(എസ്. സരോജത്തിന്‍റെ സോനമാര്‍ഗിലെ ചെമ്മരിയാടുകള്‍)
വിഷയവ്യത്യസ്ഥതകള്‍ നടമാടിത്തകര്‍ക്കുന്ന അക്ഷരക്കൂട്ടങ്ങളാണിതിലെ കവിതകള്‍. സാമൂഹ്യവിമര്‍ശനങ്ങള്‍ മുതല്‍ ആത്മാന്വേഷണം വരെ എത്തുന്ന ആശയവൈവിധ്യം. അതില്‍നിന്നും പ്രമേയസാമ്യംകൊണ്ട് തുല്യമായ ഏഴു കവിതകള്‍ തെരഞ്ഞെടുക്കുകയാണ്, ഇന്നും ഏറെ പരിഹസിക്കപ്പെടുന്ന ലിംഗസമത്വത്തിന്‍റെ വക്താക്കളാകുന്ന ഏഴു കവിതകള്‍, അല്ലെങ്കില്‍ തച്ചുടയ്‌ക്കപ്പെടുന്ന സ്‌ത്രീശരീരത്തിനുള്ളിലെ സ്വതന്ത്രേച്ഛുവായ മനസിന്‍റെ ജാഗരണം കൊതിക്കുന്ന കവിതകള്‍.
എത്രയോ പാടിയിട്ടും രോഷംതീരാതെ കാലം നിരന്തരം നമ്മെ തയാറാക്കുകയാണ്, പെണ്ണുടലിനും മനസിനും ആത്മസ്വാതന്ത്ര്യം സാധ്യമാക്കാന്‍ കാലത്തിന്‍റെ ഈ മുന്നൊരുക്കത്തില്‍ കവിയുടെ മനസ് പങ്കെടുക്കുന്നു. ശക്തരായ അക്ഷരപ്പോരാളികള്‍ വഴിതെറ്റിയ സമൂഹത്തിനുമുന്നില്‍ ചതുരംഗപ്പദങ്ങളുമായി ചലനമാര്‍ന്നു നില്‍ക്കുകയാണ്. ഓരോ സംശയത്തിനും സമൂഹം മറുപടി നല്‍കേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെടുന്ന ഓരോ പെണ്ണുടലിനും ശക്തമായൊരു മനസ്സുണ്ടെന്ന് കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തിരിച്ചറിവുകള്‍ വീര്‍പ്പുമുട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണെന്ന് കവി വാക്കിലൂടെ വരച്ചുവയ്‌ക്കുന്നു.
വേലിതന്നെ വിളവുതിന്നുകയാണെന്ന പഴഞ്ചൊല്ലിനെ സ്‌ഫുരിപ്പിക്കുന്നുണ്ട് .`പനിനീര്‍മൊട്ടിന്‍റെ ആധി' എന്ന കവിത. വീടിനുള്ളില്‍വച്ചുതന്നെ പീഡിപ്പിക്കപ്പെടുന്ന പിഞ്ചുബാല്യങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട് ഈ കവിതയിലെ പനിനീര്‍മൊട്ട്. മതിലിനപ്പുറത്തെ ശത്രുവിനെ ഭയന്നിരിക്കേണ്ട കാലത്തില്‍നിന്ന് വീട്ടിനുള്ളിലെ ശത്രുവിന്‍റെ നിരന്തര അതിക്രമത്തിന് ഇരയാകുന്ന ബാല്യങ്ങള്‍, അമ്മയോടുപോലും പറയാനാകാതെ, അല്ലെങ്കില്‍ അമ്മയുടെ അറിവോടെ ഈ അകത്തെ ശത്രു നമ്മുടെ ബാല്യത്തെ നശിപ്പിക്കുമ്പോള്‍ മനസാക്ഷിയുള്ള സമൂഹത്തിന്‍റെ പ്രതിനിധിയാവുകയാണ് കവിയിവിടെ. ബിംബവല്‍കരിക്കപ്പെട്ടു ചമയ്‌ക്കപ്പെട്ടിരിക്കുന്ന കവിതയില്‍ മൊട്ടിനെ സംരക്ഷിക്കുന്ന മുള്ളുകള്‍ക്കിടയിലൂടെ നുഴഞ്ഞെത്തുന്ന വീട്ടിലെ പുഴുക്കളില്‍നിന്ന് താന്‍ എങ്ങനെ രക്ഷനേടും, അതിനുള്ള വിദ്യ ആരോട് ചോദിക്കും എന്ന് പരിതപിക്കുന്ന `മൊട്ടില്‍' നിരാലംബരും നിസ്സഹായരുമാക്കപ്പെട്ട് സ്വവസതിയില്‍തന്നെ ലൈംഗികാതിക്രമങ്ങള്‍ നേരിട്ട നിരവധി ബാല്യമുഖങ്ങളുണ്ട്. അമ്മയുടെ ഓര്‍മ്മപ്പെടുത്തലില്‍ പൊതുശത്രു, സ്ഥിരം ശത്രു മാത്രമേയുള്ളു. അകത്തും പുറത്തും ഒരുപോലെ വെല്ലുവിളി നേരിടുന്ന കുരുന്നുബാല്യത്തിന്‍റെ നേര്‍ക്കാഴ്‌ചയാണീ കവിത.
