പ്രവാസിത്തെരുവില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നൊരു
വീടായിരുന്നു അത്. അരയാള്‍പ്പൊക്കമുള്ള ചുറ്റുമതിലിലൂടെ അകത്തേക്കു നോക്കിയാല്‍ ഇറക്കുമതിചെയ്ത
കേരളീയതയുടെ അതിപ്രസരം കാണാം. വിശാലമായ മുറ്റത്ത് മന്ദാരവും തെച്ചിയും നന്ത്യാര്‍വട്ടവും
പിച്ചകവുമൊക്കെ പൂവിട്ടുനില്‍ക്കുന്നു. ചിട്ടയോടെ വെട്ടിയൊതുക്കിയ പുല്‍ത്തകിടിയും
തൂത്തുവാരി വൃത്തിയാക്കിയ മുറ്റവും.
തൊടിയില്‍ പച്ചമുറ്റിയ ഫലവൃക്ഷങ്ങളും.
അടഞ്ഞുകിടക്കുന്ന വീടിനുള്ളില്‍
വെളിച്ചമില്ല, ആളനക്കവുമില്ല. കണ്ടും കൊണ്ടും കൊതിതീരുംമുമ്പ് വിമാനമേറിപ്പോയവന്‍റെ
തിരിച്ചുവരവും കാത്തുനില്‍ക്കുന്ന നവോഡയെപ്പോലെ ആ വീട് വഴിക്കണ്ണുമായി നില്‍പ്പാണ്!
അതുവഴി പോകുമ്പോഴൊക്കെ ആ വീടിന്‍റെ
രൂപകല്‍പ്പനയിലും പരിസരഭംഗികളിലും ആകൃഷ്ടനായി നിന്നുപോകാറുണ്ട് ശങ്കര്‍ദാസ്. കലാഹൃദയമുള്ളൊരു
പുത്തന്‍കാരണവരെ പൂമുഖത്ത് പ്രതീക്ഷിക്കാറുമുണ്ട്. പക്ഷേ, ഒരു വേലക്കാരന്‍ പയ്യനെപ്പോലും പരിസരത്തെങ്ങും കണ്ടിട്ടില്ല.
രൂപഭംഗിയില്‍ ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്ന
വലിയ വീടുകളാണ് തെരുവിന്‍റെ ഓരങ്ങളില്‍. മറ്റെല്ലാ വീടുകളും വെളുപ്പിനേ ഉണര്‍ന്ന്
ഉഷാറാവുമ്പോള്‍ ഈ വീട് മാത്രം ഒച്ചയനക്കങ്ങള്‍ ഒന്നുമില്ലാതെ വ്യസനിച്ചുനില്‍ക്കുന്നതെന്ത്?
താന്‍ പണിതീര്‍ത്തതല്ലെങ്കിലും ആ വീടിന്‍റെ
ദുഃഖം ശങ്കര്‍ദാസിന് നന്നായി മനസ്സിലാവുന്നുണ്ട്. ചെലവ് കുറഞ്ഞതും കൂടിയതുമായ
എത്രയെത്ര വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയ ആര്‍ക്കിടെക്റ്റാണ് താന്‍. ഓരോ വീടും
ഉടമസ്ഥന്‍റെ ഇഷ്ടത്തിനനുസരിച്ച് പൂര്‍ത്തീകരിച്ചു നല്‍കുമ്പോള്‍ത്തന്നെ അതിന്‍റെ
ഉള്ളില്‍ കുടികൊള്ളുന്ന വികാരമെന്തെന്ന് അയാള്‍ക്ക് നന്നായറിയാം. ചില വീടുകളുടെ ഹൃദയത്തുടിപ്പുകള്‍ സന്തോഷത്തിന്‍റെതും
സംതൃപ്തിയുടേതും ആയിരിക്കും. അതിനുള്ളില്‍ വസിക്കുന്നവര്‍ക്ക് പോസിറ്റീവ് എനര്‍ജി
പ്രദാനംചെയ്തുകൊണ്ട് ഐശ്വര്യപ്രതീകംപോലെ അവ ശോഭിച്ചുനില്‍ക്കും. ചില വീടുകള്‍ കാണാന്‍ പ്രൌഠിയുള്ളവയെങ്കിലും അവയുടെ ഉള്ളില്‍നിന്നുയരുന്ന
നെഗറ്റീവ് എനര്‍ജി ആരെയും വിഷാദചിത്തരാക്കും.
