Saturday, 22 June 2013

മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടി (കഥ)



 മണിക്കൂറുകൾനീണ്ട  യാത്രകഴിഞ്ഞ് ബസ്സ്റ്റാന്റിലെത്തിയപ്പോഴേക്കും നിലത്തിറങ്ങാൻ പറ്റാത്ത അവസ്ഥ . പകുതിയോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ബസ്സിൽനിന്ന് എങ്ങനെ പുറത്തിറങ്ങാനാണ് ! മഴക്കാലത്ത് ബസ്സ്റ്റാന്റും പരിസരവും വെള്ളത്തിൽ മുങ്ങുന്നത് പതിവുകാഴ്ചയായിരിക്കുന്നു .
                       തെളിമയാർന്ന ആകാശം കറുത്തതും ശക്തിയായ കാറ്റും മഴയും തുടങ്ങിയതും പെട്ടെന്നായിരുന്നു . താളംതെറ്റാതെ പൊഴിയുന്ന മഴത്തുള്ളികളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് , നിറുത്തിയിട്ട ബസ്സിനുള്ളിൽത്തന്നെ അവളിരുന്നു . മഴ ഇഷ്ടംപോലെ പെയ്തോട്ടെ , എത്രനേരം വേണമെങ്കിലും പെയ്തോട്ടെ . മഴയെ അതിരറ്റുസ്നേഹിക്കുന്ന പ്രിയയ്ക്ക് ഈ ജലപ്രളയം കൗതുകത്തോടെ കണ്ടിരിക്കാനാണിഷ്ടം .
                         വിശപ്പും ദാഹവും മറന്ന്, തന്റെ ജീവിതയാത്രയിൽ ഓരോ ഘട്ടത്തിലും മഴ പകർന്നുനൽകിയ സവിശേഷമായ അനുഭൂതികളെക്കുറിച്ച് അവൾ സ്നേഹവായ്പ്പോടെ ചിന്തിച്ചു.
 ആദ്യമായി മഴയെ സ്നേഹിച്ചതെന്നാണെന്ന് പ്രിയക്ക് ഓർമ്മയില്ല . ബാല്യത്തിൽ, ഓലപ്പുരയുടെ ചാണകംമെഴുകിയ തിണ്ണയിൽനിന്നുകൊണ്ട്  ഇറമ്പിൽനിന്ന് ഇറ്റുവീഴുന്ന മഴത്തുള്ളികളിൽ കാലുകൾ മാറിമാറി നനച്ചുരസിച്ച നിമിഷങ്ങളിൽ തുടങ്ങിയതായിരിക്കാം മഴയോടുള്ള അതിരറ്റ സ്നേഹം .മുറ്റത്തു കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ എത്രയെത്ര കടലാസുവഞ്ചികൾ ഒഴുക്കിവിട്ടു . ഒഴുക്കിനനുസരിച്ച് ചാഞ്ചാടുന്ന കടലാസുവഞ്ചിയിൽ ഉറുമ്പുകൾ കയറിയിരിക്കുന്നതു കണ്ട് എത്ര സന്തോഷിച്ചു . നോട്ടുപുസ്തകത്തിന്റെ താളുകൾ വലിച്ചുകീറിയതിന് എത്രതവണ അച്ഛന്റെ തല്ലുമേടിച്ചു .
  മഴനനഞ്ഞു സ്കൂളിൽ പോകുന്നതിന്റെ രസം ഒന്നുവേറെതന്നെ .റബ്ബർബാന്റിട്ടു ബന്ധിച്ച പുസ്തകങ്ങൾ മാറോടടുക്കിപ്പിടിച്ച് , തലനനയാതിരിക്കാൻ വാഴയിലചൂടി , കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ആഞ്ഞുചവിട്ടി ചുറ്റും തെറിപ്പിച്ച് കൂട്ടുകാരെ നനയ്ക്കുന്നതിന്റെയൊരു രസം !
   ശക്തിയായ കാറ്റും മഴയും ശമിക്കുമ്പോൾ കൂട്ടുകാരുമൊത്ത് കൂലംകുത്തിയൊഴുകുന്ന പുഴയുടെ തീരത്ത് ചെന്നുനിൽക്കും . കലക്കവെള്ളത്തിലൂടെ ഒഴുകിവരുന്ന മരക്കൊമ്പുകളും വാഴയും തേങ്ങയും മറ്റും എണ്ണിയെണ്ണി തോൽക്കുമ്പോൾ 'പ്രിയ തോറ്റേയ് .......'എന്നു ആർത്തു ചിരിക്കുന്ന കൂട്ടുകാർ .
    പുഴയോടു തോൽക്കുന്നതിൽ പ്രിയക്കു സങ്കടമില്ല .താൻ സ്നേഹിക്കുന്ന പുഴ ജയിച്ചല്ലോ എന്നവൾ സന്തോഷിക്കും .
    വയലും വരമ്പും തിരിച്ചറിയാനാവാത്തവണ്ണം വെള്ളം കയറുമ്പോൾ നെൽപ്പാടങ്ങളെല്ലാം ചേർന്ന് കൊച്ചു കടലാകും .
കണ്മുന്നിൽ കടൽ തീർക്കുന്ന മഴയെ അവൾ കൂടുതൽ സ്നേഹിച്ചു
