.
ചൂടിന്‍റെ കാഠിന്യംകൊണ്ടു മാത്രമല്ല അയാള്‍ നട്ടുനനച്ചുണ്ടാക്കിയ പൂച്ചെടികള്‍ക്കിടയില്‍ പാതിരാനേരത്തു വന്നിരിക്കുന്നത്; പക്ഷിത്തൂവലുകളുടെ നൈര്‍മ്മല്യവും നിറഭേദങ്ങളും തേടുന്ന സലിംഅലിയും നക്ഷത്രങ്ങളില്‍നിന്നു നക്ഷത്രങ്ങളിലേക്കു സഞ്ചരിക്കന്ന ഗലീലിയോയും അവരുടെ ദൂരക്കാഴ്ചകള്‍ പറഞ്ഞിരിക്കുന്നത് ഇത്തരം പാതിരാകളിലാണ്.
തന്‍റെ മകനും കുടുംബവും ടെറസ്സിനുകീഴില്‍ ഉറക്കംപിടിച്ചുകഴിയുമ്പോഴാവും അയാളുടെ സമയം സജീവമാവുക. ദൂരെദൂരെ നീണ്ടുകിടക്കുന്ന നിശ്ശബ്ദതകളിലേക്കു നോക്കി ചിലപ്പോഴൊക്കെ അയാള്‍ കൂകിവിളിക്കാറുണ്ട്. മലമടക്കുകളില്‍ തട്ടി പ്രതിധ്വനിക്കുന്ന തന്‍റെ ശബ്ദതരംഗങ്ങളില്‍ നനഞ്ഞുനില്‍ക്കുമ്പോള്‍ പുതുമഴകൊള്ളുന്ന കുട്ടിയെപ്പോലെ തരളിതമാവും അയാളുടെ ചിന്തയുടെ ലോകം.
അന്നും പതിവുപോലെ അയാള്‍ പൂത്തുനില്‍ക്കുന്ന റോസച്ചെടികളുടെ മുള്ളുകളില്‍ തലോടിക്കൊണ്ട് തന്‍റെ ഏകാന്തമായ സ്വകാര്യതകളില്‍ മുള്ളിന്‍റെ മൃദുലതയും പൂക്കളുടെ സൗരഭ്യവും നിറയ്ക്കുകയായിരുന്നു.
ഉഷ്ണക്കാറ്റുകള്‍ ദേശാടനക്കിളികളുടെ ദിശതെറ്റിക്കുതില്‍ ഉത്കണ്ഠപ്പെടുന്ന അലിയും ശാസ്ത്രം നീതി കൊണ്ടുവരുമെന്നു കരുതിയതില്‍ കുണ്ഠിതപ്പെടന്ന ഗലീലിയോയും ആയിരുന്നില്ല അയാളുടെ വിരുന്നുകാര്‍. പകരം അത് ന്ശ്ശബ്ദതകളെ ഭേദിക്കുന്ന ഒരാരവമായിരുന്നു. അകാരണമായൊരു ഭീതി അയാളുടെ ഉള്ളിലലഞ്ഞു.
