ഇന്നലെ രാത്രിയില്‍ ഞാനവനെ കണ്ടു, പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം.
എന്താ, നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലേ?
ഞാന്‍ പറയുന്നത് സത്യമാണ്.
അന്നിട്ടിരുന്ന അതേ പാന്റും ഷര്‍ട്ടും ടൈയും കോട്ടും ഷൂസും... ഒന്നും മാറ്റിയിട്ടില്ല. പാവം, വേറെ വാങ്ങാന്‍ കാശില്ലാഞ്ഞിട്ടാവും. പോയപ്പോള്‍ ഒന്നും കൊണ്ടുപോയില്ലല്ലൊ.
അനേകം തട്ടുകളുള്ളൊരു കോണ്‍ക്രീറ്റ് മന്ദിരത്തിനുള്ളില്‍ തിക്കിത്തിരക്കി നടക്കുന്ന മനുഷ്യര്‍ക്കിടയില്‍ അവന്‍ ആരെയോ തിരയുന്നു. പഴയ കൂട്ടുകാരെ അന്വേഷിക്കുകയാവും. തന്‍കാര്യം നോക്കികളായ അവരൊക്കെ ഇപ്പോള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ പ്രോജക്ട് എഞ്ചിനിയര്‍മാരായി അസൈന്‍മെന്റ് കിട്ടിപ്പോയ കാര്യങ്ങളൊന്നും അവന്‍ അറിഞ്ഞിട്ടുണ്ടാവില്ല. ശുദ്ധന്‍! സ്വന്തംകാര്യം മറന്ന് മറ്റുള്ളവരെ സഹായിക്കാന്‍ നടക്കുവല്ലാരുന്നോ.
എന്നിട്ടോ? സ്‌നേഹിക്കാന്‍മാത്രം അറിയാവുന്ന ആ മനസ്സില്‍ എല്ലാവരും കോരിനിറച്ചത് സങ്കടക്കനലുകള്‍ മാത്രമായിരുന്നില്ലേ?
ഇത്രയും സങ്കടം എങ്ങനെയാണെന്റെ കുട്ടി കണ്ണിലും കരളിലും നിറച്ചുവച്ചിരിക്കുന്നത്?
ആ കണ്ണുകളിലെ വിഷാദമത്രയും കോരിയെടുക്കാന്‍ എന്റെ കൈകള്‍ക്ക് വെമ്പലായി.
അവന്റെ അരികിലേക്ക് ഓടിയെത്താന്‍ കാലുകള്‍ക്ക് തിടുക്കമായി. പക്ഷേ, കാലുകള്‍ ഒരടിപോലും മുന്നോട്ടുവയ്ക്കാനാവുന്നില്ല.
എന്റെ മോനേ എന്നലറിക്കരഞ്ഞുകൊണ്ട് ഞാന്‍ അവിടെക്കിടന്ന കസേരയില്‍ വീണിരുന്നു.
എന്റെ നിസ്സഹായതമുറ്റിയ കരച്ചില്‍ കേട്ടിട്ടാവണം അവന്‍ ഓടിവന്ന് എന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.
പെട്ടെന്ന് പിയത്ത എന്റെ കണ്ണില്‍ തെളിഞ്ഞു. കുരിശില്‍ പിടഞ്ഞുമരിച്ച പ്രിയപുത്രന്റെ ചലനമറ്റ ശരീരം മടിയില്‍ കിടത്തി, കദനശിലപോലെ ഉറഞ്ഞിരിക്കുന്ന ഒരമ്മ...