വിഷുസംക്രമരാവില്‍ സുഖദം
സ്വപ്നംകണ്ടു മയങ്ങി ഞാന്‍;
എനിക്കുചുറ്റും കണിമലര്‍ വിതറി
വെണ്‍ചിറകോലും മാലാഖ.
പുതുഹര്‍ഷംചൂടിയ മാനവലോകം
പുതുമകള്‍തേടിപ്പായുമ്പോള്‍
വരമൊന്നേകി വിചിത്രം മാലാഖ
ഞാനൊരുവെണ്മക്കിളിയായി
അവരുടെയൊപ്പം പാറിനടന്നു
അവരുടെ സ്വര്‍ഗ്ഗം കണികാണാന്‍.
നീലാകാശച്ചുവരുകള്‍ താണ്ടി
മൃണ്‍മയതീരത്തവര്‍നിന്നു.
മാനവരൂപികളവിടെവസിപ്പവ-
രുണ്മകള്‍ കാക്കും ദൈവങ്ങള്‍.
വിണ്ണിലിരിക്കും ദൈവത്താരവര്‍
നീന്തും തെളിനീര്‍പ്പൊയ്കകളില്‍
കുളിച്ചുതോര്‍ത്തിയ തരുണീമണികള്‍
ആടിപ്പാടിനടക്കുന്നു.
വാണിഭമില്ല.... പീഡനമില്ല....
ആണും പെണ്ണും ദൈവങ്ങള്‍.
ജാതികളില്ല മതവൈരവുമില്ല
ഏവരുമേവരുമൊരുപോലെ.
അവരുടെ കൈയില്‍ ഞാന്‍ കണ്ടു
നന്മനിറച്ചൊരു പൊന്‍താലം.
കണ്ടുതെളിഞ്ഞൊരു മനമോടെ
നിദ്രയില്‍നിന്നുമുണര്‍ന്നു ഞാന്‍;
കനവില്‍കണ്ടൊരുസ്വര്‍ഗ്ഗത്തിന്റെ
നന്മകള്‍ ഭൂമിയില്‍ ദര്‍ശിക്കാന്‍.
കാതില്‍മുഴങ്ങീ പോരിന്നൊച്ചകള്‍
ദാരുണമാര്‍ത്തനിനാദങ്ങള്‍
കാണ്മൂ ചുറ്റും ചിന്നിച്ചിതറിയ
മാംസത്തുണ്ടുകള്‍ ചോരപ്പുഴകള്‍
ഞെട്ടിവിറച്ചു, കണ്ണുകള്‍പൂട്ടി
യലറിവിളിച്ചുകരഞ്ഞു ഞാന്‍.
അവനീവാഴ്‌വിതുവേണ്ടേവേണ്ട
ചിറകുകള്‍നല്‍കൂ മാലാഖേ....
കനവില്‍കണ്ടൊരു മാലാഖ
വിണ്ണില്‍മറഞ്ഞൊരു ചോദ്യവുമായ്:
സ്വര്‍ഗ്ഗംപോലൊരുധരയില്‍മര്‍ത്യാ
നരകംപണിയുവതെന്തിനുനീ?
No comments:
Post a Comment