Wednesday, 8 April 2020

വാഗമണ്‍, കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ് (യാത്ര) എസ്.സരോജം


    ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലായി വ്യാപിച്ചുകിടക്കുന്ന മലയോര വിനോദസഞ്ചാരകേന്ദ്രമാണ്‌ വാഗമണ്‍. ഒരുവശത്ത്‌ അഗാധമായ കൊക്കയും മറുവശത്ത്‌ മേഘങ്ങളെ തൊട്ടുരുമ്മിനില്‍ക്കുന്ന മലകളും. കിഴുക്കാംതൂക്കായ മലയരികുകളും പാറക്കെട്ടുകളും വെട്ടിയരിഞ്ഞു നിര്‍മ്മിച്ച വീതികുറഞ്ഞ, കാനനപാതയിലൂടെയാണ്‌ യാത്ര. 

കൊടുംവളവുകള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. പലപ്പോഴും പേടികൊണ്ട്‌ വീര്‍പ്പടക്കിയിരുന്നുപോവും. എന്നാലും ഒരു സാഹസയാത്രയുടെ ആവേശം എല്ലാ മുഖങ്ങളിലും തുള്ളിത്തുളുമ്പിനില്‍ക്കും.
കോട്ടയം - കുമളി റോഡിലൂടെ കുട്ടിക്കാനം ഏലപ്പാറവഴി വേഗം വാഗമണിലെത്താം. പ്രകൃതിഭംഗിയും മലമ്പാതയുടെ ഭീകരാവസ്ഥയും പരമാവധി ആസ്വദിക്കണമെന്ന്‌ കരുതിക്കൂട്ടി പുറപ്പെടുന്ന സാഹസപ്രിയര്‍ ഈരാറ്റുപേട്ട - തീക്കോയ്‌ വഴി പോകുന്നതാണ്‌ നന്ന്‌. ഈരാറ്റുപേട്ടയില്‍നിന്ന്‌ ഇരുപത്തിയെട്ട്‌ കിലോമീറ്റര്‍ കിഴക്കാണ്‌ കാനനസുന്ദരിയായ വാഗമണ്‍.
മലഞ്ചരുവുകളില്‍ പച്ചപ്പട്ടുവിരിച്ചതുപോലെ പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മൊട്ടക്കുന്നുകള്‍, പൈന്‍മരക്കാടുകള്‍ തുടങ്ങി പ്രകൃതിസ്‌നേഹികളുടെ മനംകവരുന്ന കാഴ്‌ചകളാണെങ്ങും. തങ്ങള്‍മല, മുരുകന്‍മല, കുരിശുമല എന്നീ മൂന്ന്‌ മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വാഗമണ്‍ ട്രെക്കിംഗിനും പാരഗ്ലൈഡിംഗിനും അനുയോജ്യമായ ഹില്‍സ്റ്റേഷനാണ്‌.

തങ്ങള്‍മല മുസ്ലീങ്ങളുടെയും മുരുകന്‍മല ഹിന്ദുക്കളുടെയും കുരിശുമല ക്രിസ്‌ത്യാനികളുടെയും തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌. മതമൈത്രിയുടെ ഉദാത്തമായ മാതൃക! പക്ഷെ, മുതിര്‍ന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ മലകയറ്റം വളരെ ക്ലേശകരമായ ഒരു സാഹസം തന്നെയാണെന്ന്‌ പറയാതെവയ്യ.

പ്രശസ്‌ത വാസ്‌തുശില്‍പിയായിരുന്ന ലോറിബേക്കര്‍ 1968-ല്‍
പണിതിര്‍ത്ത ചെലവുകുറഞ്ഞതും കാലാവസ്ഥയ്‌ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായതുമായ ഒരു ദേവാലയമുണ്ട്‌ കുരിശുമലയില്‍. ബലക്ഷയം സംഭവിച്ചതിനാല്‍ അടുത്തകാലത്ത്‌ ഈ ദേവാലയം പൊളിച്ച്‌ അതേ മാതൃകയില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.

 വാഗമണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിശ്രമസ്ഥാനമാണ്‌ ഇവിടത്തെ പൈന്‍മരക്കാടുകള്‍. നിരനിരയായി മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന പൈന്‍മരങ്ങള്‍ക്ക്‌ എന്തൊരു ഗാംഭീര്യം! ഇരുപതുവര്‍ഷം പ്രായമെത്തിയാല്‍ ഈ പൈന്‍മരങ്ങള്‍ വെട്ടിമാറ്റും. ഇങ്ങനെ വെട്ടിമാറ്റുന്ന പൈന്‍മരങ്ങളുടെ പള്‍പ്പ്‌ ഉപയോഗിച്ചാണ്‌ കറന്‍സി അച്ചടിക്കാനുള്ള പേപ്പര്‍ നിര്‍മ്മിക്കുന്നത്‌.

ഒരുകാലത്ത്‌, വാഗമണിന്‍റെ പ്രശസ്‌തിക്ക്‌ കാരണമായിത്തീര്‍ന്ന ഇന്‍ഡോ-സ്വിസ്സ്‌ പ്രോജക്‌ട്‌ (കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം) പൈന്‍മരക്കാടുകള്‍ക്കടുത്താണ്‌ സ്ഥിതിചെയ്‌തിരുന്നത്‌. ഇപ്പോള്‍ ആ കെട്ടിടങ്ങള്‍ ടൂറിസ്റ്റ്‌ റിസോര്‍ട്ടുകളാക്കി മാറ്റിയിരിക്കുന്നു. സമീപത്തായി ഒരു കാര്‍ഷികകോളേജുമുണ്ട്‌.
സമുദ്രനിരപ്പില്‍നിന്നും മൂവായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വാഗമണില്‍ പൊതുവെ നല്ല തണുപ്പുള്ള കാലാവസ്ഥയാണ്‌. വേനല്‍ക്കാലത്ത്‌ പകല്‍ച്ചൂട്‌ പത്തുമുതല്‍ ഇരുപത്തിമൂന്ന്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെ ആകാറുണ്ട്‌. യൂറോപ്പിലെ സ്വിറ്റ്‌സര്‍ലന്റിലെപ്പോലെ സുഖകരമായ കാലാവസ്ഥ ആയതിനാല്‍ വാഗമണിനെ കേരളത്തിലെ സ്വിറ്റ്‌സര്‍ലാന്‍ട് ന്നുവിളിക്കുന്നു. നാഷണല്‍ ജ്യോഗ്രഫിക്‌ ട്രാവലര്‍ ലോകസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പത്ത്‌ വിനോദകേന്ദ്രങ്ങളിലൊന്നാണ്‌ വാഗമണ്‍. അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ കോട്ടയം; വിമാനത്താവളം നെടുമ്പാശ്ശേരി.

No comments:

Post a Comment