കന്യാകുമാരി ജില്ലയില്‍ തിരുവിതാംകൂറിന്റെ രാജകീയ മുദ്രയായ ആനയും ശംഖും പതിച്ച പ്രവേശനകവാടത്തോടുകൂടിയ ഒരു കോട്ടയുണ്ട്. ഇത് തമിഴില്‍ വട്ടക്കോട്ടൈ എന്നാണ് അറിയപ്പെടുന്നത്. ചതുരാകൃതിയിലുള്ള കോട്ടക്ക് വട്ടക്കോട്ട എന്ന് പേരിട്ടതിന്റെ യുക്തി എന്താണോ ആവോ! തിരുവനന്തപുരം-കന്യാകുമാരി മുഖ്യപാതയില്‍നിന്ന് തെക്കുമാറി, കന്യാകുമാരിക്ക് ഏഴുകിലോമീറ്റര്‍ ഇപ്പുറം, പച്ചവിരിപ്പിട്ട നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പുകളും അതിരിട്ട ഇടറോഡിലൂടെ കുറച്ചുൂരം മുന്നോട്ടുപോയാല്‍ അഗസ്തീശ്വരം താലൂക്കിലെ അഞ്ചുഗ്രാമത്തിലുള്ള വട്ടക്കോട്ടയിലെത്താം; തികച്ചും ഗ്രാമീണമായ വഴിത്താരയില്‍നിന്ന് ചരിത്രത്തിലേക്ക് കാലെടുത്തുവച്ചതുപോലെ. ഒരുഭാഗത്ത് പശ്ചിമഘട്ടവും മറുഭാഗത്ത് കടലും സമ്മാനിക്കുന്ന അപൂര്‍വ്വസുന്ദരമായ ദൃശ്യാനുഭവം. ഒരുവശത്ത് പുഴയും കടലും സംഗമിക്കുന്ന പൊഴിയും.
കവാടത്തിലെ രാജമുദ്ര സൂചിപ്പിക്കുന്നതുപോലെതന്നെ ഈ കോട്ട തിരുവിതാംകൂറിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരു പ്രതിരോധദുര്‍ഗ്ഗമാണ്. അന്ന് കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായിരുന്നല്ലൊ. 1741 -ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്താണ് കോട്ട ഇന്നു കാണുന്ന രീതിയില്‍ പൂര്‍ണ്ണമായും കരിങ്കല്ലില്‍ പണിതത് .പടത്തലവനായിരുന്ന ക്യാപ്റ്റന്‍ ഡെലിനോയിയുടെ മേല്‍നോട്ടത്തിലായിരുന്നു കോട്ടയുടെ പണി. ഡച്ച് നാവികസേനാ മേധാവിയായിരുന്ന ഡെലിനോയി കുളച്ചല്‍ യുദ്ധത്തിലെ പരാജയത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ വിശ്വാസം നേടിയെടുത്ത്, തിരുവിതാംകൂറിന്റെ പടത്തലവനാവുകയായിരുന്നു. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള കോട്ടയുടെ വിസ്തൃതി .മൂന്നര ഏക്കറാണ്. ചുറ്റും ഇരുപത്തഞ്ചടി ഉയരമുള്ള കൂറ്റന്‍ മതിലുണ്ട്. മുന്‍ഭാഗത്ത് ഇരുപത്തൊന്‍പതടിയും പിന്‍ഭാഗത്ത് ആറടിയും വശങ്ങളില്‍ പതിനെട്ടടിയുമാണ് മതിലിന്റെ കനം. കോട്ടയുടെ ഒരുഭാഗം കടലിലേക്ക് തള്ളിനില്‍ക്കുന്നു. കോട്ടയില്‍ നിന്നും പത്മനാഭപുരം കൊട്ടാരത്തിലേക്ക് നാലടി വീതിയുള്ള ഒരു തുരങ്കമുണ്ട്. അതിപ്പോള്‍ അടഞ്ഞുകിടക്കുകയാണ്.
