Tuesday, 2 October 2018

കിണറിന്‍റെ ആഴമളന്ന പെണ്ണ് (കഥ) എസ്.സരോജം


പെണ്ണ്‌ കിണറ്റിലെ വെള്ളത്തില്‍ ആഴ്‌ന്നാഴ്‌ന്നുപോയി. അവളുടെ കണ്ണില്‍ ഇരുട്ടായിരുന്നു. ചെളിയില്‍ മുട്ടിനിന്നപ്പോഴാണ്‌ മനസ്സിലായത്‌ കിണറിന്‍റെ  അടിത്തട്ടില്‍ എത്തിയെന്ന്. 
അയ്യൊ, എന്തൊരാഴമാണീ കിണറിന്‌! 
`കിണറ്‌ പെണ്ണിന്‍റെ മനസ്സുപോലെയാണ്‌, കെട്ടിനില്‍ക്കുന്ന വെള്ളത്തിന്‍റെ  അളവുവച്ച്‌ അതിന്‍റെ  ആഴം അളക്കാന്‍ പറ്റില്ല. അടിത്തട്ടിലെ ചെളിമണ്ണിനുമപ്പുറം, ഉറവകളുടെ ഉത്ഭവം വരെ നീളുന്ന ആഴമുണ്ടതിന്‌.' കൊച്ചുന്നാളില്‍, വീട്ടുമുറ്റത്ത്‌ കിണറുകുഴിക്കാന്‍ വന്ന രാമന്‍ മേസ്‌തിരിയില്‍നിന്നും കിട്ടിയ വലിയ അറിവായിരുന്നു അത്‌. രാമാ കിണറിന്‌ എത്ര ആഴമുണ്ടാവും എന്ന്‌ അച്ഛന്‍ ചോദിച്ചപ്പോഴാണ്‌ രാമന്‍ മേസ്‌തിരി പതിറ്റാണ്ടുകളായി പരിചയിച്ചറിഞ്ഞ ആ സത്യം പരസ്യമായി പറഞ്ഞത്‌. അന്നുമുതല്‍ അവള്‍ കിണര്‍ എന്ന വാക്കിനെ പെണ്ണുമായി കൂട്ടിവായിക്കാന്‍ തുടങ്ങി. വലിയ സങ്കടം വരുമ്പോഴൊക്കെ കിണറിന്‍റെ  കരയില്‍ ചെന്നുനിന്ന്‌ അതിന്‍റെ  ആഴത്തിലേക്ക്‌ തുറിച്ചുനോക്കും. ഒരിക്കലും അടിത്തട്ടു കാണാനാവാത്തവിധം വെള്ളംനിറഞ്ഞുകിടക്കുന്ന കിണര്‍ അവളെ അത്ഭുതപ്പെടുത്തും. മണ്ണിനടിയില്‍നിന്നും നിരവധി നീരുറവകള്‍ വന്നു നിറയുന്ന കിണറുപോലെ, പുറമേനിന്നു നോക്കിയാല്‍ ആഴമറിയാത്ത മനസ്സാണത്രെ പെണ്ണിനും. ഈ രാമന്‍ മേസ്‌തിരി ആളൊരു മഹാന്‍ തന്നെ. അല്ലെങ്കില്‍ കിണറിനെ പെണ്ണിന്‍റെ  മനസ്സിനോട്‌ ഉപമിക്കുമോ. 