     പുഴയുടെ കൈവഴികള്‍ നിറഞ്ഞുകവിയുമ്പോള്‍ , നടവരമ്പ് കാണാനാവാതെ തപ്പിത്തടഞ്ഞു നടക്കുമ്പോള്‍ എത്രയോ തവണ കൈപ്പുഴയില്‍ വീണിട്ടുണ്ട് ; പുസ്തകങ്ങളും പേനയും ചെരിപ്പും കുടയുമൊക്കെ ഒഴുകിപ്പോയിട്ടുണ്ട് . അവയെല്ലാം ഒഴുകിയൊഴുകി കടലമ്മയുടെ മടിത്തട്ടില്‍ ചെന്നുചേരുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്
       കൌമാരത്തില്‍ , കുളിരിനോടൊപ്പം രുചിയും കൊണ്ടുവരുന്ന മഴയെ അവള്‍ കൂടുതല്‍ സ്നേഹിച്ചു . പറമ്പിലും തൊടിയിലും പൊട്ടിവിരിയുന്ന പലതരം കൂണുകള്‍ കാണുമ്പോള്‍ പ്രിയയുടെ സന്തോഷം കരള്‍കവിഞ്ഞൊഴുകും. അരിക്കുമിള്‍ പറിച്ചെടുത്ത്‌ മണ്ണുള്ള കാമ്പ് നുള്ളിക്കളഞ്ഞു , കഴുകിവൃത്തിയാക്കി അമ്മയെ ഏല്‍പിക്കും . അമ്മ അതു മെഴുക്കുപുരട്ടി ചോറിനൊപ്പം വിളമ്പും . അത്രയും രുചികരമായ മറ്റൊന്നും ഈ ഭൂമിയിലില്ലെന്നു പ്രിയക്ക് തോന്നിയിരുന്നു . ഉപ്പുക്കുമിളിന്റെ നീളമുള്ള കാമ്പ് നാലായി കീറി ഉപ്പുവെള്ളത്തില്‍മുക്കി, കനലില്‍ചുട്ടു തിന്നുമ്പോള്‍ അതിനുമുണ്ടൊരു വേറിട്ട രുചി . ഏറ്റവും രുചിയുള്ള കൂണുകള്‍ സമ്മാനിക്കുന്ന മഴക്കാലം അവളുടെ രുചിമണ്ഡലത്തില്‍ നിറഞ്ഞുനിന്നു .
       മൃദുലവികാരങ്ങള്‍ തുടികൊട്ടിയ പ്രായത്തില്‍ അവള്‍ മഴയെ പ്രണയിച്ചുതുടങ്ങി . വേനലിന്റെ കാഠിന്യത്തില്‍ മഴയുടെ വരവിനായി അവള്‍ വേഴാമ്പലിനെപ്പോലെ കാത്തിരുന്നു . ഊഷരഭൂവില്‍ പതിക്കുന്ന ആദ്യമഴത്തുള്ളികള്‍ ദിവ്യാനുരാഗത്തിന്‍റെ ആദ്യാനുഭൂതിപോലെ അവളെ ഉന്മാദത്തിലാറാടിച്ചു . എത്രകേട്ടാലും മതിവരാത്ത മധുരസംഗീതം പോലെ മഴ പല രാഗത്തില്‍ , പല താളത്തില്‍ അവളെ ഹര്‍ഷപുളകിതയാക്കി . മഞ്ഞുപോലെ പൊഴിയുന്ന മഴയ്ക്കും  ചിതറിവീഴുന്ന ചാറ്റല്‍മഴയ്ക്കും തുള്ളിക്കൊരുകുടം പെയ്യുന്ന കനത്തമഴയ്ക്കും പ്രത്യേക താളമുണ്ടെന്നവള്‍ മനസ്സിലാക്കി .
      മഴയുടെ താളം തന്നെയല്ലേ ഭൂമിയിലെ ജീവന്‍റെയും താളം !
       പുല്‍ക്കൊടിമുതല്‍ വൃക്ഷത്തലപ്പുകള്‍വരെ തളിര്‍ത്തുലയുമ്പോള്‍ , പച്ചപ്പട്ടുടുത്ത്, കല്യാണ പ്പെണ്ണിനെപ്പോലെ അണിഞ്ഞോരുങ്ങിനില്‍ക്കുന്ന വസുന്ധര എത്രസുന്ദരി !
      ഉണര്‍വിന്റെയും ഉര്‍വരതയുടെയും മറക്കാനാവാത്ത അനുഭൂതികള്‍പകര്‍ന്ന് ഓരോ മഴക്കാലവും കടന്നുപോകുമ്പോള്‍ അടുത്ത മഴക്കാലത്തിനുവേണ്ടി അവള്‍ കാത്തിരുന്നു .
      മഴയില്ലാത്ത ലോകം എത്ര വിരസം !
      സഹയാത്രികയുടെ തണുത്തുവിറങ്ങലിച്ച വിരലുകള്‍ അവളുടെ തോളിലമര്‍ന്നപ്പോള്‍ മഴയുടെ ലഹരിയുള്ള ഓര്‍മ്മകളില്‍നിന്ന് യാഥാര്‍ഥ്‌യത്തിലേക്കു  അവള്‍ തിരിച്ചുവന്നു . ഹാന്‍റ്ബാഗില്‍നിന്ന് സെല്‍ഫോണെടുത്ത് പ്രിയതമനെ വിളിച്ചുപറഞ്ഞു :
"ഞാനിവിടെ മഴയോടു സല്ലപിക്കുന്നു , അല്‍പനേരംകൂടി  കാത്തിരിക്കുക ; ഈ മഴയുള്ളരാത്രിയില്‍ നമുക്ക് ജീവനുള്ള പുതപ്പുകളാവാം".