പാണ്ഡ്യരാജാക്കന്മാരുടെ കാലത്തേ കോട്ട നിലവിലുണ്ടായിരുന്നുവെന്നും മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് അതിനെ കരിങ്കല്ലില്‍ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും പുരാവസ്തുഗവേഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. കോട്ടക്കുള്ളില്‍ മൂന്ന് മണ്ഡപങ്ങളുണ്ട്, പട്ടാളക്കാരുടെ വിശ്രമത്തിനും ആയുധങ്ങള്‍ സൂക്ഷിക്കാനും ശത്രുനിരീക്ഷണത്തിനും. മണ്ഡപങ്ങളുടെ മേല്‍പാളിയില്‍ കൊത്തിവച്ചിരിക്കുന്ന മീനുകളുടെ രൂപം പാണ്ഡ്യന്‍ സ്വാധീനത്തെ സൂചിപ്പിക്കുന്നതാണ്. കോട്ടക്കുള്ളില്‍ ധാരാളം ശുദ്ധജലമുള്ള ഒരു കുളമുണ്ട്. സൈനികരുടെ ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നത് ഈ കുളത്തില്‍നിന്നാണ്. കുളക്കരയിലിരുന്ന് കടലിന്റെ ഭംഗി ആസ്വദിക്കാം. ഉയരത്തിലുള്ള പരേഡ് ഗ്രൗണ്ടില്‍ നിന്ന് നോക്കിയാല്‍ കടലും ബീച്ചും ഉള്‍പ്പെടെ അതിമനോഹരമായ ചുറ്റുവട്ടക്കാഴ്ചകള്‍ ആസ്വദിക്കാം. കോട്ടയുടെ മുകളിലേക്ക് കയറാന്‍ കല്‍പടവുകളുണ്ട്. കല്‍പടവുകള്‍ക്ക് നടുവിലൂടെ ഒരു റാമ്പും. ഈ റാമ്പിലൂടെയാണ് ആയുധങ്ങളുംമറ്റും കോട്ടമുകളിലെത്തിച്ചിരുന്നത്. കോട്ടമതിലില്‍ ചിലയിടങ്ങളില്‍ കാണുന്ന തുറന്നഭാഗത്തുകൂടിയാണ് കടലിലൂടെ വരുന്ന ശത്രുക്കള്‍ക്കു നേരെ പീരങ്കിപ്രയോഗം നടത്തിയിരുന്നത്. അമ്പുംവില്ലും ഉപയോഗിക്കാന്‍ പാകത്തിലുള്ള നേര്‍ത്തവിടവുകളും മതിലില്‍ കാണാം.
ത്രിവേണീസംഗമസ്ഥാനമായ കന്യാകുമാരിയോടു ചേര്‍ന്നുകിടക്കുന്ന വിശാലമായ കടല്‍. വട്ടക്കോട്ടയുടെ മുകളില്‍നിന്നു നോക്കുമ്പോള്‍ വ്യത്യസ്തഭാവങ്ങളുള്ള രണ്ടുകടലുകള്‍ കാണാം; ഒന്ന് അറബിക്കടലും മറ്റേത് ബംഗാള്‍ ഉള്‍ക്കടലും. അറബിക്കടലിന് ശാന്തസുന്ദരമായ ഭാവമാണെങ്കില്‍ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ബംഗാള്‍ ഉള്‍ക്കടലിന് രൗദ്രഭാവമാണ്.
കരിമണല്‍ നിറഞ്ഞ കടലോരമാണ് മറ്റൊരു പ്രത്യേകത. തീരംതിങ്ങിവളരുന്ന കേരവൃക്ഷങ്ങള്‍ ആരുടെയും മനംകവരും. അകലേക്ക് നോക്കിയാല്‍ കാറ്റില്‍നിന്ന് വൈദ്യതി കറന്നെടുക്കുന്ന കാറ്റാടിയന്ത്രങ്ങള്‍ കാണാം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ദൃശ്യഭംഗികള്‍ ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ വട്ടക്കോട്ടയുടെ മാറ്റുകൂട്ടുന്നു.പൊതുവേ തണലും തണുപ്പും കുറവായ കന്യാകുമാരിയില്‍ വട്ടക്കോട്ടയിലെ നിരവധിയായ വേപ്പുമരങ്ങള്‍ നല്‍കുന്ന സുഖകരമായ തണലും തണുപ്പും എടുത്തുപറയേണ്ടതാണ്. ഏതു കൊടുംവേനലിലും ആഞ്ഞുവീശുന്ന കടല്‍ക്കാറ്റിനൊപ്പം വേപ്പിന്റെ ഔഷധഗുണവും സന്ദര്‍ശകരെ തൊട്ടുഴിഞ്ഞു കടന്നുപോകും.. എല്ലാദിവസവും രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സന്ദര്‍ശനസമയം. തിരുവനന്തപുരത്തുനിന്ന് റോഡുമാര്‍ഗ്ഗമുള്ള ദൂരം തൊണ്ണൂറ്റിമൂന്ന് കിലോമീറ്ററാണ്.
