എന്‍റെ സ്വപ്നത്തിന്‍ ചില്ലുകൂട്ടില്‍ നിന്‍റെ
നൊമ്പരച്ചിന്തുകള്‍ പൂട്ടിവയ്ക്കാം .
കണ്ണുനീരും പാഴ്കിനാവും കുഴച്ച
കോണ്‍ക്രീറ്റുകൊണ്ടൊരു വീടുവയ്ക്കാം .
പൂഴിമണ്ണുള്ള മുറ്റവും വേണ്ട
കോഴി കിണ്ടുന്ന പറമ്പുവേണ്ട .
ഗോക്കളെക്കെട്ടാന്‍ തൊഴുത്തുവേണ്ട
കോരിക്കുടിക്കാന്‍ കിണറുവേണ്ട .
രാജമല്ലിയും നന്ത്യാര്‍വട്ടവും
പൂത്തു നില്‍ക്കുന്ന കാഴ്ച വേണ്ട
സന്ധ്യയ്ക്ക് പൊട്ടിവിടരും പിച്ചക -
മൊട്ടിന്‍ മണവും നമുക്കുവേണ്ട .
കനംചായും കതിര്‍ക്കുല വേണ്ട
കൊയ്തു നിറയ്ക്കാനറകള്‍ വേണ്ട.
അരച്ചും പൊടിച്ചും വച്ചുവിളമ്പാ -
നടുക്കളയും നമുക്കു വേണ്ട .
ആഗോള മാളില്‍ ക്യൂ നിന്നു വാങ്ങാം
ചേലുള്ള പാക്കറ്റിലെന്തും .
2
കാന്‍സറും രക്താതിമര്‍ദ്ദവും പഞ്ച -
സാരയും കൊളസ്ട്രോളുമങ്ങനെ
എത്രയെത്ര പുത്തന്‍ പദങ്ങള്‍
ചേര്‍ത്തു ജീവിത നിഘണ്ടുവില്‍.
ബോഡിഷേപ്പിനോ ട്രെഡ്‌മില്ലുണ്ട്
ഫാസ്റ്റ് ഫുഡ്ഡും മിനറല്‍ വാട്ടറും
പ്ലാസ്റ്റിക് പൂക്കളും ഫോറിന്‍ മണങ്ങളും
പോരേ നമ്മളും മോഡേണല്ലേ?
3
മാര്‍ക്സിയന്‍തത്ത്വശാസ്ത്രങ്ങള്‍ വേണ്ട
ഗാന്ധിയും ക്രിസ്തുവും നമുക്കുവേണ്ട .
വേളിയും ബീടരും വേണ്ട നല്ല
ജീനുകള്‍ മാത്രം കരുതിവയ്ക്കാം .
പാത്തും പതുങ്ങിയും പെണ്ണിന്‍റെ നഗ്നത
ഫോണിന്‍റെ യാക്കൊച്ചു സ്ക്രീനിലാക്കാം
ബ്ലൂടൂത്തുകള്‍ തുറന്നിടാം നല്ല
വീഡിയോ ക്ലിപ്പുകള്‍ കൈമാറിടാം.
വിരല്‍ത്തുമ്പു തൊട്ടാല്‍ കണ്മുമ്പിലെത്തുന്ന
വെബ്ബിന്‍റെലോകമാഹാ വിചിത്രം !
ഇവയൊക്കെയീയൈറ്റി യുഗത്തിന്‍റെ
നേട്ടങ്ങളെന്നു നമുക്കു പാടാം .
2008
a good poem. very much readable.
ReplyDeletet.k.abdulla kunhi, kasaragod.