Monday, 19 November 2018

പുസ്‌തകാസ്വാദനം - ശ്രീവിദ്യാ രാജീവ്‌


(എസ്‌. സരോജത്തിന്‍റെ  സോനമാര്‍ഗിലെ ചെമ്മരിയാടുകള്‍)

                   വിഷയവ്യത്യസ്ഥതകള്‍ നടമാടിത്തകര്‍ക്കുന്ന അക്ഷരക്കൂട്ടങ്ങളാണിതിലെ കവിതകള്‍. സാമൂഹ്യവിമര്‍ശനങ്ങള്‍ മുതല്‍ ആത്മാന്വേഷണം വരെ എത്തുന്ന ആശയവൈവിധ്യം. അതില്‍നിന്നും പ്രമേയസാമ്യംകൊണ്ട്‌ തുല്യമായ ഏഴു കവിതകള്‍ തെരഞ്ഞെടുക്കുകയാണ്‌, ഇന്നും ഏറെ പരിഹസിക്കപ്പെടുന്ന ലിംഗസമത്വത്തിന്‍റെ  വക്താക്കളാകുന്ന ഏഴു കവിതകള്‍, അല്ലെങ്കില്‍ തച്ചുടയ്‌ക്കപ്പെടുന്ന സ്‌ത്രീശരീരത്തിനുള്ളിലെ സ്വതന്ത്രേച്ഛുവായ മനസിന്‍റെ  ജാഗരണം കൊതിക്കുന്ന കവിതകള്‍.
എത്രയോ പാടിയിട്ടും രോഷംതീരാതെ കാലം നിരന്തരം നമ്മെ തയാറാക്കുകയാണ്‌, പെണ്ണുടലിനും മനസിനും ആത്മസ്വാതന്ത്ര്യം സാധ്യമാക്കാന്‍ കാലത്തിന്‍റെ  ഈ മുന്നൊരുക്കത്തില്‍ കവിയുടെ മനസ്‌ പങ്കെടുക്കുന്നു. ശക്തരായ അക്ഷരപ്പോരാളികള്‍ വഴിതെറ്റിയ സമൂഹത്തിനുമുന്നില്‍ ചതുരംഗപ്പദങ്ങളുമായി ചലനമാര്‍ന്നു നില്‍ക്കുകയാണ്‌. ഓരോ സംശയത്തിനും സമൂഹം മറുപടി നല്‍കേണ്ടതുണ്ട്‌. അടിച്ചമര്‍ത്തപ്പെടുന്ന ഓരോ പെണ്ണുടലിനും ശക്തമായൊരു മനസ്സുണ്ടെന്ന്‌ കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തിരിച്ചറിവുകള്‍ വീര്‍പ്പുമുട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണെന്ന്‌ കവി വാക്കിലൂടെ വരച്ചുവയ്‌ക്കുന്നു.
 വേലിതന്നെ വിളവുതിന്നുകയാണെന്ന പഴഞ്ചൊല്ലിനെ സ്‌ഫുരിപ്പിക്കുന്നുണ്ട്‌ .`പനിനീര്‍മൊട്ടിന്‍റെ  ആധി' എന്ന കവിത. വീടിനുള്ളില്‍വച്ചുതന്നെ പീഡിപ്പിക്കപ്പെടുന്ന പിഞ്ചുബാല്യങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്‌ ഈ കവിതയിലെ പനിനീര്‍മൊട്ട്. മതിലിനപ്പുറത്തെ ശത്രുവിനെ ഭയന്നിരിക്കേണ്ട കാലത്തില്‍നിന്ന്‌ വീട്ടിനുള്ളിലെ ശത്രുവിന്‍റെ  നിരന്തര അതിക്രമത്തിന്‌ ഇരയാകുന്ന ബാല്യങ്ങള്‍, അമ്മയോടുപോലും പറയാനാകാതെ, അല്ലെങ്കില്‍ അമ്മയുടെ അറിവോടെ ഈ അകത്തെ ശത്രു നമ്മുടെ ബാല്യത്തെ നശിപ്പിക്കുമ്പോള്‍ മനസാക്ഷിയുള്ള സമൂഹത്തിന്‍റെ  പ്രതിനിധിയാവുകയാണ്‌ കവിയിവിടെ. ബിംബവല്‍കരിക്കപ്പെട്ടു ചമയ്‌ക്കപ്പെട്ടിരിക്കുന്ന കവിതയില്‍ മൊട്ടിനെ സംരക്ഷിക്കുന്ന മുള്ളുകള്‍ക്കിടയിലൂടെ നുഴഞ്ഞെത്തുന്ന വീട്ടിലെ പുഴുക്കളില്‍നിന്ന്‌ താന്‍ എങ്ങനെ രക്ഷനേടും, അതിനുള്ള വിദ്യ ആരോട്‌ ചോദിക്കും എന്ന്‌ പരിതപിക്കുന്ന `മൊട്ടില്‍' നിരാലംബരും നിസ്സഹായരുമാക്കപ്പെട്ട്‌ സ്വവസതിയില്‍തന്നെ ലൈംഗികാതിക്രമങ്ങള്‍ നേരിട്ട നിരവധി ബാല്യമുഖങ്ങളുണ്ട്‌. അമ്മയുടെ ഓര്‍മ്മപ്പെടുത്തലില്‍ പൊതുശത്രു, സ്ഥിരം ശത്രു മാത്രമേയുള്ളു. അകത്തും പുറത്തും ഒരുപോലെ വെല്ലുവിളി നേരിടുന്ന കുരുന്നുബാല്യത്തിന്‍റെ  നേര്‍ക്കാഴ്‌ചയാണീ കവിത. 
ജീവിതനീതിയില്‍ ഒരു പാട്ടുപോലും പാടാന്‍ കഴിയാതെ, യാതനകള്‍ക്കിടയിലും നിര്‍ബന്ധമായി പലതും സഹിക്കേണ്ടിവരുന്ന , അഭിപ്രായസ്വാതന്ത്ര്യം നഷ്‌ടപ്പെട്ടുപോയ പെണ്മയുടെ ആത്മദുഃഖം പേറുന്ന വരികളാണ്‌ `പാടാത്ത പാട്ട്‌'. ശൈശവം മുതല്‍ കേട്ടുവരുന്നതോരോന്നും പാട്ടുകളായാണ്‌ കവി അവതരിപ്പിക്കുന്നത്‌. പാട്ടുകള്‍ മനസ്സിന്‍റെ  ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്‌ മനുഷ്യനെ സ്വാധീനിക്കുന്നവയാണെന്ന്‌ കവിക്കറിയാം. താരാട്ടുപാട്ട്‌ ശൈശവത്തിനെ മാത്രമല്ല, ഒരു മനുഷ്യായുസിനെത്തന്നെ കരുപ്പിടിപ്പിക്കുവാന്‍ ശക്തിയുള്ളവയാണ്‌. പള്ളിയിലെ വാഴ്‌ത്തുപാട്ട്‌ ഭക്തിയും വാഴ്‌ത്തലുമൊക്കെ അര്‍ത്ഥാന്തരങ്ങള്‍ കൊള്ളുന്ന പദങ്ങളാണ്‌. `വാഴ്‌ത്തുപാട്ട്‌' ആധുനികകതയില്‍ മുഖംമാറ്റിയെത്തിയ മുതലാളിത്തവ്യവസ്ഥിതി പരോക്ഷമായും ചിലപ്പോഴൊക്കെ പ്രത്യക്ഷമായും നടമാടുന്ന ഈ കാലഘട്ടത്തില്‍ വാഴ്‌ത്തുപാട്ടുകള്‍ കാര്യസാദ്ധ്യത്തിനുള്ള പൊള്ളയായ ഉപാധി മാത്രമാണെന്നത്‌ ചിന്തിക്കുന്ന മനുഷ്യന്‌ സുവ്യക്തമായ കാര്യമാണ്‌. പെണ്ണിന്‍റെ  സമൂഹം പിന്നെ നയിക്കപ്പെടുന്നത്‌ കാമുകന്‍റെ  പാട്ടിലൂടെയാണ്‌. അവിടെയും പെണ്ണിന്‌ നിയന്ത്രിക്കാന്‍ കഴിയാത്ത ആണ്‍കോയ്‌മയുടെ വീരസ്യങ്ങളാണ്‌ പാട്ടുകളായി പിന്നാലെയെത്തുന്നത്‌. യൗവനമാവട്ടെ ഇണയുടെ ഇംഗിതത്തിന്‌ വഴങ്ങുന്ന ലൈംഗികതയുടെ ജീവിതം. അവിടെയും ആണ്‍കോയ്‌മ നിലനിറുത്തപ്പെടുന്നുവെന്നും പെണ്ണിന്‍റെ  പാട്ടിന്‌ ശ്രോതാക്കളില്ലെന്നും കവി ചിന്തിച്ചെടുക്കുന്നു. ജീവിതമദ്ധ്യാഹ്നം നരകയാതനകളുടെ ജീവിതസ്‌പന്ദത്തെക്കുറിക്കുന്നതാക്കാന്‍ 'മദ്യപന്‍റെ  ഭരണിപ്പാട്ട്‌' എന്ന പ്രയോഗം യോജിച്ചതാകുന്നു. മദ്യപാനിയുടെ താറുമാറായ ജീവിതം ദുരന്തമായിമാറുന്നത്‌ പെണ്ണിനാണ്‌. ആസ്വദിച്ചാനന്ദിക്കുന്ന പുരുഷന്‌ നഷ്‌ടബോധമില്ല. ജീവിതസായാഹ്നത്തിലെത്തിയിട്ടും ഒരു പാട്ടുപോലും പാടാന്‍ തനിക്ക്‌ കഴിഞ്ഞില്ലല്ലൊ, താന്‍ വെറുമൊരു കേള്‍വിക്കാരി മാത്രമായിരുന്നല്ലൊ എന്ന തിരിച്ചറിവിലാണ്‌ കവി പെണ്ണിനെ കൊണ്ടെത്തിക്കുന്നത്‌. സമൂഹത്തിലെ പകുതിയിലധികം സ്‌ത്രീകളുടെയും നിസ്സഹായ ജീവിതങ്ങളെ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുകയാണ്‌ കവി. മദ്യപാനായ പുരുഷനോടൊപ്പം ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മ ആത്മീയതയില്‍ അഭയംതേടുന്നത്‌ സ്വാഭാവികം. കവിഭാഷയില്‍തന്നെ പറഞ്ഞാല്‍ `ആത്മീയത വില്‍ക്കുന്ന കമ്പോളത്തിലേക്ക്‌' ആണ്‌ അവള്‍ ചെന്നെത്തുന്നത്‌. ആത്മീയത ഇന്നൊരു വില്‍പനച്ചരക്കാണെന്നും പണമുള്ളവനാണ്‌ ഇന്നത്തെ ശരിയായ ഭക്തനെന്നും ആരാധനാലയത്തിന്‍റെ  വാതിലുകള്‍ അവന്‍റെ  മുന്നില്‍ അസമയത്തും തുറക്കപ്പെടുമെന്നും ഈ കമ്പോളങ്ങള്‍ ദൈവത്തെ തേടിയെത്തുന്ന പെണ്ണിന്‍റെ  ഉടലിനെയാണ്‌ കാത്തിരിക്കുന്നതെന്നും കവി പെണ്ണിനെ ഉത്‌ബോധിപ്പിക്കുന്നു.
         കളിത്തോഴനോട്‌ കവി തന്‍റെ ഭയം പങ്കുവയ്‌ക്കുന്നതിങ്ങനെ:
``കൂരിരുള്‍തിങ്ങും കാടകംപോലെ
കാമംപൂക്കും മര്‍ത്യമാനസം
പൂവും പിഞ്ചും മുറ്റുമൊന്നുപോല്‍
പിച്ചിച്ചീന്തുന്നു നിര്‍ദ്ദയം.''
മാറ്റം എന്ന കവിതയില്‍ കവി സമൂഹത്തിന്‍റെ  മറ്റൊരു മുഖം വരച്ചിടുന്നു. `അരുത്‌ കാട്ടാളാ' എന്ന്‌ പണ്ടൊരു കവി പാടിയത്‌ ഇണയെ എയ്‌തുവീഴ്‌ത്തിയപ്പോള്‍ ഇണക്കിളിയുടെ ദുഃഖം കണ്ട്‌ സഹിക്കാതെയാണ്‌. ഇവിടെ മദ്യക്കോപ്പയിലാണ്‌ ആണ്‍കിളി മുങ്ങിമരിച്ചത്‌. പെണ്‍കിളിയുടെ ദുഃഖമല്ല, ശരീരമാണ്‌ ഇറച്ചിക്കൊതിയന്മാര്‍ കാണുന്നത്‌. ഇണ നഷ്‌ടപ്പെട്ടവളെ `ശപിക്കപ്പെട്ടവള്‍' എന്ന ക്രൂരപരിഹാസംകൊണ്ട്‌ കുത്തിനോവിക്കുന്ന അവസ്ഥ. "നീതിയെന്നാല്‍ ആണുമല്ല പെണ്ണുമല്ല, നിയമപുസ്‌തകത്തില്‍ വീര്‍പ്പുമുട്ടിപ്പിടയുന്ന കടിച്ചാല്‍പൊട്ടാത്ത വാക്കുകളുമല്ല'' സമസ്‌തജീവജാലങ്ങളെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കുക എന്നതുമാത്രമാണെന്നാണ്‌ ഈ കവിയുടെ മതം. 
സമൂഹമാകെ ചെമ്മരിയാട്ടിന്‍കൂട്ടത്തെപ്പോലെ ഒരു ഇടയനാല്‍ നയിക്കപ്പെടുകയാണ്‌. ഇടയന്‍റെ കൈയിലെ വടിയെ ഭയന്ന്‌ ഒരിടത്തും നില്‍ക്കാതെ തുടരുന്ന പ്രയാണം. "മത്തുപിടിച്ച ചെമ്മരിമുട്ടന്മാര്‍
ഭോഗാര്‍ത്തി പെരുത്ത്‌ താളംതുള്ളുന്ന യൗവനക്കരുത്ത്‌'' അനുസരിപ്പിക്കുകയെന്ന അലിഖിതമായ നേതൃന്യായം സമൂഹത്തെ വലയ്‌ക്കുന്നുണ്ട്‌. ``മുഴുമിപ്പിക്കാനാവാതെ മുട്ടന്മാരുടെ ഭോഗയജ്ഞം'' ഇഷ്‌ടങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കാന്‍ കഴിയാത്ത സമൂഹം എന്നും പഴുതുകള്‍ക്കായി കാത്തിരിക്കും. കവിയുടെ മനസ്സില്‍ മൊഴിമുട്ടിപ്പിടയുന്ന ഒരു വികൃതിച്ചോദ്യമുണ്ട്‌ : ``ഇടയന്മാര്‍ക്ക്‌ വഴിതെറ്റിയാല്‍ കുഞ്ഞാടുകളുടെ ഗതിയെന്ത്‌?'' `രാജാവ്‌ നഗ്നനാണ്‌' എന്ന്‌ വിളിച്ചുപറയുന്നൊരു ധൈര്യം കവിയുടെ ചോദ്യത്തിലുണ്ട്‌.
`സ്വതന്ത്രനായ വ്യക്തി' എന്ന സങ്കല്‍പമുണ്ട്‌ കവിമനസ്സില്‍. വര്‍ണ്ണ-ലിംഗ ഭേദമില്ലാത്ത വ്യക്തി. തികച്ചും പ്രകൃതിക്കനുകൂലമായ ജീവിതസ്വാതന്ത്ര്യമാണ്‌ കവി വിവക്ഷിക്കുന്നതെന്ന്‌ വ്യക്തം. സമത്വമാണ്‌ സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കുന്ന മുഖ്യമായ വഴിത്താര. ആണ്‍-പെണ്‍ ഭേദങ്ങള്‍ സ്വതന്ത്രസമൂഹത്തിന്‌ തടസ്സംനില്‍ക്കുന്നു എന്ന ചിന്ത മറ്റുപല കവിതകളും മുന്നോട്ടുവയ്‌ക്കുന്നുണ്ടെങ്കിലും ഏഴു കവിതകള്‍ മാത്രം വായിക്കുവാന്‍ ശ്രമിച്ചുകൊണ്ട്‌, സാമൂഹ്യ അനീതികള്‍ക്കെതിരെ പോരാടാന്‍ ഈ കവിക്ക്‌ എല്ലാവിധ പിന്തുണകളും ആശംസകളും നേര്‍ന്നുകൊണ്ട്‌ ഇവിടെ നിറുത്തുന്നു.                                                                                               

