Tuesday 24 September 2024

ഒരു സഞ്ചാരിയുടെ കാഴ്ചാപഥങ്ങള്‍ - പ്രദീപ് പനങ്ങാട്

    

 മഴക്കാടുകളിലെ സഞ്ചാരപഥങ്ങള്‍ (യാത്രാവിവരണം) എസ്. സരോജം

ഓരോ യാത്രയും അതിജീവനവും കണ്ടെത്തലുമാണ്. മാത്രമല്ല, അത് കാലത്തേയും ചരിത്രത്തേയും തിരിച്ചറിയാനുള്ള പ്രയാണവുമാണ്. ഒരു സഞ്ചാരിയാവുക എന്നത് സാഹസികതയുടെ പ്രഖ്യാപനംകൂടിയാണ്. അനിശ്ചിതമായ സന്ദര്‍ഭങ്ങളെ നേരിടാനും മറികടക്കാനുമുള്ള ധീരത സഞ്ചാരികളുടെ സവിശേഷതയാണ്. ഈ തിരിച്ചറിവിലൂടെയാണ് യാത്ര പുറപ്പെടുന്നത്. യാത്രകളിലെ കാഴ്ച, അനുഭവം, നിരീക്ഷണം, ധ്യാനം, മനനം, മൗനം എല്ലാം ജീവിതത്തിന്റെ നിതാന്തതാളത്തെ ബാധിക്കും. അത് അകത്തേക്കും പുറത്തേക്കുമുള്ള അന്വേഷണങ്ങള്‍ക്ക് പ്രേരണയാവും. വിഷാദങ്ങളുടെ സമുദ്രത്തില്‍നിന്നും സന്തോഷങ്ങളുടെ കരയിലേക്കെത്താന്‍, സന്നിഗ്ദ്ധതകളുടെ മദ്ധ്യാഹ്നങ്ങളില്‍നിന്നും സ്‌നേഹത്തിന്റെ ശീതളച്ഛായയിലേക്കെത്താന്‍ യാത്രകള്‍ വഴികാട്ടിയാവും. ഞാന്‍ പരിചയപ്പെട്ട പലരും യാത്രകളെ ജീവിതത്തിന്റെ തീക്ഷ്ണസൗന്ദര്യമായി തന്നെയാണ് കാണുന്നത്. എസ്.സരോജം എന്ന സഞ്ചാരിയും ആ അനുഭവതലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വിശ്വസിക്കുന്നു.

നിരന്തരയാത്രകളുടെ ലോകഭൂപടമാണ് ഈ സഞ്ചാരിയുടെ  മുന്നിലുള്ളത്. ലോകാന്തരയാത്രയ്ക്കായുള്ള ക്ഷണമാണ്  എപ്പോഴും മുന്നിലുള്ളത്. അത് സമര്‍ത്ഥമായി വിനിയോഗിക്കാന്‍ ഈ സഞ്ചാരിക്ക് കഴിയുന്നു. അതുകൊണ്ടാണ് ഇത്രയധികം യാത്രകള്‍ ചെയ്യാന്‍ സരോജത്തിന് സാധിക്കുന്നത്. ഔദ്യോഗികജീവിതം അവസാനിക്കുമ്പോള്‍ ആരംഭിക്കുന്ന അര്‍ത്ഥസാന്ദ്രജീവിതമാണ്  സരോജത്തിന് യാത്രകള്‍. ഇത്തരം സന്ദര്‍ഭങ്ങളിലാവാം  ജീവിതത്തിലേക്ക് വെളിച്ചത്തിന്റെ സൗന്ദര്യം കടന്നുവരുന്നത്. അത് പകര്‍ത്തിവയ്ക്കുക അത്ര ലളിതകര്‍മ്മമല്ല.  കാലത്തിനപ്പുറത്തെ കാഴ്ചകളും കാഴ്ചകള്‍ക്കപ്പുറത്തെ കാലവും കൊത്തിയെടുക്കുകയാണ് സഞ്ചാരരചയിതാക്കള്‍ ചെയ്യേണ്ടത്. ആ സര്‍ഗ്ഗാത്മക ദൗത്യത്തിനുള്ള ശ്രമമാണ് സരോജത്തിന്റെ സഞ്ചാരരചനകള്‍. കാലം, ചരിത്രം, ഭൂമിശാസ്ത്രം, ജനപഥങ്ങള്‍, കാലാവസ്ഥ, രാഷ്ട്രീയസമീക്ഷകള്‍, ജീവിതകാമനകള്‍, ഭക്ഷണശീലങ്ങള്‍, പാരസ്പര്യത്തിന്റെ ഊഷ്മളത തുടങ്ങി എല്ലാം അതില്‍ കടന്നുവരുന്നുണ്ട്. അനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും സമാഹാരമാണ് എസ്.സരോജത്തിന്റെ സഞ്ചാരരചനകള്‍ എന്ന് വിശേഷിപ്പിക്കാം.

