Thursday, 3 January 2019

"നല്ല മനുഷ്യരായ വിദഗ്ദ്ധരെയാണ് നമുക്കാവശ്യം" - വൈശാഖന്‍ (വിശ്വവേദി മാസിക ,ഡിസംബര്‍ ലക്കം)



(പ്രശസ്‌ത സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ വൈശാഖന്‍ മാഷുമായുള്ള അഭിമുഖം )
എസ്.സരോജം

*കേരളത്തിലെ എഴുത്തുകാര്‍ വളരെയേറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനാണല്ലൊ അങ്ങ്‌. സാഹിത്യ അക്കാദമി എന്ന സ്ഥാപനം, അതിന്‍റെ ഉദ്ദേശ, ലക്ഷ്യങ്ങള്‍‍, പ്രവര്‍ത്തനങ്ങള്‍‍ എന്നിവയെപ്പറ്റി വിശദീകരിക്കാമോ?
സാഹിത്യ അക്കാദമി സ്ഥാപിക്കപ്പെട്ടത്‌ തിരുവനന്തപുരത്താണ്‌, 1958-ല്‍ അത്‌ തൃശൂരിലേക്ക്‌ മാറ്റി. എന്നെ സംബന്ധിച്ചാണെങ്കില്‍, ഞാനൊരുപാടുകാലം തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമൊക്കെയായിരുന്നു. അപ്പോഴോക്കെ മലയാളത്തെക്കുറിച്ചും നമ്മുടെ സാഹിത്യ അക്കാദമിയെക്കുറിച്ചുമുള്ള വാര്‍ത്തകള്‍‍ കേള്‍ക്കുമ്പോള്‍ എനിക്ക്‌ വലിയ സന്തോഷം തോന്നിയിട്ടുണ്ട്‌. കേരളത്തിലെത്തിയശേഷം, എം.ടി.വാസുദേവന്‍ നായര്‍ അദ്ധ്യക്ഷനായിരിക്കുന്ന കാലത്താണ്‌ ഞാന്‍ സാഹിത്യ അക്കാദമിയുടെ ഭരണസമിതിയില്‍ വരുന്നത്‌. അപ്പോഴാണ്‌ സാഹിത്യ അക്കാദമിയെക്കുറിച്ച്‌ കൂടുതലായിട്ട്‌ മനസ്സിലാക്കുന്നത്‌. സാഹിത്യ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നത്‌ വലിയ അഭിമാനമാണ്‌. നമ്മുടെ ഭാഷയ്‌ക്കുവേണ്ടി, നമ്മുടെ സാഹിത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു സ്വയംഭരണസ്ഥാപനമാണത്‌. സര്‍ക്കാരിന്റെ സഹായത്തോടുകൂടിത്തന്നെ. അപൂര്‍വ്വങ്ങളായ പുസ്‌തകങ്ങള്‍, പ്രത്യേകിച്ചും കച്ചവടതാല്‍പര്യംവച്ചിട്ട്‌ ആളുകള്‍ പ്രസിദ്ധീകരിക്കാന്‍ ഇഷ്‌ടപ്പെടാത്ത പുസ്‌തകങ്ങള്‍, ആ പുസ്‌തകങ്ങളെല്ലാം സാഹിത്യഅക്കാദമിയാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. ആ പുസ്‌തകങ്ങള്‍ക്ക്‌ ഒരുപാട്‌ ഗവേഷണമൂല്യമുണ്ട്‌. പക്ഷേ വ്യാപാരതാല്‍പര്യത്തിനനുസരിച്ചല്ലല്ലൊ. അങ്ങനെയുള്ള, മറ്റ്‌ പ്രസാധകര്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറില്ലാത്ത അപൂര്‍വ്വഗ്രന്ഥങ്ങള്‍ പുനപ്രസിദ്ധീകരിക്കാനുള്ളൊരു ശ്രമവും സാഹിത്യ അക്കാദമി ചെയ്യുന്നു. ഒപ്പംതന്നെ മലയാളത്തിലെ എല്ലാ പുസ്‌തകങ്ങളും ഉള്ള ഒരു ലൈബ്രറിയാണ്‌ സാഹിത്യ അക്കാദമിക്കുള്ളത്‌. അതൊരു ഗവേഷണകേന്ദ്രം കൂടിയാണ്‌. അതുകൊണ്ട്‌ പുസ്‌തകങ്ങള്‍ പുറത്തേക്കുകൊണ്ടുപോകാന്‍ അനുവദിക്കപ്പെടുന്നില്ല, അവിടെത്തന്നെയിരുന്ന്‌ വായിക്കണം, ഗവേഷകരും അല്ലാത്തവരും. സാഹിത്യ അക്കാദമിയുടെ വലിയൊരു സമ്പത്താണ്‌ ഈ ലൈബ്രറി. അതുകൂടാതെ പുസ്‌തകങ്ങള്‍ ഡിജിറ്റലൈസ്‌ചെയ്യുന്ന ഒരു പ്രോജക്‌ടും തുടങ്ങിയിട്ടുണ്ട്‌. പത്തുരണ്ടായിരം പുസ്‌തകങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്‌തുകഴിഞ്ഞു. ഇത്‌ മുന്നോട്ടുപോകുമ്പോള്‍, ലോകത്തെവിടെയുള്ള മലയാളിക്കും വളരെ സൗജന്യമായി, അക്കാദമിയുടെ വെബ്‌സൈറ്റിലൂടെ ഈ പുസ്‌തകങ്ങള്‍ വായിക്കാന്‍ കഴിയും.