Tuesday, 2 October 2018

കിണറിന്‍റെ ആഴമളന്ന പെണ്ണ് (കഥ) എസ്.സരോജം


പെണ്ണ്‌ കിണറ്റിലെ വെള്ളത്തില്‍ ആഴ്‌ന്നാഴ്‌ന്നുപോയി. അവളുടെ കണ്ണില്‍ ഇരുട്ടായിരുന്നു. ചെളിയില്‍ മുട്ടിനിന്നപ്പോഴാണ്‌ മനസ്സിലായത്‌ കിണറിന്‍റെ  അടിത്തട്ടില്‍ എത്തിയെന്ന്. 
അയ്യൊ, എന്തൊരാഴമാണീ കിണറിന്‌! 
`കിണറ്‌ പെണ്ണിന്‍റെ മനസ്സുപോലെയാണ്‌, കെട്ടിനില്‍ക്കുന്ന വെള്ളത്തിന്‍റെ  അളവുവച്ച്‌ അതിന്‍റെ  ആഴം അളക്കാന്‍ പറ്റില്ല. അടിത്തട്ടിലെ ചെളിമണ്ണിനുമപ്പുറം, ഉറവകളുടെ ഉത്ഭവം വരെ നീളുന്ന ആഴമുണ്ടതിന്‌.' കൊച്ചുന്നാളില്‍, വീട്ടുമുറ്റത്ത്‌ കിണറുകുഴിക്കാന്‍ വന്ന രാമന്‍ മേസ്‌തിരിയില്‍നിന്നും കിട്ടിയ വലിയ അറിവായിരുന്നു അത്‌. രാമാ കിണറിന്‌ എത്ര ആഴമുണ്ടാവും എന്ന്‌ അച്ഛന്‍ ചോദിച്ചപ്പോഴാണ്‌ രാമന്‍ മേസ്‌തിരി പതിറ്റാണ്ടുകളായി പരിചയിച്ചറിഞ്ഞ ആ സത്യം പരസ്യമായി പറഞ്ഞത്‌. അന്നുമുതല്‍ അവള്‍ കിണര്‍ എന്ന വാക്കിനെ പെണ്ണുമായി കൂട്ടിവായിക്കാന്‍ തുടങ്ങി. വലിയ സങ്കടം വരുമ്പോഴൊക്കെ കിണറിന്‍റെ  കരയില്‍ ചെന്നുനിന്ന്‌ അതിന്‍റെ  ആഴത്തിലേക്ക്‌ തുറിച്ചുനോക്കും. ഒരിക്കലും അടിത്തട്ടു കാണാനാവാത്തവിധം വെള്ളംനിറഞ്ഞുകിടക്കുന്ന കിണര്‍ അവളെ അത്ഭുതപ്പെടുത്തും. മണ്ണിനടിയില്‍നിന്നും നിരവധി നീരുറവകള്‍ വന്നു നിറയുന്ന കിണറുപോലെ, പുറമേനിന്നു നോക്കിയാല്‍ ആഴമറിയാത്ത മനസ്സാണത്രെ പെണ്ണിനും. ഈ രാമന്‍ മേസ്‌തിരി ആളൊരു മഹാന്‍ തന്നെ. അല്ലെങ്കില്‍ കിണറിനെ പെണ്ണിന്‍റെ  മനസ്സിനോട്‌ ഉപമിക്കുമോ. 
മനസ്സിന്‍റെ  ആഴംകൊണ്ടല്ലേ താനിത്രയും നാള്‍ ജീവിതത്തില്‍ പിടിച്ചുനിന്നത്‌. തന്നെ പെറ്റപ്പോഴാണത്രെ അമ്മയെ കാലന്‍ കൊണ്ടുപോയത്‌. പോറ്റിവളര്‍ത്തിയ അച്ഛന്‍റെ  പെട്ടെന്നുള്ള മരണം എന്തെല്ലാം ദുരന്തങ്ങളായാണ്‌ തന്നിലേക്ക്‌ പെയ്‌തിറങ്ങിക്കൊണ്ടിരിക്കുന്നത്‌. ആകെയുള്ളൊരു കൂടെപ്പിറപ്പ്‌ എത്രയുംപെട്ടെന്ന്‌ കല്യാണം കഴിപ്പിച്ചയച്ച്‌ കടമതീര്‍ത്തു. എന്നിട്ട്‌, വീടും വിറ്റ്‌ വിദേശത്തേക്ക്‌ കുടിയേറി. കെട്ടിയവന്‍ ചെലവിന്‌ തരാത്ത മുഴുകുടിയനായിരുന്നെങ്കിലും താന്‍ ജോലിചെയ്‌ത്‌ അയാള്‍ക്കും ചോറുകൊടുത്തു. അടിയും വഴക്കും ഇല്ലാത്ത ദിവസങ്ങളില്ലായിരുന്നു. എത്ര വഴക്കിട്ടാലും ആ മനസ്സ്‌ നിറച്ച്‌ സ്‌നേഹമായിരന്നു. മോള്‍ക്ക്‌ പത്തുവയസ്സായപ്പൊ അങ്ങേര്‌ കരള്‍വീക്കംവന്ന്‌ മരിച്ചുംപോയി. സ്വന്തമായൊരു പുരുഷന്‍ ഇല്ലാതായപ്പൊഴാണ്‌ സ്‌നേഹംപറഞ്ഞ്‌ പുറകേ നടക്കാന്‍ ഒരുപാടുപേരുണ്ടെന്ന്‌ മനസ്സിലായത്‌. എല്ലാവരും അളക്കാന്‍ വന്നത്‌ ശരീരത്തിന്‍റെ  വടിവുകളായിരുന്നു. തന്‍റെ  ശരീരം തന്‍റെ  മാത്രം അവകാശമാണെന്ന്‌ ഉറക്കെ പറഞ്ഞപ്പൊഴാണ്‌ അതിനെക്കാളുറക്കെ അവര്‍ പറഞ്ഞത്‌; നിനക്ക്‌ പറ്റില്ലേല്‍ നിന്‍റെ  മോളെ മതിയെടീന്ന്‌. പത്തുവയസ്സായ മോളേംകൊണ്ട്‌ കിണറിന്‍റെ  ആഴത്തില്‍ പോയൊളിച്ചാലോന്ന്‌ പലവട്ടം വിചാരിച്ചതാണ്‌. പക്ഷേ, താന്‍ പെറ്റ മകള്‍ക്ക്‌ താനായിട്ടുതന്നെ ഭൂമിയിലെ കാറ്റും വെളിച്ചവും നഷ്‌ടമാക്കുന്നത്‌ ശരിയല്ലല്ലൊ എന്നൊരു സങ്കടവിചാരം കരളിനെ കുത്തിയറുക്കും. കുറേ സങ്കടം കണ്ണിലൂടെ ഒലിച്ചുപോവുമ്പോള്‍ ഉറപ്പായും വിചാരിക്കും ഒരു കിണറിലും ഒളിച്ചിരിക്കാന്‍ പറ്റൂല്ലെന്ന്‌, ആരുടെ മുന്നിലും തോറ്റുകൊടുക്കാന്‍ മനസ്സില്ലെന്ന്‌. താനും മോളും ഇവിടെത്തന്നെ അന്തസ്സായി ജോലിചെയ്‌ത്‌ ജീവിക്കുമെന്ന്‌.
എത്ര കുഴിച്ചുനോക്കിയാലും പെണ്ണിന്‍റെ  മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും ഉറവകളുടെ അറ്റം കണ്ടെത്താന്‍ പുരുഷനെക്കൊണ്ടാവില്ലെന്ന്‌ അവള്‍ക്കറിയാം. പക്ഷേ, ഒരിക്കലും വറ്റാത്ത ഈ ഉറവകളൊക്കെ എവിടെയാണ്‌ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന്‌ അവള്‍ക്കുപോലും അറിയില്ല. അതുകൊണ്ടാണല്ലൊ ആഗ്രഹിക്കാത്ത നേരത്തും കാലത്തുമൊക്കെ അവ പൊട്ടിയൊഴുകുന്നത്‌. ഇപ്പോള്‍ നകുലേട്ടന്റെ മുന്നിലെന്നല്ല, ഈ കിണറിന്‍റെ  ആഴത്തിനുപോലും കീഴടങ്ങാന്‍ തനിക്ക്‌ മനസ്സില്ലാത്തത്‌ മകളോടുള്ള സ്‌നേഹത്തിന്‍റെ  ഉറവയ്‌ക്ക്‌ അറ്റമില്ലാത്തതുകൊണ്ടല്ലെ. സ്‌നേഹം പോലെ തന്നെ വിശ്വാസത്തിനുമുണ്ട്‌ മനസ്സറിയാതെ കിനിയുന്ന കൊച്ചുറവകള്‍. യൗവ്വനക്കാരിയായ അമ്മയും കൗമാരക്കാരിയായ മകളും മാത്രമുള്ള വീടിനുചുറ്റും കഴുകന്‍കണ്ണുകള്‍ തക്കംപാര്‍ത്തിരുന്നപ്പോഴാണ്‌ ജോലിസ്ഥലത്തുവച്ച്‌ പരിചയപ്പെട്ട നകുലേട്ടന്‍റെ  പഞ്ചാരവാക്കുകള്‍ പെട്ടെന്നങ്ങ്‌ വിശ്വസിച്ചുപോയത്‌.
`എനിക്ക്‌ അമ്മയില്ലാത്ത രണ്ടുമക്കളുണ്ട്‌, ഒരാണും ഒരു പെണ്ണും. നിനക്കൊരു മകളും. നമുക്ക്‌ അവരുടെ കാര്യങ്ങളും നോക്കി, പരസ്‌പരം സ്‌നേഹിച്ചും വിശ്വസിച്ചും സന്തോഷമായി ജീവിക്കാം.' 
`നകുലേട്ടാ, നമുക്ക്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്യാം. എന്നിട്ടുമതി ഒരുമിച്ചുള്ള ജീവിതം.' 
`എന്താ രാഖീ, നിനക്കെന്നെ വിശ്വാസമില്ലേ? എത്രയോപേര്‍ ഇക്കാലത്ത്‌ ഒരുരേഖയുടെയും പിന്‍ബലമില്ലാതെ ഒരുമിച്ച്‌ ജീവിക്കുന്നു. വിവാഹമെന്നൊക്കെ പറയുന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടല്ലെ.'
`എന്നാലും, ഒരുമിച്ച്‌ താമസിക്കുന്നതിന്‌ ഒരുറപ്പു വേണ്ടേ?'
`നീയെന്തിനാ പേടിക്കുന്നത്‌? ഞാനെന്നും നിന്നോടൊപ്പമുണ്ടാവും. മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയെക്കാള്‍ വലുതാണോ വെറുമൊരു ചടങ്ങ്‌? 
വിശ്വാസവാക്കുകള്‍ വാരിച്ചൊരിഞ്ഞ പുരുഷനെ ജീവിതത്തിലേക്ക്‌ കൂട്ടിയപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. രണ്ടുപേരും ജോലിചെയ്‌ത്‌ ഒരുമിച്ചൊന്നായി കുടുംബം പുലര്‍ത്താമെന്ന സുഖമുള്ള സങ്കല്‍പമായിരുന്നു. പക്ഷേ, ആഴ്‌ചയിലൊരിക്കല്‍ അയാള്‍ ഒറ്റയ്‌ക്ക്‌ പോയിവന്നതല്ലാതെ മക്കളെ ഒരിക്കല്‍പോലും ഇങ്ങോട്ട്‌ കൊണ്ടുവന്നില്ല അവിടെ അവരെ നോക്കാന്‍ അയാളുടെ അമ്മയുണ്ടത്രെ. അധികം താമസിയാതെ തന്നെ അവളുടെ ഉള്ളില്‍ സംശയങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി. പലതും സഹിച്ചും പൊറുത്തും രണ്ടുകൊല്ലം കഴിഞ്ഞുപോയി. 
ഒരുദിവസം വീട്ടിലേക്കെന്നു പറഞ്ഞ്‌ പോയയാള്‍ ഒരുമാസം കഴിഞ്ഞാണ്‌ മടങ്ങിവന്നത്‌. പോയതുപോലെയല്ല തിരിച്ചുവന്നത്‌. ആകെക്കൂടിയൊരു മാറ്റം. പഴയതുപോലുള്ള സ്‌നേഹമോ വര്‍ത്തമാനമോ ഇല്ല, ഉറങ്ങാന്‍നേരത്തും മൊബൈലില്‍ നോക്കിയിരിക്കും. ചിലപ്പോള്‍ ഫോണുമായി വെളിയിലേക്കിറങ്ങും. ആരോടാണിത്രയ്‌ക്ക്‌ രഹസ്യം പറയുന്നതെന്ന്‌ പിടികിട്ടാതെ നെഞ്ചുപിടയ്‌ക്കാന്‍ തുടങ്ങി. അയാള്‍ കുളിക്കാന്‍പോയ നേരത്ത്‌ ഫോണെടുത്ത്‌ തുറന്നുനോക്കി, സ്‌ക്രീനിലെ വിവാഹഫോട്ടൊ കണ്ട് കറണ്ടില്‍ തൊട്ടതുപോലെ നിന്നെരിഞ്ഞു. 
ജോലിസ്ഥലത്ത്‌ സുഖമായി താമസിക്കാന്‍ ഒരിടം എന്നത്‌ മാത്രമാണോ അയാളുടെ ഉദ്ദേശം? എന്തായാലും അയാളുമായി തനിക്കിനി പൊരുത്തപ്പെടാനാവില്ല. മോളേംകൊണ്ട്‌ ഇവിടം വിട്ടുപോവുന്നതാ നല്ലത്‌. 
നകുലേട്ടാ ഞാനീ വീടൊഴിഞ്ഞുകൊടുക്കാന്‍ പോകുന്നു. വേറെ താമസസൗകര്യം നോക്കിക്കൊ.
അത്‌ നീ ഒറ്റയ്‌ക്കങ്ങ്‌ തീരുമാനിച്ചാ മതിയോ? 
എന്‍റെ  കാര്യം തീരുമാനിക്കേണ്ടത്‌ ഞാനല്ലാതെ പിന്നാരാ? 
മര്യാദയ്‌ക്ക്‌ അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലേല്‍ ചവിട്ടി എല്ലൊടിക്കും ഞാന്‍.
അതങ്ങ്‌ കെട്ടിയവളോട്‌ പോയി പറ. എന്നെ ചവിട്ടിയാലേ വിവരമറിയും.
എന്നാപ്പിന്നെ അതറിഞ്ഞിട്ടു മതിയെടീ ബാക്കി കാര്യങ്ങള്‌.
അയാള്‍ മകളുടെ മുന്നിലിട്ട്‌ അവളെ അടിക്കാനും ചവിട്ടാനും തുടങ്ങി. അവശയായപ്പോള്‍ തലയില്‍ പിടിച്ച്‌ ചുവരിലിടിച്ചു. എന്നിട്ടും അരിശം തീരാതെ, വലിച്ചിഴച്ച്‌ കിണറ്റിലേക്കിട്ടു.
ഗ്രാമപ്പുഴയില്‍ നീന്തിപ്പഠിച്ച പെണ്ണ്‌ നിലവെള്ളംചവിട്ടിത്തെന്നി വെള്ളത്തിനു മുകളിലെത്തി, കരളുറപ്പോടെ തൊടിയില്‍ പിടിച്ചിരുന്നു. 
കരയിലിപ്പോള്‍ മകളുടെ നിലവിളി ഉയരുന്നുണ്ടാവും, അതുകേട്ട്‌ അയല്‍ക്കാര്‍ ഓടിക്കൂടുന്നുണ്ടാവും. രക്ഷിക്കാന്‍ ആരെങ്കിലും എത്തുന്നതുവരെ എങ്ങനെ പിടിച്ചിരിക്കും ചവിട്ടുകൊണ്ടു ചതഞ്ഞ കൈകാലുകള്‍ കുഴഞ്ഞുതുടങ്ങിയിരിക്കുന്നു. ഏതുനിമിഷവും പിടിവിട്ടുപോവാം. ഇനിയും വീണാല്‍, പിന്നെ, തന്‍റെ  ജീവനറ്റ ശരീരമാവും വെള്ളത്തിനുമീതെ പൊന്തിവരിക. ജീവജലം തരുന്ന കിണറിന്‌ ജീവനെടുക്കാന്‍ ഒരുനിമിഷം മതി. വിചാരിച്ചുതീരുംമുമ്പ്‌ പിടിവിട്ട്‌, വീണ്ടും വെള്ളത്തിലേക്ക്‌ താണുപോയി. 
ആശുപത്രിക്കിടക്കയില്‍, കണ്ണുതുറന്നപ്പോള്‍ അവള്‍ മകളോട്‌ പറഞ്ഞത്‌ കിണറിന്‍റെ  ആഴത്തെക്കുറിച്ചു മാത്രമായിരുന്നു.