Wednesday, 19 June 2013

ശലഭങ്ങള്‍ പറഞ്ഞത് (കവിത)















ഇളംപീതപത്രങ്ങള്‍ വീശിപ്പറന്നും
ഇളവെയില്‍ക്കണ്ണാടി നോക്കിച്ചിരിച്ചും
ഉന്മാദകേളിയാടുന്ന ശലഭങ്ങള്‍
തമ്മില്‍പ്പറഞ്ഞതെന്തായിരിക്കാം ?

പച്ചിലത്തണ്ടിലൊളിച്ചു കഴിഞ്ഞതും
പച്ചത്തളിരില തിന്നുവളര്‍ന്നതും
പുഴുപ്പൊതിക്കുള്ളിലുറങ്ങിക്കിടന്നതും
പുത്തന്‍ശലഭമായുയിര്‍ത്തെണീറ്റതും
അത്ഭുതമോര്‍ക്കിലീ ജീവചക്രം; മന്നി-
ലതിജീവനത്തിന്‍ പ്രകൃതിപ്രമാണം!

നന്താവനത്തില്‍ വിതയ്ക്കേണ്ട, കൊയ്യേണ്ട,
നാളേയ്ക്കുവേണ്ടി കരുതിടേണ്ട ;
നലമുള്ള മണ്ണില്‍ നിറമുള്ള പൂക്കള്‍
നമുക്കായ് തേന്‍കുടം നിറച്ചുനില്പൂ.