മനസ്സിന്‍റെ  ആഴംകൊണ്ടല്ലേ താനിത്രയും നാള്‍ ജീവിതത്തില്‍ പിടിച്ചുനിന്നത്‌. തന്നെ പെറ്റപ്പോഴാണത്രെ അമ്മയെ കാലന്‍ കൊണ്ടുപോയത്‌. പോറ്റിവളര്‍ത്തിയ അച്ഛന്‍റെ  പെട്ടെന്നുള്ള മരണം എന്തെല്ലാം ദുരന്തങ്ങളായാണ്‌ തന്നിലേക്ക്‌ പെയ്‌തിറങ്ങിക്കൊണ്ടിരിക്കുന്നത്‌. ആകെയുള്ളൊരു കൂടെപ്പിറപ്പ്‌ എത്രയുംപെട്ടെന്ന്‌ കല്യാണം കഴിപ്പിച്ചയച്ച്‌ കടമതീര്‍ത്തു. എന്നിട്ട്‌, വീടും വിറ്റ്‌ വിദേശത്തേക്ക്‌ കുടിയേറി. കെട്ടിയവന്‍ ചെലവിന്‌ തരാത്ത മുഴുകുടിയനായിരുന്നെങ്കിലും താന്‍ ജോലിചെയ്‌ത്‌ അയാള്‍ക്കും ചോറുകൊടുത്തു. അടിയും വഴക്കും ഇല്ലാത്ത ദിവസങ്ങളില്ലായിരുന്നു. എത്ര വഴക്കിട്ടാലും ആ മനസ്സ്‌ നിറച്ച്‌ സ്‌നേഹമായിരന്നു. മോള്‍ക്ക്‌ പത്തുവയസ്സായപ്പൊ അങ്ങേര്‌ കരള്‍വീക്കംവന്ന്‌ മരിച്ചുംപോയി. സ്വന്തമായൊരു പുരുഷന്‍ ഇല്ലാതായപ്പൊഴാണ്‌ സ്‌നേഹംപറഞ്ഞ്‌ പുറകേ നടക്കാന്‍ ഒരുപാടുപേരുണ്ടെന്ന്‌ മനസ്സിലായത്‌. എല്ലാവരും അളക്കാന്‍ വന്നത്‌ ശരീരത്തിന്‍റെ  വടിവുകളായിരുന്നു. തന്‍റെ  ശരീരം തന്‍റെ  മാത്രം അവകാശമാണെന്ന്‌ ഉറക്കെ പറഞ്ഞപ്പൊഴാണ്‌ അതിനെക്കാളുറക്കെ അവര്‍ പറഞ്ഞത്‌; നിനക്ക്‌ പറ്റില്ലേല്‍ നിന്‍റെ  മോളെ മതിയെടീന്ന്‌. പത്തുവയസ്സായ മോളേംകൊണ്ട്‌ കിണറിന്‍റെ  ആഴത്തില്‍ പോയൊളിച്ചാലോന്ന്‌ പലവട്ടം വിചാരിച്ചതാണ്‌. പക്ഷേ, താന്‍ പെറ്റ മകള്‍ക്ക്‌ താനായിട്ടുതന്നെ ഭൂമിയിലെ കാറ്റും വെളിച്ചവും നഷ്‌ടമാക്കുന്നത്‌ ശരിയല്ലല്ലൊ എന്നൊരു സങ്കടവിചാരം കരളിനെ കുത്തിയറുക്കും. കുറേ സങ്കടം കണ്ണിലൂടെ ഒലിച്ചുപോവുമ്പോള്‍ ഉറപ്പായും വിചാരിക്കും ഒരു കിണറിലും ഒളിച്ചിരിക്കാന്‍ പറ്റൂല്ലെന്ന്‌, ആരുടെ മുന്നിലും തോറ്റുകൊടുക്കാന്‍ മനസ്സില്ലെന്ന്‌. താനും മോളും ഇവിടെത്തന്നെ അന്തസ്സായി ജോലിചെയ്‌ത്‌ ജീവിക്കുമെന്ന്‌.
എത്ര കുഴിച്ചുനോക്കിയാലും പെണ്ണിന്‍റെ  മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും ഉറവകളുടെ അറ്റം കണ്ടെത്താന്‍ പുരുഷനെക്കൊണ്ടാവില്ലെന്ന്‌ അവള്‍ക്കറിയാം. പക്ഷേ, ഒരിക്കലും വറ്റാത്ത ഈ ഉറവകളൊക്കെ എവിടെയാണ്‌ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന്‌ അവള്‍ക്കുപോലും അറിയില്ല. അതുകൊണ്ടാണല്ലൊ ആഗ്രഹിക്കാത്ത നേരത്തും കാലത്തുമൊക്കെ അവ പൊട്ടിയൊഴുകുന്നത്‌. ഇപ്പോള്‍ നകുലേട്ടന്റെ മുന്നിലെന്നല്ല, ഈ കിണറിന്‍റെ  ആഴത്തിനുപോലും കീഴടങ്ങാന്‍ തനിക്ക്‌ മനസ്സില്ലാത്തത്‌ മകളോടുള്ള സ്‌നേഹത്തിന്‍റെ  ഉറവയ്‌ക്ക്‌ അറ്റമില്ലാത്തതുകൊണ്ടല്ലെ. സ്‌നേഹം പോലെ തന്നെ വിശ്വാസത്തിനുമുണ്ട്‌ മനസ്സറിയാതെ കിനിയുന്ന കൊച്ചുറവകള്‍. യൗവ്വനക്കാരിയായ അമ്മയും കൗമാരക്കാരിയായ മകളും മാത്രമുള്ള വീടിനുചുറ്റും കഴുകന്‍കണ്ണുകള്‍ തക്കംപാര്‍ത്തിരുന്നപ്പോഴാണ്‌ ജോലിസ്ഥലത്തുവച്ച്‌ പരിചയപ്പെട്ട നകുലേട്ടന്‍റെ  പഞ്ചാരവാക്കുകള്‍ പെട്ടെന്നങ്ങ്‌ വിശ്വസിച്ചുപോയത്‌.