സരോജം നടത്തുന്ന യാത്രകള്‍ ഏറെയും സംഘസഞ്ചാരങ്ങളാണ്, പലപ്പോഴും സൗഹൃദങ്ങളുടെ ഊര്‍ജ്ജപ്രവാഹത്തിലൂടെയുള്ള യാത്ര. അപ്പോഴും കൂട്ടത്തില്‍നിന്ന് മാറി ഏകാന്തസഞ്ചാരങ്ങള്‍ നടത്തുകയുംചെയ്യുന്നു. ഈ ഏകാന്ത കാഴ്ചാപഥങ്ങളാണ് സരോജത്തെ എഴുത്തുകാരിയാക്കി മാറ്റുന്നത്. കൂട്ടംതെറ്റി മേയുന്ന മനസിന്റെ സഞ്ചാരസംക്രമണങ്ങളാണ് രചനകളായിമാറുന്നത്. മനസിലാക്കിയിടത്തോളം കൃത്യമായ പഠനങ്ങളോടെയും ബോധ്യങ്ങളോടെയും തയാറെടുപ്പുകളോടെയുമാണ് ഓരോ യാത്രയും നിര്‍വഹിക്കുന്നത്. അലസസഞ്ചാരിയുടെ കാഴ്ചകളല്ല, അന്വേഷണപഥികയുടെ ആത്മസാന്നിധ്യമാണ് വായനയില്‍ തെളിയുന്നത്. സരോജത്തിന്റെ മിക്ക യാത്രാരചനകളിലൂടെയും കടന്നുപോയ ഒരാള്‍ എന്ന നിലയിലാണ് ഈ നിരീക്ഷണം പകര്‍ത്തുന്നത്. ഇത്തരമൊരു നിരീക്ഷണം കുറിക്കേണ്ടിവന്നത് 'മഴക്കാടുകളിലെ സഞ്ചാരപഥങ്ങള്‍' എന്ന പുസ്തകം മുന്നിലെത്തിയ സന്ദര്‍ഭത്തിലാണ്. ക്യൂബ, കൊളംബിയ, ഇക്വഡോര്‍, പെറു, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലൂടെ നടത്തിയ സഞ്ചാരത്തിന്റെ ആത്മമുദ്രകളാണ് ഈ പുസ്തകത്തിലുള്ളത്.

ഈ യാത്രയില്‍ കടന്നുപോകുന്ന രാജ്യങ്ങളോരോന്നും രാഷ്ട്രീയവും സാംസ്‌കാരികവുമായ നിരവധി സവിശേഷതകള്‍ ഉള്ളവയാണ്. പരിചിത ജീവിത ഭൂമികയല്ല അവയൊന്നും. മനുഷ്യനും പ്രകൃതിയും രാഷ്ട്രീയവുമൊക്കെ വേറിട്ടുനില്‍ക്കുന്നു. അത്തരം സവിശേഷതകളുടെ സൂക്ഷ്മവിവരണമാണ് ഈ എഴുത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഓരോ കാഴ്ചകളും കൃത്യമായി അടയാളപ്പെടുത്താനും അതിന്റെ ചരിത്രം അവതരിപ്പിക്കാനും കഴിയുന്നു. ഒരു ദേശത്തെ, ജനപഥത്തെ ശരിയായി മനസിലാക്കാനുള്ള സന്ദര്‍ഭങ്ങളാണ് ഓരോ രചനയിലും ഉള്ളത്. അറിവുകളുടെ അവതരണവും ആവിഷ്‌കാരവുമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ആ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കൃത്യമായ ഒരു വഴികാട്ടി കൂടിയായി മാറുന്നു ഈ രചനകള്‍.

