കാടിന്‍റെ കുളിരും കാട്ടാറിന്‍റെ മര്‍മ്മരവും കാട്ടുവെള്ളച്ചാട്ടത്തിന്‍റെ സൗന്ദര്യവും തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലുള്ള തുഷാരഗിരി. നഗരത്തില്‍നിന്നും അമ്പതുകിലോമീറ്റര്‍ അകലെ വയനാടുജില്ലയിലെ വൈത്തിരിക്ക് സമീപത്താണ് ഈ കാനനസുന്ദരി. പശ്ചിമഘട്ടത്തില്‍നിന്നും ഉത്ഭവിക്കുന്ന രണ്ടരുവികള്‍ ഒത്തുചേര്‍ന്ന് ചാലിപ്പുഴ ജന്മമെടുക്കുന്നു. പിന്നീട് ചാലിപ്പുഴ മൂന്നായി പിരിഞ്ഞ് മനോഹരങ്ങളായ മൂന്നുവെള്ളച്ചാട്ടങ്ങളാവുന്നു. ഇവ തുഷാരഗിരി എന്ന പേരില്‍ പൊതുവെ അറിയപ്പെടുന്നു.
തുഷാരഗിരി എന്ന പേരിന് മഞ്ഞണിഞ്ഞ മലകള്‍ എന്നര്‍ത്ഥം. ജീരകപ്പാറ നിത്യഹരിത വനമേഖലയിലെ പുഴകളും കാനനച്ചോലകളും നാലുവെള്ളച്ചാട്ടങ്ങളും ചേര്‍ന്നതാണ് തുഷാരഗിരിയിലെ പ്രധാന കാഴ്‌ചകള്‍.
രണ്ട് കൈവഴികളായി വന്ന്, ഒന്നിച്ചുചേര്‍ന്ന്, ചാലിപ്പുഴ എന്നപേരില്‍ ഈ കാട്ടരുവി താഴ്‌വരയിലേക്കൊഴുകുന്നു.
പ്രവേശനകവാടം കടന്ന്, തൂക്കുപാലത്തിലൂടെ ചെറിയൊരുകാട്ടരുവിയും കടന്നു വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത്
ഈരാറ്റുമുക്ക് വെള്ളച്ചാട്ടം.
ഇവിടെനിന്നും അഞ്ഞൂറുമീറ്റര്‍ ദൂരമേയുള്ളു മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക്.
ഉയരത്തില്‍നിന്നും പാറകളില്‍ പതിച്ച്, ചുറ്റും ചിതറുന്ന വെള്ളത്തില്‍ സൂര്യപ്രകാശമേറ്റ് മഴവില്ലു വിരിയുന്നതുകൊണ്ടാണ് ഇതിന് മഴവില്‍വെള്ളച്ചാട്ടം എന്നു പേരുണ്ടായത്. വള്ളിപ്പടര്‍പ്പുകളും കാട്ടുചോലകളും താണ്ടി അരികിലെത്താന്‍ ഇത്തിരി പ്രയാസമാണ്.
മൂന്നാമത്തേത് തുമ്പിതുള്ളമ്പാറ വെള്ളച്ചാട്ടം. ഒരുകിലോമീറ്ററോളം കുത്തനെയുള്ള കയറ്റം കയറേണ്ടതുണ്ട് അരികിലെത്താന്‍. ഇവിടെ തുമ്പികള്‍ കൂട്ടമായി കാണപ്പെടുന്നു. തുഷാരഗിരി വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരമേറിയതാണ് തേന്‍പാറ വെള്ളച്ചാട്ടം. എഴുപത്തഞ്ചുമീറ്റര്‍ ഉയരത്തില്‍നിന്നാണിത് താഴേക്ക് പതിക്കുന്നത്. ഇക്കോടൂറിസം സെന്ററില്‍നിന്നും ഏകദേശം നാലുകിലോമീറ്ററോളം അകലെ, നിബിഡവനത്തിനുള്ളില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറയാണ് തേന്‍പാറ. എല്ലാവര്‍ക്കും അങ്ങറ്റംവരെ ചെന്നെത്തുക പ്രയാസം. തുഷാരഗിരിയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് ട്രെക്കിംഗ് നടത്തുന്നത് സാഹസപ്രിയരായ സഞ്ചാരികളുടെ ഇഷ്‌ടവിനോദമാണ്.
തുഷാരഗിരിയിലെ കൗതുകക്കാഴ്‌ചകളിലൊന്നാണ് ഇവിടത്തെ കമാനാകൃതിയിലുള്ള പാലം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ആര്‍ച്ച് മോഡല്‍ പാലമാണിത്.
