥാനിലെ മക്രാണയില്‍നിന്ന്‍ ഖനനം ചെയ്തതും രത്നം, വൈഡൂര്യം, ഇന്ദ്രനീലം, തുടങ്ങിയ അമൂല്യ രത്നങ്ങള്‍
ചൈന, തിബത്ത്, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, യെമന്‍, ശ്രീലങ്ക,
പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുത്തിയതുമാണ്. പലതരം ലോഹങ്ങളും
രത്നങ്ങളും ഉപയോഗിച്ചാണ് ചുവരിലെ ചിത്രപ്പണികള്‍ ചെയ്തിട്ടുള്ളത്. ചുവന്ന മണല്‍ക്കല്ലില്‍ നിര്‍മ്മിച്ചതാണ് ‘ദര്‍വാസാ’ എന്നറിയപ്പെടുന്ന മുഖ്യകവാടം. ദര്‍വാസയുടെ ഭിത്തിയില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍
എഴുതിവച്ചിട്ടുണ്ട്. അബ്ദുള്‍ഹക്ക് അമാന്‍ അലി ഖാന്‍ ഷിറാസി എന്ന കയ്യെഴുത്തു വിദഗ്ദ്ധനാണ് ഇത് രൂപകല്‍പ്പന ചെയ്തത്. കയ്യെഴുത്ത് അവസാനിക്കുന്നതിങ്ങനെയാണ്: ‘Now enter the
Paradise.’(ഇനി പറുദീസയിലേക്ക് പ്രവേശിക്കാം.)
അകത്തേക്കു കടന്നു. അക്ഷരാര്‍ത്ഥത്തില്‍ അതൊരു പറുദീസ തന്നെ.
ആദ്യമെത്തുന്നത് മുഗള്‍ശൈലിയില്‍ തീര്‍ത്ത ഉദ്യാനത്തിലാണ്. ഷാജഹാന്‍റെ സഭയിലുണ്ടായിരുന്ന അലി മര്‍ഡാന്‍ ഖാനാണ് പൂന്തോട്ടം
രൂപകല്‍പനചെയ്തത്. ജലവാഹിയായ കനാലുകള്‍, മുഖ്യകനാലിന്‍റെ
ഇരുവശവും വച്ചുപിടിപ്പിച്ച സൈപ്രസ്
മരങ്ങള്‍. അതിനരികിലുള്ള മാര്‍ബിള്‍ബഞ്ചിലിരുന്നാല്‍
കനാലിലെ ജലത്തില്‍ താജ്മഹല്‍ പ്രതിബിംബിക്കുന്നതു
കാണാം. സമചതുരപ്ലാറ്റ്ഫോമിലാണ് താജ്മഹല്‍ സ്ഥിതിചെയ്യുന്നത്. പ്ലാറ്റ്ഫോമിന്‍റെ ഓരോ മൂലയ്ക്കും ഉയരമുള്ള മിനാരങ്ങളുണ്ട്. കുത്തബ്മിനാറിനെക്കാള്‍ ഉയരമുണ്ട് താജ്മഹലിന്. ഉള്ളിലേക്ക് കടന്നാല്‍ രണ്ടു ശവകുടീരങ്ങള്‍
കാണാം; മുംതസ്മഹളിന്‍റെ ശവകുടീരം ചെറുതും ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളതുമാണ്. കുംഭഗോപുരത്തിന്‍റെ
താഴെയാണ് ഭൗതികാവശിഷ്ടം
സൂക്ഷിച്ചിരിക്കുന്നത്; തൊട്ടടുത്തായി ഷാജഹാന്‍റെയും. ഷാജഹാന്‍റെ ശവകുടീരത്തില്‍ അദ്ദേഹത്തിന്‍റെ ബിരുദങ്ങളും മരണവര്‍ഷവും ആലേഖനം ചെയ്തിരിക്കുന്നു. മുംതസിന്‍റെ ശവകുടീരത്തിനു മുകളിലായി തൂക്കിയിരിക്കുന്ന
മനോഹരമായ വിളക്ക് കഴ്സന്‍പ്രഭു സമ്മാനിച്ചതാണത്രെ.
