Wednesday, 20 March 2024

ആമസോണ്‍മഴക്കാടുകള്‍ (യാത്രാവിവരണം) എസ്.സരോജം

 



ആമസോണ്‍ മഴക്കാടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍തെളിയുന്നത് ഒരുപക്ഷേ, വിമാനാപകടങ്ങളില്‍പെട്ടും വഴിതെറ്റിയുമൊക്കെ ഉള്‍ക്കാട്ടില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ ജീവനഷ്ടങ്ങളുടെയും ദിക്കറിയാതെയുള്ള അലച്ചിലിന്റെയും  അത്ഭുതകരമായ രക്ഷപ്പെടലിന്റെയുമൊക്കെ കഥകളാവും. 

വാര്‍ത്തകളായും പുസ്തകങ്ങളായും സിനിമകളായും പുറത്തുവന്നിട്ടുള്ള ആ കഥകളൊക്കെ വായിച്ചും കണ്ടുംകേട്ടും ആമസോണ്‍കാടുകളുടെ വലിപ്പവും ഭീകരതയുമോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുമുണ്ട്. ഒരുപാടൊരുപാട് ജൈവരഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് ഈ ഹരിതഗ്രഹത്തെ സമ്പന്നമാക്കുന്ന ആമസോണ്‍ മഴക്കാടുകളെക്കുറിച്ച് നമ്മുടെ അറിവുകള്‍ എത്ര പരിമിതമാണ്!

 ഇന്നും മനുഷ്യന്റെ കാല്‍പാടുകള്‍ പതിഞ്ഞിട്ടില്ലാത്ത ഘോരവനങ്ങളും അവിടത്തെ ജീവജാലങ്ങളുമൊക്കെ ഏറെക്കുറെ അജ്ഞാതമായിതുടരുന്നു.

ആമസോണ്‍നദിയുടെയും അതിന്റെ പോഷകനദികളുടെയും തടങ്ങളില്‍ (ആമസോണിയ)  പടര്‍ന്നുകിടക്കുന്ന ഉഷ്ണമേഖലാ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. എഴുപത് ദശലക്ഷം ചതുരശ്രകിലോമീറ്റര്‍  വിസ്തൃതിയുള്ള ആമസോണിയയില്‍ ഏകദേശം ആറുദശലക്ഷം ചതുരശ്രകിലോമീറ്ററോളം ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ മഴക്കാടുകള്‍ ലോകത്തിലെ ഏറ്റവുംവലിയ മഴക്കാടാണ്. കിഴക്ക് അറ്റ്‌ലാന്റിക് സമുദ്രം മുതല്‍ പടിഞ്ഞാറ് ആന്‍ഡീസ് താഴ്‌വരകള്‍ വരെയാണ് അതിന്റെ വ്യാപ്തി. 

ആമസോണ്‍ മഴക്കാടുകളുടെ ഭൂരിഭാഗവും (അറുപതുശതമാനം) ബ്രസീലിലാണ്. പതിമൂന്നുശതമാനം പെറുവിലും പത്തുശതമാനം കൊളംബിയയിലും ബാക്കി പതിനേഴുശതമാനം ഇക്വഡോര്‍, വെനിസ്വേല, ബൊളീവിയ, ഗയാന, സൂരിനാം, ഫ്രഞ്ച് ഗയാന എന്നീ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഇതില്‍ ഇക്വഡോര്‍, കൊളംബിയ, പെറു, ബസീല്‍ എന്നീ  നാലുരാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന കാടുകളുടെ ഭൂരിഭാഗവും ഈ യാത്രയില്‍ കാണാന്‍കഴിഞ്ഞുവെന്നത്  വിസ്മയകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. കേബിള്‍കാറിലും ഫ്യൂണിക്കുലാറിലും ട്രെയിനിലും ബസിലും നടന്നുമൊക്കെ സഞ്ചരിച്ച്  കണ്ടുംകേട്ടും അറിഞ്ഞ വസ്തുതകള്‍ അതാത് അധ്യായങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്.

