Saturday, 21 January 2017

വെല്‍ക്കം ടു ഡെവിള്‍സ് കോര്‍ണര്‍ (കഥ)



 പെട്ടെന്നാണ് ആകാശംനിറയെ  മഴമേഘങ്ങള്‍ ഓടിക്കൂടിയത്. ഒപ്പം ശക്തിയായ കാറ്റും ഇടിയും മിന്നലും. ഉടന്‍ മഴപെയ്യുമെന്നുറപ്പ്. രാവിലത്തെ തിരക്കിനിടയില്‍ കുടയെടുക്കാന്‍ മറന്നു. അല്ലുവിന്‍റെ റെയിന്‍കോട്ടും എടുത്തില്ല. മഴ നനഞ്ഞാല്‍ അവന് പനിവരും. പിന്നെ ഒരാഴ്ച ലീവായതുതന്നെ. മഴയ്ക്കുമുമ്പ് വീട്ടിലെത്തണം. അശ്വതിക്ക് വെപ്രാളമായി.
വീടിനു കിഴക്കുവശത്തുകൂടി  ഒരിടവഴിയുള്ള കാര്യം അവള്‍ക്ക്  ഓര്‍മ്മവന്നു. അതൊരു കുറുക്കുവഴിയാണ്.  അല്ലുവിന്‍റെ  കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ വേഗം നടന്നു.
ഇടവഴിയിലേക്കുള്ള പ്രവേശനഭാഗത്ത് റെസിഡന്റ്‌സ് അസോസിയേഷന്‍റെ  ഒരു നോട്ടീസ്‌ബോര്‍ഡുണ്ട്. അതിന്‍റെ  കറുത്ത പ്രതലത്തില്‍ മഞ്ഞ പെയിന്റുകൊണ്ട് ഇപ്രകാരം എഴുതിവച്ചിട്ടുണ്ട്:
' സ്വാഗതം
ദേവപുരം റെസിഡന്റ്‌സ് അസോസിയേഷന്‍'
അതിനു താഴെയായി കടുംചായത്തില്‍ ഭംഗിയായി എഴുതിവച്ചിരിക്കുന്ന വാക്കുകള്‍ വായിച്ച് അശ്വതി പൊട്ടിച്ചിരിച്ചു.
' വെല്‍ക്കം ടു ഡെവിള്‍സ് കോര്‍ണര്‍'
അമ്മ ചിരിക്കുന്നതു കണ്ട് അല്ലുവും അതു വായിച്ചു. കുടുകുടെ ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു:
ഡെവിള്‍സ് കോര്‍ണറെന്നുവച്ചാലെന്താമ്മേ?
ഇത് തീരെ വൃത്തിയില്ലാത്ത വഴിയായതുകൊണ്ട് ആരോ പരിഹസിച്ചെഴുതിയതാ മോനേ.
ശരിക്കും ഇവിടെ ഡെവിള്‍സുണ്ടോ  അമ്മേ? അല്ലു ആകാംക്ഷയോടെ ചോദിച്ചു.
ഇടവഴിയുടെ രണ്ടുവശവും വലിയ വീടുകളും അവയെ സംരക്ഷിക്കുന്ന കനത്തുയര്‍ന്ന മതിലുകളുമാണ്. വഴിയരികില്‍ അവിടവിടെയായി ഗാര്‍ഹികാവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മത്സ്യത്തിന്‍റെയും മാംസത്തിന്‍റെയും അവശിഷ്ടങ്ങള്‍ ചികയുന്ന തെരുവുനായ്ക്കളും എച്ചില്‍ കൊത്തിപ്പെറുക്കുന്ന കാക്കകളും. ചീഞ്ഞളിഞ്ഞ മാലിന്യങ്ങളില്‍ പറ്റിക്കൂടിയ ഈച്ചകളും അരിച്ചുനടക്കുന്ന ഉറുമ്പുകളും. വീടുകളില്‍നിന്ന്  ഒഴുക്കിവിടുന്ന മലിനജലവും.  മൂക്കടപ്പിക്കുന്ന ദുര്‍ഗന്ധവും. വഴിയാകെ വഴുക്കലും.
നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്ററും വാര്‍ഡ് കൗണ്‍സിലറും റെസിഡന്‍സ് അസോസിയേഷനും കൂട്ടായി ബോധവല്‍ക്കരണം നടത്തിയിട്ടും മുടുക്കുനിവാസികള്‍ക്ക് യാതൊരു കൂസലുമില്ല. അവര്‍ മതിലുതുരന്ന് തൂമ്പുവച്ച്  മലിനജലം പൂര്‍വ്വാധികം ശക്തിയായി വഴിയിലേക്ക് ഒഴുക്കിവിടുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും പോളിത്തീന്‍ കവറുകളും വഴിയിലാകെ ചിതറിക്കിടക്കുന്നു.  പൊട്ടിച്ചിതറിയ  കുപ്പിച്ചില്ലുകള്‍ പാദരക്ഷകളെ വെല്ലുവിളിച്ചുകൊണ്ട്  കാല്‍നടക്കാരെ ഭീഷണിപ്പെടുത്തുന്നു.
കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ശുചീകരണപ്രക്രിയ മുറതെറ്റാതെ ചെയ്യുന്നുണ്ടെങ്കിലും പരിസരവാസികള്‍ മത്സരിച്ച് മാലിന്യം കൂനകൂട്ടിക്കൊണ്ടേയിരിക്കുന്നു. അത്യാവശ്യക്കാരല്ലാതെ മറ്റാരും അതുവഴി വരാറില്ല. ഏതോ കുസൃതിക്കുട്ടന്‍ നോട്ടീസ്‌ബോര്‍ഡില്‍ എഴുതിവച്ച വാക്കുകള്‍  അര്‍ത്ഥവത്താണെന്ന് അശ്വതിക്കും തോന്നി.
ഈ വഴിയിലൂടെ വന്നത് അബദ്ധമായിപ്പോയി. അല്ലുവിനെ വീഴാതെ കൊണ്ടെത്തിച്ചാല്‍ മതിയായിരുന്നു. അവള്‍ മനസ്സില്‍ പിറുപിറുത്തുകൊണ്ട് അവനെ കുപ്പിച്ചില്ലില്‍ ചവിട്ടാതെയും തെന്നിവീഴാതെയും  കൈപിടിച്ചു നടത്തി.
കുറച്ചുദൂരം നടന്നപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങി.  വഴിയുടെ വളവില്‍ മഴക്കോട്ടു ധരിച്ച പരിഷ്‌കൃതജീവികള്‍ മതിലോരം ചേര്‍ന്ന് പുറംതിരിഞ്ഞുനില്‍ക്കുന്നു.
അയ്യോ..! അമ്മേ ഡെവിള്‍സ്! അല്ലു വിളിച്ചുകൂവി.
അതു ഡെവിള്‍സല്ല മോനേ, മനുഷ്യരാ..
മനുഷ്യര്‍ പുറംതിരിഞ്ഞുനിന്ന് എന്തുചെയ്യുന്നതാമ്മേ?
. അവര്‍ ഒന്നിനു പോകുന്നതാ. മോന്‍ അങ്ങോട്ടു നോക്കണ്ട,
അവള്‍ അല്ലുവിന്‍റെ  കൈയിലെ പിടി മുറുക്കി. നടത്തത്തിന് വേഗത കൂട്ടി. മൂത്രച്ചാലുകളില്‍ ചവിട്ടാതെ ഒരടി മുന്നോട്ടുവയ്ക്കാന്‍ കഴിയുന്നില്ല.