`എനിക്ക്‌ അമ്മയില്ലാത്ത രണ്ടുമക്കളുണ്ട്‌, ഒരാണും ഒരു പെണ്ണും. നിനക്കൊരു മകളും. നമുക്ക്‌ അവരുടെ കാര്യങ്ങളും നോക്കി, പരസ്‌പരം സ്‌നേഹിച്ചും വിശ്വസിച്ചും സന്തോഷമായി ജീവിക്കാം.' 
`നകുലേട്ടാ, നമുക്ക്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്യാം. എന്നിട്ടുമതി ഒരുമിച്ചുള്ള ജീവിതം.' 
`എന്താ രാഖീ, നിനക്കെന്നെ വിശ്വാസമില്ലേ? എത്രയോപേര്‍ ഇക്കാലത്ത്‌ ഒരുരേഖയുടെയും പിന്‍ബലമില്ലാതെ ഒരുമിച്ച്‌ ജീവിക്കുന്നു. വിവാഹമെന്നൊക്കെ പറയുന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടല്ലെ.'
`എന്നാലും, ഒരുമിച്ച്‌ താമസിക്കുന്നതിന്‌ ഒരുറപ്പു വേണ്ടേ?'
`നീയെന്തിനാ പേടിക്കുന്നത്‌? ഞാനെന്നും നിന്നോടൊപ്പമുണ്ടാവും. മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയെക്കാള്‍ വലുതാണോ വെറുമൊരു ചടങ്ങ്‌? 
വിശ്വാസവാക്കുകള്‍ വാരിച്ചൊരിഞ്ഞ പുരുഷനെ ജീവിതത്തിലേക്ക്‌ കൂട്ടിയപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. രണ്ടുപേരും ജോലിചെയ്‌ത്‌ ഒരുമിച്ചൊന്നായി കുടുംബം പുലര്‍ത്താമെന്ന സുഖമുള്ള സങ്കല്‍പമായിരുന്നു. പക്ഷേ, ആഴ്‌ചയിലൊരിക്കല്‍ അയാള്‍ ഒറ്റയ്‌ക്ക്‌ പോയിവന്നതല്ലാതെ മക്കളെ ഒരിക്കല്‍പോലും ഇങ്ങോട്ട്‌ കൊണ്ടുവന്നില്ല അവിടെ അവരെ നോക്കാന്‍ അയാളുടെ അമ്മയുണ്ടത്രെ. അധികം താമസിയാതെ തന്നെ അവളുടെ ഉള്ളില്‍ സംശയങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി. പലതും സഹിച്ചും പൊറുത്തും രണ്ടുകൊല്ലം കഴിഞ്ഞുപോയി. 
ഒരുദിവസം വീട്ടിലേക്കെന്നു പറഞ്ഞ്‌ പോയയാള്‍ ഒരുമാസം കഴിഞ്ഞാണ്‌ മടങ്ങിവന്നത്‌. പോയതുപോലെയല്ല തിരിച്ചുവന്നത്‌. ആകെക്കൂടിയൊരു മാറ്റം. പഴയതുപോലുള്ള സ്‌നേഹമോ വര്‍ത്തമാനമോ ഇല്ല, ഉറങ്ങാന്‍നേരത്തും മൊബൈലില്‍ നോക്കിയിരിക്കും. ചിലപ്പോള്‍ ഫോണുമായി വെളിയിലേക്കിറങ്ങും. ആരോടാണിത്രയ്‌ക്ക്‌ രഹസ്യം പറയുന്നതെന്ന്‌ പിടികിട്ടാതെ നെഞ്ചുപിടയ്‌ക്കാന്‍ തുടങ്ങി. അയാള്‍ കുളിക്കാന്‍പോയ നേരത്ത്‌ ഫോണെടുത്ത്‌ തുറന്നുനോക്കി, സ്‌ക്രീനിലെ വിവാഹഫോട്ടൊ കണ്ട് കറണ്ടില്‍ തൊട്ടതുപോലെ നിന്നെരിഞ്ഞു. 
