Thursday, 10 March 2016

കായലോളങ്ങള്‍ കഥാകാരിയോട് പറഞ്ഞതെന്ത്? (കഥ )


പൂര്‍ണ്ണചന്ദ്രന്‍ നോക്കിനില്‍ക്കെ കഥാകാരി കായലോളങ്ങളോടൊപ്പം ഒഴുകിപ്പോയി! ചന്ദ്രന്‍റെ  തുറിച്ച കണ്ണില്‍ ഒരു ചോദ്യച്ചിഹ്നം കരുവാളിച്ചുകിടന്നു: കായലോളങ്ങള്‍ കഥാകാരിയോടു പറഞ്ഞതെന്ത്?

ഈ കഥാകാരി ഒരു വിചിത്രജീവിയാണെന്ന കാര്യം അറിയുന്നത് നിലാവും കായലോളങ്ങളും തന്നെ. മൂന്നാമതൊരാള്‍ അവളുടെ നിഴലായ ഞാനും. ഞങ്ങള്‍ പരിചയപ്പെട്ട ദിവസം അവള്‍ എന്നോടു ചോദിച്ചു:
‘കൂട്ടുകാരാ നീയെനിക്കൊരു നിലാവിതള്‍ ഇറുത്തുതരുമോ?’
അവള്‍ തന്നെ മറുപടിയും പറഞ്ഞു;
‘വേണ്ട, നിലാവിനു നോവും.’

ഒരിക്കല്‍ അവളെന്നെ ക്ഷണിച്ചു:
‘ഒരു നിലാവത്ത് എന്‍റെ കൂടെ  വാ, നമുക്ക് പുതിയ നിലാവനുഭവങ്ങള്‍ തേടിപ്പോകാം.’

അങ്ങനെ ഒരു രാത്രിയില്‍ കായല്‍ക്കരയില്‍ ഞങ്ങളൊരുമിച്ച് നിലാവിനെ കാത്തിരുന്നു.

ആ നിമിഷങ്ങളില്‍  അവള്‍ ഏറ്റവും പ്രണയവതിയായിരുന്നു. എന്നെ  അവളുടെ ശരീരത്തോട്  ചേര്‍ത്തുപിടിച്ച്  കണ്ണുകളില്‍ അമര്‍ത്തിച്ചുംബിച്ചു. പിന്നെ   നിലാവിനും അപ്പുറത്തുള്ള ഒരു  വിചിത്രലോകത്തേക്ക് അവളെന്നെ കൂട്ടിക്കൊണ്ടുപോയി. ആ നിമിഷങ്ങളില്‍ അവളൊരു കഥയില്ലാത്ത കഥാകാരിയായി….

വളരെ വൈകിയാണ് നിലാവെത്തിയത്.

അപ്പോള്‍ അവളാകട്ടെ ജലപുരുഷന്‍റെ  ഹരിതനീലങ്ങളില്‍  വിരല്‍ത്തുമ്പുകളാഴ്ത്തി രതിരേഖകള്‍ വരയ്ക്കുകയായിരുന്നു. ഓളങ്ങളില്‍ ചാഞ്ചാടുന്ന പൂര്‍ണ്ണചന്ദ്രനെ കണ്ടപ്പോഴേ അവള്‍ക്ക് ഇളക്കം തുടങ്ങി.  നിലാവെളിച്ചത്തില്‍ ത്രസിച്ചുയരുന്ന  ജലപുരുഷന്‍റെ  ആശ്ലേഷങ്ങള്‍ക്ക് വജ്രത്തെക്കാള്‍ മൂര്‍ച്ചയുണ്ടത്രേ!

പെട്ടെന്നാണ് ഓളക്കൈകള്‍    അവളുടെ നേര്‍ക്കുയര്‍ന്നത്. അരയോളം നനഞ്ഞുലഞ്ഞ്, പാതികൂമ്പിയ കണ്ണുകളോടെ   അവള്‍ ജലപുരുഷനില്‍ അലിഞ്ഞമരാന്‍ വെമ്പല്പൂണ്ടിരുന്നു.

അപ്പോഴേക്കും ജലപുരുഷന്‍ പൂര്‍ണ്ണചന്ദ്രനെ നെഞ്ചിലേറ്റി അക്കരേക്ക് തുഴയാന്‍ തുടങ്ങിയിരുന്നു. ജലത്തിന്‍റെ  മാറില്‍ തെന്നിപ്പുളയുന്ന ചന്ദ്രനോട് അവള്‍ക്ക് അസൂയയായി. അവള്‍  ചന്ദ്രനോടു പിണങ്ങി. തിരകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്ന മല്‍സ്യങ്ങളോടും തെന്നിനീങ്ങുന്ന കുളവാഴകളോടും വഴക്കിട്ടു.

