ഇന്ത്യയിലെ ഏഴ് പുണ്യനദികളിലൊന്നാണ് കാവേരി. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരിയില്‍നിന്നാണ് കാവേരിയുടെ ഉത്ഭവം. കര്‍ണ്ണാടകത്തിലെ കൊടക് ജില്ലയിലെ തലക്കാവേരിയില്‍ ഒരു നീരുറവയായി ജന്മമെടുക്കുന്ന കാവേരി അദൃശ്യയായി കുറച്ചുദൂരം സഞ്ചരിച്ചശേഷമാണ് പുഴയായി പ്രത്യക്ഷപ്പെടുന്നത്. ബ്രഹ്മഗിരി, അഗ്നിഗിരി, വായുഗിരി, ഗജരാജഗിരി എന്നീ നാല് ഗിരികളുടെ നടുവില്‍ മനോഹരമായ ഉദ്യാനംപോലെ കാണുന്ന തലക്കാവേരി ഒരു പുണ്യസ്ഥലമാണ്. കാവേരിയുടെ തല എന്നാണ് പേരിന്റെ അര്‍ത്ഥം.
കാവേരിനദി ഉത്ഭവിച്ചുവരുന്നത് കാണാന്‍ നിത്യേന നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. ഉത്ഭവസ്ഥാനം ചുറ്റുമതില്‍ നിര്‍മ്മിച്ച് അതിനുചുറ്റും ചതുരത്തില്‍ കൈവരി കെട്ടിയിട്ടുണ്ട്. ഈ കൈവരിയില്‍ പിടിച്ചുനിന്നുകൊണ്ട് താഴേക്കുനോക്കിയാല്‍ ഉറവയില്‍നിന്നുള്ള ജലം ഓവിലൂടെ ഒഴുകിവരുന്നത് കാണാം. ഇതിനോടുചേര്‍ന്നുള്ള ക്ഷേത്രത്തില്‍ കാവേരിദേവിക്ക് പൂജകളര്‍പ്പിക്കുന്നു. ആളുകള്‍ കാവേരിതീര്‍ത്ഥത്തില്‍ കുളിച്ച് ദേവിക്ക് നിവേദ്യങ്ങളര്‍പ്പിച്ച് വണങ്ങുന്നു.
തമിഴില്‍ കാവ് എന്ന വാക്കിന് ഉദ്യാനം എന്നും ഏരി എന്ന വാക്കിന് തടാകം എന്നും അര്‍ത്ഥമുണ്ട്. കാവിലെ ഏരിയില്‍നിന്നും ഉത്ഭവിക്കുന്നതിനാല്‍ നദിക്ക് കാവേരി എന്ന് പേരായി.
കാവേര മുനിയുടെ മകളാണ് കാവേരി എന്ന് ഐതിഹ്യം. അഗസ്‌ത്യമുനി ഇവിടെയുള്ള അശ്വഗന്ധ മരച്ചുവട്ടില്‍ അനേകവര്‍ഷം ശിവനെ തപസുചെയ്‌തിരുന്നു, ഒടുവില്‍, ശിവന്‍ പ്രത്യക്ഷപ്പെട്ട് എന്തു വരം വേണമെന്ന് ചോദിച്ചു. ഭൂമിയില്‍ ഒരു സ്വര്‍ഗം സൃഷ്‌ടിക്കാന്‍ വേണ്ട ജലം നല്‍കണം എന്ന് മുനി ചോദിച്ചു. ഇതേസമയം കൈലാസത്തിലിരുന്ന് ശിവനെ പൂജിക്കുകയായിരുന്ന കാവേരിയുടെ ജലം ശിവന്‍ അഗസ്‌ത്യമുനിയുടെ കമണ്‌ഡലുവില്‍ നിറച്ചുകൊടുത്തു. എന്നാല്‍ മുനിയുടെ ഉദ്ദേശത്തില്‍ ഭയം തോന്നിയ ഇന്ദ്രന്‍ മറ്റൊരു സ്വര്‍ഗം എന്ന ആപത്തിനെക്കുറിച്ച് ഗണപതിയോട് പറഞ്ഞു, അഗസ്‌ത്യര്‍ ബ്രഹ്മഗിരിയില്‍ ധ്യാനത്തിലായിരുന്ന നേരത്ത് ഗണപതി ഒരു കാക്കയുടെ രൂപത്തില്‍ പറന്നുവന്ന് കമണ്‌ഡലു മറിച്ചിട്ടു. ജലം അവിടെനിന്ന് പരന്നൊഴുകി പവിത്രമായ കാവേരി നദിയായി, ജനങ്ങള്‍ക്ക് സമ്പത്തും സന്തോഷവും പ്രദാനംചെയ്യുന്ന ദേവിയായി. ഈ ഐതിഹ്യപ്രകാരമാവാം തലക്കാവേരിയില്‍ കാവേരിയമ്മയ്‌ക്കായി ഒരു പ്രധാനക്ഷേത്രവും അഗസ്‌തീശ്വരനും മഹാഗണപതിക്കുമായി രണ്ട് ഉപക്ഷേത്രങ്ങളുമുണ്ട്.
