Sunday, 15 April 2018

ഭൂട്ടാന്‍ ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്‌ച (ഡോ:ഡി.ബഞ്ചമിന്‍)




            
 മാനസികോല്ലാസത്തിനും വിജ്ഞാനത്തിനും വേണ്ടി വിദേശസഞ്ചാരം നടത്തുന്ന മലയാളികളുടെ എണ്ണം ഇന്ന്‌ വളരെ കൂടിയിട്ടുണ്ട്‌. പുണ്യഭൂമികളിലേക്ക്‌ തീര്‍ത്ഥാടന ലക്ഷ്യത്തോടെ സഞ്ചരിക്കുന്നവരും കുറവല്ല. അങ്ങനെ നമ്മുടെ യാത്രാവിവരണ സാഹിത്യശാഖ അനുദിനം വളരുകയാണ്‌. പക്ഷേ, യാത്രാവിവരണക്കാരിലെല്ലാം സാഹിത്യാഭിരുചി ഉണ്ടാവണമെന്നില്ലല്ലൊ. ഭൂമിശാസ്‌ത്രപരവും ചരിത്രപരവുമായ അറിവുകള്‍ ഒട്ടു പിന്നില്‍ നിറുത്തി, ആത്മനിഷ്‌ഠമായ അറിവുകള്‍ ആര്‍ജ്ജവത്തോടെ പുരക്ഷേപിക്കുമ്പോഴാണ്‌ യാത്രാവിവരണങ്ങള്‍ ഹൃദ്യമാവുക. ടൂര്‍ കമ്പനികള്‍ നല്‍കുന്ന പാക്കേജുകള്‍ ചില പ്രധാന ആകര്‍ഷക കേന്ദ്രങ്ങളെ മാത്രം ഇണക്കിയുള്ളവയാവും. യാത്രികന്റെ സ്വാതന്ത്ര്യത്തിനും അഭിരുചിക്കും അത്‌ പലപ്പോഴും വിലങ്ങാവുകയും ചെയ്യും. ഒരു എസ്‌.കെ പൊറ്റെക്കാട്ടോ, രാജന്‍ കാക്കനാടനോ പിന്നെ മലയാളത്തില്‍ ഉണ്ടാവാത്തത്‌ പ്രതിബന്ധങ്ങളെ കൂട്ടാക്കാതെ, ജിജ്ഞാസയോടെ സ്വച്ഛന്ദം യാത്രചെയ്യുന്നവര്‍ ഇല്ലാതെപോയതുകൊണ്ടാണ്‌. 
          എസ്‌.സരോജത്തിന്‍റെ ഭൂട്ടാന്‍, കാഴ്‌ചകളും ഉള്‍ക്കാഴ്‌ചകളും എന്ന പുസ്‌തകമാണ്‌ ഇപ്പോള്‍ എന്‍റെ  കൈയിലിരിക്കുന്നത്‌. ഇത്‌ നല്ലൊരു യാത്രാവിവരണമാണ്‌. വളരെ സത്യസന്ധമായ ഒരു മനസ്സ്‌, ജാടകളും ഒഴിയാബാധകളുമില്ലാത്ത മനസ്സ്‌, അപരിചിതമായ അനുഭവങ്ങളെയും അറിവുകളെയും ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങുന്നു. മിക്കവാറും മഞ്ഞുമൂടിയ, മരവിപ്പിക്കുന്ന അന്തരീക്ഷത്തില്‍ ഉണര്‍ന്നെണീക്കുന്ന പ്രഭാതങ്ങളും ക്ലേശകരമായ വഴിയാത്രകളും തദ്ദേശീയരുമായി നടത്തുന്ന ആശയവിനിമയങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു. വ്യക്തമായ ഒരാധികാരിക ചരിത്രം പറയാനാവാത്ത ഭൂട്ടാന്‍റെ  ചില ചരിത്രസന്ധികളും ജനജീവിതത്തിലെ ചില സമസ്യകളും അഴിച്ചെടുക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ മാത്രം ഭൂട്ടാനിലെ പ്രശസ്‌ത എഴുത്തുകാരിയായ അഷി ദോര്‍ജി വാങ്‌മോയുടെ പുസ്‌തകത്തില്‍നിന്ന്‌ സ്വീകരിച്ചിട്ടുള്ളതായി കാണാം. ബാക്കി വിവരണങ്ങളെല്ലാം സ്വാനുഭവങ്ങള്‍ തന്നെ. 