അല്‍പമകലെയായി, ഇരുമ്പുവേലിക്കുള്ളില്‍ നില്‍പാണ് നൂറ്റിയിരുപതുവയസ്സുള്ള താന്നിമുത്തശ്ശി. ഉള്ളുപൊള്ളയായ മരമുത്തശ്ശിയുടെ ചുവട്ടില്‍ അഞ്ചാറാളുകള്‍ക്ക് കയറിനില്‍ക്കാന്‍ പറ്റിയ വലിയൊരു പൊത്തുണ്ട്.
പൊത്തിലൂടെ നേരേമുകളിലേക്ക് നോക്കിയാല്‍ ആകാശം കാണാം. ആകാശത്തേക്ക് തലനീട്ടിനില്‍ക്കുന്ന വന്‍വൃക്ഷങ്ങള്‍, അവയുടെ ശിഖരങ്ങളില്‍നിന്നും മുടിയിഴകള്‍പോലെ ഭൂമിയിലേക്ക് നീണ്ടിറങ്ങിയ കാട്ടുവള്ളികള്‍, വേനലിലും കുളിരുപടര്‍ത്തുന്ന തണല്‍ക്കൂടാരംപോലെ ഇടതൂര്‍ന്ന വൃക്ഷത്തലപ്പുകള്‍, പാറകളെയും മണ്ണിനെയുമൊക്കെ മുറുകെപ്പിടിക്കുന്ന കൂറ്റന്‍വേരുകള്‍, ഇവയെല്ലാമാണ് ഏതു കൊടുംവേനലിലും തുഷാരഗിരിയെ സുഖശീതളമാക്കി നിലനിറുത്തുന്നത്. വെണ്‍തേക്കും ചടച്ചിയും ഞാവലും കാട്ടുകുരുമുളകും നന്നാറിയും ശതാവരിയും ആരോഗ്യപ്പച്ചയും ദന്തപ്പാലയുമൊക്കെ ഉള്‍പ്പെട്ടതാണ് ഇവിടത്തെ വനസമൃദ്ധി. ഉഗ്രവിഷമുള്ള പാമ്പുകള്‍, മലമുഴക്കി വേഴാമ്പല്‍, അപൂര്‍വയിനം പൂമ്പാറ്റകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഇവിടത്തെ ജൈവസമ്പത്ത്.
ഇക്കോ ടൂറിസം മേഖലയാണ് തുഷാരഗിരി. ആകയാല്‍ പ്രകൃതിക്ക് ദോഷം വരുത്തുന്ന യാതൊന്നും പാടില്ല. പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സന്ദര്‍ശനസമയം. സ്വദേശികള്‍ക്ക് മുപ്പതുരൂപയും വിദേശികള്‍ക്ക് അമ്പതുരൂപയും കുട്ടികള്‍ക്ക് പതിനഞ്ചുരൂപയുമാണ് പ്രവേശനഫീസ്. പെരുമഴക്കാലത്ത് സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.
വൈത്തിരിയിലേക്കുള്ള മലകയറ്റം (ട്രെക്കിംഗ്) തുടങ്ങുന്നത് രണ്ടാമത്തെ വെള്ളച്ചാട്ടത്തിനരികില്‍നിന്നാണ്.
സുന്ദരമായ വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച മലയോരങ്ങളും കണ്ടുകണ്ട്, കൊച്ചരുവികള്‍ക്കു കുറുകെ നിര്‍മ്മിച്ച മരപ്പാലങ്ങള്‍ താണ്ടി വയനാട്ടിലേക്കൊരു മലനടത്തം കൊതിക്കുന്ന ആര്‍ക്കും ഈ മലമ്പാതയിലൂടെ നടക്കാം. അതിരാവിലേ ട്രെക്കിംഗ് ആരംഭിച്ചാല്‍ സന്ധ്യയോടെ വൈത്തിരിയില്‍ എത്തിച്ചേരാം. മണ്‍സൂണ്‍ ടൂറിസം സീസണില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ്, കയാക്കിംഗ് മത്സരങ്ങളില്‍ വിദേശികളടക്കം നിരവധി സഞ്ചാരികള്‍ പങ്കെടുക്കാറുണ്ട്.