*നല്ലൊരു സാഹിത്യകാരനായ വൈശാഖന്‍ സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായതിനുശേഷം മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്‌ക്കുവേണ്ടി ചെയ്‌തിട്ടുള്ള പുതിയ കാര്യങ്ങള്‍ എന്തൊക്കെയാണ്‌?
ഞാന്‍ അദ്ധ്യക്ഷനായതിനുശേഷം എന്റെയൊരു ശ്രമം കൂടുതല്‍ യുവത്വത്തിലേക്ക്‌, വിദ്യാര്‍ത്ഥികളിലേക്ക്‌ എത്തുക സാഹിത്യ അക്കാദമി എന്നുള്ളതാണ്‌. അതുകൊണ്ട്‌ ഞങ്ങള്‍ കോളേജ്‌ യൂണിയനുകളുമായി സഹകരിച്ചുകൊണ്ട്‌, കോളേജിലെ മലയാളം ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ചുകൊണ്ട്‌ ക്യാമ്പുകളും സെമിനാറുകളും നടത്തുന്നു. മുമ്പേ ചെയ്യാറുണ്ടത്‌. പക്ഷേ ഞങ്ങള്‍ അതിന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്‌. മറ്റൊന്ന്‌, സ്‌ത്രീകളെ സാഹിത്യവുമായിട്ട്‌ ബന്ധിപ്പിക്കാനുള്ള കാര്യമായ ശ്രമവും ഞങ്ങള്‍ നടത്തുന്നുണ്ട്‌. അതിന്റെ ഭാഗമായിട്ട്‌ കമല സുരയ്യ സ്‌മാരകത്തില്‍ ഇരുന്നൂറോളം എഴുത്തുകാരികള്‍ പങ്കെടുക്കുന്ന ഒരു ക്യാമ്പ്‌ നടത്തി, കഴിഞ്ഞ വര്‍ഷം. ആ വര്‍ഷംതന്നെ തമിഴ്‌നാട്ടില്‍ വച്ചിട്ട് ഇരുപത്‌ തമിഴ്‌ എഴുത്തുകാരികളെയും ഇരുപത്‌ മലയാളം എഴുത്തുകാരികളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ തിരുവണ്ണാമലവച്ച്‌ മൂന്നുദിവസത്തെ ക്യാമ്പ്‌ നടത്തി. ഇതുകൂടാതെ കോഴിക്കോടുവച്ചിട്ട്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുവേണ്ടി നാലുദിവസത്തെ ക്യാമ്പ്‌ നടത്തി. ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നതില്‍ എനിക്ക്‌ വളരെ സന്തോഷമുണ്ട്‌. നമുക്ക്‌ സാഹിത്യകാരന്മാരെ അല്ലെങ്കില്‍ സാഹിത്യകാരികളെ സൃഷ്‌ടിച്ചെടുക്കാന്‍ കഴിയില്ല. പക്ഷേ, അവര്‍ക്ക്‌ വികസിക്കാനുള്ള അവസരങ്ങളുണ്ടാക്കാം, മറ്റൊന്ന്‌ അവരുടെ ഉള്ളില്‍ ഒരു രാസത്വരകംപോലെ പ്രവര്‍ത്തിക്കാം. അവര്‍ക്ക്‌ മലയാളത്തോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കാം, അവര്‍ക്ക്‌ പ്രചോദനം നല്‍കുക, ആവുന്നത്ര അവരെ പങ്കെടുപ്പിച്ചുകൊണ്ട്‌ പരസ്‌പരം ബന്ധിപ്പിക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ്‌. ഇതുകൂടാതെ, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയ്‌ക്ക്‌ സാഹിത്യ അക്കാദമി ചെയ്‌ത ഒരു കാര്യം മത്സ്യബന്ധനത്തൊഴിലാളി കുടുംബങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ മഞ്ചേശ്വരത്ത്‌ ഒരു ക്യാമ്പ്‌ നടത്തി. അത്‌ വളരെ വിജയകരമായ ഒരു ക്യാമ്പായിരുന്നു. മൂന്നുദിവസം, കടലും സാഹിത്യവും തമ്മിലുള്ള ബന്ധം, സാഹിത്യത്തില്‍ എങ്ങനെയൊക്കെയാണ്‌ കടല്‍ വരുന്നത്‌, അവരുടെ ജീവിതം വരുന്നത്‌, നമ്മുടെ ചെമ്മീന്‍ ഉള്‍പ്പെടെ, ഓള്‍ഡ്‌മേന്‍ ആന്റ്‌ ദ സീ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ മത്സ്യബന്ധനത്തൊഴിലാളി കുടുംബങ്ങളോട്‌ നമ്മുടെ എഴുത്തുകാര്‍ സംസാരിച്ചു. അതില്‍ ഒരുപാട്‌ ചെറുപ്പക്കാരും എഴുത്തുകാരും സംബന്ധിച്ചു. അത്‌ ഇതുവരെ സാഹിത്യ അക്കാദമി ചെയ്‌തിട്ടില്ലാത്ത ഒരു കാര്യമാണ്‌. കുടുംബശ്രീ പ്രവര്‍ത്തകരുടെയും മത്സ്യത്തൊഴിലാളികളുടെയും കാര്യത്തില്‍ ആദ്യമായിട്ടാണ്‌ സാഹിത്യ അക്കാദമി ഇടപെടുന്നത്‌. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ക്യാമ്പ്‌ വിഴിഞ്ഞത്തും നടത്തിയാല്‍ കൊള്ളാമെന്നുണ്ട്‌. അപ്പോഴത്തേക്കാണ്‌ പ്രളയം വരികയുമൊക്കെ ചെയ്‌തത്‌. ഇത്‌ ഭാവിയില്‍ നമുക്ക്‌ ആലോചിക്കാവുന്ന കാര്യമാണ്‌. മറ്റൊരു സംഗതി നമ്മുടെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള വിദ്യാരംഗം കലാസാഹിത്യവേദിയാണ്‌. വിദ്യാഭ്യാസ ഡയറക്‌ടറുമായി ബന്ധപ്പെട്ടുകൊണ്ട്‌ വിദ്യാരംഗം സാഹിത്യവേദിയുടെ ക്യാമ്പുകള്‍ സാഹിത്യ അക്കാദമി ഏറ്റെടുക്കും. കോഴിക്കോട്ടുവച്ചും അതിനുമുമ്പ്‌ തൃശൂരുവച്ചും വിദ്യാരംഗം ക്യാമ്പ്‌ നടത്തി. ഈ വര്‍ഷവും അദ്ദേഹത്തിന്റെ കത്തുവന്നിട്ടുണ്ട്‌. നമുക്ക്‌ കുട്ടികളുമായിട്ടുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം ക്യാമ്പുകള്‍ സഹായിക്കും. നിരവധി എഴുത്തുകാര്‍ കുട്ടികളുമായിട്ട്‌ സംസാരിക്കും. കഥ, കവിത, സാഹിത്യാസ്വാദനം തുടങ്ങി പല വിഭാഗങ്ങളായി തിരിച്ചിട്ടാണ്‌ കുട്ടികളുടെ ക്ലാസ്സുകള്‍ നടത്തുന്നത്‌. വളരെ ഫലപ്രദമായ ക്യാമ്പുകളാണത്‌. അഞ്ഞൂറോളം കുട്ടികളാണ്‌ തൃശൂരുവച്ചുള്ള ക്യാമ്പില്‍ പങ്കെടുത്തത്‌.
*അക്കാദമിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സ്വന്തം എഴുത്തിനെ ബാധിക്കുന്നുണ്ടോ?
ഞാനിപ്പോ അധികമെഴുതാറില്ല. രണ്ടുമൂന്നു വര്‍ഷം കൂടീട്ടാ കഴിഞ്ഞയാഴ്‌ച മാതൃഭൂമിയിലൊരു കഥ വന്നത്‌. നമ്മള്‍ എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഇടപെട്ടാല്‍ അത്‌ ആത്മാര്‍ത്ഥമായിട്ട്‌ ചെയ്യണം. ശാരീരികമായിട്ടുള്ള പ്രയാസങ്ങളുണ്ടെങ്കിലും ഒരുപാടുസമയം ഞാന്‍ സാഹിത്യ അക്കാദമിയുടെ കാര്യങ്ങള്‍ക്കായിട്ടാണ്‌ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്‌.
*സാഹിത്യ അക്കാദമിയുടെ പുതിയ സംരംഭങ്ങള്‍ എന്തൊക്കെയാണ്‌?
പ്രത്യേകമായി എടുത്തുപറയാനുള്ളത്‌, ഇപ്പോള്‍ സാഹിത്യ അക്കാദമി ഒരു പുസ്‌തകമിറക്കി, പ്രളയാക്ഷരങ്ങള്‍ എന്നാണ്‌ ആ പുസ്‌തകത്തിന്‍റെ പേര്‌. അതിന്റെ കാരണം ഈ പ്രളയത്തില്‍നിന്നും നമ്മുടെ കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള നമ്മുടെ സര്‍ക്കാരിന്റെ ശ്രമങ്ങളോട്‌ പങ്കുചേരുക എന്നതാണ്‌. ഈ പുസ്‌തകത്തില്‍നിന്നുള്ള പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ്‌ സംഭാവനചെയ്യുന്നത്‌.ഈ പുസ്‌തകത്തിലുള്ളത്‌ തകഴിയുടെ വെള്ളപ്പൊക്കം മുതല്‍ മലയാളത്തിലെ പ്രളയം, ജലം, മഴ ഇതുമായി ബന്ധപ്പെട്ട രചനകളാണ്‌. കഥകളുണ്ട്‌, കവിതകളുണ്ട്‌, ഓര്‍മ്മക്കുറിപ്പുകളുണ്ട്‌, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുടെ പ്രളയവര്‍ണ്ണനകളുണ്ട്‌. ഇരുപതിനായിരം കോപ്പി ചെലവാവുമോ എന്നാണ്‌ സംശയിച്ചിരുന്നത്‌. പക്ഷേ, മുഖ്യമന്ത്രി പ്രകാശനംചെയ്‌ത ദിവസംതന്നെ നാല്‍പതിനായിരം കോപ്പിക്കുള്ള ഓര്‍ഡറാണ്‌ വന്നിട്ടുള്ളത്‌. അതുകൊണ്ട്‌ പെട്ടെന്ന്‌ വീണ്ടും അച്ചടിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്‌. അതുകൂടാതെ, നാല്‌ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു സെമിനാര്‍ നടത്തി. ആ പ്രബന്ധങ്ങളെല്ലാം തന്നെ പരിസ്ഥിതി, വികസനം, കേരളത്തിന്റെ പുനര്‍നിര്‍മ്മിതി, പ്രളയകാലത്തെ മാനവികത എന്നീ വിഷയങ്ങളിലുള്ള പ്രബന്ധങ്ങളായിരുന്നു.അതെല്ലാം ചേര്‍ത്ത്‌ പുസ്‌തകമിറക്കാനുള്ള ശ്രമത്തിലാണ്‌. പിന്നെ ശതാബ്‌ദി ആഘോഷങ്ങള്‍, അനുസ്‌മരണങ്ങള്‍ പോലുള്ള പതിവുപ്രവര്‍ത്തനങ്ങളും.
*സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നതെങ്ങനെയാണ്‌?
അവാര്‍ഡ്‌ കൊടുക്കാനുള്ള ഒരു സ്ഥാപനം എന്ന മട്ടിലാണ്‌ പലരും സാഹിത്യ അക്കാദമിയെ കാണുന്നത്‌. സാഹിത്യ അക്കാദമിയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്‌ അവാര്‍ഡ്‌. വളരെ നിഷ്‌പക്ഷമായി കാര്യങ്ങള്‍ വീക്ഷിക്കാന്‍ കഴിവുള്ള, എഴുത്തുകാരും ആസ്വാദകരും വിമര്‍ശകരുമൊക്കെയായി ഏഴുപേരടങ്ങുന്ന ഒരു കമ്മിറ്റിയെയാണ്‌ പ്രാഥമിക തെരഞ്ഞെടുപ്പിനായി നിയോഗിക്കുന്നത്‌. അവര്‍ തെരഞ്ഞെടുക്കുന്ന പത്തു കൃതികള്‍ അന്തിമവിലയിരുത്തലിനായി മൂന്നു വിധികര്‍ത്താക്കളെ ഏല്‍പിക്കുന്നു. അവരെല്ലാംതന്നെ അക്കാദമി അവാര്‍ഡ്‌ കിട്ടിയിട്ടുള്ളവരും നിഷ്‌പക്ഷമതികളും ആയിരിക്കും.
*അവാര്‍ഡ്‌ നിര്‍ണ്ണയത്തെപ്പറ്റി പല പരാതികളും കേള്‍ക്കാറുണ്ടല്ലൊ. തികച്ചും നിഷ്‌പക്ഷവും നീതിക്ക്‌ നിരക്കുന്നതുമാണോ ഈ അവാര്‍ഡുനിര്‍ണ്ണയം?
മറ്റ്‌ അവാര്‍ഡുകളെ അപേക്ഷിച്ച്‌ കുറേയേറെ നിഷ്‌പക്ഷമാണ്‌ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ എന്ന്‌ പറയാന്‍ പറ്റും. എങ്കിലും നൂറുശതമാനം നീതി പുലര്‍ത്താന്‍ സാധിക്കുമെന്ന്‌ തോന്നുന്നില്ല. അതിന്റെ അതൃപ്‌തി സത്യത്തില്‍ എനിക്കുമുണ്ട്‌. പക്ഷേ പ്രായോഗികമല്ല. അതാണ്‌ ഈ അവാര്‍ഡ്‌ നിറുത്തലാക്കണമെന്ന്‌ ഞാനൊരിക്കല്‍ പ്രസംഗിച്ചത്‌. ആയിരക്കണക്കിന്‌ പുസ്‌തകങ്ങളാണ്‌ അവാര്‍ഡ്‌ പരിഗണനയ്‌ക്കായി വരുന്നത്‌. പതിനൊന്ന്‌ അവാര്‍ഡുകള്‍ക്കായി മൂന്നുവര്‍ഷത്തെ പുസ്‌തകങ്ങളാണ്‌ പരിഗണിക്കേണ്ടത്‌. ഒന്നാമത്തെ കാര്യം എല്ലാവരുടെയും ആസ്വാദനശീലം ഒരുപോലെയാവണമെന്നില്ല. ചിലപ്പോള്‍, പല നല്ല കൃതികളും സെലക്ഷന്‍ കമ്മിറ്റിയുടെ കണ്ണില്‍പെട്ടെന്നുവരില്ല. ശ്രദ്ധയില്‍പെട്ടാല്‍തന്നെ, വിധികര്‍ത്താക്കളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ ആത്മനിഷ്‌ഠമായിരിക്കും. ആദ്യത്തെ ഏഴുപേര്‍ക്കും പിന്നത്തെ മൂന്നുപേര്‍ക്കുമുള്ള ആസ്വാദനശീലമായിരിക്കില്ല വായനക്കാരുടേത്‌. അപ്പോള്‍, അര്‍ഹതപ്പെട്ട മറ്റേതെങ്കിലും കൃതിക്ക്‌ അവാര്‍ഡ്‌ കിട്ടിയില്ല എന്ന പരാതിയുണ്ടാവാം., പക്ഷെ അര്‍ഹതയില്ലാത്ത ഒരു കൃതിക്ക്‌ അവാര്‍ഡ്‌ കൊടുത്തു എന്ന പരാതി ഉണ്ടാവാന്‍ വഴിയില്ല. * നമ്മുടെ കൃഷിമന്ത്രിയായിരിക്കുന്ന വി.എസ്‌.സുനില്‍കുമാര്‍ സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കാറുണ്ടോ?