Monday, 17 September 2018

പരീക്ഷണവധുവിന്‌ പത്ത്‌ കല്‍പനകള്‍ (കഥ) എസ്‌.സരോജം


സുനന്ദയുടെ അഴകുമുറ്റിയ രൂപത്തിലേക്ക്‌ സത്യപാലന്‍ ആകെക്കൂടിയൊന്നു നോക്കി. എന്നിട്ട്‌ വെള്ളക്കടലാസില്‍ നീലമഷികൊണ്ടെഴുതിയ നിയമാവലി ഉറക്കെ വായിച്ചുകേള്‍പിച്ചു. 
ഒന്ന്‌: എന്‍റെ  ഭാര്യ തൊഴില്‍രഹിതയും നിര്‍ദ്ധനകുടുംബത്തിലുള്ളവളും ആയിരിക്കണം.
രണ്ട്‌: ആദ്യത്തെ ഒരുവര്‍ഷം പരീക്ഷണകാലമാണ്‌. ഇക്കാലത്തെ പരിചരണവും പെരുമാറ്റവും തൃപ്‌തികരമല്ലാതെ തോന്നിയാല്‍ അപ്പോള്‍ തന്നെ കരാര്‍ അവസാനിപ്പിച്ച്‌ തിരിച്ചയക്കുന്നതാണ്‌. 
മൂന്ന്‌: പരീക്ഷണകാലമായ പന്ത്രണ്ട്‌ മാസവും ചെലവ്‌ പോയിട്ട്‌ അയ്യായിരം രൂപ ശമ്പളം തരുന്നതാണ്‌. അത്‌ മാസാവസാനം കാശായോ ചെക്കായോ കൈപ്പറ്റി, രസീത്‌ എഴുതിത്തരേണ്ടതാണ്‌. ഇക്കാലയളവില്‍, വീട്ടില്‍ പോകാനായി മാസത്തില്‍ രണ്ടുദിവസം അവധി അനുവദിക്കുന്നതാണ്‌.
നാല്‌: അയല്‍വീടുകളില്‍ പോവുകയോ അവരുമായി കൂട്ടുകൂടുകയോ ചെയ്യരുത്‌. ഞാനറിയാതെ ആരെയും വീടിനുള്ളില്‍ കയറ്റുകയും ചെയ്യരുത്‌.
അഞ്ച്‌: എന്റെ മൂന്ന്‌ മക്കളോടും അവരുടെ കുടുംബത്തോടും സ്‌നേഹത്തോടെ പെരുമാറേണ്ടതും അവര്‍ വരുമ്പോള്‍ അമ്മയെപ്പോലെ പരിചരിക്കേണ്ടതുമാണ്‌. 
ആറ്‌: വീടും പരിസരവും എപ്പോഴും വൃത്തിയായും അടുക്കും ചിട്ടയോടെയും സൂക്ഷിക്കണം. 
ഏഴ്‌: വികലാംഗനായ ഞാന്‍ ഭാര്യയില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌ നിസ്വാര്‍ത്ഥമായ സ്‌നേഹവും നിരന്തരമായ പരിചരണവുമാണ്‌. 
എട്ട്‌: പരീക്ഷണകാലം തൃപ്‌തികരമായി പൂര്‍ത്തിയാക്കിയാല്‍ അടുത്തദിവസം സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതാണ്‌. അന്നുതന്നെ കുടുംബപെന്‍ഷന്‌ അവകാശിയായി ഭാര്യയെ നോമിനേറ്റ്‌ ചെയ്‌തുകൊണ്ടുള്ള പേപ്പറുകള്‍ ഒപ്പിട്ട്‌ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ അയച്ചുകൊടുക്കുന്നതാണ്‌. 
ഒമ്പത്‌: വിവാഹശേഷം ശമ്പളം ഉണ്ടായിരിക്കുന്നതല്ല. കുട്ടിയുടെയും അമ്മയുടെയും അത്യാവശ്യചെലവുകള്‍ക്കായി എല്ലാമാസവും അയ്യായിരം രൂപ നല്‍കുന്നതാണ്‌.
പത്ത്‌: എന്‍റെ  മരണാനന്തരം, ഫാമിലിപെന്‍ഷന്‍ ഒരു പാവപ്പെട്ട സ്‌ത്രീക്ക്‌ ഉപജീവനമാര്‍ഗ്ഗമാവുമല്ലൊ എന്ന നല്ലവിചാരംകൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇങ്ങനെയൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്‌. വ്യവസ്ഥകള്‍ നന്നായി വായിച്ചുനോക്കിയിട്ട്‌ സമ്മതമാണെങ്കില്‍ മാത്രം മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുതരേണ്ടതാണ്‌.
ആധാരമെഴുത്തുകാര്‍ കക്ഷികളെ പ്രമാണം വായിച്ചുകേള്‍പ്പിക്കുന്നതുപോലെ നീട്ടിയൊരു വായനകഴിഞ്ഞ്‌, സത്യപാലന്‍ സുനന്ദയുടെ മുഖത്തേക്ക്‌ നോക്കി. അയാള്‍ വായിച്ചതൊന്നും അവള്‍ കേട്ടിരുന്നില്ല. രക്താര്‍ബുദം ബാധിച്ച കിച്ചുമോന്‍റെ  കരച്ചിലാണ്‌ അപ്പോള്‍ അവളുടെ കാതുകളില്‍ മുഴങ്ങിയത്‌. അമ്മ അവന്റെ കരച്ചിലടക്കാന്‍ ഒരുപാട്‌ കഷ്‌ടപ്പെടുന്നുണ്ടാവും. 
സുനന്ദേ... വലിയൊരു പുണ്യകര്‍മ്മം നിര്‍വ്വഹിച്ച മട്ടില്‍ കസേരയില്‍ നിവര്‍ന്നിരുന്നുകൊണ്ട്‌ ഇടനിലക്കാരന്‍ വര്‍ക്കിച്ചന്‍ വിളിച്ചു. സങ്കടത്തിന്‍റെ  ചുവപ്പുരാശി പടര്‍ന്ന കണ്ണുകളില്‍നിന്ന്‌ രണ്ട്‌ പളുങ്കുമണികള്‍ അടര്‍ത്തിക്കളഞ്ഞിട്ട്‌ അവള്‍ അയാളെ നോക്കി. ബ്രോക്കര്‍ഫീസല്ലാതെ മറ്റൊന്നും ഇപ്പോള്‍ അയാളുടെ പരിഗണനയില്‍ വരുന്ന വിഷയമേയല്ലല്ലൊ. വ്യവസ്ഥകളെഴുതിയ കടലാസ്‌ വാങ്ങി അവളുടെ കൈയില്‍ കൊടുത്തിട്ട്‌ അയാള്‍ പറഞ്ഞു: 
നന്നായിട്ട്‌ വായിച്ചുനോക്ക്‌, വച്ചുനീട്ടുന്ന ഭാഗ്യം നീയായിട്ട്‌ തട്ടിക്കളയരുത്‌. 
സുനന്ദ വ്യവസ്ഥകള്‍ വായിച്ചു. അയ്യായിരമെന്നത്‌ പതിനായിരമാക്കണം. അവള്‍ ഉറപ്പിച്ചു പറഞ്ഞു.
സത്യപാലന്‍ ചെറുതായൊന്നു ഞെട്ടി. ചാരുകസേരയില്‍ നിവര്‍ന്നിരുന്ന്‌ ഉണക്കച്ചുള്ളിപോലുള്ള ഇടതുകാലിലേക്ക്‌ കൈവിരലുകളോടിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു: മറ്റെന്തെങ്കിലും പറയാനുണ്ടോ? 
അമ്പതിനായിരം മുന്‍കൂറായി തരണം, മോന്‍റെ  ചികിത്സക്കാണ്‌. മാസാമാസം അയ്യായിരംവച്ച്‌ ശമ്പളത്തീന്ന്‌ പിടിച്ചോണ്ടാ മതി. 
സത്യപാലന്‍ അല്‍പനേരം ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നു. മാസങ്ങളോളം കൂടെനിന്ന്‌, കാശായും തുണിയായും മറ്റുപലതായും കിട്ടാവുന്നതെല്ലാം ചോദിച്ചും ചോദിക്കാതെയും സ്വന്തമാക്കി, വീട്ടിലേക്ക്‌ കടത്തിയിട്ട്‌, പരീക്ഷണകാലം തീരുംമുമ്പ്‌ തിരിച്ചുപോയ സുശീലയും രാധയും ഗീതയും ഒരുനിമിഷം അയാളുടെ മനസ്സിലൂടെ കടന്നുപോയി. അങ്ങോട്ട്‌ എത്ര വാരിക്കോരിക്കൊടുത്തിട്ടും ഒരുതുള്ളി സ്‌നേഹം തിരിച്ചുതരാത്ത ആ പെണ്ണുങ്ങളെപ്പോലെയാവുമോ ഇവളും? കണ്ടിട്ട്‌ ആളൊരു നേരേ വാ നേരേ പോ ആണെന്നു തോന്നുന്നു. എന്തായാലും സമ്മതിച്ചേക്കാം എന്ന്‌ തീരുമാനിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു:
അയ്യായിരംവച്ച്‌ പത്തുമാസം, അത്രയും കാലം നീയിവിടെ ഉണ്ടാവുമെന്നെന്താ ഉറപ്പ്‌?
എത്രകാലം ഇവിടെ ഉണ്ടാവുമെന്ന്‌ ഉറപ്പുപറയാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? എന്ന മറുചോദ്യംകൊണ്ട്‌ സുനന്ദ അയാള്‍ക്ക്‌ മറുപടി കൊടുത്തു.
അയാളുടെ ചോദ്യം കേട്ടപ്പോള്‍, ആറുമാസം മുമ്പ്‌ പട്ടില്‍പൊതിഞ്ഞ്‌ ചുടുകാട്ടിലേക്ക്‌ കൊണ്ടുപോയ മുപ്പത്തഞ്ചുകാരന്‍റെ  മുഖമാണ്‌ അവളുടെ മനസ്സിലേക്ക്‌ കയറിവന്നത്‌. ഇണങ്ങിയും പിണങ്ങിയും ഒരുകൂരക്കുള്ളില്‍ പത്തുകൊല്ലം തികച്ചില്ല. രാവിലെ മോന്‌ റ്റാറ്റാ പറഞ്ഞു പണിക്കുപോയയാളെ പിറ്റേദിവസം വെള്ളത്തുണി പുതച്ച്‌, ഐസുപെട്ടിയില്‍വച്ച്‌... ഏതോ കാറിന്‍റെ  ചക്രങ്ങള്‍ കയറിയിറങ്ങിയതാണത്രെ. നിറുത്താതെപോയ ആ കാറ്‌ ആരുടേതാണെന്ന്‌ ഒരുവിവരവുമില്ല. രാത്രിയായതുകൊണ്ട്‌ സംഭവം കണ്ടവരാരുമില്ല. അന്വേഷണം നടക്കുകയാണത്രെ.
തര്‍ക്കുത്തരം അത്ര രസിച്ചില്ലെങ്കിലും അവള്‍ പറഞ്ഞ രണ്ട്‌ കാര്യങ്ങളും സത്യപാലന്‍ സമ്മതിച്ചു. അതിന്‍പ്രകാരം മുദ്രപ്പത്രം തിരുത്തിയെഴുതി.
എന്നാല്‍ ഇതിലൊന്ന്‌ ഒപ്പിട്ടേക്കു. അയാള്‍ മുദ്രപ്പത്രം അവള്‍ക്കു നീട്ടി.
അവള്‍ ഒപ്പുവച്ചു, പിന്നെ അയാളും. സാക്ഷിയായി വര്‍ക്കിച്ചനും.
എന്നാലിനി വലതുകാലുവച്ച്‌ അകത്തേക്ക്‌ കേറിക്കൊ. സത്യപാലന്‍ സന്തോഷത്തോടെ പറഞ്ഞു. സുനന്ദ ഇടതുകാല്‍വച്ച്‌ അകത്തേക്ക്‌ കയറി. എന്‍റെ  കിച്ചുമോനേ... എന്നൊരു ഹൃദയവിലാപവും പഴയൊരു ലതര്‍ബാഗും അവള്‍ക്കൊപ്പം അകത്തേക്ക്‌ കടന്നു.
തുടക്കത്തിലേ ലക്ഷണക്കേടാണല്ലൊ വര്‍ക്കിച്ചാ. സത്യപാലന്‍ നീരസം മറച്ചുവച്ചില്ല.
അത്‌ സാരമില്ലെന്നെ, വലതായാലും ഇടതായാലും കാലുരണ്ടും ഒരുപോലല്ലെ. വര്‍ക്കിച്ചന്‍റെ  വായില്‍നിന്ന്‌ പെട്ടെന്ന്‌ പൊട്ടിവീണ ന്യൂജന്‍ സിദ്ധാന്തം സത്യപാലനും ശരിവച്ചു.
വര്‍ക്കിച്ചന്‍ ബ്രോക്കര്‍ഫീസിനായി കൈനീട്ടി. രണ്ടായിരത്തിന്‍റെ  രണ്ടുനോട്ടുകള്‍ അയാളുടെ കൈയില്‍ വച്ചുകൊടുത്തിട്ട്‌ സത്യപാലന്‍ പറഞ്ഞു: ബാക്കി പിന്നെ, കല്യാണം നടക്കുകയാണെങ്കില്‍.
എന്നാ ഞാനിറങ്ങട്ടെ സാറെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കി വിളിച്ചാ മതി, ഞാനിങ്ങെത്തിക്കൊള്ളാം. വലിയൊരു കാര്യം ചെയ്‌ത സംതൃപ്‌തിയോടെ, സത്യപാലനെ നോക്കി ചിരിച്ചുകൊണ്ട്‌ അയാള്‍ നടന്നുമറഞ്ഞു.
അകത്തേക്ക്‌ കയറിയ സുനന്ദ എന്തുചെയ്യേണ്ടൂ എന്നറിയാതെ അന്തിച്ചുനിന്നു. ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന വീടിനുള്ളില്‍ എരിഞ്ഞുനില്‍ക്കുന്ന മലമൂത്രഗന്ധം, മാറാലപിടിച്ച ജന്നലുകളും വാതിലുകളും, മാര്‍ബിള്‍ പാകിയ തറയിലാകെ അഴുക്കും പൊടിയും, അടുത്തകാലത്തൊന്നും ചൂലും വെള്ളവും തൊട്ട ലക്ഷണമില്ല. വൃത്തിയാക്കല്‍ പരിപാടി എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നാലോചിച്ചുനില്‍ക്കെ, സത്യപാലന്‍റെ  വിളിവന്നു: 
സുനന്ദേ... എനിക്കൊരു കട്ടന്‍ചായ, കടുപ്പം കുറച്ച്‌, പഞ്ചസാര വേണ്ട.
ഇപ്പൊ കൊണ്ടുവരാം. എന്നു പറഞ്ഞിട്ട്‌, അവള്‍ തോളില്‍ കിടന്ന ഷാളെടുത്ത്‌ ചുരിദാറിനുമീതെ അരയില്‍ ചുറ്റിക്കെട്ടിക്കൊണ്ട്‌ അടുക്കളയിലേക്ക്‌ ചെന്നു. സിങ്കു നിറയെ എച്ചില്‍ ഉണങ്ങിപ്പിടിച്ച പാത്രങ്ങള്‍. ചായക്കറപിടിച്ച ഒരെണ്ണം സ്ലാബിന്മേലിരിപ്പുണ്ട്‌. അതെടുത്ത്‌ തേച്ചുകഴുകി, ഗ്യാസടുപ്പു കത്തിച്ച്‌ രണ്ടുഗ്ലാസ്‌ ചായയുണ്ടാക്കി, ഒന്ന്‌ അയാള്‍ക്കും ഒന്ന്‌ അവള്‍ക്കും. നല്ല വിശപ്പുണ്ട്‌. രാവിലെ കഴിച്ച ദോശയും ചായയും എപ്പഴേ ദഹിച്ചു.
ചായ കൊണ്ടുകൊടുക്കുമ്പോള്‍ സത്യപാലന്‍ പറഞ്ഞു: ആദ്യം വീടിനകമൊക്കെ വൃത്തിയാക്കണം, പിന്നെ മുറ്റവും. എനിക്ക്‌ ഉച്ചയ്‌ക്ക്‌ കഞ്ഞിയായാലും മതി. ഇന്നിപ്പൊ ചോറും കറിയുമൊക്കെ വയ്‌ക്കാന്‍ സമയമില്ലല്ലെ. രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാക്കാം.
അവള്‍ കഞ്ഞിവയ്‌ക്കുന്നതിനിടയില്‍ വീടിനകമെല്ലാം മാറാലയടിച്ച്‌ തൂത്തുവാരി. കഞ്ഞികുടി കഴിഞ്ഞ്‌ ചൂലുമായി മുറ്റത്തേക്കിറങ്ങി. അടുത്തവീട്ടിലെ സ്‌ത്രീ മതിനുമുകളിലൂടെ എത്തിനോക്കി, ചിരിച്ചുകൊണ്ട്‌ ചോദിച്ചു. പേരെന്താ? സുനന്ദ. വീടെവിടാ? വാഴിച്ചല്‍. ചേച്ചീടെ പേരെന്താ? വനജ. 
സുനന്ദേ.... സത്യപാലന്‍ ഉറക്കെ വിളിച്ചു. 
എന്താ...? അവള്‍ വിളികേട്ടു.
നീയാരോടാ വര്‍ത്തമാനം പറയുന്നത്‌? വായിച്ചതൊക്കെ മറന്നോ? ആരോടും ചങ്ങാത്തം വേണ്ട, നുണപ്പരിഷകള്‍... 
സുനന്ദ മറുപടി പറയാതെ മുറ്റമടി തുടര്‍ന്നു. 
ഒരു പുതിയ പൊറുതി തുടങ്ങുന്നതിന്റെ ഉത്സാഹത്തിലാണ്‌ സത്യപാലന്‍. ഇടതുകാലിന്‌ സ്വാധീനമില്ല എന്നതൊഴിച്ചാല്‍ കാഴ്‌ചയില്‍ വേറെ തകരാറൊന്നുമില്ല. കക്ഷത്ത്‌ താങ്ങുവടി വച്ചാണ്‌ നടപ്പ്‌. പുറത്തേക്കുള്ള പോക്കും വരവും മുച്ചക്ര സ്‌കൂട്ടറില്‍. ഭാര്യയുടെ മരണശേഷമാണ്‌ മൂന്ന്‌ മക്കളെയും കെട്ടിച്ചയച്ചത്‌. സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതുകൊണ്ട്‌ മൂത്ത മകള്‍ക്ക്‌ ആശ്രിതനിയമന നിയമപ്രകാരം പഞ്ചായത്താഫീസില്‍ ജോലികിട്ടി. മറ്റു രണ്ടുപേരും സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികമാരായി. മക്കള്‍ പോയതോടെ അയാള്‍ ഒറ്റയ്‌ക്കായി. കുറച്ചുദിവസം വീട്‌ വൃത്തിയാക്കാനും ഭക്ഷണമുണ്ടാക്കാനും അകന്ന ബന്ധത്തിലുള്ള ഒരു സ്‌ത്രീയുടെ സഹായമുണ്ടായിരുന്നു. അവര്‍ മകള്‍ക്കൊപ്പം താമസമായതോടെ കാര്യങ്ങള്‍ അവതാളത്തിലായി. അങ്ങനെയിരിക്കുമ്പോഴാണ്‌ വര്‍ക്കിച്ചനെ പരിചയപ്പെടുന്നത്‌. അയാള്‍ വീട്ടുജോലിക്കായി ഒരു സ്‌ത്രീയെ കൊണ്ടുവന്നു. അയാളുടെ ബ്രോക്കര്‍ ഫീസും ജോലിക്കാരിയുടെ മുന്‍കൂര്‍ ശമ്പളവും എല്ലാംകൂടി കുറേ കാശും പോയി, ഒരുമാസം തികയുംമമ്പ്‌ ജോലിക്കാരിയും പോയി. ഇടം വലം തിരിയാന്‍ സമ്മതിക്കൂല്ലാത്രെ. വീട്ടുവേലക്കാരിയെ തന്നിഷ്‌ടത്തിനുവിട്ടാല്‍ എന്തൊക്കെയാവും കാണിച്ചുകൂട്ടുക. ഇനിയെന്തു വേണ്ടൂ എന്ന്‌ ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു നല്ല ആശയം മനസ്സിലുദിച്ചത്‌; ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാന്‍ സന്മനസ്സുള്ള ഒരു സ്‌ത്രീയെ കല്യാണം കഴിക്കുക, ഫാമിലിപെന്‍ഷന്‍ അവള്‍ക്ക്‌ അവകാശമാക്കുക. 
മുറ്റമടി കഴിഞ്ഞ്‌ സുനന്ദ പാത്രംകഴുകല്‍ തുടങ്ങി. സത്യപാലന്‍ പ്രൊവിഷന്‍ സ്റ്റോറിലേക്ക്‌ വിളിച്ച്‌ ഒരു മാസത്തേക്കാവശ്യമായ അരിയും സാധനങ്ങളും കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. വൈകുന്നേരം മുച്ചക്രസ്‌കൂട്ടറില്‍ കയറി പുറത്തേക്കുപോയി. തൂത്തുവാരിയും തേച്ചുമഴക്കിയും തളര്‍ന്ന സുനന്ദ കുളിച്ച്‌ വസ്‌ത്രംമാറി. അപ്പോഴേക്കും അരിയും സാധനങ്ങളുമായി പ്രൊവിഷന്‍ സ്‌റ്റോറിലെ കൂലിക്കാരനെത്തി. പിന്നാലെ സത്യപാലനും. അയാള്‍ അവള്‍ക്ക്‌ രണ്ട്‌ നൈറ്റികള്‍ വാങ്ങിക്കൊണ്ടുവന്നു. അടുക്കളസാധനങ്ങള്‍ യഥാസ്ഥാനങ്ങളില്‍ ഒതുക്കിവച്ചശേഷം അവള്‍ ചപ്പാത്തിയും കറിയുമുണ്ടാക്കി. അത്താഴംകഴിഞ്ഞ്‌ വീട്ടിലേക്ക്‌ വിളിച്ചു. അമ്മയുടെ ആവലാതികളും കിച്ചുമോന്‍റെ  ശാഠ്യങ്ങളും അവളുടെ കണ്ണിലൂടെ നീര്‍മണികളായി അടര്‍ന്നുവീഴാന്‍ തുടങ്ങി. 
സുനന്ദേ... 
കണ്ണുതുടച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു: എന്താ? 
വാ കിടക്കാം.
ഞാന്‍ അകത്തെ മുറിയില്‍ കിടന്നോളാം.
അതുവേണ്ട, നമുക്കൊരുമിച്ചുകിടക്കാം.
അത്‌ കല്യാണം കഴിഞ്ഞിട്ടു മതി.
സുനന്ദ അകത്തെ മുറിയില്‍ കയറി വാതിലടച്ചു.