മലയാളക്കരയില്‍ മറയൂര്‍ ശര്‍ക്കരയെപ്പറ്റി കേട്ടിട്ടില്ലാത്ത മധുരപ്രിയരുണ്ടാവില്ല, അത്രയ്‌ക്ക് ഗുണമേന്മയാണ് ഇവിടെ പരമ്പരാഗതരീതിയില്‍ നിര്‍മ്മിക്കുന്ന ശര്‍ക്കരയ്‌ക്ക്. യാത്രാസംഘത്തില്‍ പലര്‍ക്കും മറയൂര്‍ ശര്‍ക്കര വാങ്ങണം, കുട്ടികള്‍ക്കാണെങ്കില്‍ ശുദ്ധമായ കരിമ്പിന്‍നീര് കുടിക്കണമെന്ന് നിര്‍ബന്ധവും. അങ്ങനെയാണ് ഒരു ശര്‍ക്കരനിര്‍മ്മാണ യൂണിറ്റ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. കരിമ്പുവയലുകള്‍ക്കരികില്‍, വഴിയോരത്തുള്ള ഓലമേഞ്ഞ ചെറുകുടിലുകളിലാണ് ശര്‍ക്കരനിര്‍മ്മാണം.
അടുത്തടുത്തായി അത്തരം നിരവധി കുടിലുകള്‍ കണ്ടു. വഴിസൗകര്യമുള്ള ഒരു യൂണിറ്റിലേക്ക് കയറിച്ചെന്നപ്പോള്‍ കണ്ടത് കരിമ്പിന്‍നീരെടുക്കന്ന യന്ത്രവും അതിനടുത്ത് ഡ്രമ്മില്‍ നിറച്ചുവച്ചിരിക്കുന്ന കരിമ്പിന്‍നീരും. അകത്തേക്ക് കയറിയപ്പോള്‍ കുമുകുമാ ആവിപറക്കുന്നു, ഒപ്പം ശര്‍ക്കരയുടെ കലിപ്പുമണവും. കുടിലിന്റെ പകുതിയോളം നിറഞ്ഞിരിക്കുന്ന വലിയൊരടുപ്പില്‍ അതിനെക്കാള്‍ വലിയൊരു പാത്രത്തില്‍ പാകമായിവരുന്ന ശര്‍ക്കര. അതിനടുത്തായി വലിയൊരു പാത്രത്തില്‍ ഉരുട്ടിയ ശര്‍ക്കര.
ശര്‍ക്കരയുണ്ടാക്കുന്ന വിധം തമിഴും മലയാളവും കലര്‍ന്ന സംസാരഭാഷയില്‍ കാമാക്ഷിയമ്മ എന്നുപേരായ തൊഴിലാളി വിശദീകരിക്കാന്‍തുടങ്ങി.
കരിമ്പ് വെട്ടിയെടുത്ത് യന്ത്രത്തില്‍വച്ച് ചതച്ച് നീരെടുക്കുന്നു. ഈ നീര് വലിയ ഡ്രമ്മില്‍ പകര്‍ന്നുവയ്‌ക്കുന്നു. തെളിഞ്ഞനീര് ശര്‍ക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്ക് മാറ്റുന്നു. ആയിരം ലിറ്റര്‍ നീര് തിളപ്പിക്കാനുള്ള വലിയ പാത്രത്തിന് കൊപ്ര എന്നാണ് പേര്. നീരെടുത്തശേഷം ഉണക്കിയെടുക്കുന്ന ചണ്ടിയാണ് അടുപ്പുകത്തിക്കാനുപയോഗിക്കുന്നത്. നീര് ചൂടായിവരുമ്പോള്‍ കുറച്ച് കുമ്മായം ചേര്‍ക്കുന്നു. മുകളില്‍ തെളിഞ്ഞുവരുന്ന അഴുക്ക് കോരിക്കളയുന്നു, ജലാംശം മുഴുവന്‍ വറ്റിക്കഴിയുമ്പോള്‍ കപ്പിയുടെ സഹായത്തോടെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നു. ചൂടാറുമ്പോള്‍ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു.
ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ ഓരോരുത്തരും നാലും അഞ്ചും കിലോ ശര്‍ക്കര വാങ്ങി. സ്വന്തം ആവശ്യത്തിനുമാത്രമല്ല, ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും സമ്മാനിക്കാനും. പാത്രത്തിലെ ശര്‍ക്കര മുഴുവന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു. എന്നിട്ടും ആവശ്യക്കാര്‍ ബാക്കി. ഇനിവരുമ്പോള്‍ വാങ്ങാമെന്ന് ജെ.പിയുടെ ഉറപ്പ്.
