Saturday, 10 October 2020

ബൈലക്കുപ്പ ടിബറ്റന്‍ കോളനി (യാത്ര) എസ്.സരോജം


 കൂര്‍ഗ്ഗിലെ  മടിക്കേരിയില്‍നിന്നും പ്രഭാതഭക്ഷണം കഴിച്ചശേഷം എട്ടുമണിയോടെ ഞങ്ങള്‍ മിനിടിബറ്റ്‌ എന്നറിയപ്പെടുന്ന ബൈലക്കുപ്പ ടിബറ്റന്‍ കോളനിയിലേക്ക്‌ പുറപ്പെട്ടു. 

ഒരുമണിക്കൂര്‍ യാത്രയുണ്ട്‌ കൊടവ നാടിലെ വാണിജ്യനഗരമായ കുശാല്‍നഗറിലേക്ക്‌. കാവേരിനദിയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന പട്ടണങ്ങളിലൊന്നാണിത്‌. ടിബറ്റന്‍ ക്ഷേത്രമായ ഗോള്‍ഡന്‍ ടെംബിളിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തരുന്ന ദിശാബോര്‍ഡുകള്‍ റോഡരികില്‍ കാണാം. അവിടെനിന്നും ആറുകിലോമീറ്റര്‍കൂടി സഞ്ചരിച്ചാല്‍ ബൈലക്കുപ്പ ടിബറ്റന്‍ കോളനിയിലെത്താം.

തികച്ചും ഗ്രാമീണമായ അന്തരീക്ഷം. വഴിയുടെ ഇരുവശത്തും കാപ്പിത്തോട്ടങ്ങളും പച്ചപ്പാടങ്ങളും. പാടങ്ങളില്‍ നെല്ല്‌, ചോളം, ഇഞ്ചി, കാബേജ്‌ എന്നിവ സമൃദ്ധമായി വളരുന്നു. നടന്നുകയറാന്‍ കഴിയുന്ന ഒരു കുന്നിന്‍മുകളിലാണ്‌ ബുദ്ധവിഹാരം. റോഡിനിരുവശത്തും ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ബുദ്ധമതസൂക്തങ്ങളും പ്രാര്‍ത്ഥനകളും ടിബറ്റന്‍ ഭാഷയിലെഴുതിയ വര്‍ണ്ണക്കൊടികള്‍ കാറ്റില്‍ പാറുന്നു.. മെറൂണും മഞ്ഞയും നിറങ്ങളിലുള്ള വസ്‌ത്രങ്ങളണിഞ്ഞ സന്യാസിമാര്‍ ഒറ്റയായും കൂട്ടമായും നടക്കുന്നു. ടിബറ്റുമായി അതിര്‍ത്തിപങ്കിടുന്ന സിക്കിമിലും ബുദ്ധിസ്റ്റു രാജ്യമായ ഭൂട്ടാനിലും കണ്ടതുപോലുള്ള കാഴ്‌ചകള്‍ ഇന്ത്യയുടെ തൈക്കന്‍ സംസ്ഥാനങ്ങളിലൊന്നായ കര്‍ണ്ണാടകത്തിലും കണ്ടപ്പോള്‍ ആശ്ചര്യം തോന്നി.

ഇവിടെ പത്തുചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ ടിബറ്റന്‍ കുടിയേറ്റക്കാരാണ്‌ താമസക്കാര്‍. ബുദ്ധസന്യാസിമാരും അവരുടെ കുടുംബക്കാരും ബന്ധുക്കളുമൊക്കെയായി എഴുപതിനായിരത്തോളം പേരുണ്ടത്രെ. വീടുകളും മൊണാസ്‌്‌ട്രികളും സ്‌കൂളും കോളേജും ആശുപത്രിയും കൃഷിയിടങ്ങളും ഹോട്ടലുകളും പോസ്റ്റാഫീസും ബാങ്കുകളും ടെലഫോണ്‍ എക്‌സ്‌ചേഞ്ചും ഷോപ്പിംഗ്‌ സെന്ററുകളും തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടുംകൂടി ലുക്‌സം സാഡുപ്ലിംഗ്‌, ഡിക്കൈ ലാര്‍സോയ്‌ എന്നിങ്ങനെ രണ്ട്‌ കേന്ദ്രങ്ങളിലായിട്ടാണ്‌ അവരിവിടെ താമസിക്കുന്നത്‌. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല കഴിഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവുംവലിയ ടിബറ്റന്‍ കോളനിയാണിത്‌. ഇവരുടെ ആത്മീയകേന്ദ്രമാണ്‌ ഗോള്‍ഡന്‍ ടെമ്പിള്‍ എന്നുവിളിക്കുന്ന നംഡ്രോളിംഗ്‌ മൊണാസ്‌ട്രി. സുവര്‍ണ്ണമകുടങ്ങളാല്‍ അലങ്കൃതമായ പ്രവേശനകവാടം ടിബറ്റന്‍ മാതൃകയിലുള്ളതാണ്‌. 
നിങ്‌മ മൊണാസ്‌ട്രി എന്നെഴുതിയിരിക്കുന്ന പ്രവേശനകവാടം കടന്നെത്തുന്നത്‌ നമുറ്റത്താണ്‌. ക്ഷേത്രവും അനുബന്ധ സ്ഥാപനങ്ങളുമൊക്കെയായി വളരെ വിശാലമാണ്‌ ചുറ്റുപാടുകള്‍. കവാടത്തിനരികിലുള്ള കടയില്‍ ടിബറ്റന്‍ കരകൗശലവസ്‌തുക്കള്‍, സുഗന്ധവസ്‌തുക്കള്‍, രോമക്കുപ്പായങ്ങള്‍, കാപ്പിപ്പൊടി, വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ്‌, തുടങ്ങിയവ വില്‍പനയ്‌ക്കായി വച്ചിട്ടുണ്ട്‌. കാവിച്ചുവപ്പണിഞ്ഞ സന്യാസിമാര്‍ തന്നെയാണ്‌ വില്‍പനക്കാര്‍. 