മൂത്രമൊഴിയന്മാരെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് അല്ലു ചോദിച്ചു:
അയ്യേ...! മനുഷ്യരെന്തിനാമ്മേ വഴിയില്‍ ഒന്നിനു പോകുന്നത്?
ഇവിടെയെങ്ങും ടോയിലറ്റില്ലല്ലോ മോനേ. അതുകൊണ്ടാ.
ഈ മൂത്രത്തിലൂടെ നടന്നാ നമുക്കസുഖം വരൂല്ലേയമ്മേ? ടീച്ചര്‍ പറഞ്ഞല്ലൊ മൂത്രത്തില്‍ ധാരാളം രോഗാണുക്കളുണ്ടെന്ന്.
നമ്മുടെ കാലില്‍ ചെരുപ്പുണ്ടല്ലൊ കുട്ടാ.
വഴിയില്‍ തുപ്പരുത്, ഒന്നിനും രണ്ടിനും പോകരുത് എന്നൊക്കെ  ഞങ്ങളുടെ ടീച്ചര്‍ പറഞ്ഞുതന്നല്ലൊ. ഈ മനുഷ്യര്‍ സ്‌കൂളില്‍ പോയിട്ടുണ്ടാവില്ല അല്ലേ അമ്മേ?
ആരുപറഞ്ഞാലും അനുസരിക്കാത്ത ചിലരുണ്ടു മോനേ; മറ്റുള്ളവരെക്കുറിച്ച് വിചാരമില്ലാത്തവര്‍.
അമ്മ പറഞ്ഞതിന്‍റെ  അര്‍ത്ഥം മനസ്സിലാവാതെ അല്ലു സംശയഭാവത്തില്‍ അമ്മയെ നോക്കി.
എങ്ങനെയാണ് ഈ കുട്ടിയെ പറഞ്ഞുമനസ്സിലാക്കിക്കുക? അശ്വതി ആലോചിച്ചു. ഒരുനിമിഷത്തെ ആലോചനയ്ക്കുശേഷം അവള്‍ പറഞ്ഞു:
അവര്‍ സ്‌കൂളില്‍ പഠിച്ചത് മറന്നുപോയിരിക്കും കുട്ടാ. എന്‍റെ   കുട്ടന്‍ ഒരിക്കലുമിങ്ങനെ വഴി വൃത്തികേടാക്കരുതേ.
പിന്നില്‍ ചെറിയൊരനക്കം കേട്ട് അശ്വതി തിരിഞ്ഞുനോക്കി.
ചവറുകൂനയില്‍ മാംസാവശിഷ്ടങ്ങള്‍ ചികഞ്ഞുകൊണ്ടുനിന്ന തെണ്ടിപ്പട്ടി പുറകേവരുന്നു! അവന്‍റെ വിശപ്പു മുറ്റിയ കണ്ണുകളില്‍ തെരുവിലുപേക്ഷിച്ചവരോടുള്ള പക.
വായ്‌ പിളര്‍ന്നടുക്കുന്ന  പട്ടിയെക്കണ്ട്    കുട്ടി പേടിച്ചലറി.  അവന്‍  അടുത്തുകിടന്ന പൊട്ടാത്ത മദ്യക്കുപ്പിയെടുത്ത് അതിന്‍റെ  തലയ്‌ക്കെറിഞ്ഞു. നൊന്തുമുരണ്ടുകൊണ്ട്  പിന്നോക്കംമാറിയ പട്ടി അവനെ നോക്കി കുരച്ചുകൊണ്ട് മുന്നോട്ടുചാടി . അവന്‍ പേടിച്ചലറിക്കൊണ്ട് വീട്ടിലേക്കോടി. പട്ടി പുറകെയോടി.
പിന്നെ കേട്ടത് പട്ടിയുടെ കടിയേറ്റു പിടയുന്ന അവന്‍റെ ഉച്ചത്തിലുള്ള കരച്ചിലായിരുന്നു .

No comments:

Post a Comment