Monday, 5 October 2020

കഥാനുഭവം - എസ്‌.സരോജം



ഒരു കഥയെഴുതണമെങ്കില്‍ തീര്‍ച്ചയായും ശക്തമായ ഒരനുഭവപശ്ചാത്തലം ഉണ്ടായിരിക്കണം. അനുഭവം എന്നു പറയുമ്പോള്‍ അത്‌ സ്വന്തം അനുഭവം തന്നെ ആവണമെന്നില്ല. അനുഭവം അതേപടി പകര്‍ത്തിയാല്‍ അത്‌ കഥയാവുകയുമില്ല. അനുഭവത്തില്‍നിന്ന്‌ ഒരു ബീജം മാത്രമേ വേണ്ടൂ കഥ രൂപപ്പെടുത്താന്‍. ചിലപ്പോള്‍ സ്വപ്‌നത്തില്‍ കണ്ട ദൃശ്യങ്ങളും കഥയ്‌ക്ക്‌ വിഷയമാക്കാറുണ്ട്‌. വായനക്കാര്‍ക്കിഷ്‌ടപ്പെട്ട പല കഥകളും എന്റെ സ്വപ്‌നങ്ങളില്‍നിന്നുണ്ടായവയാണ്‌. യഥാര്‍ത്ഥത്തിലായാലും സ്വപ്‌നത്തിലായാലും മനസില്‍ കയറിക്കൂടിയ കഥാബീജം കഥയായി വളരണമെങ്കില്‍ അതിനുതക്കതായ അറിവും ചിന്തയും ഭാവനയും ഭാഷയും വേണം. ഇവയെല്ലാം ചേരുംപടി ചേര്‍ത്ത്‌, അനുഭവത്തിന്റെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ വേര്‍തിരിക്കാനാവാത്തവണ്ണം ബുദ്ധിപൂര്‍വം മെനഞ്ഞെടുക്കുന്നതാണ്‌ ഓരോ കഥയും. കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ ഒരു ജീവിതസന്ദര്‍ഭം മനസില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുക, അതൊരു തീപ്പൊരിയായി ഉണര്‍വിലും ഉറക്കത്തിലും മനസിനെ നീറ്റിക്കൊണ്ടിരിക്കുക, ഇനിയും എനിക്കിത്‌ മനസ്സില്‍ കൊണ്ടുനടക്കാനാവില്ല എന്നൊരു ഘട്ടമെത്തുമ്പോള്‍മാത്രം കടലാസും പേനയുമെടുക്കുക അല്ലെങ്കില്‍ ലാപ്‌ടോപ്‌ തുറക്കുക, കഥയെഴുതുക.

എന്നാല്‍, അപൂര്‍വം ചില അനുഭവങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കഥയായി പുറത്തുവന്നിട്ടുണ്ട്‌. ആ അനുഭവത്തിന്റെ നൊമ്പരം അധികനാള്‍ പേറിനടക്കാന്‍ മനസിന്‌ കെല്‍പില്ല എന്നതാവാം കാരണം. അത്തരമൊരു കഥയാണ്‌ ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം. ഒരിക്കല്‍, നമ്മുടെ അതിര്‍ത്തിസംസ്ഥാനങ്ങളിലൊന്നായ സിക്കിമിലൂടെ ആഴ്‌ചകള്‍ നീണ്ടൊരു സാഹസയാത്ര കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. കഞ്ചന്‍ ജംഗയുടെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന പെല്ലിംഗില്‍നിന്നും അപരിചിതരായ മൂന്നുപുരുഷന്മാരോടൊപ്പം ഷെയര്‍ടാക്‌സിയില്‍ വിജനമായ വഴികള്‍ താണ്ടിയുള്ള .രാത്രിയാത്ര. പശ്ചിമബംഗാളിലെ ന്യൂ ജല്‍പായ്‌ഗുരി (എന്‍.ജെ.പി) ജംഗ്‌ഷനിലെത്തുമ്പോള്‍ രാത്രി പന്ത്രണ്ടുമണി.