381 പടവുകള്‍ താണ്ടി ഞങ്ങള്‍ ബ്രഹ്മഗിരിയുടെ നിറുകയിലെത്തി. ചുറ്റും ഹരിതസുന്ദരമായ പ്രകൃതിക്കാഴ്‌ചകള്‍. കൊടുംവേനലില്‍ പോലും കുളിര്‍കാറ്റിന്റെ സുഖസ്‌പര്‍ശം. പണ്ട് സപ്‌തര്‍ഷികള്‍ ഇവിടെ ഒരു യജ്ഞം നടത്തിയെന്നും പാര്‍വതിദേവി അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ഐതിഹ്യമുണ്ട്.
ഏത് ഋതുവിലും മനംമയക്കുന്ന സൗന്ദര്യമാണ് തലക്കാവേരിക്ക്. കോരിച്ചൊരിയുന്ന മഴയും നൂല്‍മഴയും കോടമഞ്ഞും തലക്കാവേരിക്ക് വ്യത്യസ്‌ത സുന്ദരമായ മുഖങ്ങള്‍ നല്‍കുന്നു. 10501 ഹെക്‌ടര്‍ വിസ്‌തൃതിയില്‍ പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ് തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം. കേരളത്തിന്റെ ദേശീയപക്ഷിയായ മലമുഴക്കി വേഴാമ്പല്‍ ഉള്‍പ്പെടെ അപൂര്‍വയിനം പക്ഷികള്‍ ഇവിടെ കാണപ്പെടുന്നു.
ആകെ 765 കിലോമീറ്റര്‍ നീളവും 87,900 ചതുരശ്ര കിലോമീറ്റര്‍ തീരപ്രദേശവുമുള്ള കാവേരി ഒരു അന്തര്‍ സംസ്ഥാന നദിയാണ്. മൂന്ന് സംസ്ഥാനങ്ങളിലൂടെ - കര്‍ണ്ണാടകം (41.2%), തമിഴ്‌നാട് (55,5%) കേരളം (3.3%) ഒഴുകി, കാരൈക്കല്‍ പ്രദേശത്തുവച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. തമിഴ്‌നാടും കര്‍ണ്ണാടകവും തമ്മിലുള്ള കാവേരി നദീജല അവകാശത്തര്‍ക്കം സുപ്രീംകോടതിവരെ എത്തിയത് നമുക്കറിയാവുന്ന കാര്യമാണല്ലൊ.
കരികാല ചോളന്റെ കാലത്ത് കാവേരിനദിയില്‍ നിര്‍മ്മിച്ച കല്ലണൈ ആണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്. തമിഴ്‌നാട്ടിലെ തിരുചിരപ്പള്ളിക്കടുത്താണ് ഇപ്പോഴും ഉപയോഗത്തിലിരിക്കുന്നതും കല്ലുകൊണ്ട് നിര്‍മ്മിച്ചതുമായ ഈ ജലസേചന പദ്ധതി. ലോകത്തിലെ ഏറ്റവുംപഴയ അണക്കെട്ടുകളില്‍ നാലാമത്തേതാണ് കല്ലണൈ എന്നറിയപ്പെടുന്ന ഗ്രാന്റ് അണക്കെട്ട്
No comments:
Post a Comment