Tuesday, 11 September 2018

വിശുദ്ധബലി (കഥ ) എസ് .സരോജം


രണ്ടുദിവസം നീണ്ടുനിന്ന സെമിനാറില്‍ മുഴങ്ങിക്കേട്ടത്‌ മതപ്രബോധനങ്ങളും സഭയുടെ വിശ്വാസപ്രമാണങ്ങളും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു. എല്ലാം കേട്ടുമടുത്ത കാര്യങ്ങള്‍.
പതിവുരീതികള്‍ക്ക്‌ വിപരീതമായി ഇന്നത്തെ സമാപനയോഗത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌: മതപണ്‌ഡിതന്‍മാരെക്കൂടാതെ പുറത്തുനിന്ന്‌ ഒരു വിശിഷ്‌ടാതിഥി വരുന്നുണ്ട്‌, ഒരു കലാകാരന്‍; ബൈബിള്‍കഥകളെ സര്‍ഗ്ഗചാരുതയാര്‍ന്ന കവിതകളായും ചിത്രങ്ങളായും പുനരാഖ്യാനം ചെയ്യുന്ന അസാമാന്യധിഷണാശാലി. ബാല്യകാല സൃഹൃത്തായ ഫാദര്‍ വിന്‍സന്റ്‌ ഡിക്രൂസിന്‍റെ പ്രത്യേക ക്ഷണമനുസരിച്ചാണത്രെ അയാള്‍ വരുന്നത്‌.
വിന്‍സന്റച്ചന്‍ പറഞ്ഞകാര്യങ്ങള്‍ അവള്‍ ഇതിനോടകം ഒരായിരം വട്ടം അയവിറക്കിയിട്ടുണ്ടാവും: അയാളുടെ കണ്ണുകളില്‍ അഗ്നിയാണ്‌, വാക്കുകളില്‍ വൈദ്യുതിയാണ്‌, ഒന്നു കണ്ടാല്‍ വീണ്ടും കാണാന്‍ കൊതിക്കും. ഒരിക്കല്‍ കേട്ടാല്‍ വീണ്ടും കേള്‍ക്കാന്‍ കൊതിക്കും.....................
അയാള്‍ വന്നു. തോള്‍കവിഞ്ഞ ചുരുള്‍മുടി, നീണ്ടതാടിരോമങ്ങള്‍, അത്യാകര്‍ഷകശക്തിയുള്ള കാന്തംപോലെ അടുത്തെത്തുന്നവരെ തന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്ന മാന്ത്രികത!
ശരിയാണ്‌, വിന്‍സന്റച്ചന്‍ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയാണ്‌. പക്ഷേ അതിനപ്പുറം മറ്റെന്തൊക്കെയോകൂടി അവള്‍ കണ്ടു, കത്തുന്ന കണ്ണുകള്‍ക്കുപിന്നില്‍ ആര്‍ദ്രമായൊരു മനസ്സിന്‍റെ നിലവിളിയുണ്ട്‌, പ്രതിഷേധത്തിന്‍റെ കനലുണ്ട്‌, നിഷേധത്തിന്‍റെ കരുത്തുണ്ട്‌, വിശുദ്ധസാന്നിധ്യങ്ങളെയെല്ലാം നിഷ്‌പ്രഭമാക്കുന്ന രാജകീയ തേജസ്സുണ്ട്‌.
ഗിരിപ്രഭാഷണങ്ങളെ അനുസ്‌മരിപ്പിക്കുമാറ്‌ ആ വാക്‌പ്രവാഹിനി അനുസ്യൂതമൊഴുകി. താത്വികചിന്തകള്‍, ദാര്‍ശനികവ്യഥകള്‍ എല്ലാം നിര്‍ഭയം തുറന്നുവിട്ടു; മതം മനുഷ്യനുവേണ്ടിയാണ്‌, മനുഷ്യന്‍ മതത്തിനുവേണ്ടിയല്ല, സ്‌നേഹമാണ്‌ എല്ലാ മതങ്ങളുടെയും അടിത്തറ ---
ആവേശഭരിതരായിരുന്ന സന്യാസിനികളുടെയും വൈദികവിദ്യാര്‍ത്ഥികളുടെയും നേര്‍ക്ക്‌ വിരല്‍ചൂണ്ടി അയാള്‍ പറഞ്ഞു;
കുടംബജീവിതവും ലൈംഗികതയും വിലക്കപ്പെട്ട കനികളല്ല, അവ ദൈവത്തിന്‍റെ കൃപാവരങ്ങളാണ്‌--.'
അവളുടെ കണ്ണുകള്‍ അത്ഭുതംകൊണ്ട്‌ വിടര്‍ന്നു; നോട്ടം അയാളുടെ കണ്ണുകളില്‍ ചെന്നുതറച്ചു, അഗ്നിയും എണ്ണയും സന്ധിക്കുംപോലെ; പ്രക്ഷുബ്‌ധമായ ഹൃദയസാഗരത്തില്‍ നിന്ന്‌ വിരുദ്ധവിചാരങ്ങള്‍ സുനാമിത്തിരകള്‍പോലെ ചീറിയടിച്ചു. വിശ്വാസവേരുകള്‍ക്ക്‌ ഇളക്കം വച്ചു.
അവള്‍ സധൈര്യം എണീറ്റുനിന്ന്‌ ഒരു സംശയം ചോദിച്ചു. `അങ്ങനെയെങ്കില്‍ ഒരു കൂട്ടര്‍ക്ക്‌ മാത്രം അത്‌ നിഷേധിക്കുന്നതു തെറ്റല്ലേ?'
അയാള്‍ ഒന്നു ഞെട്ടി! ശ്രേഷ്‌ഠരായ പുരോഹിതര്‍ക്കു മുന്നില്‍ വച്ച്‌ ഈ ചോദ്യത്തിന്‌ താനെങ്ങനെ സത്യസന്ധമായി പ്രതികരിക്കും? ഇവിടെ പറയേണ്ടതെന്ത്‌? ഒരു നിമിഷം അയാള്‍ ചിന്താഗ്രസ്‌തനായി നിന്നു. പിന്നെ ഒരു വിശ്വാസിക്കു ചേര്‍ന്ന വിനയത്തോടെ മറുപടി നല്‍കി;
സ്വന്തം ഇഷ്‌ടപ്രകാരം അനുഷ്‌ഠിക്കുന്ന ബ്രഹ്മചര്യം തെറ്റാകുന്നതെങ്ങനെ?
ആ മറുപടിയില്‍ തൃപ്‌തയാകാതെ അവള്‍ അടുത്ത ചോദ്യമെറിഞ്ഞു; `ശരീരകാമനകളെ അടിച്ചമര്‍ത്തുന്നത്‌ പാപമല്ലേ?'
`പ്രകൃതിയുടെ വികൃതികളെ ആര്‍ക്കു തടുക്കാനാവും? പാപമാണോ അല്ലയോ എന്നു വിധിക്കേണ്ടത്‌ സന്ദര്‍ഭം നോക്കിയല്ലേ?'
മറുചോദ്യങ്ങള്‍കൊണ്ട്‌ അവളുടെ നാവടച്ചുവെങ്കിലും ഉരുളയ്‌ക്കുപ്പേരിപോലെ ഉത്തരം കൊടുക്കാന്‍ ആവാത്തതിന്‍റെ സാഹചര്യദു:ഖം അയാളെ അലട്ടി. ഒരു സന്യാസിനിയുടെ നാവില്‍ നിന്ന്‌ ഇത്തരം ചോദ്യങ്ങളോ! അത്ഭുതാദരങ്ങളോടെ അയാള്‍ അവളെത്തന്നെ നോക്കിയിരുന്നു. ചോദ്യങ്ങള്‍ പാഴായിപ്പോയതിന്‍റെ നീരസം അവളുടെ മുഖത്ത്‌ പ്രകടമായിരുന്നു. അയാളുടെ രൂക്ഷനയനങ്ങള്‍ അവളുടെ കാതരനയനങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങി. ആ കണ്ണുകളില്‍ ആളിപ്പടരുന്ന ദാഹം കണ്ടു, അടക്കാനാവാത്ത തിരതള്ളല്‍ കണ്ടു, നിരാസവിഷാദത്തിന്‍റെ നിഴല്‍ക്കുത്തുകള്‍ കണ്ടു.
ആ വ്യഥിതതേജസ്സിന്‍റെ നേര്‍ക്കാഴ്‌ചയില്‍ നിന്ന്‌ വഴുതിമാറി അയാള്‍ ആരാധകവലയത്തില്‍ ഒളിച്ചു. വലയം ഭേദിച്ച്‌ അവള്‍ അരികിലെത്തി, ആട്ടോഗ്രാഫ്‌ നീട്ടി. `ആത്മവഞ്ചനയാണ്‌ ഏറ്റവും വലിയ പാപം' അയാള്‍ കുറിച്ചു. അതിനടിയില്‍ പേരും ഒപ്പും തീയതിയും വച്ചു, മൊബൈല്‍ ഫോണിന്‍റെ നമ്പരും കുറിച്ചു.
ആട്ടോഗ്രാഫ്‌ കൈമാറുമ്പോള്‍ അറിയാതെ സംഭവിച്ച വിരല്‍സ്‌പര്‍ശംപോലും വൈദ്യുതാഘാതംപോലെ അവള്‍ക്ക്‌ അനുഭവപ്പെട്ടു. താന്‍ കര്‍ത്താവിന്‍റെ മണവാട്ടിയാവാന്‍ വിധിക്കപ്പെട്ടവളാണ്‌ എന്ന കാര്യമേ അവള്‍ മറന്നുപോയി. അവളുടെ ഹൃദയവിഹായസ്സില്‍ ഒരു സൂര്യന്‍ കത്തിജ്വലിക്കുന്നു. ആ തീക്ഷ്‌ണകിരണങ്ങള്‍ അവളുടെ ശരീരത്തില്‍ അടിഞ്ഞുറഞ്ഞ വികാരത്തിന്‍റെ മഞ്ഞറകളില്‍ ഉരുക്കമുണ്ടാക്കി. എല്ലാം ഉരുകി ഒലിക്കുകയാണ്‌, ഉരുകിയുരുകി ഒഴുകുകയാണ്‌.
കാമശരമേറ്റു തളര്‍ന്ന തപോവന കന്യകയെപ്പോലെ അവള്‍ ഓടി മറഞ്ഞു;
കന്യാമഠത്തിന്‍റെ കരിങ്കല്‍ക്കെട്ടിനുള്ളിലേക്ക്‌.
അവിടെ തിരുസ്വരൂപത്തിനു മുന്നില്‍ അവള്‍ മുട്ടുകുത്തി,
`നാഥാ ഞാനിനി എന്തു ചെയ്യേണ്ടു.... ഞാനിനി എന്തു ചെയ്യേണ്ടൂ'.
അവളറിയാതെ അവളുടെ കയ്യില്‍നിന്നും ആ ആട്ടോഗ്രാഫ്‌ തറയില്‍ വീണു.
നാഥാ എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ.......
കണ്ണുകളടച്ച്‌ അവള്‍ ഭയഭക്തിയോടെ തിരുസ്വരൂപത്തോടു സംവദിച്ചു. നാഴികകളും വിനാഴികകളും കടന്നുപോയത്‌ അവള്‍ അറിഞ്ഞില്ല.
കണ്ണുതുറന്നപ്പോള്‍ രാവേറെച്ചെന്നിരുന്നു, ചുറ്റും പൂനിലാവുദിച്ചിരുന്നു. അവള്‍ ശിരോവസ്‌ത്രം എടുത്തുമാറ്റി. അഴിഞ്ഞൊഴുകിയ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട്‌ അവള്‍ പ്രിയനോട്‌ മന്ത്രിച്ചു: നാഥാ, നിന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശി തുടച്ചു വെടിപ്പാക്കുവാന്‍ ഈയുള്ളവള്‍ക്കും വരം തരേണമേ..........
പാതിരാവിന്‍റെ നിശബ്‌ദതയില്‍ ജാലവിദ്യക്കാരന്‍റെ അദ്‌ഭുതമന്ത്രംപോലെ അവളുടെ കാതില്‍ ആ വാക്കുകള്‍ വീണ്ടും വീണ്ടും മുഴങ്ങിത്തുടങ്ങി. `കുടുംബവും ലൈംഗികതയും വിലക്കപ്പെട്ട കനികളല്ല, അവ ദൈവത്തിന്‍റെ കൃപാവരങ്ങളാണ്‌.....' പൊടുന്നനെ നിലാവസ്‌തമിച്ചു.
ഇരുളില്‍ ആരോ നടന്നടുക്കുന്ന പദനിസ്വനം.
വിദൂരനക്ഷത്രങ്ങളുടെ അരണ്ട വെളിച്ചത്തില്‍ അവള്‍ അവനെ കണ്ടു.
നഗ്നമായ ശരീരത്തില്‍ പീഡാസഹനത്തിന്‍റെ അടയാളങ്ങള്‍,
വിലാപ്പുറത്തെ മുറിവില്‍നിന്ന്‌ ചെന്നിണം വാര്‍ന്നൊഴുകുന്നു.
കൈകാലുകളില്‍ ആണിപ്പഴുതുകള്‍
ചോരയില്‍ ചുവന്ന ചുരുള്‍മുടിയും താടിരോമങ്ങളും.
അവള്‍ അവനെ വാരിപ്പുണര്‍ന്നു, തിരുമുറിവുകളില്‍ തൈലം പുരട്ടി, കുടിപ്പാന്‍ മേല്‍ത്തരം വീഞ്ഞും കഴിപ്പാന്‍ പുളിപ്പില്ലാത്ത മാവിന്‍റെ അപ്പവും നല്‍കി, കിടക്കയില്‍ ശാരോന്‍ കുസുമങ്ങള്‍ വിതറി.
പുലര്‍ച്ചക്കോഴി കൂവിയപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. വശങ്ങളിലേയ്‌ക്കു ചരിഞ്ഞ്‌ അവളുടെ കൈകള്‍ തന്‍റെ പ്രിയനെ തിരഞ്ഞു. ഇരുവശവും ശൂന്യമായിരുന്നു. കിടക്കയില്‍ അവള്‍ ഒറ്റയ്‌ക്കായിരുന്നു;
അവിശ്വാസത്തിന്‍റെ ബാഹ്യനേത്രങ്ങള്‍ മലര്‍ക്കെ തുറന്ന്‌ അവള്‍ നാലുപാടും പരതി; ജാലകപ്പാളികളെല്ലാം അടഞ്ഞുതന്നെ കിടക്കുന്നു. വാതില്‍ക്കതകുകളും ഓടാമ്പലുകള്‍ നീക്കപ്പെട്ടിരുന്നില്ല!
എല്ലാം വെറുമൊരു സ്വപ്‌നമായിരുന്നുവോ.....?
അടിവയറ്റില്‍ നിന്നും നാഭിത്തടത്തിലേക്ക്‌ ഉയര്‍ന്നെത്തുന്ന നീറ്റല്‍.... നഖക്ഷതങ്ങളേറ്റ മാറിടങ്ങളും ദന്തക്ഷതമേറ്റ ചുണ്ടുകളും...... ഒട്ടിപ്പിടിക്കുന്ന നനവ്‌.......
രാപ്പാടികള്‍പോലും ഉറങ്ങിപ്പോയ യാമങ്ങളില്‍ തനിക്കു സംഭവിച്ചതെന്ത്‌? ചോരപ്പാടുകള്‍ ഉണങ്ങിയിട്ടില്ലാത്ത തിരുവസ്‌ത്രങ്ങള്‍ കണ്ട്‌ അവള്‍ അലറിക്കരഞ്ഞു.
പെട്ടെന്ന്‌ അവളുടെ കാതുകളില്‍ ഒരശരീരി മുഴങ്ങി;
സ്‌ത്രീകളില്‍ അതിസുന്ദരിയായുള്ളവളേ ഭയപ്പെടേണ്ട; നിന്‍റെ പ്രിയന്‍ നിന്നോടുകൂടെയുണ്ട്‌. അവന്‍ വെണ്മയും ചുവപ്പും ഉള്ളവന്‍, പതിനായിരം പേരില്‍ അതിശ്രേഷ്‌ഠന്‍ തന്നെ. അവന്‍റെ കൈകള്‍ ഗോമേദകം പതിച്ച സ്വര്‍ണ്ണനാളങ്ങള്‍, അവന്‍റെ അധരം താമരപ്പൂവുപോലെ തന്നെ, അത്‌ മൂറിന്‍ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു. അവന്‍റെ ഉദരം നീലരത്‌നം പതിച്ച ദന്തനിര്‍മ്മിതം, അവന്‍റെ തുടകള്‍ തങ്കച്ചുവട്ടില്‍ നിറുത്തിയ വെങ്കല്‍ത്തൂണുകള്‍, അവന്‍റെ രൂപം ലെബനോനെപ്പോലെ, ദേവദാരുവെപ്പോലെ ഉല്‍കൃഷ്‌ടം. അവന്‍ സര്‍വ്വാംഗസുന്ദരന്‍. അവന്‍റെ വായ്‌ ഏറ്റവും മധുരമുള്ളത്‌. അവന്‍ തന്‍റെ അധരങ്ങളാല്‍ നിന്നെ ചുംബിക്കട്ടെ. നിന്‍റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്‍റെ തൈലം സൗരഭ്യമായത്‌. നിന്‍റെ മുലകള്‍ തുള്ളിച്ചാടുന്ന കോലാട്ടിന്‍ കുട്ടികള്‍....
പ്രേമപരവശയായിരിക്കയാല്‍ അവന്‍ മുന്തിരയട തന്ന്‌ നിന്നെ ശക്തീകരിക്കും.
പ്രിയേ... അവന്‍റെ സ്വരം അവളുടെ കാതുകളില്‍ വീണ്ടും വീണ്ടും മുഴങ്ങി .
പിടഞ്ഞെണീറ്റ്‌ വാതില്‍പ്പാളികള്‍ വലിച്ചുതുറന്ന്‌ അവള്‍ പുറത്തേക്ക്‌ ഓടിയിറങ്ങി.
പ്രഭാതബലിക്കായി ദേവാലയമണികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു.
അങ്ങകലെ....... കുന്നിന്‍ മുകളില്‍ തന്‍റെ പ്രിയന്‍ ഇരുകരവും നീട്ടി നില്‍ക്കുന്നത്‌ അവള്‍ കണ്ടു.
അവര്‍ക്കിടയില്‍ കല്ലും മുള്ളും നിറഞ്ഞ കാല്‍വരിപ്പാത നീണ്ടുതെളിഞ്ഞു കിടന്നു.