അതിനപ്പുറത്തുള്ള ലൈബ്രറിയില്‍നിന്ന്‌ ഈ ബുദ്ധവിഹാരത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മനസ്സിലാക്കാം. സ്വന്തം നാടും വീടും വിട്ട്‌, അഭയംതേടിയുള്ള സുദീര്‍ഘമായൊരു പലായനത്തിന്റെ നഷ്‌ടങ്ങളും ദുരിതങ്ങളും നിറഞ്ഞ ധാരാളം കഥകള്‍ ഈ കോളനിനിവാസികള്‍ക്ക്‌ പറയാനുണ്ട്‌.
ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയില്‍, ദലൈലാമയുടെ നേതൃത്വത്തിന്‍കീഴില്‍ ഒരു സ്വതന്ത്രരാജ്യമെന്നപോലെ കഴിഞ്ഞിരുന്ന ടിബറ്റിനെ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ കമ്മ്യൂണിസ്റ്റു ചൈന ആക്രമിച്ച്‌, അവരുടെ കീഴിലാക്കി. തടവറയിലാവുമെന്ന്‌ ഭയപ്പെട്ട ദലൈലാമയും കൂട്ടാളികളും ഇന്ത്യയില്‍ അഭയംതേടി. ഏറെക്കുറെ ടിബറ്റിലേതിനു സമാനമായ തണുത്ത കാലാവസ്ഥയുള്ള ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ താമസിച്ചുകൊള്ളാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു അവര്‍ക്ക്‌ അനുവാദം നല്‍കി. പലായനംചെയ്‌തെത്തിയ ലാമമാരെയും സന്യാസിമാരെയും മുഴുവനായി ഉള്‍ക്കൊള്ളാന്‍ അവിടെ സ്ഥലം പോരാതെ വന്നതിനാല്‍ അവര്‍ ഇന്ത്യയിലെ മറ്റുഭാഗങ്ങളിലേക്ക്‌ ചേക്കേറാന്‍ തുടങ്ങി. കുറേപ്പേര്‍ കൊടകിലുമെത്തി.
കൊടകിലെത്തിയ പേമ നൊര്‍ബ റിന്‍പോച്ചെയും കൂട്ടരും ബൈലക്കുപ്പയില്‍ ഒരു ടെന്റുണ്ടാക്കി താമസവും ആരാധനയും തുടങ്ങി. 1961-ല്‍ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ അവരുടേതായ തൊഴില്‍ചെയ്‌ത്‌, അവരുടേതായ രീതിയില്‍ ജീവിച്ചുകൊള്ളാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മൂവായിരത്തോളം ഏക്കര്‍ ഭൂമി നല്‍കി. മുളങ്കാടുകള്‍ നിറഞ്ഞ ഭൂമിയില്‍ ആദ്യം അവര്‍ മുളകൊണ്ടുള്ള വീടുകളും ആരാധനാലയവുമുണ്ടാക്കി. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച്‌, പടിപടിയായി വളര്‍ന്ന്‌, ഇന്നു കാണുന്ന രീതിയില്‍ ഒറ്റനിലയും രണ്ടുനിലയുമുള്ള വീടുകളും മറ്റു ജീവിതസൗകര്യങ്ങളുമൊക്കെയുണ്ടായി.1969-ല്‍ ബൈലക്കുപ്പയില്‍ മനോഹരമായൊരു ബുദ്ധവിഹാരം ഉയര്‍ന്നു. ദലൈലാമയാണ്‌ ഈ ബുദ്ധവിഹാരത്തിന്‌ നംഡ്രോളിംഗ്‌ മൊണാസ്‌ട്രി (ഗോള്‍ഡന്‍ ടെമ്പിള്‍) എന്ന്‌ പേരിട്ടത്‌. 2009-ല്‍ പേമ റിന്‍പോച്ചെ പരിനിര്‍വാണം പ്രാപിച്ചു. മക്കളും കൊച്ചുമക്കളും ബന്ധുക്കളുമൊക്കെയായി, ഇപ്പോള്‍ ബൈലക്കുപ്പയിലെ ടിബറ്റന്‍ കുടിയേറ്റക്കാരുടെ എണ്ണം എഴുപതിനായിരത്തിലെത്തിനില്‍ക്കുന്നു.



ആദ്യം കാണുന്ന ദേവാലയത്തിനു മുകളില്‍ ദലൈലാമയുടെ വലിയ ചിത്രവും ഉയരമുള്ള ഗോപുരവും കാണാം. പരമ്പരാഗത ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ടെമ്പിള്‍ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്നു. അതിന്റെ അകച്ചുവരുകളിലെല്ലാം ബുദ്ധന്റെ അവതാരചിത്രങ്ങളും വജ്രായന ബുദ്ധിസത്തെക്കുറിച്ചുള്ള ലിഖിതങ്ങളും കാണാം. ചെമ്പില്‍ നിര്‍മ്മിച്ച്‌ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മൂന്നു പ്രതിഷ്‌ഠകളുണ്ട്‌. നടുവില്‍ ശാക്യമുനിബുദ്ധനും വലതുവശത്ത്‌ ഗുരു റിംപോച്ചെ പത്മസംഭവനും ഇടതുവശത്ത്‌ ബുദ്ധഅമിതയുസ്സുമാണ്‌. ശാക്യവംശത്തില്‍ ജനിച്ച മുനി എന്ന അര്‍ത്ഥത്തില്‍ ശ്രീബുദ്ധനെ. ശാക്യമുനി എന്ന്‌ പറയുന്നു. ബുദ്ധന്‍ നിര്‍വാണംപ്രാപിച്ച്‌ പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം, സിന്ധുനദീതീരത്തെ സ്വാത്ത്‌ താഴ്‌വരയിലാണ്‌ ഗുരു പത്മസംഭവ ജന്മമെടുത്തത്‌. യുഗയുഗാന്തരങ്ങള്‍ക്കു മുമ്പേതന്നെ ബോധോദയം സിദ്ധിച്ച ബുദ്ധനാണത്രെ അമിതയുസ്‌. അമിതയുസിന്റെ പ്രവര്‍ത്തനഫലമായാണ്‌ ജീവജാലങ്ങള്‍ക്ക്‌ ദീര്‍ഘായുസ്‌ ഉണ്ടായതെന്നും അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചാല്‍ മരണത്തോടടുക്കുന്നവര്‍ക്കുപോലും ആയുസ്‌ നീട്ടിക്കിട്ടുമെന്നുമാണ്‌ ഇവരുടെ വിശ്വാസം. ഗുരു റിമ്പോച്ചെ പത്മസംഭവന്റെയും ശിഷ്യന്മാരുടെയും ചിത്രങ്ങളും ബുദ്ധമതഗ്രന്ഥങ്ങളും പ്രാര്‍ത്ഥനാചക്രങ്ങളും ആനക്കൊമ്പുകളും തുടങ്ങി നിരവധി വിശിഷ്‌ട വസ്‌തുക്കള്‍ ക്ഷേത്രത്തിനുള്ളില്‍ കാണാം. ക്ഷേത്രാങ്കണത്തിലെ പുല്‍ത്തകിടിയും അതിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന, മതസൂക്തങ്ങള്‍ ആലേഖനംചെയ്‌ത വലിയ മണിയും ക്ഷേത്രസൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു.