അപ്പർ ആമസോൺ 

ആമസോണിന്റെ പോഷകനദിയായ നാപ്പോ ഇക്വഡോറിലാണല്ലൊ. ഈ നദീതടത്തിലാണ് ആമസോണ്‍കാടുകളുടെ തുടക്കം. ഇത് അപ്പര്‍  ആമസോണ്‍ എന്നറിയപ്പെടുന്നു. നാപ്പോനദി കോക്കനദിയുമായി സന്ധിക്കുന്ന പ്രദേശം ഒരു വനപട്ടണമാണ്. ഇവിടെനിന്നാണ് ഇക്വഡോറിലെത്തുന്ന സാഹസികരായ സഞ്ചാരികള്‍ ആമസോണ്‍കാടുകളിലേക്ക് പ്രവേശിക്കുന്നത്. നാപ്പോനദീതടത്തിലെ മഴക്കാടുകളില്‍ ആമസോണ്‍എക്‌സ്‌പ്ലോറര്‍ ക്രൂയിസ് പോലുള്ള യാത്രാഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്ന വനയാത്രയില്‍ പങ്കെടുത്താല്‍ മങ്കി ഐലന്റ്, യാസുനി നാഷണല്‍പാര്‍ക്ക്, ബയോസ്ഫിയര്‍ റിസര്‍വ് എന്നിവ സന്ദര്‍ശിക്കാം. കുരങ്ങുകള്‍, പക്ഷികള്‍, ഡോള്‍ഫിനുകള്‍, അനക്കോണ്ടകള്‍, മനാറ്റികള്‍ എന്നിവയെ ചിലപ്പോള്‍ അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയില്‍ത്തന്നെ കാണാന്‍കഴിഞ്ഞെന്നുംവരാം.

 2001 -ലെ ഒരു പഠനപ്രകാരം ഇക്വഡോറിലെ മഴക്കാടുകളില്‍ മരങ്ങള്‍മാത്രം ആയിരത്തിഒരുന്നൂറിലേറെ ഇനങ്ങളുണ്ടത്രെ. ജൈവക്കലവറയായ ഗാലപ്പഗോസ് ദ്വീപുകള്‍ ഇക്വഡോറിന്റെ വിദൂരതീരത്താണ് അവിടേക്ക് എളുപ്പത്തില്‍ ചെന്നെത്താന്‍ വിമാനസര്‍വീസുമുണ്ട്. ഗാലപ്പഗോസ് ദ്വീപുകള്‍ എന്നുകേള്‍ക്കുമ്പോള്‍ പരിണാമസിദ്ധാന്തകാരനായ ചാള്‍സ് ഡാര്‍വിനെ ഓര്‍ക്കാതിരിക്കാനാവില്ല.

കൊളംബിയയുടെ ഭൂവിസ്തൃതിയുടെ മുപ്പത്തഞ്ചുശതമാനം ആമസോണ്‍ മഴക്കാടുകളാണ്. ആമസോണ്‍ ഉഷ്ണമേഖലാവനത്തിന്റെ പത്തുശതമാനത്തോളം വരുമിത്. 420,000 ചതുരശ്രകിലോമീറ്റര്‍ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ഈ മഴക്കാടുകള്‍ യാതൊരുവിധ മലിനീകരണവും ഇല്ലാത്ത കാടുകളാണ്. ഭക്ഷ്യയോഗ്യമായ പച്ചക്കറിയിനങ്ങളുടെയും നിരവധിയിനം പക്ഷികളുടെയും കുരങ്ങുകളുടെയും ഏറ്റവുംവലിയ ജനിതകബാങ്കുകളിലൊന്നാണ് ഈ വനപ്രദേശം. വനസംരക്ഷണത്തിന്  പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ഇവിടെ നിലവിലുള്ള ഇക്കോ-ടൂറിസം പദ്ധതി. ആമസോണിന്റെ നിരവധി പോഷകനദികള്‍ ഈ ഭൂപ്രദേശത്തെ ജലസമൃദ്ധമാക്കുന്നു. പിങ്ക് ഡോള്‍ഫി നുകളെ കാണണമെങ്കില്‍ ഒരു ബോട്ടുയാത്ര സംഘടിപ്പിച്ചാല്‍ മതി.  ടിക്കുന, യാഗുവാസ്, കൊക്കാമസ് തുടങ്ങി നിരവധി തദ്ദേശീയഗോത്രങ്ങള്‍ കാടുകള്‍ക്കുള്ളില്‍ താമസിക്കുന്നു. ലെറ്റീഷ്യക്കടുത്തുള്ള ഫ്‌ളോര്‍ ഡി ലോട്ടോ നേച്ചര്‍ റിസര്‍വില്‍ ലോകത്തിലെ ഏറ്റവുംവലിയ താമര കാണാം. അവയില്‍നിന്നാണത്രെ ഇന്ന്  കാണുന്നയിനം താമരകളുണ്ടായത്. 