വി.എസ്‌.സുനില്‍കുമാറെന്നു പറഞ്ഞാല്‍, വളരെയേറെ അര്‍പ്പണബോധമുള്ള ഒരു രാഷ്‌ട്രീയപ്രവര്‍ത്തകനാണ.്‌ സാഹിത്യ അക്കാദമിയുടെ ഏതു പ്രവര്‍ത്തനത്തിനു വിളിച്ചാലും അദ്ദേഹം എങ്ങനെയെങ്കിലും വന്നിട്ടുണ്ടാവും. അത്രയധികം ആത്മാര്‍ത്ഥത സാഹിത്യഅക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിനുണ്ട്‌. തൃശൂരിന്റെ എം എല്‍.എയാണദ്ദേഹം. ഇക്കഴിഞ്ഞ പുസ്‌തകപ്രകാശനത്തിന്‌ സുനില്‍കുമാര്‍ വളരെ സജീവമായി പങ്കെടുത്തു. അതിനുമുമ്പു നടത്തിയ പുസ്‌തകോത്സവത്തിനും അദ്ദേഹം പങ്കെടുത്തിരുന്നു. സുനില്‍കുമാര്‍ നല്ലൊരു ആസ്വാദകനും കൂടിയാണ്‌. അതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ വലിയ സന്തോഷമാണ്‌. ഞങ്ങളുടെ എം എല്‍.എ കേരളത്തിന്റെ കൃഷിമന്ത്രിയായിരിക്കുന്നു. ഇവിടത്തെ നീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു, വ്യാപകമായ തോതില്‍ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നു, തൃശൂര്‍ ജില്ലയില്‍ത്തന്നെ ഒരുപാട്‌ തരിശുനിലങ്ങള്‍ കൃഷിഭൂമിയാക്കിമാറ്റാനുള്ള ശ്രമം നടത്തിയിട്ടുണ്ട്‌, അതുകൊണ്ട്‌ കേരളത്തിന്‌ വളരെ പ്രതീക്ഷനല്‍കുന്ന ഒരു കൃഷിമന്ത്രിയാണ്‌ സുനില്‍കുമാര്‍. അതുപോലെ അജയോ മാര്‍ട്ട്‌ എന്ന പേരില്‍ കടകള്‍ തുടങ്ങിയിട്ടുണ്ട്‌. വെണ്ടക്ക മുതല്‍ ട്രാക്‌ടര്‍ വരെ അവിടെ കിട്ടും. പക്ഷെ, ഇവിടത്തെ ആളുകള്‍ അത്‌ വേണ്ടത്ര ഉപയോഗിച്ചുതുടങ്ങിയിട്ടില്ല.
* സാഹിത്യമേഖലയില്‍ അങ്ങയുടെ ഇത്രയുംകാലത്തെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പറയാമോ? റെയില്‍വേക്കഥകളാണല്ലൊ അധികം എഴുതിയിട്ടുള്ളത്‌?
}എം.കെ.ഗോപിനാഥന്‍ എന്ന പേരിലാണ്‌ ഞാന്‍ എഴുതിത്തുടങ്ങിയത്‌, അത്‌ 1964-ലാണ്‌. മാതൃഭൂമിയില്‍ രണ്ടു കഥകള്‍ പ്രസിദ്ധീകരിച്ചപ്പോഴേക്കും എനിക്ക്‌ റെയില്‍വേയില്‍ ജോലി കിട്ടി. അങ്ങനെ ഞാന്‍ ആന്ധ്രാപ്രദേശിലായി. ഗോദാവരിക്കപ്പുറം. അവിടെയായിരുന്നപ്പൊ, മലയാളം സംസാരിക്കാത്ത ആളുകളുള്ള സ്റ്റേഷനുകള്‍, മലയാളം പത്രം കിട്ടില്ല, മലയാളം പ്രസിദ്ധീകരണങ്ങളൊന്നും കിട്ടില്ല, അങ്ങനത്തെ സ്ഥലങ്ങളാണ്‌. അപ്പോഴും കഥയെഴുത്തിലൂടെയാണ്‌ മലയാളവുമായി ബന്ധം തുടര്‍ന്നത്‌. പക്ഷേ, റെയില്‍വേയില്‍ ചേര്‍ന്ന്‌ നാലുവര്‍ഷത്തോളം ഒന്നുമെഴുതാന്‍ പറ്റിയില്ല. പുതിയ ജീവിതം, ഭാഷ വേറെ, മലയാളികളുമായിട്ടുള്ള ബന്ധം കുറവ്‌, സാഹിത്യവിഷയങ്ങള്‍ സംസാരിക്കാന്‍ ആളേ കിട്ടില്ല, പക്ഷേ, അപ്പോഴും മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ പോസ്റ്റലായിട്ട്‌ വരുത്തിയിട്ട്‌ വായിക്കും. പിന്നെ വലിയ നഗരങ്ങളില്‍, മദ്രാസ്‌ സെന്‍ട്രല്‍, വിജയവാഡ, അരൂര്‍ജംഗ്‌ഷന്‍ എന്നീ സ്റ്റേഷനുകളിലും ഞാന്‍ ജോലിചെയ്‌തിട്ടുണ്ട്‌. പക്ഷേ, അതെനിക്കിഷ്‌ടമായിരുന്നില്ല. കാരണം ജോലികഴിഞ്ഞ്‌ വായിക്കാന്‍പോലും ഉന്മേഷമുണ്ടാവില്ല. അതുകൊണ്ട്‌ കഴിയുന്നതും ചെറിയ ഗ്രാമങ്ങളിലെ സ്റ്റേഷനുകളിലേക്കായിരിക്കും ഞാന്‍ സ്ഥലംമാറ്റം വാങ്ങിക്കുക. എനിക്ക്‌ മാറ്റം കിട്ടാന്‍ എളുപ്പമായിരുന്നു. കാരണം അവിടെയൊക്കെ പോകാന്‍ ആരും തയ്യാറല്ല. പക്ഷേ, അതുകൊണ്ട്‌ എനിക്ക്‌ കിട്ടിയ വലിയ ഒരു ഗുണം ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ എങ്ങനെയാണ്‌ ജീവിക്കുന്നത്‌ എന്ന്‌ നേരിട്ട്‌ അറിയാന്‍ കഴിഞ്ഞു. ഡ്യൂട്ടികഴിഞ്ഞ്‌ വീട്ടില്‍ പോകാന്‍ വണ്ടിയില്ലാതെ പ്ലാറ്റ്‌ഫാമിലെ സിമന്റ്‌ ബഞ്ചില്‍ കിടന്നുറങ്ങിയിട്ടുള്ള ആളാണ്‌ ഞാന്‍. എന്റെ അപ്പുറത്തെ ബഞ്ചുകളില്‍ കിടക്കുന്ന ഗ്രാമീണരുടെ സംഭാഷണങ്ങളില്‍നിന്ന്‌ ഞാന്‍ കഥയെഴുതിയിട്ടുണ്ട്‌. അങ്ങനെയുള്ളൊരു സന്ദര്‍ഭം ഒരുപാട്‌ വിപരീതങ്ങള്‍ ഉണ്ടെങ്കിലും അത്‌ ഗുണകരമായി മാറുകയാണ്‌ ആ വിപരീതങ്ങള്‍. മറ്റൊന്ന്‌ തീരെ അഹംഭാവമില്ലാത്ത ഒരാളാക്കി മാറ്റി എന്നെ അത്‌. കാരണം ഭക്ഷണംപോലും കിട്ടാത്ത സ്റ്റേഷനുകളായിരുന്നു. ചിലപ്പോള്‍ ഒരു ഗ്രാമീണന്‍ തരുന്ന ഭക്ഷണമായിരിക്കും കഴിക്കാന്‍ പറ്റുക അപ്പൊ ആ പാവപ്പെട്ട ഗ്രാമീണരുടെ, കരിമ്പുകൃഷിക്കാരുടെ ജീവിതം, `അക്കത്തിലെഴുതിയാല്‍' എന്നൊരു കഥയുണ്ട്‌. അതൊരു കരിമ്പുകൃഷിക്കാരന്റെ കഥയാണ്‌. ഇത്‌ മലയാളത്തിലെ ഒരെഴുത്തുകാരനും കിട്ടാത്ത ഒരു സന്ദര്‍ഭമാണ്‌. അവര്‍ അവരുടേതായ രീതിയില്‍ വേറെ പല കഥകളും എഴുതിയിട്ടുണ്ട്‌. പക്ഷേ, ഈ ജീവിതം, അസൗകര്യങ്ങള്‍ നിറഞ്ഞ ഈ ജീവിതം എനിക്ക്‌ തന്ന സമ്മാനമാണ്‌ ഈ പറയുന്ന മനുഷ്യരെക്കുറിച്ച്‌, അവരുടെ വിശ്വാസങ്ങളെക്കുറിച്ച്‌, അവരുടെ ആചാരങ്ങളെക്കുറിച്ച്‌, അവരുടെ സംസ്‌കാരത്തെക്കുറിച്ച്‌ ഒക്കെയുള്ള കഥകള്‍. തമിഴ്‌നാട്ടില്‍ കുറേക്കാലം ഞാന്‍ താമസിച്ചു. തമിഴ്‌നാട്ടിലെ സംസ്‌കാരം, ഒരു തമിഴന്‍ മറ്റൊരു തമിഴനെ കണ്ടാല്‍ ആദ്യം ചോദിക്കുന്നത്‌ ശാപ്പിട്ട്‌ങ്കളാ, എന്നാണ്‌, ഭക്ഷണം കഴിച്ചോന്നാ ആദ്യം ചോദിക്കുന്നത്‌. അതുപോലെ ആന്ധ്രാപ്രദേശില്‌ നമ്മുടെ നാട്ടിലില്ലാത്ത ചില ശീലങ്ങളാണ്‌. ഏമണ്ടി ബാഗുന്നാരാ എന്നു ചോദിക്കും. എന്നുവച്ചാ അതിന്റെ അര്‍ത്ഥം എന്താ സുഖമല്ലേ എന്നാ. ഏമണ്ടി ബാഗനേ ഉന്നാരാ എന്നുള്ളതിന്റെ ഷോര്‍ട്ട്‌ഫോമാണത്‌. അതിനുള്ള മറുപടി നീ ബേവല്ല, നിങ്ങളുടെ ദയവുകൊണ്ട്‌ ഞാന്‍ സുഖമായിരിക്കുന്നു. ഇതൊരു ഔപചാരികതയായി തോന്നുമെങ്കിലും അതിനകത്തൊരു സൗഹൃദമുണ്ട്‌. അതുപോലെ, ഞാനവിടെയുണ്ടായിരുന്ന സമയത്ത്‌, തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ വീടുകളിലെല്ലാം തിണ്ണയുണ്ടാവും. ഇപ്പൊ അതൊക്കെ പോയിട്ടുണ്ടാവും.. ഒക്കെ ടെറസ്സ്‌ വീടുകളായിക്കാണും. ഈ തിണ്ണയെന്തിനാന്ന്‌ ചോദിച്ചപ്പൊ വഴിപോക്കര്‍ക്ക്‌ കെടക്കാനാ എന്നാ പറഞ്ഞത്‌. അതൊരു സംസ്‌കാരം. പിന്നെ, അവര്‌ വാതിലടച്ച്‌ കിടക്കുംമുമ്പ്‌. വെളിയിലാരെങ്കിലും കിടക്കുന്നുണ്ടോ, അയാള്‌ ഭക്ഷണം കഴിച്ചോ എന്നന്വേഷിച്ചിട്ടേ വാതിലടച്ചു കിടക്കൂ. പോയിട്ടുണ്ടാവും. ഇങ്ങനെയൊക്കെ എനിക്ക്‌ വളരെ ഇഷ്‌ടപ്പെട്ട പ്രദേശമാണ്‌ തമിഴ്‌നാടും ആന്ധ്രാപ്രദേശും. സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും അമ്മാ എന്നാ വിളിക്കുന്നത്‌. എന്നമ്മാന്ന്‌ വിളിക്കും. അതൊക്കെ നല്ല സംസ്‌കാരമാണ്‌. നമ്മുടെ നാട്ടിലും അതനുസരിച്ചൊക്കെ വരേണ്ടതായിരുന്നു.