ഗോള്‍ഡന്‍ ടെമ്പിളും ഗുരു പത്മസംഭവ ബുദ്ധവിഹാരവും വളരെ സങ്കീര്‍ണ്ണമായ വാസ്‌തുശൈലിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. 1965-ല്‍ നിര്‍മ്മാണം ആരംഭിച്ച ഗോള്‍ഡന്‍ ടെമ്പിള്‍ 1969-ലാണ്‌ ദര്‍ശനത്തിനായി തുറന്നുകൊടുത്തത്‌. രാവിലെ എട്ടുമുതല്‍ വൈകിട്ടഅഞ്ചുവരെയാണ്‌ സന്ദര്‍ശനസമയം. ആരാധനാസമയത്തെത്തുന്നവര്‍ക്ക്‌ സന്യാസിമാരുടെ പാട്ടും മന്ത്രോച്ചാരണവും കുഴലൂത്തുമൊക്കെ നിശ്ചിതസ്ഥാനത്തുനിന്ന്‌ കണ്ടും കേട്ടും ആസ്വദിക്കാം. നിത്യേന ധാരാളം ഭക്തന്മാരും വിനോദസഞ്ചാരികളും ബുദ്ധവിഹാരം സന്ദര്‍ശിക്കാനെത്തുന്നു. സന്യാസിമാര്‍ താമസിക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുന്നിലെ നടുമുറ്റം കടന്നാല്‍ പ്രധാന ക്ഷേത്രമായി. ഇരുവശത്തും പ്രാര്‍ത്ഥനാലയങ്ങളാണ്‌. നടപ്പാതയ്‌ക്കുചുറ്റുമുള്ള ഉദ്യാനത്തില്‍ ധ്യാനിച്ചിരിക്കുന്ന നിരവധി സന്യാസിമാരെയും ലാമമാരെയും കാണാം. ആശ്രമങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ല.
ടിബറ്റന്‍ ദമ്പതികള്‍ തങ്ങള്‍ക്കുണ്ടാകുന്ന ആദ്യത്തെ ആണ്‍കുട്ടിയെ ആത്മീയജീവിതത്തിന്‌ നിയോഗിക്കണം എന്നതാണ്‌ കീഴ്‌വഴക്കം. ഈ കുട്ടികളാണ്‌ മൊണാസ്‌ട്രിയിലെ സന്യാസിമാരാകുന്നത്‌. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ബുദ്ധമതപഠനകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ ബുദ്ധമത പഠനകേന്ദ്രമാണിത്‌. അയ്യായിരത്തിലധികം സന്യാസിമാരുണ്ടിവിടെ. അതിരാവിലേ മുതല്‍ അര്‍ദ്ധരാത്രിവരെ പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെയായി കഴിയുന്ന സന്യാസിമാരുടെ ആചാരങ്ങളെല്ലാം വളരെ രസകരമാണ്‌. ശാന്തപ്രകൃതികളായ ഇവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരോടും സംസാരിക്കാറില്ല.
പത്മസംഭവ ബുദ്ധ വിഹാരത്തില്‍ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ല. ഉത്സവാഘോഷവേളകളില്‍ മാത്രമേ അത്‌ തുറക്കാറുള്ളു. ടിബറ്റന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ പുതുവത്സരവും ജൂണ്‍ മാസത്തില്‍ ബുദ്ധജയന്തിയും ജൂലൈ മാസത്തില്‍ ദലൈലാമയുടെ ജന്മദിനവും ഇവര്‍ക്ക്‌ വിശേഷപ്പെട്ട ആഘോഷങ്ങളാണ്‌.


അടച്ചിട്ടിരുന്ന ഒരാശ്രമത്തിന്റെ മുന്നിലെ പടികളിലിരുന്ന്‌ ഫോട്ടോയെടുത്തശേഷം ഞങ്ങള്‍ പരിസരമാകെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ട്‌ പുറത്തേക്കിറങ്ങി. കടകളില്‍നിന്ന്‌ കുട്ടികള്‍ക്ക്‌ മനോഹരമായ വസ്‌ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങി. മൈസൂര്‍ സാന്‍ഡല്‍ പൗഡര്‍, ചന്ദനതൈലം, കാപ്പിപ്പൊടി, വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ്‌, ടിബറ്റന്‍ സമോസ തുടങ്ങി ഓരോരുത്തരും വേണ്ടതൊക്കെ വാങ്ങി, ഉച്ചയോടുകൂടി ഞങ്ങള്‍ മിനിടിബറ്റിലെ സന്യാസിമാരോട്‌ വിടപറഞ്ഞു.