പെറുവിന്റെ ഭൂവിസ്തൃതിയുടെ അറുപതുശതമാനവും മഴക്കാടുകളാണ്. ആമസോണ്‍ ഉഷ്ണമേഖലാമഴക്കാടുകളുടെ പതിമൂന്ന് ശതമാനത്തോളം വരുമിത്. അധികവും വടക്കന്‍പെറുവിലാണ്. കുസ്‌കൊയിലെ മഴക്കാടുകളെക്കുറിച്ചും മച്ചുപിച്ചു, മഴവില്‍പര്‍വതങ്ങള്‍, ചുവന്നനദികള്‍ എന്നിവയെക്കുറിച്ചുമൊക്കെ നേരത്തേ വിവരിച്ചിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ഉകയാലി, മാരാനോണ്‍, ഹുല്ലാഗ എന്നീ പോഷകനദികളും നിരവധി ചെറിയ ജലപാതകളും പെറുവിയന്‍ ആമസോണിനെ പരിപോഷിപ്പിക്കുന്നു. ലോറെറ്റോയിലെ മഴക്കാടുകള്‍ ഭൂരിഭാഗവും താഴ്ന്ന ഭൂമധ്യരേഖാ നിത്യഹരിതവനമാണ്. സാന്‍ മാര്‍ട്ടിന്‍ ആമസോണസില്‍ പരിസ്ഥിതിയാകെ മാറുന്നു. പക്ഷിപ്രേമികളുടെ മക്കയാണിവിടം. വിവിധയിനം ഓര്‍ക്കിഡുകളാല്‍ സമ്പന്നമായ മേഘവനങ്ങള്‍ (ക്ലൗഡ് ഫോറസ്റ്റ്) പെറുവിലാണ്. ലോകത്തില്‍ ആകെയുള്ളതിന്റെ അഞ്ചിലൊന്നിനം ചിത്രശലഭങ്ങള്‍ പെറൂവിയന്‍കാടുകളിലാണ്. 

ജൈവവൈവിധ്യം എന്ന പദം ഉപയോഗിക്കുന്നതിന് ശാസ്ത്രജ്ഞന്മാരെ പ്രചോദിപ്പിച്ചത് ആമസോണ്‍ മഴക്കാടുകളാണെന്ന് നമുക്കറിയാം. ഭൂമിയില്‍ അറിയപ്പെടുന്ന എല്ലാ സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും പത്തുശതമാനവും ഈ പ്രദേശത്താണുള്ളത്. ഏകദേശം നാല്‍പതിനായിരം ഇനം സസ്യങ്ങളും നാനൂറിലധികം ഇനം സസ്തനികളും മൂവായിരത്തിലേറെ മത്സ്യയിനങ്ങളും പതിമൂവായിരത്തിലേറെയിനം പക്ഷികളും മുന്നൂറ്റിയെഴുപതിലേറെയിനം ഉരഗങ്ങളും ദശലക്ഷക്കണക്കായ ഇതരയിനം പ്രാണികളുമുണ്ട്. കണ്ടെത്തിയതിലേറെ ജൈവസാന്നിധ്യം ഇനിയും കണ്ടെത്താനുണ്ട്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ആമസോണിലെ ഏറ്റവുംവലിയ സസ്തനിയാണ് മനാറ്റി. പിങ്ക് ഡോള്‍ഫിനുകളും പച്ചഅനക്കോണ്ടകളും കാഴ്ചയില്‍പോലും കൗതുകമുണര്‍ത്തുന്നവയാണ്. ആമസോണിന്റെ ഐക്കണായ മക്കാവുകള്‍ അറുപതുവര്‍ഷംവരെ ജീവിച്ചിരിക്കുമത്രെ. മനുഷ്യന്റെ സംസാരം അതേപടി അനുകരിക്കാന്‍ കഴിവുള്ള മക്കാവുകള്‍വിലയേറിയ വളര്‍ത്തുപക്ഷികളായി വിപണനംചെയ്യപ്പെടുന്നു. മനുഷ്യന് ഉപകാരികളായ ജീവജാലങ്ങള്‍ മാത്രമല്ല, അപകടകാരികളായ ധാരാളം ജീവജാലങ്ങളും പതിയിരിക്കുന്ന ഇടമാണ് ആമസോണ്‍ മഴക്കാടുകള്‍. ഇരപിടിയന്മാരായ കറുത്തചീങ്കണ്ണി, ജാഗ്വാര്‍, പൂമ, അനക്കൊണ്ട തുടങ്ങിയ വമ്പന്മാരും ഷോക്കടിവീരന്മാരായ ഇലക്ട്രിക് ഈലുകള്‍, കൊടിയവിഷമുള്ള ഡാര്‍ട്ട് തവളകള്‍, ബുള്ളറ്റ് ഉറുമ്പുകള്‍, മനുഷ്യനെപ്പോലും കടിച്ചുതിന്നുന്ന പിരാനകള്‍, പേവിഷം പരത്തുന്ന വാമ്പയര്‍ വവ്വാലുകള്‍, മലേറിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന പ്രാണികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇവിടത്തെ ജൈവലോകം. 