Wednesday, 23 May 2018

കുയിലന്‍റെ ഉഴവുമാട്‌ (കഥ) എസ്‌.സരോജം

        അന്ന്‌ തിരുവോണപ്പുലരിയെ വരവേറ്റത്‌ കുയിലത്തിയമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയായിരുന്നു. ഓണപ്രാതല്‍ കഴിച്ചുകൊണ്ടിരുന്നവര്‍ കഴിക്കാത്ത പാതി ഇട്ടെറിഞ്ഞ്‌ വീടുകളില്‍നിന്നും ഇറങ്ങിയോടി. ഞാനും ഊഞ്ഞാലാട്ടം നിറുത്തി, കരച്ചില്‍ കേട്ട ഭാഗത്തേക്കോടി. ഞങ്ങളുടെ വീടിന്‍റെ വടക്കേമുറ്റത്ത്‌ നിന്നാല്‍ കുയിലന്‍ മൂപ്പന്‍റെ വീടും പറമ്പും കാണാം. പറമ്പിന്‍റെ പടിഞ്ഞാറേ അതിര്‌ ഒരു നടവഴിയാണ്‌. വഴിയുടെ ഒത്തനടുവില്‍, പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കൂഴപ്ലാവ്‌. ആ പ്ലാവിന്‍റെ ചുവട്ടില്‍നിന്നാണ്‌ കുയിലത്തിയമ്മയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളി. ഗ്രാമം മുഴുവന്‍ നിലവിളികേട്ട സ്ഥലത്ത്‌ ഓടിക്കൂടുകയാണ്‌.
രാജപ്പന്‍ കെട്ടിക്കൊണ്ടുവന്ന തങ്കമ്മയ്‌ക്ക്‌ കുയിലത്തി എന്ന കുറ്റപ്പേരുണ്ടായതിന്‍റെ പിന്നില്‍ ഒരു സംഭവകഥയുണ്ട്‌: കരിനാഗങ്ങളും കാട്ടുകിളികളും ഐക്യത്തോടെ വാഴുന്ന പാപ്പനത്തുകാവില്‍ എവിടെ നിന്നോ ഒരു പുള്ളിക്കുയില്‍ വഴിതെറ്റിവന്നു. കാട്ടുകിളികള്‍ കൂട്ടംചേര്‍ന്ന്‌ അവളെ കൊത്തിയോടിച്ചു. അവശയായ പുള്ളിക്കുയില്‍ പ്രാണരക്ഷാര്‍ത്ഥം പറന്നുചെന്ന്‌ വയലുഴുതുകൊണ്ടുനിന്ന രാജപ്പന്‍റെ തോളില്‍ അഭയം തേടി. അയാള്‍ അതിനെ കൊന്ന്‌, വയല്‍ക്കരയില്‍ തീ കൂട്ടി ചുട്ടുതിന്നു. അന്നുമുതലാണ്‌ രാജപ്പന്‍ കുയിലനായത്‌. കുയിലന്‍റെ പെണ്ണിനെ കുയിലത്തിയാക്കിയത്‌ വ്യാകരണം പഠിച്ച ഏതോ വികൃതിപ്പിള്ളേരാണുപോലും..
`അയ്യോ... എന്‍റെ മക്കളേ... നല്ലോരോണമായിട്ട്‌ നീയിത്‌ ചെയ്‌തല്ലോ...' കുയിലത്തിയമ്മയുടെ നിലവിളിയും ഒപ്പാരും തുടരുകയാണ്‌.
അവര്‍ക്ക്‌ മൂന്ന്‌ ആണ്‍മക്കളും രണ്ട്‌ പെണ്‍മക്കളുമുണ്ട്‌. പെണ്ണിനെ രണ്ടിനേം കെട്ടിച്ചയച്ചു. ആണ്‍മക്കള്‍ രണ്ടുപേരും പെണ്ണുകെട്ടി, വെവ്വേറെ താമസവുമായി. ആണിലും പെണ്ണിലും മൂത്തവനായ ചെല്ലപ്പന്‌ വയസ്സ്‌ മുപ്പത്തഞ്ച്‌ കഴിഞ്ഞു. നല്ല തടിമിടുക്കും മുഖശ്രീയുമുണ്ടായിട്ടും അവന്‌ കെട്ടുപ്രായമായെന്ന്‌ കുയിലന്‍ മൂപ്പന്‌ തോന്നിയതേയില്ല. കാരണം അവന്‍ തങ്കമ്മയുടെ ഒന്നാംകെട്ടിലുണ്ടായ മകനാണ്‌. ചെല്ലപ്പന്‍ സ്വന്തം അപ്പനെ കണ്ടിട്ടേയില്ല. മരണപ്പെട്ട അപ്പന്‍റെ അഞ്ചേക്കര്‍ പുരയിടത്തിന്‍റെയും പത്തുപറക്കണ്ടത്തിന്‍റെയും ഏക അവകാശിയാണവന്‍. പാതിരാത്രിയാവുമ്പോള്‍ ഇത്തിരിനേരം കിടന്ന്‌ നടുവുനിവര്‍ക്കുന്നതൊഴിച്ചാല്‍, ബാക്കിനേരമത്രയും കുയിലന്‍ അവനെക്കൊണ്ട്‌ വയലിലും പറമ്പിലും മാടിനെപ്പോലെ പണിയെടുപ്പിച്ചു. നാട്ടുകാര്‍ക്കിടയില്‍ അവന്‍ കുയിലന്‍റെ ഉഴവുമാട്‌ എന്ന സഹതാപപ്പേരിനാല്‍ അറിയപ്പെട്ടു. കുയിലന്‍ മാത്രം അവനെ തന്തേക്കൊല്ലി എന്ന്‌ വിളിച്ചു.
ചെല്ലപ്പനെക്കൊണ്ടൊരു പെണ്ണുകെട്ടിച്ചാല്‍ അടുക്കളപ്പണിക്ക്‌ ഒരു സഹായമാവുമല്ലൊ എന്ന്‌ കുയിലത്തിയമ്മ പറയാന്‍തുടങ്ങിയിട്ട്‌ വര്‍ഷം പത്തുകഴിഞ്ഞു. വയലിലെയും പറമ്പിലെയും പണിക്കാര്‍ക്ക്‌ പഴിഞ്ഞിയും ചോറും വച്ചും വിളമ്പിയും അവരുടെ നടുവൊടിയാറായി. പക്ഷേ, അതൊന്നും കുയിലനെ ബാധിക്കുന്ന പ്രശ്‌നമേയല്ല. അവനെന്തിനാ പെണ്ണും പെടക്കോഴീം എന്നൊരു മറുചോദ്യംകൊണ്ട്‌ അയാള്‍ ഭാര്യയുടെ നാവടക്കും. അയാളുടെ മനസ്സിലിരിപ്പ്‌ എന്താണെന്ന്‌ കുയിലത്തിയമ്മയ്‌ക്ക്‌ പിടികിട്ടിയില്ല.
അങ്ങനെയിരിക്കെ ചെല്ലപ്പനൊരു കല്യാണാലോചന വന്നു. അമ്മയും അപ്പനുമില്ലാത്ത പെണ്ണ്‌. മുപ്പതുവയസ്സ്‌ പ്രായം. ആകെക്കൂടിയുള്ള ഒരേക്കര്‍ പുരയിടത്തില്‍ ഒറ്റയ്‌ക്ക്‌ പണിയെടുത്ത്‌ ജീവിക്കുന്ന മിടുക്കത്തി. വീട്ടിലും മറ്റാരുമില്ല. മെയ്‌ക്കരുത്തുള്ള ആ കറുമ്പിക്കൊമാരിയെ ചെല്ലപ്പനും കുയിലത്തിയമ്മക്കും കണ്ണിനു പോതിച്ചു. അതറിഞ്ഞ കുയിലന്‍, `ഇനി ഈ മുറ്റത്ത്‌ കേറിയാല്‍ തന്‍റെ കാല്‌ ഞാന്‍ തല്ലിയൊടിക്കും' എന്നുപറഞ്ഞ്‌ തരവനെ വിരട്ടിയോടിച്ചു. അന്നുരാത്രി ആ വീട്ടില്‍നിന്ന്‌ കുയിലത്തിയമ്മയുടെ നിലവിളി ഉയര്‍ന്നു. കല്യാണം കഴിക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന ചെല്ലപ്പനെ കുയിലന്‍ മാടിനെത്തല്ലുന്ന കാഞ്ഞിരക്കമ്പെടുത്ത്‌ തലങ്ങും വിലങ്ങും തല്ലി. തടയാന്‍ ചെന്ന കുയിലത്തിക്കും കിട്ടി തല്ലും തൊഴിയും. അതോടെ, അമ്മയുടെ രണ്ടാംകെട്ടുകാരനെ ചെല്ലപ്പനും ഭാര്യയുടെ ഒന്നാംകെട്ടിലെ മോനെ കുയിലനും ശത്രുവായി മുദ്രകുത്തി. കുയിലന്‍റെ വയലിലും പറമ്പിലും ചെല്ലപ്പന്‍ പണിക്കിറങ്ങാതായി. സ്വന്തം അപ്പന്‍റെ വയലില്‍ പണിക്കിറങ്ങിയ ചെല്ലപ്പനെ കുയിലന്‍ വെട്ടുകത്തിയുമായി നേരിട്ടു. കൊലക്കുറ്റത്തിന്‌ ജയിലില്‍കിടക്കാന്‍ വയ്യ എന്നുപറഞ്ഞ്‌ ചെല്ലപ്പന്‍ പിന്മാറി.
`എന്‍റെ വീട്ടീന്ന് ആ തന്തേക്കൊല്ലിക്ക്‌ ഒരുതുള്ളി വെള്ളം പോലും കൊടുത്തുപോവരുത്‌.' കുയിലന്‍ ഭാര്യയോട്‌ കല്‍പിച്ചു. ചെല്ലപ്പന്‍ കൂലിപ്പണിചെയ്‌ത്‌ ജീവിക്കാന്‍ തുടങ്ങി. കുറച്ചകലെയുള്ള ഒരു ജന്മിയുടെ രണ്ടുപറക്കണ്ടം പാട്ടത്തിനെടുത്ത്‌ ഏത്തവാഴ നട്ടു. ഇത്രയുമായപ്പോള്‍ കലിമുറ്റിയ കുയിലന്‍ അന്ത്യശാസനം നല്‍കി: `ഇറങ്ങിപ്പൊക്കോണം എന്‍റെ വീട്ടീന്ന്‌'. ചെല്ലപ്പന്‍ തനിക്കുള്ളതെല്ലാം ഒരു തകരപ്പെട്ടിയിലാക്കി വീടുവിട്ടിറങ്ങി, വാഴപ്പണയിലെ കാവല്‍മാടത്തില്‍ താമസമാരംഭിച്ചു. ഓണക്കാലമായതോടെ, വിളഞ്ഞ വാഴക്കുലകള്‍ വെട്ടി വിറ്റു. പാട്ടത്തുക കൊടുത്തു. നല്ലൊരു കസവുമുണ്ടും പോളിസ്റ്റര്‍ ഷര്‍ട്ടും വാങ്ങി. ബാക്കിവന്ന കാശുമായി നാടുവിട്ടുപോകാനുള്ള ഒരുക്കങ്ങള്‍ ചെയ്‌തു. തിരുവോണത്തലേന്ന്‌ രാത്രി, അമ്മയോട്‌ യാത്രചോദിക്കാന്‍ പാത്തും പതുങ്ങിയും വീടിന്‍റെ വടക്കേപ്പുറത്തെത്തിയ ചെല്ലപ്പന്‍ അടുക്കളവാതിലില്‍ മുട്ടിവിളിച്ചു.
`മക്കളേ, അങ്ങേര്‌ ചത്തിട്ട്‌ നീയിനി ഇങ്ങോട്ടു വന്നാമതി. വെക്കം പോ.' എന്നു പറഞ്ഞ്‌, അമ്മ കണ്ണീരോടെ മകനെ യാത്രയാക്കി.
കൂഴപ്ലാവിന്‍റെ ചുവട്ടിലെ ആള്‍ക്കൂട്ടം കൂടിക്കൂടിവന്നു. എട്ടുവയസ്സുകാരിയായ എനിക്ക്‌ സംഭവം പിടികിട്ടിയില്ല. ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നഴഞ്ഞുകയറി കുയിലത്തിയമ്മയുടെ മുന്നിലെത്തി. അവര്‍ കരഞ്ഞുകരഞ്ഞ്‌ തളര്‍ന്നിരിക്കുന്നു. എന്‍റെ മക്കളേ... എന്നുവിളിച്ച്‌ പുലമ്പിക്കരയുന്ന അവരെ താങ്ങപ്പിടിച്ചിരിക്കുന്ന ലില്ലിയക്കയോട്‌ ചോദിച്ചു;
`അക്കേ, അമ്മുമ്മ എന്തിനാ കരയുന്നേ...?'
`അവിടന്ന്‌ മാറിനില്ല്‌ പെണ്ണെ.' ലില്ലിയക്ക മുഖം മേലോട്ട്‌ ചൂണ്ടി എന്നെ ശാസിച്ചു.
പിന്‍കാല്‍വച്ച്‌ പുറകോട്ടുമാറിയതും ഭാരമുള്ള രണ്ടു കാലുകള്‍ എന്‍റെ തലയില്‍ മുട്ടി.
കുറച്ചുകൂടി പുറകിലേക്കു മാറിനിന്ന്‌ ഞാന്‍ മുകളിലേക്ക്‌ നോക്കി. പ്ലാവിന്‍റെ താഴേക്കൊമ്പില്‍... തലചരിച്ച്‌, കണ്ണുതുറിച്ച്‌, നാവുതള്ളി, നിലംതൊടാതെ ചെല്ലപ്പന്‍ നില്‍ക്കുന്നു; ഓണക്കോടിയുമുടുത്ത്‌.

