വെള്ളിയാഴ്ചകളില്‍ ഉപവസിക്കുക അച്ചാമ്മയുടെ ശീലമാണ്. നേര്‍ച്ചയോ
വഴിപാടോ ഒന്നുമല്ല; ആരെയും ബോധ്യപ്പെടുത്താനുമല്ല.
‘അധികഭാരം കാലിനാപത്ത്’
എന്നത്രെ നാട്ടിന്‍പുറത്തുകാരിയായ അച്ചാമ്മയുടെ പ്രമാണം.
പ്രായമേറുന്തോറും ശരീരം
തടിക്കുന്നുവോ എന്നൊരു ചിന്ത ഇടയ്ക്കിടെ അച്ചാമ്മയെ അലട്ടാറുണ്ട്.
ഉപവാസമെന്നുംപറഞ്ഞു വീട്ടിലിരുന്നാല്‍ അച്ചായനും പിള്ളാര്‍ക്കും വേണ്ടി വച്ചും
വിളമ്പിയും രുചിനോക്കിപ്പോവും. ഉപവസിക്കാന്‍ പറ്റിയ ഒരിടം – ചിക്കന്‍ചാപ്സിന്‍റെയും
മത്തിക്കറിയുടെയും കൊതിപിടിപ്പിക്കുന്ന രുചിയും മണവും എത്താത്ത ഒരിടം –
കണ്ടെത്തണമെന്നു കരുതിയിരിക്കുമ്പോഴാണ്
മറിയാമ്മച്ചേടത്തി അക്കാര്യം
പറഞ്ഞത്:
എന്നാപ്പിന്നെ
ഒരുപവാസക്കൂട്ടായ്മ തുടങ്ങിക്കൂടേടീ
അച്ചാമ്മേ നിനക്ക് ?
അങ്ങനെയാണ് പഞ്ചാരപ്പറമ്പില്‍ റോഡരികത്തായി ഒരു
ഷെഡ് ഉണ്ടായത്; വെള്ളിയാഴ്ചകളില്‍ അച്ചാമ്മയുടെ നേതൃത്വത്തില്‍ ഉപവാസക്കൂട്ടയ്മ
ഉണ്ടായത്.
തിന്നും കുടിച്ചും കണ്ണീരൊലിപ്പിച്ചും
മെയ്യനങ്ങാതെ വിഡ്ഢിപ്പെട്ടിയുടെ മുമ്പില്‍ കുത്തിയിരുന്ന്‍ തടിച്ചുകൊഴുത്തു മുട്ടുതേഞ്ഞ കൊച്ചമ്മമാര്‍ അച്ചാമ്മയുടെ
ഉപവാസക്കൂട്ടായ്മയെപ്പറ്റി കേട്ടറിഞ്ഞു.
അവരും കൂട്ടായ്മയില്‍ പങ്കാളികളായി. അങ്ങനെ കൂട്ടായ്മക്ക് മതേതരത്വത്തിന്‍റെ മുഖമുദ്രയുണ്ടായി.
അധികം താമസിയാതെതന്നെ എല്ലാവിധ ആധുനികസജ്ജീകരണങ്ങളോടും കൂടിയ
ഉപവാസമന്ദിരം റോഡരികത്തുയര്‍ന്നു.
പുരോഹിതന്മാരുടെയും നാട്ടുപ്രമാണിമാരുടെയും അനുഗ്രഹാശിസ്സുകളോടെ നടന്ന ഉത്ഘാടനം
നാട്ടുകാര്‍ ഉത്സവമാക്കിമാറ്റി. ഉപ്പുമാങ്ങാഭരണിയുടെ അഴകിനെ വെല്ലുന്ന
സുന്ദരിമാര്‍ ഉത്ഘാടനച്ചടങ്ങിനു മോടികൂട്ടി.
തുടര്‍ന്നങ്ങോട്ട് ഉപവാസക്കാരുടെ തിരക്കായി,
എല്ലാദിവസവും കൂട്ടായ്മകളുണ്ടായി. കൂട്ടായ്മക്കാരുടെ വിരസതയകറ്റാന്‍ പലപരിപാടികളും
ആസൂത്രണംചെയ്തു നടപ്പാക്കി. വിനോദത്തോടൊപ്പം വരുമാനവും ലക്ഷ്യമാക്കി
ഫാബ്രിക്പെയിന്‍റിംഗ്, എമ്പ്രോയിഡറി, തിരിനിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളില്‍
മുഴുകി ഉപവാസക്കാര്‍ വിശപ്പു മറന്നു .