വീടിന്‍റെ ഹൃദയഭാഷ ഇത്ര സൂക്ഷ്മമായി മനസ്സിലാക്കാന്‍ കഴിവുള്ള ആര്‍ക്കിടെക്റ്റുകള്‍
അധികമില്ല. തെരുവിന്‍റെ പൂമുഖമന്ദിരംപോലെ നിലകൊള്ളുന്ന ആ വീട് പോസിറ്റീവ് എനര്‍ജിയുടെ
ഉറവിടമാണെന്ന്‍ ശങ്കര്‍ദാസിന് തോന്നാറുണ്ട്.
അതുകൊണ്ടു തന്നെയാവാം അയാള്‍ ആ വീടിനെ സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു.
ഒരുദിവസം വേലക്കാരന്‍പയ്യന്‍ പുല്‍വെട്ടിയും
കയ്യില്‍പ്പിടിച്ച് വീടിന്‍റെ മുറ്റത്ത് നില്‍ക്കുന്നതുകണ്ടു.
‘ഹാവൂ!' ശങ്കര്‍ദാസിന് സന്തോഷമായി. അയാള്‍ ഗേറ്റിനുമുകളിലൂടെ തല അകത്തേക്കുനീട്ടി.
‘ഹാവൂ!' ശങ്കര്‍ദാസിന് സന്തോഷമായി. അയാള്‍ ഗേറ്റിനുമുകളിലൂടെ തല അകത്തേക്കുനീട്ടി.
‘ആരാ?’ പയ്യന്‍ ചോദിച്ചു.
‘ഈ വീട്ടില്‍ ആള്‍പ്പാര്‍പ്പില്ലേ?’ അയാള്‍ ചോദിച്ചു.
‘അറിഞ്ഞിട്ടെന്തുവേണം?’
പയ്യന്‍ ഉടക്കുപാര്‍ട്ടിയാണ്. അവന്‍റെ മുമ്പില്‍
അല്പ്പമൊന്ന് താണു കൊടുത്തേക്കാം. താനാരാണെന്ന്
അവനറിയില്ലല്ലോ.
‘ഇത്ര നല്ലൊരു വീട് വെറുതേ പൂട്ടിക്കിടക്കുന്നതുകണ്ട്
ചോദിച്ചുപോയതാടോ.’
‘സാറെന്താ പൂട്ടിക്കിടക്കുന്ന വീടുകള്‍
നോക്കിവയ്ക്കാനിറങ്ങിയതാണോ? കണ്ടിട്ട് ബണ്ടിച്ചോറിനെപ്പോലുണ്ടല്ലോ.’
‘അയ്യോ!’ ശങ്കര്‍ദാസ് ഒന്നു ഞെട്ടി.
ബണ്ടിച്ചോറിന്‍റെ ഹൈടെക്ക്കവര്‍ച്ച നഗരവാസികളെ ഞെട്ടിച്ചത് അടുത്തകാലത്താണല്ലോ!
അയാള്‍ അനുനയഭാവത്തില്‍ വീണ്ടും ചോദിച്ചു:
‘ഇയാളിതിന്‍റെ സൂക്ഷിപ്പുകാരനാണോ?’
‘ആണെങ്കില്‍....?’
‘താനാളുകൊള്ളാമല്ലോടോ. ആട്ടേ, ഈ വീടെന്താ
എപ്പോഴുമിങ്ങനെ
പൂട്ടിയിട്ടിരിക്കുന്നത്?’
‘ആളില്ലാഞ്ഞിട്ട്.’