Sunday, 15 April 2018

ഭൂട്ടാന്‍ ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്‌ച (ഡോ:ഡി.ബഞ്ചമിന്‍)




            
 മാനസികോല്ലാസത്തിനും വിജ്ഞാനത്തിനും വേണ്ടി വിദേശസഞ്ചാരം നടത്തുന്ന മലയാളികളുടെ എണ്ണം ഇന്ന്‌ വളരെ കൂടിയിട്ടുണ്ട്‌. പുണ്യഭൂമികളിലേക്ക്‌ തീര്‍ത്ഥാടന ലക്ഷ്യത്തോടെ സഞ്ചരിക്കുന്നവരും കുറവല്ല. അങ്ങനെ നമ്മുടെ യാത്രാവിവരണ സാഹിത്യശാഖ അനുദിനം വളരുകയാണ്‌. പക്ഷേ, യാത്രാവിവരണക്കാരിലെല്ലാം സാഹിത്യാഭിരുചി ഉണ്ടാവണമെന്നില്ലല്ലൊ. ഭൂമിശാസ്‌ത്രപരവും ചരിത്രപരവുമായ അറിവുകള്‍ ഒട്ടു പിന്നില്‍ നിറുത്തി, ആത്മനിഷ്‌ഠമായ അറിവുകള്‍ ആര്‍ജ്ജവത്തോടെ പുരക്ഷേപിക്കുമ്പോഴാണ്‌ യാത്രാവിവരണങ്ങള്‍ ഹൃദ്യമാവുക. ടൂര്‍ കമ്പനികള്‍ നല്‍കുന്ന പാക്കേജുകള്‍ ചില പ്രധാന ആകര്‍ഷക കേന്ദ്രങ്ങളെ മാത്രം ഇണക്കിയുള്ളവയാവും. യാത്രികന്റെ സ്വാതന്ത്ര്യത്തിനും അഭിരുചിക്കും അത്‌ പലപ്പോഴും വിലങ്ങാവുകയും ചെയ്യും. ഒരു എസ്‌.കെ പൊറ്റെക്കാട്ടോ, രാജന്‍ കാക്കനാടനോ പിന്നെ മലയാളത്തില്‍ ഉണ്ടാവാത്തത്‌ പ്രതിബന്ധങ്ങളെ കൂട്ടാക്കാതെ, ജിജ്ഞാസയോടെ സ്വച്ഛന്ദം യാത്രചെയ്യുന്നവര്‍ ഇല്ലാതെപോയതുകൊണ്ടാണ്‌. 
          എസ്‌.സരോജത്തിന്‍റെ ഭൂട്ടാന്‍, കാഴ്‌ചകളും ഉള്‍ക്കാഴ്‌ചകളും എന്ന പുസ്‌തകമാണ്‌ ഇപ്പോള്‍ എന്‍റെ  കൈയിലിരിക്കുന്നത്‌. ഇത്‌ നല്ലൊരു യാത്രാവിവരണമാണ്‌. വളരെ സത്യസന്ധമായ ഒരു മനസ്സ്‌, ജാടകളും ഒഴിയാബാധകളുമില്ലാത്ത മനസ്സ്‌, അപരിചിതമായ അനുഭവങ്ങളെയും അറിവുകളെയും ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങുന്നു. മിക്കവാറും മഞ്ഞുമൂടിയ, മരവിപ്പിക്കുന്ന അന്തരീക്ഷത്തില്‍ ഉണര്‍ന്നെണീക്കുന്ന പ്രഭാതങ്ങളും ക്ലേശകരമായ വഴിയാത്രകളും തദ്ദേശീയരുമായി നടത്തുന്ന ആശയവിനിമയങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു. വ്യക്തമായ ഒരാധികാരിക ചരിത്രം പറയാനാവാത്ത ഭൂട്ടാന്‍റെ  ചില ചരിത്രസന്ധികളും ജനജീവിതത്തിലെ ചില സമസ്യകളും അഴിച്ചെടുക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ മാത്രം ഭൂട്ടാനിലെ പ്രശസ്‌ത എഴുത്തുകാരിയായ അഷി ദോര്‍ജി വാങ്‌മോയുടെ പുസ്‌തകത്തില്‍നിന്ന്‌ സ്വീകരിച്ചിട്ടുള്ളതായി കാണാം. ബാക്കി വിവരണങ്ങളെല്ലാം സ്വാനുഭവങ്ങള്‍ തന്നെ. 
രാജഭരണം നിലനില്‍ക്കുന്ന ബുദ്ധിസ്റ്റ്‌ രാജ്യമാണ്‌ ഭൂട്ടാന്‍. ജനങ്ങളുടെ നിഷ്‌കളങ്കമായ രാജഭക്തി, വിവരണങ്ങളില്‍ തെളിഞ്ഞുകാണാം. സംതൃപ്‌തരായ ജനങ്ങളുടെ ആവാസഭൂമിയാണെന്നു പറയുമ്പോള്‍, ആ സംതൃപ്‌തി പരിമിതികള്‍ക്കുള്ളില്‍ അലംഭാവത്തോടിരിക്കുന്ന, അത്യാര്‍ത്തികളില്ലാത്ത മനസ്സിന്‍റെ  വരദാനം മാത്രമാണെന്ന്‌ നാം തിരിച്ചറിയുന്നു. കാര്യമായ വ്യവസായങ്ങളില്ലാത്ത, വേണ്ടത്ര യാത്രാസൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരു പര്‍വ്വതരാജ്യത്ത്‌ മതാത്മകമായ ഉത്സവങ്ങളിലും അനുഷ്‌ഠാനങ്ങളിലും ഒതുങ്ങിക്കൂടുന്ന ഒരു ജനത. കാലത്തിന്‍റെ  പരിവര്‍ത്തനാത്മകമായ പുരോയാനത്തെ തടുത്തുനിറുത്തുന്ന എന്തോ ഒന്ന്‌ ആ ജനജീവിതത്തിലുണ്ട്‌ പുരാവസ്‌തു മ്യൂസിയങ്ങളും മൊണാസ്‌ട്രികളും അമ്പലങ്ങളും വിശുദ്ധന്മാരെക്കുറിച്ചുള്ള അത്ഭുതകഥകളും അന്ധവിശ്വാസങ്ങളും നിറഞ്ഞ, പഴമയുടെ ഗന്ധം പടര്‍ന്നുനില്‍ക്കുന്ന, തടാകംപോലെ നിശ്ചലമെന്ന്‌ തോന്നുന്ന ജീവിതാവസ്ഥകളാണ്‌ ഈ കൃതി വരച്ചിടുന്നത്‌. 
ലൈംഗികമായ അമിതത്വത്തിന്‍റെ  പ്രവാചകനും അവധൂതനും കവിയുമായ ദ്രുക്‌പ കുന്‍ലെ എന്ന ലാമയുടെ സ്വാധീനം ആ ജനജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നു. വീടുകളുടെ ചുവരുകളില്‍പ്പോലും പതിഞ്ഞുകിടക്കുന്ന പുരുഷലിംഗത്തിന്‍റെ  അലങ്കൃതമായ ശില്‍പങ്ങളും ചിത്രങ്ങളും മായ്‌ച്ചുകളയണമെന്ന തോന്നല്‍ പുതിയ തലമുറയ്‌ക്ക്‌ ഉണ്ടായിത്തുടങ്ങിയിട്ടേയുള്ളൂ. എഴുത്തുകാരി പറയുന്നതുപോലെ, സദാചാരത്തിന്‍റെ  കാപട്യത്തിനും സംന്യാസത്തിന്‍റെ  ആത്മവഞ്ചനയ്‌ക്കും നേരെയുള്ള പൊട്ടിത്തെറിയും പരിഹാസവുമൊക്കെ ഈ അവധൂതന്‍റെ  വരികളിലും പ്രവൃത്തികളിലും ഉണ്ടെന്നത്‌ ശരി തന്നെ. അപ്പോഴും അപസാമാന്യമായ ഒരു വ്യക്തിത്വത്തിന്‍റെ  അസംസ്‌കൃതമായ പ്രതിഫലനം അതിലുണ്ട്‌. ഇത്തരം അപസാമാന്യതകളെ കൊണ്ടാടുന്ന ശീലങ്ങള്‍ പൊളിച്ചുകളയുമ്പോഴാണ്‌ മനുഷ്യന്‍ സംസ്‌കാരത്തിന്‍റെ  പടവുകള്‍ ചവിട്ടിക്കയറുന്നത്‌. സ്‌ത്രീപുരുഷ ബന്ധത്തിലെ അമിതസ്വാതന്ത്ര്യത്തെക്കുറിച്ചും ഇതൊക്കെത്തന്നെ പറയാം. മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയുടെ ആദ്യത്തെ ചവിട്ടുപടിയും വിവാഹസമ്പ്രദായമായിരുന്നു. അതിനുമുമ്പുള്ള അവസ്ഥയെയാണ്‌ ഭൂട്ടാനിലെ ലൈംഗികസദാചാരം ഓര്‍മ്മിപ്പിക്കുന്നത്‌. അതിന്‍റെ  അനിവാര്യമായ തിന്മകളെ പ്രതിരോധിക്കുക എളുപ്പമല്ല. ഭൂട്ടാനില്‍ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലും ഇത്തരം ലൈംഗികസ്വാതന്ത്ര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്‌. നവോദ്ധാനത്തിനുമുമ്പ്‌ കേരളത്തില്‍ നിലനിന്നിരുന്ന സംബന്ധവ്യവസ്ഥയോട്‌ വളരെ അടുത്തുനില്‍ക്കുന്ന ഒന്നാണത്‌. അവിടെ ഏറെ യാതനയും അനാഥത്വവും അനുഭവിക്കേണ്ടിവരുന്നത്‌ സ്രീകള്‍ക്കാണുതാനും. ഈ സത്യം സരോജം ചൂണ്ടിക്കാട്ടുന്നുണ്ട്‌. നമ്മുടെ ഫെമിനിസ്റ്റ്‌ ഫയര്‍ ബ്രാന്റുകള്‍ കാണാതെപോകുന്ന ഒരു സത്യമാണിത്‌. താങ്ങാനാവാത്ത ചുമടും വഹിച്ച്‌, മകളെയും ചേര്‍ത്തുനിറുത്തി, ആത്മനിന്ദ കലര്‍ന്ന ചിരിയോടെ നടന്നുപോകുന്ന അവിവാഹിതയായ അമ്മയുടെ ചിത്രം വരച്ചിട്ടിട്ടുള്ളത്‌ ശ്രദ്ധിക്കുക. സമൂഹം ക്രമികമായ പരിഷ്‌കാരങ്ങളിലൂടെയാണ്‌ സംസ്‌കാരമാര്‍ജ്ജിക്കുന്നത്‌. ഓരോ ഘട്ടത്തിനുമുണ്ടാവും പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്‌നങ്ങള്‍. ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും നിലവിലുള്ള സമൂഹമാണ്‌ ഭൂട്ടാനിലേത്‌. മുന്‍രാജാവ്‌ ഒറ്റയടിക്ക്‌ നാല്‌ സഹോദരിമാരെ വിവാഹം ചെയ്‌തു. ഇപ്പോഴത്തെ രാജാവാകട്ടെ ഏകഭാര്യാ വ്രതക്കാരനും. അദ്ദേഹം ഏഴുവയസ്സുള്ള പെണ്‍കുട്ടിയോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുകയും അവള്‍ക്ക്‌ പ്രായപൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുകയും അവളെത്തന്നെ രാജപത്‌നിയാക്കുകയും ചെയ്‌തു! അത്‌ സാംസ്‌കാരികമായ വളര്‍ച്ചയുടെ ചിത്രം തന്നെയല്ലേ? 
ഭൂട്ടാനികളുടെ വസ്‌ത്രധാരണത്തെക്കുറിച്ച്‌ വിശദീകരിക്കുന്ന എഴുത്തുകാരി `നേപ്പാളില്‍നിന്നു കുടിയേറിയവരുടെ തനിമ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ്‌ ദേശീയവസ്‌ത്രം എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിയത്‌' എന്ന ആരോപണത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌. ചോറും മുളകുകറിയും മുഖ്യമായിരുന്ന സാധാരണക്കാരുടെ ഭക്ഷണശീലത്തിന്‌ നേരിയ മാറ്റം സംഭവിക്കുന്നതായും എടുത്തുപറയുന്നുണ്ട്‌. സ്‌ത്രീയാണ്‌ കുടുംബസ്വത്തിന്‍റെ  അവകാശിയെന്നും അവളെ വിവാഹം ചെയ്യുന്ന പുരുഷന്‍ അവളോടെപ്പം അവളുടെ വീട്ടില്‍ വന്നുതാമസിക്കുകയാണ്‌ സാധാരണ പതിവെന്നും സൂചിപ്പിക്കുന്നുണ്ടെങ്കിലും അവിടത്തെ കുടുംബജീവിതത്തിന്‍റെ  നേര്‍ചിത്രം ഈ കൃതിയില്‍ ഒരു അഭാവമായി അനുഭവപ്പെടുന്നു. ബുദ്ധമതത്തിന്‍റെ   ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളും തെളിമയോടെ ചിത്രീകരിക്കുന്ന എഴുത്തുകാരി അവരെ നയിക്കുന്ന മിത്തുകളുടെ പൊരുള്‍ വേര്‍പിരിച്ച്‌ കാണിക്കുന്നുമുണ്ട്‌. ഒറ്റനോട്ടത്തില്‍ ഭദ്രമായ നിയമവാഴ്‌ച നടക്കുന്നു എന്നു തോന്നുന്ന ഭൂട്ടാനിലും നിഗൂഢമായി നിയമലംഘനങ്ങള്‍ നടക്കുന്നു. പൗരബോധത്തിലും ശുചിത്വത്തിലും നമ്മെക്കാളൊക്കെ ഏറെ മുന്നില്‍ നില്‍ക്കുന്ന ഭൂട്ടാനികള്‍ നിരോധിതമായ സിഗരറ്റ്‌ പോലുള്ള പുകയില ഉത്‌പന്നങ്ങള്‍ അതീവരഹസ്യമായി ഒളിച്ചുകടത്തി ഉപയോഗിക്കുന്നു. താരതമ്യേന വിലക്കുറവുള്ളതും സുലഭവുമായ മദ്യംകൊണ്ട്‌ അവരുടെ ലഹരിയോടുള്ള തൃഷ്‌ണ ശമിക്കുന്നില്ല എന്നു സാരം. രാഷ്‌ട്രീയമായ ഇരുമ്പുമറകള്‍ക്കുള്ളിലെല്ലാം നിയമലംഘനത്തിനുള്ള ത്വരയും ഒളിഞ്ഞിരിക്കുന്നു എന്നതാണ്‌ സത്യം. 
ഇരുപത്തൊന്നാം നൂറ്റാണ്ടിലും രാജകീയഭരണം കൊണ്ടാടുന്ന ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള ഗാഢമായ സൗഹൃദബന്ധത്തിന്റെ പിന്നിലെ രാഷ്‌ട്രീയവും ഉള്‍ക്കാഴ്‌ചയോടെ സരോജം സൂചിപ്പിച്ചുപോകുന്നു. പരിസ്ഥിതി സംരക്ഷണവും ശുചിത്വ പരിപാലനവുമാണ്‌ ഈ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട്‌ ഗുണപാഠങ്ങള്‍. ദരിദ്രരാജ്യമായ ഭൂട്ടാനില്‍ ജനങ്ങളുടെ സന്തോഷമാണ്‌ രാജ്യപുരോഗതിയുടെ അളവുകോല്‍ എന്നതും വിചിത്രമായൊരു കാഴ്‌ചപ്പാടാണെന്ന്‌ എഴുത്തുകാരി വിലയിരുത്തുന്നു. ജനങ്ങളുടെ സന്തോഷത്തിന്‌ ഹാനികരമായ യാതൊരു പദ്ധതിക്കും ഹാപ്പിനെസ്സ്‌ കമ്മിഷന്‍ അനുമതി നല്‍കാറില്ലത്രെ. ഇങ്ങനെയൊക്കെയാണെങ്കിലും 2015-ലെ കണക്കനുസരിച്ച്‌ എട്ടുശതമാനം ജനങ്ങള്‍ അല്‍പംപോലും സന്തോഷം ഇല്ലാത്തവരാണ്‌. തികച്ചും വ്യക്തിപരമായ സന്തോഷം എന്ന മാനസികാവസ്ഥയെ എങ്ങനെയാണ്‌ സൂചകങ്ങള്‍കൊണ്ട്‌ അളന്നുകുറിക്കുക! 
നമ്മുടെ തൊട്ടയലത്ത്‌ സ്ഥിതിചെയ്യുന്ന രാജ്യമാണെങ്കിലും ഭൂട്ടാനെക്കുറിച്ച്‌ നമ്മള്‍ അധികമൊന്നും അറിയുന്നില്ല. ആ നിലയ്‌ക്കാണ്‌ ഈ സഞ്ചാരസാഹിത്യകൃതി ശ്രദ്ധേയമാകുന്നത്‌. ഇതില്‍ സഹയാത്രികരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നന്നേ വിരളമാണ്‌. എങ്കിലും ചിലപ്പോഴൊക്കെ ഇതൊരു കൂട്ടുസഞ്ചാരമാണ്‌ എന്ന തോന്നലുളവാക്കുന്നുണ്ട്‌. എഴുതിത്തഴക്കം വന്ന ഒരു ചെറുകഥാകാരിയുടെ കരടില്ലാത്ത ഭാഷയിലുള്ള ആഖ്യാനം നല്‍കുന്ന പാരായണസുഖവും എടുത്തുപറയേണ്ടതാണ്‌.