കൂട്ടായ്മക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയ
തന്നാട്ടിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ ചുറ്റുവട്ടത്തായി ഭക്ഷണശാലകളും ഫാന്‍സിസ്റ്റോറുകളും ബ്യൂട്ടിപാര്‍ലറുകളും തുറന്നു. വാഹനത്തിരക്കു
വര്‍ധിച്ചു. നാട്ടുപാതയുടെ വീതി കൂട്ടി. പഞ്ചാരപ്പറമ്പുജങ്ങ്ഷനില്‍ ട്രാഫിക്ഐലന്റുണ്ടായി. ആകെക്കൂടി പഞ്ചാരപ്പറമ്പിനു
മനോഹരമായൊരു പട്ടണത്തിന്‍റെ മുഖച്ഛായ കൈവന്നു. ഉപവാസമന്ദിരത്തിനു ചുറ്റും
അലഞ്ഞുനടക്കുന്ന ഭിക്ഷക്കാരെ കണ്ടപ്പോള്‍ അച്ചാമ്മയുടെ മനസ്സലിഞ്ഞു . അച്ചാമ്മ
ദാനശീലയായിമാറി.
പഞ്ചാരപ്പറമ്പ് യാചകനിരോധിതമേഖലയായി പ്രഖ്യാപിക്കണമെന്നായി കൊച്ചമ്മമാര്‍.
യാചകപ്പരിഷകള്‍ പരിസരം വൃത്തികേടാക്കുന്നതില്‍ കൊച്ചമ്മമാര്‍ അമര്‍ഷംകൊണ്ടു.
പരിഹാരമാലോചിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ് മറിയാമ്മച്ചേടത്തി അക്കാര്യം പറഞ്ഞത്
“എന്നാപ്പിന്നെ നിനക്കൊരു
യാചകസംരക്ഷണകേന്ദ്രം കൂടി തുടങ്ങിക്കൂടേടീ അച്ചാമ്മേ ? പുണ്യംകിട്ടുന്ന കാര്യമാ "
അങ്ങനെയാണ് ഉപവാസമന്ദിരത്തിനടുത്തായി ഒരു
യാചകസംരക്ഷണകേന്ദ്രം ഉണ്ടായത്.
കറുപ്പിനെ വെളുപ്പാക്കുന്ന ഉദാരമതികള്‍ അച്ചാമ്മയുടെ സംരംഭത്തിനു താങ്ങും
തണലുമായി.
സാമൂഹ്യസേവനംപോലെ
മഹത്തരമായി മറ്റൊന്നുമില്ലെന്ന് അച്ചാമ്മക്ക് മനസ്സിലായിത്തുടങ്ങി.
ഇപ്പോള്‍ പഞ്ചാരപ്പറമ്പിലെ അച്ചാമ്മയെ അറിയാത്തവരായി അന്നാട്ടില്‍
ആരുമില്ല. തന്‍റെ പ്രശസ്തിക്ക് കാരണക്കാരിയായ മറിയാമ്മച്ചേടത്തിക്ക് ‘അഡ്വൈസര്‍’
പദവി നല്‍കി ആദരിച്ചു.
സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് അച്ചാമ്മയുടെ മനസ്സ് അലിഞ്ഞുകൊണ്ടേയിരുന്നു.
ഒപ്പം അഡ്വൈസറുടെ ഉത്തരവാദിത്വവും കൂടിക്കൂടിവന്നു. അനാഥാലയങ്ങള്‍,
വൃദ്ധസദനങ്ങള്‍, സൌജന്യവിദ്യാല യങ്ങള്‍ തുടങ്ങി പലതും പഞ്ചാരപ്പറമ്പില്‍ മുളച്ചുപൊങ്ങി, ശാഖോപശാഖകളുള്ള വടവൃക്ഷം പോലെ തഴച്ചുവളര്‍ന്നു; പടര്‍ന്നുപന്തലിച്ചു.
നിരവധി പുരസ്ക്കാരങ്ങളും
പ്രശസ്തിപത്രങ്ങളും അച്ചാമ്മയെ തേടിയെത്തി.
അച്ചാമ്മയുടെയും ചാര്‍ച്ചക്കാരുടെയും
അത്ഭുതകരമായ വളര്‍ച്ചയില്‍ അസൂയപൂണ്ട ചില
ദോഷൈകദൃക്കുകള്‍ പല കുപ്രചരണങ്ങളും അഴിച്ചുവിട്ടു. വടവൃക്ഷത്തിന്റെ ശിഖരങ്ങള്‍ ച്ഛേദിക്കുമെന്നും
വേരറുക്കുമെന്നും ഒളിഞ്ഞും തെളിഞ്ഞും ഭീഷണിമുഴക്കി.
പ്രസ്ഥാനത്തിന്‍റെ വരവുചെലവു കണക്കുകളറിയാന്‍
പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചില അവസരവാദികള്‍ രംഗത്തെത്തിയതോടെ
കൂട്ടായ്മയില്‍ അപസ്വരങ്ങളുയര്‍ന്നു.