Thursday, 8 October 2020

കാവേരിയുടെ ഉത്ഭവംതേടി (യാത്ര) എസ്.സരോജം

ഇന്ത്യയിലെ ഏഴ്‌ പുണ്യനദികളിലൊന്നാണ്‌ കാവേരി. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരിയില്‍നിന്നാണ്‌ കാവേരിയുടെ ഉത്ഭവം. കര്‍ണ്ണാടകത്തിലെ കൊടക്‌ ജില്ലയിലെ തലക്കാവേരിയില്‍ ഒരു നീരുറവയായി ജന്മമെടുക്കുന്ന കാവേരി അദൃശ്യയായി കുറച്ചുദൂരം സഞ്ചരിച്ചശേഷമാണ്‌ പുഴയായി പ്രത്യക്ഷപ്പെടുന്നത്‌. ബ്രഹ്മഗിരി, അഗ്നിഗിരി, വായുഗിരി, ഗജരാജഗിരി എന്നീ നാല്‌ ഗിരികളുടെ നടുവില്‍ മനോഹരമായ ഉദ്യാനംപോലെ കാണുന്ന തലക്കാവേരി ഒരു പുണ്യസ്ഥലമാണ്‌. കാവേരിയുടെ തല എന്നാണ്‌ പേരിന്റെ അര്‍ത്ഥം. 

കാവേരിനദി ഉത്ഭവിച്ചുവരുന്നത്‌ കാണാന്‍ നിത്യേന നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. ഉത്ഭവസ്ഥാനം ചുറ്റുമതില്‍ നിര്‍മ്മിച്ച്‌ അതിനുചുറ്റും ചതുരത്തില്‍ കൈവരി കെട്ടിയിട്ടുണ്ട്‌. ഈ കൈവരിയില്‍ പിടിച്ചുനിന്നുകൊണ്ട്‌ താഴേക്കുനോക്കിയാല്‍ ഉറവയില്‍നിന്നുള്ള ജലം ഓവിലൂടെ ഒഴുകിവരുന്നത്‌ കാണാം. ഇതിനോടുചേര്‍ന്നുള്ള ക്ഷേത്രത്തില്‍ കാവേരിദേവിക്ക്‌ പൂജകളര്‍പ്പിക്കുന്നു. ആളുകള്‍ കാവേരിതീര്‍ത്ഥത്തില്‍ കുളിച്ച്‌ ദേവിക്ക്‌ നിവേദ്യങ്ങളര്‍പ്പിച്ച്‌ വണങ്ങുന്നു.

തമിഴില്‍ കാവ്‌ എന്ന വാക്കിന്‌ ഉദ്യാനം എന്നും ഏരി എന്ന വാക്കിന്‌ തടാകം എന്നും അര്‍ത്ഥമുണ്ട്‌. കാവിലെ ഏരിയില്‍നിന്നും ഉത്ഭവിക്കുന്നതിനാല്‍ നദിക്ക്‌ കാവേരി എന്ന്‌ പേരായി. 

കാവേര മുനിയുടെ മകളാണ്‌ കാവേരി എന്ന്‌ ഐതിഹ്യം. അഗസ്‌ത്യമുനി ഇവിടെയുള്ള അശ്വഗന്ധ മരച്ചുവട്ടില്‍ അനേകവര്‍ഷം ശിവനെ തപസുചെയ്‌തിരുന്നു, ഒടുവില്‍, ശിവന്‍ പ്രത്യക്ഷപ്പെട്ട്‌ എന്തു വരം വേണമെന്ന്‌ ചോദിച്ചു. ഭൂമിയില്‍ ഒരു സ്വര്‍ഗം സൃഷ്‌ടിക്കാന്‍ വേണ്ട ജലം നല്‍കണം എന്ന്‌ മുനി ചോദിച്ചു. ഇതേസമയം കൈലാസത്തിലിരുന്ന്‌ ശിവനെ പൂജിക്കുകയായിരുന്ന കാവേരിയുടെ ജലം ശിവന്‍ അഗസ്‌ത്യമുനിയുടെ കമണ്‌ഡലുവില്‍ നിറച്ചുകൊടുത്തു. എന്നാല്‍ മുനിയുടെ ഉദ്ദേശത്തില്‍ ഭയം തോന്നിയ ഇന്ദ്രന്‍ മറ്റൊരു സ്വര്‍ഗം എന്ന ആപത്തിനെക്കുറിച്ച്‌ ഗണപതിയോട്‌ പറഞ്ഞു, അഗസ്‌ത്യര്‍ ബ്രഹ്മഗിരിയില്‍ ധ്യാനത്തിലായിരുന്ന നേരത്ത്‌ ഗണപതി ഒരു കാക്കയുടെ രൂപത്തില്‍ പറന്നുവന്ന്‌ കമണ്‌ഡലു മറിച്ചിട്ടു. ജലം അവിടെനിന്ന്‌ പരന്നൊഴുകി പവിത്രമായ കാവേരി നദിയായി, ജനങ്ങള്‍ക്ക്‌ സമ്പത്തും സന്തോഷവും പ്രദാനംചെയ്യുന്ന ദേവിയായി. ഈ ഐതിഹ്യപ്രകാരമാവാം തലക്കാവേരിയില്‍ കാവേരിയമ്മയ്‌ക്കായി ഒരു പ്രധാനക്ഷേത്രവും അഗസ്‌തീശ്വരനും മഹാഗണപതിക്കുമായി രണ്ട്‌ ഉപക്ഷേത്രങ്ങളുമുണ്ട്‌.
381 പടവുകള്‍ താണ്ടി ഞങ്ങള്‍ ബ്രഹ്മഗിരിയുടെ നിറുകയിലെത്തി. 
ചുറ്റും ഹരിതസുന്ദരമായ പ്രകൃതിക്കാഴ്‌ചകള്‍. കൊടുംവേനലില്‍ പോലും കുളിര്‍കാറ്റിന്റെ സുഖസ്‌പര്‍ശം. പണ്ട്‌ സപ്‌തര്‍ഷികള്‍ ഇവിടെ ഒരു യജ്ഞം നടത്തിയെന്നും പാര്‍വതിദേവി അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ഐതിഹ്യമുണ്ട്‌. 