സ്റ്റേഷനു മുന്നില്‍ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ നീളുന്ന വിശാലമായ വരാന്തയില്‍ നിരന്നുകിടന്നുറങ്ങുന്ന മനുഷ്യര്‍. തണുപ്പും വെളിച്ചവും ഉറക്കത്തിന്‌ തടസമാവാതിരിക്കാന്‍ എല്ലാവരും തലവരെ മൂടിപ്പുതച്ചാണ്‌ കിടപ്പ്‌. റെയില്‍വേസ്റ്റേഷനുകളില്‍ സാധാരണ മുഴങ്ങാറുള്ള അറിയിപ്പുകളൊന്നും കേള്‍ക്കാനില്ല. ടിക്കറ്റ്‌ കൗണ്ടറോ എന്‍ക്വയറിയോ ഒന്നും കണ്ണില്‍പെട്ടില്ല. ആരോടെങ്കിലും ചോദിക്കാമെന്നുവച്ചാല്‍ പരിസരത്തെങ്ങും ഉണര്‍ന്നിരിക്കുന്ന ഒരാള്‍പോലുമില്ല. റെയില്‍വേ സ്റ്റേഷനാകെ പാതിരാമയക്കത്തിലാണ്‌. ഇത്രയും മൂകതമുറ്റിയ ഒരന്തരീക്ഷം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളെയും നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്‌ എന്നീ അയല്‍രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. വലിയ ട്രോളിബാഗും വീര്‍ത്ത തോള്‍സഞ്ചിയുമായി ഡിസ്‌പ്ലേബോര്‍ഡി നു മുന്നില്‍ അമ്പരപ്പോടെ നിന്നു; ഏഴു ബ്രോഡ്‌ഗേജ്‌ ലൈനുകളും രണ്ട്‌ നാരോഗേജ്‌ ലൈനുകളുമുള്ള വലിയൊരു സ്റ്റേഷനില്‍ എനിക്കു കയറേണ്ട ട്രെയിന്‍ ഏതു പ്ലാറ്റ്‌ഫാമിലാണ്‌ വരുന്നതെന്നറിയണമല്ലൊ.
അരമണിക്കൂറോളം നിന്നപ്പോള്‍ ഡിസ്‌പ്ലേ ഡോര്‍ഡില്‍ ചുവന്ന അക്ഷരങ്ങള്‍ മിന്നിത്തെളിഞ്ഞു: കാമാഖ്യ-ചെന്നൈ സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫാമില്‍ 2.30 ന്‌ എത്തിച്ചേരുന്നതാണ്‌. ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളില്‍ പ്രത്യക്ഷപ്പെട്ട അറിയിപ്പിനെ തുടര്‍ന്ന്‌ ഭാരിച്ച ട്രോളിബാഗും വലിച്ചിഴച്ച്‌ പടികള്‍ കയറി മേല്‍പാലത്തിലൂടെ മുന്നോട്ടുനീങ്ങുമ്പോള്‍ പിന്നില്‍നിന്ന്‌ ഉറക്കച്ചടവുള്ളൊരു ശബ്‌ദം കാതിലെത്തി: ബാഗുകള്‍ ചെക്കുചെയ്‌തിട്ടു പോകൂ. ആയാസപ്പെട്ട്‌ ബാഗുകള്‍ രണ്ടും വലിച്ചുപൊക്കി സ്‌കാനറില്‍ വച്ചു. ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ കണ്ണുചിമ്മിക്കൊണ്ട്‌, കറുത്ത കോട്ടണിഞ്ഞ ഒരു മനുഷ്യന്‍ സ്‌കാനറിനരികില്‍ ഇരിപ്പുണ്ട്‌. പരിശോധനകഴിഞ്ഞ്‌ ബാഗുകളുമെടുത്ത്‌ മുന്നോട്ട്‌ നടന്നു. മൂന്നാമത്തെ പ്ലാറ്റ്‌ഫാമിലേക്ക്‌ പടികളിറങ്ങിച്ചെന്നു. ശൂന്യമായ ഇരിപ്പിടങ്ങളിലേക്കുനോക്കി പകച്ചുനില്‍ക്കെ വൃത്തിയുള്ളൊരു ബഞ്ച്‌ എന്നെനോക്കി കളിയാക്കുന്നതുപോലെ തോന്നി: നീ കേരളത്തുകാരിയാണല്ലേ, വാ, ഇവിടിരിക്ക്‌. ഭാരങ്ങളിറക്കിവച്ച്‌ ആ ബഞ്ചിന്മേലിരുന്ന്‌ ചുറ്റും കണ്ണോടിച്ചു. പാതിരാത്തണുപ്പില്‍ വിറങ്ങലിച്ചുകിടക്കുന്ന പ്ലാറ്റുഫാമുകളും റെയില്‍പാളങ്ങളും. വൈദ്യുതദീപങ്ങളുടെ പ്രകാശമുണ്ടെങ്കിലും ഭയപ്പെടുത്തുന്ന നിശബ്‌ദത. കുറച്ചകലെ നാലഞ്ചു പുരുഷന്മാര്‍ ചീട്ടുകളിയില്‍ ലയിച്ചിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ ഇരുണ്ടമൂലയില്‍നിന്ന്‌ രണ്ടു തുറിച്ച കണ്ണുകള്‍ എന്റെനേര്‍ക്ക്‌ നീണ്ടുവരുന്നത്‌ ഭയപ്പാടോടെ ശ്രദ്ധിച്ചു; വല്ല പിടിച്ചുപറിക്കാരും പതുങ്ങിയിരിപ്പാണോ എന്ന ആശങ്കയും കൂട്ടിനെത്തി. മുന്‍പരിചയമേതുമില്ലാത്ത റെയില്‍വേസ്റ്റേഷനില്‍ ഒറ്റയ്‌ക്കൊരു പ്ലാറ്റ്‌ഫാമില്‍ പാതിരാനേരത്ത്‌ വന്നിരിക്കുന്നതിന്റെ അങ്കലാപ്പ്‌ ഹൃദയമിടിപ്പിന്റെ വേഗതകൂട്ടി. യാത്രക്കാരാരെങ്കിലും വരുന്നുണ്ടോ എന്ന്‌ മേല്‍പാലത്തിലേക്ക്‌ നോക്കുന്നതിനിടയില്‍ തുറിച്ച കണ്ണുകളുടെ ഉടമ തൊട്ടരികിലെത്തി. മുഷിഞ്ഞുനാറിയ വേഷവും പട്ടിണിമുറ്റിയ ശരീരവുമുള്ള ആ സ്‌ത്രീ മുന്നില്‍ കുത്തിയിരുന്ന്‌ എന്റെ കഴുത്തിലും കാതിലും കയ്യിലും ബാഗിലുമൊക്കെ ഒരു മോഷ്‌ടാവിന്റെ ആര്‍ത്തിയോടെ നോക്കാന്‍ തുടങ്ങി. കൈയില്‍ ഇറുകിപ്പിടിച്ച രണ്ട്‌ വളകളും കഴുത്തില്‍ ഒരു കൊച്ചു ചെയിനും കാതില്‍ രണ്ട്‌ ചെറിയ കമ്മലുകളും മാത്രമേയുള്ളുവെങ്കിലും ഞാന്‍ ദുപ്പട്ടകൊണ്ട്‌ അതെല്ലാം മൂടിമറച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ പടികളിറങ്ങിവന്നു. ആ സ്‌ത്രീ എണീറ്റ്‌ അയാളുടെ അടുത്തേക്കുപോയി. പതിഞ്ഞസ്വരത്തില്‍ എന്തോപറഞ്ഞശേഷം അയാള്‍ തിരിച്ചുപോയി. അവര്‍ വീണ്ടും എന്റെ മുന്നില്‍ കുത്തിയിരുന്ന്‌ നോട്ടം തുടര്‍ന്നു. നിമിഷങ്ങള്‍ ഒച്ചിന്റെ വേഗത്തില്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.