‘അവരെവിടെപ്പോയി?’
‘അവരൊക്കെ അങ്ങു ഗള്‍ഫിലാ സാറെ. അടുത്തയാഴ്ച
വരുന്നുണ്ട്.’
‘വന്നാല്‍ വീണ്ടും പോകുമോ?
അതോ ഇവിടെത്തന്നെ താമസിക്കുമോ?’
‘സാറൊന്നു പോയാട്ടെ.
അല്ലാ...., ഇതൊക്കെയറിഞ്ഞിട്ട് ഇങ്ങേര്‍ക്കെന്നാ വേണം?’
ഒരു ശല്യക്കാരനെന്ന മട്ടില്‍ ശങ്കര്‍ദാസിനെ അവഗണിച്ചുകൊണ്ട് പയ്യന്‍ പുല്ലുകളുടെ നീണ്ടനാമ്പുകള്‍ വെട്ടിയൊതുക്കാന്‍ തുടങ്ങി.
വീടുകളുടെ തച്ചുശാസ്ത്രവും വാസ്തുവിധികളും
പരിസ്ഥിതിപാഠ ങ്ങളുമൊക്കെ തന്‍റെ തലയ്ക്കുള്ളില്‍ക്കിടന്ന്‍ അവിയലുപരുവത്തില്‍
വെന്തുമണക്കുകയാണെന്ന് അവനുണ്ടോ അറിയുന്നു! മനോഹരമായൊരു വീട് കണ്ടാല്‍ അതു നില്‍ക്കുന്ന
വസ്തുവിന്‍റെ വാസ്തുവിലേക്കാവും ആദ്യം തന്‍റെ ശ്രദ്ധപതിയുക. പിന്നെ അതിന്‍റെ
പരിസ്ഥിതിയിലേക്കും. ഏതു ശാസ്ത്രവിധിപ്രകാരം നോക്കിയാലും ഓക്കേ പറയാവുന്ന വീടുകള്‍ വേറൊന്നുമില്ല ആ തെരുവോരത്ത്.
ആകെയുള്ള ഒരെണ്ണത്തിലാവട്ടെ ആള്‍പ്പാര്‍പ്പുമില്ല
!
ദിവസങ്ങള്‍ക്കുശേഷം അയാള്‍ വീണ്ടും അതുവഴി
നടക്കാനിറങ്ങി. ആ വീടിന്‍റെ പോര്‍ച്ചില്‍
ഒരു പുത്തന്‍പജീറോ യാത്രയ്ക്കായി ഒരുങ്ങിനില്‍ക്കുന്നു. അകത്തെ മുറിയില്‍ മുരളീകൃഷ്ണയുടെ ക്ലാസിക്കല്‍സംഗീതം.
ശങ്കര്‍ദാസിന് സന്തോഷമായി. ആ വീടും ഉണര്‍ന്നിരിക്കുന്നു.
വീടിന്‍റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. അയാള്‍ അകത്തേക്ക് ചെന്നു. കാളിംഗ്ബെല്ലടിച്ചു.
വീടിന്‍റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. അയാള്‍ അകത്തേക്ക് ചെന്നു. കാളിംഗ്ബെല്ലടിച്ചു.
മുട്ടോളമെത്തുന്ന സില്‍ക്ക്ജുബ്ബയും കാല്‍ച്ചട്ടയും ധരിച്ച മദ്ധ്യവയസ്സുകാരന്‍ വാതില്‍തുറന്ന് പുറത്തുവന്നു.
‘ആരാ?’ എന്ന്‍
പച്ചമലയാളത്തില്‍ ചോദിച്ചുകേട്ടപ്പോള്‍ ആ
പ്രവാസിയോട് വളരെ ബഹുമാനംതോന്നി:
അയാള്‍ മലയാളം മറന്നിട്ടില്ല.
‘ഞാന്‍ ശങ്കര്‍ദാസ്. ആര്‍ക്കിടെക്റ്റാണ്.’
‘എന്തേ?’