അറിക സഖീയിതു ഋതുപ്രസാദം
അരിയജീവിത രതിമേളനം.
ഇവിടെ നമുക്കില്ല ദ്വൈതചിന്തകള്‍
ഉടലുരുകിയൊന്നായ്ച്ചേരുക നാം .

ഒരു രസനകൊണ്ടിനി തേന്‍ കുടിക്കാം
ഒരു മലരിതളില്‍ കിടന്നുറങ്ങാം
ഒരുമിച്ചു നമ്മുടെ വംശം വളര്‍ത്താം
ഉരുമ്മിപ്പറക്കാമീ വിശ്വമെങ്ങും.

വെയില്‍ത്തഴപ്പിലേറുന്ന ദാഹങ്ങള്‍
വെറുമേനി പുല്‍കിപ്പകര്‍ന്നാടിയും
വിലയനം വാസന്തവാസരത്തില്‍
വിലോലം, വിലജ്ജിതം, ആത്യന്തികം.


എന്തുണ്ടിതില്‍പരം പെണ്ണുമാണും
തമ്മിലെന്നുള്ള ശലഭപാഠ൦
എന്നിണത്തോഴന്‍റെ കാതിലോതാന്‍
വെമ്പിക്കൊതിച്ചു ഞാന്‍ കനവുനെയ്കേ  

നിരത്തിനുനീളേ പറന്നും പുണര്‍ന്നും
നിര്‍ബാധമാ മിഥുനങ്ങള്‍ മേളിക്കവേ
നിഷ്ടൂരമേതോ വിനാശപത്രങ്ങള്‍
തട്ടിത്തകര്‍ത്തു ശലഭസ്വപ്നം !

ഞെട്ടിപ്പകച്ചു ഞാന്‍ കണ്‍തുറന്നു കണ്ടു;
ഈലോകയാഥാര്‍ത്ഥ്യമിത്രമാത്രം ! 




Monday, 10 June 2013

മൊബൈല്‍ച്ചേട്ടന്‍(കഥ)