ഇതിനിടയില്‍ കുട്ടികള്‍ പുറത്തിറങ്ങി കരിമ്പിന്‍നീരിനായി തിടുക്കംകൂട്ടി. ഡ്രമ്മില്‍ നിറച്ചുവച്ചിരുന്ന നീര് തൊഴിലാളികളിലൊരാള്‍ കോപ്പകളില്‍ പകര്‍ന്ന് ആവശ്യക്കാര്‍ക്ക് കൊടുത്തു. വിലകുറവാണെങ്കിലും മധുരം കൂടുതലാണല്ലൊ എന്ന് ചിലരുടെ കമന്റ്. കുടുംബം പോറ്റാന്‍വേണ്ടി കഷ്‌ടപ്പെടുന്ന പാവപ്പെട്ട തൊഴിലാളികളുടെ വിയര്‍പ്പാണ് കരിമ്പില്‍ മധുരമായി നിറയുന്നതെന്ന് ഞാനും.
രാസവസ്‌തുക്കളുപയോഗിച്ച് ബ്ലീച്ച് ചെയ്യാത്തതിനാല്‍ ഇരുണ്ട തവിട്ടുനിറമാണ് മറയൂര്‍ ശര്‍ക്കരയ്‌ക്ക്. കൈകൊണ്ട് ഉരുട്ടിയെടുക്കുന്നതിനാല്‍ കൈപ്പാടുകളും തെളിഞ്ഞുകാണാം. മറ്റ് ശര്‍ക്കരകളെക്കാള്‍ ഇരുമ്പിന്‍റെയും കാല്‍സ്യത്തിന്‍റെയും അളവ് കൂടുതലും ഉപ്പിന്‍റെ അംശം കുറവും മധുരം കൂടുതലുമാണ് മറയൂര്‍ ശര്‍ക്കരയ്‌ക്ക്. നിറം കൂടുതലായതിനാല്‍ ഹല്‍വയുണ്ടാക്കുന്നവര്‍ക്കുംസപ്രിയം മറയൂര്‍ശര്‍ക്കരയോടാണ്.
കേരളത്തില്‍, ഭൗമസൂചിക പദവി ലഭിക്കുന്ന ഇരുപത്തിനാലാമത് ഉല്‌പന്നമാണ് മറയൂര്‍ ശര്‍ക്കര. പ്രത്യേകപ്രദേശത്ത് പരമ്പരാഗതരീതിയില്‍ ഉല്‌പാദിപ്പിക്കുമ്പോള്‍ മാത്രം തനതായ രുചിയും ഗുണവിശേഷങ്ങളും കൈവരുന്ന ഉല്‌പന്നങ്ങള്‍ക്കാണ് ഭൗമസൂചിക (ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് - ജി.ഐ) പദവി നല്‍കുന്നത്.
ഇടുക്കിജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളില്‍ പരമ്പരാഗതരീതിയില്‍ ശര്‍ക്കര ഉല്‌പാദിപ്പിക്കുന്ന തൊള്ളായിരത്തോളം കര്‍ഷകരുണ്ട്. ഈ പ്രദേശങ്ങളില്‍ വര്‍ഷംമുഴുവന്‍ കരിമ്പ് കൃഷിചെയ്യുന്നതിനാല്‍ എല്ലാസമയത്തും ഇവിടെ ശര്‍ക്കര ലഭ്യമാണ്. ഒരുപക്ഷേ ഈ ഗ്രാമീണരുടെ നിഷ്‌കളങ്കതയാവാം വര്‍ഷംമുഴുവന്‍ ഇവിടെ കരിമ്പിന്‍പൂക്കളായി വിരിയുന്നത്.
ഒരിക്കല്‍ കരിമ്പിന്‍തൈ നട്ടാല്‍ നാലഞ്ചുവര്‍ഷത്തേക്ക് പുതിയ തൈ നടേണ്ടതില്ല. വിളഞ്ഞ കരിമ്പ് വെട്ടിക്കഴിഞ്ഞാല്‍ വയലില്‍ തീയിടും. പിന്നെ ഒരാഴ്‌ചയോളം വെള്ളം കെട്ടിനിറുത്തും. അപ്പോഴേക്കും കത്തിയ കരിമ്പിന്‍കുറ്റികള്‍ തളിര്‍ക്കാന്‍തുടങ്ങും.
