Sunday, 3 January 2016

ഡിസൈനര്‍ ബേബി - മാറുന്ന ദിശാബോധത്തെ സാക്ഷ്യപ്പെടുത്തുന്ന നോവല്‍


മലയാള നോവലിലുണ്ടായ ഭാവരൂപ വ്യതിയാനത്തെ സാക്ഷ്യപ്പെടുത്തുന്ന ഒരു നോവലാണ് എസ്.സരോജത്തിന്‍റെ  ‘ഡിസൈനര്‍ ബേബി’. 2014 ഒക്‌റ്റോബറില്‍ പ്രഭാത് ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ച ഈ നോവലിന് ഗ്രന്ഥകര്‍ത്രി നല്‍കിയിരിക്കുന്ന ശീര്‍ഷകം അത്ര ആകര്‍ഷകമെന്ന് വിശേഷിപ്പിച്ചുകൂട. എങ്കിലും ആധുനികോത്തര നോവലിന്‍റെ  ഏറ്റവും നവീനമായ മുഖം പ്രദര്‍ശിപ്പിക്കുന്നുണ്ട് ‘ഡിസൈനര്‍ ബേബി’. നവീനനോവലുകളില്‍ ഭാവുകത്വ വ്യതിയാനത്തിന് ഉപോത്ബലകമായി വര്‍ത്തിക്കുന്ന, മാറുന്ന ദിശാബോധത്തെ സാക്ഷ്യപ്പെടുത്തുന്ന ഒരു നോവലാണിതെന്നു വ്യവഹരിക്കുമ്പോള്‍ അതിരുകടന്ന പ്രശംസയല്ലേ എന്ന്! ചിലര്‍ക്കെങ്കിലും തോന്നാം. അത്തരം സന്ദേഹങ്ങളെ തീര്‍ത്തും നിരാകരിക്കുന്ന ജീവിതദര്‍ശനവും രചനാരീതിയും വാങ്ങ്മയശില്പവുമാണ് ‘ഡിസൈനര്‍ ബേബി’യുടെത്.
പ്രപഞ്ചോല്പത്തിയും ദൈവകണവുമൊക്കെ മനുഷ്യരുടെ ചിന്താഗതിയില്‍ സമൂലമായ മാറ്റത്തിന് വഴിമരുന്നിട്ടു കൊണ്ടിരിക്കയാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഫേസ്ബുക്കും യൂട്യൂബും മറ്റു സോഷ്യല്‍മീഡിയകളുമെല്ലാം അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഒരു ഭൗതികലോകത്തെയാണ് നമ്മുടെ മുമ്പില്‍ അനാവരണം ചെയ്തിരിക്കുന്നത്! ക്ലോണുകളും ടെസ്റ്റ്യൂബ് ശിശുക്കളും പ്രകൃതിദത്തവും പാരമ്പര്യാധിഷ്ടിതവുമായ പ്രജനന പ്രക്രിയയെ വെല്ലുവിളിക്കുന്നു. ഗര്‍ഭപാത്രം വാടകയ്ക്കു കിട്ടുമെന്നു മാത്രമല്ല, അണ്ഡവും ബീജവും വിലകൊടുത്തു വാങ്ങാന്‍ കഴിയും  എന്ന അവസ്ഥയും ഇന്ന്! സംജാതമായിട്ടുണ്ട്. സൂക്ഷ്മവിശകലനത്തില്‍ നമ്മുടെ ചിന്താകാശത്തില്‍ വെളിവാക്കിക്കൊണ്ടിരിക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ മനുഷ്യര്‍ താലോലിച്ചുപോരുന്ന പവിത്രസങ്കല്പങ്ങളെ അടിമുടി കടപുഴക്കിക്കൊണ്ടിരിക്കയാണ്. മാതൃപിതൃസങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ ഡിസൈനര്‍കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കി ക്കൊണ്ടിരിക്കുന്ന സാമൂഹ്യാവസ്ഥയിലേക്ക് പുതിയ ലോകം എത്തിനോക്കിക്കൊണ്ടിരിക്കുന്നു. മാനുഷികബന്ധങ്ങളുടെ അസ്ഥിവാരമിളക്കുന്ന ഈ ചിന്താധാരയ്ക്ക് കഥാശില്പം മെനഞ്ഞെടുത്തിരിക്കുകയാണ് ‘ഡിസൈനര്‍ ബേബി’യില്‍  എസ്.സരോജം. ഇലക്ട്രോണിക് യുഗത്തിന്‍റെ  അനന്തസാധ്യതകളാണ് നോവലിന് അവലംബം. അപ്പോള്‍ ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളുടെ ചിമിഴ് തുറക്കപ്പെടുകയായി. കൃതഹസ്തരായ നോവലിസ്റ്റുകള്‍ക്കുപോലും അപ്രാപ്യമായ ഈ മേഖലയെ അതീവ ചാരുതയോടെ സരോജം ചിത്രീകരിക്കുന്നു.
