Wednesday, 28 June 2017

മറയൂരിലെ മുനിയറകള്‍


നമ്മുടെ കൊച്ചുകേരളത്തിനും മഹാശിലായുഗത്തോളം നീണ്ട മനുഷ്യസംസ്കൃതിയുടെ കഥ പറയാനുണ്ട്. എവിടെനിന്നോ ഓടിക്കിതച്ചെത്തിയ കാറ്റ് തൊട്ടുവിളിച്ചത് 
ആ കഥ പറയാനാണോ!
മലമുകളില്‍ നിന്ന് ചുറ്റാകെ കണ്ണോടിച്ചു. 

ഒരുവശത്ത് കാന്തല്ലൂര്‍ മലനിരകള്‍ കോട്ടപോലെ നിലകൊള്ളുന്നു. 
മറുവശത്ത് കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ 
ആനമുടിയും. വേറൊരുവശത്ത് ചിന്നാര്‍ വന്യജീവിസങ്കേതത്തിന്‍റെ 
ഭാഗമായ മലനിരകള്‍. താഴെ കുറച്ചകലെയായി പാറവിടവിലൂടെ കലപിലകൂട്ടിയൊഴുകുന്ന പാമ്പാര്‍. 

' കേരളത്തില്‍ 44 നദികളുള്ളതില്‍ മൂന്നെണ്ണം മാത്രമാണ് കിഴക്കോട്ടോഴുകുന്നത്... പാമ്പാര്‍, കബനി, ഭവാനി' മറയൂര്‍ഹൈസ്കൂളിനപ്പുറംവിശാലമായ പാറപ്പരപ്പില്‍ പാമ്പാറിനെ നോക്കിനില്‍ക്കെ സ്കൂള്‍ക്ലാസ്സില്‍ പഠിച്ചതോര്‍മ്മവന്നു.
മലകള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന ഊരാണ് മറയൂരായി 
മാറിയതെന്ന് സ്ഥലനാമകഥ.

ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന രണ്ടു മുനിയറകളാണ് ആദ്യം കണ്ണില്‍പ്പെട്ടത്. പാറപ്പുറത്തെ കട്ടികുറഞ്ഞ മണ്ണില്‍ ദര്‍ഭയും പോതപ്പുല്ലും ആളുയരത്തില്‍ വളര്‍ന്ന് മുനിയറകള്‍ക്ക് കാവല്‍നില്‍ക്കുന്നു.

കഷ്ടിച്ച് ഒരാള്‍പ്പൊക്കമുള്ള ഈ കല്ലറകള്‍ക്കുള്ളിലാണ് പണ്ട് പഞ്ചപാണ്ഡവന്മാര്‍ ഒളിച്ചിരുന്നതെന്നാണ് ഗ്രാമീണരുടെ വിശ്വാസം. പാമ്പാറിലെ തെങ്കാശിനാഥന്‍ ക്ഷേത്രം നിര്‍മ്മിച്ചതും
പാണ്ടവരാണത്രെ! ആ ഗുഹാക്ഷേത്രത്തില്‍നിന്നു മധുരക്കും 
പളനിക്കും രഹസ്യവഴിയുണ്ടെന്നും ചിലര്‍ വിശ്വസിക്കുന്നു .
ചുറ്റിനും സൌമ്യസാമീപ്യമായി നില്‍ക്കുന്ന പശ്ചിമഘട്ടമലനിരകളുടെ ചുവടുവരെ വ്യാപിച്ചുകിടക്കുന്ന മറയൂര്‍താഴ്വര ഒരു മഴനിഴല്‍ പ്രദേശമാണ്. ഇടുക്കിജില്ലയിലെ മൂന്നാറില്‍നിന്നും അമ്പതുകിലോമീറ്ററോളം ദൂരത്ത്‌ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന താഴ്വരയില്‍ വിചിത്രമായ കാലാവസ്ഥയാണ്. 

കേരളത്തിന്‍റെ മറ്റുഭാഗങ്ങളില്‍ മഴപെയ്യുമ്പോള്‍ ഇവിടെ അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കുംഇപ്പൊ മഴപെയ്യും എന്ന തോന്നലല്ലാതെ ശെരിക്കും മഴപെയ്യില്ല. മഴയുടെയും സൂര്യപ്രകാശത്തിന്‍റെയും കുറവുകാരണം സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും വളര്‍ച്ച മന്ദഗതിയിലാണ്. മറയൂരില്‍ ചന്ദനമരങ്ങള്‍ തിങ്ങിവളരുന്നതിന്‍റെ 
കാരണം ഈ വിചിത്രമായ കാലാവസ്ഥയാണെന്ന് കരുതപ്പെടുന്നു .



വെയിലിന്‍റെ ചൂടില്‍ വിയര്‍ത്തൊഴുകി 
മലകയറി കുറേച്ചെന്നപ്പോഴാണ് കുറേയേറെ മുനിയറകള്‍ 
കണ്ടത്നാലുവശവും കല്‍പ്പാളികള്‍ കൊണ്ടുമറച്ച് 
മറ്റൊരു കല്ലുകൊണ്ട് മുകള്‍ഭാഗം മൂടിയവ. 
കുറെയെണ്ണം തകര്‍ന്നുകിടക്കുന്നു. 
കേരളത്തിന് ഒരു ശിലായുഗചരിത്രം അവകാശപ്പെടാനില്ലെന്ന 
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിഗമനം (റോബര്‍ട്ട്‌ ബ്രൂസ് 
ഫുഡിന്‍റെ) തെറ്റാണെന്ന് തെളിഞ്ഞത് ഈ കല്ലറകളുടെ കണ്ടുപിടിത്തത്തോടെയാണല്ലോ! 