   ബസ്സിലെ തിരക്ക് മിനിക്കുട്ടിക്ക് തീരെ ഇഷ്ടമല്ല . അതുകൊണ്ട് സ്കൂളില്‍ പോക്കും വരവും സൈക്കിളിലാക്കി . സ്ഥലത്തെ പാരലല്‍കോളേജിനടു ത്തുകൂടിയാണ് മിനിക്കുട്ടിയുടെ യാത്ര .
അന്നാട്ടിലെ കഷ്ടിച്ച് പന്ത്രണ്ടാംതരം ജയിച്ചവരും കോളേജില്‍ കയറിപ്പറ്റാന്‍ കഴിയാത്തവരുമായ കുമാരീകുമാരന്മാരുടെ ഏക ആശ്രയ മായിരുന്നു ആ പാരലല്‍കോളേജ്. സ്ഥാപനത്തിനു ചീത്തപ്പേരുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച ചില പൂവാലന്മാര്‍ ആവഴി വരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രേമലേഖനം കൊടുക്കുക പതിവായിരുന്നു.
ലവേഴ്സ്ഡെയില്‍ മിനിക്കുട്ടിക്കും കിട്ടി ഒരു പ്രേമലേഖനം. അവളതു പുസ്തകത്തിനുള്ളില്‍ തിരുകിവച്ചു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ മിനിക്കുട്ടി കത്തു വായിച്ചു. ഏറ്റവും പുതിയ സാങ്കേതികപദങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും ചേര്‍ത്തു തനി മൊബൈല്‍ഭാഷയില്‍ എഴുതിയ കത്ത്.
തലമുടി സ്പ്രിംഗ് പോലെ ചുരുട്ടിവച്ച്, കണ്ണില്‍ സണ്‍ഗ്ലാസ്സും ഫിറ്റുചെയ്ത് , ഒറ്റക്കാതില്‍ കമ്മലുമിട്ടു , കഴുത്തില്‍ മൊബൈലുംതൂക്കി നടക്കുന്ന ഒരു ചേട്ടനാണ് മിനിക്കുട്ടിക്കു കത്തെഴുതിയത്.
  സ്ക്രാച്ച് ഒന്നുമില്ലാത്ത ഒതുക്കമുള്ള സെറ്റും പ്രീപെയ്ഡുമാണത്രെ അയാള്‍ക്കിഷ്ടം. മിനിക്കുട്ടിക്കു മൊബൈല്‍സെറ്റില്ലാത്തതുകൊണ്ടാണ് കടലാസില്‍ കത്തെഴുതേണ്ടിവന്നതെന്നും എത്രയുംവേഗം ഒരടിപൊളിസെറ്റ് സ്വന്തമാക്കിയാല്‍ ഇഷ്ടംപോലെ കത്തെഴുതാമെന്നും വായിച്ചിട്ട് ഡിലീറ്റ് ചെയ്‌താല്‍മതിയെന്നുമാണ്‌ മൊബൈല്‍ച്ചേട്ടന്‍റെ കത്തിലെ ഉള്ളടക്കം.
  കത്തെഴുതിയ ചേട്ടന്‍റെ സിം ഇളകിപ്പോയോ എന്നായി മിനിക്കുട്ടിയുടെ സംശയം.
മൊബൈല്‍ഭാഷ നന്നായി കൈകാര്യംചെയ്യാന്‍ അറിയാവുന്ന മിനിക്കുട്ടി ഇപ്രകാരം മറുപടിയെഴുതി : പോസ്റ്റ്‌പെയ്ഡാണെനിക്കിഷ്ടം. ഇപ്പോള്‍ റെയ്ഞ്ചില്ല ചേട്ടാ.
ബ്രദേഴ്സ്ഡെയില്‍, കത്തെഴുതിയ ചേട്ടനെ കണ്ടുപിടിച്ച്, മറുപടിക്കത്തും കൊടുത്ത്, കയ്യില്‍ രാഖിച്ചരടും കെട്ടി .
മോബൈല്‍ച്ചേട്ടന്‍ മറുത്തൊന്നും പറയുംമുമ്പെ മറ്റൊരു പെണ്‍കുട്ടിയും രാഖിച്ചരടു കെട്ടി. അവളുടെ ഊഴം കഴിഞ്ഞപ്പോള്‍ മറ്റൊരുവള്‍.........
അങ്ങനെ മൊബൈല്‍ച്ചേട്ടന്‍റെ കയ്യാസകലം രാഖിച്ചരടുകള്‍ . പെണ്‍കുട്ടികള്‍ പിന്നെയും ക്യു ആയി വന്നുകൊണ്ടിരിക്കുന്നു. എല്ലാവരുടെ കയ്യിലും രാഖിച്ചരടുകള്‍ !

Thursday, 6 June 2013

മൌനാര്‍ത്ഥങ്ങള്‍ (കഥ)