ലാപ്‌ടോപ്പില്‍ ടി.വി.ട്യൂണര്‍ കണക്റ്റുചെയ്ത് ഡമോണ്‍സ്‌ട്രേഷന്‍ പ്രോഗ്രാം വീക്ഷിക്കുന്ന നീരജയെ അവതരിപ്പിച്ചുകൊണ്ടാണ് നോവലിന്‍റെ  ആരംഭം. പ്രോഗ്രാമിന്‍റെ  ഇടവേളയിലാണ് പുതിയൊരു റിയാലിറ്റിഷോയുടെ പരസ്യം    ഇന്ത്യന്‍ ടെലിവിഷനില്‍ത്തന്നെ ആദ്യത്തേതായ ‘ക്യൂട്ട്‌ബേബി ഷോ’ – അവളുടെ ശ്രദ്ധയാകര്‍ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഇരുപത് ചുണക്കുട്ടികളുടെ മികവാര്‍ന്ന പ്രകടനം വീക്ഷിക്കുന്ന നീരജയുടെ മാനസികാവസ്ഥ നോവലിസ്റ്റിന്‍റെ   ചിന്താന്തരീക്ഷത്തിനു തികച്ചും അനുയോജ്യമാണ്. കാരണം ടെക്കികളുടെ യാന്ത്രികലോകത്തു നിന്നും പൂമൊട്ടുകളുടെ സുന്ദരലോകത്തേക്ക് ഇറങ്ങിവന്നിരിക്കയാണവള്‍. റാമ്പില്‍ പിച്ചനടന്ന് പുഞ്ചിരിപൊഴിച്ച് കൈവീശി തിരിച്ചുനടക്കുന്ന കുഞ്ഞുങ്ങള്‍ കാണികള്‍ക്ക് പകര്‍ന്നുനല്‍കുന്ന ഉത്തേജനവും ആഹ്ലാദവും അനുപമമാണ്.
അച്ഛനമ്മമാരുടെ പണക്കൊഴുപ്പിന്‍റെയും  പൊങ്ങച്ചത്തിന്‍റെയും  പ്രതീകമാണ് ഇത്തരം റിയാലിറ്റി ഷോകള്‍. മനസ്സിനെ വശീകരിക്കുന്ന നവീനമാധ്യമസംസ്‌കൃതിയുടെ പൊള്ളത്തരം വെളിവാക്കുകയാണ് നോവലിസ്റ്റിന്‍റെ  പരോക്ഷമായ ഉന്നം. ഇത് നോവലിന്‍റെ  ഭൗതികതലത്തെ പ്രകടമാക്കുന്നു. ആത്മാവിന്‍റെ  ചിറകുകള്‍ മുറിക്കുന്ന മനസ്സിന്‍റെ  താല്‍ക്കാലികമായ ഹരവും സംതൃപ്തിയുമാണ് നോവലിലുലാവുന്ന അദൃശ്യമായ ആത്മീയ തലം. എപ്പോഴാണ് മനസ്സിന്‍റെ  ഹരം നഷ്ടപ്പെടുകയും പ്രത്യാശയുടെ ചിറകുകള്‍ മുറിച്ചുമാറ്റപ്പെടുകയും ചെയ്യുക? ഉദ്വിഗ്‌നമായ ഈ സമസ്യയാണ് നോവലിന്‍റെ  ഗഹനമായ ഭാവതലമായി വര്‍ത്തിക്കുന്നത്.