"
ബി.സി.ആയിരത്തിനും എ.ഡി.ഇരുന്നൂറിനും മദ്ധ്യേ താഴ്വരയില്‍ നിലനിന്ന മനുഷ്യസംസ്കാരത്തിന്‍റെ അവശേഷിപ്പാണ് മുനിയറകളും മറയൂരിലെ ഗുഹാചിത്രങ്ങളും" പുരാവസ്തു ഗെവേഷകനായ ഡോ.എസ്‌.പത്മനാഭന്‍ തമ്പി പറഞ്ഞ കാര്യം വായിച്ചത് ഓര്‍മ്മവന്നു. 
1976-
ല്‍ സംസ്ഥാനപുരാവസ്തുവകുപ്പ് മറയൂര്‍ മുനിയറകളെ 
സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചു . 

മറയൂരിന് അന്‍പതോ അറുപതോ കൊല്ലത്തെ കുടിയേറ്റ ചരിത്രമേയുള്ളൂ. നൂറ്റാണ്ടുകള്‍ക്കുമുന്പുള്ള ആദിമഗോത്രചരിത്രവും അതിനുമപ്പുറം മഹാശിലായുഗസംസ്കൃതിയും അറിയപ്പെടാതെ കിടക്കുകയായിരുന്നു അടുത്തകാലംവരെ. മറയൂരിലെ മുനിയറകള്‍ ഇവിടെ നിലനിന്ന ശിലായുഗ സംസ്കാരത്തിന്‍റെ അവശേഷിപ്പുകളാണെന്ന  ചരിത്രസത്യം ഇപ്പോള്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ശിലായുഗത്തിന്‍റെ അവസാനഘട്ടമായ മഹാശിലായുഗത്തില്‍ ഇവിടെ ജീവിച്ചിരുന്ന ആളുകള്‍ മരിച്ചവരെ മറവുചെയ്തിരുന്ന കല്ലറകളാണ് മുനിയറകള്‍. 

കേരളത്തിനുപുറമേ, അയര്‍ലണ്ട്, നെതര്‍ലാണ്ട്, ഫ്രാന്‍സ്, റഷ്യസ്പെയിന്‍, ഇറ്റലി, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം ശിലാനിര്‍മ്മിതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഡോള്‍മന്‍ (ശവക്കല്ലറ) എന്നാണ് അവ അറിയപ്പെടുന്നത് .



Friday, 9 June 2017

തുമ്പൂര്‍മൂഴിയിലെ ബട്ടര്‍ഫ്ലൈ പാര്‍ക്കും തൈക്കൂട്ടംകടവ് തൂക്കുപാലവും



                  ആതിരപ്പള്ളി സന്ദര്‍ശിക്കുന്നവര്‍ സമയമുണ്ടെങ്കില്‍ തുംപൂര്‍മൂഴി -ചാലക്കുടി വഴി ഒന്ന് പോയിനോക്കൂ.  



വര്‍ണ്ണച്ചിറക് വീശിപ്പറക്കുന്ന ചിത്രശലഭങ്ങളും പുഞ്ചിരി പൊഴിക്കുന്ന പൂക്കളും കണ്ണിന് വിരുന്നൊരുക്കി കാത്തുനില്‍പ്പുണ്ട്‌ തുംപൂര്‍മൂഴിയിലെ ബട്ടര്‍ഫ്ലൈ പാര്‍ക്കില്‍. 


 പാര്‍ക്കിനപ്പുറം ഒരു തൂക്കുപാലം.


   ചാലക്കുടിപ്പുഴയ്ക്ക് കുറുകെ 141 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയുമുള്ള  തൈക്കൂട്ടം  കടവ്  തൂക്കുപാലം. ഒന്നു കയറിനോക്കൂ.   തൂക്കുപാലമല്ലേ , ചെറിയ ആട്ടമുണ്ടാവും .


പേടി തോന്നുന്നുണ്ടോ?  എങ്കില്‍ താഴേക്ക് നോക്കാതെ നടന്നോളൂ .


തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്ത് കാടുകുറ്റി പഞ്ചായത്തിലെ വൈന്തല, കല്ലൂര്‍ പ്രദേശത്തുനിന്ന്‍ അന്നനാട്, കാടുകുറ്റി പ്രദേശത്തേക്കുള്ള നടപ്പാലമാണിത്. 


പാലത്തിനിപ്പുറം തൃശ്ശൂര്‍ ജില്ലയും അപ്പുറം എറണാകുളം ജില്ലയുമാണ്‌ . കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇലക്ട്രിക്കല്‍ അലൈഡ് ആന്‍ഡ് എഞ്ചിനീയറിംഗ്  കമ്പനിയാണ് ഈ തൂക്കുപാലത്തിന്‍റെ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. 


വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. പാലത്തിലൂടെ ഒരേസമയം മുപ്പതിലധികം പേര്‍ സഞ്ചരിക്കുന്നതും നിരോധിച്ചിട്ടുണ്ട് .