ഇളംപീതപത്രങ്ങള്‍ വീശിപ്പറന്നും
ഇളവെയില്‍ക്കണ്ണാടി
നോക്കിച്ചിരിച്ചും
ഉന്മാദകേളിയാടുന്ന
ശലഭങ്ങള്‍
തമ്മില്‍പ്പറഞ്ഞതെന്തായിരിക്കാം
?
പച്ചിലത്തണ്ടിലൊളിച്ചു
കഴിഞ്ഞതും
പച്ചത്തളിരില
തിന്നുവളര്‍ന്നതും
പുഴുപ്പൊതിക്കുള്ളിലുറങ്ങിക്കിടന്നതും
പുത്തന്‍ശലഭമായുയിര്‍ത്തെണീറ്റതും
അത്ഭുതമോര്‍ക്കിലീ
ജീവചക്രം; മന്നി-
ലതിജീവനത്തിന്‍
പ്രകൃതിപ്രമാണം!
നന്താവനത്തില്‍
വിതയ്ക്കേണ്ട, കൊയ്യേണ്ട,
നാളേയ്ക്കുവേണ്ടി
കരുതിടേണ്ട ;
നലമുള്ള മണ്ണില്‍
നിറമുള്ള പൂക്കള്‍
നമുക്കായ് തേന്‍കുടം
നിറച്ചുനില്പൂ.
അറിക സഖീയിതു
ഋതുപ്രസാദം
അരിയജീവിത
രതിമേളനം.
ഇവിടെ നമുക്കില്ല
ദ്വൈതചിന്തകള്‍
ഉടലുരുകിയൊന്നായ്ച്ചേരുക
നാം .
ഒരു രസനകൊണ്ടിനി
തേന്‍ കുടിക്കാം
ഒരു മലരിതളില്‍
കിടന്നുറങ്ങാം
ഒരുമിച്ചു നമ്മുടെ
വംശം വളര്‍ത്താം
ഉരുമ്മിപ്പറക്കാമീ
വിശ്വമെങ്ങും.
വെയില്‍ത്തഴപ്പിലേറുന്ന
ദാഹങ്ങള്‍
വെറുമേനി പുല്‍കിപ്പകര്‍ന്നാടിയും
വിലയനം
വാസന്തവാസരത്തില്‍
വിലോലം, വിലജ്ജിതം,
ആത്യന്തികം.
എന്തുണ്ടിതില്‍പരം പെണ്ണുമാണും
തമ്മിലെന്നുള്ള
ശലഭപാഠ൦
എന്നിണത്തോഴന്‍റെ
കാതിലോതാന്‍
വെമ്പിക്കൊതിച്ചു
ഞാന്‍ കനവുനെയ്കേ
നിരത്തിനുനീളേ പറന്നും പുണര്‍ന്നും
നിര്‍ബാധമാ മിഥുനങ്ങള്‍ മേളിക്കവേ
നിഷ്ടൂരമേതോ വിനാശപത്രങ്ങള്‍
തട്ടിത്തകര്‍ത്തു
ശലഭസ്വപ്നം !
ഞെട്ടിപ്പകച്ചു
ഞാന്‍ കണ്‍തുറന്നു കണ്ടു;
ഈലോകയാഥാര്‍ത്ഥ്യമിത്രമാത്രം !
Read it ten times..still going on,,
ReplyDeleteEnjoying every word Sarojam
Pl. let me know where I can buy your book
vssnair@gmail.com
wonderful poem..
ReplyDeletewe, humans are destined to be creatures longing for hope and optimism, though!
Thanq dear friend
ReplyDelete