ബുദ്ധികേന്ദ്രങ്ങള്‍ ഉണര്‍ന്നു. രായ്ക്കുരാമാനം രസീതുകുറ്റികള്‍ അലമാരയില്‍ സ്ഥാനംപിടിച്ചു. സ്ഥലത്ത് പൊടുന്നനെ അവതരിച്ച കറുത്തപൂച്ചകള്‍ വടവൃക്ഷത്തിനു കാവലിരുന്നു. അച്ചാമ്മ ഉറക്കെയൊന്നു തുമ്മിയാല്‍പ്പോലും നാടറിയും. സ്വകാര്യത ഒരു മരീചികയായി.
ബുദ്ധികേന്ദ്രങ്ങള്‍ ഉണര്‍ന്നു. രായ്ക്കുരാമാനം രസീതുകുറ്റികള്‍ അലമാരയില്‍ സ്ഥാനംപിടിച്ചു. സ്ഥലത്ത് പൊടുന്നനെ അവതരിച്ച കറുത്തപൂച്ചകള്‍ വടവൃക്ഷത്തിനു കാവലിരുന്നു. അച്ചാമ്മ ഉറക്കെയൊന്നു തുമ്മിയാല്‍പ്പോലും നാടറിയും. സ്വകാര്യത ഒരു മരീചികയായി.
‘കയ്ച്ചിട്ടിറക്കാനും വയ്യ , മധുരിച്ചിട്ടു
തുപ്പാനും വയ്യല്ലോ കര്‍ത്താവേ’
അച്ചാമ്മയുടെ ആത്മഗതം മറിയാമ്മച്ചേടത്തി
കേട്ടില്ലെന്നു നടിച്ചു.
അച്ചായനും പിള്ളാര്‍ക്കും വച്ചും വിളമ്പിയും
രുചിനോക്കിയും സ്വസ്ഥമായിക്കഴിഞ്ഞിരുന്ന പഴയകാലമോര്‍ത്ത് അച്ചാമ്മ നെടുവീര്‍പ്പിട്ടു. ആ നെടുവീര്‍പ്പിന്‍റെ അലകള്‍ക്ക് വടവൃക്ഷത്തിന്‍റെ വേരിളക്കാനുള്ള
ശക്തിയുണ്ടെന്നു മനസ്സിലാക്കിയ
ഗുണകാംക്ഷികള്‍ അഡ്വൈസറെ ശരണം പ്രാപിച്ചു. അഡ്വൈസര്‍
സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്നു
പ്രവര്‍ത്തിച്ചു. കൂട്ടായ്മക്കാരുടെ മാനസികവും ശാരീരികവുമായ സന്തുലനാവസ്ഥ
നിലനിറുത്തുന്നതിന് ആവശ്യമായ വ്യായാമമുറകള്‍
ശീലിക്കുകയും ശീലിപ്പി ക്കുകയും
ചെയ്യുന്നതിന് ഒരു യോഗാപരിശീലനകേന്ദ്രം കൂടി തുറന്നുകൊണ്ട് ഐക്യം അരക്കിട്ടുറപ്പിച്ചു.
ഒരുദിവസം
അച്ചാമ്മ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കവെ
മുറിയുടെ വാതില്‍ പുറത്തുനിന്ന്‍ ബന്ധിക്കപ്പെട്ടു.
പ്രസ്ഥാനത്തിന്‍റെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടി ഉപവാസവും
മൌനവ്രതവും അനുഷ്ടിച്ച്, ധ്യാനനിരതയായി
മുറിക്കുള്ളില്‍ത്തന്നെ കഴിയുകയാണ്
അച്ചാമ്മ എന്ന വാര്‍ത്ത നാടെങ്ങും പരന്നു.
അനുയായികള്‍
അച്ചാമ്മയുടെ ത്യാഗത്തെ വാഴ്ത്തിപ്പാടി.
ധ്യാനത്തില്‍നിന്നുണര്‍ന്ന അച്ചാമ്മ
സ്വന്തംപേരും നാടും വീടും ജാതിയും
മതവും മറന്നു. ദിവ്യശോഭ പരത്തുന്ന വെള്ളമേലാടയണിഞ്ഞ് ആത്മീയതേജസ്സോടെ അനുയായികള്‍ക്കു
ദര്‍ശനമരുളി.
പിന്നെ ആകാശത്തില്‍ മിഴിനട്ട്, ഇരുകരങ്ങളുമുയര്‍ത്തി ഉച്ചത്തില്‍
വിളിച്ചുപറഞ്ഞു:
‘മക്കളേ, നിങ്ങളീ കാണുന്നതെല്ലാം മായ ....... മായ ............
No comments:
Post a Comment