രാജഭരണം നിലനില്‍ക്കുന്ന ബുദ്ധിസ്റ്റ്‌ രാജ്യമാണ്‌ ഭൂട്ടാന്‍. ജനങ്ങളുടെ നിഷ്‌കളങ്കമായ രാജഭക്തി, വിവരണങ്ങളില്‍ തെളിഞ്ഞുകാണാം. സംതൃപ്‌തരായ ജനങ്ങളുടെ ആവാസഭൂമിയാണെന്നു പറയുമ്പോള്‍, ആ സംതൃപ്‌തി പരിമിതികള്‍ക്കുള്ളില്‍ അലംഭാവത്തോടിരിക്കുന്ന, അത്യാര്‍ത്തികളില്ലാത്ത മനസ്സിന്‍റെ  വരദാനം മാത്രമാണെന്ന്‌ നാം തിരിച്ചറിയുന്നു. കാര്യമായ വ്യവസായങ്ങളില്ലാത്ത, വേണ്ടത്ര യാത്രാസൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരു പര്‍വ്വതരാജ്യത്ത്‌ മതാത്മകമായ ഉത്സവങ്ങളിലും അനുഷ്‌ഠാനങ്ങളിലും ഒതുങ്ങിക്കൂടുന്ന ഒരു ജനത. കാലത്തിന്‍റെ  പരിവര്‍ത്തനാത്മകമായ പുരോയാനത്തെ തടുത്തുനിറുത്തുന്ന എന്തോ ഒന്ന്‌ ആ ജനജീവിതത്തിലുണ്ട്‌ പുരാവസ്‌തു മ്യൂസിയങ്ങളും മൊണാസ്‌ട്രികളും അമ്പലങ്ങളും വിശുദ്ധന്മാരെക്കുറിച്ചുള്ള അത്ഭുതകഥകളും അന്ധവിശ്വാസങ്ങളും നിറഞ്ഞ, പഴമയുടെ ഗന്ധം പടര്‍ന്നുനില്‍ക്കുന്ന, തടാകംപോലെ നിശ്ചലമെന്ന്‌ തോന്നുന്ന ജീവിതാവസ്ഥകളാണ്‌ ഈ കൃതി വരച്ചിടുന്നത്‌. 
ലൈംഗികമായ അമിതത്വത്തിന്‍റെ  പ്രവാചകനും അവധൂതനും കവിയുമായ ദ്രുക്‌പ കുന്‍ലെ എന്ന ലാമയുടെ സ്വാധീനം ആ ജനജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നു. വീടുകളുടെ ചുവരുകളില്‍പ്പോലും പതിഞ്ഞുകിടക്കുന്ന പുരുഷലിംഗത്തിന്‍റെ  അലങ്കൃതമായ ശില്‍പങ്ങളും ചിത്രങ്ങളും മായ്‌ച്ചുകളയണമെന്ന തോന്നല്‍ പുതിയ തലമുറയ്‌ക്ക്‌ ഉണ്ടായിത്തുടങ്ങിയിട്ടേയുള്ളൂ. എഴുത്തുകാരി പറയുന്നതുപോലെ, സദാചാരത്തിന്‍റെ  കാപട്യത്തിനും സംന്യാസത്തിന്‍റെ  ആത്മവഞ്ചനയ്‌ക്കും നേരെയുള്ള പൊട്ടിത്തെറിയും പരിഹാസവുമൊക്കെ ഈ അവധൂതന്‍റെ  വരികളിലും പ്രവൃത്തികളിലും ഉണ്ടെന്നത്‌ ശരി തന്നെ. അപ്പോഴും അപസാമാന്യമായ ഒരു വ്യക്തിത്വത്തിന്‍റെ  അസംസ്‌കൃതമായ പ്രതിഫലനം അതിലുണ്ട്‌. ഇത്തരം അപസാമാന്യതകളെ കൊണ്ടാടുന്ന ശീലങ്ങള്‍ പൊളിച്ചുകളയുമ്പോഴാണ്‌ മനുഷ്യന്‍ സംസ്‌കാരത്തിന്‍റെ  പടവുകള്‍ ചവിട്ടിക്കയറുന്നത്‌. സ്‌ത്രീപുരുഷ ബന്ധത്തിലെ അമിതസ്വാതന്ത്ര്യത്തെക്കുറിച്ചും ഇതൊക്കെത്തന്നെ പറയാം. മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയുടെ ആദ്യത്തെ ചവിട്ടുപടിയും വിവാഹസമ്പ്രദായമായിരുന്നു. അതിനുമുമ്പുള്ള അവസ്ഥയെയാണ്‌ ഭൂട്ടാനിലെ ലൈംഗികസദാചാരം ഓര്‍മ്മിപ്പിക്കുന്നത്‌. അതിന്‍റെ  അനിവാര്യമായ തിന്മകളെ പ്രതിരോധിക്കുക