പ്രണയകുടീരം കണ്ടുനടന്നപ്പോള്‍ മനസ്സിലുയര്‍ന്ന
ചോദ്യമിതായിരുന്നു: താജ്മഹല്‍ ഒരു ലോകാത്ഭുതമാണോ? സാങ്കേതികവിദ്യയും കെട്ടിടനിര്‍മ്മാണ
കലയും ഇന്നത്തെ യത്രയും പുരോഗമിച്ചിട്ടില്ലാതിരുന്ന അക്കാലത്ത്, യന്ത്രസാമഗ്രികളും ട്രാന്‍സ്പോര്‍ട്ടേഷന്‍
സൌകര്യങ്ങളും തീരെ കുറവായിരുന്ന സാഹചര്യത്തില്‍ ഇത്രയും മനോഹരമായൊരു സൗധം നിര്‍മ്മിക്കുക
എന്നുപറഞ്ഞാല്‍ അതൊരു വലിയ കാര്യംതന്നെ. അക്കാര്യം അംഗീകരിച്ചു കൊണ്ടുതന്നെ
പറയട്ടെ, ഇന്ന് താജ്മഹല്‍ ഒരത്ഭുതമാണെന്നു പറയാന്‍ എനിക്കാവുന്നില്ല. അന്നും കവികള്‍
പാടിപ്പുകഴ്ത്തിയ അത്രത്തോളം
സൌന്ദര്യമൊന്നും അതിനുണ്ടായിരുന്നതായി വിശ്വസിക്കാനുമാവുന്നില്ല. കേട്ടറിവും കണ്ടറിവും
തമ്മിലുള്ള അന്തരം എത്രവലുതാണ്! ഖജനാവ് ധൂര്‍ത്തടിക്കുന്ന കാര്യത്തില്‍
പണ്ടത്തെ രാജാക്കാന്മാര്‍, പ്രത്യേകിച്ചും മുഗള്‍ചക്രവര്‍ത്തിമാര്‍ മുന്‍പന്തിയിലായിരുന്നു
എന്ന്‍ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഷാജഹാന്‍റെ കാലം മുഗള്‍വാസ്തുവിദ്യയുടെ
സുവര്‍ണ്ണകാലമായിരുന്നു എന്നും നമുക്കറിയാം. മനുഷ്യരെക്കൊണ്ട് അടിമകളെപ്പോലെ
പണിയെടുപ്പിച്ച് പടുത്തുയര്‍ത്തിയ കോട്ടകളും കൊട്ടാരങ്ങളും കാലത്തിന്‍റെ പ്രവാഹ ത്തിലും
മങ്ങലേല്‍ക്കാതെ നിലനില്‍ക്കുന്നുവെങ്കില്‍ അതിന് നാം കടപ്പെട്ടിരിക്കുന്നത് ഋതുപരിണാമങ്ങളെ അതിജീവിക്കുന്ന പൌരാണിക വാസ്തുകലയോടും അതിന്‍റെ പ്രയോക്താക്കളായ ശില്‍പ്പികളോടുമാണ്.
ആര്‍ഭാടപ്പെരുമകള്‍ കണ്ടുമടുത്ത
മനസ്സുമായി സ്മൃതിമന്ദിരത്തില്‍നിന്ന് പുറത്തിറങ്ങി. ആഗ്രാക്കോട്ട അകലെ കാണാം.
വീട്ടുതടങ്കലിലായ ഷാജഹാന്‍ പ്രിയതമയുടെ കുടീരത്തില്‍ കണ്ണുനട്ട്, അവസാനനാളുകള്‍
കഴിച്ചുകൂട്ടിയത് അവിടെയാണല്ലോ. അല്‍പ്പനേരം യമുനയെ നോക്കിനിന്നു. ദ്വാപരദ്വാരകയില്‍
ശ്യാമകൃഷ്ണന്‍റെ ഗോപികാലീലകള്‍ക്ക് നേര്‍സാക്ഷിയായ യമുന ഇവിടെ സമാനതകളില്ലാത്ത രാജകീയ പ്രണയത്തിനാണല്ലോ സാക്ഷിയായത്! ഇന്ന്, മനുഷ്യന്‍റെ മനസ്സില്‍നിന്ന് പ്രണയം
പടിയിറങ്ങിപ്പോയതുപോലെ, യമുനയുടെ മാറിലെ ജലസമൃദ്ധിയും വറ്റിപ്പോയിരിക്കുന്നു.