ടെക്‌നോസിറ്റിയില്‍ രാജ്യാന്തരവ്യാപ്തിയുള്ള ഐ.ടി.കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് നീരജ. അവളെ അവതരിപ്പിക്കുന്ന ആദ്യഭാഗത്ത്  ‘അലങ്കാരത്തൊടിയിലെ പൂവില്ലാച്ചെടി പോലെ തളിര്‍ത്തുനില്‍ക്കുന്ന താരുണ്യം’ എന്നാണ് വിശേഷണം. സൂക്ഷ്മമായി നിര്‍വ്വചിക്കാനറിയാത്ത മാതൃഭാവത്തിന്‍റെ  പ്രതീകമായാണ് നോവലില്‍ നീരജ പ്രത്യക്ഷപ്പെടുന്നത്. ‘സ്വന്തമായൊരു കുഞ്ഞിനെ അണിയിച്ചൊരുക്കി റാമ്പിലിറക്കണം’ – ‘ക്യൂട്ട്‌ബേബിഷോ’ കണ്ടതുമുതല്‍ അവളുടെ മനസ്സിനെ നയിക്കുന്ന മോഹമാണത്.  സെക്രട്ടറിയറ്റില്‍ അണ്ടര്‍സെക്രട്ടറിയായി   ജോലിചെയ്യുന്ന സുമേഷിന്‍റെ  പ്രകൃതം ഇതില്‍നിന്നും വളരെ വ്യത്യസ്തമാണ്. ‘ക്രിട്ടിക്കല്‍ മൈന്റ്’ എന്ന കൂട്ടായ്മയുടെ സാരഥിയാണയാള്‍. നോവലിലെ സംഭവങ്ങളുടെ ചലനാത്മകതയ്ക്ക്  അദൃശ്യമാനമൊരുക്കുന്ന ഒരു കിടപ്പറവര്‍ത്തമാനം ശ്രദ്ധിക്കുക – ‘ആവശ്യമില്ലാത്തതൊക്കെ കുത്തിയിരുന്നു കണ്ടോളും. എന്നിട്ട് മനസ്സീന്നു മായുന്നില്ലാന്നു പരിദേവനം പറച്ചിലും! എന്‍റെ  നീരാ കുട്ടികളില്ലാത്ത എത്രയോപേര്‍ സന്തോഷമായി ജീവിക്കുന്നു. നിനക്കു മാത്രമെന്തായിങ്ങനെ… ഒന്നുമില്ലേലും നീയൊരു ടെക്കിയല്ലേ, പ്രോജക്റ്റ് അസൈന്‍മെന്റ്കളുമായി പറന്നുനടക്കുന്ന ടെക്കി?’ ‘ടെക്കികള്‍ അച്ചില്‍ വാര്‍ത്ത പ്രതിമകളാണെന്നാണോ നിന്‍റെ  വിചാരം? അവര്‍ക്ക് അവരുടേതായ മോഹങ്ങളില്ലേ?’
പ്രത്യക്ഷത്തില്‍ ഞെട്ടിപ്പിക്കുന്നതും, ഒരുപക്ഷേ വ്യര്‍ത്ഥമെന്നു വിധിയെഴുതാവുന്നതും, എന്നാല്‍ സാര്‍ത്ഥകമായി പരിണമിപ്പിക്കേണ്ടതുമായ ജീവിതസമസ്യകളാണ് ഈ നോവലിലൂടെ എസ്.സരോജം ചിത്രീകരിക്കുന്നത്. വന്ധ്യയായ മകള്‍ക്കുവേണ്ടി തന്‍റെ  സമൃദ്ധമായ ഗര്‍ഭപാത്രം വാടകയ്ക്കുനല്‍കാന്‍ നാട്ടിന്‍പുറത്തു കാരിയായ ശ്രീദേവിയമ്മ തയാറാവുമോ? കേട്ടുകേള്‍വിയില്ലാത്തതും ആചാരങ്ങളെ ലംഘിക്കുന്നതുമായ  ഈ ചെയ്തി   സമുദായമോ സമൂഹമോ അംഗീകരിക്കുമോ? കുലംതന്നെ മുടിക്കുന്ന പാതകവും  ഹീനകൃത്യവുമല്ലേ ഇത്? ശരിക്കും പറഞ്ഞാല്‍ പാരമ്പര്യത്തിന്‍റെയും  അനുശാസനരീതികളുടെയും കോട്ടവാതിലുകള്‍ ഇടിച്ചുനിരത്തുകയാണ് ഇവിടെ നോവലിസ്റ്റ്. സമുദായത്തിന്‍റെയോ സമൂഹത്തിന്‍റെയോ  പടിവാതിലുകള്‍ തനിക്കുമുന്നില്‍ കൊട്ടിയടയ്ക്കുമെന്ന ഭീതി നോവലിസ്റ്റായ സരോജത്തിനില്ല. നോവല്‍ രചനയില്‍ ഇത്രയും ഉച്ച്രുംഘലത്വം പ്രകടിപ്പിക്കാമോ എന്നത് കേവലം ഒരു സമസ്യയായി അവശേഷിക്കുന്നു.