ജോലിസ്ഥലത്ത്‌ സുഖമായി താമസിക്കാന്‍ ഒരിടം എന്നത്‌ മാത്രമാണോ അയാളുടെ ഉദ്ദേശം? എന്തായാലും അയാളുമായി തനിക്കിനി പൊരുത്തപ്പെടാനാവില്ല. മോളേംകൊണ്ട്‌ ഇവിടം വിട്ടുപോവുന്നതാ നല്ലത്‌. 
നകുലേട്ടാ ഞാനീ വീടൊഴിഞ്ഞുകൊടുക്കാന്‍ പോകുന്നു. വേറെ താമസസൗകര്യം നോക്കിക്കൊ.
അത്‌ നീ ഒറ്റയ്‌ക്കങ്ങ്‌ തീരുമാനിച്ചാ മതിയോ? 
എന്‍റെ  കാര്യം തീരുമാനിക്കേണ്ടത്‌ ഞാനല്ലാതെ പിന്നാരാ? 
മര്യാദയ്‌ക്ക്‌ അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലേല്‍ ചവിട്ടി എല്ലൊടിക്കും ഞാന്‍.
അതങ്ങ്‌ കെട്ടിയവളോട്‌ പോയി പറ. എന്നെ ചവിട്ടിയാലേ വിവരമറിയും.
എന്നാപ്പിന്നെ അതറിഞ്ഞിട്ടു മതിയെടീ ബാക്കി കാര്യങ്ങള്‌.
അയാള്‍ മകളുടെ മുന്നിലിട്ട്‌ അവളെ അടിക്കാനും ചവിട്ടാനും തുടങ്ങി. അവശയായപ്പോള്‍ തലയില്‍ പിടിച്ച്‌ ചുവരിലിടിച്ചു. എന്നിട്ടും അരിശം തീരാതെ, വലിച്ചിഴച്ച്‌ കിണറ്റിലേക്കിട്ടു.
ഗ്രാമപ്പുഴയില്‍ നീന്തിപ്പഠിച്ച പെണ്ണ്‌ നിലവെള്ളംചവിട്ടിത്തെന്നി വെള്ളത്തിനു മുകളിലെത്തി, കരളുറപ്പോടെ തൊടിയില്‍ പിടിച്ചിരുന്നു. 
കരയിലിപ്പോള്‍ മകളുടെ നിലവിളി ഉയരുന്നുണ്ടാവും, അതുകേട്ട്‌ അയല്‍ക്കാര്‍ ഓടിക്കൂടുന്നുണ്ടാവും. രക്ഷിക്കാന്‍ ആരെങ്കിലും എത്തുന്നതുവരെ എങ്ങനെ പിടിച്ചിരിക്കും ചവിട്ടുകൊണ്ടു ചതഞ്ഞ കൈകാലുകള്‍ കുഴഞ്ഞുതുടങ്ങിയിരിക്കുന്നു. ഏതുനിമിഷവും പിടിവിട്ടുപോവാം. ഇനിയും വീണാല്‍, പിന്നെ, തന്‍റെ  ജീവനറ്റ ശരീരമാവും വെള്ളത്തിനുമീതെ പൊന്തിവരിക. ജീവജലം തരുന്ന കിണറിന്‌ ജീവനെടുക്കാന്‍ ഒരുനിമിഷം മതി. വിചാരിച്ചുതീരുംമുമ്പ്‌ പിടിവിട്ട്‌, വീണ്ടും വെള്ളത്തിലേക്ക്‌ താണുപോയി. 
ആശുപത്രിക്കിടക്കയില്‍, കണ്ണുതുറന്നപ്പോള്‍ അവള്‍ മകളോട്‌ പറഞ്ഞത്‌ കിണറിന്‍റെ  ആഴത്തെക്കുറിച്ചു മാത്രമായിരുന്നു.

No comments:

Post a Comment