(സീറോപോയിന്റ് എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്)
മഹാരാജ രഞ്‌ജിത് സിംഗിന്‍റെ കൊട്ടാരത്തിലുണ്ടായിരുന്ന സര്‍ദാര്‍ ഹിമ്മത് സിംഗ് ജല്ലേ വലിയ എന്ന പ്രഭുവിന്‍റെ കുടുംബവകയായിരുന്നു ജാലിയന്‍വാലാബാഗ്. ഹിമ്മത് സിംഗും കുടുംബവും ജല്ല എന്ന ഗ്രാമത്തില്‍നിന്ന് വന്നവരായതുകൊണ്ട് `ജല്ലേവാലേ' എന്നാണ് അറിയപ്പെട്ടിരുന്നത്. അവരുടെ ഉദ്യാനം `ജാലിയന്‍വാലാബാഗ്' എന്നും അറിയപ്പെട്ടു. ജല്ല കുടുംബം ജലന്ധറിലേക്ക് മാറിയതോടെ ജാലിയന്‍വാലാബാഗ് അനാഥമായി. താറുമാറായിക്കിടന്ന ഉദ്യാനത്തിന്‍റെ സിംഹഭാഗവും ഡംപിംഗ് ഗ്രൗണ്ടായി മാറി.
1919 ഏപ്രില്‍ 13ന്, സിക്കുകാര്‍ ഖല്‍സയുടെ സ്ഥാപകദിനമായി ആഘോഷിക്കുന്ന പരിപാവനമായ വൈശാഖി ദിനത്തില്‍, ജാലിയന്‍വാലാ ബാഗില്‍ സമാധാനപരമായി ഒത്തുചേര്‍ന്ന വന്‍ ജനാവലിക്കുനേരേ ബ്രിട്ടീഷ്‌സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ റജിനാള്‍ഡ് എഡ്വേര്‍ഡ് ഹാരി ഡയര്‍ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടു. മതിലുകളാല്‍ ചുറ്റപ്പെട്ടതും നിരപ്പില്ലാത്തതുമായ മൈതാനത്തില്‍നിന്നു പുറത്തുകടക്കാനാവാതെ തിക്കിലും തിരക്കിലും പെട്ടും വെടിയേറ്റും മുന്നൂറോളം ആളുകള്‍ അവിടെ മരിച്ചുവീണു. മനുഷ്യത്വരഹിതമായ ഈ നരനായാട്ടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി അറിയപ്പെടുന്ന `ജാലിയന്‍വാലാബാഗ് കൂട്ടക്കൊല'. സംഭവത്തിന് സാക്ഷിയായ ജല്ലയുടെ ഉദ്യാനം ഇന്നൊരു ചരിത്രസ്‌മാരകമാണ്.
സ്‌മാരകത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ കറുത്തപ്രതലത്തില്‍ സ്വര്‍ണ്ണനിറത്തിലുളള അക്ഷരങ്ങള്‍കൊണ്ട് "Jallianwala Bag" എന്ന് ആലേഖനം ചെയ്‌തിരിക്കുന്നു.
അകത്തേക്ക് കയറിയാല്‍ ആദ്യം കാണുന്നത് ചരിത്രമ്യൂസിയമാണ്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, ലഘുവിവരണങ്ങള്‍ എന്നിവ ദിനക്രമത്തില്‍ ചിട്ടയോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിന്‍റെ മുകളിലത്തെ ഹാളില്‍ പ്രസ്‌തുതസംഭവത്തെ ആധാരമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട്‌ഫിലിമിന്‍റെ പ്രദര്‍ശനമുണ്ട്. കണ്ടിറങ്ങുന്നത് മനോഹരമായ ഉദ്യാനത്തിലേക്കാണ്.
വെടിവയ്‌പ്പില്‍ മരിച്ചവരുടെ ഓര്‍മ്മയ്‌ക്കായി ഒരിക്കലുമണയാത്ത ദീപം - അമര്‍ജ്യോതി.
നടപ്പാതയിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ ശേഷക്കാഴ്‌ചകളോരോന്നായി നിരന്നുകാണാം. വെടിയുണ്ട തുളച്ചുകയറിയ മുറിവുകളുമായി നില്‍ക്കുന്ന ചെങ്കല്‍ച്ചുവരുകള്‍, ഉദ്യാനമതിലുകള്‍, കൂറ്റന്‍ ആല്‍മരം, വിരണ്ടോടിയവര്‍ വീണുമരിച്ച കിണര്‍ (Martyer's Well),
സംഭവം ചിത്രീകരിക്കുന്ന പെയിന്റിംഗുകള്‍, കേണല്‍ഡയറിന്‍റെ ചിത്രം തുടങ്ങി ആ ചരിത്രസംഭവത്തെ അനുസ്‌മരിപ്പിക്കുന്ന നിരവധി ദൃശ്യങ്ങള്‍. എല്ലാം കണ്ടിട്ട് പുറത്തേയ്‌ക്കിറങ്ങുന്നത് പട്ടാളക്കാര്‍ നിന്ന് വെടിയുതിര്‍ത്ത ഇടുങ്ങിയ ഇടനാഴിയിലൂടെ.