പുരാതനകാലംമുതല്‍ക്കേ, അതായത് ഏകദേശം 11200 വര്‍ഷംമുമ്പുതന്നെ ആമസോണ്‍കാടുകളില്‍ മനുഷ്യര്‍ വസിച്ചിരുന്നതായി പര്യവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കാട് നഷ്ടപ്പെട്ട ഇടങ്ങളില്‍ കാണുന്ന മനുഷ്യനിര്‍മ്മിതരൂപങ്ങള്‍  ഇതിന് തെളിവായി  കണക്കാക്കപ്പെടുന്നു.  ആധുനികകാലത്ത്, എഡി ആയിരത്തി ഇരുന്നൂറ്റി അമ്പതോടെ മനുഷ്യര്‍ ഇവിടെ സ്ഥിരതാമസം തുടങ്ങിയെന്നും തല്‍ഫലമായി കാടിന്റെ പ്രകൃതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പര്യവേഷകര്‍ പറയുന്നു. 1542-ല്‍ ആമസോണ്‍പര്യവേഷണം നടത്തിയ ഫ്രാന്‍സിസ്‌കോ ഡി ഒറീല്ലാന (ആമസോണിലുടനീളം സഞ്ചരിച്ച ആദ്യത്തെയാള്‍) ആമസോണ്‍സംസ്‌കാരത്തെപ്പറ്റി പറഞ്ഞതൊക്കെ അതിശയോക്തികളായിരുന്നു എന്നാണ് ലോകം ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ആ ധാരണ തിരുത്തപ്പെട്ടു. അദ്ദേഹം പറഞ്ഞതുപോലെതന്നെ വളരെ സങ്കീര്‍ണ്ണമായ സംസ്‌കാരങ്ങള്‍ ആമസോണില്‍ കാലങ്ങളായി നിലനിന്നിരുന്നുവെന്നും യൂറോപ്യന്മാര്‍ കൊണ്ടുവന്ന വസൂരിപോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച് നശിച്ചുപോയതാവാമെന്നും കരുതപ്പെടുന്നു. കാലങ്ങളായി ആമസോണില്‍ നിലനിന്നിരുന്നത് വെറും വന്യതയായിരുന്നില്ലെന്നും മറിച്ച്, മനുഷ്യര്‍ പടുത്തുയര്‍ത്തിയ സംസ്‌കാരവും നിലവിലുണ്ടായിരുന്നുവെന്നും ബിബിസി പരമ്പരയില്‍ വ്യക്തമാക്കുന്നുണ്ട്. പുരാതനമായ വലിയ മനുഷ്യവാസങ്ങളുടെ നിരവധി തെളിവുകള്‍ - അവര്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നിര്‍മ്മിച്ചിരുന്നുവെന്നും 2003-ല്‍ നടത്തിയ പര്യവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. 