*നമ്മുടെ നാട്ടില്‍ അങ്ങനെയൊക്കെ വരാത്തതിനുള്ള കാരണമെന്താണ്‌?
നമ്മുടെ നാട്ടില്‍ പാശ്ചാത്യവത്‌കരണവും എല്ലാംകൂടി ഒരു മിശ്രിതമായിപ്പോയി. അതിനെ നിലനിറുത്താനാ ശ്രമിക്കുന്നത്‌. ഒരുപാട്‌ നന്മകള്‍ നമുക്കുണ്ട്‌. അയ്യാവൈകുണ്‌ഠസ്വാമികള്‍ മുതലിങ്ങോട്ട്‌ എത്രപേരാ നമുക്കുള്ളത്‌. അവരെയൊക്കെ നമ്മുടെ പുതിയ തലമുറ, പഠിക്കേണ്ടതാണ്‌. ഇപ്പോ ഇംഗ്ലീഷ്‌ മീഡിയം പഠിക്കുന്ന കുട്ടികള്‍ അയ്യാ വൈകുണ്‌ഠസ്വാമികളെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവുമോ? സഹോദരന്‍ അയ്യപ്പനെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവുമോ? മാതൃഭാഷ പഠിക്കുമ്പം അവര്‌ കേട്ടിരിക്കേണ്ട പേരുകളാണ്‌. നമ്മുടെ കുട്ടികള്‍ ശരിക്കും നമ്മുടെ നവോത്ഥാനചരിത്രം പഠിച്ചിരിക്കണം, ചാന്നാര്‍ ലഹള പഠിച്ചിരിക്കണം. സ്‌കൂളുകള്‍ അതൊക്കെ പഠിപ്പിക്കണം. കുഞ്ഞിന്റെ ആദ്യത്തെ സര്‍വ്വകലാശാല കുടുംബമാണ്‌. കുടുംബത്തില്‍നിന്നുതന്നെ കുട്ടികള്‍ക്ക്‌ അതിനെക്കുറിച്ചുള്ള ബോധമുണ്ടാക്കിക്കൊടുക്കണം. നമ്മുടെ വേരാണതെന്ന്‌ പറഞ്ഞുകൊടുക്കണം. മോനേ, മോളേ, ഇന്ന്‌ നീ കഴിയുന്ന ഈ സുസ്ഥിതി ഉണ്ടാക്കിയത്‌ ഇവരാണ്‌ എന്ന്‌ പറഞ്ഞുകൊടുക്കണം. നമ്മള്‍ നടന്നുവന്ന വഴിയെന്താണെന്ന്‌ തിരിഞ്ഞുനോക്കണം. നമ്മുടെയൊക്കെ പ്രസംഗത്തില്‍ അതൊക്കെ കടന്നുവരണം. കഴിഞ്ഞതവണ സഹോദരന്‍ അയ്യപ്പന്റെ, മിശ്രഭോജനത്തിന്റെ വാര്‍ഷികം ഉത്‌ഘാടനംചെയ്‌തു പ്രസംഗിക്കുമ്പൊ ഞാനിതൊക്കെ പറഞ്ഞു. സാനുമാഷും കൂടി ആവശ്യപ്പെട്ടിട്ടാ ഞാന്‍ ഉത്‌ഘാടനത്തിനു പോയത്‌. ഒരുപാട്‌ കുട്ടികള്‍ അവിടെയുണ്ടായിരുന്നു. അപ്പൊ എനിക്ക്‌ വലിയ സന്തോഷമായി. സഹോദരന്‍ അയ്യപ്പനെക്കുറിച്ച്‌ വിശദമായി അവരോട്‌ പറയാന്‍ പറ്റി. സഹോദരന്‍ അയ്യപ്പന്റെ അച്ഛന്‍. ജാതിയും മതവും നോക്കാതെയും പൈസവാങ്ങാതെയും ചികിത്സിച്ചിരുന്ന വൈദ്യനാണ.്‌ സഹോദരന്‍ അയ്യപ്പനെതിരെ രാജാവിന്റടുക്കല്‍ പലരും പോയിപ്പറഞ്ഞിട്ട്‌ രാജാവതൊന്നും കണക്കാക്കിയില്ല. രാജാവ്‌ സഹോദരന്‍ അയ്യപ്പനെ ബഹുമാനിക്കയായിരുന്നു. ഈ സഹോദരന്‍ അയ്യപ്പന്റെ ചരിത്രം കുട്ടികള്‍ പഠിക്കണം. അവരുടെ വ്യക്തിത്വത്തില്‍ അതൊക്കെ വേണം. കുട്ടികള്‍ കുടുംബത്തില്‍നിന്നേ അതൊക്കെ പഠിക്കണം. അവര്‍ നല്ല മനുഷ്യരായി വളരണം. എന്റെമോന്‍ നല്ലൊരു ഡോക്‌ടറാവണം, എഞ്ചിനിയറാവണം എന്നൊക്കെയാ എല്ലാവരും ആഗ്രഹിക്കുന്നത്‌, അല്ലാതെ അവനൊരു നല്ല മനുഷ്യനാവണം എന്നാരും ചിന്തിക്കാറില്ല. നമുക്കിപ്പൊ നല്ല വിദഗ്‌ധരായ ധാരാളംപേരുണ്ട്‌, പക്ഷേ, നല്ല വിദഗ്‌ധരായ മനുഷ്യരില്ല. നമ്മുടെ ആവശ്യം നല്ല മനുഷ്യരായ വിദഗ്‌ധരെയാണ്‌.