Monday, 15 January 2018

കാവ്യസാക്ഷ്യം; ഹൃദയസാക്ഷ്യം - പ്രഭാവര്‍മ്മ



`ഒരു ചെറുപൂവിലൊതുങ്ങുമതിന്‍ ചിരി; 
കടലിലും കൊള്ളില്ലതിന്‍റെ  കണ്ണീര്‍'
 എന്ന്‌ എത്രയോ നേരത്തേ ഒരു കവി പറഞ്ഞുവച്ചിരിക്കുന്നു. അതിന്‍റെ  നേര്‍സാക്ഷ്യമാവുന്ന ഒരു മനസ്സുമായി കാവ്യരംഗത്ത്‌ വ്യാപരിക്കുന്ന ഒരു കവിയാണ്‌ എസ്‌.സരോജം. സരോജത്തിന്‍റെ  കവിതയ്‌ക്കും ഇണങ്ങും തുടക്കത്തില്‍ എഴുതിയ ആ വിശേഷണപദങ്ങള്‍. അത്രമേല്‍ സ്വച്ഛശുദ്ധവും സുതാര്യസുന്ദരവുമായ കവിതകളാണ്‌ സരോജത്തില്‍നിന്നു മുമ്പുണ്ടായിട്ടുള്ളതും ഈ പുതിയ കൃതിയിലൂടെ അനുവാചകലോകത്തിന്‍റെ  മുന്നിലെത്തുന്നതും. അതുകൊണ്ടുതന്നെ ഈ കാവ്യകൃതിയുമായി ഈവിധത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ എനിക്കുള്ള സന്തോഷം ചെറുതല്ല.