പാപപുണ്യങ്ങളെ സംബന്ധിച്ച് ശക്തമായ ഒരു സമസ്യ മലയാളത്തില്‍ ഉന്നയിക്കുന്നത് കാക്കനാടനാണ്. ‘വസൂരി’ എന്ന നോവലില്‍ അതിന്‍റെ  ഇടിമുഴക്കങ്ങള്‍ പ്രകടമാണ്. ‘ഇന്നലെയുടെ നിഴലി’ലും  ‘ആരുടെയോ ഒരു നഗര’ത്തിലും ‘ഓറോത’യിലും ഇത്തരം ചിന്താഗതികളുടെ അഗ്‌നിസ്ഫുലിംഗങ്ങള്‍ മിന്നല്‍പ്പിണരുകള്‍ പായിക്കുന്നുണ്ട്. കാക്കനാടനെയും എസ്.സരോജത്തെയും മഥിച്ചുകൊണ്ടിരുന്ന ഹൃദയവ്യഥ എന്തായിരുന്നു? ഇരുവരുടെയും കാഴ്ചപ്പാടും ദര്‍ശനവും സ്പഷ്ടവും സുവ്യക്തവുമാണ് – സദാചാര വിശുദ്ധി വഴിയുന്ന മനസ്സില്‍നിന്ന് പാപബോധം പറിച്ചുമാറ്റണം. സമകാലിക സമൂഹത്തിന് ഇത് എത്രത്തോളം ഉള്‍ക്കൊള്ളാനാവും എന്ന ചിന്ത ഇവിടെ പ്രസക്തമാണ്.
നീരജയുടെ അണ്ഡമെടുത്ത് ഭര്‍ത്താവിന്‍റെ  ബീജവുമായി സങ്കലനംചെയ്ത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കണം – മൂവരും സമ്മതപത്രത്തില്‍ ഒപ്പുവച്ചു. ഡോ:സിദ്ധാര്ത്ഥ് തന്‍റെ  പരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്ത ഭ്രൂണം ശ്രീദേവിയമ്മയുടെ ഉദരത്തില്‍ നിക്ഷേപിച്ചു. പ്രിയമകള്‍ക്ക് പുതുവത്സരസമ്മാനമായി  അമ്മ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചുനല്‍കി. നീരജ കുഞ്ഞിനെ പേര്‍ചൊല്ലി വിളിച്ചു – ‘അനിതര’. കുട്ടിയുടെ പേരില്‍ത്തന്നെ  വിശേഷവിധിയായി ജനിച്ചവള്‍ എന്ന അര്‍ത്ഥം വ്യജ്ഞിപ്പിക്കുന്നു.