ഒന്നാം ലോകമഹായുകാലം മുതല്‍ക്കേ (1914-18) പലപല കാരണങ്ങളാല്‍ പഞ്ചാബില്‍, പ്രത്യേകിച്ചും സിക്കുകാര്‍ക്കിടയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധം നിലനിന്നിരുന്നു. ന്യൂഡല്‍ഹിയിലെ ഗുരുദ്വാരയുടെ ചുറ്റുമതില്‍ പൊളിച്ചതു മുതല്‍ ഉടലെടുത്ത അമര്‍ഷവും പ്രതിഷേധവും നാള്‍ക്കുനാള്‍ വളരുകയായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരപരിപാടികളും ആനിബസന്റിന്‍റെ നേതൃത്വത്തിലുള്ള ഹോംറൂള്‍ പ്രസ്ഥാനവും പൂര്‍വാധികം ശക്തിയാര്‍ജ്ജിച്ച് മുന്നേറുന്ന കാലം. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് രണ്ട് സിക്ക് നേതാക്കന്മാരെ അറസ്റ്റ് ചെയ്‌തു നാടുകടത്തിയ ഡെപ്യൂട്ടികമ്മിഷണറുടെ നടപടിയ്‌ക്കെതിരെ ഏപ്രില്‍ പത്തിന് അദ്ദേഹത്തിന്‍റെ ആഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത അമ്പതിനായിരത്തോളംവരുന്ന ജനക്കൂട്ടത്തെ തടഞ്ഞുനിറുത്തി വെടിവയ്‌ക്കുകയും മുപ്പതോളം പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. അതിന്‍റെ തുടര്‍ച്ചയായിരുന്നു ജാലിയന്‍വാലാബാഗ് കൂട്ടക്കൊല.
ഇതേപോലെ എത്രയെത്ര നിരപരാധികളുടെ ജീവന്‍ ബലികൊടുത്ത് നേടിയെടുത്തതാണ് ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യം! ജനങ്ങളില്‍ മതവൈരം വളര്‍ത്തി, മതത്തിന്‍റെ പേരില്‍ നാടിനെ വെട്ടിമുറിച്ച്, മനുഷ്യബന്ധങ്ങളെ തകര്‍ത്തെറിഞ്ഞ് നേടിയെടുത്തത് സ്വാതന്ത്ര്യമോ അധികാരക്കൈമാറ്റമോ? സ്വാതന്ത്ര്യം തന്നെ - കോര്‍പ്പറേറ്റുകള്‍ക്കും അഴിമതിവീരന്മാര്‍ക്കും നാടിന്റെ മുതല്‍ കട്ടുമുടിക്കാനുള്ള സ്വാതന്ത്ര്യം! മാഫിയകള്‍ക്കും ബലാല്‍സംഗക്കാര്‍ക്കും തിമിര്‍ത്താടാനുള്ള സ്വാതന്ത്ര്യം! ഇതാണോ ഇന്ത്യന്‍ജനത സ്വപ്‌നംകണ്ട സ്വാതന്ത്ര്യം? യഥാര്‍ത്ഥസ്വാതന്ത്ര്യത്തിനുവേണ്ടി നിസ്വാര്‍ത്ഥഹൃദയത്തോടെ പൊരുതി മരിച്ചവരും കൊല്ലപ്പെട്ടവരുമായ രക്തസാക്ഷികളുടെ ആത്മാക്കള്‍ സ്വതന്ത്രഇന്ത്യയുടെ സാരഥികളോട് പൊറുക്കട്ടെ. ഗാന്ധിജി മുതല്‍ അംബേദ്‌ക്കര്‍ വരെയുളളവര്‍ വീണ്ടും ജനിക്കട്ടെ.
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലായി വ്യാപിച്ചുകിടക്കുന്ന മലയോര വിനോദസഞ്ചാരകേന്ദ്രമാണ് വാഗമണ്‍. ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത് മേഘങ്ങളെ തൊട്ടുരുമ്മിനില്‍ക്കുന്ന മലകളും. കിഴുക്കാംതൂക്കായ മലയരികുകളും പാറക്കെട്ടുകളും വെട്ടിയരിഞ്ഞു നിര്‍മ്മിച്ച വീതികുറഞ്ഞ, കാനനപാതയിലൂടെയാണ് യാത്ര.