ജീവിതനീതിയില്‍ ഒരു പാട്ടുപോലും പാടാന്‍ കഴിയാതെ, യാതനകള്‍ക്കിടയിലും നിര്‍ബന്ധമായി പലതും സഹിക്കേണ്ടിവരുന്ന , അഭിപ്രായസ്വാതന്ത്ര്യം നഷ്‌ടപ്പെട്ടുപോയ പെണ്മയുടെ ആത്മദുഃഖം പേറുന്ന വരികളാണ് `പാടാത്ത പാട്ട്'. ശൈശവം മുതല്‍ കേട്ടുവരുന്നതോരോന്നും പാട്ടുകളായാണ് കവി അവതരിപ്പിക്കുന്നത്. പാട്ടുകള്‍ മനസ്സിന്‍റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് മനുഷ്യനെ സ്വാധീനിക്കുന്നവയാണെന്ന് കവിക്കറിയാം. താരാട്ടുപാട്ട് ശൈശവത്തിനെ മാത്രമല്ല, ഒരു മനുഷ്യായുസിനെത്തന്നെ കരുപ്പിടിപ്പിക്കുവാന്‍ ശക്തിയുള്ളവയാണ്. പള്ളിയിലെ വാഴ്‌ത്തുപാട്ട് ഭക്തിയും വാഴ്‌ത്തലുമൊക്കെ അര്‍ത്ഥാന്തരങ്ങള്‍ കൊള്ളുന്ന പദങ്ങളാണ്. `വാഴ്‌ത്തുപാട്ട്' ആധുനികകതയില്‍ മുഖംമാറ്റിയെത്തിയ മുതലാളിത്തവ്യവസ്ഥിതി പരോക്ഷമായും ചിലപ്പോഴൊക്കെ പ്രത്യക്ഷമായും നടമാടുന്ന ഈ കാലഘട്ടത്തില്‍ വാഴ്‌ത്തുപാട്ടുകള്‍ കാര്യസാദ്ധ്യത്തിനുള്ള പൊള്ളയായ ഉപാധി മാത്രമാണെന്നത് ചിന്തിക്കുന്ന മനുഷ്യന് സുവ്യക്തമായ കാര്യമാണ്. പെണ്ണിന്‍റെ സമൂഹം പിന്നെ നയിക്കപ്പെടുന്നത് കാമുകന്‍റെ പാട്ടിലൂടെയാണ്. അവിടെയും പെണ്ണിന് നിയന്ത്രിക്കാന്‍ കഴിയാത്ത ആണ്‍കോയ്‌മയുടെ വീരസ്യങ്ങളാണ് പാട്ടുകളായി പിന്നാലെയെത്തുന്നത്. യൗവനമാവട്ടെ ഇണയുടെ ഇംഗിതത്തിന് വഴങ്ങുന്ന ലൈംഗികതയുടെ ജീവിതം. അവിടെയും ആണ്‍കോയ്‌മ നിലനിറുത്തപ്പെടുന്നുവെന്നും പെണ്ണിന്‍റെ പാട്ടിന് ശ്രോതാക്കളില്ലെന്നും കവി ചിന്തിച്ചെടുക്കുന്നു. ജീവിതമദ്ധ്യാഹ്നം നരകയാതനകളുടെ ജീവിതസ്‌പന്ദത്തെക്കുറിക്കുന്നതാക്കാന്‍ 'മദ്യപന്‍റെ ഭരണിപ്പാട്ട്' എന്ന പ്രയോഗം യോജിച്ചതാകുന്നു. മദ്യപാനിയുടെ താറുമാറായ ജീവിതം ദുരന്തമായിമാറുന്നത് പെണ്ണിനാണ്. ആസ്വദിച്ചാനന്ദിക്കുന്ന പുരുഷന് നഷ്‌ടബോധമില്ല. ജീവിതസായാഹ്നത്തിലെത്തിയിട്ടും ഒരു പാട്ടുപോലും പാടാന്‍ തനിക്ക് കഴിഞ്ഞില്ലല്ലൊ, താന്‍ വെറുമൊരു കേള്‍വിക്കാരി മാത്രമായിരുന്നല്ലൊ എന്ന തിരിച്ചറിവിലാണ് കവി പെണ്ണിനെ കൊണ്ടെത്തിക്കുന്നത്. സമൂഹത്തിലെ പകുതിയിലധികം സ്‌ത്രീകളുടെയും നിസ്സഹായ ജീവിതങ്ങളെ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുകയാണ് കവി. മദ്യപാനായ പുരുഷനോടൊപ്പം ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മ ആത്മീയതയില്‍ അഭയംതേടുന്നത് സ്വാഭാവികം. കവിഭാഷയില്‍തന്നെ പറഞ്ഞാല്‍ `ആത്മീയത വില്‍ക്കുന്ന കമ്പോളത്തിലേക്ക്' ആണ് അവള്‍ ചെന്നെത്തുന്നത്. ആത്മീയത ഇന്നൊരു വില്‍പനച്ചരക്കാണെന്നും പണമുള്ളവനാണ് ഇന്നത്തെ ശരിയായ ഭക്തനെന്നും ആരാധനാലയത്തിന്‍റെ വാതിലുകള്‍ അവന്‍റെ മുന്നില്‍ അസമയത്തും തുറക്കപ്പെടുമെന്നും ഈ കമ്പോളങ്ങള്‍ ദൈവത്തെ തേടിയെത്തുന്ന പെണ്ണിന്‍റെ ഉടലിനെയാണ് കാത്തിരിക്കുന്നതെന്നും കവി പെണ്ണിനെ ഉത്‌ബോധിപ്പിക്കുന്നു.
കളിത്തോഴനോട് കവി തന്‍റെ ഭയം പങ്കുവയ്‌ക്കുന്നതിങ്ങനെ:
``കൂരിരുള്‍തിങ്ങും കാടകംപോലെ
കാമംപൂക്കും മര്‍ത്യമാനസം
പൂവും പിഞ്ചും മുറ്റുമൊന്നുപോല്‍
പിച്ചിച്ചീന്തുന്നു നിര്‍ദ്ദയം.''
മാറ്റം എന്ന കവിതയില്‍ കവി സമൂഹത്തിന്‍റെ മറ്റൊരു മുഖം വരച്ചിടുന്നു. `അരുത് കാട്ടാളാ' എന്ന് പണ്ടൊരു കവി പാടിയത് ഇണയെ എയ്‌തുവീഴ്‌ത്തിയപ്പോള്‍ ഇണക്കിളിയുടെ ദുഃഖം കണ്ട് സഹിക്കാതെയാണ്. ഇവിടെ മദ്യക്കോപ്പയിലാണ് ആണ്‍കിളി മുങ്ങിമരിച്ചത്. പെണ്‍കിളിയുടെ ദുഃഖമല്ല, ശരീരമാണ് ഇറച്ചിക്കൊതിയന്മാര്‍ കാണുന്നത്. ഇണ നഷ്‌ടപ്പെട്ടവളെ `ശപിക്കപ്പെട്ടവള്‍' എന്ന ക്രൂരപരിഹാസംകൊണ്ട് കുത്തിനോവിക്കുന്ന അവസ്ഥ. "നീതിയെന്നാല്‍ ആണുമല്ല പെണ്ണുമല്ല, നിയമപുസ്‌തകത്തില്‍ വീര്‍പ്പുമുട്ടിപ്പിടയുന്ന കടിച്ചാല്‍പൊട്ടാത്ത വാക്കുകളുമല്ല'' സമസ്‌തജീവജാലങ്ങളെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കുക എന്നതുമാത്രമാണെന്നാണ് ഈ കവിയുടെ മതം.