കുട്ടിയുടെ ജനനത്തോടെ നോവലിലെ സംഭവങ്ങള്‍ ക്രിയാംശത്തിലേക്ക് പ്രവേശിക്കുന്നു. മുഖ്യമായും നാലു പ്രശ്‌നങ്ങളാണ് ഇവിടെ  വിശകലനവിധേയമാകുന്നത്  ഒന്ന്!: അമ്മയുടെ ഗര്‍ഭപാത്രം മകള്‍ വാടകയ്‌ക്കെടുത്തത്. രണ്ട്: പൊക്കിള്‍ക്കൊടി മുറിച്ചാല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തീരുമോ?. മൂന്ന്: മകള്‍ക്ക് അമ്മയെ വാടകക്കാരിയായി കാണാന്‍ കഴിയുമോ? നാല്: അങ്ങനെ വാടകനല്‍കി ഇറക്കിവിട്ടാല്‍ അമ്മ മകള്‍ ബന്ധം അവസാനിക്കുമോ? നീറിപ്പിടിക്കുന്ന നോവിലേക്കും നിലയില്ലാത്ത  ചുഴിക്കുത്തുകളിലേക്കും സ്വയമേവാഗാതരാവാന്‍ സമൂഹമിവിടെ വിധിക്കപ്പെടുന്നു.
അനാവശ്യമായ ആശങ്കകള്‍ മനസ്സിലിട്ടുകൊണ്ടുനടന്നാല്‍ മനുഷ്യര്‍ക്ക് സ്വസ്ഥതയുണ്ടാവില്ലെന്നു പ്രസ്താവിക്കുന്നത് സൈക്കിയാട്രിസ്റ്റായ ഡോ: ചന്ദ്രപ്രസാദ് ശ്രീധറാണ്. അദ്ദേഹം നീരജയോട് പറയുന്നുണ്ട്  – ‘ആത്മവിശ്വാസമില്ലാത്തവര്‍ എന്തിലും ഏതിലും സംശയം കണ്ടെത്തും.’  ‘നീരജ ഒരുപാട് ചിന്തിക്കുന്നു, നേരായ വഴിക്കല്ലെന്നു മാത്രം. മറ്റുള്ളവരെ വെറുതേ സംശയിക്കുക, അതാണ് പലരുടെയും പ്രശ്‌നം; നീരജയുടെയും’. നോവലില്‍ ഉരുത്തിരിയുന്ന പ്രശ്‌നങ്ങള്‍ അത്യന്തം സങ്കീര്‍ണ്ണമാണ്. നമുക്കവയെ ഇങ്ങനെ സംഗ്രഹിക്കാം – ഒന്ന്: അമ്മൂമ്മയും പെറ്റമ്മയും ഒരാള്‍തന്നെയാവുന്നു, രണ്ട്: കുഞ്ഞിന്‍റെ  കാര്യത്തില്‍ തികച്ചും  പോസ്സസ്സീവാണ് നീരജ, മൂന്ന്!: പ്രസവിച്ചതും പാലൂട്ടിയതും മറ്റൊരാളാവുമ്പോള്‍ ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ദുരന്തം ദീര്‍ഘ ദൃഷ്ടിയോടെ വീക്ഷിക്കുന്നു നീരജ, നാല്: ഏതുവിധേനയും കുഞ്ഞിനെ അമ്മയില്‍നിന്നും അകറ്റണമെന്ന നീരജയുടെ പിടിവാശി, അഞ്ച്; കുഞ്ഞിനെ മോഡേണായി വളര്‍ത്തുന്നതിന് കിഡ്‌സ്‌കെയറിംഗ് സ്‌പെഷ്യലിസ്റ്റിനെ ഏര്‍പ്പെടുത്തുക. ഇങ്ങനെ  നാം ഇതുവരെ വായിച്ചും പഠിച്ചും നിരീക്ഷിച്ചും പുലര്‍ത്തിയ മുഗ്ദ്ധസങ്കല്‍പ്പങ്ങളെ തച്ചുടയ്ക്കുകയാണ് നോവലിസ്റ്റ്. ഇതില്‍നിന്നെല്ലാം ‘ഡിസൈനര്‍ ബേബി’ എന്ന നോവല്‍ അഭിദര്‍ശിക്കുന്ന സങ്കല്‍പ്പം എന്താണ്? വരുംകാല മലയാള നോവലുകള്‍ക്ക് ദിശാസൂചകമായി വര്‍ത്തിക്കുന്ന കൃതിയായി രൂപാന്തരം പ്രാപിക്കുന്നു ‘ഡിസൈനര്‍ ബേബി’.

ഗോപി കൊടുങ്ങല്ലൂര്‍
പരസ്പരം (വായനക്കൂട്ടം മാസിക), നവംബര്‍  ഡിസംബര്‍ 2015

No comments:

Post a Comment