കൊടുംവളവുകള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. പലപ്പോഴും പേടികൊണ്ട് വീര്‍പ്പടക്കിയിരുന്നുപോവും. എന്നാലും ഒരു സാഹസയാത്രയുടെ ആവേശം എല്ലാ മുഖങ്ങളിലും തുള്ളിത്തുളുമ്പിനില്‍ക്കും.
കോട്ടയം - കുമളി റോഡിലൂടെ കുട്ടിക്കാനം ഏലപ്പാറവഴി വേഗം വാഗമണിലെത്താം. പ്രകൃതിഭംഗിയും മലമ്പാതയുടെ ഭീകരാവസ്ഥയും പരമാവധി ആസ്വദിക്കണമെന്ന് കരുതിക്കൂട്ടി പുറപ്പെടുന്ന സാഹസപ്രിയര്‍ ഈരാറ്റുപേട്ട - തീക്കോയ് വഴി പോകുന്നതാണ് നന്ന്. ഈരാറ്റുപേട്ടയില്‍നിന്ന് ഇരുപത്തിയെട്ട് കിലോമീറ്റര്‍ കിഴക്കാണ് കാനനസുന്ദരിയായ വാഗമണ്‍.
മലഞ്ചരുവുകളില്‍ പച്ചപ്പട്ടുവിരിച്ചതുപോലെ പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മൊട്ടക്കുന്നുകള്‍, പൈന്‍മരക്കാടുകള്‍ തുടങ്ങി പ്രകൃതിസ്‌നേഹികളുടെ മനംകവരുന്ന കാഴ്‌ചകളാണെങ്ങും. തങ്ങള്‍മല, മുരുകന്‍മല, കുരിശുമല എന്നീ മൂന്ന് മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വാഗമണ്‍ ട്രെക്കിംഗിനും പാരഗ്ലൈഡിംഗിനും അനുയോജ്യമായ ഹില്‍സ്റ്റേഷനാണ്.
തങ്ങള്‍മല മുസ്ലീങ്ങളുടെയും മുരുകന്‍മല ഹിന്ദുക്കളുടെയും കുരിശുമല ക്രിസ്‌ത്യാനികളുടെയും തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. മതമൈത്രിയുടെ ഉദാത്തമായ മാതൃക! പക്ഷെ, മുതിര്‍ന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ മലകയറ്റം വളരെ ക്ലേശകരമായ ഒരു സാഹസം തന്നെയാണെന്ന് പറയാതെവയ്യ.
പ്രശസ്‌ത വാസ്‌തുശില്‍പിയായിരുന്ന ലോറിബേക്കര്‍ 1968-ല്‍
പണിതിര്‍ത്ത ചെലവുകുറഞ്ഞതും കാലാവസ്ഥയ്‌ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായതുമായ ഒരു ദേവാലയമുണ്ട് കുരിശുമലയില്‍. ബലക്ഷയം സംഭവിച്ചതിനാല്‍ അടുത്തകാലത്ത് ഈ ദേവാലയം പൊളിച്ച് അതേ മാതൃകയില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.
വാഗമണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിശ്രമസ്ഥാനമാണ് ഇവിടത്തെ പൈന്‍മരക്കാടുകള്‍. നിരനിരയായി മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന പൈന്‍മരങ്ങള്‍ക്ക് എന്തൊരു ഗാംഭീര്യം! ഇരുപതുവര്‍ഷം പ്രായമെത്തിയാല്‍ ഈ പൈന്‍മരങ്ങള്‍ വെട്ടിമാറ്റും. ഇങ്ങനെ വെട്ടിമാറ്റുന്ന പൈന്‍മരങ്ങളുടെ പള്‍പ്പ് ഉപയോഗിച്ചാണ് കറന്‍സി അച്ചടിക്കാനുള്ള പേപ്പര്‍ നിര്‍മ്മിക്കുന്നത്.
ഒരുകാലത്ത്, വാഗമണിന്‍റെ പ്രശസ്‌തിക്ക് കാരണമായിത്തീര്‍ന്ന ഇന്‍ഡോ-സ്വിസ്സ് പ്രോജക്‌ട് (കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം) പൈന്‍മരക്കാടുകള്‍ക്കടുത്താണ് സ്ഥിതിചെയ്‌തിരുന്നത്. ഇപ്പോള്‍ ആ കെട്ടിടങ്ങള്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകളാക്കി മാറ്റിയിരിക്കുന്നു. സമീപത്തായി ഒരു കാര്‍ഷികകോളേജുമുണ്ട്.
