അരിച്ചിറങ്ങുന്ന തണുപ്പത്ത്
അടിവാരങ്ങളിലേക്കിറക്കിവിട്ട
ആട്ടിന്‍ പറ്റങ്ങള്‍.
ഇടം വലം തിരിയാന്‍ അനുവദിക്കാതെ
ആട്ടിത്തെളിച്ചുകൊണ്ട്
കമ്പിളിക്കുപ്പായമിട്ട
ഇടയന്മാരുടെ അകമ്പടി.
ഓര്‍മ്മത്താളില്‍ തെളിഞ്ഞു കണ്ടു
കുഞ്ഞുന്നാളില്‍ കോറിയിട്ട
നല്ലയിടയന്‍റെ രൂപം.
മഞ്ഞിറങ്ങിപ്പോയ മണ്ണില്‍
കിളിര്‍ത്തു പൊന്തിയ
പുല്‍നാമ്പുകള്‍ കടിച്ചെടുത്ത്
മുന്നോട്ടു നടക്കുകയാണ്
ആണും പെണ്ണും
കുട്ടികളുമടങ്ങിയ
ചെമ്മരിക്കൂട്ടം.
പുല്‍മേട്ടിലെത്തുംവരെ
നടത്തം നിറുത്തരുത്..
ഇടയന്‍റെ ശാസനം.
മുമ്പേ നടക്കുന്ന പെണ്ണിനെ
മുത്തിമണത്തും
മുട്ടിയുരുമ്മിയും
മത്തുപിടിച്ച
ചെമ്മരിമുട്ടന്മാര്‍...
ഭോഗാര്‍ത്തി പെരുത്ത്
താളംതുള്ളുന്ന
യൗവ്വനക്കരുത്ത്
ഒരുവളും നില്‍ക്കുന്നില്ല
ഇടയന്‍റെ കയ്യില്‍ വടിയുണ്ട്.
മുഴുമിപ്പിക്കാനാവാതെ
മുട്ടന്മാരുടെ ഭോഗയജ്ഞം.
കവിയുടെ മനസ്സില്‍
മൊഴിമുട്ടിപ്പിടഞ്ഞു
ഒരു വികൃതി ച്ചോദ്യം:
ഇടയന്മാര്‍ക്ക് വഴിതെറ്റിയാല്‍
കുഞ്ഞാടുകളുടെ ഗതിയെന്ത് ?
No comments:
Post a Comment