ഓമനേ, നിനക്ക് ഞാനിന്നെന്തു സമ്മാനമാണ് തരിക?
രത്നമുത്തു ചോദിച്ചു.
ഞാന്‍ പറഞ്ഞു: എനിക്ക് ഒരു
താമരപ്പൂവു മതി.
ഞങ്ങള്‍ രണ്ടാളും എട്ടാംക്ലാസ്സില്‍ പഠിക്കുന്ന
കാലം. കൗമാരത്തിന്‍റെ കടന്നുവരവ് ഇരുവരുടെയും രൂപവും വിചാരവികാരങ്ങളുമൊക്കെ
പുതുക്കിപ്പണിയാന്‍ തുടങ്ങിയിരുന്നു. എന്നും എന്തെങ്കിലും കൈമാറിയില്ലെങ്കില്‍, ഒത്തിരിനേരം അടുത്തിരുന്നു
വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍ എന്തോ ഒരു പെടപെടച്ചില്‍.
ഞങ്ങളുടെ വീടുകള്‍തമ്മില്‍
ഒരുവിളിപ്പാടകലമേയുള്ളൂ. എങ്കിലും തമ്മില്‍ കാണാനും മിണ്ടാനും സമയോം നേരോം
നോക്കണം. ‘കണ്ട പയലുകളുടെകൂടെ കൂത്താടണ കണ്ടില്ലേ, മൊല വായീന്നെടുത്തില്ലെന്നാ അവള്‍ടെ വിചാരം, കൊമരി....’ അമ്മയുടെ
ശകാരത്തിനു മൂര്‍ച്ച കൂടിത്തുടങ്ങി.
പുരയിടത്തിന്‍റെ
പുറമ്പോക്കില്‍ ഒരു താമരക്കുളം ഉണ്ടായിരുന്നു. അതില്‍ നിറയെ പൂക്കളും. ചുറ്റിലും
വയല്‍ചെടികളും. താമരപ്പൂക്കള്‍
പറിച്ചെടുത്ത് മണപ്പിക്കാനും അല്ലികള്‍
നുള്ളിത്തിന്നാനും എനിക്ക് വല്ലാത്ത കൊതിയായിരുന്നു. നല്ല ആഴമുള്ള കുളമാണതെന്നും
ഇറങ്ങിയാല്‍ ചെളിയില്‍ പുതഞ്ഞുപോകുമെന്നും എല്ലാവരും പറഞ്ഞു പേടിപ്പിച്ചിരുന്നതു കാരണം എന്‍റെ ആഗ്രഹം സാധിക്കാതെ തുടര്‍ന്നു.
പൂക്കള്‍ പറിക്കാനായില്ലെങ്കിലും അമ്മയുടെ
കണ്ണുവെട്ടിച്ച് എല്ലാദിവസവും ഞാനും മുത്തുവും
കുളത്തിന്‍റെ വരമ്പത്ത് ഒത്തുകൂടുകയും
പൂക്കളെണ്ണിക്കളിക്കുകയും ചെയ്തിരുന്നു. നാലുവരമ്പത്തും നീളേനടന്ന്
എണ്ണിയാലും ഒരിക്കല്‍പ്പോലും പൂക്കള്‍ മുഴുവന്‍ കൃത്യമായി എണ്ണിത്തീര്‍ക്കാന്‍
ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അത്രയേറെ പൂക്കളുണ്ടാവും ഓരോ ദിവസവും. താമരപ്പൂവിന്
മണമില്ലെന്ന് മുത്തുവും മണമുണ്ടെന്നു ഞാനും ചുമ്മാ തര്‍ക്കം പറയും.
ഒരു പുതുവര്‍ഷപ്പുലരിയില്‍ പൂക്കളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് കുളത്തിന്‍റെ വരമ്പത്തിരിക്കുമ്പോഴാണ്
മുത്തു എന്തു സമ്മാനം വേണമെന്നു ചോദിച്ചത്. ഞാന്‍ താമരപ്പൂവു മതി എന്നു പറഞ്ഞതും
അവന്‍ കുളത്തിലേക്ക് ഒരു ചാട്ടം. കഴുത്തോളം മുങ്ങി, കാലുകള്‍ ചെളിയില്‍ പുതഞ്ഞ്
അനങ്ങാനാവാതെ അവന്‍ നിന്നു. എങ്ങനെയാണ് അവനെ കരയ്ക്ക് കയറ്റെണ്ടത്? അടുത്തെങ്ങും
ആരുമില്ല. വീട്ടിലറിഞ്ഞാല്‍ അടി ഉറപ്പ്. ഞാന്‍ പേടിച്ചു കരയാന്‍ തുടങ്ങി.
അങ്ങനെ കരഞ്ഞുകൊണ്ട് നില്‍ക്കുമ്പോഴാണ്
വരമ്പത്തെ തെങ്ങുകളില്‍നിന്നു തേങ്ങയിടാനായി വലിയൊരേണിയുമായി ചാര്‍ളിയെത്തിയത്. ചാര്‍ളി മുത്തുവിന്‍റെ
അമ്മാച്ചനാണ്. അയാള്‍ മുത്തുവിനെ പൊതിരെ ശകാരിച്ചു: ‘എന്നെടാ പയലേ നീ
കൊളത്തിച്ചാടി ചാവാമ്പോണാ?’ ഒനക്കു
പൈത്യമാടാ? ഓ, കൊമാരിക്കു മുന്നിലേ ഹീറോ കളിക്കണാ? എതുക്കെടാ...?’
ശകാരിക്കുന്നതിനിടയില്‍ അയാള്‍ ഏണി അവന്‍റെ
അരികിലേക്കിറക്കിവച്ചു. എന്നിട്ട് അതിലൂടെ ഇറങ്ങിച്ചെന്ന് അവനെ വലിച്ചുപൊക്കി ഏണിയില്‍
കയറ്റി കരക്കെത്തിച്ചു.
അതിനിടയില്‍ അവന്‍ നാലഞ്ചു താമാരപ്പൂക്കള്‍ പറിച്ചിരുന്നു. അവ എനിക്ക് സമ്മാനിക്കുമ്പോള്‍
അവന്‍റെ കണ്ണില്‍ ഞാന്‍ കണ്ടത് ആദ്യാനുരാഗത്തിന്‍റെ ആകാശത്താമരകളായിരുന്നു!
..