ഉച്ചത്തില്‍ കൂകിയാര്ത്തുകൊണ്ട് അവള്‍ എന്‍റെ  മാറിലേക്ക് ചാഞ്ഞു. ഞാനവളെ താങ്ങിപ്പിടിച്ച് പച്ചപ്പുല്ലിന്‍റെ  തണുപ്പിലേക്ക് നടത്തി.  കുളവാഴപ്പൂക്കളുടെ മണം നുകര്‍ന്നുകൊണ്ട് ഞങ്ങള്‍ മെത്തപ്പുല്ലിന്മേല്‍ നിവര്‍ന്നുകിടന്നു.

നിലാവിനെ സാക്ഷിനിറുത്തി നമുക്കീ പുല്ലി ന്മേല്‍ക്കിടന്നു പിണഞ്ഞുപുനയാം? എന്നെ  ചുറ്റിപ്പിണഞ്ഞുകൊണ്ട് അവള്‍ ചോദിച്ചു. അവള്‍ക്കപ്പോള്‍ പൊട്ടിയൊഴുകുന്ന ഭ്രാന്തിന്‍റെ   മണമായിരുന്നു.

വേലിയേറ്റത്തിരപോലെ അവളിലേക്കൊഴുകാന്‍  ആര്‍ത്തിപൂണ്ടുണരവേ  ഒരു ഭയം എന്നെ തിരികെ വിളിച്ചു: പുല്‍പരപ്പിനപ്പുറം ഉയര്‍ന്നിടതൂര്‍ന്ന പൂച്ചെടികള്‍ക്കിടയില്‍  പതുങ്ങിയിരുന്ന് ആരെങ്കിലും ഞങ്ങളുടെ  ഭ്രാന്തുകള്‍   മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി വാട്‌സപ്പിലിട്ടാല്‍….?

ഞൊടിനേരംകൊണ്ട് ഞാന്‍ അവളുടെ പിടിയില്‍നിന്ന് കുതറിയുരുണ്ട് അകലേക്ക് മാറിക്കിടന്നു. അവള്‍ ധൃതിപ്പെട്ടെണീറ്റ് കായല്‍ക്കരയിലേക്ക് നടന്നു.

ഇളകിയാടുന്ന ഓളങ്ങള്‍ക്കഭിമുഖമായി കായല്ത്തിട്ടമേല്‍   അവളിരുന്നു. നിലാക്കാതല്‍പോലെ  അഴകൊത്ത കണങ്കാലുകളില്‍ ഓളങ്ങള്‍ ഉമ്മവച്ചു രസിച്ചു. പൂര്‍ണ്ണമായും അവളിലേക്ക് ഒഴുകിപ്പരക്കാന്‍  ആര്‍ത്തിപെരുത്ത ഓളങ്ങള്‍ ഭിത്തിമേല്‍ ആഞ്ഞിടിക്കുകയും ഗ്‌ളും… ഗ്‌ളും… എന്ന് ബഹളംകൂട്ടുകയും ചെയ്തുകൊണ്ടിരുന്നു.

‘ജലത്തിന്‍റെ  ഭാഷ എത്ര സാന്ദ്രമാണ്! മീന്‍കൂട്ടങ്ങളും കുളവാഴകളും രതിമന്ത്രമുതിര്‍ക്കുന്ന ആ ഭാഷയില്‍ എനിക്കൊരു കഥയെഴുതണം.’ അവള്‍ മുന്‍പൊരിക്കല്‍  പറഞ്ഞതോര്‍ത്തു. അവളിപ്പോള്‍ ഓളങ്ങളെ സാക്ഷിനിറുത്തി മീനുകളോടും കുളവാഴകളോടും ആ കഥ പറയുകയാവും… ജലപുരുഷനെയും നിലാവിനെയും  കാമിച്ച കഥയില്ലാത്ത കഥാകാരിയുടെ  കഥ.
മെത്തപ്പുല്ലിന്‍റെ  മൃദുലതയില്‍ നിലാവിനെ പുണര്‍ന്നു കിടക്കവേ കായല്‍തിരകളുടെ ഗ്‌ളും… ഗ്‌ളും… ശബ്ദത്തിന്  മധുരമായൊരു  താരാട്ടുപാട്ടിന്‍റെ  ഈണം. തണുത്ത കാറ്റിന് കുളവാഴപ്പൂക്കളുടെ മണം. കണ്പീലികളില്‍ പതുങ്ങിനിന്ന ഉറക്കം മെല്ലെമെല്ലെ കണ്ണുകളിലേക്ക് ഇറങ്ങിവന്നു.
പാതിയുറക്കത്തില്‍  ഉച്ചത്തിലുള്ള ജലഘോഷം കേട്ട് ഞെട്ടിയുണര്‍ന്ന് ഞാന്‍ കായല്‍ക്കരയിലേക്കു ചെന്നു. പ്രിയപ്പെട്ടതെന്തോ ഹൃദയത്തിലൊളിപ്പിച്ച സന്തോഷത്താല്‍ ഇളകിത്തുള്ളുകയാണ് കായലോളങ്ങള്‍! അരുതാത്തതെന്തിനോ കൂട്ടുനിന്നതിന്‍റെ  നടുക്കത്തില്‍ കണ്ണുതുറിച്ചു നില്‍പ്പാണ് ചന്ദ്രന്.

അവള്‍….?

No comments:

Post a Comment