കന്യാകുമാരി ജില്ലയെ കേരളത്തില്‍നിന്നും അടര്‍ത്തിമാറ്റി, തമിഴ്‌നാടിനോടു ചേര്‍ത്തതിനുശേഷം നിര്‍മ്മിതമായ ഒരു തൊട്ടിപ്പാലത്തിന്റെ കഥയാണ് ഇനി പറയുന്നത്. ഒരു കുന്നില്‍നിന്നും മറ്റൊരുകുന്നിലേക്ക് ജലം കൊണ്ടുപോവുക എന്ന വിസ്മയകരമായ വിദ്യയാണ് ഈ തൊട്ടിപ്പാലത്തിലൂടെ സാദ്ധ്യമാക്കിയിരിക്കുന്നത്. പറളിയാറിന്റെ ഇരുകരയിലായി സ്ഥിതിചെയ്യുന്ന കണിയാന്‍ പാറയെയും കൂട്ടുവായു പാറയെയും തമ്മില്‍ ബന്ധിപ്പിച്ചാണ് പാലത്തിന്റെ നിര്‍മ്മിതി. ചിറ്റാര്‍ അണക്കെട്ടില്‍നിന്നും തേങ്ങാപ്പട്ടണംവരെയുള്ള വരണ്ട പ്രദേശങ്ങളില്‍ കൃഷിക്കാവശ്യമായ ജലമെത്തിക്കാന്‍ പട്ടണം കനാല്‍ നിര്‍മ്മിക്കുമ്പോള്‍ മാത്തൂര്‍ഭാഗത്തുള്ള പറളിയാറ് കടക്കുക ഒരു വെല്ലുവിളിയായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്റെ നിര്‍ദ്ദേശപ്രകാരമാണ് നദിക്കുമുകളിലൂടെ തൊട്ടിപ്പാലം നിര്‍മ്മിച്ച് അതുവഴി കനാല്‍ജലം കൊണ്ടുപോകാനുള്ള പദ്ധതി സാദ്ധ്യമായത്. പേച്ചിപ്പാറയില്‍നിന്നും ചിറ്റാറില്‍നിന്നും കോതയാര്‍ ചാനല്‍ വഴി തൊട്ടിപ്പാലത്തിലെത്തുന്ന ജലം ചെങ്കൊടി, വടക്കുനാട് പാലങ്ങള്‍ വഴി തേങ്ങാപ്പട്ടണത്തിലെത്തുന്നു. വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ കൃഷിക്ക് മാത്തൂര്‍ തൊട്ടിപ്പാലംവഴി എത്തുന്ന ജലമാണ് ഉപയോഗിക്കുന്നത്. 384 മീറ്റര്‍ നീളവും 115 അടി ഉയരവുമുള്ള പാലത്തില്‍ അഞ്ചരയടി വീതിയില്‍ ജലമൊഴുകുന്ന കനാലും അതിന് സമാന്തരമായി ഒരു നടപ്പാതയുമുണ്ട്. 209 ഘന അടി വെള്ളം ഈ കനാലിലൂടെ കൊണ്ടുപോകാന്‍ കഴിയും. വേനല്‍ക്കാലത്ത് ജലത്തിന്റെ ഒഴുക്ക് കുറവായിരിക്കും.
പാലത്തിന്റെ രണ്ടറ്റത്തും നിര്‍മ്മിച്ചിട്ടുള്ള പടിക്കെട്ടുകളിലൂടെ സന്ദര്‍ശകര്‍ക്ക് പാലത്തിന് മുകളിലെത്താം. ഇരുപത്തിയൊമ്പതു തൂണുകളിന്മേല്‍ നിര്‍മ്മിച്ചിരിക്കുന്ന തൊട്ടിപ്പാലത്തിന്റെ മുകളില്‍നിന്നുതാഴേക്ക് നോക്കിയാല്‍ പറളിയാറും പരിസരപ്രദേശങ്ങളും പച്ചപ്പുനിറഞ്ഞ കുന്നുകളും വിശാലമായൊരു കാന്‍വാസില്‍ വരച്ച മനോഹരചിത്രങ്ങള്‍ പോലെ തോന്നും. 1962-ല്‍ ആരംഭിച്ച പാലംപണി ഏഴുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. ഏഷ്യയിലെ ഏറ്റവും ഉയരവും നീളവുമുള്ള മാത്തൂര്‍ തൊട്ടിപ്പാലത്തിലൂടെ നടക്കുമ്പോള്‍ കെ.കാമരാജ് എന്ന മുന്‍മുഖ്യമന്ത്രിയെ മനസാ നമിച്ചുപോകും.
അരനൂറ്റാണ്ടു പിന്നിട്ട മാത്തൂര്‍ തൊട്ടിപ്പാലം ഇന്ന് കന്യാകുമാരി ജില്ലയിലെ തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. പറളിയാറിലിറങ്ങി ഒരുകുളിയും കൂടിയായാല്‍ യാത്ര ഏറെ തൃപ്തികരമാവും. കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ പൂന്തോട്ടങ്ങളും ശില്‍പങ്ങളുമൊരുക്കി രസകരമാക്കിയിട്ടുണ്ട് ചുറ്റുവട്ടം. പൈനാപ്പിളും പഴങ്ങളും കുറഞ്ഞവിലക്ക് ലഭിക്കുമെന്നതും മാത്തൂരിന്റെ പ്രത്യേകതയാണ് തമിഴ്‌നാട്ടില്‍ പൈനാപ്പിള്‍ ധാരാളമായി കൃഷിചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് മാത്തൂര്‍. തിരുവനന്തപുരത്തുനിന്നും അറുപതുകിലോമീറ്റര്‍ അകലെയാണ് മാത്തൂര്‍ തൊട്ടിപ്പാലം. മാര്‍ത്താണ്ഡം വഴി തിരുവട്ടാറിലെത്തിയാല്‍ അവിടെനിന്നും മൂന്നുകിലോമീറ്റര്‍ ദൂരം. പത്മനാഭപുരം കൊട്ടാരത്തില്‍നിന്ന് പതിനാല് കിലോമീറ്ററും തൃപ്പരപ്പില്‍നിന്ന് പത്തുകിലോമീറ്ററുമാണ് തൊട്ടിപ്പാലത്തേക്കുള്ള ദൂരം.
No comments:
Post a Comment