ബസ്സിലെ തിരക്ക് മിനിക്കുട്ടിക്ക് തീരെ ഇഷ്ടമല്ല
. അതുകൊണ്ട് സ്കൂളില്‍ പോക്കും വരവും സൈക്കിളിലാക്കി . സ്ഥലത്തെ പാരലല്‍കോളേജിനടു
ത്തുകൂടിയാണ് മിനിക്കുട്ടിയുടെ യാത്ര .
അന്നാട്ടിലെ കഷ്ടിച്ച് പന്ത്രണ്ടാംതരം ജയിച്ചവരും
കോളേജില്‍ കയറിപ്പറ്റാന്‍ കഴിയാത്തവരുമായ കുമാരീകുമാരന്മാരുടെ ഏക ആശ്രയ മായിരുന്നു
ആ പാരലല്‍കോളേജ്. സ്ഥാപനത്തിനു ചീത്തപ്പേരുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച ചില
പൂവാലന്മാര്‍ ആവഴി വരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രേമലേഖനം കൊടുക്കുക
പതിവായിരുന്നു.
ലവേഴ്സ്ഡെയില്‍ മിനിക്കുട്ടിക്കും കിട്ടി ഒരു
പ്രേമലേഖനം. അവളതു പുസ്തകത്തിനുള്ളില്‍ തിരുകിവച്ചു. രാത്രിയില്‍ എല്ലാവരും
ഉറങ്ങിക്കഴിഞ്ഞപ്പോള്‍ മിനിക്കുട്ടി കത്തു വായിച്ചു. ഏറ്റവും പുതിയ
സാങ്കേതികപദങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും ചേര്‍ത്തു തനി മൊബൈല്‍ഭാഷയില്‍ എഴുതിയ
കത്ത്.
തലമുടി സ്പ്രിംഗ് പോലെ ചുരുട്ടിവച്ച്, കണ്ണില്‍
സണ്‍ഗ്ലാസ്സും ഫിറ്റുചെയ്ത് , ഒറ്റക്കാതില്‍ കമ്മലുമിട്ടു , കഴുത്തില്‍
മൊബൈലുംതൂക്കി നടക്കുന്ന ഒരു ചേട്ടനാണ് മിനിക്കുട്ടിക്കു കത്തെഴുതിയത്.
സ്ക്രാച്ച് ഒന്നുമില്ലാത്ത ഒതുക്കമുള്ള സെറ്റും പ്രീപെയ്ഡുമാണത്രെ അയാള്‍ക്കിഷ്ടം.
മിനിക്കുട്ടിക്കു മൊബൈല്‍സെറ്റില്ലാത്തതുകൊണ്ടാണ് കടലാസില്‍
കത്തെഴുതേണ്ടിവന്നതെന്നും എത്രയുംവേഗം ഒരടിപൊളിസെറ്റ് സ്വന്തമാക്കിയാല്‍ ഇഷ്ടംപോലെ
കത്തെഴുതാമെന്നും വായിച്ചിട്ട് ഡിലീറ്റ് ചെയ്‌താല്‍മതിയെന്നുമാണ് മൊബൈല്‍ച്ചേട്ടന്‍റെ
കത്തിലെ ഉള്ളടക്കം.
കത്തെഴുതിയ ചേട്ടന്‍റെ സിം ഇളകിപ്പോയോ എന്നായി മിനിക്കുട്ടിയുടെ സംശയം.
മൊബൈല്‍ഭാഷ നന്നായി കൈകാര്യംചെയ്യാന്‍ അറിയാവുന്ന
മിനിക്കുട്ടി ഇപ്രകാരം മറുപടിയെഴുതി : പോസ്റ്റ്‌പെയ്ഡാണെനിക്കിഷ്ടം. ഇപ്പോള്‍ റെയ്ഞ്ചില്ല
ചേട്ടാ.
ബ്രദേഴ്സ്ഡെയില്‍, കത്തെഴുതിയ ചേട്ടനെ
കണ്ടുപിടിച്ച്, മറുപടിക്കത്തും കൊടുത്ത്, കയ്യില്‍ രാഖിച്ചരടും കെട്ടി .
മോബൈല്‍ച്ചേട്ടന്‍ മറുത്തൊന്നും പറയുംമുമ്പെ
മറ്റൊരു പെണ്‍കുട്ടിയും രാഖിച്ചരടു കെട്ടി. അവളുടെ ഊഴം കഴിഞ്ഞപ്പോള്‍ മറ്റൊരുവള്‍.........
അങ്ങനെ മൊബൈല്‍ച്ചേട്ടന്‍റെ കയ്യാസകലം
രാഖിച്ചരടുകള്‍ . പെണ്‍കുട്ടികള്‍ പിന്നെയും ക്യു ആയി വന്നുകൊണ്ടിരിക്കുന്നു.
എല്ലാവരുടെ കയ്യിലും രാഖിച്ചരടുകള്‍ !
No comments:
Post a Comment