തെക്കെഅമേരിക്കയിലെ ഒമ്പത് രാജ്യങ്ങളിലായി, മഴക്കാടുകളുടെ പരിധിയില്‍പ്പെട്ട മൂവായിരത്തിമുന്നൂറ്റിനാല്‍പത്തിനാല് തദ്ദേശീയപ്രദേശങ്ങളുണ്ട്. ഈ പ്രദേശങ്ങളില്‍ മുന്നൂറ്റമ്പത് വ്യത്യസ്തവിഭാഗങ്ങളില്‍പ്പെട്ട മുപ്പത് മില്യനിലേറെ ആളുകള്‍ വസിക്കുന്നെണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതില്‍ അറുപത് വിഭാഗക്കാര്‍ തീര്‍ത്തും  ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരാണത്രെ. നൂറ്റിയെണ്‍പത് വ്യത്യസ്ത ഗ്രൂപ്പുകളില്‍പെട്ട  തദ്ദേശീയ ഗോത്രക്കാര്‍ ഉള്‍പ്പെടെ ഇരുപത്തിനാല് ദശലക്ഷത്തിലധികം ആളുകള്‍ ബ്രസീലിയന്‍ മഴക്കാടുകളില്‍മാത്രം വസിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു.

പാഷന്‍ഫ്രൂട്ട്, പേരക്ക, വാഴപ്പഴം, അവക്കാഡോ, തേങ്ങ തുടങ്ങി ഭക്ഷണത്തിനായി ഉപയോഗിക്കുന്ന നിരവധി കായ്കളും കിഴങ്ങുകളും പഴങ്ങളും ആമസോണ്‍കാടുകളില്‍ ഉണ്ടായവയാണ്.    പാശ്ചാത്യലോകത്തിലെ മരുന്നുകളുടെ നാലിലൊന്ന് ആമസോണ്‍മഴക്കാടുകളില്‍നിന്നുള്ള ചേരുവകളാണ്. ക്യാന്‍സര്‍കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സസ്യങ്ങളില്‍ എഴുപതുശതമാനവും ആമസോണ്‍വനങ്ങളില്‍നിന്നാണ് ശേഖരിക്കുന്നത്. ക്ഷീരപഫത്തിലെ നക്ഷത്രങ്ങളെക്കാള്‍ കൂടുതല്‍ വൃക്ഷങ്ങളും അതിലേറെ സസ്യലതാദികളും ആമസോണ്‍കാടുകളില്‍ ഉണ്ടത്രെ. ഇവിടെ മഴപെയ്താല്‍ വെള്ളം കട്ടിയുള്ള മേലാപ്പില്‍നിന്ന് മണ്ണിലെത്താന്‍ ഏകദേശം പത്തുമിനിറ്റെടുക്കുമത്രെ.  സൂര്യപ്രകാശത്തിന്റെ ഒരുശതമാനംമാത്രമേ വനഭൂമിയിലെത്തുകയുള്ളു. ആകയാല്‍ വനഭൂമി ഇരുണ്ടുകിടക്കുന്നു. ആമസോണില്‍ കാണപ്പെടുന്ന പല ജീവജാലങ്ങളും മഴക്കാടിന്റെ മേലാപ്പില്‍ വസിക്കുന്നതിന്റെ കാരണം ഇതാണ്.

ജീവന്റെ സമാനതകളില്ലാത്ത വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുപുറമേ ഭൂമിയുടെ കാലാവസ്ഥ നിയന്ത്രിക്കുന്നതിലും ആമസോണ്‍കാടുകള്‍ പ്രധാനപങ്കുവഹിക്കുന്നു. ആമസോണ്‍ ബേസിന്‍ പ്രതിവര്‍ഷം ഏകദേശം നൂറു ബില്യന്‍ മെട്രിക്ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ആഗിരണംചെയ്യുന്നു. ഭൂമിയിലെ ഓക്‌സിജന്റെ ഇരുപതുശതമാനം പ്രദാനംചെയ്യുന്നു. ആകയാല്‍, ആമസോണ്‍ മഴക്കാടുകളെ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കുന്നു. ആമസോണ്‍കാടുകളെ പുഷ്ടിപ്പെടുത്തുന്ന  പൊടിയുടെ അമ്പത്താറ് ശതമാനത്തോളം വരുന്നത് സഹാറ മരുഭൂമിയില്‍നിന്നാണെന്ന് നാസയുടെ ഉപഗ്രഹപഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കാറ്റ് കടത്തിക്കൊണ്ടുവരുന്ന ഈ പൊടിയില്‍ സസ്യങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ ഫോസ്ഫറസ്അടങ്ങിയിട്ടുണ്ട്. ആമസോണിന്റെ മണ്ണില്‍നിന്ന് മഴവെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാന്‍ പര്യാപ്തമാണ് സഹാറയില്‍നിന്നെത്തുന്ന പൊടിപടലങ്ങള്‍. എന്നാല്‍ സഹാറയില്‍ മഴയുടെ അളവ് കൂടുമ്പോള്‍ പൊടിയുടെ അളവ്  കുറയും. ഇത് ആമസോണ്‍കാടുകളുടെ പുഷ്ടിയെ പ്രതികൂലമായി ബാധിക്കും.

അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുന്ന ആമസോണ്‍വനനശീകരണം മനുഷ്യജീവിതത്തിനും ആഗോളകാലാവസ്ഥക്കും ഭീഷണിയാണ്. കഴിഞ്ഞ നാല്‍പതുവര്‍ഷങ്ങളായി  ബ്രസീലിയന്‍ ആമസോണിന് അതിന്റെ മഴക്കാടുകളുടെ പതിനെട്ട് ശതമാനത്തിലധികം നഷ്ടമായി.  പ്രസിഡണ്ട് ജയര്‍ ബോള്‍സോനാര മഴക്കാടുകളിലെ കൃഷിയും  ഖനനപ്രവര്‍ത്തനങ്ങളും അനുവദിച്ചു. കുടിയേറ്റം, കൃഷി, കന്നുകാലിവളര്‍ത്തല്‍ എന്നിവയ്ക്കായി വനപ്രദേശങ്ങള്‍ തീയിട്ട് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ട്രാന്‍സ്-ആമസോണിയന്‍ ഹൈവേ നിര്‍മ്മിക്കാന്‍ സമീപവര്‍ഷങ്ങളില്‍ ആമസോണ്‍കാടുകള്‍ക്ക് അതിന്റെ ഇരുപതുശതമാനമാണ് നഷ്ടപ്പെട്ടത്. പലആവശ്യങ്ങള്‍ക്കായി  വന്‍തോതില്‍ വനഭൂമിവെട്ടിത്തെളിക്കല്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ നാല്‍പതുവര്‍ഷത്തിനുള്ള്ല്‍ ആമസോണ്‍ മഴക്കാടുകള്‍ മുഴുവന്‍ ഇല്ലാതാകുമെന്നാണ്  വിദഗ്ദ്ധരുടെ പ്രവചനം. 


ആമസോണ്‍നദിയുടെ പേരിലാണല്ലൊ അതിന്റെ തടങ്ങളിലുള്ള  മഴക്കാടുകള്‍ അറിയപ്പെടുന്നത്. എന്നാല്‍ ആമസോണ്‍ നദിക്ക് ആ പേര് എങ്ങനെ കിട്ടി എന്നറിയുന്നത് രസാവഹമായ കാര്യം തന്നെ. സ്പാനിഷ് ഭാഷയില്‍ ആമസോണ്‍ നദിക്ക് റിയോ ആമസോണസ് എന്നാണ് പറയുക. ആമസോണസ് എന്ന വാക്കിന്റെ ഉത്ഭവം തേടിപ്പോയാല്‍ ഗ്രീക്ക് മിത്തോളജിയിലേക്കാവും നമ്മള്‍ എത്തിച്ചേരുക.  ഹോമറിന്റെ ഇലിയഡ് വായിച്ചിട്ടുള്ളവര്‍ ആമസോണ്‍സ് എന്ന പെണ്‍പടയാളികളെ മറക്കാനിടയില്ല. ധൈര്യശാലികളായ ആ ഗ്രീക്കുപോരാളികളുടെ പേര് തെക്കേഅമേരിക്കയിലെ നദിക്ക് ലഭിച്ചതെങ്ങനെ? സ്‌പെയിന്‍കാരനായ ഫ്രാന്‍സിസ്‌കോ ഡി ഒറീല്ലാനക്ക് 1542-ല്‍ ആമസോണ്‍ പര്യവേഷണത്തിനിടയില്‍ തദ്ദേശീയരായ ഗോത്രവര്‍ഗ്ഗക്കാരുമായി ഏറ്റുമുട്ടേണ്ടിവന്നു. പുരഷന്മാര്‍ക്കൊപ്പം പോരാടിയ അതിസമര്‍ത്ഥരായ പെണ്‍പടയാളികള്‍ ഗ്രീക്ക്മിത്തോളജിയിലെ ആമസോണ്‍സിനെ ഓര്‍മ്മിപ്പിച്ചുവെന്നും ആകയാല്‍ അദ്ദേഹം നദിക്ക് അവരുടെ പേരിട്ടു എന്നുമാണ് കഥ.

 

No comments:

Post a Comment