എങ്കിലും ആ തീരം കടന്നെത്തുന്ന ചെറുകാറ്റ്
മൂളുന്നത് ഷാജഹാന്‍റെയും മുംതസിന്‍റെയും
പ്രണയമന്ത്രങ്ങള്‍ തന്നെയാവാം. അനിതരമായ ആ
പ്രണയത്തെക്കുറിച്ചും അതിന്‍റെ
സാക്ഷ്യപത്രമെന്നപോലെ നിലകൊള്ളുന്ന ചരിത്രസ്മാരകത്തെക്കുറിച്ചും യമുനയ്ക്ക് എന്തെല്ലാം
കഥകള്‍ പറയാനുണ്ടാവും! താജ്മഹലിന്‍റെ പണി പൂര്‍ത്തിയായപ്പോള്‍,
അതിന്‍റെ പൂര്‍ണ്ണതയിലും മനോഹാരിതയിലും
മതിമയങ്ങിയ ഷാജഹാന്‍ അതുപോലൊരെണ്ണം മറ്റാരും നിര്‍മ്മിക്കരുതെന്ന സ്വാര്‍ത്ഥവിചാരത്തോടെ മുഖ്യശില്‍പ്പി യുടെ വലതുകൈ മുറിച്ചുകളഞ്ഞു
എന്നൊരു കഥയും കേട്ടു. കഥകള്‍ എന്തുതന്നെ ആയാലും ആഗ്രയുടെ ചരിത്രത്തില്‍
അനശ്വരപ്രണയത്തിന്‍റെ അദ്ധ്യായം കുറിച്ച രാജദമ്പതികള്‍ നിദ്രകൊള്ളുന്ന ആ വെണ്ണക്കല്‍കൊട്ടാരത്തിന്‍റെ പടികളിറങ്ങുമ്പോള്‍
മനസ്സുരുവിട്ടത് മഹാകവി രബീന്ദ്രനാഥടാഗോറിന്‍റെ വരികളായിരുന്നു:
“ You know Shah
Jahaan,
Life and youth, wealth and glory,
They
all drift away in the current of time.
You strove
therefore,
To
perpetuate only the sorrow of your heart.
Let the
splender of diamond, pearl and ruby vanish.
Only let this one
teardrop,
this Taj Mahal,
glisten
spotlessly bright on the cheek of time,
forever and
ever.”
ഇതിന്റെ വായന നല്ലൊരു അനുഭവമായി....
ReplyDeleteനല്ല വാക്കുകള്‍ക്ക് നന്ദി സര്‍
Deleteനന്നായി എഴുതി . ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ഒരു കളവു ആണ് ഈ പ്രണയവും സ്മാരകവും എന്നത് മറക്കാന്‍ കഴിയില്ല . അനവധി ഭാര്യമാരില്‍ ഒരാളും , പതിനാലു മക്കളുടെ അമ്മയും ആയ ഒരു സ്ത്രീ ആണ് മുംതാസ് എന്നത് തന്നെ ആണ് ആ പ്രണയ കഥയിലെ വില്ലനായി നില്‍ക്കുന്നതും . മുകളില്‍ സൂചിപ്പിച്ചത് പോലെ ധൂര്‍ത്തിന്റെ രാജകീയ ചിഹ്നം മാത്രം. ഉണ്ടിരുന്ന നായര്‍ക്ക് ഒരു വെളിപാട് ഉണ്ടായത് പോലെ ഒരു സ്മാരകം . ഖജനാവിനെ കാലിയാക്കാന്‍ വേറെ മാര്‍ഗ്ഗം ഇല്ലാതെ പോകുന്നവന്റെ ദയനീയത അത്ര തന്നെ . മറ്റൊരു വീക്ഷണം അന്നത്തെ ശില്പചാതുരിയും , കഴിവുകളും സമന്യയിപ്പിച്ചു എന്നതിനപ്പുറം മറ്റൊന്നും അതിനു അവകാശപ്പെടാന്‍ ഇല്ല എന്നത് തന്നെ . നന്നായി പറഞ്ഞു ആശംസകള്‍
ReplyDeleteപ്രിയമുള്ള ബിജൂ,
Deleteവായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.