എളുപ്പമല്ല. ഭൂട്ടാനില്‍ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലും ഇത്തരം ലൈംഗികസ്വാതന്ത്ര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്‌. നവോദ്ധാനത്തിനുമുമ്പ്‌ കേരളത്തില്‍ നിലനിന്നിരുന്ന സംബന്ധവ്യവസ്ഥയോട്‌ വളരെ അടുത്തുനില്‍ക്കുന്ന ഒന്നാണത്‌. അവിടെ ഏറെ യാതനയും അനാഥത്വവും അനുഭവിക്കേണ്ടിവരുന്നത്‌ സ്രീകള്‍ക്കാണുതാനും. ഈ സത്യം സരോജം ചൂണ്ടിക്കാട്ടുന്നുണ്ട്‌. നമ്മുടെ ഫെമിനിസ്റ്റ്‌ ഫയര്‍ ബ്രാന്റുകള്‍ കാണാതെപോകുന്ന ഒരു സത്യമാണിത്‌. താങ്ങാനാവാത്ത ചുമടും വഹിച്ച്‌, മകളെയും ചേര്‍ത്തുനിറുത്തി, ആത്മനിന്ദ കലര്‍ന്ന ചിരിയോടെ നടന്നുപോകുന്ന അവിവാഹിതയായ അമ്മയുടെ ചിത്രം വരച്ചിട്ടിട്ടുള്ളത്‌ ശ്രദ്ധിക്കുക. സമൂഹം ക്രമികമായ പരിഷ്‌കാരങ്ങളിലൂടെയാണ്‌ സംസ്‌കാരമാര്‍ജ്ജിക്കുന്നത്‌. ഓരോ ഘട്ടത്തിനുമുണ്ടാവും പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്‌നങ്ങള്‍. ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും നിലവിലുള്ള സമൂഹമാണ്‌ ഭൂട്ടാനിലേത്‌. മുന്‍രാജാവ്‌ ഒറ്റയടിക്ക്‌ നാല്‌ സഹോദരിമാരെ വിവാഹം ചെയ്‌തു. ഇപ്പോഴത്തെ രാജാവാകട്ടെ ഏകഭാര്യാ വ്രതക്കാരനും. അദ്ദേഹം ഏഴുവയസ്സുള്ള പെണ്‍കുട്ടിയോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുകയും അവള്‍ക്ക്‌ പ്രായപൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുകയും അവളെത്തന്നെ രാജപത്‌നിയാക്കുകയും ചെയ്‌തു! അത്‌ സാംസ്‌കാരികമായ വളര്‍ച്ചയുടെ ചിത്രം തന്നെയല്ലേ? 
ഭൂട്ടാനികളുടെ വസ്‌ത്രധാരണത്തെക്കുറിച്ച്‌ വിശദീകരിക്കുന്ന എഴുത്തുകാരി `നേപ്പാളില്‍നിന്നു കുടിയേറിയവരുടെ തനിമ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ്‌ ദേശീയവസ്‌ത്രം എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിയത്‌' എന്ന ആരോപണത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌. ചോറും മുളകുകറിയും മുഖ്യമായിരുന്ന സാധാരണക്കാരുടെ ഭക്ഷണശീലത്തിന്‌ നേരിയ മാറ്റം സംഭവിക്കുന്നതായും എടുത്തുപറയുന്നുണ്ട്‌. സ്‌ത്രീയാണ്‌ കുടുംബസ്വത്തിന്‍റെ  അവകാശിയെന്നും അവളെ വിവാഹം ചെയ്യുന്ന പുരുഷന്‍ അവളോടെപ്പം അവളുടെ വീട്ടില്‍ വന്നുതാമസിക്കുകയാണ്‌ സാധാരണ പതിവെന്നും സൂചിപ്പിക്കുന്നുണ്ടെങ്കിലും അവിടത്തെ കുടുംബജീവിതത്തിന്‍റെ  നേര്‍ചിത്രം ഈ കൃതിയില്‍ ഒരു അഭാവമായി അനുഭവപ്പെടുന്നു. ബുദ്ധമതത്തിന്‍റെ   ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളും തെളിമയോടെ ചിത്രീകരിക്കുന്ന എഴുത്തുകാരി അവരെ നയിക്കുന്ന മിത്തുകളുടെ പൊരുള്‍ വേര്‍പിരിച്ച്‌ കാണിക്കുന്നുമുണ്ട്‌. ഒറ്റനോട്ടത്തില്‍ ഭദ്രമായ നിയമവാഴ്‌ച നടക്കുന്നു എന്നു തോന്നുന്ന ഭൂട്ടാനിലും നിഗൂഢമായി നിയമലംഘനങ്ങള്‍ നടക്കുന്നു. പൗരബോധത്തിലും ശുചിത്വത്തിലും നമ്മെക്കാളൊക്കെ ഏറെ മുന്നില്‍ നില്‍ക്കുന്ന ഭൂട്ടാനികള്‍ നിരോധിതമായ സിഗരറ്റ്‌ പോലുള്ള പുകയില ഉത്‌പന്നങ്ങള്‍ അതീവരഹസ്യമായി ഒളിച്ചുകടത്തി ഉപയോഗിക്കുന്നു. താരതമ്യേന വിലക്കുറവുള്ളതും സുലഭവുമായ മദ്യംകൊണ്ട്‌ അവരുടെ ലഹരിയോടുള്ള തൃഷ്‌ണ ശമിക്കുന്നില്ല എന്നു സാരം. രാഷ്‌ട്രീയമായ ഇരുമ്പുമറകള്‍ക്കുള്ളിലെല്ലാം നിയമലംഘനത്തിനുള്ള ത്വരയും ഒളിഞ്ഞിരിക്കുന്നു എന്നതാണ്‌ സത്യം. 
ഇരുപത്തൊന്നാം നൂറ്റാണ്ടിലും രാജകീയഭരണം കൊണ്ടാടുന്ന ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള ഗാഢമായ സൗഹൃദബന്ധത്തിന്റെ പിന്നിലെ രാഷ്‌ട്രീയവും ഉള്‍ക്കാഴ്‌ചയോടെ സരോജം സൂചിപ്പിച്ചുപോകുന്നു. പരിസ്ഥിതി സംരക്ഷണവും ശുചിത്വ പരിപാലനവുമാണ്‌ ഈ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട്‌ ഗുണപാഠങ്ങള്‍. ദരിദ്രരാജ്യമായ ഭൂട്ടാനില്‍ ജനങ്ങളുടെ സന്തോഷമാണ്‌ രാജ്യപുരോഗതിയുടെ അളവുകോല്‍ എന്നതും വിചിത്രമായൊരു കാഴ്‌ചപ്പാടാണെന്ന്‌ എഴുത്തുകാരി വിലയിരുത്തുന്നു. ജനങ്ങളുടെ സന്തോഷത്തിന്‌ ഹാനികരമായ യാതൊരു പദ്ധതിക്കും ഹാപ്പിനെസ്സ്‌ കമ്മിഷന്‍ അനുമതി നല്‍കാറില്ലത്രെ. ഇങ്ങനെയൊക്കെയാണെങ്കിലും 2015-ലെ കണക്കനുസരിച്ച്‌ എട്ടുശതമാനം ജനങ്ങള്‍ അല്‍പംപോലും സന്തോഷം ഇല്ലാത്തവരാണ്‌. തികച്ചും വ്യക്തിപരമായ സന്തോഷം എന്ന മാനസികാവസ്ഥയെ എങ്ങനെയാണ്‌ സൂചകങ്ങള്‍കൊണ്ട്‌ അളന്നുകുറിക്കുക! 
നമ്മുടെ തൊട്ടയലത്ത്‌ സ്ഥിതിചെയ്യുന്ന രാജ്യമാണെങ്കിലും ഭൂട്ടാനെക്കുറിച്ച്‌ നമ്മള്‍ അധികമൊന്നും അറിയുന്നില്ല. ആ നിലയ്‌ക്കാണ്‌ ഈ സഞ്ചാരസാഹിത്യകൃതി ശ്രദ്ധേയമാകുന്നത്‌. ഇതില്‍ സഹയാത്രികരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നന്നേ വിരളമാണ്‌. എങ്കിലും ചിലപ്പോഴൊക്കെ ഇതൊരു കൂട്ടുസഞ്ചാരമാണ്‌ എന്ന തോന്നലുളവാക്കുന്നുണ്ട്‌. എഴുതിത്തഴക്കം വന്ന ഒരു ചെറുകഥാകാരിയുടെ കരടില്ലാത്ത ഭാഷയിലുള്ള ആഖ്യാനം നല്‍കുന്ന പാരായണസുഖവും എടുത്തുപറയേണ്ടതാണ്‌.

No comments:

Post a Comment