`സോനമാര്‍ഗ്ഗിലെ ചെമ്മരിയാടുകള്‍' എന്ന ഈ കാവ്യസമാഹാരത്തില്‍ ഛന്ദോബദ്ധമായ കവിതകളുണ്ട്‌; ഛന്ദോമുക്തമായ കവിതകളുമുണ്ട്‌. ഛന്ദോബദ്ധകവിതകള്‍ കൃത്യമായും രൂപസംബന്ധിയായ ഒരു താളക്രമത്തെ അനുസരിക്കുമ്പോള്‍ ഛന്ദോമുക്തകവിതകള്‍ ഭാവസംബന്ധിയായ ഒരു താളക്രമത്തെ അനുസരിക്കുന്നു. രണ്ടും ഒരേപോലെ കവിതയുടെ വെണ്ണപ്പാളി കണ്ടെടുത്ത്‌ അനുഭൂതിസാന്ദ്രമായ സവിശേഷസംവേദനം സാദ്ധ്യമാക്കുന്നു. ഭാവസംക്രമണത്തിനും അര്‍ത്ഥസംക്രമണത്തിനും സമര്‍ത്ഥങ്ങളായ കല്‍പനകളുടെ സാന്നിദ്ധ്യം വായനാനുഭവത്തിനുശേഷവും മനസ്സില്‍ മായാത്ത ചിത്രങ്ങള്‍ അവശേഷിപ്പിക്കുന്നു. ചില കല്‌പനകള്‍ അനുഭൂതികളുടെ പരാഗപ്രസരണംകൊണ്ട്‌ ശ്രദ്ധേയം; മറ്റുചിലവ അനുഭവങ്ങളുടെ തീവ്രസംവേദനംകൊണ്ടു ശ്രദ്ധേയം.
ഈ കവിതകള്‍കൊണ്ട്‌ സരോജം തന്‍റെ  കാലത്തെ അളവുകോലാക്കി ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെയാകെ അളന്നുകുറിച്ചവതരിപ്പിക്കാന്‍ ശ്രമിക്കുന്നു; തന്‍റെ  ലോകത്തെ മാനദണ്‌ഡമാക്കി സമസ്‌ത ലോകങ്ങളെയും വിലയിരുത്തിയവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. കാലത്തെയും ലോകത്തെയും അവയുമായി ബന്ധപ്പെട്ട അനുഭവസംഘാതങ്ങളെയും വര്‍ത്തമാനകാലത്തിനും വരുംകാലത്തിനുമായി പകര്‍ന്നുവയ്‌ക്കുക എന്നതുതന്നെയല്ലേ ആത്യന്തികമായ കവികര്‍മ്മം. അത്‌ സരോജം സര്‍ഗ്ഗാത്മകമായ നിലയില്‍ ഏറ്റെടുത്തു സാഫല്യത്തിലെത്തിക്കുന്നു.
ശില്‌പഘടനയും ഭാവഘടനയും തമ്മിലുണ്ടാകേണ്ട സാത്‌മ്യമാണ്‌ ഏതു കവിതയെയും അര്‍ത്ഥസംവേദനക്ഷമവും ഭാവസംക്രമണസമര്‍ത്ഥവുമാക്കുന്നത്‌. ഈ ശില്‌പഭാവപ്പൊരുത്തം ഗദ്യകവിതകളിലും ഒരുപോലെ തെളിഞ്ഞുനില്‌ക്കുന്നു ഈ സമാഹാരത്തിലാകെ. 
``പ്രണയം തുടിക്കുന്ന ഹൃദയത്തില്‍
ദുഃഖസാഗരമൊളിച്ചുവച്ച്‌,
സ്വപ്‌നമുറങ്ങുന്ന കണ്ണുകളില്‍
സ്‌നേഹദീപം കൊളുത്തിവച്ച്‌,
മുത്തുപോലുള്ള പല്ലുകള്‍കാട്ടി
നീ ചിരിക്കുന്നു'' എന്ന്‌ `നേരറിവ്‌' എന്ന കവിതയില്‍ ഗദ്യമെന്ന ഉപാധിയിലൂടെ സരോജം അതുവരെ അറിയാത്ത അനുഭൂതികളുടെ സൂക്ഷ്‌മതരമായ ഉന്മീലനത്തിന്‍റെ  
ഉദാത്താവസ്ഥയിലേക്ക്‌ സുമനസ്സുകളെ നയിക്കുന്നത്‌ ശ്രദ്ധിക്കുക. ഈ കാവ്യഭാഗത്ത്‌ കൃത്യമായ ഒരു പദവിന്യാസക്രമമുണ്ട്‌, ഭാവസ്‌പുരണ ദീപ്‌തിയുണ്ട്‌. ഗദ്യരചനയില്‍ ഇതുസാദ്ധ്യമാക്കുക എന്നത്‌ തുലോം ദുഷ്‌കരമാണ്‌. വൃത്തനിബദ്ധ കവിതയിലാണെങ്കില്‍ വൃത്തത്തിന്‍റെ  ചൊല്‍വഴക്കം ആന്തരികമായ പോരായ്‌മകള്‍ വല്ലതും ഉണ്ടെങ്കില്‍ത്തന്നെ നികത്തിക്കൊള്ളും. എന്നാല്‍ ഗദ്യത്തില്‍ അത്തരം കൈത്തുണയൊന്നും കൂട്ടുപോരില്ല. വായിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ശില്‌പചാതുരി ഏതാണ്ട്‌ കൈയടക്കമായിത്തന്നെ കിട്ടിയിട്ടുണ്ടെങ്കിലേ രക്ഷയുള്ളൂ. ആ കൈയടക്കം സരോജത്തിന്‌ ഭാഷയുടെ അനുഗ്രഹമെന്നപോലെ കൈവന്നിരിക്കുന്നു എന്നു പറയാന്‍ ഏറെ സന്തോഷമുണ്ട്‌. 
``ആയതനേത്രങ്ങള്‍ ചിമ്മിയില്ലോമലാള്‍
ആ നിമിഷം നാഥനെത്തിയാലോ?
രാവിന്‍റെ  യാമങ്ങളേറെക്കഴിഞ്ഞുപോയ്‌
തോഴിയായ്‌ പൊന്നിളം തെന്നല്‍മാത്രം'' എന്ന്‌ കൃത്യമായും ഛന്ദോബദ്ധരീതിയില്‍ എഴുതുമ്പോഴാവട്ടെ, വൃത്തത്തിന്‍റെ  സ്വച്ഛന്ദതയാര്‍ന്ന ആ ശയ്യാഗുണം മാത്രമല്ല, വാക്കുകള്‍ക്കിടയിലെ മൗനം വിടര്‍ത്തുന്ന ഭാവാത്മകതയുടെ മഴവില്ലു കൂടിയാണ്‌ അനുവാചകഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നത്‌. ഗദ്യമോ പദ്യമോ എന്നതല്ല, എഴുതുന്നതില്‍ കവിതയുണ്ടോ എന്നതാണു കാര്യം. സരോജത്തിന്റെ മനസ്സ്‌ കണ്ടെടുക്കുന്ന വാക്കുകള്‍ അവരുടെതന്നെ തൂലിക യോജിപ്പിച്ചെടുക്കുമ്പോള്‍ പുതിയ വാക്കുകളല്ല, നക്ഷത്രങ്ങള്‍തന്നെ ഉണ്ടാവുന്നുണ്ട്‌.
ഏതോ വിദൂരതീരത്തുനിന്നു തേടിയെത്തുന്നതും ആരാണെന്നോ, എന്താണെന്നോ പറയാനരുതാത്തതും ഭാവനയ്‌ക്കും വികാരവിചാരങ്ങള്‍ക്കും അപ്പുറത്തു നിലകൊള്ളുന്നതുമായ എന്തിനോടോ ഉള്ള പാരസ്‌പര്യത്തെ ഇതള്‍വിടര്‍ത്തി അതിവിശാലമായ സ്‌നേഹാനുഭവത്തിന്‍റെ  അദൈ്വതഭാവം സൃഷ്‌ടിക്കുന്ന കവിതയാണ്‌ `നേരറിവ്‌'. `നീയില്ലെങ്കില്‍ ഞാനുമില്ല' എന്ന അറിവിലടങ്ങുന്ന ദൈ്വതാതീത ഭാവം ഏകാത്മകതയുടെ നവാനുഭവം സൃഷ്‌ടിക്കുന്നത്‌ വിസ്‌മയകരമായ രീതിയില്‍ത്തന്നെ.
വിതയുടെ അഭാവത്തില്‍ കവിത പതിരുകള്‍ക്കേ പിറവി നല്‍കൂ എന്ന്‌ സരോജം കണ്ടെത്തുമ്പോള്‍ അനുഭവത്തിന്‍റെ  അഭാവത്തില്‍ കവിതയുടെ ഉള്ളു പൊള്ളയായിപ്പോവുന്നു എന്ന സമകാലിക കാവ്യലോകത്തെ അനുഭവങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാവുന്നു അവരുടെ വാക്കുകള്‍. 
ജലത്തില്‍ ലയിക്കാനാവാത്ത ശിലയുടെയും ശിലയെ അലിയിക്കാനാവാത്ത ജലത്തിന്‍റെയും ഇമേജുകള്‍കൊണ്ട്‌ പ്രത്യക്ഷത്തിലെ പൊരുത്തങ്ങളുടെ പ്രച്ഛന്നതയിലെ പൊരുത്തക്കേടുകള്‍ തുറന്നുകാട്ടുന്നുണ്ട്‌ ജലശില എന്ന കവിതയില്‍ . വൈരുദ്ധ്യങ്ങള്‍ക്കു മുഖാമുഖം പ്രതിഭ ചെന്നുനില്‍ക്കുന്ന വേളയിലാണ്‌ ഉല്‍കൃഷ്‌ടങ്ങളായ കവിതകളുണ്ടാവുന്നതെന്ന്‌ ഇടശ്ശേരിയും വൈലോപ്പിള്ളിയും മുതല്‍ ഒ.എന്‍.വിയും സുഗതകുമാരിയും വരെ എത്രയോവട്ടം തെളിയിച്ചുതന്നു. അത്തരം തുടര്‍തെളിയിക്കലിന്റേതായ മുഹൂര്‍ത്ത പരമ്പരയ്‌ക്ക്‌ അവസാനമില്ലെന്ന സത്യത്തിന്‍റെ  പ്രകാശനം നിര്‍വ്വഹിക്കുന്നുണ്ട്‌ `ജലശില'യിലൂടെ സരോജം. 
പ്രണയമെന്ന സങ്കല്‍പത്തിന്‌ കാലാന്തരത്തില്‍ വരുന്ന മാറ്റത്തെ ഇഴകീറി പരിശോധിക്കുന്നുണ്ട്‌ `പ്രണയം' എന്ന കവിതയില്‍. കാമമെന്ന ശിലമേല്‍ പണിതുയര്‍ത്തുന്ന സങ്കല്‍പഗോപുരമാണ്‌ പ്രണയമെന്ന കണ്ടെത്തലില്‍ പുതുമയുണ്ട്‌. 
``ആവേശത്തിരയടങ്ങിയാല്‍ 
നൂറുനൂറു നുണകളാല്‍
ആണയിട്ടുറപ്പിക്കുന്ന
ആത്മവഞ്ചന'' എന്നുകൂടി ഈ കവി പ്രണയത്തെ നിര്‍വ്വചിക്കുന്നു. ``നിയമം നിറവേറ്റലെത്ര,യിദ്ദാമ്പത്യത്തില്‍
നയമെത്രയാ,ണഭിനയമെത്രയാണെന്നും'' എന്നു വൈലോപ്പിള്ളി നിര്‍വ്വചിച്ചതിന്‍റെ  സൗന്ദര്യാത്മകവും നിശിതോഗ്രവുമായ തുടര്‍ച്ച എന്ന്‌ ഇതിനെ വിശേഷിപ്പിക്കാന്‍ തോന്നുന്നുണ്ട്‌. കാലാനുസൃതമായി പ്രണയം ഇങ്ങനെ പുതുവിധങ്ങളില്‍ നിര്‍വ്വചിക്കപ്പെടാം. വരുംകാലത്ത്‌ `കാമം എന്നത്‌ ഇത്ര വിമര്‍ശിക്കപ്പെടേണ്ട ഒന്നാണോ എന്ന്‌ ഒരു പുതുകവി ചോദിച്ചെന്നുവരാം. വരുംകാലത്തേക്കുള്ള ചോദ്യങ്ങള്‍ തീര്‍ത്തുകൊടുക്കല്‍ കൂടിയാണല്ലോ `കണ്ണിപൊട്ടാതെ കാക്കുന്ന' കവിത നിര്‍വ്വഹിക്കേണ്ട പല ധര്‍മ്മങ്ങളിലൊന്ന്‌. പ്രായം ശരീരത്തോടു ചെയ്യുന്നതിനെ ക്ഷേത്രഗണിതത്തിന്‍റെ  പ്രകരണത്തില്‍ `ശരീരം' എന്ന കവിതയില്‍ അവതരിപ്പിച്ചതില്‍ മൗലികതയുണ്ട്‌. അരൂപിയായി വന്ന്‌ ശരീരത്തിന്‍റെ  അളവുതെറ്റിക്കുന്ന കാലത്തിന്‍റെ  കണ്ണുവെട്ടിച്ച്‌ ശരീരത്തെ പ്രകാശവേഗത്തില്‍ പറത്തിവിട്ടാലോ എന്നു ചോദിക്കുന്നതില്‍ ആര്‍ജ്ജവവുമുണ്ട്‌.
മാറുന്ന കാലത്തിനനുസരിച്ച്‌ കവിതയുടെ ഭാഷ മാറും; സങ്കേതം മാറും. മാറാതിരുന്നാല്‍ വാങ്‌മയം ക്ലീഷേ ആയി ജീര്‍ണ്ണിക്കും. ഇത്‌ ആധുനിക കവികള്‍ തിരിച്ചറിയുന്നുണ്ട്‌. അതുകൊണ്ടാണ്‌ വൃന്ദാവനത്തിലും യമുനാതീരത്തും തളഞ്ഞുകിടക്കാതെ ചാറ്റ്‌ബോക്‌സിലേക്കും സൈബര്‍ ഹൈവേയിലേക്കും കവിത യാത്രചെയ്യുന്നത്‌. ഭാഷയെ, പ്രതീകത്തെ ഒക്കെ നവീകരിക്കുന്നതിന്‍റെ  വഴിയാണത്‌. ആ വഴിയേ ധീരമായി സഞ്ചരിക്കുന്നു ഈ കവി. അല്ലെങ്കില്‍,
``ചാറ്റ്‌ബോക്‌സ്‌ നിറയെ ക്ഷണക്കത്തുകള്‍,
നിഗൂഢസൗഹൃദങ്ങളുടെ ഉയരങ്ങളിലേക്ക്‌,
ഉപാധികളില്ലാതെ.... ബാദ്ധ്യതകളില്ലാതെ....'' എന്ന്‌ ഇവര്‍ എഴുതുമായിരുന്നില്ലല്ലോ. പുതിയ വാക്കും പുതിയ ബിംബവിന്യാസവുംകൊണ്ട്‌ കവിത മറികടക്കാന്‍ ശ്രമിക്കുന്നത്‌ ഭാഷയെയും ഭാവുകത്വത്തെയും ബാധിക്കുന്ന ചെടിപ്പിനെയാണ്‌. അതൊരു വെല്ലുവിളിയാണ്‌. എന്നാല്‍, ആ വെല്ലുവിളിയെ ധീരമായി ഏറ്റെടുക്കുന്നു സരോജം.
കേവലമായ തോന്നലുകളെ അനുഭൂതിജനകങ്ങളായ അനുഭവങ്ങളാക്കി പരിവര്‍ ത്തിപ്പിക്കുന്ന കവിതകളുണ്ട്‌. `ഞാനും നീയും', 'നിന്നെ ഓര്‍ക്കുമ്പോള്‍', തുടങ്ങിയ കവിതകള്‍ ആ നിരയില്‍പ്പെടുന്നു. ആത്മാവിന്‍റെ  ഉള്ളറയിലേക്ക്‌ ഊളിയിടുന്ന ഞാനും തടവറയില്‍നിന്നു പുറത്തുചാടാന്‍ വെമ്പുന്ന നീയും ഉള്‍പ്പെടെ `ഞാനും നീയും' നമ്മിലെല്ലാമുള്ള വൈരുദ്ധ്യങ്ങളെത്തന്നെ സാക്ഷാത്‌കരിക്കുന്നു. ഒരു രാവിന്‍റെ  പ്രണയം ചോദിച്ചിടത്ത്‌ ഒരു ജന്മത്തിന്‍റെ  സൗഹൃദം നല്‍കുന്ന `നിന്നെ ഓര്‍ക്കുമ്പോള്‍', അവസാനത്തെ വെള്ളിടിയെക്കുറിച്ച്‌ ജാഗ്രതപ്പെടുന്ന `മഴപ്പാടുകള്‍', ``ആരാണു ഞാന്‍?'' എന്ന സ്വത്വാന്വേഷണത്തിന്‌ ``വലിച്ചെറിയപ്പെട്ട പാഴ്‌വസ്‌തു'' എന്ന ഉത്തരം നല്‍കിക്കൊണ്ട്‌ ബന്ധങ്ങളെ നിര്‍വ്വചിക്കുന്ന `പാഴ്‌വസ്‌തു', കേട്ട പാട്ടുകളിലൂടെ ഒഴുകുന്നതിനിടെ ഒരു പാട്ടുപോലും പാടാനാവാതെപോയതിന്‍റെ  നഷ്‌ടബോധത്തെ ഇഴചേര്‍ത്തെടുക്കുന്ന `പാടാത്ത പാട്ട്‌', കപടസദാചാരത്തെ സ്‌കാന്‍ചെയ്‌തവതരിപ്പിക്കുന്ന `നോണ്‍സ്റ്റിക്‌', മനസ്സിലെ മഞ്ഞുപാളികള്‍ക്കുള്ളില്‍നിന്ന്‌ പ്രണയഫോസിലുകളെ കണ്ടെത്തുന്ന `ഹൃദയഗവേഷണം', ഇടിവെട്ടിപ്പെയ്‌ത്‌ ഒഴുകിയകലുന്ന വേനല്‍മഴയില്‍ കൃത്രിമസ്‌നേഹത്തെ കണ്ടെത്തുന്ന `വേനല്‍മഴ', ക്രൂരരാത്രികളെ വകഞ്ഞുമാറ്റി ഉണര്‍ന്നുവരുന്ന സ്വന്തം സൂര്യനെ സാക്ഷാല്‍ക്കരിക്കുന്ന `സൂര്യന്‍', സ്‌നേഹത്തെ സ്വര്‍ണ്ണത്തിന്‍റെ  തൂക്കംകൊണ്ടളക്കുന്ന ഭര്‍തൃഗൃഹത്തില്‍ ഫാനില്‍ തൂങ്ങിയാടുന്ന വധുവിന്‍റെ  ജീവിതദുരന്തം കനലാലെന്നപോലെ പൊള്ളിക്കുന്ന `കല്യാണം', സ്വന്തമായ ഒരു കീറ്‌ ആകാശംപോലും ഇല്ലാത്ത വീട്ടുപെണ്ണിന്റെ ഹതാശമായ മനസ്സ്‌ ഒപ്പിയെടുക്കുന്ന `വീട്ടിലെ പെണ്ണേ', പഴയ `മാനിഷാദ'യെ പുതിയ കാലത്തിലേക്ക്‌ പറിച്ചുനടുന്ന `മാറ്റം', തിളച്ചുരുകിയാല്‍ തണുത്തുറഞ്ഞേ മതിയാവൂ എന്ന ജീവിതതത്വം പഠിപ്പിക്കുന്ന `ഹിമപാതങ്ങള്‍ പറഞ്ഞത്‌', വയറെരിഞ്ഞ പാടത്തെയും നീരുവറ്റിയ പുഴയെയും കാറ്റൊഴിഞ്ഞ കടലിനെയും വരച്ചിട്ടുകൊണ്ട്‌ നിരാര്‍ദ്രമാവുന്ന നമ്മുടെ ജീവിതത്തെ ധ്വനിപ്പിക്കുന്ന `ദീര്‍ഘവീക്ഷണം', വഴിതെറ്റിയ ഇടയന്മാരാല്‍ നയിക്കപ്പെടുന്ന ചെമ്മരിയാടുകളുടെ വഴികളെത്തുന്നിടത്തെക്കുറിച്ച്‌ ഉല്‍ക്കണ്‌ഠപ്പെടുത്തുന്ന `സോനാമാര്‍ഗ്ഗിലെ ചെമ്മരിയാടുകള്‍' എന്നിവയൊക്കെ നവാനുഭൂതിയുടെ അഭൗമമേഖലകളിലേക്കും നവാനുഭവങ്ങളുടെ അവാച്യസുന്ദരമായ അജ്ഞേയമേഖലകളിലേക്കും അനുവാചകമനസ്സുകളെ നയിക്കുന്നു. അത്‌ അനുഭവിച്ചറിയേണ്ടതു തന്നെ. `അനുഭവാവസാനത്വ' എന്നു ശങ്കരാചാര്യര്‍.
``ഓര്‍ക്കും നിന്‍ മഹിമകളാര-
വര്‍ക്കു രോമം 
ചീര്‍ക്കുന്നുണ്ടതു മതിയംബ
വിശ്വസിപ്പാന്‍'' എന്ന്‌ മഹാകവി കുമാരനാശാന്‍.
``നിത്യസൗരഭ്യമുള്ളിലുണ്ടെന്നാല്‍
നിശ്ചയം, നിര്‍ഗ്ഗമിച്ചീടും'' എന്ന്‌ ഒരു കവിതയില്‍ സരോജംതന്നെ പറയുന്നുണ്ടല്ലൊ. ഉണ്ട്‌; ഈ കവിതകളില്‍ അനുഭൂതികളുടെ നിത്യസൗരഭ്യമുണ്ട്‌. അതാവട്ടെ, സുമനസ്സുകളില്‍ പ്രസരിക്കുന്നുമുണ്ട്‌. 
തകരുന്ന ശലഭസ്വപ്‌നത്തിലൂടെ ഒരു ലോകജീവിത യാഥാര്‍ത്ഥ്യത്തെ വാറ്റിയെടുക്കുന്ന `ശലഭങ്ങള്‍ പറഞ്ഞത്‌' എന്ന കവിത `വാക്കിന്‍ വാക്കിനു വാക്കുചേര്‍ത്തുളി നടത്തീടും കലാചാതുരി' എന്ന ക്രാഫ്‌റ്റിനുള്ള ശ്രദ്ധേയമായ നിദര്‍ശനമാവുന്നു. നാട്ടുസംസ്‌കാരത്തിന്‍റെ  (Rustic) ശുദ്ധിയും വെണ്മയും തെളിഞ്ഞുനില്‍ക്കുന്ന `കണിവയ്‌ക്കാന്‍' എന്ന കവിത ആസ്വാദകരെ അവരുടെ ബാല്യകൗമാരങ്ങളുടെ, പഴയ നെല്‌പ്പാടവരമ്പുകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോവും. ഗ്രാമം മരിച്ചാലും അതു പകര്‍ന്നുതന്ന സ്വപ്‌നങ്ങള്‍ ജീവിതത്തുടിപ്പുകളായി നമ്മെ പില്‍ക്കാലജീവിതത്തില്‍ പിന്തുടരും എന്ന്‌ ഓര്‍മ്മിപ്പിക്കുന്ന `കളിക്കോപ്പുകള്‍' ഗൃഹാതുരത്വത്തിന്‍റെ  ഭാഷകൊണ്ട്‌ മുന്‍പറഞ്ഞ കവിതയോടു ചേര്‍ന്നുനില്‍ക്കുന്നതു തന്നെ.
``എങ്ങുനിന്നെത്തിയിക്കുഞ്ഞുമുക്കുറ്റികള്‍
തിങ്ങിനിറഞ്ഞെന്റെ മുറ്റമെങ്ങും?
മഞ്ഞനിറമുള്ള കുഞ്ഞിതള്‍പ്പൂക്കളില്‍
മഞ്ഞിന്‍കണികകളുമ്മവയ്‌ക്കെ'' എന്നു തുടങ്ങുന്ന`മുക്കുറ്റിപ്രേമം' അതിവിലോലമായ ഒരു പൂര്‍വ്വസ്‌മൃതി വര്‍ത്തമാനകാല പരുക്കന്‍ യാഥാര്‍ത്ഥ്യത്തിന്‍റെ  കരിങ്കല്ലുകളില്‍ തട്ടിത്തകരുന്നതിന്‍റെ  ദാരുണചിത്രമാണ്‌ കോറിയിടുന്നത്‌.
മടങ്ങിവരാത്ത ചരടറ്റ പട്ടത്തില്‍ മടങ്ങിവരാത്ത ചിറകറ്റ സ്വപ്‌നത്തെ കണ്ടെത്തുന്ന `മുക്കുവപ്പാട്ട്‌', സമകാലിക ജീവിതപ്രശ്‌നങ്ങളെ കാവ്യഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന `പ്രാര്‍ത്ഥന', വെബ്ബുകളില്‍ തപ്പിത്തപ്പി യഥാര്‍ത്ഥലോകത്തെ നഷ്‌ടപ്പെടുത്തുന്ന `ഉണ്ണികള്‍ പോകുന്നതെങ്ങോട്ട്‌?', രാജമല്ലിയും നന്ത്യാര്‍വട്ടവും വേണ്ടാത്തതും സൈബര്‍പ്പൂക്കള്‍ മാത്രം വേണ്ടതുമായ ഒരു പുതുകാലത്തെ നിര്‍വ്വചിക്കുന്ന `ബ്ലൂടൂത്ത്‌', യന്ത്രക്കൈയ്‌കള്‍ പിഴുതെടുക്കുന്നതു പച്ചമണ്ണല്ല, മറിച്ച്‌ പഴയ ഒരു ഹൃദയമാണ്‌ എന്നു കണ്ടെത്തുന്ന `ഒടുക്കത്തെ വാക്ക്‌' എന്നിവയൊക്കെ മനസ്സില്‍ ദീപ്‌തമായ ഒരു ഭാവാന്തരീക്ഷം നിറയ്‌ക്കും. 
വ്യവസ്ഥിതിയുടെ ജീര്‍ണ്ണമായ അടരുകളെ സമത്വത്തിലധിഷ്‌ഠമായ ഈടുവയ്‌പുകള്‍ കൊണ്ട്‌ പകരംവയ്‌ക്കാന്‍ പാകത്തില്‍ വാക്ക്‌ മൂര്‍ച്ചയുള്ള ആയുധമാവുന്നുണ്ട്‌ `പ്രഭാംശുവിന്‍റെ  വിലാപം' പോലുള്ള കവിതകളില്‍. അനുഭവാത്മകതയുടെ തീക്ഷ്‌ണത കൊണ്ട്‌ ശ്രദ്ധേയമാണ്‌ `ആതുരാലയത്തിലെ പ്രഭാതങ്ങള്‍'. ഇങ്ങനെ നോക്കിയാല്‍ ഓരോ കവിതയെക്കുറിച്ചും എടുത്തുപറയണം. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ശ്രദ്ധേയമാണ്‌ ഓരോന്നും. പരീക്ഷണാത്മകതയുടെ വിദൂരസാഗരങ്ങളെക്കാള്‍ അനുഭവാത്മകതയുടെ കൈക്കുടന്നജലത്തെയാണ്‌ കവി ഏറെ സ്‌നേഹിക്കുന്നതെന്നു തോന്നുന്നു.
വൈയക്തികമായ സൂക്ഷ്‌മാനുഭവങ്ങളെ വ്യക്തിനിരപേക്ഷമായ കാവ്യാനുഭവങ്ങളാക്കി മാറ്റുന്ന വിദ്യ ഈ കവിക്ക്‌ വശമാണ്‌. ജീവിതം നീട്ടിയ പനിനീര്‍പ്പൂക്കളുടെ ചോപ്പും ഒപ്പമുള്ള മുള്ളു തറഞ്ഞുണ്ടായ ചോരച്ചോപ്പും ഈ കവിതകളില്‍ ശോണച്ഛായ പകര്‍ന്നുനില്‍ക്കുന്നു. ജീവിതം വാറ്റിയെടുത്തതാണ്‌ ഈ കവിതകള്‍. പ്രസാദാത്മകതയാണ്‌ ഇവയുടെ ആത്മഭാവം. ``Poetry is the record of the best and happiest moments of the happiest and best minds'' എന്ന്‌ `A defence of poetry' എന്ന കൃതിയില്‍ പി.ബി.ഷെല്ലി എന്ന മഹാനായ കവിയാണ്‌ എഴുതിയത്‌. ആ നിരീക്ഷണത്തെ സത്യാത്മകമാക്കുന്നു ശ്രീമതി എസ്‌.സരോജത്തിന്‍റെ  ഈ ഹൃദയസാക്ഷ്യം; ഈ കാവ്യസാക്ഷ്യം!