ഒന്നരമണിയായപ്പോഴേക്കും കനത്ത നിശബ്‌ദതയെ ഭേദിച്ചുകൊണ്ട്‌ ഒരറിയിപ്പുണ്ടായി: ആലിപ്പൂര്‍ ദ്വാറില്‍നിന്ന്‌ ഡല്‍ഹിവരെ പോകുന്ന മഹാനന്ദ എക്‌സ്‌പ്രസ്‌ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫാമില്‍ ഉടന്‍തന്നെ എത്തിച്ചേരുന്നതാണ്‌. അഞ്ചുനിമിഷങ്ങള്‍ക്കകം വണ്ടി വന്നു, അത്‌ പൊയ്‌ക്കഴിഞ്ഞപ്പോള്‍ ആ സ്‌ത്രീ ചോദിച്ചു: ഏത്‌ വണ്ടിക്കാ? ഞാന്‍ വണ്ടിയുടെ പേരു പറഞ്ഞു. സമയമെത്രയായി? മൊബൈലില്‍നോക്കി ഞാന്‍ പറഞ്ഞു: ഒന്നേമുക്കാല്‍. ഇനിയും സമയമുണ്ട്‌ എന്ന്‌ മന്ത്രിച്ചുകൊണ്ട്‌ അവര്‍ തുറിച്ചുനോട്ടം തുടര്‍ന്നു. മേല്‍ത്തട്ടില്ലാത്ത ബോഗികളില്‍ നിറയെ കരിമ്പാറത്തുണ്ടുകളുമായി ഒരു ഗുഡ്‌സ്‌ ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വന്നുനിന്നു. പുറകിലത്തെ ട്രാക്കില്‍ ആളില്ലാത്തൊരു വണ്ടി നേരത്തേതന്നെ കിടപ്പുണ്ടായിരുന്നു. മുന്നിലെ പാറവണ്ടിക്കും പിന്നിലെ ആളില്ലാവണ്ടിക്കുമിടയില്‍ ഒരു നീണ്ട ഗുഹയ്‌ക്കുള്ളില്‍ അകപ്പെട്ടാലെന്നപോലെ ഞാന്‍ പകച്ചിരുന്നു.
ഇതിനിടയില്‍, മറ്റൊരു ചെറുപ്പക്കാരന്‍ പടികളിറങ്ങിവന്നു. ആ സ്‌ത്രീ എണീറ്റ്‌ അയാളുടെ അരികിലേക്കുചെന്നു. അയാള്‍ കയ്യിലിരുന്ന പേഴ്‌സ്‌ തുറന്നുകാട്ടി അവളോട്‌ മന്ത്രിച്ചു: ഇതിലൊന്നുമില്ല. ഇരുവരും കടുത്ത നിരാശയിലാണെന്നു മുഖംകണ്ടാലറിയാം. അടുത്തനിമിഷം പേഴ്‌സ്‌ ട്രാക്കിലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ അയാള്‍ പാറവണ്ടി ചാടിക്കടന്ന്‌ അടുത്ത പ്ലാറ്റ്‌ഫാമിലൂടെ പുറത്തേക്കുപോയി. പേഴ്‌സില്‍നിന്നും ചിതറിവീണ വിസകാര്‍ഡും യാത്രാരേഖകളും (ഏതോ വിദേശസഞ്ചാരിയുടെതാവാം) നോക്കിയിരിക്കെ ഞാനൊരു വലിയ സത്യം തിരിച്ചറിയുകയായിരുന്നു; സാമ്പത്തികമനുഷ്യന്റെ ജീവിതത്തിന്‌ ഏറ്റവും അത്യാവശ്യമായ കാര്‍ഡുകള്‍ പട്ടിണിപ്പാവങ്ങള്‍ക്ക്‌ വെറും പാഴ്‌വസ്‌തുക്കള്‍ മാത്രം! ചീട്ടുകളിച്ചുകൊണ്ടിരുന്നവര്‍ കളിമതിയാക്കി അവിടൊക്കെ കറങ്ങിനടക്കാന്‍തുടങ്ങിയതോടെ ഞാന്‍ ധൈര്യംചോര്‍ന്ന്‌ തളര്‍ന്നിരിപ്പായി. രണ്ടുമണിയായിട്ടും യാത്രക്കാരാരും വരാത്തതെന്തേ? പലവിധ ആശങ്കകള്‍ മനസിനെ മഥിക്കാന്‍ തുടങ്ങി. രണ്ടേകാലായപ്പോഴേക്കും ഒരു സ്‌ത്രീയുള്‍പ്പെടെ സ്‌പെഷ്യല്‍ ട്രെയിനിലേക്കുള്ള നാലഞ്ചാളുകള്‍ മേല്‍പാലത്തില്‍ വന്നുനില്‍പായി. അറിയിപ്പൊന്നും കേള്‍ക്കാത്തതിനാലാവാം അവര്‍ താഴേക്കിറങ്ങിവരാത്തത്‌: അവസാനനിമിഷം പ്ലാറ്റ്‌ഫാമിന്‌ മാറ്റം വന്നാലോ... ഇന്ത്യന്‍ റെയില്‍വേയുടെ കൃത്യനിഷ്‌ഠയില്ലായ്‌മയെക്കുറിച്ചാണ്‌ അവരുടെ വര്‍ത്തമാനം.