സമുദ്രനിരപ്പില്‍നിന്നും മൂവായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വാഗമണില്‍ പൊതുവെ നല്ല തണുപ്പുള്ള കാലാവസ്ഥയാണ്. വേനല്‍ക്കാലത്ത് പകല്‍ച്ചൂട് പത്തുമുതല്‍ ഇരുപത്തിമൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ആകാറുണ്ട്. യൂറോപ്പിലെ സ്വിറ്റ്‌സര്‍ലന്റിലെപ്പോലെ സുഖകരമായ കാലാവസ്ഥ ആയതിനാല്‍ വാഗമണിനെ കേരളത്തിലെ സ്വിറ്റ്‌സര്‍ലാന്‍ട് ന്നുവിളിക്കുന്നു. നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ലോകസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പത്ത് വിനോദകേന്ദ്രങ്ങളിലൊന്നാണ് വാഗമണ്‍. അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ കോട്ടയം; വിമാനത്താവളം നെടുമ്പാശ്ശേരി.
പ്രകൃതി നമുക്കായി കാത്തുവച്ചിരിക്കുന്ന ദൃശ്യവിസ്‌മയമാണ് ഇടുക്കി ജില്ലയിലെ പരുന്തുംപാറ. പച്ചപ്പട്ടണിഞ്ഞ മലകളും മൊട്ടക്കുന്നുകളും ആര്‍ത്തിരമ്പിയെത്തുന്ന തണുത്തകാറ്റും ആഴമറിയാത്ത കൊക്കകളും പരുന്തുംപാറയെ വ്യത്യസ്‌തസുന്ദരമാക്കുന്നു. വേനല്‍ക്കാലത്തുപോലും നല്ല തണുപ്പാണിവിടെ. നൂല്‍മഴയും കോടമഞ്ഞും പിന്നെ വെയിലും എന്നിങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ മാറിമാറിവരുന്ന പ്രകൃതിവിലാസങ്ങള്‍ ആരെയും അതിശയിപ്പിക്കും.
വിശാലമായ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെനിന്ന് നോക്കുമ്പോള്‍ നാലുപാടും വളരെദൂരത്തോളമുള്ള മലനിരകള്‍ കാണാന്‍ കഴിയും.
ഇടയ്‌ക്കിടെ മഞ്ഞുവന്നുമൂടി മലനിരകളെ കണ്ണില്‍നിന്ന് മറയ്‌ക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ കാറ്റുവന്ന് മഞ്ഞിനെ പറത്തിക്കൊണ്ടുപോവുകയും മലനിരകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. മഞ്ഞും കാറ്റും തമ്മിലുള്ള ഈ കളി കണ്ടുനില്‍ക്കുക വളരെ വിശേഷപ്പെട്ട ഒരനുഭവമാണ്, കേരളത്തില്‍ മറ്റെങ്ങും കിട്ടാത്ത അനുഭവം. തെളിഞ്ഞ ആകാശമാണെങ്കില്‍ അങ്ങുദൂരെ, പുണ്യമലയായ ശബരിമല കാണാം. മകരവിളക്കുദിവസം മകരജ്യോതി ദര്‍ശിക്കാന്‍ ധാരാളം അയ്യപ്പഭക്തന്മാര്‍ ഇവിടെയെത്താറുണ്ടെന്നത് പരുന്തുംപാറയുടെ മറ്റൊരു സവിശേഷതയാണ്.
ഒരു വലിയ പരുന്ത് പറക്കാനൊരുങ്ങി നില്‍ക്കുന്നതുപോലെ തോന്നിക്കുന്ന വലിയൊരു പാറക്കൂട്ടമുണ്ടിവിടെ. അതാണ് പരുന്തുംപാറ എന്ന് പേരുവരാന്‍ കാരണം.
അത്ഭുതമെന്ന് പറയട്ടെ, ഇവിടത്തെ മറ്റൊരു പാറക്കെട്ടിന് മഹാകവി രവീന്ദ്രനാഥടാഗോറിന്റെ ശിരസിനോട് സാദൃശ്യമുണ്ട്. ആകയാല്‍ ആ പാറയെ ടാഗോര്‍ പാറ എന്ന് വിളിക്കുന്നു.
തേയിലത്തോട്ടങ്ങളുടെ പച്ചപ്പും പച്ചപ്പിനുനടുവിലെ പാറക്കൂട്ടങ്ങളും ചേര്‍ന്ന പരുന്തുംപാറ സിനിമ ചിത്രീകരിക്കാന്‍ പറ്റിയ ലൊക്കേഷനാണ്. ഭ്രമരം എന്ന സിനിമയിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്.