ഏത്‌ ഋതുവിലും മനംമയക്കുന്ന സൗന്ദര്യമാണ്‌ തലക്കാവേരിക്ക്‌. കോരിച്ചൊരിയുന്ന മഴയും നൂല്‍മഴയും കോടമഞ്ഞും തലക്കാവേരിക്ക്‌ വ്യത്യസ്‌ത സുന്ദരമായ മുഖങ്ങള്‍ നല്‍കുന്നു. 10501 ഹെക്‌ടര്‍ വിസ്‌തൃതിയില്‍ പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ്‌ തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം. കേരളത്തിന്റെ ദേശീയപക്ഷിയായ മലമുഴക്കി വേഴാമ്പല്‍ ഉള്‍പ്പെടെ അപൂര്‍വയിനം പക്ഷികള്‍ ഇവിടെ കാണപ്പെടുന്നു.
ആകെ 765 കിലോമീറ്റര്‍ നീളവും 87,900 ചതുരശ്ര കിലോമീറ്റര്‍ തീരപ്രദേശവുമുള്ള കാവേരി ഒരു അന്തര്‍ സംസ്ഥാന നദിയാണ്‌. മൂന്ന്‌ സംസ്ഥാനങ്ങളിലൂടെ - കര്‍ണ്ണാടകം (41.2%), തമിഴ്‌നാട്‌ (55,5%) കേരളം (3.3%) ഒഴുകി, കാരൈക്കല്‍ പ്രദേശത്തുവച്ച്‌ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. തമിഴ്‌നാടും കര്‍ണ്ണാടകവും തമ്മിലുള്ള കാവേരി നദീജല അവകാശത്തര്‍ക്കം സുപ്രീംകോടതിവരെ എത്തിയത്‌ നമുക്കറിയാവുന്ന കാര്യമാണല്ലൊ.
കരികാല ചോളന്റെ കാലത്ത്  കാവേരിനദിയില്‍ നിര്‍മ്മിച്ച കല്ലണൈ ആണ്‌ ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്‌. തമിഴ്‌നാട്ടിലെ തിരുചിരപ്പള്ളിക്കടുത്താണ്‌ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്നതും കല്ലുകൊണ്ട്‌ നിര്‍മ്മിച്ചതുമായ ഈ ജലസേചന പദ്ധതി. ലോകത്തിലെ ഏറ്റവുംപഴയ അണക്കെട്ടുകളില്‍ നാലാമത്തേതാണ്‌ കല്ലണൈ എന്നറിയപ്പെടുന്ന ഗ്രാന്റ്‌ അണക്കെട്ട്‌


Monday, 5 October 2020

കഥാനുഭവം - എസ്‌.സരോജം



ഒരു കഥയെഴുതണമെങ്കില്‍ തീര്‍ച്ചയായും ശക്തമായ ഒരനുഭവപശ്ചാത്തലം ഉണ്ടായിരിക്കണം. അനുഭവം എന്നു പറയുമ്പോള്‍ അത്‌ സ്വന്തം അനുഭവം തന്നെ ആവണമെന്നില്ല. അനുഭവം അതേപടി പകര്‍ത്തിയാല്‍ അത്‌ കഥയാവുകയുമില്ല. അനുഭവത്തില്‍നിന്ന്‌ ഒരു ബീജം മാത്രമേ വേണ്ടൂ കഥ രൂപപ്പെടുത്താന്‍. ചിലപ്പോള്‍ സ്വപ്‌നത്തില്‍ കണ്ട ദൃശ്യങ്ങളും കഥയ്‌ക്ക്‌ വിഷയമാക്കാറുണ്ട്‌. വായനക്കാര്‍ക്കിഷ്‌ടപ്പെട്ട പല കഥകളും എന്റെ സ്വപ്‌നങ്ങളില്‍നിന്നുണ്ടായവയാണ്‌. യഥാര്‍ത്ഥത്തിലായാലും സ്വപ്‌നത്തിലായാലും മനസില്‍ കയറിക്കൂടിയ കഥാബീജം കഥയായി വളരണമെങ്കില്‍ അതിനുതക്കതായ അറിവും ചിന്തയും ഭാവനയും ഭാഷയും വേണം. ഇവയെല്ലാം ചേരുംപടി ചേര്‍ത്ത്‌, അനുഭവത്തിന്റെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ വേര്‍തിരിക്കാനാവാത്തവണ്ണം ബുദ്ധിപൂര്‍വം മെനഞ്ഞെടുക്കുന്നതാണ്‌ ഓരോ കഥയും. കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ ഒരു ജീവിതസന്ദര്‍ഭം മനസില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുക, അതൊരു തീപ്പൊരിയായി ഉണര്‍വിലും ഉറക്കത്തിലും മനസിനെ നീറ്റിക്കൊണ്ടിരിക്കുക, ഇനിയും എനിക്കിത്‌ മനസ്സില്‍ കൊണ്ടുനടക്കാനാവില്ല എന്നൊരു ഘട്ടമെത്തുമ്പോള്‍മാത്രം കടലാസും പേനയുമെടുക്കുക അല്ലെങ്കില്‍ ലാപ്‌ടോപ്‌ തുറക്കുക, കഥയെഴുതുക.