‘വെറുതെ, ഒന്നു
പരിചയപ്പെടണമെന്നു തോന്നി.’
‘സന്തോഷം. എന്‍റെ പേര്
സാജന്‍ഫിലിപ്പ്. മുപ്പതുകൊല്ലമായി ഗള്‍ഫി ലാണ്. രണ്ടുകൊല്ലത്തിലൊരിക്കല്‍ വരും.
രണ്ടുമാസം താമസിച്ച് തിരിച്ചുപോകും.’
‘രണ്ടുകൊല്ലത്തിലൊരിക്കല്‍ രണ്ടുമാസം
താമസിക്കാന്‍ ഇത്രയും വലിയൊരു വീട്!’
ശങ്കര്‍ദാസിന്‍റെ ആത്മഗതം
കേട്ട് വീട്ടുകാരന്‍ ചിരിച്ചു.
‘മിസ്റ്റര്‍ ശങ്കര്‍ദാസ് വരൂ. അകത്തിരുന്ന്
സംസാരിക്കാം.’
വിലകൂടിയ പരവതാനി വിരിച്ച ഹാളിലേക്ക്
കടന്നപ്പോള്‍ ശങ്കര്‍ദാസിന്‍റെ നോട്ടം മച്ചിലെ ചിത്രപ്പണികളിലും ചുവരലങ്കാരങ്ങളിലും ഇരിപ്പിടങ്ങളിലെ മാര്‍ദ്ദവഭംഗികളിലും
ചുറ്റിപ്പറന്നു.
‘എല്ലാം ഇമ്പോര്‍ട്ടഡ് ഐറ്റംസാണ്.’ അതിഥിയുടെ കൗതുകംകണ്ട്
വീട്ടുകാരന്‍ പറഞ്ഞു.
‘മിസ്റ്റര്‍ ഫിലിപ്പിന്‍റെ തറവാടെവിടെയാ?’
‘കോട്ടയത്ത്.’
‘അവിടെയിപ്പോ ആരുമില്ലേ ?’
‘ചേട്ടായിയും
കുടുംബവുമുണ്ട്. പെങ്ങന്മാരും അതിനടുത്തൊക്കെത്തന്നെയാ.’
‘വല്ലപ്പോഴും നാട്ടില്‍വരുമ്പോള്‍
കുടുംബക്കാരോടൊപ്പം തങ്ങുന്നതല്ലേ സന്തോഷം?’
നിങ്ങള്‍ക്കൊക്കെ
അങ്ങനെ തോന്നും. പക്ഷേ പ്രവാസികളുടെ അനുഭവം അതല്ല. ബന്ധുക്കാരുടെ നോട്ടം അവരുടെ
പോക്കറ്റിലാണ്. കൊടുക്കുന്നതിന്‍റെ ഏറ്റക്കുറച്ചിലനുസരിച്ച് സ്നേഹവും സന്തോഷവും
അളന്നുതൂക്കിക്കിട്ടും.’
‘അങ്ങനെയോ?’
‘അതേ മിസ്റ്റര്‍
ശങ്കര്‍ദാസ്. ആതിഥ്യവും സല്‍ക്കാരവുമൊക്കെ പ്രതിഫലേച്ഛയോടെയാവുമ്പോള്‍ അതിലെന്തു സന്തോഷം?’
‘എന്നാലും ഏതാനുംദിവസത്തെ വിശ്രമത്തിനുവേണ്ടിമാത്രം
ഇത്രവലിയ വീടുണ്ടാക്കി വെറുതേ അടച്ചിടുന്നത്
പ്രവാസിയുടെ സ്വാര്‍ത്ഥതയല്ലേ ? കേറിക്കിടക്കാന്‍ ഒരു കൊച്ചു കൂര
പോലുമില്ലാത്തവരുടെ കണ്മുന്നില്‍ ഇതേപോലെ
എത്രയെത്ര വീടുകള്‍ വെറുതേ
പൂട്ടിക്കിടക്കുന്നു!’