വെള്ളിയാഴ്ചകളില്‍  ഉപവസിക്കുക അച്ചാമ്മയുടെ ശീലമാണ്. നേര്‍ച്ചയോ വഴിപാടോ ഒന്നുമല്ല; ആരെയും ബോധ്യപ്പെടുത്താനുമല്ല.
‘അധികഭാരം കാലിനാപത്ത്’ എന്നത്രെ നാട്ടിന്‍പുറത്തുകാരിയായ അച്ചാമ്മയുടെ പ്രമാണം.
പ്രായമേറുന്തോറും ശരീരം തടിക്കുന്നുവോ എന്നൊരു ചിന്ത ഇടയ്ക്കിടെ അച്ചാമ്മയെ അലട്ടാറുണ്ട്. ഉപവാസമെന്നുംപറഞ്ഞു വീട്ടിലിരുന്നാല്‍ അച്ചായനും പിള്ളാര്‍ക്കും വേണ്ടി വച്ചും വിളമ്പിയും രുചിനോക്കിപ്പോവും. ഉപവസിക്കാന്‍ പറ്റിയ ഒരിടം – ചിക്കന്‍ചാപ്സിന്‍റെയും മത്തിക്കറിയുടെയും കൊതിപിടിപ്പിക്കുന്ന രുചിയും മണവും എത്താത്ത ഒരിടം – കണ്ടെത്തണമെന്നു കരുതിയിരിക്കുമ്പോഴാണ്  മറിയാമ്മച്ചേടത്തി  അക്കാര്യം പറഞ്ഞത്:
എന്നാപ്പിന്നെ ഒരുപവാസക്കൂട്ടായ്മ തുടങ്ങിക്കൂടേടീ  അച്ചാമ്മേ  നിനക്ക് ?
 അങ്ങനെയാണ് പഞ്ചാരപ്പറമ്പില്‍ റോഡരികത്തായി ഒരു ഷെഡ്‌ ഉണ്ടായത്; വെള്ളിയാഴ്ചകളില്‍ അച്ചാമ്മയുടെ നേതൃത്വത്തില്‍ ഉപവാസക്കൂട്ടയ്മ ഉണ്ടായത്.
  തിന്നും കുടിച്ചും കണ്ണീരൊലിപ്പിച്ചും മെയ്യനങ്ങാതെ വിഡ്ഢിപ്പെട്ടിയുടെ മുമ്പില്‍ കുത്തിയിരുന്ന്‍ തടിച്ചുകൊഴുത്തു  മുട്ടുതേഞ്ഞ കൊച്ചമ്മമാര്‍ അച്ചാമ്മയുടെ ഉപവാസക്കൂട്ടായ്മയെപ്പറ്റി  കേട്ടറിഞ്ഞു. അവരും കൂട്ടായ്മയില്‍ പങ്കാളികളായി. അങ്ങനെ കൂട്ടായ്മക്ക് മതേതരത്വത്തിന്‍റെ  മുഖമുദ്രയുണ്ടായി.
  അധികം താമസിയാതെതന്നെ എല്ലാവിധ  ആധുനികസജ്ജീകരണങ്ങളോടും കൂടിയ ഉപവാസമന്ദിരം  റോഡരികത്തുയര്‍ന്നു. പുരോഹിതന്മാരുടെയും നാട്ടുപ്രമാണിമാരുടെയും അനുഗ്രഹാശിസ്സുകളോടെ നടന്ന ഉത്ഘാടനം നാട്ടുകാര്‍ ഉത്സവമാക്കിമാറ്റി. ഉപ്പുമാങ്ങാഭരണിയുടെ അഴകിനെ വെല്ലുന്ന സുന്ദരിമാര്‍ ഉത്ഘാടനച്ചടങ്ങിനു മോടികൂട്ടി.
  തുടര്‍ന്നങ്ങോട്ട് ഉപവാസക്കാരുടെ തിരക്കായി, എല്ലാദിവസവും കൂട്ടായ്മകളുണ്ടായി. കൂട്ടായ്മക്കാരുടെ വിരസതയകറ്റാന്‍ പലപരിപാടികളും ആസൂത്രണംചെയ്തു നടപ്പാക്കി. വിനോദത്തോടൊപ്പം വരുമാനവും ലക്ഷ്യമാക്കി ഫാബ്രിക്പെയിന്‍റിംഗ്, എമ്പ്രോയിഡറി, തിരിനിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളില്‍ മുഴുകി ഉപവാസക്കാര്‍ വിശപ്പു മറന്നു .
  കൂട്ടായ്മക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയ തന്നാട്ടിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍  ചുറ്റുവട്ടത്തായി ഭക്ഷണശാലകളും ഫാന്‍സിസ്റ്റോറുകളും  ബ്യൂട്ടിപാര്‍ലറുകളും തുറന്നു. വാഹനത്തിരക്കു വര്‍ധിച്ചു. നാട്ടുപാതയുടെ വീതി കൂട്ടി. പഞ്ചാരപ്പറമ്പുജങ്ങ്ഷനില്‍  ട്രാഫിക്ഐലന്റുണ്ടായി. ആകെക്കൂടി പഞ്ചാരപ്പറമ്പിനു മനോഹരമായൊരു പട്ടണത്തിന്‍റെ മുഖച്ഛായ കൈവന്നു. ഉപവാസമന്ദിരത്തിനു ചുറ്റും അലഞ്ഞുനടക്കുന്ന ഭിക്ഷക്കാരെ കണ്ടപ്പോള്‍ അച്ചാമ്മയുടെ മനസ്സലിഞ്ഞു . അച്ചാമ്മ ദാനശീലയായിമാറി.
 പഞ്ചാരപ്പറമ്പ് യാചകനിരോധിതമേഖലയായി  പ്രഖ്യാപിക്കണമെന്നായി കൊച്ചമ്മമാര്‍. യാചകപ്പരിഷകള്‍ പരിസരം വൃത്തികേടാക്കുന്നതില്‍ കൊച്ചമ്മമാര്‍ അമര്‍ഷംകൊണ്ടു.
   പരിഹാരമാലോചിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ്  മറിയാമ്മച്ചേടത്തി അക്കാര്യം പറഞ്ഞത്
“എന്നാപ്പിന്നെ നിനക്കൊരു യാചകസംരക്ഷണകേന്ദ്രം കൂടി തുടങ്ങിക്കൂടേടീ അച്ചാമ്മേ ? പുണ്യംകിട്ടുന്ന കാര്യമാ "
 അങ്ങനെയാണ് ഉപവാസമന്ദിരത്തിനടുത്തായി ഒരു യാചകസംരക്ഷണകേന്ദ്രം ഉണ്ടായത്.
 കറുപ്പിനെ വെളുപ്പാക്കുന്ന  ഉദാരമതികള്‍ അച്ചാമ്മയുടെ സംരംഭത്തിനു താങ്ങും തണലുമായി.
സാമൂഹ്യസേവനംപോലെ മഹത്തരമായി മറ്റൊന്നുമില്ലെന്ന് അച്ചാമ്മക്ക് മനസ്സിലായിത്തുടങ്ങി.
 ഇപ്പോള്‍ പഞ്ചാരപ്പറമ്പിലെ  അച്ചാമ്മയെ അറിയാത്തവരായി അന്നാട്ടില്‍ ആരുമില്ല. തന്‍റെ  പ്രശസ്തിക്ക്  കാരണക്കാരിയായ മറിയാമ്മച്ചേടത്തിക്ക് ‘അഡ്വൈസര്‍’ പദവി നല്‍കി   ആദരിച്ചു.
 സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച്  അച്ചാമ്മയുടെ മനസ്സ് അലിഞ്ഞുകൊണ്ടേയിരുന്നു. ഒപ്പം അഡ്വൈസറുടെ ഉത്തരവാദിത്വവും കൂടിക്കൂടിവന്നു. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, സൌജന്യവിദ്യാല യങ്ങള്‍  തുടങ്ങി പലതും പഞ്ചാരപ്പറമ്പില്‍   മുളച്ചുപൊങ്ങി,  ശാഖോപശാഖകളുള്ള വടവൃക്ഷം പോലെ  തഴച്ചുവളര്‍ന്നു; പടര്‍ന്നുപന്തലിച്ചു.
നിരവധി പുരസ്ക്കാരങ്ങളും പ്രശസ്തിപത്രങ്ങളും  അച്ചാമ്മയെ തേടിയെത്തി.
അച്ചാമ്മയുടെയും ചാര്‍ച്ചക്കാരുടെയും അത്ഭുതകരമായ വളര്‍ച്ചയില്‍  അസൂയപൂണ്ട ചില ദോഷൈകദൃക്കുകള്‍ പല കുപ്രചരണങ്ങളും അഴിച്ചുവിട്ടു. വടവൃക്ഷത്തിന്റെ ശിഖരങ്ങള്‍ ച്ഛേദിക്കുമെന്നും വേരറുക്കുമെന്നും ഒളിഞ്ഞും തെളിഞ്ഞും ഭീഷണിമുഴക്കി.
 പ്രസ്ഥാനത്തിന്‍റെ  വരവുചെലവു കണക്കുകളറിയാന്‍ പൊതുജനങ്ങള്‍ക്ക്‌ അവകാശമുണ്ടെന്ന് ചില അവസരവാദികള്‍ രംഗത്തെത്തിയതോടെ   കൂട്ടായ്മയില്‍  അപസ്വരങ്ങളുയര്‍ന്നു. 
                ബുദ്ധികേന്ദ്രങ്ങള്‍ ഉണര്‍ന്നു. രായ്ക്കുരാമാനം രസീതുകുറ്റികള്‍ അലമാരയില്‍ സ്ഥാനംപിടിച്ചു.  സ്ഥലത്ത് പൊടുന്നനെ അവതരിച്ച കറുത്തപൂച്ചകള്‍ വടവൃക്ഷത്തിനു കാവലിരുന്നു. അച്ചാമ്മ  ഉറക്കെയൊന്നു തുമ്മിയാല്‍പ്പോലും നാടറിയും. സ്വകാര്യത ഒരു മരീചികയായി.
 ‘കയ്ച്ചിട്ടിറക്കാനും വയ്യ , മധുരിച്ചിട്ടു തുപ്പാനും വയ്യല്ലോ കര്‍ത്താവേ’
അച്ചാമ്മയുടെ ആത്മഗതം മറിയാമ്മച്ചേടത്തി കേട്ടില്ലെന്നു നടിച്ചു.
                 അച്ചായനും പിള്ളാര്‍ക്കും വച്ചും വിളമ്പിയും രുചിനോക്കിയും സ്വസ്ഥമായിക്കഴിഞ്ഞിരുന്ന പഴയകാലമോര്‍ത്ത് അച്ചാമ്മ നെടുവീര്‍പ്പിട്ടു. ആ നെടുവീര്‍പ്പിന്‍റെ  അലകള്‍ക്ക്  വടവൃക്ഷത്തിന്‍റെ  വേരിളക്കാനുള്ള ശക്തിയുണ്ടെന്നു  മനസ്സിലാക്കിയ ഗുണകാംക്ഷികള്‍ അഡ്വൈസറെ ശരണം പ്രാപിച്ചു. അഡ്വൈസര്‍  സന്ദര്‍ഭത്തിനൊത്ത്  ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കൂട്ടായ്മക്കാരുടെ മാനസികവും ശാരീരികവുമായ   സന്തുലനാവസ്ഥ  നിലനിറുത്തുന്നതിന് ആവശ്യമായ   വ്യായാമമുറകള്‍ ശീലിക്കുകയും  ശീലിപ്പി ക്കുകയും ചെയ്യുന്നതിന് ഒരു യോഗാപരിശീലനകേന്ദ്രം കൂടി തുറന്നുകൊണ്ട്  ഐക്യം അരക്കിട്ടുറപ്പിച്ചു.
              ഒരുദിവസം  അച്ചാമ്മ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കവെ  മുറിയുടെ വാതില്‍ പുറത്തുനിന്ന്‍ ബന്ധിക്കപ്പെട്ടു.
  പ്രസ്ഥാനത്തിന്‍റെ  ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടി ഉപവാസവും മൌനവ്രതവും അനുഷ്ടിച്ച്, ധ്യാനനിരതയായി  മുറിക്കുള്ളില്‍ത്തന്നെ  കഴിയുകയാണ് അച്ചാമ്മ എന്ന വാര്‍ത്ത നാടെങ്ങും പരന്നു.
 അനുയായികള്‍  അച്ചാമ്മയുടെ   ത്യാഗത്തെ   വാഴ്ത്തിപ്പാടി.
  ധ്യാനത്തില്‍നിന്നുണര്‍ന്ന  അച്ചാമ്മ   സ്വന്തംപേരും നാടും വീടും ജാതിയും മതവും  മറന്നു. ദിവ്യശോഭ പരത്തുന്ന  വെള്ളമേലാടയണിഞ്ഞ് ആത്മീയതേജസ്സോടെ അനുയായികള്‍ക്കു ദര്‍ശനമരുളി. 
പിന്നെ  ആകാശത്തില്‍ മിഴിനട്ട്, ഇരുകരങ്ങളുമുയര്‍ത്തി   ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
‘മക്കളേ, നിങ്ങളീ  കാണുന്നതെല്ലാം മായ ....... മായ ............