സമൂഹമാകെ ചെമ്മരിയാട്ടിന്‍കൂട്ടത്തെപ്പോലെ ഒരു ഇടയനാല്‍ നയിക്കപ്പെടുകയാണ്. ഇടയന്‍റെ കൈയിലെ വടിയെ ഭയന്ന് ഒരിടത്തും നില്‍ക്കാതെ തുടരുന്ന പ്രയാണം. "മത്തുപിടിച്ച ചെമ്മരിമുട്ടന്മാര്‍
ഭോഗാര്‍ത്തി പെരുത്ത് താളംതുള്ളുന്ന യൗവനക്കരുത്ത്'' അനുസരിപ്പിക്കുകയെന്ന അലിഖിതമായ നേതൃന്യായം സമൂഹത്തെ വലയ്‌ക്കുന്നുണ്ട്. ``മുഴുമിപ്പിക്കാനാവാതെ മുട്ടന്മാരുടെ ഭോഗയജ്ഞം'' ഇഷ്‌ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത സമൂഹം എന്നും പഴുതുകള്‍ക്കായി കാത്തിരിക്കും. കവിയുടെ മനസ്സില്‍ മൊഴിമുട്ടിപ്പിടയുന്ന ഒരു വികൃതിച്ചോദ്യമുണ്ട് : ``ഇടയന്മാര്‍ക്ക് വഴിതെറ്റിയാല്‍ കുഞ്ഞാടുകളുടെ ഗതിയെന്ത്?'' `രാജാവ് നഗ്നനാണ്' എന്ന് വിളിച്ചുപറയുന്നൊരു ധൈര്യം കവിയുടെ ചോദ്യത്തിലുണ്ട്.
`സ്വതന്ത്രനായ വ്യക്തി' എന്ന സങ്കല്‍പമുണ്ട് കവിമനസ്സില്‍. വര്‍ണ്ണ-ലിംഗ ഭേദമില്ലാത്ത വ്യക്തി. തികച്ചും പ്രകൃതിക്കനുകൂലമായ ജീവിതസ്വാതന്ത്ര്യമാണ് കവി വിവക്ഷിക്കുന്നതെന്ന് വ്യക്തം. സമത്വമാണ് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന മുഖ്യമായ വഴിത്താര. ആണ്‍-പെണ്‍ ഭേദങ്ങള്‍ സ്വതന്ത്രസമൂഹത്തിന് തടസ്സംനില്‍ക്കുന്നു എന്ന ചിന്ത മറ്റുപല കവിതകളും മുന്നോട്ടുവയ്‌ക്കുന്നുണ്ടെങ്കിലും ഏഴു കവിതകള്‍ മാത്രം വായിക്കുവാന്‍ ശ്രമിച്ചുകൊണ്ട്, സാമൂഹ്യ അനീതികള്‍ക്കെതിരെ പോരാടാന്‍ ഈ കവിക്ക് എല്ലാവിധ പിന്തുണകളും ആശംസകളും നേര്‍ന്നുകൊണ്ട് ഇവിടെ നിറുത്തുന്നു.
'നിസ്സഹായ ജീവിതങ്ങളെ വളച്ചുകെട്ടില്ലാതെ വരച്ചിടുന്ന കവി..' അഗ്നിജ്ജ്വാലയുള്ള അക്ഷരസമ്പത്തിന്‍റെ ഉടമയായ ഈ എഴുത്തുകാരി ഒരു വായനാവിസ്മയമായി എന്നേ മനസ്സിലുണ്ട്.. അതീവഹൃദ്യമായ ഈ വായനക്കുറിപ്പിന്, ആസ്വാദനത്തിന്, അഭിനന്ദനങ്ങള്‍, പ്രിയപ്പെട്ട ശ്രീവിദ്യാ രാജീവ്..
ReplyDeleteTHANQ DEAR AJITH
ReplyDelete