എന്നാല്‍, അപൂര്‍വം ചില അനുഭവങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കഥയായി പുറത്തുവന്നിട്ടുണ്ട്‌. ആ അനുഭവത്തിന്റെ നൊമ്പരം അധികനാള്‍ പേറിനടക്കാന്‍ മനസിന്‌ കെല്‍പില്ല എന്നതാവാം കാരണം. അത്തരമൊരു കഥയാണ്‌ ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം. ഒരിക്കല്‍, നമ്മുടെ അതിര്‍ത്തിസംസ്ഥാനങ്ങളിലൊന്നായ സിക്കിമിലൂടെ ആഴ്‌ചകള്‍ നീണ്ടൊരു സാഹസയാത്ര കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. കഞ്ചന്‍ ജംഗയുടെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന പെല്ലിംഗില്‍നിന്നും അപരിചിതരായ മൂന്നുപുരുഷന്മാരോടൊപ്പം ഷെയര്‍ടാക്‌സിയില്‍ വിജനമായ വഴികള്‍ താണ്ടിയുള്ള .രാത്രിയാത്ര. പശ്ചിമബംഗാളിലെ ന്യൂ ജല്‍പായ്‌ഗുരി (എന്‍.ജെ.പി) ജംഗ്‌ഷനിലെത്തുമ്പോള്‍ രാത്രി പന്ത്രണ്ടുമണി.
സ്റ്റേഷനു മുന്നില്‍ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ നീളുന്ന വിശാലമായ വരാന്തയില്‍ നിരന്നുകിടന്നുറങ്ങുന്ന മനുഷ്യര്‍. തണുപ്പും വെളിച്ചവും ഉറക്കത്തിന്‌ തടസമാവാതിരിക്കാന്‍ എല്ലാവരും തലവരെ മൂടിപ്പുതച്ചാണ്‌ കിടപ്പ്‌. റെയില്‍വേസ്റ്റേഷനുകളില്‍ സാധാരണ മുഴങ്ങാറുള്ള അറിയിപ്പുകളൊന്നും കേള്‍ക്കാനില്ല. ടിക്കറ്റ്‌ കൗണ്ടറോ എന്‍ക്വയറിയോ ഒന്നും കണ്ണില്‍പെട്ടില്ല. ആരോടെങ്കിലും ചോദിക്കാമെന്നുവച്ചാല്‍ പരിസരത്തെങ്ങും ഉണര്‍ന്നിരിക്കുന്ന ഒരാള്‍പോലുമില്ല. റെയില്‍വേ സ്റ്റേഷനാകെ പാതിരാമയക്കത്തിലാണ്‌. ഇത്രയും മൂകതമുറ്റിയ ഒരന്തരീക്ഷം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളെയും നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്‌ എന്നീ അയല്‍രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. വലിയ ട്രോളിബാഗും വീര്‍ത്ത തോള്‍സഞ്ചിയുമായി ഡിസ്‌പ്ലേബോര്‍ഡി നു മുന്നില്‍ അമ്പരപ്പോടെ നിന്നു; ഏഴു ബ്രോഡ്‌ഗേജ്‌ ലൈനുകളും രണ്ട്‌ നാരോഗേജ്‌ ലൈനുകളുമുള്ള വലിയൊരു സ്റ്റേഷനില്‍ എനിക്കു കയറേണ്ട ട്രെയിന്‍ ഏതു പ്ലാറ്റ്‌ഫാമിലാണ്‌ വരുന്നതെന്നറിയണമല്ലൊ.
അരമണിക്കൂറോളം നിന്നപ്പോള്‍ ഡിസ്‌പ്ലേ ഡോര്‍ഡില്‍ ചുവന്ന അക്ഷരങ്ങള്‍ മിന്നിത്തെളിഞ്ഞു: കാമാഖ്യ-ചെന്നൈ സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫാമില്‍ 2.30 ന്‌ എത്തിച്ചേരുന്നതാണ്‌. ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളില്‍ പ്രത്യക്ഷപ്പെട്ട അറിയിപ്പിനെ തുടര്‍ന്ന്‌ ഭാരിച്ച ട്രോളിബാഗും വലിച്ചിഴച്ച്‌ പടികള്‍ കയറി മേല്‍പാലത്തിലൂടെ മുന്നോട്ടുനീങ്ങുമ്പോള്‍ പിന്നില്‍നിന്ന്‌ ഉറക്കച്ചടവുള്ളൊരു ശബ്‌ദം കാതിലെത്തി: ബാഗുകള്‍ ചെക്കുചെയ്‌തിട്ടു പോകൂ. ആയാസപ്പെട്ട്‌ ബാഗുകള്‍ രണ്ടും വലിച്ചുപൊക്കി സ്‌കാനറില്‍ വച്ചു. ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ കണ്ണുചിമ്മിക്കൊണ്ട്‌, കറുത്ത കോട്ടണിഞ്ഞ ഒരു മനുഷ്യന്‍ സ്‌കാനറിനരികില്‍ ഇരിപ്പുണ്ട്‌. പരിശോധനകഴിഞ്ഞ്‌ ബാഗുകളുമെടുത്ത്‌ മുന്നോട്ട്‌ നടന്നു. മൂന്നാമത്തെ പ്ലാറ്റ്‌ഫാമിലേക്ക്‌ പടികളിറങ്ങിച്ചെന്നു. ശൂന്യമായ ഇരിപ്പിടങ്ങളിലേക്കുനോക്കി പകച്ചുനില്‍ക്കെ വൃത്തിയുള്ളൊരു ബഞ്ച്‌ എന്നെനോക്കി കളിയാക്കുന്നതുപോലെ തോന്നി: നീ കേരളത്തുകാരിയാണല്ലേ, വാ, ഇവിടിരിക്ക്‌. ഭാരങ്ങളിറക്കിവച്ച്‌ ആ ബഞ്ചിന്മേലിരുന്ന്‌ ചുറ്റും കണ്ണോടിച്ചു. പാതിരാത്തണുപ്പില്‍ വിറങ്ങലിച്ചുകിടക്കുന്ന പ്ലാറ്റുഫാമുകളും റെയില്‍പാളങ്ങളും. വൈദ്യുതദീപങ്ങളുടെ പ്രകാശമുണ്ടെങ്കിലും ഭയപ്പെടുത്തുന്ന നിശബ്‌ദത. കുറച്ചകലെ നാലഞ്ചു പുരുഷന്മാര്‍ ചീട്ടുകളിയില്‍ ലയിച്ചിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ ഇരുണ്ടമൂലയില്‍നിന്ന്‌ രണ്ടു തുറിച്ച കണ്ണുകള്‍ എന്റെനേര്‍ക്ക്‌ നീണ്ടുവരുന്നത്‌ ഭയപ്പാടോടെ ശ്രദ്ധിച്ചു; വല്ല പിടിച്ചുപറിക്കാരും പതുങ്ങിയിരിപ്പാണോ എന്ന ആശങ്കയും കൂട്ടിനെത്തി. മുന്‍പരിചയമേതുമില്ലാത്ത റെയില്‍വേസ്റ്റേഷനില്‍ ഒറ്റയ്‌ക്കൊരു പ്ലാറ്റ്‌ഫാമില്‍ പാതിരാനേരത്ത്‌ വന്നിരിക്കുന്നതിന്റെ അങ്കലാപ്പ്‌ ഹൃദയമിടിപ്പിന്റെ വേഗതകൂട്ടി. യാത്രക്കാരാരെങ്കിലും വരുന്നുണ്ടോ എന്ന്‌ മേല്‍പാലത്തിലേക്ക്‌ നോക്കുന്നതിനിടയില്‍ തുറിച്ച കണ്ണുകളുടെ ഉടമ തൊട്ടരികിലെത്തി. മുഷിഞ്ഞുനാറിയ വേഷവും പട്ടിണിമുറ്റിയ ശരീരവുമുള്ള ആ സ്‌ത്രീ മുന്നില്‍ കുത്തിയിരുന്ന്‌ എന്റെ കഴുത്തിലും കാതിലും കയ്യിലും ബാഗിലുമൊക്കെ ഒരു മോഷ്‌ടാവിന്റെ ആര്‍ത്തിയോടെ നോക്കാന്‍ തുടങ്ങി. കൈയില്‍ ഇറുകിപ്പിടിച്ച രണ്ട്‌ വളകളും കഴുത്തില്‍ ഒരു കൊച്ചു ചെയിനും കാതില്‍ രണ്ട്‌ ചെറിയ കമ്മലുകളും മാത്രമേയുള്ളുവെങ്കിലും ഞാന്‍ ദുപ്പട്ടകൊണ്ട്‌ അതെല്ലാം മൂടിമറച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ പടികളിറങ്ങിവന്നു. ആ സ്‌ത്രീ എണീറ്റ്‌ അയാളുടെ അടുത്തേക്കുപോയി. പതിഞ്ഞസ്വരത്തില്‍ എന്തോപറഞ്ഞശേഷം അയാള്‍ തിരിച്ചുപോയി. അവര്‍ വീണ്ടും എന്റെ മുന്നില്‍ കുത്തിയിരുന്ന്‌ നോട്ടം തുടര്‍ന്നു. നിമിഷങ്ങള്‍ ഒച്ചിന്റെ വേഗത്തില്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.
ഒന്നരമണിയായപ്പോഴേക്കും കനത്ത നിശബ്‌ദതയെ ഭേദിച്ചുകൊണ്ട്‌ ഒരറിയിപ്പുണ്ടായി: ആലിപ്പൂര്‍ ദ്വാറില്‍നിന്ന്‌ ഡല്‍ഹിവരെ പോകുന്ന മഹാനന്ദ എക്‌സ്‌പ്രസ്‌ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫാമില്‍ ഉടന്‍തന്നെ എത്തിച്ചേരുന്നതാണ്‌. അഞ്ചുനിമിഷങ്ങള്‍ക്കകം വണ്ടി വന്നു, അത്‌ പൊയ്‌ക്കഴിഞ്ഞപ്പോള്‍ ആ സ്‌ത്രീ ചോദിച്ചു: ഏത്‌ വണ്ടിക്കാ? ഞാന്‍ വണ്ടിയുടെ പേരു പറഞ്ഞു. സമയമെത്രയായി? മൊബൈലില്‍നോക്കി ഞാന്‍ പറഞ്ഞു: ഒന്നേമുക്കാല്‍. ഇനിയും സമയമുണ്ട്‌ എന്ന്‌ മന്ത്രിച്ചുകൊണ്ട്‌ അവര്‍ തുറിച്ചുനോട്ടം തുടര്‍ന്നു. മേല്‍ത്തട്ടില്ലാത്ത ബോഗികളില്‍ നിറയെ കരിമ്പാറത്തുണ്ടുകളുമായി ഒരു ഗുഡ്‌സ്‌ ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വന്നുനിന്നു. പുറകിലത്തെ ട്രാക്കില്‍ ആളില്ലാത്തൊരു വണ്ടി നേരത്തേതന്നെ കിടപ്പുണ്ടായിരുന്നു. മുന്നിലെ പാറവണ്ടിക്കും പിന്നിലെ ആളില്ലാവണ്ടിക്കുമിടയില്‍ ഒരു നീണ്ട ഗുഹയ്‌ക്കുള്ളില്‍ അകപ്പെട്ടാലെന്നപോലെ ഞാന്‍ പകച്ചിരുന്നു.