‘നിങ്ങള്‍ക്കതിനെ സ്വാര്‍ഥതയെന്നോ ആര്‍ഭാടമെന്നോ
എന്തുവേണമെങ്കിലും വിളിക്കാം. പക്ഷേ പ്രവാസിക്ക്
നാട്ടില്‍ സ്വന്തമായൊരു വീട് വളരെ അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു
എന്നതാണ് വാസ്തവം.’
‘ആയിരിക്കാം.എന്നാലും....'
എന്നാലും....?
ഒന്നുമില്ല. മിസ്റ്റര്‍ ഫിലിപ്പ് ഒറ്റയ്ക്കേ വന്നുള്ളൂ?’
എന്നാലും....?
ഒന്നുമില്ല. മിസ്റ്റര്‍ ഫിലിപ്പ് ഒറ്റയ്ക്കേ വന്നുള്ളൂ?’
‘അല്ലല്ല. കുടുംബവുമുണ്ട്. അവരൊക്കെ
കായംകുളത്തിനു പോയിരിക്കയാ, ഒരു കല്ല്യാണംകൂടാന്‍. ഭാര്യയുടെ വീടവിടെയാ. എനിക്കിന്ന്‍
നോര്‍ക്കവരെ പോകേണ്ട കാര്യമുണ്ട്. അതുകഴിഞ്ഞ് ഞാനും അങ്ങോട്ട് പോകും.’
‘എന്നാല്‍ ഞാനിറങ്ങട്ടെ.
പിന്നെക്കാണാം.’
‘അല്ലാ.... ശങ്കര്‍ദാസിന് കുടിക്കാനെന്താ വേണ്ടത്?
ചായയോ കാപ്പിയോ?’
‘ഒന്നുംവേണ്ട.’
‘ഏയ്, അതുപറ്റില്ല. വര്‍ഗ്ഗീസേ
ചായ.’
പയ്യന്‍ ചായ കൊണ്ടുവന്നു.
കുടിക്കുന്നതിനിടയില്‍ ഫിലിപ്പ് ചോദിച്ചു: ‘ശങ്കര്‍ദാസിന് എന്നോടെന്തോ
പറയാനുണ്ടെന്നു തോന്നുന്നു?’
‘അത് പിന്നൊരിക്കലാവാം. ഇപ്പോള്‍ തിരക്കിലല്ലേ.’
‘ഫോര്‍മാലിറ്റിയൊന്നും
വേണ്ട. പറഞ്ഞോളൂ.’
‘എന്നെങ്കിലും ഈ വീട് വില്‍ക്കണമെന്നു
തോന്നിയാല്‍ എനിക്ക് തന്നേക്കണം. ന്യായമായ വില തരാം.’
‘സോറി മിസ്റ്റര്‍ശങ്കര്‍ദാസ്.
ഈ വീട് വില്‍ക്കുന്ന പ്രശ്നമേയില്ല. അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍ക്കൊടിബന്ധം
പോലെയാണ് പ്രവാസിക്ക് നാട്ടിലെ വീട്. എന്തെങ്കിലും കാരണവശാല്‍ അവിടം
വിട്ടുപോരേണ്ടിവന്നാല്‍ വന്നുകേറാന്‍ സുരക്ഷിതമായ ഒരിടം.’
ഫിലിപ്പെന്ന പ്രവാസിമലയാളിക്ക് കൈകൊടുത്ത്
മടങ്ങുമ്പോള്‍ കാറ്റും വെളിച്ചവും കടക്കാതെ, മനുഷ്യസ്പര്‍ശമേല്‍ക്കാതെ,
അടച്ചിട്ടിരിക്കുന്ന പ്രവാസിവീടുകളുടെ കൂട്ടവിലാപം ശങ്കര്‍ദാസെന്ന ആര്‍ക്കിടെക്റ്റിന്‍റെ
കാതില്‍ മുഴങ്ങുകയായിരുന്നു!
നല്ലെഴുത്ത്
ReplyDeleteനന്ദി ബിജു
Delete