പുറംതിരിഞ്ഞുനില്‍ക്കുന്ന ഗാന്ധിപ്രതിമയുടെ ചുവട്ടില്‍ ഒത്തുകൂടിയവരുടെ ഇരമ്പം. ഏതോ രാഷ്ട്രീയക്കാര്‍ ആട്ടത്തെളിച്ചുകൊണ്ടുവന്ന ആട്ടിന്‍പറ്റങ്ങളാണെന്നേ ആദ്യം കരുതിയുള്ളൂ. ചന്ദ്രക്കലയുടെ പാതിവെളിച്ചത്തില്‍, പാതിരാത്തണുപ്പിനെ കീറിപ്പിളര്‍ന്നുകൊണ്ട് ആരവം അടുത്തെത്തുകയും ശബ്ദങ്ങള്‍ക്കു വ്യക്തതവരികയും ചെയ്തപ്പോഴാണ് അസ്വസ്ഥതപടര്‍ത്തുന്ന ചോദ്യങ്ങളെറിയുന്ന ചെറുപ്പക്കാരാണവരെന്നു മനസ്സിലായത്. ബീഹാറിയും ബംഗാളിയും കാശ്മീരിയും മലയാളിയും ആണും പെണ്ണും എല്ലാം അവരിലുണ്ടായിരുന്നു. അവരില്‍ ഡോക്ടറുടെയും എഞ്ചിനിയറുടെയും മാത്രമല്ല, കൃഷിക്കാരുടെയും ഫാക്റ്ററിത്തൊഴിലാളികളുടെയും മക്കളുണ്ടായിരുന്നു. നീതിയെയും നിയമത്തെയും ഇഴകീറുന്ന ചോദ്യങ്ങള്‍, ദേശത്തിനും ഭാഷയ്ക്കുമപ്പുറം, ജാതിക്കും മതത്തിനുമപ്പുറം അവരെ ഒന്നിപ്പിക്കുന്നു.
ഗാന്ധിപ്രതിമയില്‍ അവര്‍ ചാരിവച്ച ബോര്‍ഡില്‍ ആത്മഹത്യചെയ്ത സഹപാഠിയുടെ ചിത്രത്തോടൊപ്പം വരച്ചുചേര്‍ത്ത തൂക്കുകയര്‍ ഇരുളടഞ്ഞ ഭൂതകാലത്തിന്‍റെ ഗുഹാമുഖംപോലെ ഭീതിപരത്തി.
‘സ്ത്രീകളെല്ലാം സീതയെപ്പോലെ ജീവിക്കണമെന്നു പറയുന്ന നിങ്ങള്‍ എന്‍റെ അമ്മയെയും പെങ്ങളെയും തെറിവിളിക്കുന്നത് എന്തിനാണ്?’ കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരന്‍ രോഷത്തോടെ മൊബൈല്‍ഫോണുയര്‍ത്തി ചോദിക്കുന്നതു കണ്ടു.
ഉത്തരം പറയേണ്ടവര്‍ കൂട്ടത്തിലില്ല എന്നറിയാമായിരുന്നിട്ടും അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
അധികാരത്തിന്‍റെ അതിര്‍ത്തികളില്‍ പിടയുന്ന നിസ്വരായ മനുഷ്യരെക്കുറിച്ചവര്‍ വേവലാതിപ്പെട്ടു.
ഭഗത്സിംഗിന്‍റെയും സുഖ്ദേവ് സിംഗിന്‍റെയും ബാബസാഹിബ് അംബദ്കറുടെയും കാര്‍ഡിനല്‍ ന്യൂമാന്‍റെയുമൊക്കെ
ഭാവപ്പകര്‍ച്ചകള്‍ അവരുടെ മുഖങ്ങളില്‍ മിന്നിമറിഞ്ഞുകൊണ്ടിരുന്നു.
ചോദ്യങ്ങളെയല്ല, ചോദ്യങ്ങള്‍ ചോദിക്കാന്‍ അവര്‍ കാണിക്കുന്ന ധീരതയെ ആരൊക്കെയോ ഭയക്കുന്നതായും
സംഘംചേര്‍ന്നുള്ള അവരുടെ പാട്ടും പൊട്ടിച്ചിരികളും ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നതായും അയാള്‍ക്കു തോന്നി.
അവരുടെ പരുക്കന്‍ വസ്ത്രങ്ങളും ചിതറിയ തലമുടിയുംആരേയും കൂസാത്ത നോട്ടവും, അയാളുടെ ഓര്‍മ്മകളിലെവിടെയോ മറവിയുടെ ചെപ്പുകള്‍ തുറന്നു.
ഇരതേടാനിറങ്ങിയ കടവാതില്‍ തലക്കു മീതെ ചിറകടിച്ചു പറന്നപ്പോള്‍ അയാളൊന്നു ഞെട്ടി തലയുയര്‍ത്തി.