ഇതിനിടയില്‍, മറ്റൊരു ചെറുപ്പക്കാരന്‍ പടികളിറങ്ങിവന്നു. ആ സ്‌ത്രീ എണീറ്റ്‌ അയാളുടെ അരികിലേക്കുചെന്നു. അയാള്‍ കയ്യിലിരുന്ന പേഴ്‌സ്‌ തുറന്നുകാട്ടി അവളോട്‌ മന്ത്രിച്ചു: ഇതിലൊന്നുമില്ല. ഇരുവരും കടുത്ത നിരാശയിലാണെന്നു മുഖംകണ്ടാലറിയാം. അടുത്തനിമിഷം പേഴ്‌സ്‌ ട്രാക്കിലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ അയാള്‍ പാറവണ്ടി ചാടിക്കടന്ന്‌ അടുത്ത പ്ലാറ്റ്‌ഫാമിലൂടെ പുറത്തേക്കുപോയി. പേഴ്‌സില്‍നിന്നും ചിതറിവീണ വിസകാര്‍ഡും യാത്രാരേഖകളും (ഏതോ വിദേശസഞ്ചാരിയുടെതാവാം) നോക്കിയിരിക്കെ ഞാനൊരു വലിയ സത്യം തിരിച്ചറിയുകയായിരുന്നു; സാമ്പത്തികമനുഷ്യന്റെ ജീവിതത്തിന്‌ ഏറ്റവും അത്യാവശ്യമായ കാര്‍ഡുകള്‍ പട്ടിണിപ്പാവങ്ങള്‍ക്ക്‌ വെറും പാഴ്‌വസ്‌തുക്കള്‍ മാത്രം! ചീട്ടുകളിച്ചുകൊണ്ടിരുന്നവര്‍ കളിമതിയാക്കി അവിടൊക്കെ കറങ്ങിനടക്കാന്‍തുടങ്ങിയതോടെ ഞാന്‍ ധൈര്യംചോര്‍ന്ന്‌ തളര്‍ന്നിരിപ്പായി. രണ്ടുമണിയായിട്ടും യാത്രക്കാരാരും വരാത്തതെന്തേ? പലവിധ ആശങ്കകള്‍ മനസിനെ മഥിക്കാന്‍ തുടങ്ങി. രണ്ടേകാലായപ്പോഴേക്കും ഒരു സ്‌ത്രീയുള്‍പ്പെടെ സ്‌പെഷ്യല്‍ ട്രെയിനിലേക്കുള്ള നാലഞ്ചാളുകള്‍ മേല്‍പാലത്തില്‍ വന്നുനില്‍പായി. അറിയിപ്പൊന്നും കേള്‍ക്കാത്തതിനാലാവാം അവര്‍ താഴേക്കിറങ്ങിവരാത്തത്‌: അവസാനനിമിഷം പ്ലാറ്റ്‌ഫാമിന്‌ മാറ്റം വന്നാലോ... ഇന്ത്യന്‍ റെയില്‍വേയുടെ കൃത്യനിഷ്‌ഠയില്ലായ്‌മയെക്കുറിച്ചാണ്‌ അവരുടെ വര്‍ത്തമാനം.
രണ്ടരമണിയായപ്പോള്‍ ആശങ്കകള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ അറിയിപ്പുണ്ടായി: കാമാഖ്യ-ചെന്നൈ സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫാമില്‍ 2.45-ന്‌ എത്തിച്ചേരുന്നതാണ്‌. മേല്‍പാലത്തില്‍ നിന്നവര്‍ പ്ലാറ്റ്‌ഫാമിലേക്കിറങ്ങിവന്നു. കാല്‍പെരുമാറ്റങ്ങളും കുശലവര്‍ത്തമാനങ്ങളുമായി പ്ലാറ്റ്‌ഫാമിന്‌ ജീവന്‍വച്ചു. മുന്നില്‍ കുത്തിയിരുന്ന സ്‌ത്രീ എഴുന്നേറ്റ്‌ മറ്റെ സ്‌ത്രീയുടെ അടുത്തേക്കുപോയി. 2.40 ആയപ്പോഴേക്കും പാറവണ്ടി മെല്ലെ മുന്നോട്ടുനീങ്ങി. ആശങ്കകളൊഴിഞ്ഞ്‌ മനസ്‌ സ്വസ്ഥമായി. 2.50-ന്‌ വണ്ടിയെത്തി. കയറുന്നതിനിടയില്‍ എന്റെ കണ്ണുകള്‍ തുറിച്ചുനോട്ടക്കാരിയെ തിരഞ്ഞു. അവള്‍ സ്റ്റെയര്‍കേസിനടിയില്‍, കീറപ്പായില്‍ അനക്കമില്ലാതെകിടക്കുന്ന പുരുഷന്റെയരികില്‍ തളര്‍ന്നിരുന്ന്‌ കണ്ണീര്‍ വാര്‍ക്കുന്നു! ഉത്തരം കിട്ടാത്തൊരു ചോദ്യം എന്റെ മനസ്സിനെ നടുക്കി; ആ കീറപ്പായില്‍ കിടക്കുന്നത്‌ ചേതനയറ്റൊരു ശരീരമല്ലേ? ഒപ്പം സമീപകാലത്ത്‌ വാര്‍ത്താചാനലുകളില്‍ കണ്ട ചില കരളലിയിക്കുന്ന ദൃശ്യങ്ങളും ഓര്‍മ്മയിലെത്തി: ആംബുലന്‍സിനു കൊടുക്കാന്‍ കാശില്ലാഞ്ഞിട്ട്‌ പ്രിയപ്പെട്ടവരുടെ മൃതശരീരം കിലോമീറ്ററുകളോളം തലച്ചുമടായി കൊണ്ടുപോകേണ്ടിവന്ന പാവപ്പെട്ട മനുഷ്യരുടെ ചിത്രങ്ങള്‍.
അന്നു രാത്രി ഉറക്കത്തില്‍ ഞാനൊരു സ്വപ്‌നം കണ്ട്‌ ഞെട്ടിയുണര്‍ന്നു: റെയില്‍വേ സ്റ്റേഷനില്‍ കണ്ട ആ രണ്ട്‌ ചെറുപ്പക്കാര്‍ സഹോദരീഭര്‍ത്താവിന്റെ ജഡം കീറപ്പായില്‍ പൊതിഞ്ഞ്‌ ചുമലിലേറ്റി റോഡിലൂടെ നടന്നുപോകുന്നു. മോഷ്‌ടാവെന്ന്‌ കരുതി ഭയപ്പെട്ട ആ സ്‌ത്രീ കണ്ണീരൊലിപ്പിച്ചുകൊണ്ട്‌ പിന്നാലേ വേച്ചുവേച്ചുനടക്കുന്നു. എന്റെ ഹൃദയം വല്ലാതെ പിടഞ്ഞു. ഒരുപക്ഷേ അവര്‍ എന്റെ മുന്നില്‍ കുത്തിയിരുന്നത്‌ ആ മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാശിനുവേണ്ടിയായിരിക്കുമോ? കുറ്റബോധത്താല്‍ നീറുന്ന മനസുമായി ഒരു പകല്‍ തള്ളിനീക്കി. രാത്രിയില്‍ ഡയറിയും പേനയുമെടുത്തു. മണിക്കൂറുകള്‍കൊണ്ട്‌ ഒരു കഥയ്‌ക്ക്‌ ജന്മം നല്‍കി: ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം.