Monday, 8 October 2012

ഉന്മാദഭൂമി (കവിത)

അന്നൊരുയീസ്റ്റര്‍ ദിനത്തിലല്ലോ
യെന്മണിക്കുട്ടന്‍ പിറന്നു മന്നില്‍.
ഈസ്റ്റര്‍ലില്ലിതന്‍ പൂവിരിച്ചന്ന്‍
ഉല്ലാസമോടെ ഞാന്‍ തീര്‍ത്തു തൊട്ടില്‍.

ചെന്താരുതോല്‍ക്കുന്ന ഭംഗിയോടെ 
യെന്മകന്‍ കൈകാല്‍ കുടഞ്ഞ നേരം 
കണ്മണിക്കുഞ്ഞിനു മോദമേകാ -
നുണ്മയാം ദുഗ്ദ്ധം ചുരന്നു മാറില്‍.

അമ്മതന്‍ നിഷ്കാമസ്നേഹമല്ലോ 
ദുഗ്ദ്ധമായ് നെഞ്ചില്‍ നിറഞ്ഞിടുന്നു.
പൊന്മകനുണ്ടു വളര്‍ന്നിടേണം
നന്മകള്‍കൊണ്ടു നിറഞ്ഞിടേണം.

വിദ്യയും വിത്തവും സ്വന്തമാക്കി 
വേദിയില്‍ മുന്‍പനായ് നിന്നീടണം .
ആരുമേയേല്‍ക്കുന്ന കീര്‍ത്തിമാനായ്
ആയവനെന്നും വിരാജിക്കണം .

ഈവിധമമ്മതന്‍ സ്വപ്നങ്ങളോ 
ആകാശഗോപുരം മുട്ടിനില്‍ക്കെ 
വെള്ളിടിവെട്ടിയകം തകര്‍ന്നു 
 കണ്ണുനീര്‍മാരിയില്‍ മുങ്ങിയെന്നോ !

തെല്ലിട മാത്രം വിളങ്ങിനിന്ന 
നിന്നുടെ ജീവിതസ്വപ്നങ്ങളില്‍ 
ഉന്മാദം പൂത്തതറിഞ്ഞില്ല ഞാന്‍ 
ഉണ്മകള്‍ തേടി നീ പോകുംവരെ .

എന്തോരപരാധമെന്‍റെ കുഞ്ഞേ 
നിന്നോടുചെയ്തതീ ദുഷ്ടലോകം 
ആയതിനൊക്കെയും മാപ്പിരക്കാം 
നീയൊരു ദര്‍ശനമേകുമെങ്കില്‍.

ആവില്ലസാധ്യമെന്‍ മോഹമെന്നാ -
ലേവര്‍ക്കും നല്ലതേ ചോദിപ്പു ഞാന്‍:
കന്മദം കൊണ്ടൊരു ബോംബു തീര്‍ത്തീ 
യുന്മാദഭൂമിയില്‍ വര്‍ഷിക്ക നീ


                                                                                                            2006

No comments:

Post a Comment