അവരില്‍നിന്നും രണ്ടുപേര്‍ തന്‍റെ റോസാച്ചെടികളുടെ അരികിലേക്കു വരുന്നതുകണ്ട് അയാള്‍ അല്‍പം ഇരുളിലേക്കു മാറിനിന്നു.
റോസാ പൂക്കള്‍ ഇറുത്തെടുക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവിന്‍റെ വിരലില്‍ മുള്ളുകൊണ്ടു രക്തം ഒഴുകാന്‍ തുടങ്ങി.
ഉടനേ കൂടെയുള്ള യുവതി തന്‍റെ ഷാള്‍ കൊണ്ട് മുറിവില്‍ അമര്‍ത്തിപ്പിടിച്ചു.
വെളിച്ചത്തിലേക്കു നീങ്ങിനിന്ന അയാളെ കണ്ടപ്പോള്‍ അവരുടെ മുഖത്ത് ജാള്യത പടര്‍ന്നു.
നിങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികളല്ലേ? മുഖത്ത് കൃത്രിമ ഗൗരവം വരുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു.
അതേ. അവര്‍ ഒരുമിച്ചു മറുപടി പറഞ്ഞു.
എന്നിട്ടാണോ അനാവശ്യചോദ്യങ്ങളുമായി ക്യാമ്പസ്സില്‍ ചുറ്റിത്തിരിയുന്നത്? എന്തെല്ലാം പ്രതീക്ഷകളോടെയായിരിക്കും രക്ഷിതാക്കള്‍ നിങ്ങളെ പഠിക്കാനയച്ചത്?
ക്ഷമിക്കണം സര്‍, ലാഭത്തിനായി ഫാമുകളില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളാണു ഞങ്ങളെന്നു അങ്ങു ധരിച്ചതില്‍ ഞങ്ങള്‍ക്കു ഖേദമുണ്ട്. യുവാവു പ്രതികരിച്ചു.
ഇപ്പോള്‍ ജാള്യത പടര്‍ത് അയാളുടെ മുഖത്തായിരുന്നു.
വിദ്യാര്‍ത്ഥികള്‍ ഗണിതത്തിലും ശാസ്ത്രത്തിലും മാത്രമേ ചോദ്യങ്ങള്‍ ചോദിക്കാവൂ എന്നു നിഷ്‌കര്‍ഷിക്കുന്നതു ശരിയാണോ? യഥാര്‍ത്ഥത്തില്‍, ജീവിക്കുന്നതിനുവേണ്ടിയല്ലേ എല്ലാം? അപ്പോള്‍ ചോദ്യങ്ങള്‍ സിലബസ്സിനു പുറത്താവുന്നതില്‍ എന്താ തെറ്റ്?
ശരി ശരി, നിങ്ങള്‍ ചെറുപ്പക്കാരോടു തര്‍ക്കിച്ചുജയിക്കാന്‍ ഞാനാളല്ല. എന്താ നിങ്ങള്‍ ഇങ്ങോട്ടു വന്നതിന്‍റെ ഉദ്ദേശം?
ഞങ്ങള്‍ക്കു കുറച്ചു റോസാപ്പൂക്കള്‍ വേണം, മുള്ളോടുകൂടി.
ഹും… പ്രണയാഘോഷമായിരിക്കും? അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
അല്ല; നീതിപാലകര്‍ക്കു സമര്‍പ്പിക്കാന്‍, മരിച്ചുകിടക്കുന്നവര്‍ക്കു റീത്തു സമര്‍പ്പിക്കാറില്ലേ അതുപോലെ.
അവരുടെ ശബ്ദം ഉറച്ചതായിരുന്നു.
മുള്ളോടുകൂടിത്തന്നെ കുറച്ചു റോസാപൂക്കള്‍ അയാളവര്‍ക്കു സമ്മാനിച്ചു.