പലപ്പോഴും മലയാളത്തിലെ യാത്രാവിവരണങ്ങള്‍ അനുഭവങ്ങളുടെ ആലങ്കാരിക അവതരണങ്ങള്‍കൊണ്ട് വിരസമാകാറുണ്ട്. മാത്രമല്ല, ആത്മകഥാഖ്യാനങ്ങളും ആകാറുണ്ട്. അതില്‍നിന്നെല്ലാം വിഭിന്നമാണ് ഈ രചനകള്‍. ഒരു സാധാരണ വായനക്കാരനെ അഭിമുഖം നിര്‍ത്തിയാണ് കാര്യങ്ങള്‍ പറഞ്ഞുപോകുന്നത്. അതുകൊണ്ട് അനായാസ വായനാസഞ്ചാരം നടത്താന്‍ കഴിയും. ദേശത്തെയും മനുഷ്യനെയും ജീവിതത്തെയും സ്പര്‍ശിച്ചറിയാന്‍ കഴിയും. മഴക്കാടുകളിലെ സഞ്ചാരപഥങ്ങള്‍ ഓര്‍മ്മകളിലേക്കുള്ള വഴിത്താര കൂടിയാണ്. യാത്രയുടെ ഓര്‍മ്മയും ഓര്‍മ്മയുടെ യാത്രയുമാണിത്. മലയാളത്തിലെ എണ്ണപ്പെട്ട സഞ്ചാരരചനകള്‍ക്കിടയില്‍ ഈ പുസ്തകവും ചേര്‍ന്നുനില്‍ക്കും.

സരോജത്തിന് സഞ്ചരിക്കാന്‍ ഇനിയും ഏറെ വഴികളും വഴിയോരങ്ങളുമുണ്ട്, രാജ്യങ്ങളും  രാജവീഥികളുമുണ്ട്, സമുദ്രങ്ങളും ഗിരിനിരകളുമുണ്ട്,  ജനപഥങ്ങളും ജീവിതധാരകളുമുണ്ട്. അതൊക്കെ സഞ്ചരിച്ചുതീര്‍ക്കാന്‍ കഴിയും, കഴിയട്ടെ.


Monday 23 September 2024

വാമനന്മാരുടെ ഓണം (കവിത) എസ്.സരോജം


ഓണമെന്നൊരു നല്ലസ്വപ്നമുള്ളില്‍

ഓമനിച്ചെന്നോ നിറച്ചുവച്ചു.

ഇന്നോളമാനല്ല സ്വപ്നങ്ങളില്‍

നെല്ലും പതിരും തിരഞ്ഞു ഞാനും.

ഏറെയും പതിരാണ് കണ്ടതെന്നാല്‍

എള്ളോളം പ്രതീക്ഷ ബാക്കിവച്ചു.

മാവേലിവരുമെന്ന് കാത്തിരുന്നെന്‍

മുന്നില്‍തിമര്‍ക്കുന്നു വാമനന്മാര്‍.


സമത്വസുന്ദരലോകമീമന്നില്‍

സ്വപ്നംകണ്ടൊരു ശുദ്ധമാനസന്‍ 

ഭാവിച്ചുപാടിയമാവേലിനാടേ

നീ വെറുംമിഥ്യയായ് തീര്‍ന്നുവെന്നോ?

കൊള്ളയും കൊലയും കൊള്ളിവയ്പും

ഇന്നീനാടിന്റെയുത്സവങ്ങള്‍

ആമോദമെല്ലാം സമ്പന്നവര്‍ഗം

അക്ഷയപാത്രംനിറച്ചുവയ്പൂ

പാമരന്മാര്‍ക്കെന്തോണമെന്ന

ചോദ്യത്തിനുത്തരമില്ലയെന്നോ? 

നേരുംനെറിയും പുലരുന്നകാലം

സ്വപ്നംകണ്ടെന്നും നമുക്കുറങ്ങാം.