* അങ്ങയുടെ സൈലന്‍സര്‍ എന്ന കഥ സിനിമയാവുകയാണല്ലൊ. ഉടനെ റിലീസാവുമോ? ആ കഥ എഴുതാനുണ്ടായ പ്രചോദനമെന്താണ്‌?
സിനിമയുടെ ഷൂട്ടിംഗൊക്കെ കഴിഞ്ഞു. മിക്കവാറും ഡിസംബര്‍ അവസാനത്തോടെ റിലീസാവുമെന്നാ തോന്നുന്നത്‌. 1998-ല്‍, ഒരുദിവസം തൃശൂരില്‍, മകന്റെ വീട്ടിലിരിക്കുമ്പോള്‍ വലിയ ഇരമ്പലോടെ ഒരു ബൈക്ക്‌ കടന്നുപോകുന്നതിന്റെ ശബ്‌ദം കേട്ടു. വേഗം ചെന്നുനോക്കിയപ്പോഴേക്കും ബൈക്ക്‌ അപ്രത്യക്ഷമായിരുന്നു. ആരാണ്‌ ആ ബൈക്കോടിച്ചുപോയതെന്ന്‌ മരുമകളോട്‌ ചോദിച്ചപ്പൊ അവള്‍ പറഞ്ഞു വളരെ പ്രായമായ ഒരാളാണെന്ന്‌. ശരിക്കും കഥയുടെ ചിന്ത തുടങ്ങുന്നത്‌ അവിടെനിന്നാണ്‌. അത്‌ സൈലന്‍സറില്ലാത്ത ഒരു ബൈക്കായിരുന്നു.
* അങ്ങയുടെ വ്യക്തിപരമായ വിശേഷങ്ങള്‍?
എന്റെ ഭാര്യ പത്മ. അവളെന്നെ വിട്ടുപോയിട്ടിപ്പൊ ഇരുപത്‌ വര്‍ഷമായി. പക്ഷേ, അങ്ങനെ വിട്ടുപോയെന്ന്‌ പറയാനേ പറ്റില്ല. ഇന്ന്‌ നിങ്ങള്‍ കാണുന്ന ഈ ഞാന്‍ കുറേയേറെ അവളുടെ സൃഷ്‌ടിയാണ്‌. ഏതു വിപരീതത്തിലും ചിരിച്ചുകൊണ്ട്‌ നേരിടാന്‍ എന്നെ പഠിപ്പിച്ച വ്യക്തി എന്റെ ഭാര്യ പത്മയാണ്‌. കാരണം അവള്‍ക്ക്‌ അസുഖമായിരുന്നു, ദീര്‍ഘകാലം പലപല അസുഖങ്ങള്‍, പ്രത്യേകിച്ചും ക്രോണിക്‌ ഡയബറ്റിസ്‌. ഇതൊന്നും പ്രശ്‌നമാക്കിയിരുന്നില്ല. മരിക്കുന്ന ദിവസം വരെ സന്തോഷവതിയായിട്ടിരുന്നു. അങ്ങനെ ഒരു ജീവിതപാഠം എന്നെ പഠിപ്പിച്ചു. അസഹിഷ്‌ണുത ഇല്ലാതായി. ഇതൊക്കെ ചെയ്‌തത്‌ പത്മയാണ്‌. നല്ല വായനക്കാരിയായിരുന്നു. മലയാളം ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ താമസിക്കുമ്പം എനിക്കെഴുതാന്‍ പ്രചോദനമായത്‌ ഈയൊറ്റയാള്‌ മാത്രമാ, എന്റെ ആദ്യത്തെ വായനക്കാരി. മൂന്നുകുഞ്ഞുങ്ങളാണ്‌ ഞങ്ങള്‍ക്ക്‌. രണ്ടാണും ഒരു പെണ്ണും - പ്രവീണ്‍, പ്രദീപ്‌, പൂര്‍ണ്ണിമ. പ്രവീണ്‍ ഒരു സി.ബി.എസ്‌.സി ടെക്‌സ്റ്റുബുക്‌ കമ്പനിയുടെ റീജിയണല്‍ മാനേജരാണ്‌. പ്രദീപ്‌ ബാംഗ്ലൂരില്‍ ഒരു ഐറ്റി കമ്പനിയുടെ ഡയറക്‌റ്ററാണ്‌. പൂര്‍ണ്ണിമ പാലക്കാട്‌ ചിറ്റൂര്‍ ഹൈസ്‌കൂളിലെ മലയാളം അദ്ധ്യാപികയാണ്‌. അഞ്ചു പേരക്കുട്ടികളുണ്ട്‌. ഇപ്പൊ താമസം മൂത്തമകന്റെ കൂടെ തൃശൂരില്‍. അവന്റെ ഭാര്യ ഗീത എനിക്ക്‌ മകളെപ്പോലുള്ള ഒരു കുട്ടിയാണ്‌. അതുകൊണ്ട്‌ എനിക്കവിടെ സന്തോഷമായി ജീവിക്കാന്‍ പറ്റുന്നുണ്ട്.

No comments:

Post a Comment