രണ്ടരമണിയായപ്പോള്‍ ആശങ്കകള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ അറിയിപ്പുണ്ടായി: കാമാഖ്യ-ചെന്നൈ സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫാമില്‍ 2.45-ന്‌ എത്തിച്ചേരുന്നതാണ്‌. മേല്‍പാലത്തില്‍ നിന്നവര്‍ പ്ലാറ്റ്‌ഫാമിലേക്കിറങ്ങിവന്നു. കാല്‍പെരുമാറ്റങ്ങളും കുശലവര്‍ത്തമാനങ്ങളുമായി പ്ലാറ്റ്‌ഫാമിന്‌ ജീവന്‍വച്ചു. മുന്നില്‍ കുത്തിയിരുന്ന സ്‌ത്രീ എഴുന്നേറ്റ്‌ മറ്റെ സ്‌ത്രീയുടെ അടുത്തേക്കുപോയി. 2.40 ആയപ്പോഴേക്കും പാറവണ്ടി മെല്ലെ മുന്നോട്ടുനീങ്ങി. ആശങ്കകളൊഴിഞ്ഞ്‌ മനസ്‌ സ്വസ്ഥമായി. 2.50-ന്‌ വണ്ടിയെത്തി. കയറുന്നതിനിടയില്‍ എന്റെ കണ്ണുകള്‍ തുറിച്ചുനോട്ടക്കാരിയെ തിരഞ്ഞു. അവള്‍ സ്റ്റെയര്‍കേസിനടിയില്‍, കീറപ്പായില്‍ അനക്കമില്ലാതെകിടക്കുന്ന പുരുഷന്റെയരികില്‍ തളര്‍ന്നിരുന്ന്‌ കണ്ണീര്‍ വാര്‍ക്കുന്നു! ഉത്തരം കിട്ടാത്തൊരു ചോദ്യം എന്റെ മനസ്സിനെ നടുക്കി; ആ കീറപ്പായില്‍ കിടക്കുന്നത്‌ ചേതനയറ്റൊരു ശരീരമല്ലേ? ഒപ്പം സമീപകാലത്ത്‌ വാര്‍ത്താചാനലുകളില്‍ കണ്ട ചില കരളലിയിക്കുന്ന ദൃശ്യങ്ങളും ഓര്‍മ്മയിലെത്തി: ആംബുലന്‍സിനു കൊടുക്കാന്‍ കാശില്ലാഞ്ഞിട്ട്‌ പ്രിയപ്പെട്ടവരുടെ മൃതശരീരം കിലോമീറ്ററുകളോളം തലച്ചുമടായി കൊണ്ടുപോകേണ്ടിവന്ന പാവപ്പെട്ട മനുഷ്യരുടെ ചിത്രങ്ങള്‍.
അന്നു രാത്രി ഉറക്കത്തില്‍ ഞാനൊരു സ്വപ്‌നം കണ്ട്‌ ഞെട്ടിയുണര്‍ന്നു: റെയില്‍വേ സ്റ്റേഷനില്‍ കണ്ട ആ രണ്ട്‌ ചെറുപ്പക്കാര്‍ സഹോദരീഭര്‍ത്താവിന്റെ ജഡം കീറപ്പായില്‍ പൊതിഞ്ഞ്‌ ചുമലിലേറ്റി റോഡിലൂടെ നടന്നുപോകുന്നു. മോഷ്‌ടാവെന്ന്‌ കരുതി ഭയപ്പെട്ട ആ സ്‌ത്രീ കണ്ണീരൊലിപ്പിച്ചുകൊണ്ട്‌ പിന്നാലേ വേച്ചുവേച്ചുനടക്കുന്നു. എന്റെ ഹൃദയം വല്ലാതെ പിടഞ്ഞു. ഒരുപക്ഷേ അവര്‍ എന്റെ മുന്നില്‍ കുത്തിയിരുന്നത്‌ ആ മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാശിനുവേണ്ടിയായിരിക്കുമോ? കുറ്റബോധത്താല്‍ നീറുന്ന മനസുമായി ഒരു പകല്‍ തള്ളിനീക്കി. രാത്രിയില്‍ ഡയറിയും പേനയുമെടുത്തു. മണിക്കൂറുകള്‍കൊണ്ട്‌ ഒരു കഥയ്‌ക്ക്‌ ജന്മം നല്‍കി: ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം.

No comments:

Post a Comment