എത്ര വിചിത്രമിക്കളിക്കോപ്പുകള്‍!മുഖ -
പുസ്തകത്താളിലെ പോസ്റ്റുകാണ്‍കെ
ഓലപ്പീപ്പിയും കാല്‍പന്ത് കാറ്റാടിയും
മോതിരം കണ്ണാടി റിസ്റ്റുവാച്ചും
ഓലപ്പാന്പും കുരുത്തോലക്കിളികളും
പച്ചിലത്താലവും തോരണവും
പ്ലാവിലത്തൊപ്പിയും കൊച്ചരപ്പട്ടയും
ഈര്‍ക്കിലിലാത്തിയും പാളബൂട്ടും
കൂട്ടിവച്ചാമോദമാപ്പുരത്തിണ്ണയില്‍
കാത്തിരുന്നെന്‍ കളിക്കൂട്ടുകാരെ.
വെള്ളയ്ക്കവണ്ടിയില്‍ ചന്തയില്‍പോയതും
വെള്ളാരങ്കല്ലിന്നരിമേടിച്ചതും
കല്ലടുപ്പിലരികറിവച്ചതും കണ്ണന്‍
ചിരട്ടയില്‍ കഞ്ഞികുടിച്ചതും
കള്ളനും പോലീസും കളിച്ചതും മുറ്റത്ത്
വൈക്കോല്‍വിരിച്ചുകിടന്നതും കെട്ടി-
പ്പിടിച്ചച്ഛനമ്മ കളിച്ചതും വെള്ളരി-
ക്കുഞ്ഞിനെയിങ്കുകൊടുത്തതും
എന്തു സുഖമിന്നുമോര്‍മ്മിക്കുവാ-
നിഷ്ടബാല്യമേ നിന്‍ കളിക്കോപ്പുകള്‍.
ഗ്രാമം മരിച്ചെന്നാലുമെനിക്കവയിന്നും
മരിക്കാത്ത ജീവിതത്തുടിപ്പുകള്‍!
കമ്പ്യൂട്ടറല്ലോ കളിപ്പാട്ടമിന്നു കുട്ടികള്‍
പിറക്കുന്നു കയ്യില്‍ സ്മാര്‍ട്ട്ഫോണുമായ്
നക്ഷത്രനാട്ടില്‍ പിറക്കാമുണ്ണികള്‍ക്കിനി-
യാകാശഗോളങ്ങളമ്മാനമാടാം.
No comments:
Post a Comment